അനായാസമല്ലാത്ത ആദ്യവട്ടം; അനിശ്ചിതത്വവും ആശങ്കയും നിറഞ്ഞ സൂപ്പര്‍ എട്ട്, ഒടുവില്‍ അവിശ്വസനീയവും എന്നാല്‍ ആധികാരികവുമായൊരവസാനവും – പത്താമത് ടി20 ലോകകപ്പ് ഭാരതം കൈപ്പിടിയിലാക്കുന്നതിനു മുന്‍പുള്ള കളിയുടെ നാള്‍വഴികള്‍ ഇങ്ങനെയായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഭാരതം രചിച്ചത് മറ്റൊരു രാഷ്ട്രത്തിനും നാളിതുവരെ കഴിയാത്ത വിജയചരിതമായി. ഹ്രസ്വക്രിക്കറ്റിന്റെ ലോക കിരീടം മൂന്നാമതും നേടുകയെന്ന അതുല്യ ചരിത്രം. തുടര്‍ച്ചയായി രണ്ടാംവട്ടം കപ്പ് നേടുന്ന ആദ്യരാജ്യമെന്ന പുതുമയും അഹമ്മദാബാദിലെ വിജയം കൊണ്ടുവന്നു.
ഈ നേട്ടം ഭാരതത്തിന് സമ്മാനിച്ചത് സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള യുവനിരയാണെന്ന് മൊത്തത്തില്‍ വിലയിരുത്താം. എന്നാല്‍ സഞ്ജു സാംസനെന്ന മലയാളി ബാറ്റര്‍ കം വിക്കറ്റ് കീപ്പര്‍ തന്റെ കായിക ജീവിതത്തിലെ ഏറ്റവും മികച്ചപ്രകടനം നിര്‍ണായകവേളകളില്‍ പുറത്തെടുത്തില്ലായിരുന്നുവെങ്കില്‍ സെമി കാണാതെ പുറത്തേക്കുള്ള വഴി തേടുമായിരുന്നു ഭാരതം. കാരണം സഞ്ജു കളം കാണാതിരുന്ന ചാമ്പ്യന്‍ഷിപ്പിലെ ആദ്യ കളി മുതല്‍ സൂപ്പര്‍ എട്ടിലെ ആദ്യ പരാജയം വരെയുള്ള പോരുകളിലെല്ലാം (പാകിസ്ഥാനോടൊഴികെ) തട്ടി മുട്ടി കടമ്പ കടക്കുകയായിരുന്നു സൂര്യകുമാറും കൂട്ടരും. സഞ്ജു പുറത്താകാതെ 97 റണ്‍സ് അടിച്ചുകൂട്ടിയ വെസ്റ്റിന്റീസിനെതിരെയുള്ള മത്സരം മുതലാണ് വാസ്തവത്തില്‍ ഭാരതം പ്രതീക്ഷ വീെണ്ടടുത്തതും കപ്പ് മോഹം ഉദിക്കുന്നതും.
തുടര്‍ന്നുള്ള സഞ്ജു സാംസണിന്റെ ക്രീസിലെ പകര്‍ന്നാട്ടങ്ങള്‍ ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ദേശീയ ടീമിലേക്കുള്ള അര്‍ഹത പല തവണ തെളിയിച്ചിട്ടും, ലോകകപ്പ് പോലുള്ള മത്സരങ്ങളില്‍ അന്തിമ ഇലവനിലേക്ക് കടന്നെത്താന്‍ കഴിയാതിരുന്ന ഈ മലയാളി താരത്തിന്റെ ബാറ്റിങ്ങ് വിസ്‌ഫോടനങ്ങളാണ് മൂന്നാം വട്ടവും ലോകകപ്പ് മധുരം ഭാരതത്തിലെത്തിച്ചത്.
ആശാവഹമായിരുന്നില്ല, ഇത്തവണ ഭാരതത്തിന്റെ തുടക്കം. വാദത്തിന് ആദ്യ റൗണ്ട് മത്സരങ്ങളെല്ലാം ഭാരതം ജയിച്ചില്ലേയെന്ന ചോദ്യം ശുദ്ധഗതിക്കാരുയര്‍ത്തും. എന്നാല്‍ ഒന്ന് വിറച്ചശേഷമാണ് അതിദുര്‍ബ്ബലരായ അമേരിക്കയെ വീഴ്ത്താനായത്. നെതര്‍ലാന്റും നമീബിയയും ഉയര്‍ത്തിയ വെല്ലുവിളി പതര്‍ച്ചയോടെയാണ് ഭാരതം മറികടന്നത്. ഈ മൂന്നു മത്സരങ്ങളിലും ടി20 ക്രിക്കറ്റിന്റെ ഉത്തുംഗതലത്തില്‍ നില്‍ക്കുന്ന ഭാരതത്തില്‍ നിന്നും ആധികാരികവിജയമാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. അനായാസവിജയം വന്നത് പാകിസ്ഥാനെതിരെ മാത്രം. പവര്‍പ്ലേ വേളയിലെ, ആഞ്ഞടികള്‍ ഇല്ലാത്തതും ഏറുകാരുടെ മൂര്‍ച്ചക്കുറവുമാണ് ഈ ഘട്ടത്തില്‍ മങ്ങിയ പ്രകടനങ്ങള്‍ക്ക് കാരണമായത്. വന്‍ പ്രതീക്ഷയുര്‍ത്തിയ അഭിഷേക് ശര്‍മയുടെ ആദ്യ റൗണ്ട് മത്സരങ്ങളിലെ പരാജയവും മറ്റൊരു കാരണമായി.
സൂപ്പര്‍ എട്ട് എന്ന ക്വാര്‍ട്ടര്‍ ലീഗില്‍ ഭാരതത്തിന്റെ ഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, സിംബാവ്‌വെ എന്നിവരായിരുന്നു. വലിയ അദ്ധ്വാനമില്ലാതെ സെമിയിലേക്ക് മുന്നേറാം എന്ന് കരുതാന്‍ പാകത്തിലുള്ള ഗ്രൂപ്പ് – അങ്ങനെയായിരിക്കണം ഭാരത ടീം മാനേജ്‌മെന്റിന്റെ ധാരണ. എന്നാല്‍ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് പിണഞ്ഞ 76 റണ്ണിന്റെ കനത്ത തോല്‍വി കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഫലമോ, തുടര്‍ന്നുള്ള രണ്ടു കളികളും നിര്‍ണായകമായി. ഇവിടെ നിന്നുമാണ് സഞ്ജു സാംസണ്‍ എന്ന പകരക്കാരന്റെ കളിയാട്ടം തുടങ്ങുന്നത്.
ടീമില്‍ പതിവുകാരനായ റിങ്കു സിങ്ങിന്റെ നാട്ടിലേക്കുള്ള മടക്കമാണ് ആദ്യ ഇലവനില്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് സഞ്ജുവിന്റെ വഴി തുറക്കുന്നത്. സിംബാവ്‌വേയുമായുള്ള രണ്ടാം സൂപ്പര്‍ എട്ട് മത്സരം മുതല്‍ ഈ തിരുവനന്തപുരംകാരന്റെ ബാറ്റ് ശബ്ദിച്ചു തുടങ്ങി. ആ മത്സരത്തില്‍ 24 റണ്‍ മാത്രമായിരുന്നു സഞ്ജുവിന്റെ സംഭാവനയെങ്കിലും ഇത്തവണത്തെ ലോകകപ്പില്‍ ഭാരതത്തിന് ആദ്യമായി ഭദ്രമായൊരു ഓപ്പണിങ്ങ് കൂട്ടുകെട്ടുണ്ടായി. സഞ്ജുവും അഭിഷേകും ചേര്‍ന്ന് രൂപപ്പെടുത്തിയ ഉറപ്പിന്‍മേല്‍ ഒന്നാന്തരമൊരു ടീം ഗെയിമിലൂടെ സിംബവ്‌വേയെ മറികടന്ന് സെമി പ്രതീക്ഷ ഭാരതം നിലനിര്‍ത്തി.
എന്നാല്‍ ആശങ്കയൊഴിഞ്ഞിരുന്നില്ല. അവസാനമത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ മര്യാദയ്ക്കുള്ളൊരു ജയം ആവശ്യമായിരുന്നു. ആദ്യം ബാറ്റ് ചയ്ത വിന്‍ഡീസ് ഉയര്‍ത്തിയ ലക്ഷ്യം ഭാരതത്തിന് അസാദ്ധ്യമായ ഒന്നായിരുന്നില്ല. നാല് വിക്കറ്റിന് 195 റണ്‍. എന്നാല്‍ ആദ്യ ആറ് ഓവറിനുള്ളില്‍ മൂന്ന് മുന്‍നിരക്കാര്‍ കളം വിട്ടതോടെ മത്സരത്തിന് പിരിമുറുക്കം കൂടി. ആശങ്കയുടെ നിഴലുയര്‍ന്ന ആ സന്ദര്‍ഭത്തിലാണ് തന്റെ കരിയറിലെ ഏറ്റവും മികച്ചൊരു പ്രകടനത്തിലൂടെ 50 പന്തില്‍ പുറത്താകാതെ 97 റണ്‍ നേടി സഞ്ജു ഭാരതത്തിന് സെമിയില്‍ സ്ഥാനമുറപ്പിച്ചത്. തൊട്ടടുത്ത മികച്ച സ്‌കോറര്‍, 27 റണ്‍ മാത്രം നേടിയ തിലക്‌വര്‍മയാണെന്നോര്‍ക്കു ക! അടിയന്തിരവേളയില്‍ ഭാരതത്തിന്റെ രക്ഷകനായുയര്‍ന്ന സഞ്ജു ലോകകപ്പില്‍ ആദ്യമായി ‘കളിയിലെ താരമായി’.
രണ്ടുതവണ വീതം ചാമ്പ്യന്മാരായ ഭാരതവും (2007, 2024) ഇംഗ്ലണ്ടും (2010, 2022) ഓരോ തവണ ഫൈനല്‍ കളിച്ച് പരാജയപ്പെട്ട ന്യൂസിലാന്റും ദക്ഷിണാഫ്രിക്കയുമാണ് സെമിയില്‍ അണിനിരന്നത്. സ്വന്തം ഗ്രൂപ്പില്‍ ഒന്നാമതെത്തിയ ഭാരതം എതിര്‍ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനെയാണ് നേരിട്ടത്. മുംബെ വംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഭാരതത്തിനായി വെടിക്കെട്ട് തുടക്കമാണ് സഞ്ജു നല്‍കിയത്. 42 ബാളില്‍ 89 റണ്ണെടുത്ത്, അടുത്ത സിക്‌സറിനായി തുനിയുമ്പോള്‍ വില്‍ജാക്‌സിന്റെ പന്തില്‍ ഫില്‍ സാള്‍ട്ടിനാണ് ഭാരതത്തിന്റെ അഭിമാന താരത്തെ പുറത്താക്കിയത്. അപ്പോഴേക്കും മികച്ചൊരു ടോട്ടലിന്റെ അടിത്തറ പണിതുയര്‍ത്തിയിരുന്നു സഞ്ജു. ഏഴ് റണ്ണിന് ഇംഗ്ലണ്ടിനെ വീഴ്ത്തി ഫൈനലിലേക്ക് ഭാരതം കടന്നെത്തിയപ്പോഴേക്കും ലോകകപ്പിന്റെ താരം എന്ന നിലയിലേയ്ക്ക് സഞ്ജു സാംസണ്‍ ചുവടുവയ്പു തുടങ്ങിക്കഴിഞ്ഞിരുന്നു. വംഖഡെയിലെ ബാറ്റുകൊണ്ടുള്ള വീരചരിതം ഒരിക്കല്‍ കൂടി കളിയിലെ താരം എന്ന പദവിക്കര്‍ഹനാക്കി. കളിയില്‍ ഇഷാന്‍ കിഷനും (39) ശിവം ദുബെയും നല്‍കിയ സംഭാവനകളും വിലപ്പെട്ടതായിരുന്നു.
മാര്‍ച്ച് 8ന് അഹമ്മദാബാദിലെ നിറഞ്ഞ സ്റ്റേഡിയത്തില്‍, കലാശക്കളിയില്‍ ഭാരതം മൂന്നാമതും കപ്പുയര്‍ത്തുമോയെന്ന ചോദ്യമാണ് പിന്നീട് ശേഷിച്ചത്. ഫൈനല്‍ വരെ അപരാജിതരായെത്തിയ ദക്ഷിണഫ്രിക്കയെ മറികടന്നത്തിയ ന്യൂസിലാന്റ് ആയിരുന്നു ഭാരതത്തിന്റെ ഫൈനലിലെ പ്രതിയോഗികള്‍. ക്രിക്കറ്റ് ലോകം അതിശക്തമായൊരു മത്സരമാണ് പ്രതീക്ഷിച്ചത്. ഇത്തവണത്തെ ലോകകപ്പില്‍ 303.03 സ്‌ട്രൈക്ക് റേറ്റുമായി ചരിത്രത്തിലെ വേഗമേറിയ സെഞ്ചുറിയുടെ (33 പന്തില്‍) പിന്‍ബലവുമായി ഏതൊരു ബൗളിങ്ങ് നിരയ്ക്കും പേടിസ്വപ്‌നമായി ക്രീസില്‍ വാണ ഫിന്‍ അലെന്റെയും മികച്ചൊരു ബൗളിങ്ങ് നിരയുടേയും സാന്നിദ്ധ്യം ന്യൂസിലാന്റ് നിരയിലുണ്ടായിരുന്നു. അതുകൊണ്ട്തന്നെ കടുത്ത പോരാട്ടം ക്രിക്കറ്റ് ലോകം പ്രതീക്ഷിച്ചു.
എന്നാല്‍ ഫൈനല്‍ നനഞ്ഞ പടക്കം പോലെയായി. 46 പന്തില്‍ 89 റണ്ണെടുത്ത് വീണ്ടും രക്ഷകനായ സഞ്ജുവിന്റെ നായകത്വത്തില്‍ ഭാരതമുയര്‍ത്തിയ 255 റണ്‍ ലക്ഷ്യമെത്താതെ, ഒന്നു പൊരുതിനോക്കുകപോലും ചെയ്യാതെ ന്യൂസിലാന്റുകാര്‍ കേവലം 159 റണ്ണിനൊടുങ്ങി. അര്‍ദ്ധസെഞ്ചുറികളെടുത്ത അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനും ഫൈനലില്‍ സഞ്ജുവിന് പിന്‍ബലമേകി മൂന്നാം ലോകകിരീടം ഉറപ്പാക്കി. ഈ ലോകകപ്പില്‍ അധികം തിളങ്ങാതിരുന്ന ജസ്പ്രീത് ബുംറ ഫൈനലില്‍ 4 വിക്കറ്റ് വീഴ്ത്തി മികവ് കാട്ടിയതാണ് ന്യൂസിലാന്റ് തകര്‍ച്ചയ്ക്ക് കാരണമായത്.
ഈ ലോകകപ്പ് വിജയം, ഭാരതത്തെ സംബന്ധിച്ച് ശ്രദ്ധേയമാകുന്നത് സഞ്ജു സാംസന്‍ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ടീമിന് നല്‍കിയ സംഭാവനകളാലാണ് എന്നതില്‍ തര്‍ക്കമുണ്ടാകില്ല. 2011ലെ ഏകദിന ലോകകപ്പ് മലയാളിയായ എസ്. ശ്രീശാന്തിന്റെ പങ്കാളിത്തത്തിന് ശേഷം ആദ്യമായാണ് ഒരു ക്രിക്കറ്റ് ലോക കിരീട ലബ്ധിയില്‍ മറ്റൊരു മലയാളിയുടെ കൈമുദ്ര പതിഞ്ഞത് എന്നതില്‍ കേരളീയര്‍ക്ക് പ്രത്യേകമായി അഭിമാനിക്കാം.






















