കുന്നിങ്കല്‍ അശോകന്‍, ഇതാ തൊണ്ണൂറ്റിനാലും കടന്ന് മുന്നേറുകയാണ്. കളിക്കളത്തില്‍ കാലുറപ്പിച്ചുള്ള കുതിപ്പിന് ഏഴരപ്പതിറ്റാണ്ടോളമുണ്ട് പഴക്കം. എന്നിട്ടും വഴക്കം പോകാത്ത, പരിശീലനച്ചിട്ടയില്‍ സ്ഫുടപാകം വന്ന ശരീരവും കരളുറപ്പിന്റെ കരുത്തുമായി ഓടിയും ചാടിയും എറിഞ്ഞും പുതിയ ദൂരങ്ങള്‍ക്കായി പരിശ്രമിച്ചുകൊണ്ടേയിരിക്കുന്ന അശോകന്‍ ചേട്ടന്‍, കായികരംഗത്ത് വിസ്മയമാകുകയാണ്. കായിക മികവിന്റെ ബലത്തില്‍ ഒരു ജോലി തരപ്പെട്ട് കിട്ടിയാല്‍, പിന്നെ കൈകാലുകള്‍ക്ക് വിശ്രമം അനുവദിച്ച് രംഗം വിടുന്ന ശീലമുള്ളവരുടെ നാട്ടില്‍, ആയുസ്സിന്റെ അങ്ങേത്തലക്കല്‍ നിന്നുകൊണ്ട് സമര്‍പ്പിതനാകുകയാണദ്ദേഹം.
പതിനഞ്ചാം വയസ്സില്‍ തുടങ്ങിയതാണ്, അശോകന് കായികവിനോദങ്ങളോടുള്ള പ്രിയം. വഴികള്‍ പലതും പിന്നിട്ട്, നവതിക്കാലം കഴിഞ്ഞിട്ടും കായികരംഗത്തോടുള്ള പൂതി ഒട്ടും വിട്ടിട്ടില്ല, കാഴ്ചയില്‍ പരുക്കനെന്ന് തോന്നിക്കുന്ന, ഈ മൃദുലചിത്തനായ മനുഷ്യന്. കൗമാരം വിടുംമുമ്പ് ഇന്ത്യന്‍ നേവിയില്‍ ലഭിച്ച ഉദ്യോഗം, കായിക താല്‍പര്യങ്ങളെ ഒപ്പം കൊണ്ടു പോകാന്‍ പ്രചോദനമായി. കായിക മുന്നേറ്റത്തിന് വളക്കൂറുള്ള നേവിയുടെ തട്ടകത്തില്‍ നിന്നുകൊണ്ട് നല്ലൊരു വോളിബോള്‍ കളിക്കാരനായി അശോകന്‍ വളര്‍ന്നു. കളിയുടെ ഒരുഘട്ടം കഴിഞ്ഞപ്പോള്‍ അശോകന്റെ കേളീ മികവ് ബോദ്ധ്യപ്പെട്ട് പട്യാലയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സിലേക്ക് (NIS) നേവി തന്നെ കോച്ചിംഗ് പഠിക്കുന്നതിനായി നിയോഗിച്ചു. ആ നിയോഗത്തിലൂടെ പരിശീലക പട്ടം നേടി. തിരിച്ചെത്തി നേവി ടീമിനും പരിശീലനം നല്‍കി. പിന്നീട്, നാഷണല്‍ വോളിബോള്‍ ഫെഡറേഷന്റെ റഫറി ടെസ്റ്റ് പാസ്സായി പാനല്‍ റഫറിയുമായി.
ഇതിനിടെ പതിനഞ്ച് വര്‍ഷത്തെ സേവനത്തിന് ശേഷം നേവിയില്‍ നിന്നും വിരമിച്ച് തിരുവനന്തപുരത്ത് ഏജീസ് ഓഫീസില്‍ ജീവനക്കാരനായി. അക്കാലത്ത് ഏജീസ് ഓഫീസ് റിക്രിയേഷന്‍ ക്ലബ്ബ് (AGORC) തലസ്ഥാനത്തെ കായിക രംഗത്ത് സജീവ ഇടപെടലുകള്‍ നടത്തിയിരുന്നു. ക്ലബ്ബിന് സ്വന്തമായി ഫുട്‌ബോള്‍, വോളിബോള്‍ ടീമുകളുണ്ടായിരുന്നു. ക്ലബ്ബിന്റെ കായികച്ചുമതലകളിലേക്കെത്താന്‍ അശോകന് പരിശ്രമിക്കേണ്ടിവന്നില്ല. പിന്നീട് ഏറെക്കാലം ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ നേതൃത്വം നല്‍കി.
ഇക്കാലയളവില്‍ നിരവധി ദേശീയതല മത്സരങ്ങളില്‍ റഫറിയാകാന്‍ അവസരം ലഭിക്കുകയുണ്ടായി. 1972ല്‍ തിരുവനന്തപുരത്ത് നടന്ന ഭാരതവും ഫ്രാന്‍സും തമ്മിലുള്ള വോളിബോള്‍ മത്സരം നിയന്ത്രിച്ചുകൊണ്ട് അന്താരാഷ്ട്ര റഫറിയിങ് രംഗത്ത് അരങ്ങേറ്റം കുറിച്ചു. എന്നാല്‍ അമ്പത്തിയെട്ടാം വയസില്‍ മത്സര നിയന്ത്രണരംഗത്ത് നിന്നും സ്വയം പിന്‍വാങ്ങി. ഒപ്പം വെറ്ററന്‍സ് അത്‌ലറ്റിക്‌സ് രംഗത്ത് സജീവമാകുകയും ചെയ്തു. വാസ്തവത്തില്‍ അദ്ദേഹത്തിന്റെ കായികജീവിതത്തിന്റെ പുതിയൊരു ഘട്ടം ഇതിലൂടെ തുടങ്ങുകയായിരുന്നു; ഇപ്പോഴും തുടരുന്ന ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകാലത്തോളം ദീര്‍ഘിച്ച സാര്‍ത്ഥകമായൊരു കര്‍മ്മകാണ്ഡം.
അത്‌ലറ്റിക്‌സില്‍ പോള്‍വാള്‍ട്ട് ആയിരുന്നു ഇഷ്ടഇനം. ഒപ്പം ട്രിപ്പിള്‍, ലോംഗ്ജമ്പുകളും, പില്‍ക്കാലത്ത് ഇതോടൊപ്പം ത്രോ ഇനങ്ങളിലെ ഷോട്ട്പുട്ട്, ഡിസ്‌കസ്, ജാവലിന്‍ എന്നിവയും ചേര്‍ന്നു. അറുപത്തി അഞ്ചിന് മേല്‍ പ്രായമുള്ളവര്‍ക്ക് അന്താരാഷ്ട്രതലത്തില്‍ പോള്‍വോള്‍ട്ടില്‍ മത്സരിക്കാനാകില്ലായെന്ന നിയമം കാരണം, പിന്നീട് അന്താരാഷ്ട്ര മത്സരങ്ങളില്‍ പോള്‍വോള്‍ട്ടില്‍ മത്സരിച്ചില്ല. ഇക്കാലയളവില്‍ അമേരിക്ക, ചൈന, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ സംഘടിപ്പിച്ച മത്സരങ്ങളിലും ലോക ചാമ്പ്യന്‍ഷിപ്പുകളിലും പങ്കെടുത്തു.
2016ല്‍ കോലാലംപൂരില്‍ നടന്ന ഏഷ്യന്‍ വെറ്ററന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഷോട്ട്പുട്ടിലും ജാവലിനിലും സ്വര്‍ണം കരസ്ഥമാക്കി. ഏറ്റവും ഒടുവിലായി തമിഴ്‌നാട്ടിലെ കടലൂര്‍ വേദിയായ ദേശീയ അത്‌ലറ്റിക് മീറ്റില്‍ തന്റെ പ്രിയ വിഭാഗത്തില്‍ നാലിനങ്ങളിലാണ് സ്വര്‍ണം വാരിയത്; ഷോട്ട് പുട്ട്, ഡിസ്‌കസ്, ജാവലിന്‍, ലോംഗ് ജമ്പ് എന്നിവയില്‍.
വയോജന വിഭാഗത്തില്‍ അശോകന്റെ കായിക നേട്ടങ്ങളെ മുന്‍നിര്‍ത്തി ദല്‍ഹി കേന്ദ്രമായുള്ള ദേശീയ വെറ്ററന്‍സ് അത്‌ലറ്റിക് ഫെഡറേഷന്‍ 2023ല്‍ അശോകന് ഭീഷ്മ അവാര്‍ഡ് നല്‍കി ആദരിച്ചു. ഈ ബഹുമതിക്കര്‍ഹനാകുന്ന ആദ്യ മലയാളിയാണദ്ദേഹം. എന്നാല്‍ നേട്ടങ്ങള്‍ അനവധിയുണ്ടായിട്ടും, കാലമിത്രയായിട്ടും സംസ്ഥാനതലത്തില്‍ ഔദ്യോഗികമായ യാതൊരു പരിഗണനകളും അദ്ദേഹത്തിന് ലഭ്യമായിട്ടില്ല. നാടായ നാടുകളിലെല്ലാം നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആവശ്യമായി വരുന്ന ചെലവുകളെല്ലാം സ്വയം തന്നെ നിര്‍വ്വഹിക്കേണ്ടി വരുന്ന കാര്യവും ഇതോടൊപ്പം ചേര്‍ത്തു വായിക്കണം.
നിലവില്‍ ഇന്ത്യാ വെറ്ററന്‍സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റും കേരള അസോസിയേഷന്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചു വരികയാണ്. ക്രീഡാഭാരതിയുടെ രക്ഷാധികാരിയുമാണ്. കരമനയ്ക്ക് കിഴക്ക് നിറമണ്‍കരയില്‍ ദേശീയ പാതയോരത്ത് ‘മകയിര’ത്തില്‍ സഹധര്‍മ്മിണി വിജയലക്ഷ്മിയുമൊത്ത് വാസം. മൂന്നു മക്കളില്‍ മൂത്തയാളായ നോവലിന്റെ മകന്‍ വിറ്റോ ഫെന്‍സിങ് പരിശീലകനാണ്; അങ്ങനെ മുത്തച്ഛന്റെ കായിക പാരമ്പര്യം കാക്കുന്നു.
വാര്‍ദ്ധക്യമെന്ന പദം സാമ്പ്രദായിക അര്‍ത്ഥത്തില്‍ അശോകന്‍ ചേട്ടന്റെ ജീവിതത്തിലേക്ക് ഇനിയും കടന്നുചെന്നിട്ടില്ല. തൊണ്ണൂറും കടന്ന് പ്രായം മുന്നേറുമ്പോഴും കളിക്കളത്തില്‍ കണ്ടെത്തേണ്ട പുതിയ ദൂരങ്ങളെക്കുറിച്ചാണ് ഈ വയോധിക ശ്രേഷ്ഠന്റെ ചിന്തകള്‍. മഴയില്ലാത്ത പ്രഭാതങ്ങളില്‍ കരമനയും ആര്യശാലയും തമ്പാന്നൂരുമെല്ലാം കടന്ന് സെക്രട്ടറിയേറ്റിന്റെ പിന്നില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് മുടങ്ങാതെയെത്തുന്ന ചുറുചുറുക്ക് വിടാത്ത ഈ മനുഷ്യന്‍ പുതുതലമുറയ്ക്ക് നല്‍കുന്ന പ്രചോദനം അളവറ്റതാണ്. അവിടെ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ പകര്‍ന്നെടുക്കാന്‍ അനവധി പേര്‍ നില്‍ക്കുന്നുണ്ടാകും. ഊര്‍ജ്ജസ്വലതയോടെ സെഞ്ച്വുറിയിലേക്ക് പദം വച്ചുകൊണ്ടിരിക്കുന്ന കുന്നിങ്കല്‍ അശോകന്റെ സമര്‍പ്പിത ജീവിതം, പലവിധ പഴികള്‍ പറഞ്ഞ് ജീവിതം പാഴാക്കുന്ന സകലര്‍ക്കും മാതൃകയാകുന്നു.