2014-ന് മുമ്പ് ഉണ്ടായിരുന്ന 74 എയര്‍പോര്‍ട്ടുകളുടെ സ്ഥാനത്ത് ഇപ്പോള്‍ നമ്മുടെ നാട്ടില്‍ 164 എയര്‍പോര്‍ട്ടുകളുണ്ട്. 51,348 എംബിബിഎസ് സീറ്റുകള്‍ ഇന്ന് 1.28 ലക്ഷമായി വര്‍ദ്ധിച്ചിരിക്കുന്നു. 2014-നു മുമ്പുണ്ടായിരുന്ന 387 മെഡിക്കല്‍കോളേജുകളുടെ എണ്ണം 387-ല്‍ നിന്ന് 844-ലേക്ക് ഉയര്‍ത്തിക്കൊണ്ടാണ് മോദി ഇതു സാധിച്ചെടുത്തത്. ഐഐഎംഎസ് 13 എണ്ണമുണ്ടായിരുന്ന സ്ഥാനത്ത് ഇന്നത് 21 ആണ്. 8 എഐഐഎംഎസ് ഉണ്ടായിരുന്നിടത്ത് ഇന്നത് 23 ആയി വര്‍ദ്ധിച്ചിരിക്കുന്നു. 2014-നുമുമ്പ് ഉണ്ടായിരുന്ന 11 ഐഐടികള്‍ ഇന്ന് 23 ആയി വര്‍ദ്ധിച്ചിരിക്കുന്നു. 81,287 കിലോമീറ്ററുണ്ടായിരുന്ന നമ്മുടെ ദേശീയപാതയുടെ ദൈര്‍ഘ്യം ഇന്ന് 1,46,572 കിലോമീറ്ററാണ്. ഇതില്‍ത്തന്നെ 18,000 കിലോമീറ്റര്‍ നീളമുണ്ടായിരുന്ന നാലുവരിപ്പാത ഇന്ന് 45,000 കിലോമീറ്ററിലധികമായി വര്‍ദ്ധിച്ചിട്ടുണ്ട്. എക്‌സ്പ്രസ് ഹൈവേയാകട്ടെ, 100 കിലോമീറ്ററില്‍ നിന്ന് 6700 കിലോമീറ്ററായാണ് വര്‍ദ്ധിച്ചിരിക്കുന്നത്. കേവലം 248 കിലോമീറ്റര്‍ ദൂരം മാത്രം സര്‍വീസ് നടത്തിയിരുന്ന മെട്രോ നെറ്റ്‌വര്‍ക്ക് 1095 കിലോമീറ്ററായി വര്‍ദ്ധിച്ചിട്ടുണ്ട്. ഇന്നും ഈ രണ്ടു മേഖലകളില്‍ ശരവേഗത്തിലാണ് രാജ്യം കുതിച്ചുകൊണ്ടിരിക്കുന്നത്. അന്ന് 2.53 ലക്ഷം കോടിയുണ്ടായിരുന്ന പ്രതിരോധബജറ്റ് ഇന്ന് 7.85 ലക്ഷം കോടിയാണ്. പ്രതിരോധത്തിനു നീക്കിവെക്കാന്‍ നമ്മുടെ കയ്യില്‍ ഫണ്ടില്ല എന്നു പറഞ്ഞ എ.കെ. ആന്റണിക്കുള്ള മറുപടികൂടിയാണ് മോദിയുടെ മൗനത്തിലൂന്നിയ ഈ നടപടി. വിദ്യാഭ്യാസബജറ്റ് 67,398 കോടിയുണ്ടായിരുന്നത് ഇന്ന് 1,39,000 കോടിയിലെത്തിയിരിക്കുന്നു. നമുക്കുണ്ടായിരുന്ന മെട്രോ സിറ്റികള്‍ ഇന്ന് ഇരുപതിനും മേലെയാണ്. ഒരു കാലത്ത് മൊബൈല്‍ഫോണുകള്‍ ഇറക്കുമതി ചെയ്തിരുന്ന നമ്മുടെ നാട് 33 കോടിയിലധികം മൊബൈല്‍ഫോണുകള്‍ നിര്‍മ്മിക്കുന്നുണ്ട്.
ലോകംതന്നെ ശ്ലാഘിച്ച ജി പേ സൗകര്യവും ഒരു ബാങ്ക് അക്കൗണ്ടുപോലുമില്ലാതിരുന്ന സാധാരണക്കാരന് സീറോ ബാലന്‍സ് ബാങ്കിങ്ങ് സൗകര്യമേര്‍പ്പെടുത്തിക്കൊടുത്ത ജന്‍ധന്‍യോജനയും കുറഞ്ഞ ചെലവില്‍ ഔഷധങ്ങള്‍ വാങ്ങാന്‍ ജന്‍ഔഷധിയും ഒരു പൈസപോലും മുടക്കാതെ അഞ്ചു ലക്ഷം വരെ ചികിത്സാസഹായം നല്കുന്ന ആയുഷ്മാന്‍ ഭാരതും പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള സുകന്യസമൃദ്ധിയോജനയും എല്ലാമാണ് പ്രതിപക്ഷപ്പരിഷകളുടെ കണ്ണില്‍ നരേന്ദ്രമോദി എന്ന മനുഷ്യന്‍ ചെയ്ത കുറ്റം. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ലോകത്തിനുതന്നെ ഭാരതത്തിന്റെ സൈനികകരുത്ത് ബോധ്യപ്പെടുത്തിയ, ഭാരതീയനെ തൊട്ടാല്‍ ഇനി പണ്ടത്തെപ്പോലെ നോക്കി നില്ക്കില്ലെന്ന് ലോകത്തെ താക്കീതു ചെയ്ത, മുത്തലാക്ക് ബില്ലിലൂടെ മുസ്ലീം സ്ത്രീകളുടെ കുടുംബസുരക്ഷ ഉറപ്പു വരുത്തിയ, ഗംഗാ എക്‌സ്പ്രസ്സ് ഹൈവേ, കാശിവിശ്വനാഥ് ഇടനാഴി, ജമ്മു തുരങ്കം, ചെനാബ് മേല്‍പ്പാലം, വന്ദേഭാരത് ട്രെയിനുകള്‍, രാജ്യത്തെ ഖജനാവിലേക്ക് വലിയ തോതില്‍ പണമെത്തിച്ച ജിഎസ്ടി, കോവിഡുകാലത്തെ സൗജന്യ വാക്‌സിനേഷനിലൂടെയുള്ള രാജ്യസംരക്ഷണം തുടങ്ങിയവയൊരുക്കിത്തന്ന ആ രാജ്യസ്‌നേഹിയെ ലോകംതന്നെ ആദരിക്കുമ്പോള്‍ നമ്മുടെ രാജ്യത്തെ രാഷ്ടീയപ്രതിയോഗികള്‍ നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളതാണ് നടുക്കുന്ന സത്യം! 2008-ലെ ഒരുലക്ഷത്തി എഴുപത്താറായിരം കോടിയുടെ ടുജി സ്‌പെക്ട്രം അഴിമതി, 2009-ല്‍ 1.86 ലക്ഷം കോടിയുടെ കല്‍ക്കരി അഴിമതി, 2010-ല്‍ എഴുപതിനായിരം കോടിയുടെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, 360 കോടിയുടെ അഗസ്റ്റാ വെസ്റ്റ്‌ലാന്റ് അഴിമതി, ഇന്നും രാഹുലും സോണിയയും ജാമ്യത്തില്‍ പുറത്തു നില്ക്കുന്ന നേഷണല്‍ ഹെറാള്‍ഡ് അഴിമതി തുടങ്ങിയവയെല്ലാം അതിനുള്ള കാരണത്തിന് നിശ്ശബ്ദമായി മറുപടി പറയുന്നുണ്ട്.
മോദിയുടെ വിദേശയാത്രകള്‍ക്കു ചെലവാക്കിയ 577 കോടിയെക്കുറിച്ചും ഈ ദിമാഗി നക്‌സലുകള്‍ കിംവദന്തികള്‍ പരത്തുന്നുണ്ട്. പക്ഷേ, 77 രാജ്യങ്ങളിലേക്കുള്ള ഈ യാത്രയിലൂടെ നമ്മുടെ നാട്ടിലേക്കു വന്ന നിക്ഷേപം 381.8 ബില്ല്യണ്‍ യുഎസ് ഡോളറാണ് എന്ന വസ്തുത അവര്‍ സൗകര്യപൂര്‍വ്വം തമസ്‌ക്കരിക്കുന്നു. അതായത്, ഇന്ത്യന്‍ രൂപയില്‍ നോക്കിയാല്‍ മുപ്പത്തിരണ്ടു ലക്ഷം കോടിയിലധികം! റഷ്യയുമായും ഫ്രാന്‍സുമായും അതുപോലുള്ള മറ്റു രാജ്യങ്ങളുമായും ഭാരതം നേടിയെടുത്ത പ്രതിരോധ സാങ്കേതികവിദ്യാ കൈമാറ്റവും സെമികണ്ടക്റ്റര്‍ ചിപ്പുകളുടെ നിര്‍മ്മിതിയില്‍ നമ്മുടെ നാട് നേടിയെടുത്ത അദ്ഭുതകരമായ പുരോഗതിയും ആഗോളാടിസ്ഥാനത്തില്‍ത്തന്നെ നമ്മുടെ ചരക്കുകള്‍ക്കുള്ള വ്യാപാരസമ്മിതിയുമെല്ലാം മോദിയുടെ ആലിംഗനനയതന്ത്രത്തിന്റെ അനന്തരഫലങ്ങളായിരുന്നു. പണ്ട് കാന്‍ഡഹാറില്‍ വിമാനം റാഞ്ചിക്കൊണ്ടു പോയി ഇന്ത്യയെ പ്രതിസന്ധിയിലാക്കിയ താലിബാന്‍ ഇന്ന് ഇന്ത്യക്കൊപ്പം നില്ക്കുന്നതും അന്ന് പാകിസ്ഥാനൊപ്പം നിന്നിരുന്ന അവര്‍ ഇന്ന് പാകിസ്ഥന്റെ ബദ്ധശത്രുവായതും മോദിയുടെ നയതന്ത്രയാത്രകള്‍കൊണ്ടുതന്നെയാണ്.. ഈദൃശങ്ങളായ വിവരങ്ങളൊന്നും ഒരു കാരണംകൊണ്ടും മുഖ്യധാരാ മാധ്യമങ്ങളിലൂടെ വെളിച്ചം കണ്ടിട്ടില്ല എന്നുള്ളതാണ് ശോചനീയമായ വാസ്തവം!
രാഹുല്‍ ഗാന്ധിയും ദില്ലി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിതും ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയാ മെലോനിയെയും അപഹസിച്ചുകൊണ്ടു നടത്തിയ പ്രകടനങ്ങള്‍ രാഹുലിന്റെ രാഷ്ട്രീയപരമായ പക്വത വിളിച്ചു പറയുന്നുണ്ട്. വിദേശനേതാക്കളെ ആലിംഗനം ചെയ്തു സ്വീകരിക്കുന്ന മോദി സ്‌റ്റൈലിനെ പരിഹസിച്ചുകൊണ്ട് അനുകരിച്ചു കാണിക്കുകയാണ് രാഹുല്‍ ചെയ്തത്. ഇറ്റാലിയന്‍ പ്രധാനമന്ത്രി മെലോണിയാണെന്നു കരുതിയാണോ തന്നെ കെട്ടിപ്പിടിച്ചത് എന്ന സന്ദീപിന്റെ ചോദ്യത്തിന് സദസ്സില്‍ ചിരിയുണര്‍ത്താന്‍ കഴിഞ്ഞെങ്കിലും ലോകത്തിലെ രണ്ടു പ്രബലരാജ്യങ്ങളുടെ പ്രധാനമന്ത്രിമാരെയാണ് ഈ അപക്വമതികളായ രാഷ്ട്രീയവിദൂഷകന്മാര്‍ അപമാനിച്ചത് എന്നും അവര്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങളിലൂടെ ഈ രണ്ടു രാജ്യങ്ങളിലെ പ്രജകളാണ് അപമാനിക്കപ്പെട്ടിരിക്കുന്നത് എന്നും ഈ വികലബുദ്ധികള്‍ മനസ്സിലാക്കിക്കാണാനിടയില്ല.
2014 മുതല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരത്തിലേറിയ കാലം തൊട്ട് ഭീകരവാദികള്‍ക്ക് ഭാരതത്തില്‍ ശനിദശ തുടങ്ങി എന്നുവേണം പറയാന്‍. പത്താന്‍കോട്ടു മുതല്‍ പഹല്‍ഗാം വരെയുള്ള ഭീകരവാദികളുടെ എല്ലാ ആക്രമണങ്ങള്‍ക്കും പലിശയും മുതലും ചേര്‍ത്താണ് അദ്ദേഹം തിരിച്ചടി കൊടുത്തത്. മാത്രവുമല്ല, ലഷ്‌ക്കര്‍ എ തോയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ഇന്ത്യന്‍ മുജാഹിദ്ദീന്‍ തുടങ്ങിയ ഭീകരസംഘടനകള്‍ക്കു മൂക്കുകയറിടാനും അദ്ദേത്തിന്റെ സര്‍ക്കാര്‍ മുന്‍കയ്യെടുത്തു. 2008-ലെ ബാംഗ്ലൂര്‍ സ്‌ഫോടനം, 2010-ലെ വാരണാസി സ്‌ഫോടനം, ചിന്നസ്വാമി സ്‌റ്റേഡിയം സ്‌ഫോടനം, 2011-ലെ മുംബൈ സ്‌ഫോടനം, തുടര്‍ച്ചയായി അരങ്ങേറിയിരുന്ന കശ്മീര്‍ സ്‌ഫോടനങ്ങള്‍, മാവോവാദി സ്‌ഫോടനങ്ങള്‍, 1998-ലെ കോയമ്പത്തൂര്‍ സ്‌ഫോടനം എന്നിങ്ങനെയുളള പതിവുകാഴ്ചകള്‍ക്ക് അറുതി വന്നത് മോദിയുടെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷമായിരുന്നു. രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയില്‍ അസൂയാവഹമായ അന്തരങ്ങളാണ് മോദിയും അമിത് ഷായും അജിത് ഡോവലും ഒത്തിണങ്ങി, കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്ത് കാഴ്ചവെച്ചത്.
ഇക്കാരണത്താല്‍ ഭാരതത്തെ ആക്രമിക്കാനുള്ള മുഴുവന്‍ വഴികളും അടഞ്ഞപ്പോള്‍ പാകിസ്ഥാന്‍ മറ്റൊരു വഴിക്കു തിരിഞ്ഞു. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയോടെ ഇന്ത്യയില്‍നിന്നുതന്നെ ഭീകരരെ റിക്രൂട്ട് ചെയ്ത് ഇവിടെ ആക്രമണങ്ങള്‍ അഴിച്ചു വിടുക എന്ന മാര്‍ഗ്ഗമായിരുന്നു അത്. അതിനായി അവര്‍ സംഘടിപ്പിച്ചെടുത്ത ഭീകരപ്രസ്ഥാനമായിരുന്നു ഷെഹ്‌സാദ് ഭാട്ടി ശൃംഖല. ഷെഹ്‌സാദ് ഭാട്ടി എന്നൊരു പാകിസ്ഥാന്‍കാരനായിരുന്നു ഇതിന്റെ നേതൃസ്ഥാനത്തിരുന്ന് ചുക്കാന്‍ പിടിച്ചിരുന്നത്. ബോംബുസ്‌ഫോടനം നടത്തുന്നതിനും തോക്കും അതുപോലുള്ള മാരകായുധങ്ങളും ഉപയോഗിക്കുന്നതിനും ഐഎസ്‌ഐ യുടെ മേല്‍നോട്ടത്തില്‍ പരിശീലനം ലഭിച്ചിരുന്ന അപകടകാരിയായ ഒരു തീവ്രവാദിയായിരുന്നു ഭാട്ടി. 2026-ലെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കിടയ്ക്ക് ഭാരതത്തിന്റെ വിവിധമര്‍മ്മപ്രദേശങ്ങളില്‍ ഭീകരാക്രമണം നടത്തുന്നതിലൂടെ നാട്ടിലെ ഭരണാധികാരികളുടെയും സമാധാനപാലകരുടെയും ഉറക്കം കെടുത്താന്‍ അയാള്‍ പദ്ധതിയിട്ടു. അതിനുവേണ്ട ‘പോരാളി’കളെ അയാള്‍ മതത്തിന്റെ പേരില്‍ ഇന്‍സ്റ്റാഗ്രാം വഴി മസ്തിഷ്‌ക്കപ്രക്ഷാളനം ചെയ്ത് ഭാരതത്തിന്റെ മണ്ണില്‍ നിന്നുതന്നെ ഒരുക്കിയെടുത്തു. ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഥ കഴിക്കാനും ഈ നരാധമന്മാര്‍ക്ക് പദ്ധതിയുണ്ടായിരുന്നു. കണ്ണും കാതും തുറന്നിരിക്കുന്ന നമ്മുടെ രഹസ്യാന്വേഷണവിഭാഗം 2026, ആഗസ്റ്റ് 12-ന് കൊടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നമ്മുടെ നാടിന്റെ പതിനാലു സംസ്ഥാനങ്ങളില്‍ നിന്ന് സുരക്ഷാവിഭാഗത്തിലെ ചുണക്കുട്ടികള്‍ ഇരുനൂറ്റിഅമ്പത്തിനാലോളം വരുന്ന ഈ വിനാശകാരികളെ പൊക്കിയെടുത്തു തുറുങ്കിലടച്ചു. പാകിസ്ഥാനില്‍ നിര്‍മ്മിച്ച തോക്കുകളും സ്‌ഫോടകവസ്തുക്കളും അതുപോലുള്ള മറ്റു മാരകായുധങ്ങളും രാജ്യസ്‌നേഹമില്ലാത്ത ഈ നരാധമന്മാരില്‍നിന്ന് സുരക്ഷാസേന പിടിച്ചെടുത്തു. പതിവുപോലെ, ഈ ഭീകരവാദികളുടെ കൂട്ടത്തിലും നമ്മുടെ കൊച്ചുകേരളത്തില്‍ നിന്ന് രണ്ടുപേരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. മലപ്പുറം ജില്ലയിലെ ചെമ്മാടുനിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ജലാറ്റിന്‍ സ്റ്റിക്കുകളും സ്‌ഫോടകവസ്തുക്കളും എല്ലാം പിടിച്ചെടുത്തതും പത്രത്തില്‍ വാര്‍ത്ത വന്നതാണല്ലൊ.
പാകിസ്ഥാനില്‍ അച്ചടിക്കുന്ന അഞ്ഞൂറു രൂപയുടെ കള്ളനോട്ടുകള്‍ വാരി വിതറി നമ്മുടെ പട്ടാളവാഹനങ്ങള്‍ക്കു നേരെയും പട്ടാളക്കാര്‍ക്കു നേരെയും കൊച്ചുകുട്ടികളെക്കൊണ്ട് കല്ലെറിയിക്കുകയും ദേഹോപദ്രവമേല്പിക്കുകയും ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു കശ്മീരില്‍. വിഘടനവാദികളെ ചുവപ്പു കമ്പളം വിരിച്ച് ചര്‍ച്ചയ്ക്കു വരവേല്ക്കുന്ന കാലം! നോട്ടുനിരോധനത്തിലൂടെയും കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിലൂടെയും ആ മഹാവിപത്തിന്റെ അടിവേരിലാണ് നരേന്ദ്രമോദി കത്തി പായിച്ചത്. കുട്ടികളെ മറയാക്കിക്കൊണ്ട് കശ്മീരിനെ ഭീകരഭൂമിയാക്കിയ ഒരു വിപത്കാലത്തെയാണ് നമ്മുടെ പ്രധാനമന്ത്രി വിസ്മൃതിയില്‍ നിത്യസുഷുപ്തി കൊള്ളാനായി പറഞ്ഞയച്ചത്. ഇന്ന് കശ്മീര്‍ പുരോഗതിയുടെ പാതയിലാണ്. ഇവിടത്തെ വളര്‍ച്ച കണ്ട്, ഇരുള്‍ മൂടിക്കിടക്കുന്ന പി.ഒ.കെ യിലെ ജനങ്ങള്‍ ഞങ്ങളെയും ഭാരതത്തോടു ചേര്‍ക്കൂ എന്ന് നമ്മുടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എങ്കിലും, തങ്ങള്‍ അധികാരത്തില്‍ തിരിച്ചുവന്നാല്‍ 370 പുനഃസ്ഥാപിക്കുമെന്നാണ് രാഹുല്‍ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്.
(തുടരും)




















