ജലദുരന്തം മൂലം ആശയറ്റ മനുഷ്യരുടെ വാസഭൂമിയായി കേരളം മാറുന്നു. വികസന സിംഹങ്ങള്‍ ഇത്രകാലവും ഗര്‍ജ്ജിച്ചത് ജലപ്രളയത്തില്‍ മുക്കുവാനായിരുന്നു. മഴയുടെ അളവ് കൂടിയതല്ല വെള്ളപ്പൊക്കവും ദുരന്തവും ഉണ്ടാകുവാന്‍ കാരണം എന്നത് നാം തിരിച്ചറിയണം. മഴയുടെ അളവ് കൂടാതെ ദുരന്തങ്ങള്‍ കൂടുന്നു എന്നത് ദിശതെറ്റിയ വികസനത്തെ മുന്നോട്ടു നയിച്ചവര്‍ ചിന്തിക്കണം. പരസ്പരം ചെളിവാരിയെറിഞ്ഞ് സ്വന്തം കടമ മറക്കുന്ന മുന്നണി കോലാഹലം കേട്ട് മലയാളികളുടെ ചെവിയും മനസ്സും തളര്‍ന്നിരിക്കുന്നു. മഴ കൂടാതെ വെള്ളമെങ്ങനെ കൂടി എന്ന് ചിന്തിക്കുവാന്‍ രാഷ്ട്രീയ നേതൃത്വം തയ്യാറാകണം.
മണ്ണും ജലവും വായുവും ചേര്‍ന്ന് രൂപപ്പെടുന്ന മാനവികതയുടെ നൈരന്തര്യം എല്ലാ ഗ്രാമങ്ങളേയും ധന്യമാക്കുന്നു. ആത്മീയതയും കൃഷിയും തൊഴിലും സംയോജിപ്പിച്ച ഒരസ്മിത ഗ്രാമത്തിന്റെ തനിമയായി നിലനില്‍ക്കുന്നു. എന്നാല്‍ നഗരവല്‍ക്കരണം ഗ്രാമീണ സംസ്‌കൃതിയേയും കാര്‍ഷിക സംസ്‌കൃതിയേയും തകര്‍ത്തെറിഞ്ഞു. നദികളുടെ കരകളില്‍ പുഞ്ചനിലവും അതിനു മുകളില്‍ വിരിപ്പുനിലങ്ങളും അതിനു മുകളില്‍ തറനിലവും കരഭൂമിയും കരഭൂമിയ്ക്ക് മുകളില്‍ മലകളും നൈസര്‍ഗ്ഗികമായി ഉണ്ടായതാണ്. ജീവന്റെ നിലനില്‍പിനാധാരമായ മണ്ണും ജലവും വായുവും പ്രകര്‍ഷേണ രൂപപ്പെടുന്നതാണ്.
മണ്ണിലേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങളുടേയും വിഷവസ്തുക്കളുടേയും പാപഭാരം ഏറ്റുവാങ്ങുന്നത് ജലമാണ്. ഉല്പാദകന് കണ്ണുനീരും ചൂഷകന് സിംഹാസനവും ലഭിക്കുന്ന പരിസ്ഥിതിയില്‍ മണ്ണിനെ സംരക്ഷിക്കുക അസാദ്ധ്യമാണ്. ജലം ഒരമൂല്യവസ്തുവാണ്. ലോകത്ത് 71% ഭൂമിയും ജലത്തിനടിയിലാണ്. എന്നാലും ഒരു ബില്യന്‍ ജനതയ്ക്ക് ജലം അപൂര്‍വ്വ വസ്തുവാണ്. ലോകത്ത് രണ്ടര ബില്യന്‍ ജനതയ്ക്ക് ശുദ്ധജലമല്ല കുടിക്കുവാന്‍ ലഭിക്കുന്നത്. 133.8 കോടി കിലോമീറ്റര്‍ ജലം ഭൂമിയുടെ കാവലാളായി നിലകൊള്ളുന്നു. ജലത്തിന്റെ പരിശുദ്ധി കാത്ത് നിര്‍ത്തിയാലേ ജീവരാശിയുടെ നിലനില്‍പ് പൂര്‍ണ്ണമാവുകയുള്ളൂ. മണ്ണിന്റേയും ജലത്തിന്റേയും സഹായത്താല്‍ അന്നവും അന്നത്തിന്റെ സഹായത്താല്‍ ജീവരാശിയും നിലനില്‍ക്കുന്നു. അന്നല്‍ എന്നാല്‍ സൂര്യന്‍ എന്നാണര്‍ത്ഥം. ആയതിനാല്‍ അന്നനില്‍ നിന്ന് അന്നമുണ്ടാകുന്നു എന്ന് നാം വിശ്വസിക്കുന്നു.
കേരളം ഈ വര്‍ഷവും രണ്ടാഴ്ചക്കാലം വിറങ്ങലിച്ചു നിന്നു. ആറ്റില്‍ നിന്നും തോട്ടില്‍ നിന്നും പെരുകിയ ജലം താഴ്ന്ന പ്രദേശങ്ങളിലെ വീടുകളെ പൂര്‍ണ്ണമായി മുക്കി. ചിലരെ ഭാഗികമായി ഉപദ്രവിച്ചു. പിഞ്ചുകുഞ്ഞുങ്ങളും കുട്ടികളുമുള്ള വീടുകളെ ശോകമൂകമാക്കി. വീട് ജലദുരന്തത്തില്‍ ഉപേക്ഷിക്കേണ്ടി വരുന്നവരുടെ എണ്ണം വര്‍ഷംതോറും വര്‍ദ്ധിക്കുകയാണ്. വീട്ടിലെ കന്നുകാലികളും വളര്‍ത്തുമൃഗങ്ങളും മനുഷ്യനെപ്പോലെ വേദന അനുഭവിച്ചു. മഴയാണോ കൂടിയത് വെള്ളമാണോ കൂടിയത് എന്ന് ചിന്തിച്ചാല്‍ മഴ കൂടിയില്ല എന്നാലും വെള്ളം കൂടി.
കേരളത്തിലെ ജലദുരന്തത്തിന്റെ കാരണം ചിന്തിക്കുവാന്‍ രാഷ്ട്രീയ നേതൃത്വവും ഔദ്യോഗിക സംവിധാനവും തയ്യാറാകണം. ജലദുരന്തം വരുമ്പോള്‍ മാത്രം ചിന്തിച്ചാല്‍ കേരളത്തില്‍ മുഴുവന്‍ ദുരിതാശ്വാസ ക്യാമ്പുകള്‍കൊണ്ട് നിറയ്‌ക്കേണ്ടി വരും. ഓരോ ജല ദുരന്തത്തിലും ബാലമനസ്സുകളും വൃദ്ധമനസ്സുകളും അരക്ഷിതരായി ജീവന്മരണ പോരാട്ടത്തിലാണ്. നീന്തലറിയാത്തവര്‍ മരണപ്പെടുക മാത്രമേ നിവൃത്തിയുള്ളൂ. കുട്ടികള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിന്തല്‍ പരിശീലനം നല്‍കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. പാവപ്പെട്ട കൂലിപ്പണിക്കാര്‍ തുച്ഛമായ വരുമാനത്തില്‍ കെട്ടിപ്പടുത്ത സകലതും തകര്‍ന്ന് തരിപ്പണമാകുമ്പോള്‍ അവരെ കൈപിടിച്ചുയര്‍ത്തുവാന്‍ താല്‍ക്കാലികമായ ദുരിതാശ്വാസ ക്യാമ്പുകള്‍ പര്യാപ്തമാകുമോ?
വനങ്ങളില്‍ മരം വെട്ടിയും മണ്ണ് ഖനനം ചെയ്തും ഭൂമിയുടെ ‘എ’ സംസ്‌കാരമായ മേല്‍പ്പരപ്പ് മുഴുവനായും ഇല്ലാതാക്കി. വനനാശം മൂലം ഭൂമിയില്‍ വീഴുന്ന ജലം പിടിച്ചു നിര്‍ത്തുവാന്‍ പറ്റിയ ജൈവ മണ്ണില്ലാതായി. ആയതിനാല്‍ വനത്തില്‍ നിന്ന് കുത്തൊഴുക്ക് തുടങ്ങുകയായി. പടിഞ്ഞാറോട്ട് ഒഴുകുന്ന 41 നദികളും കിഴക്കോട്ട് ഒഴുകുന്ന 3 നദികളും കരകവിയാന്‍ തുടങ്ങുന്നു. കേരളത്തിലെ കൃഷിഭൂമികള്‍ ജലം സംഭരിച്ചു വെക്കുന്ന ഭൂതലമായിരുന്നു. അവിടെ കാര്‍ഷിക വൃത്തിയില്ലാതെ തരിശിടുന്നതുമൂലം ഭൂമിയുടെ ജലസംഭരണ ശേഷി നശിച്ച് അവിടെ നിന്നും കുത്തൊഴുക്ക് തുടര്‍ക്കഥയാകുന്നു.
18 മീറ്ററില്‍ കൂടിയ തോടുകളെയാണ് നദിയായി കണക്കാക്കുന്നത്. 18 മീറ്ററില്‍ താഴെയുള്ള തോടുകള്‍ വിസ്മരിക്കപ്പെടുന്നു. വികസനത്തിന്റെ പേരില്‍ മൂടപ്പെടുന്നു. നാഷണല്‍ ഹൈവേ, എം.സി. റോഡ്, തീരദേശ റെയില്‍വേ,മറ്റു റെയില്‍വേകള്‍, സ്റ്റേറ്റ് ഹൈവേകള്‍ എന്നിവ തെക്കു വടക്കായി ബണ്ടുകള്‍ പോലെ രൂപപ്പെട്ടിരിക്കുകയാണ്. നദികളുടെ മുകളില്‍ പാലങ്ങളുണ്ടെങ്കിലും 18 മീറ്ററില്‍ താഴെയുള്ള തോടുകളുടെ ജല നിര്‍ഗ്ഗമനത്തെ തടയുന്ന റോഡും റെയിലും കേരളത്തിന് ശാപമാകുകയാണ്.
റോഡുകള്‍ ഉയര്‍ത്തി സുഗമമാക്കുമ്പോള്‍ ജലം കെട്ടി നില്‍ക്കുന്ന കേന്ദ്രങ്ങളായി വാസസ്ഥലം മാറുന്നു. ഇല്ലാതാക്കിയ കലുങ്കുകളും പാലങ്ങളും പൂര്‍ണ്ണമായി പുനഃസ്ഥാപിക്കുവാന്‍ തയ്യാറാകണം. തെക്കുവടക്കുള്ള നിര്‍മ്മിതികളെല്ലാം അതിനു കിഴക്കുവശത്തുള്ളവരെ ദുരിതത്തിലാഴ്ത്തുന്നവയാണ്. പ്രകൃതിയുടെ സ്വാഭാവിക രൂപത്തെ വികൃതമാക്കി, മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍ക്ക് കാരണമാക്കുന്നു. ജലസ്രോതസ്സുകളെ മണ്ണിട്ട് മൂടുന്നു. അജൈവ മാലിന്യങ്ങളുടെ വര്‍ദ്ധനവ്, വ്യാവസായ മാലിന്യം, മാര്‍ക്കറ്റ് മാലിന്യം എന്നിവ വേണ്ടവിധത്തില്‍ നീക്കം ചെയ്ത് സംസ്‌കരിക്കാത്തതുമൂലം അതും ജലനിര്‍ഗ്ഗമനത്തെ ബാധിക്കുന്നു.
ഓരോ നഗരവും ഓരോ സുപ്രഭാതം പൊട്ടിവിടരുമ്പോഴും 5000 മുതല്‍ 15000 വരെ മെട്രിക്ടണ്‍ മാലിന്യത്തിന് മുന്നില്‍ പകച്ചു നില്‍ക്കുകയാണ്. ജലദുരന്തത്തിനൊപ്പം ഇവയെല്ലാം രോഗദുരന്തവും സമ്മാനിക്കുന്നു. ഇന്ന് കുട്ടനാടിന്റേയും മറ്റു കായലുകളുടേയും അവസ്ഥ ദയനീയമാണ്. മലനാട്ടില്‍നിന്ന് വഹിച്ചുകൊണ്ടുവരുന്ന അജൈവ മാലിന്യങ്ങളുടെ കൂമ്പാരങ്ങളെകൊണ്ട് കായലുകള്‍ ജലത്തെ ഉള്‍ക്കൊള്ളുവാന്‍ ശേഷിയില്ലാത്തവയായിരിക്കുന്നു. ഗ്രീന്‍ പ്രോട്ടോകോള്‍ കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളിലെ കടലാസുകളില്‍ ഒതുങ്ങുകയാണ്.
ജലം തീര്‍ത്ഥമാണ്. അതിനെ ജീവവായുപോലെ കാത്തവര്‍ ഇന്ന് ജലത്തെ ഭയപ്പെടുകയാണ്. മനുഷ്യശരീരത്തെ നിലനിര്‍ത്താന്‍ 70% ജലം വേണമെന്നതാവശ്യമാണ്. എന്നാല്‍ ജലത്തില്‍ ശ്വാസംമുട്ടി മരിക്കേണ്ടിവരുന്ന ദുരന്തം വന്നുകൊണ്ടേയിരിക്കുന്നു. വരാനിരിക്കുന്ന ദുരന്തത്തെ വേദനയോടെ കാത്തിരിക്കുന്നവരാണ് കേരള ജനത. എല്ലാ നദികളുടേയും അന്തര്‍ധാര ഒന്നാണെന്ന സങ്കല്പത്തിലാണ് ഭാരതത്തിലെ തീര്‍ത്ഥ സങ്കല്പങ്ങള്‍ രൂപപ്പെട്ടത്.
ജലത്തിന്റെ അന്തര്‍ധാര ഒന്നാണെന്ന ബോധ്യം നാം മറക്കുന്നു. ജല നിര്‍ഗ്ഗമനത്തിന്റെ മാര്‍ഗ്ഗം കൊട്ടിയടയ്ക്കുമ്പോള്‍ ആ ജലം നീരുറവയായി മുകളിലേക്ക് ബഹിര്‍ഗമിക്കും. അച്ചന്‍ കോവിലാറിന്റേയും പമ്പയുടേയും മണിമലയാറിന്റേയും നടുവില്‍ ജീവിക്കുന്നവര്‍ അനുഭവിക്കുന്ന ദുരന്തം ഇന്ന് വര്‍ണ്ണനാതീതമാണ്. കിഴക്കന്‍ വെള്ളം കുത്തൊലിപ്പായി സംഹാരതാണ്ഡവമാടുമ്പോള്‍ ഉറക്കമില്ലാത്ത ഭീതിദമായ രാത്രികളില്‍ എങ്ങോട്ട് പോകണമെന്നറിയാതെ വേദനിക്കുകയാണ്. ചാലക്കുടിയാറിന്റേയും പെരിയാറിന്റേയും ചാലിയാര്‍ പുഴയുടേയും സമീപവാസികളെല്ലാം ദുരിതജീവിതത്തിന്റെ ദുര്‍വിധി താണ്ടുന്നവരാണ്.

ഓരോ ജലദുരന്തത്തിലും ജലനിര്‍ഗ്ഗമനമൊരുക്കാത്ത റോഡുകള്‍ തോടുകളായി. മഴയ്ക്കുശേഷം താറുമാറായ റോഡുകള്‍ കേരളത്തിന്റെ നിത്യകാഴ്ചയാണ്. അശാസ്ത്രീയമായ റോഡു പണികള്‍ നമ്മുടെ നാട്ടിലെ യാത്രാദുരിതത്തിന്റെ സ്മാരകങ്ങളായി മാറുന്നു. വികസനം എന്നാല്‍ ജനങ്ങളുടെ മുന്‍പില്‍ റോഡു പണി മാത്രമാകുമ്പോള്‍ നമ്മുടെ ധനം എത്രയാണ് പാഴായിപ്പോകുന്നത്. കാലവര്‍ഷത്തിനും ജലനിര്‍ഗ്ഗമനത്തിനും പറ്റുന്ന ശാസ്ത്രീയമായ ഒരു റോഡ് നിര്‍മ്മാണ പ്രോട്ടോക്കോള്‍ പാലിക്കുവാന്‍ പൊതുമരാമത്തിന് കഴിയുന്നുണ്ടോ?
കൃഷിയും കാര്‍ഷികാധാരിത ജലവിനിയോഗവും സംരക്ഷണവും കാര്‍ഷിക മേഖലയുടെ സംഭാവനയായിരുന്നു. കര്‍ഷകന്റെ ഉല്പന്നം വില്‍ക്കുമ്പോള്‍ പി.ആര്‍.എസ്. എന്ന ഓമനപ്പേരില്‍ വിലയായി ബാങ്കിന്റെ ലോണ്‍ തരമാക്കിക്കൊടുക്കുന്ന നികൃഷ്ട മനോജീവികള്‍ ഭരണം നടത്തുന്ന കേരളമാണിതെന്ന് നാം അറിയണം. നട്ടെല്ല് തകര്‍ന്ന കര്‍ഷകന് നടു നിവര്‍ത്തിനിന്ന് ജലസംരക്ഷണവും കാര്‍ഷിക സംരക്ഷണവും നടത്തുവാന്‍ കഴിയാത്ത ദുരവസ്ഥയിലാണ്.
കേരളത്തിലെ മണ്ണിന്റെ തരം വിവിധ രൂപത്തിലുള്ളതാണ്. അതാത് മണ്ണിനനുസരിച്ച് ജല നിര്‍ഗ്ഗമന സംരക്ഷണ സംവിധാനം ഇന്നും പ്രായോഗികമാക്കാന്‍ കഴിയുന്നില്ല. നീര്‍മറി പ്രദേശങ്ങളെ സംരക്ഷിക്കുവാന്‍ കര്‍ഷകനെ പ്രാപ്തമാക്കാന്‍ താത്വിക നിയമമുണ്ട്. പ്രയോഗത്തില്‍ അത് പാലിക്കുവാന്‍ പൊതുസംവിധാനത്തിന് കഴിയുന്നില്ല. ”വെള്ളം വെള്ളം സര്‍വ്വത്ര! തുള്ളി കുടിയ്ക്കാനില്ലെത്ര” എന്ന സ്ഥിതിയും നമ്മുടെ നാട് നേരിടുകയാണ്. വെള്ളത്തില്‍ മുങ്ങുന്ന നാടിന് ശുദ്ധജലം ലഭിക്കാതെ കേഴുന്ന അവസ്ഥയ്ക്ക് കാരണവും ശരിയായ ജലപരിപാലന കാഴ്ചപ്പാടിന്റെ അഭാവം തന്നെയാണ്.
കാലത്തിനും ദേശത്തിനും മണ്ണിനും പ്രാധാന്യം കൊടുക്കുന്ന വികസന നയം കേരളത്തിന് എന്ന് ലഭിക്കും? ഈ വര്‍ഷവും ചില അണക്കെട്ടുകള്‍ തുറന്നുവിട്ട് ജലദുരന്തം ഉണ്ടാക്കിയെന്ന് നാം പത്രാദ്വാരാ അറിഞ്ഞു. അണക്കെട്ടുകള്‍ ജലബോംബുകളായി കേരളത്തെ തകര്‍ക്കുമോയെന്ന് നാം ഭയപ്പെടുന്നു. കോണ്‍ക്രീറ്റിന്റെ ആയുസ്സിന് മുകളിലായി പുനര്‍നിര്‍മ്മിക്കാത്ത ജലസംഭരണികള്‍ നമ്മെ ഭയവിഹ്വലതയോടെ തുറിച്ചുനോക്കുന്നു. അണക്കെട്ടുകളുടെ അറ്റകുറ്റപ്പണിയും പുനര്‍നിര്‍മ്മിതിയും എന്നു നടക്കുമെന്നതിന് ആശങ്കയല്ലാതെ യാതൊരു രൂപവുമില്ല.
സര്‍വ്വംസഹയും സര്‍വ്വദാതാവുമായ മണ്ണിനെ നിരന്തരമായി ദ്രോഹിക്കുന്നത് അവസാനിപ്പിക്കണം. മണ്ണില്‍ കാലുറപ്പിക്കുകയാണ് ജീവിച്ച് തുടങ്ങുന്നതിന്റെ ആദ്യപാഠം. മണ്ണില്‍ നിന്നുകൊണ്ട് നിവരുമ്പോഴാണ് നാം യഥാര്‍ത്ഥ മനുഷ്യരാകുന്നത്. ആ മണ്ണും അതിലെ ജലവും വായുവും സുരക്ഷിതമായി കാക്കുവാന്‍ കഴിയുന്ന ഒരു സമഗ്ര നയമുണ്ടാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അതിനായുള്ള ജനമുന്നേറ്റം അനിവാര്യമാണ്. നാക്കുകൊണ്ട് നമ്പര്‍ വണ്‍ ആകാതെ പ്രവൃത്തികൊണ്ടുള്ള യാഥാര്‍ത്ഥ്യബോധം കേരളത്തിന്റെ മനോമണ്ഡലത്തെ മാറ്റിമറിക്കണം. അതിന് സാധിക്കുന്നില്ലെങ്കില്‍ നമ്പര്‍ വണ്‍ ദുരന്തകേരളമായി എന്നും കേരളം അറിയപ്പെടും.
വള്ളംകളിക്കാലത്തല്ലാതെ ആര്‍ക്കും ഇന്ന് പമ്പയെ വേണ്ടല്ലോ!
(ഈ വര്‍ഷത്തെ പ്രളയത്തില്‍ പമ്പയും മീനച്ചിലാറുമാണ് ഏറെ ഭീതിയുയര്‍ത്തിയത്. എഴുത്തുകാരനും പമ്പാതീരത്തെ താമസക്കാരനുമായ കെ.രാജേഷ് കുമാറിന്റെ ആഗസ്റ്റ് 4-ന്റെ ശ്രദ്ധേയമായ ഫെയ്‌സ് ബുക്ക് കുറിപ്പ്)
‘റാന്നി, കോഴഞ്ചേരി വരെയുള്ള പമ്പാനദിയുടെ തീരത്തെ സ്ഥലങ്ങള്‍ ഈ വെള്ളപ്പൊക്കത്തില്‍ നിന്ന് ഏതാണ്ട് മോചിതമായി എന്ന് പറയാം (വെള്ളം താണു എന്നാണ് അര്‍ത്ഥമാക്കേണ്ടത്, ആളുകളുടെ കഷ്ടനഷ്ടങ്ങള്‍ ഉടനെങ്ങും താഴില്ല). 2018 -ലെ അത്രയും വെള്ളം ഇത്തവണ പൊങ്ങിയില്ല എന്നു മാത്രമല്ല, പമ്പ, കക്കി തുടങ്ങിയ പ്രധാന അണക്കെട്ടുകളൊന്നും തുറന്നതുമില്ല. കല്ലാര്‍ത്തീരങ്ങളിലെ (തേക്കുതോട്, തണ്ണിത്തോട് ഭാഗങ്ങളിലെ ഉരുള്‍പൊട്ടലുകളാണ് ഒറ്റ രാത്രി കൊണ്ട് റാന്നി ടൗണിനെ ഉള്‍പ്പെടെ മുക്കിക്കളഞ്ഞത്. വടശ്ശേരിക്കരതൊട്ട് കോഴഞ്ചേരി വരെയുള്ള പമ്പയാറിന്റെ ഒഴുക്കുഘടനയും സമീപസ്ഥലങ്ങളുടെ ഭൂമിശാസ്ത്രവും അതിനു താഴെ ആറന്മുള മുതല്‍ താഴോട്ടുള്ള ഘടനയും തമ്മില്‍ വ്യത്യാസമുണ്ട്. ഇത് മനസ്സിലാക്കി വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാന്‍ കഴിയണം. 2018 ഒരു പാഠമായി മുന്നിലുണ്ടായിരുന്നിട്ടും അത്തരം കാര്യങ്ങളൊന്നും നമ്മള്‍ ചെയ്തില്ല. 2018 -ലെ വെള്ളപ്പൊക്കത്തിനുശേഷം റാന്നിതൊട്ട് ആറന്മുള വരെ നദിക്ക് സംഭവിച്ച മാറ്റങ്ങള്‍ നഗ്‌നനേത്രങ്ങള്‍ കൊണ്ട് തിരിച്ചറിയാന്‍ ആര്‍ക്കും കഴിയും. അതില്‍ ഏറ്റവും പ്രധാനം നദിയില്‍ ചെളി വന്നടിഞ്ഞ് വ്യാപകമായി പുറ്റുകള്‍ രൂപപ്പെട്ടതാണ്. വര്‍ഷങ്ങളായി മണല്‍ വാരല്‍ നിരോധിക്കപ്പെട്ടിരിക്കുന്നതിനാല്‍, മണല്‍പ്പരപ്പുകളും റാന്നി മുതല്‍ അയിരൂര്‍വരെ പഴയതിനെക്കാള്‍ കാണപ്പെട്ടു തുടങ്ങി. പുറ്റുകള്‍ നദിയുടെ ഉള്ളിലുള്ളതിനെക്കാള്‍ കൂടുതലായി തീരങ്ങളിലാണ് രൂപപ്പെട്ടത്. ഒരുമാതിരി പഴയ കടവുകളെല്ലാം ഇല്ലാതായി. കാരണം അവിടെയെല്ലാം തീരങ്ങളില്‍ ചെളിയടിഞ്ഞ് പുറ്റുകളായി.
ഒരു ചെറിയ പ്രദേശത്തെ ഉദാഹരണമാക്കി വിശദീകരിക്കാം. ചെറുകോല്‍പ്പുഴപ്പാലംതൊട്ട് താഴോട്ട് കീഴുകര വരെയുള്ള ഞങ്ങടെ കരയിലൂടെ പമ്പ ഒഴുകുന്നിടത്ത് നെടുനീളെ വശങ്ങളില്‍ പുറ്റുകളാണ്. ഇതുമൂലം നദിയുടെ വീതി വ്യാപകമായി കുറഞ്ഞിട്ടുണ്ട്. വെള്ളം പൊങ്ങി ആറൊഴുകുമ്പോള്‍ ഒരു തോടുപോലെയേ തോന്നൂ. പണ്ട് നല്ല വീതിയുണ്ടായിരുന്നിടമാണ്. ഫലം പഴയതിലും നേരത്തേ വെള്ളം കരയ്ക്ക് കയറുന്നു. സാവകാശം വെള്ളം കരയിലേക്ക് കയറിയിരുന്ന രീതി മാറി വെള്ളം മറിയുന്നു. ഈ പ്രദേശത്തെ പുറ്റുകള്‍ പാടേ നീക്കി വെള്ളം മറിയുന്ന കടവുകള്‍ കിളര്‍ത്തിയാല്‍, ഈ വെള്ളപ്പൊക്കത്തിന്റെ അത്രയും വെള്ളം ഇനി പൊങ്ങിയാല്‍ ഈ വിധം കരയ്ക്ക് വെള്ളം കയറില്ല. എടുത്ത ചെളി എവിടെ കളയുമെന്നതോര്‍ത്തും വിഷമിക്കേണ്ട. അവിടത്തെ ആറ്റുതീരറോഡുകള്‍ കിളര്‍ത്താന്‍ ഉപയോഗിക്കാം. ഇത്തരം കാര്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍, ഇനിയും ആളുകള്‍ ചെറിയ മഴയ്ക്കും മുങ്ങിനിവര്‍ന്നുകൊണ്ടിരിക്കും. ഈ പറഞ്ഞത് ആറ് കുത്തിയൊഴുകുന്ന പ്രദേശത്തെ കാര്യമാണ്. ആറന്മുള തൊട്ട് നദി പരന്നൊഴുകുന്നിടത്ത് ഈ മാര്‍ഗങ്ങളല്ല സ്വീകരിക്കേണ്ടത്. ഇതൊക്കെ പറയാമെന്നു മാത്രം. ഒന്നും കാര്യമായി നടക്കില്ല. വള്ളംകളിക്കാലത്തല്ലാതെ ആര്‍ക്കും ഇന്ന് പമ്പയെ വേണ്ടല്ലോ!’



















