ന്യൂജഴ്‌സിയില്‍, ലോകകപ്പ് ഫുട്‌ബോളിന്റെ കലാശക്കളിയില്‍, അധികസമയത്ത്, അര്‍ജന്റീനിയന്‍ ഗോള്‍ വലയുടെ മോന്തായത്തിലേക്ക് ഫെറാന്‍ ടോറസ് അടിച്ച് കയറ്റിയ ഗോള്‍ സ്‌പെയിനെ ഒരിക്കല്‍ കൂടി ലോക ജേതാക്കളാക്കി. അതോടെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പും ലോകകപ്പും ഒരേസമയം നേടുകയെന്ന അസുലഭ ബഹുമതിയും സ്‌പെയിന് സ്വന്തമായി. ലോകത്തിലെ ഏറ്റവും പ്രശസ്തവും ഒപ്പം സമ്പന്നവുമായ ഫുട്‌ബോള്‍ ലീഗിലെ സ്പാനിഷ് ലാലിഗയുടെ തട്ടകത്തിലേക്ക് ലോകകപ്പ് എത്തുമ്പോള്‍ കാല്‍പന്തെന്ന ജനകീയ വിനോദത്തിന് തന്നെ മൂല്യം വര്‍ദ്ധിക്കുകയാണ്. വിശ്രുത ഫുട്‌ബോള്‍ ക്ലബ്ബുകളായ ബാര്‍സലോണയും, റിയല്‍ മാഡ്രിഡും അത്‌ലറ്റികോ മാഡ്രിസുമെല്ലാം വിരാജിക്കുന്ന ഈ ഭൂമികയിലാണ് മെസ്സിയും നെയ്മറും സുവാരസും ബെന്‍സേമയും അടക്കമുള്ളവര്‍ കളിച്ച് തെളിഞ്ഞത്. കാല്‍പന്തിന്റെ കനകമുദ്രകള്‍ക്കൊണ്ടലംകൃതമായ ഫുട്‌ബോള്‍ പാരമ്പര്യത്തിന്റെ തട്ടകത്തിലേക്ക് ടീം ഗെയിമിന്റെ ഉദാത്തപ്രകടനവുമായി ഒരിക്കല്‍ കൂടി നായകന്‍ റോഡ്രിയും കൂട്ടരും കപ്പുമായെത്തുമ്പോള്‍, അത് ഫുട്‌ബോളിന്റെ സൗന്ദര്യാത്മകതയുടെ വിജയം കൂടിയാകുന്നു. കളത്തിനും കാണികള്‍ക്കും ഫുട്‌ബോള്‍ ചാരുത പകരുന്ന ടിക്കി – ടാക്കയുടെ ജനയിതാക്കള്‍ ഇത്തവണയും അതിന്റെ സ്പര്‍ശം കളിയിടങ്ങളില്‍ അവതരിപ്പിച്ചുകൊണ്ടാണ് വമ്പന്‍മാരെ ഓരോന്നായി വീഴ്ത്തി കപ്പിനവകാശികളായത്.
2010ല്‍ സ്‌പെയിന് കന്നിക്കിരീടം സമ്മാനിച്ച മായികമുദ്രയുള്ള വേരുകളൊന്നും ഇത്തവണത്തെ നിരയില്‍ ഉണ്ടായിരുന്നില്ല- ഒരു ഡേവിഡ് വില്ലയും ഇനിയേസ്റ്റയും സെര്‍ജിറാമോസും സാവി ഫെര്‍ണാണ്ടസും. ഉണ്ടായിരുന്നത് പ്രത്യേകമുഖമില്ലാത്ത, സര്‍വ്വതും ടീമിനായി സമര്‍പ്പിച്ച, പരിശീലകന്‍ പറഞ്ഞത് കൃത്യമായി പാലിച്ച അതീവ വൈഭവമുള്ള ചെറുപ്പക്കാരുടെ ഒരു സംഘം. അതിന്റെ കുന്തമുനയായി ഇനി ലോകം കാണാനിരിക്കുന്ന കാല്‍പന്തിന്റെ പുത്തന്‍ താരോദയമായി, ലാമിന്‍ യമാല്‍ എന്ന പത്തൊന്‍പതുകാരനും.
കളിക്കളത്തിന്റെ നാലതിരുകളില്‍ രൂപം കൊള്ളുന്ന ഏത് പ്രതിസന്ധിയേയും അവസാന നിമിഷങ്ങളിലെ ആവേഗത്താല്‍ മറികടക്കാന്‍ ഊറ്റം കാട്ടിയ അര്‍ജന്റീന മെസ്സിയെന്ന ഫുട്‌ബോള്‍ മിശിഹയുടെ കാല്‍വിരുതില്‍ ഇത്തവണ കപ്പ് കൊണ്ടുപോകുമെന്ന് കരുതിയവരായിരുന്നു ഫുട്‌ബോള്‍ പ്രേമകളിലധികവും. എന്നാല്‍ ജൂലായ് 19ന് ന്യൂജേഴ്‌സിയിലെ നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തില്‍ സംഭവിച്ചത് മറ്റൊന്നാണ്. കെട്ടുറപ്പിന്റേയും ഒത്തൊരുമയുടേയും ചാരുതയാര്‍ന്ന നീക്കങ്ങളുടേയും സമ്മേളനത്തിലൂടെ തീര്‍ത്തും അര്‍ഹരായവരിലേക്ക് കപ്പ് കടന്നു ചെന്നു. ഒറ്റയാളിന്റെ കേളീ ബലത്തില്‍, അതില്‍ നിന്നുരുവംകൊള്ളുന്ന പ്രചോദനത്തില്‍ ഒരു സംഘത്തിന്, ഇത്രയൊക്കെയേ പോകാന്‍ കഴിയുകയുള്ളൂവെന്ന് അര്‍ജന്റീനയുടെ തോല്‍വി വ്യക്തമാക്കുന്നു. വാസ്തവത്തില്‍ പെട്രോ പോറോയും നിക്കോ വില്യംസും കൈകാര്യം ചെയ്ത് തന്റെ ഇടം കാലിലെത്തിച്ച പന്തുകൊണ്ട് ടോറസ് അര്‍ജന്റീനയുടെ നെഞ്ചു പിളര്‍ക്കുകയായിരുന്നു. ഒരു ദുഃസ്വപ്‌നം പോലെ ഏറെ നാള്‍ അത്, അര്‍ജന്റീനയുടെ ഉറക്കം കെടുത്തുമെന്നുറപ്പാണ്.
2024ലെ യൂറോപ്യന്‍ കപ്പ് ജേതാക്കളായാണ് സ്‌പെയിന്‍ ലോകകപ്പില്‍ കളിക്കാനെത്തിയത്. ഫുട്‌ബോള്‍ പ്രവചനക്കാര്‍, തുടക്കത്തില്‍ അവര്‍ക്ക് നല്‍കിയിരുന്നത് അര്‍ജന്റീനയുടേയും ഫ്രാന്‍സിന്റെയും പിന്നില്‍ 18% വിജയസാധ്യത മാത്രമാണ്. ആഫ്രിക്കയില്‍ നിന്നും ആദ്യമായെത്തിയ കേപ് വെര്‍ദെ എന്ന ഇത്തിരികുഞ്ഞനോട് ആദ്യ മത്സരത്തില്‍ സ്‌പെയിന്‍ കുരുങ്ങിയപ്പോള്‍ പ്രവചനം സാധൂകരിക്കപ്പെടുകയാണെന്ന് തോന്നി. എന്നാല്‍ തുടക്കത്തിലെ ഷോക്കില്‍ നിന്നും പെട്ടെന്നുണര്‍ന്ന സ്‌പെയിന്‍ വ്യക്തമായ പദ്ധതികളും തികഞ്ഞ അച്ചടക്കവുമായി പിന്നീട് കാഴ്ചവച്ചത് സ്ഥിരതയാര്‍ന്ന പ്രകടനങ്ങളാണ്. ഫൈനലിലടക്കം ഏഴ് ക്ലീന്‍ ഷീറ്റുകള്‍. സ്പാനിഷ് പ്രതിരോധം കടന്നെത്തിയത് ഒറ്റ ഗോള്‍ മാത്രം. ലോസ് ആഞ്ചലസിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബല്‍ജിയമാണ് സ്‌പെയിന്റെ വലയില്‍ ഏക ഗോള്‍ നിക്ഷേപിച്ചത്. മറ്റെല്ലാം നിശിതമായ, ക്ലിനിക്കല്‍ വിജയങ്ങളായിരുന്നു. പോര്‍ച്ചുഗലും ബല്‍ജിയവും സാക്ഷാല്‍ ഫ്രാന്‍സും സ്‌പെയിന് മുന്നില്‍ വിനീതരായി, നിഷ്പ്രഭരായി. ലോകകപ്പിലെ ഏറ്റവും ഭദ്രവും സുഘടിതവുമെന്ന് വാഴ്ത്തപ്പെട്ട ഫ്രാന്‍സ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് നിലം പരിശായപ്പോള്‍, അതുവരെ ഫ്രാന്‍സ് – അര്‍ജന്റീന കലാശക്കളി കിനാവ് കണ്ടിരുന്നവര്‍ സ്തബ്ധരായി.
ജൂണ്‍ 11ന് അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ലോകകപ്പിന് പന്തുരുണ്ട് തുടങ്ങിയപ്പോള്‍ ഫുട്‌ബോള്‍ ലോകത്തിന്റെ ചര്‍ച്ചകളില്‍ നിറഞ്ഞത് മെസ്സിയും എംബാപേയും അര്‍ജന്റീനയും ഫ്രാന്‍സുമായിരുന്നു. ബാക്കിയുള്ളവര്‍ അവരുടെ വഴിയിലെ തട്ടിനീക്കാവുന്ന തടസ്സങ്ങള്‍ മാത്രമാകുമെന്നാണ് ചര്‍ച്ചക്കാര്‍ നിഗമിച്ചത്. അത്തരം വിചാരങ്ങള്‍ക്ക് ആക്കം കൂട്ടിയത് തോല്‍വിയുടെ വക്കില്‍ നിന്നുമുള്ള അര്‍ജന്റീനയുടെ അവിശ്വസനീയ തിരിച്ചു വരവുകളായിരുന്നു; മെസ്സിയുടെ ഒറ്റയാന്‍ രക്ഷാപ്രവര്‍ത്തനങ്ങളായിരുന്നു. മറ്റൊന്ന് എംബാപെ, ഡെമ്പലെ, ഒലിസെ ത്രയം രൂപപ്പെടുത്തിയ തകര്‍ക്കാനാകാത്തതെന്ന് ഒരു ഘട്ടത്തില്‍ തോന്നിച്ച വിശ്വാസം തന്നെയായിരുന്നു. സെമി ഫൈനല്‍ തലം വരെയെങ്കിലും സ്പാനിഷ് ടീമിനെക്കുറിച്ച് അപദാനങ്ങളുണ്ടായില്ല; ടിക്കി-ടാക്കയെന്ന കളിക്കളത്തിലെ വിസ്മയം 2010ലെ പോലെ അതേപടി കളിയില്‍ പ്രയോഗിക്കാതിരുന്നതുകൊണ്ടാകണം സ്‌പെയിനിന്റെ കളിയിലെ സൗന്ദര്യാത്മകതയെക്കുറിച്ചും ഒത്തിണക്കത്തെക്കുറിച്ചും വര്‍ത്തമാനങ്ങളുണ്ടായില്ല.
പക്ഷേ സെമി കഴിഞ്ഞപ്പോള്‍ കളിയും കാര്യങ്ങളുടെ കിടപ്പും മാറി. മുന്‍ കളികളില്‍ കളത്തില്‍ യാഗാശ്വം പോലെ യഥേഷ്ടം പാഞ്ഞു കളിച്ചിരുന്ന എംബാപെ ആദ്യമായി തളച്ചിടപ്പെടുന്ന കാഴ്ചകള്‍ ലോകം കണ്ടു. തുരുതുരാ ഫൈനല്‍ തേഡിലേക്ക് പാസുകളുടെ പ്രളയം സൃഷ്ടിച്ചിരുന്ന ഒലീസ, വൈഭവം കൈമോശം വന്നപോലെ പന്തിനായി പരതി നടന്നു. നോക്കിയിരിക്കെ, ഫ്രാന്‍സിന്റെ കളിയിടത്തിലെ വന്‍പുകളൊക്കെ കാണാതായി. ഒടുവില്‍ അര്‍ജന്റീനയെ അസ്തപ്രജ്ഞരാക്കി ലോകം പ്രതീക്ഷിക്കാതിരുന്നൊരു ഏകപക്ഷീയ വിജയം സ്‌പെയിന്‍ കളിച്ചെടുത്തു. കണക്കുകൂട്ടല്‍ വിദഗ്ദ്ധരൊക്കെ അമ്പരന്ന ഫലമായിരുന്നു അത്.
സ്‌പെയിനും അര്‍ജന്റീനയുമായുള്ള അന്തിമ പോരാട്ടത്തിന് അരങ്ങ് തയ്യാറായിട്ടും മെസ്സിയിലുണ്ടായിരുന്ന അപാരമായ വിശ്വാസം പലര്‍ക്കും നഷ്ടമായിരുന്നില്ല. അവര്‍ അര്‍ജന്റീനക്ക് ഒരു പടി മുന്‍തൂക്കം മെസ്സിയുടെ ചെലവില്‍ നല്‍കി. കാരണം മെസ്സി ഈ ലോകകപ്പില്‍ കെട്ടഴിച്ചുവിട്ട കളിയും സഹതാരങ്ങള്‍ക്ക് നല്‍കിയ പ്രചോദനവും അത്രമാത്രമായിരുന്നു. ഏത് ആപല്‍സ്ഥിതിയിലും രക്ഷകനായി മിശിഹയുണ്ട് എന്ന ബോദ്ധ്യം ഒപ്പമുള്ളവര്‍ക്ക് മാത്രമല്ല, കണ്ടിരിക്കുന്നവര്‍ക്കുമുണ്ടായിരുന്നു. അത് ന്യായവുമായിരുന്നു. കേപ് വെര്‍ദേക്കും ഈജിപ്തിനും ഇംഗ്ലണ്ടിനുമെല്ലാം എതിരെ നടത്തിയ അവിസ്മരണീയ തിരിച്ചുവരവുകള്‍ പാണന്മാര്‍ക്ക് പാടി നടക്കാനുള്ള പഴംപാട്ടിന് വകയായിരുന്നു.
കാര്യങ്ങള്‍ ഇങ്ങനെയായിരുന്നെങ്കിലും ചിലരെങ്കിലും അര്‍ജന്റീനയുടെ ടീം കെട്ടുറപ്പിനെക്കുറിച്ച് സംശയാലുക്കളായിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന്റെ ആദ്യഭാഗത്ത് ദൗര്‍ബ്ബല്യം തെളിഞ്ഞുകാണുകയും ചെയ്തിരുന്നു. മെസ്സി മങ്ങിയാല്‍ തീര്‍ന്നു എന്നതായിരുന്നു അനുഭവം. അര്‍ജന്റീന അടിച്ച പത്തൊന്‍പതില്‍ പന്ത്രണ്ട് ഗോളിന്റേയും ശില്‍പി മെസ്സിയായിരുന്നുവെന്നത് ടീമെന്ന നിലയില്‍ അവരുടെ പോരായ്മയായിരുന്നു. കപ്പ് തീര്‍പ്പാക്കുന്ന അവസാന കളിയില്‍ സംഭവിച്ചത് അപ്രതീക്ഷിതവും പൊരിപ്പന്‍ പോരാട്ടം കാത്തിരുന്ന ഫുട്‌ബോള്‍ പ്രേമികളെ അക്ഷരാര്‍ത്ഥത്തില്‍ നിരാശപ്പെടുത്തുന്നതുമായിരുന്നു. ഒരു ലോകകപ്പ് ഫൈനലില്‍ ഗോള്‍ ചതുരത്തിന് നേരെ മര്യാദയ്ക്ക് ഒരു ഷോട്ടെങ്കിലുമുതിര്‍ക്കാന്‍ വ്യക്തിഗത ശേഷിയുടെ പാരമ്യം കല്‍പിച്ചുകൊടുത്ത മെസ്സിക്കോ സഹതാരങ്ങള്‍ക്കോ ആയില്ല. ഈ ലോകകപ്പിലെ ഏറ്റവും വലിയ നാണക്കേടും അതായിരുന്നു. നൂറ്റിയാറാം മിനിട്ടില്‍ അടിച്ച ഗോളിന് മേല്‍ അവശേഷിച്ച സമയത്തില്‍ കൂടുതല്‍ വലയിലേക്ക് കയറാതിരുന്നത് അര്‍ജന്റീനയുടെ മഹാഭാഗ്യം. അവസാന നിമിഷങ്ങളില്‍ കാത്തിരുന്ന മിശിഹയുടെ അവതാരവും നടന്നില്ല. അങ്ങനെ ആന്റി ക്ലൈമാക്‌സായി ഇത്തവണത്തെ ലോകകപ്പ് ഫൈനല്‍ ഒടുങ്ങി.
അര്‍ജന്റീനിയന്‍ താരങ്ങള്‍ അന്ന്, കളത്തില്‍ കാഴ്ചക്കാരെപ്പോലെ അലയുന്നത് ഏറെ പരിതാപകരമായിരുന്നു. കളിയില്‍ ഒത്തിണക്കത്തിന്റെ പാഠങ്ങള്‍ മറന്ന ലാറ്റിനമേരിക്കന്‍ വമ്പിന്റെ കൊമ്പുകള്‍, മികച്ച പാസ്സിങ്ങ് ഗെയിമിലൂടെ സ്പാനിഷ് പട കളത്തില്‍ മുറിച്ചിട്ടു. ഇത്രയും നിസ്സഹായനായൊരു മെസ്സിയെ സമീപകാലത്തൊന്നും കളിയിടത്തില്‍ കാണാനായിട്ടില്ല. അങ്ങനെ ചരിത്രത്തിലെ ഏറ്റവും ഏകപക്ഷീയമായ ഫൈനലുകളിലൊന്നിന് ന്യൂജഴ്‌സി സ്റ്റേഡിയം സാക്ഷിയായി.
ഈ ലോകകപ്പ് പല വിശേഷപാഠങ്ങളും ഫുട്‌ബോള്‍ ലോകത്തിന് പകര്‍ന്നു നല്‍കുന്നുണ്ട്. മത്സരിക്കുന്ന രാജ്യങ്ങളുടെ എണ്ണം 48 ആയി ഉയര്‍ത്തിയത് സംബന്ധിച്ച് വിമര്‍ശനങ്ങളുണ്ടായിരുന്നു. എന്നാല്‍ ആ തിരുമാനം നന്നായിരുന്നുവെന്നാണ് അനുഭവം പറയുന്നത്. എണ്ണം കൂട്ടിയതുകൊണ്ടാണ് കേപ് വെര്‍ദേയും കുറോസോയും കോംഗോയുമടക്കമുള്ള പതിനാറ് രാജ്യങ്ങള്‍ക്ക് ലോകകപ്പ് കളിക്കാനായത്. അവരില്‍ പലര്‍ക്കും വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ നടത്താനായി. അന്താരാഷ്ട്രതലത്തില്‍ ടീമുകളുടെ നിലവാരം സംബന്ധിച്ച അന്തരം ഏറെകുറഞ്ഞു വരുന്നതായാണ് ഇത്തവണത്തെ മത്സരഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ആഫ്രിക്കയില്‍ നിന്നെത്തിയ പത്തില്‍ ഒന്‍പത് ടീമുകളും നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നുവെന്നത് ആഗോളതല ഫുട്‌ബോളിന്റെ വളര്‍ച്ചയാണ് കാണിക്കുന്നത്. മൊറോക്കോയുടെ മുന്നേറ്റം പിന്നണി രാജ്യങ്ങള്‍ക്ക് പുതിയ കുതിപ്പുകള്‍ക്കായുള്ള പ്രചോദനമാകും. ഫുട്‌ബോള്‍ ഇഷ്ടപ്പെടുന്നവരുടെ മനസ്സില്‍ എക്കാലവും ഒരു ഗൃഹാതുരത്വമായി നിലകൊണ്ട ബ്രസീലിന്റെ ലോകശക്തിയെന്ന നിലയിലുള്ള അസ്തമയത്തിനും ഈ ലോകകപ്പ് സാക്ഷിയായി. പ്രവചനക്കാരോ പന്തയക്കാരോ ബ്രസീലിനെ ഗണിച്ചതേയില്ല. അപ്രകാരം തന്നെയായിരുന്നു കേളികേട്ട സാംബശൈലി കടലിലെറിഞ്ഞ അവരുടെ ഓജസ്സ് ചോര്‍ന്ന, കളത്തിലെ കളിയും.
ഈ കുറിപ്പവസാനിപ്പിക്കുമ്പോള്‍ ഭാരതത്തിലെ ഫുട്‌ബോളിന്റെ സ്ഥിതി മനസ്സിലുണ്ട്. കളിച്ച് കളിച്ച് ഏഷ്യന്‍ തലത്തില്‍ തന്നെ മുപ്പതിന് പുറത്താണ് നമ്മുടെ സ്ഥാനം. കതിരില്‍ വളം വയ്ക്കുന്ന പഴയശീലം, ഭീമാബദ്ധം ഇപ്പോഴും തുടരുകയാണ് നടത്തിപ്പുകാര്‍. ഭരണകൂടം മാറിയിട്ടും കാര്യമായ ഫലമുണ്ടായിട്ടില്ല. ഇക്കഴിഞ്ഞാഴ്ച ഹെല്‌സിങ്കിയിലും ഡെന്മാര്‍ക്കിലും പര്യടനം നടത്തിയ ഭാരതത്തിന്റെ പന്ത്രണ്ടുവയസുകാര്‍ ‘മിനര്‍വ്വ എഫ്.സി’ എന്ന ക്ലബ്ബിന്റെ ബാനറില്‍, യൂറോപ്യന്‍ കുട്ടികളെ തോല്‍പിച്ച് കിരീടങ്ങള്‍ നേടിയത് വായിച്ചു. ഇതു കണ്ടിരിക്കുന്ന നടത്തിപ്പ് തമ്പുരാന്മാര്‍ക്ക് തലയില്‍ വെളിച്ചമുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയാണ്. കുറഞ്ഞപക്ഷം അടുത്ത പത്ത് വര്‍ഷത്തേക്ക് ഈ കുട്ടികളെ സൂക്ഷിക്കുക, അവരുടെ മേല്‍ കരുതലുണ്ടാകുക. എങ്കില്‍ 2034 ലെ ലോകകപ്പില്‍, എങ്കിലും ഭാരതത്തിന് ഒരു സ്ഥാനമുണ്ടായേക്കും.






















