ഭാരതത്തിന്റെ ഭൂപടത്തിലേക്ക് ആഴത്തില്‍ കണ്ണോടിക്കുന്ന ഏതൊരു ചരിത്രാന്വേഷിയിലും ഭൗമശാസ്ത്രജ്ഞനിലും ഒരേസമയം വിസ്മയവും ആശങ്കയും ജനിപ്പിക്കുന്ന ഒന്നാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ രാജ്യത്തിന്റെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന സിലിഗുരി ഇടനാഴി. അന്താരാഷ്ട്ര മാധ്യമങ്ങളും രാഷ്ട്രീയ വിദഗ്ദ്ധരും ചിക്കന്‍നെക്ക് എന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി ഇടനാഴി കേവലം ഒരു ഭൂപ്രദേശമല്ല; മറിച്ച് ഭാരത വിഭജനത്തിന്റെ ധൃതിപിടിച്ച തീരുമാനങ്ങളുടെ രാഷ്ട്രീയ അവശേഷിപ്പും രാജ്യത്തിന്റെ പരമാധികാരത്തിന്റെ ജീവനാഡിയുമാണ്. പശ്ചിമ ബംഗാള്‍ സംസ്ഥാനത്തില്‍ സ്ഥിതിചെയ്യുന്ന, കേവലം ഇരുപത്തി രണ്ടു കിലോമീറ്റര്‍ മാത്രം വീതിയുള്ള ഈ ഇടുങ്ങിയ പാത അതിന്റെ രൂപീകരണം മുതല്‍ ഇന്നത്തെ ആധുനിക കാലഘട്ടം വരെ സങ്കീര്‍ണ്ണമായ രാഷ്ട്രീയ, ഭൂമിശാസ്ത്ര സുരക്ഷാ ഘടകങ്ങളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു. ഒരു വശത്ത് നേപ്പാളും മറുവശത്ത് ഭൂട്ടാനും താഴെ ബംഗ്ലാദേശും അതിരിടുന്ന ഈ പ്രദേശം ഭാരതത്തെ സംബന്ധിച്ചിടത്തോളം ഭൂമിശാസ്ത്രപരമായി വളരെ പ്രധാനപ്പെട്ടതാണ്. സിലിഗുരി ഇടനാഴിയിലുണ്ടാവുന്ന ചെറിയൊരു വിള്ളല്‍ പോലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ എട്ട് സഹോദരിമാരെ ഭാരതത്തിന്റെ ഹൃദയത്തില്‍ നിന്ന് ഒറ്റപ്പെടുത്താന്‍ പര്യാപ്തമാണ്. അതിനാല്‍ തന്നെ, സിലിഗുരി ഇടനാഴിയുടെ സുരക്ഷ എന്നത് ഭാരതത്തിന്റെ പ്രതിരോധ തന്ത്രങ്ങളുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്നു.
1947-ലെ ഭാരത വിഭജനത്തിന്റെ ഭാഗമായി ബ്രിട്ടീഷ് അഭിഭാഷകനായ സര്‍ സിറില്‍ റാഡ്ക്ലിഫ് വരച്ച അതിര്‍ത്തി രേഖയാണ് സിലിഗുരി ഇടനാഴിയുടെ രൂപീകരണത്തിന് അടിസ്ഥാനമിട്ടത്. ഭാരതത്തെക്കുറിച്ച് യാതൊരുവിധ മുന്‍പരിചയവുമില്ലാതിരുന്ന അദ്ദേഹത്തിന്, മതപരമായ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചാബിനെയും ബംഗാളിനെയും വിഭജിക്കാനുള്ള ദൗത്യമാണ് ബ്രിട്ടീഷ് സാമ്രാജ്യം നല്‍കിയത്. എന്നാല്‍ ആ സങ്കീര്‍ണ്ണമായ ദൗത്യം പൂര്‍ത്തിയാക്കാന്‍ കേവലം അഞ്ചാഴ്ചത്തെ സമയം മാത്രമാണ് അനുവദിക്കപ്പെട്ടത്. ഉപഭൂഖണ്ഡത്തിന്റെ ജനസംഖ്യാപരമായ ഘടനയോ ഭൂമിശാസ്ത്രപരമായ സവിശേഷതകളോ മനസ്സിലാക്കാതെയുള്ള ധൃതിപിടിച്ചുള്ള തീരുമാനങ്ങള്‍ യുക്തിസഹമല്ലാത്ത അതിര്‍ത്തികള്‍ക്ക് കാരണമാവുകയായിരുന്നു. 1971-ല്‍ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാരുമായി നടത്തിയ അഭിമുഖത്തില്‍ സിറില്‍ റാഡ്ക്ലിഫ് തന്റെ തീരുമാനങ്ങളിലെ അശ്രദ്ധയെക്കുറിച്ച് തുറന്നുപറയുകയുണ്ടായി. ലാഹോര്‍ നഗരത്തെ ഭാരതത്തിന് നല്‍കാന്‍ താന്‍ തീരുമാനിച്ചിരുന്നുവെന്നും, എന്നാല്‍ അഞ്ചാഴ്ചകള്‍ക്ക് പകരം രണ്ടോ മൂന്നോ വര്‍ഷത്തെ സമയം ലഭിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ യാഥാര്‍ത്ഥ്യബോധമുള്ള അതിര്‍ത്തികള്‍ വരയ്ക്കാമായിരുന്നു എന്നും അദ്ദേഹം സമ്മതിച്ചു.
അതിര്‍ത്തി നിര്‍ണ്ണയ പ്രക്രിയയില്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കിഴക്കന്‍ ബംഗാള്‍ പാകിസ്ഥാന്റെ ഭാഗമാകുകയും, ഹിന്ദു ഭൂരിപക്ഷമുള്ള പശ്ചിമ ബംഗാള്‍ ഭാരതത്തിന്റെ ഭാഗമാകുകയും ചെയ്തു. ഈ ഘട്ടത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസം, നാഗാലാന്‍ഡ്, മണിപ്പൂര്‍, ത്രിപുര തുടങ്ങിയ പ്രദേശങ്ങളുമായി കരമാര്‍ഗ്ഗമുള്ള ബന്ധം നിലനിര്‍ത്തേണ്ടത് ഭാരതത്തിന്റെ നിലനില്‍പ്പിന് അനിവാര്യമായിത്തീര്‍ന്നു. കിഴക്കന്‍ പാകിസ്ഥാന്റെ രൂപീകരണം ഈ സംസ്ഥാനങ്ങളെ ഭാരതത്തിന്റെ പ്രധാന ഭൂപ്രദേശത്തു നിന്ന് പൂര്‍ണ്ണമായും വേര്‍പെടുത്തുന്നതായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് റാഡ്ക്ലിഫ് തന്ത്രപരമായി സിലിഗുരിയിലൂടെ ഒരു ഇടുങ്ങിയ ഇടനാഴി ഭാരതത്തിന് അനുവദിക്കുന്നത്. പ്രാദേശികമായ ജനസംഖ്യാഘടനയെക്കാള്‍ രാഷ്ട്രീയവും ഭൂമിശാസ്ത്രവുമായ അനിവാര്യതകള്‍ക്കാണ് അദ്ദേഹം മുന്‍ഗണന നല്‍കിയത്. വിഭജന പ്രക്രിയയിലെ സമയക്കുറവും കൃത്യമായ ഭൂപട സര്‍വ്വേകളുടെ അഭാവവും കാരണം ഇത്രയും ഇടുങ്ങിയ ഒരു ഇടനാഴിയുടെ ദീര്‍ഘകാല സുരക്ഷാ പ്രത്യാഘാതങ്ങള്‍ അക്കാലത്ത് വേണ്ടത്ര ഗൗരവത്തോടെ വീക്ഷിക്കപ്പെട്ടില്ല എന്നത് ചരിത്രപരമായ യാഥാര്‍ത്ഥ്യമാണ്.
സിലിഗുരി ഇടനാഴി ഭാരതത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള സൈനിക, വ്യാപാര, ടൂറിസം പാതകളുടെ ആകെത്തുകയാണ്. ഈ ഇടനാഴിയിലുണ്ടാകുന്ന ഏതൊരു തടസ്സവും വടക്കുകിഴക്കന്‍ മേഖലയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തുകയും ദേശീയ സുരക്ഷയ്ക്ക് കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തുകയും ചെയ്യും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ കയറ്റുമതിയുടെ ഭൂരിഭാഗവും അയല്‍രാജ്യങ്ങളായ ഭൂട്ടാന്‍, നേപ്പാള്‍ എന്നിവയുമായുള്ള വ്യാപാരവും ഇതുവഴിയാണ് സുഗമമാക്കപ്പെടുന്നത്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന സിക്കിം, അരുണാചല്‍ പ്രദേശ് തുടങ്ങിയ അതീവ തന്ത്രപ്രധാനമായ പ്രദേശങ്ങളിലേക്ക് ഭാരത സൈന്യത്തെയും യുദ്ധസാമഗ്രികളെയും സമയബന്ധിതമായി എത്തിക്കുന്നതിനുള്ള ഏക ധമനിയാണ് സിലിഗുരി. 1962-ലെ ഭാരത-ചൈന യുദ്ധവും 2017-ല്‍ ലോകം ഉറ്റുനോക്കിയ ഡോക്‌ലാം പ്രതിസന്ധിയും ഈ പ്രദേശത്തിന്റെ തന്ത്രപരമായ മൂല്യം എത്രത്തോളമാണെന്ന് അടിവരയിട്ട് തെളിയിക്കുന്നു.
ഇന്നത്തെ ആധുനിക ഭൗമരാഷ്ട്രീയ അന്തരീക്ഷത്തില്‍ സിലിഗുരി ഇടനാഴി നേരിടുന്ന വെല്ലുവിളികള്‍ സങ്കീര്‍ണ്ണവും ബഹുമുഖവുമാണ്. ചൈനയുടെ അധീനതയിലുള്ള ടിബറ്റിലെ ചുംബി താഴ്‌വര സിലിഗുരി ഇടനാഴിയോട് തൊട്ടുരുമ്മിയാണ് കിടക്കുന്നത്. ഒരു യുദ്ധമുണ്ടാകുന്ന സാഹചര്യത്തില്‍ ചൈനയ്ക്ക് തങ്ങളുടെ പീരങ്കിപ്പടയെ ഉപയോഗിച്ച് സിലിഗുരി ഇടനാഴിയെ നേരിട്ട് ലക്ഷ്യം വെക്കാന്‍ സാധിക്കും. ഭാരതവുമായി ഒരു പൂര്‍ണ്ണ യുദ്ധമുണ്ടായാല്‍ പാകിസ്ഥാനുമായി ചേര്‍ന്ന് ഭാരതത്തെ ഇരുതലപ്പുകളില്‍ നിന്നും സമ്മര്‍ദ്ദത്തിലാക്കുന്ന തന്ത്രമാണ് ചൈനയുടേത്. ഇതിന്റെ ഭാഗമായി സിലിഗുരി ഇടനാഴി വെട്ടിമുറിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് ഇന്ത്യന്‍ സൈനികരെ പ്രധാന ഭൂപ്രദേശത്തുനിന്ന് പൂര്‍ണ്ണമായി ഒറ്റപ്പെടുത്തുക എന്ന തന്ത്രപരമായ ലക്ഷ്യം അവര്‍ക്കുണ്ട്. ഭൂട്ടാന്‍, ഭാരതം, ചൈന എന്നിവയുടെ അതിര്‍ത്തികള്‍ സന്ധിക്കുന്ന ട്രൈ-ജംഗ്ഷന്‍ ആയ ഡോക്‌ലാം പീഠഭൂമി പിടിച്ചടക്കാന്‍ 2017-ല്‍ ചൈന ശ്രമിച്ചതിന്റെ പിന്നിലെ പ്രധാന ഉദ്ദേശ്യവും ഇതായിരുന്നു. ഡോക്‌ലാമില്‍ റോഡ് നിര്‍മ്മിച്ച് മേധാവിത്വം സ്ഥാപിച്ചാല്‍ സിലിഗുരി ഇടനാഴിയെ നിഷ്പ്രഭമാക്കാന്‍ ചൈനയ്ക്ക് എളുപ്പം സാധിക്കുമായിരുന്നു. എന്നാല്‍ ഭാരത സൈന്യത്തിന്റെ ശക്തമായ ഇടപെടല്‍ ഈ നീക്കത്തെ പരാജയപ്പെടുത്തി.
1967-ല്‍ സിക്കിമിലെ നാഥുലാ, ചോലാ പാസ് മേഖലകളില്‍ ഭാരതവും ചൈനയും തമ്മില്‍ കടുത്ത സായുധ സംഘട്ടനം നടക്കുകയുണ്ടായി. അന്ന് ചൈനയുടെ ആധിപത്യ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ ഭാരതത്തിന് കഴിഞ്ഞതുകൊണ്ടാണ് സിക്കിമിലെ ഉയര്‍ന്ന മലനിരകളുടെ നിയന്ത്രണം ഭാരതത്തിന്റെ കൈകളില്‍ ഭദ്രമായത്. ഈ ഉയര്‍ന്ന ഭൂപ്രകൃതിയാണ് ഇന്ന് ചൈനയുടെ ചുംബി താഴ്‌വരയെയും അവിടുത്തെ സൈനിക വിന്യാസങ്ങളെയും മുകളില്‍ നിന്ന് കൃത്യമായി നിരീക്ഷിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് മേധാവിത്വം നല്‍കുന്നത്. എന്നിരുന്നാലും, ഭൂട്ടാന്റെയും സിക്കിമിലെയും അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈന ‘സിയാവോകാങ്’ എന്നറിയപ്പെടുന്ന അത്യാധുനിക മോഡല്‍ ഗ്രാമങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത് ഭീഷണിയായി തുടരുന്നു. തങ്ങളുടെ പ്രദേശങ്ങളാണെന്ന് അവകാശപ്പെടുന്ന ഇടങ്ങളില്‍ ചൈനീസ് പൗരന്മാരെ സ്ഥിരമായി താമസിപ്പിക്കുന്നതിലൂടെ അതിര്‍ത്തി കൈയേറ്റങ്ങള്‍ നിയമവിധേയമാക്കാനും, ഭാവിയില്‍ സിലിഗുരി ഇടനാഴി ലക്ഷ്യമാക്കി നടത്തുന്ന തന്ത്രപരമായ നീക്കങ്ങള്‍ക്ക് ഇവയെ സൈനിക താവളങ്ങളാക്കാനും ചൈന പദ്ധതിയിടുന്നു.
മറ്റൊരു പ്രധാന ആശങ്ക ബംഗ്ലാദേശിലെ ലാല്‍മോനിര്‍ഹാട്ട് വിമാനത്താവളം ചൈനയുടെ സാങ്കേതികവും സാമ്പത്തികവുമായ സഹായത്തോടെ പുനരുദ്ധരിക്കാനുള്ള നീക്കങ്ങളാണ്. സിലിഗുരിയില്‍ നിന്ന് കേവലം ഇരുപത് കിലോമീറ്റര്‍ മാത്രം അകലെയുള്ള ഈ വിമാനത്താവളം വഴി ഭാരതത്തിന്റെ ആകാശസീമയിലെ സൈനിക നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും രഹസ്യവിവരങ്ങള്‍ ശേഖരിക്കാനും ചൈനയ്ക്ക് സാധ്യമാകുന്നു. ഇത് വടക്കുകിഴക്കന്‍ മേഖലയിലെ ഭാരതത്തിന്റെ വ്യോമപ്രതിരോധത്തിന് വലിയൊരു വെല്ലുവിളിയാണ്. ഇതിനൊപ്പമാണ് ജല-ഭൗമരാഷ്ട്രീയത്തില്‍ അധിഷ്ഠിതമായ പുതിയ വെല്ലുവിളികളും ഉയര്‍ന്നുവരുന്നത്. സിലിഗുരി താഴ്‌വരയുടെ നിലനില്‍പ്പില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന തീസ്ത, ബ്രഹ്മപുത്ര നദികളുടെ പ്രഭവകേന്ദ്രം ചൈനയുടെ അധീനതയിലുള്ള ടിബറ്റാണ്. ചൈന ടിബറ്റന്‍ അതിര്‍ത്തികളില്‍ നിര്‍മ്മിക്കുന്ന വന്‍കിട അണക്കെട്ടുകളും ജലസംഭരണികളും വഴി ഈ നദികളിലെ ജലലഭ്യത നിയന്ത്രിക്കാന്‍ അവര്‍ക്ക് സാധിക്കും. യുദ്ധകാലത്ത് ഭാരതത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ വന്‍തോതില്‍ ജലം തുറന്നുവിട്ട് കൃത്രിമ പ്രളയമുണ്ടാക്കാനോ അല്ലെങ്കില്‍ ജലം പൂര്‍ണ്ണമായി തടഞ്ഞുനിര്‍ത്തി ഈ തന്ത്രപ്രധാന മേഖയിലെ ജനജീവിതവും സൈനിക നീക്കങ്ങളും സ്തംഭിപ്പിക്കാനോ ചൈനയ്ക്ക് സാധിക്കുമെന്നത് ഭാരതത്തിന്റെ സുരക്ഷാ ഭീഷണികള്‍ക്ക് പുതിയൊരു മാനം നല്‍കുന്നു.
ബാഹ്യമായ ഭീഷണികള്‍ക്കപ്പുറം സിലിഗുരി ഇടനാഴിക്കുള്ളില്‍ തന്നെയുള്ള ചില ആഭ്യന്തര രാഷ്ട്രീയ പ്രശ്‌നങ്ങളും രാജ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. പണ്ടുമുതലേ ഈ മേഖലയില്‍ നിലനില്‍ക്കുന്ന കംതാപൂര്‍ ലിബറേഷന്‍ പോലുള്ള വിഘടനവാദ ഗ്രൂപ്പുകളുടെ സാന്നിധ്യം, പ്രത്യേക സംസ്ഥാനത്തിനായുള്ള ആവശ്യങ്ങള്‍ എന്നിവ ഈ പ്രദേശത്തിന്റെ ആഭ്യന്തര സുരക്ഷയെ കലുഷിതമാക്കുന്ന ഘടകങ്ങളാണ്. ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങള്‍ക്കപ്പുറം ഈ മേഖലയിലെ കടുത്ത സാമ്പത്തിക അസമത്വങ്ങളും വികസന മുരടിപ്പും തൊഴിലില്ലായ്മയും ഇവിടെ വിഘടനവാദ ഗ്രൂപ്പുകള്‍ക്ക് വളക്കൂറുള്ള മണ്ണൊരുക്കുന്നു. വടക്കന്‍ ബംഗാളിലെയും അസമിലെയും ഗോത്രവര്‍ഗ്ഗ മേഖലകളിലെ ഇത്തരം ജനകീയ അതൃപ്തികളെ ഭാരത വിരുദ്ധ ശക്തികള്‍ തങ്ങളുടെ ‘ഹൈബ്രിഡ് യുദ്ധമുറയുടെ’ ഭാഗമായി ആയുധമാക്കാന്‍ സാധ്യതയുണ്ടെന്ന് സുരക്ഷാ വിദഗ്ദ്ധര്‍ നിരീക്ഷിക്കുന്നു. അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങളും ജനസംഖ്യാപരമായ മാറ്റങ്ങളും ഈ പ്രതിസന്ധിയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. സിലിഗുരി ഇടനാഴിക്ക് ചുറ്റുമുള്ള അന്താരാഷ്ട്ര അതിര്‍ത്തികളില്‍ നിന്ന് ബംഗ്ലാദേശില്‍ നിന്നുള്ള നിയമവിരുദ്ധമായ കുടിയേറ്റം വലിയൊരു സാമൂഹിക പ്രശ്‌നമായി വളര്‍ന്നിട്ടുണ്ട്. ഇതിനുപുറമെ മനുഷ്യക്കടത്ത്, മയക്കുമരുന്ന് കടത്ത്, വ്യാജ കറന്‍സി വിതരണം, മൃഗക്കടത്ത് എന്നിവ ഈ പ്രദേശത്തെ ജനസംഖ്യാപരമായ ഘടനയെയും ആഭ്യന്തര ക്രമസമാധാന നിലയെയും ദോഷകരമായി ബാധിക്കുന്നു.
ഈ മേഖലയിലെ തന്ത്രപ്രധാനമായ അടിസ്ഥാനസൗകര്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ബാഗ്‌ഡോഗ്ര വിമാനത്താവളം. ഇന്ത്യന്‍ വ്യോമസേനയുടെ അതീവ പ്രാധാന്യമുള്ള ഈ താവളത്തില്‍ റാഫേല്‍, സുഖോയ്-30 ങഗക തുടങ്ങിയ അത്യാധുനിക യുദ്ധവിമാനങ്ങളാണ് വിന്യസിച്ചിരിക്കുന്നത്. സിവിലിയന്‍ ആവശ്യങ്ങള്‍ക്കും സൈനിക ആവശ്യങ്ങള്‍ക്കും ഒരേപോലെ ഉപയോഗിക്കുന്ന ഒന്നാണിത്. എന്നാല്‍ ഇതിന്റെ റണ്‍വേ വികസിപ്പിക്കുന്നതിനും അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി ഭൂമി ഏറ്റെടുക്കാന്‍ ശ്രമിക്കുമ്പോള്‍ വലിയ രീതിയിലുള്ള തദ്ദേശീയ എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നുണ്ട്. ഈ പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും ഉപജീവനത്തിനായി ആശ്രയിക്കുന്നത് തേയിലത്തോട്ടങ്ങളെയാണ്. ഭൂമി ഏറ്റെടുക്കല്‍ തങ്ങളുടെ ഉപജീവനമാര്‍ഗ്ഗത്തെ ഇല്ലാതാക്കുമെന്ന ആശങ്കയില്‍ പ്രാദേശിക കര്‍ഷകരും തോട്ടം ഉടമകളും ചേര്‍ന്ന് നടത്തിയ പ്രക്ഷോഭങ്ങള്‍ വികസന പദ്ധതികളെ ദീര്‍ഘകാലത്തേക്ക് വൈകിപ്പിച്ചു. പരിമിതമായ റണ്‍വേ നീളവും ഇത്തരം ഭൂമി പരിമിതികളും ഈ പ്രദേശത്തിന്റെ വ്യോമപ്രതിരോധ ശേഷിയെ ഒരളവുവരെ ബാധിക്കുന്നുണ്ട്. കൂടാതെ, ആധുനിക ഡിജിറ്റല്‍ ഭാരതത്തിന്റെ സുരക്ഷയും ഈ ഇടനാഴിയുമായി ബന്ധപ്പെട്ടിരിക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ അന്താരാഷ്ട്ര ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പ്രധാന ഐ.ടി/ടെലികോം പാതയും ഇതുവഴിയാണ് കടന്നുപോകുന്നത്. സൈനിക ആശയവിനിമയങ്ങള്‍ക്കും രാജ്യത്തിന്റെ ഡിജിറ്റല്‍ പരമാധികാരത്തിനും ഈ ഡിജിറ്റല്‍ ഇടനാഴിയുടെ സംരക്ഷണം അത്യന്താപേക്ഷിതമാണ്.
സിലിഗുരി ഇടനാഴിയുടെ ഭൂമിശാസ്ത്രപരമായ ബലഹീനത മനസ്സിലാക്കിക്കൊണ്ട് ഭാരത സര്‍ക്കാര്‍ അതീവ ജാഗ്രതയോടെയുള്ള പ്രതിരോധ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അതിര്‍ത്തി രക്ഷാസേന, ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, ഇന്ത്യന്‍ ആര്‍മിയുടെ 33-ാം കോര്‍പ്‌സ് എന്നിവര്‍ ഈ പ്രദേശത്ത് അഹോരാത്രം കാവല്‍ നല്‍കുന്നു. ചൈനയുടെ ആകാശ ആക്രമണങ്ങളെ ചെറുക്കാന്‍ റഷ്യന്‍ നിര്‍മ്മിത എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഈ മേഖലയില്‍ സജ്ജമാക്കിയിട്ടുണ്ട്. മലനിരകളിലെ അതിവേഗ യുദ്ധനീക്കങ്ങള്‍ക്കായി ഭാരതം രൂപീകരിച്ചിട്ടുള്ള പ്രത്യേക ‘മൗണ്ടന്‍ സ്‌ട്രൈക്ക് കോര്‍പ്‌സ്’ അടിയന്തര സാഹചര്യങ്ങളില്‍ പ്രതിരോധം തീര്‍ക്കാന്‍ സജ്ജമാണ്. തേജസ്, പ്രഹാര്‍, സര്‍വ്വശക്തി തുടങ്ങിയ വന്‍കിട സംയുക്ത സൈനികാഭ്യാസങ്ങളിലൂടെ പ്രതിരോധശേഷിയും അടിയന്തര ഘട്ടങ്ങളിലെ സൈനിക വിന്യാസ വേഗതയും രാജ്യം നിരന്തരം വിലയിരുത്തുന്നു. സിലിഗുരി ഇടനാഴി ഒരു യുദ്ധകാലത്ത് തടസ്സപ്പെട്ടാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചേരാന്‍ ഭാരതം വികസിപ്പിക്കുന്ന ഏറ്റവും വലിയ തന്ത്രപ്രധാന പദ്ധതിയാണ് കല്‍ദാന്‍ മള്‍ട്ടി-മോഡല്‍ ട്രാന്‍സിറ്റ് പ്രോജക്റ്റ്. കൊല്‍ക്കത്ത തുറമുഖത്തുനിന്ന് കടല്‍മാര്‍ഗ്ഗം മ്യാന്മറിലെ സിറ്റ്‌വെ തുറമുഖത്ത് എത്തിക്കുകയും, അവിടെനിന്ന് കരമാര്‍ഗ്ഗം മിസോറാമിലേക്ക് പ്രവേശിക്കുകയും ചെയ്യുന്ന ഈ ബദല്‍ പാത സിലിഗുരിയുടെ മേലുള്ള അമിത ആശ്രയം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇതിനുപുറമെ, നിലവില്‍ ഭാരതവും ബംഗ്ലാദേശും തമ്മിലുള്ള നല്ല നയതന്ത്ര ബന്ധത്തിന്റെ ഫലമായി, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ ബംഗ്ലാദേശിലെ ചിറ്റഗോങ്ങ്, മോംഗ്ല തുറമുഖങ്ങള്‍ ഉപയോഗിക്കാനുള്ള അനുവാദം ഭാരതത്തിന് ലഭിച്ചിട്ടുണ്ട്. ഇത് ഇടനാഴിയുടെ സുരക്ഷാ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.
1947-ലെ വിഭജനം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അവശേഷിപ്പിച്ച ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ മുറിപ്പാടുകളുടെ ജീവിക്കുന്ന തെളിവാണ് സിലിഗുരി ഇടനാഴി. നൂറ്റാണ്ടുകളായി ഒന്നിച്ച് കഴിഞ്ഞിരുന്ന ജനസമൂഹങ്ങള്‍ കേവലം അഞ്ചാഴ്ചത്തെ ധൃതിപിടിച്ചുള്ള അതിര്‍ത്തി നിര്‍ണ്ണയത്തിലൂടെ വിഭജിക്കപ്പെട്ടപ്പോള്‍ രൂപംകൊണ്ട ഈ ഇടുങ്ങിയ പാത, ഇന്ന് ഭാരതത്തിന്റെ പരമാധികാരത്തിന്റെ ജീവനാഡിയാണ്. വിഭജനത്തിന്റെ മുറിപ്പാടുകള്‍ ഇന്നും ഈ പ്രദേശത്തിന്റെ സാംസ്‌കാരിക സ്വത്വങ്ങളെയും രാഷ്ട്രീയ ആഖ്യാനങ്ങളെയും സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. ഇന്ന്, ഭാരതത്തിന്റെ വിദേശനയത്തിലും ആക്ട് ഈസ്റ്റ് നയത്തിലും സിലിഗുരി ഇടനാഴി ഒരു പ്രധാന കേന്ദ്രസ്ഥാനം അലങ്കരിക്കുന്നു. അയല്‍രാജ്യങ്ങളുടെ ഭൗമരാഷ്ട്രീയ നീക്കങ്ങളെയും ചൈനയുടെ വിപുലീകരണ തന്ത്രങ്ങളെയും നദീജല രാഷ്ട്രീയം ഉള്‍പ്പെടെയുള്ള പുതിയ വെല്ലുവിളികളെയും ഒരേസമയം പ്രതിരോധിച്ചുകൊണ്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സുരക്ഷയും വികസനവും ഉറപ്പാക്കാന്‍ സിലിഗുരി ഇടനാഴിയുടെ സംരക്ഷണം വരുംദശകങ്ങളിലും ഭാരതത്തിന്റെ പ്രതിരോധ തന്ത്രങ്ങളുടെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണനാ പട്ടികയില്‍ തന്നെയായിരിക്കും എന്ന് നിസ്സംശയം പറയാം.



















