സന്ന്യാസിമാര്‍ വെറും വേഷംകെട്ടുകാര്‍ ആകരുത്. അവരുടെയുള്ളില്‍ അപരത്വബോധം ഉണ്ടാകുകയുമരുത്.
അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-
ലവനിയിലാദിമമായൊരാത്മ രൂപം;
അവനവനാത്മസുഖത്തിനാചരിക്കുന്നവ-
യപരന്നു സുഖത്തിനായ് വരേണം (ആത്മോപദേശശതകം, ശ്ലോകം 24).
‘ഞാന്‍, നീ, അവന്‍, ഇവന്‍ എന്നിങ്ങനെ വേര്‍തിരിച്ചറിയാവുന്നതൊക്കെ സത്യമെന്തെന്നു വിചാരം ചെയ്തറിഞ്ഞാല്‍ ഈ പ്രപഞ്ചത്തില്‍ ആദികാരണമായി വര്‍ത്തിക്കുന്ന ബോധം ഘനമായ പരമാത്മാവുതന്നെയാണ്! ഈ ആനുഭൂതികസത്യം തെളിഞ്ഞു കിട്ടിയാലേ ഒരാള്‍ സന്ന്യാസി ആവുകയുള്ളൂ. അന്നത്തെ സന്ന്യാസിമാരോടു മാത്രമല്ല, ഇന്നത്തെയും എന്നത്തെയും ആ വിഭാഗത്തിലുള്ളവരോടുള്ള ഗുരുശാസനയാണിത്. ശ്രീനാരായണഗുരുവിന്റെ ഈ മഹത്തായ പ്രവൃത്തി മാര്‍ഗ്ഗത്തെ പ്രൊഫസര്‍ എം.കെ. സാനു വിലയിരുത്തുന്നതു നോക്കാം: ‘…നാണുഗുരു ഒന്നിനെയും പരസ്യമായി എതിര്‍ത്തിട്ടില്ല. ഒന്നിനെയും പരസ്യമായി നിഷേധിച്ചിട്ടില്ല. പക്ഷേ, അദ്ദേഹത്തിന്റെ എല്ലാ പ്രവൃത്തികളും സര്‍വത്തെയും എതിര്‍ക്കുന്നതായിരുന്നു. സര്‍വത്തെയുമെന്നു പറഞ്ഞാല്‍, ദൈവകല്പിതമെന്ന നിലയ്ക്ക് നൂറ്റാണ്ടുകളോളമായി നിലനിന്നുപോന്ന സര്‍വ അനാചാരങ്ങളെയുമെന്നര്‍ത്ഥം.’
പ്രൊഫസര്‍ സുകുമാര്‍ അഴീക്കോട് എം.കെ. സാനുവിന്റെ നിരീക്ഷണത്തെ കുറെക്കൂടി വ്യാഖ്യാന സജ്ജമാക്കി അവതരിപ്പിച്ചിരിക്കുന്നു. അദ്വൈതത്തില്‍ വിശ്വസിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന ഒരു വ്യക്തി, വ്യാവഹാരികമണ്ഡലത്തിലായാല്‍പ്പോലും ദ്വൈത പ്രകടനങ്ങളുടെ അതിദുഷ്ടഫലങ്ങളെ നോക്കിയിരിക്കാതെ അവയുടെ ദുരീകരണത്തിനു ശ്രമിക്കണം എന്ന് നമ്മുടെ ഗുരു ഘോഷിച്ചു. നൂറ്റാണ്ടുകളിലൂടെ ഉറങ്ങിക്കഴിയുകയായിരുന്ന അദ്വൈതം അതോടെ പുതുജീവനോടെ മുന്നേറാന്‍ തുടങ്ങി. അദ്വൈതിക്ക് സമൂഹസേവനത്തിനുള്ള മാര്‍ഗ്ഗം അങ്ങനെ തെളിയിക്കപ്പെട്ടു. പത്തൊന്‍പതും ഇരുപതും നൂറ്റാണ്ടുകളില്‍ ഇന്ത്യയില്‍ പിറക്കുകയും ഇവിടത്തെ അത്യന്ത ദയനീയങ്ങളായ ജീവിതയാഥാര്‍ത്ഥ്യങ്ങളെ നേരിടുകയും ചെയ്ത ഉത്തമസന്ന്യാസിമാരെല്ലാം ഈ മട്ടില്‍ സമൂഹസേവ അനിവാര്യമാണെന്നു വിശ്വസിച്ചവരായിരുന്നു (ശ്രീനാരായണഗുരുദേവകൃതികള്‍ സമ്പൂര്‍ണ വ്യാഖ്യാനം, പ്രൊഫ. ജി. ബാലകൃഷ്ണന്‍നായര്‍, ഭാഗം ഒന്ന്, അവതാരിക, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം, 2003, പുറം 12). ഗുരുധര്‍മ്മത്തിന്റെ അരുളും പൊരുളും കാട്ടിത്തരുന്നു ഈ നിരൂപകരുടെ വാക്കുകള്‍ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഗുരുഹൃദയസ്പന്ദം
ശ്രീനാരായണന്റെ കര്‍മ്മചോദനയുടെ ഗതിയും പ്രയോജനവും ഇതുവരെപ്പറഞ്ഞതില്‍ നിന്ന് നമുക്ക് അനുമാനിക്കാം. ആ വിശുദ്ധഹൃദയം സ്‌നേഹത്തിനും അനുകമ്പയ്ക്കും സേവനത്തിനുംവേണ്ടിയാണ് സ്പന്ദിച്ചുകൊണ്ടിരുന്നത്. അതില്‍ ഭേദചിന്തയുടെ പരമാണുവിനുപോലും സ്ഥാനമുണ്ടായിരുന്നില്ല. അത് മനുഷ്യര്‍ക്കിടയിലെന്നല്ല, പ്രപഞ്ചസാന്നിധ്യങ്ങള്‍ ഒന്നില്‍പ്പോലും. അതാണല്ലോ അദ്വൈതിയുടെ ആത്മാനുഭൂതി നില. എങ്കിലും ചുറ്റുമുള്ളവരില്‍ നിന്ന് അവര്‍ നിരക്ഷര ഭക്തജനങ്ങള്‍ മുതല്‍ തന്‍പ്രമാണിത്തമുള്ള നേതൃസ്ഥാനീയരില്‍ നിന്നുവരെ ജാതി, ജാതി എന്ന വൈകൃതവും അതിന്റെ ഉപാലംഭവും നിരന്തരം കേള്‍ക്കേണ്ടി വന്ന ഗുരു ആകുലമാനസനായി മാറിയിട്ടുണ്ട്, പലപ്പോഴും. അങ്ങനെ ഖിന്നനാകേണ്ടി വന്ന ഒരവസരത്തില്‍ ഗുരു, സ്വാമി സത്യവ്രതനെ അനുസ്മരിച്ചുകൊണ്ടു പറഞ്ഞു: ‘ഹൃദയശുദ്ധി, ജാതിയില്ലായ്മ ഈ രണ്ടു കാര്യങ്ങളില്‍ സത്യവ്രതന്‍ പൂര്‍ണ്ണനായിരുന്നു. ജാതിയില്ലായ്മയില്‍ ബുദ്ധനെക്കൂടി ജയിക്കുമെന്നു തോന്നുന്നു. സത്യവ്രതന്‍ സത്യവ്രതനായിത്തന്നെ മരിച്ചു. സ്വാമി സത്യവ്രതനെ, ‘സ്വാമി തൃപ്പാദങ്ങളുടെ ഉത്തമശിഷ്യനും വാഗ്മിയും സ്വതന്ത്രചിന്തകനും ‘മനുഷ്യത്വം’ ജയിച്ചെടുത്ത ധര്‍മഭടനും’ എന്നാണ് മയ്യനാട്ട് കെ. ദാമോദരന്‍ വിശേഷിപ്പിച്ചിട്ടുള്ളത് (ശ്രീനാരായണഗുരു സ്വാമി ജീവചരിത്രം, വി.വി. പ്രസ്, കൊല്ലം, ഒന്നാംപതിപ്പ് 1104, പുറം 111). പൂര്‍ണ്ണമനുഷ്യനും ഉത്തമശിഷ്യനുമായ സത്യവ്രതസ്വാമിയുടെ പെട്ടെന്നുണ്ടായ മരണവാര്‍ത്തയറിഞ്ഞ് ഗുരുദേവന് ക്ഷീണം അനുഭവപ്പെട്ടതില്‍ അത്ഭുതമെന്തുള്ളൂ?
1923ല്‍ ആലുവാ അദ്വൈതാശ്രമം സെക്രട്ടറിയായും തന്റെ മുക്ത്യാര്‍ നാമാവായും ഗുരു നിശ്ചയിച്ചത് സ്വാമി സത്യവ്രതനെയായിരുന്നു. പിറ്റേക്കൊല്ലം ആലുവയില്‍വച്ചു നടന്ന സര്‍വ്വമത സമ്മേളനത്തിന് ‘ബൗദ്ധികമായും സംഘാടകമികവിനായും അദ്ദേഹം വഹിച്ച നേതൃത്വം’ നിസ്സീമമായിരുന്നുതാനും. സര്‍വോപരി ആ മഹാസമ്മേളനത്തില്‍ സ്വാമി സത്യവ്രതന്‍ അവതരിപ്പിച്ച സ്വാഗതപ്രസംഗം ശ്രീനാരായണഗുരുവിനെയും അദ്ദേഹത്തിന്റെ മഹാസംഭാവനകളെയും ഏറ്റവും സത്യസന്ധമായി വിശദമാക്കുന്നതില്‍ ലക്ഷ്യം വരിച്ചതും എക്കാലവും തിളക്കമാര്‍ന്നതുമായ സുവര്‍ണരേഖയാണ്.
അതില്‍ പ്രതിപാദിച്ചപ്രകാരം ശ്രീനാരായണ ഗുരുവിന്റെ സംഭാവനകളെ പില്‍ക്കാലത്തൊരു മനീഷി ശരിയായി അവതരിപ്പിച്ചിട്ടുണ്ട്. അത് പി. പരമേശ്വരനാണ്; ദീര്‍ഘദൃഷ്ടിയായ പ്രതിഭാശാലി. കേരളചരിത്രത്തില്‍ ഏതുവിധ പരിവര്‍ത്തനമാണോ ശ്രീനാരായണഗുരു സൃഷ്ടിച്ചത്, അതിനെയാണ് വിവേകികള്‍ യഥാര്‍ത്ഥവിപ്ലവം എന്നു വ്യവഹരിക്കുന്നത്. വിഷവൃക്ഷത്തിന്റെ കൊമ്പും ഇലയും ഛേദിക്കുന്നതുകൊണ്ട് അതിന്റെ ഉന്മൂലനം സാധ്യമാവില്ല. അതിന് വേരറുക്കുക തന്നെ വേണം. എങ്കിലേ പിന്നീടത് മുളയ്ക്കാതിരിക്കൂ. സമൂഹത്തിലെ തിന്മകളുടെ നിര്‍മാര്‍ജ്ജനത്തിന് അഹിംസാത്മക പ്രവര്‍ത്തനമേ പര്യാപ്തമാവുകയുള്ളൂ. അതില്‍ ഒരു പ്രാണിക്കും ഭയമോ ഉത്കണ്ഠയോ മുറിവോ ചതവോ ജീവഹാനിയോ ഒന്നും നേരിടുകയില്ല. ഭാരതീയാചാര്യന്മാരായ ഋഷിസത്തമര്‍ യുഗയുഗങ്ങളായി സൃഷ്ടിച്ചുപോരുന്ന വിപ്ലവങ്ങളൊക്കെയും അപ്രകാരമുള്ളവയാകുന്നു. അല്ലാത്തവ – നശീകരണത്തിലും പരദ്രോഹത്തിലും ക്രൂരമായ ഹിംസയിലും കൂടി നടത്തപ്പെടുന്നവ – അധാര്‍മ്മികവും അക്രാമികവുമായ ചെയ്തികള്‍ മാത്രമാണ്. അവയൊന്നും വിപ്ലവമല്ല, വിധ്വംസകത്വങ്ങളാണ്. നമ്മുടെയൊക്കെ ദൗര്‍ഭാഗ്യമെന്നു പറയട്ടെ, അത്തരം നൃശംസത്വമാണ് ഇവിടെ വിപ്ലവം എന്ന പേരില്‍ കുറെക്കാലമായി കൊണ്ടാടപ്പെടുന്നത്. ശ്രീനാരായണഗുരു സൃഷ്ടിച്ച വിപ്ലവം അങ്ങനെയുള്ളതായിരുന്നില്ല. ശാശ്വതവും ശാന്തിഗുണദായകവും നിര്‍മ്മാണാത്മകവുമായിരുന്നു. ഇങ്ങനെയാണ് പി. പരമേശ്വരന്‍ ആ പ്രകരണം ഉപസംഹരിക്കുന്നത്.
(തുടരും)




















