മാതളപ്പൂപോലുള്ള ഗാനങ്ങള്‍ സമ്മാനിച്ച വിഖ്യാതയായ’സിസ്റ്റ്‌ല ജാനകി’ എന്നഎസ്. ജാനകി ഓര്‍മ്മയായി. നാദധാരയുടെ ആഴക്കടലിന്റെ അങ്ങേക്കരയിലായ് നേരം വെളുക്കുന്ന ഭാവാര്‍ദ്ര പകര്‍ച്ചകള്‍ മലര്‍ക്കൊടി പോലെ, വര്‍ണത്തുടി പോലെ നിവേദിച്ച ഗാനങ്ങളായിരുന്നു അവരുടെ സ്വരമാധുര്യത്തില്‍ പുറത്തിറങ്ങിയത്. ഇളം മഞ്ഞിന്‍ കുളിരിന്റെ ഗാനാനുഭൂതി അനുഭവവേദ്യമാക്കിയ, ഏകാന്തസുന്ദരരാത്രികളില്‍ വാസന്തപഞ്ചമി പോലെ ഒഴുകിയെത്തുന്ന ആ ഗാനങ്ങളൊക്കെത്തന്നെ മനസ്സിന്റെ പൊന്നോടക്കുഴലില്‍ വന്ന് ഒളിച്ചിരുന്നവയായിരുന്നു. കസ്തൂരി മാന്‍കുരുന്നു പോലെ നിഷ്‌കളങ്ക സൗകുമാര്യത്തിന്റെ നിരവദ്യസാരള്യം തൂകിയ അവ അകലത്തുള്ള നീലാകാശം പോലെ, അലതല്ലും രാഗതീരം സമ്മാനിച്ച്, ശരപൊളി മാല പോലെ രാഗങ്ങളേയും മോഹങ്ങളേയും സമന്വയിപ്പിച്ച്, ഒരു വട്ടം കൂടിയോര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തിക്കുന്നവയായിരുന്നു. സൂര്യകാന്തിയെപ്പോലെ സ്വപ്‌നം കാണിപ്പിക്കുന്ന, തളിരിട്ട കിനാക്കള്‍ തന്‍ താമരമാലയുമായെത്തുന്ന, സ്വരരാഗസുന്ദരിമാര്‍ക്ക് വെളിയില്‍ വരാനുള്ള നാണം നീക്കിയ, രാഗേന്ദു കിരണങ്ങള്‍ ഒളിവീശിയ ഗാനാമൃതങ്ങളായിരുന്നു ജാനകിയമ്മയുടെ സ്വരശുദ്ധമായ കണ്ഠത്തില്‍ നിന്നും അനശ്വരഗാനലോകത്തിലേക്ക് പെയ്തിറങ്ങിയതൊക്കെത്തന്നെ. ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളിയുടെ ഗ്രാമ്യശാലീനതയുള്ള, സ്വര്‍ണ്ണവളകളിട്ട കൈകളാല്‍ വിളിച്ചുണര്‍ത്തുന്ന പൗര്‍ണ്ണമി പോലുള്ള ഗാനസുമങ്ങള്‍ അനുവാചകരുടെ ഹൃദയങ്ങള്‍ താമരക്കുമ്പിളാക്കി. കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറുന്ന അനുരാഗത്തിന് മിഴിവേകിയ, പൊന്നുരുകും പൂക്കാലം മലയാളികള്‍ക്ക് സമ്മാനിച്ച ആ രാഗലയമാണ് വിടപറയുന്നത്.
തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിട്ട പോലെ, മലര്‍നുള്ളുന്ന അഴകിന്നഴകു നല്‍കി, സ്വര്‍ണ്ണമുകിലിനെക്കൊണ്ടു കൂടിയും സ്വപ്‌നം കാണിക്കുന്ന ഭാവാര്‍ദ്രത പകര്‍ന്ന ഗാനങ്ങള്‍ സമ്മാനിച്ച എസ്. ജാനകി ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം ഗാനങ്ങള്‍ തന്റെ ശബ്ദസൗകുമാര്യംകൊണ്ട് അനശ്വരമാക്കിയ മികച്ച പിന്നണി ഗായികമാരില്‍ ഒരാളാണ്.തെലുങ്ക്, കന്നട, മലയാളം, തമിഴ്, ഹിന്ദി, ഒറിയ, ബംഗാളി, മറാഠി, തുളു, ഉര്‍ദു, ഗുജറാത്തി, പഞ്ചാബി, കൊങ്കണി, അസാമീസ്, സിന്ധി തുടങ്ങി പതിനേഴു ഭാഷകളില്‍ സോളോയായും ഡ്യുയറ്റായും പലതരത്തിലുള്ള നാല്‍പത്തിഎണ്ണായിരത്തോളം ഗാനങ്ങള്‍ അവര്‍ ആലപിച്ച് അനശ്വരമാക്കി. ദക്ഷിണേന്ത്യന്‍ ഭാഷാ ചിത്രങ്ങളിലെല്ലാം അവര്‍ പാടിയിട്ടുണ്ട്. ഇവയ്ക്കു പുറമേ ഇംഗ്ലീഷ്, ജാപ്പനീസ്, അറബിക്, ജര്‍മന്‍, സിംഹള, സംസ്‌കൃതം, സൗരാഷ്ട്ര, ബഡുഗ എന്നീ ഭാഷകളിലും അവരുടെ ശബ്ദസാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ യഥാക്രമം കന്നഡ, മലയാളം എന്നീ ഭാഷകളിലാണ്.
1957 ല്‍ ‘വിധിയിന്‍ വിളൈയാട്ട്’എന്ന തമിഴ് ചിത്രത്തില്‍ തുടങ്ങിയ ഗാനസപര്യ ആറു പതിറ്റാണ്ടിന് ശേഷം2026 ജൂലായ് 11ന് അന്തരിക്കും വരെ തുടര്‍ന്നു.1938-ല്‍ ഏപ്രില്‍ 23ന്ആന്ധ്രപ്രദേശിലെഗുണ്ടൂര്‍ ജില്ലയിലാണ് അവര്‍ ജനിച്ചത്.
ആയുര്‍വേദ ഭിഷഗ്വരനും അദ്ധ്യാപകനുമായിരുന്ന സിസ്റ്റല ശ്രീരാമമൂര്‍ത്തിയായിരുന്നു പിതാവ്. നാദസ്വര വിദ്വാന്‍ ‘പൈതി സ്വാമി’യില്‍ നിന്നാണ് അവര്‍ സംഗീതത്തിന്റെ അടിസ്ഥാനമര്‍മ്മങ്ങള്‍ അഭ്യസിച്ചത്. ശാസ്ത്രീയ സംഗീതത്തില്‍ ഒരിക്കലും ഔപചാരിക പരിശീലനം നേടിയിട്ടില്ലെങ്കിലും അവര്‍ ഒന്‍പതാം വയസ്സുമുതല്‍ തന്നെ തന്റെ പ്രതിഭ പ്രദര്‍ശിപ്പിച്ചു തുടങ്ങി.
ജാനകിയുടെ സംഗീത വാസന വളര്‍ത്തുന്നതില്‍ അമ്മാവനായ ഡോ. ചന്ദ്രശേഖര്‍ ആണ് പ്രധാന പങ്കുവഹിച്ചത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം സംഗീത പഠനത്തിനായി പില്‍ക്കാലത്ത് മദ്രാസിലെത്തി. ആകാശവാണി ദേശീയ തലത്തില്‍ സംഘടിപ്പിച്ച ഗാനമത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയതോടെയാണ് ജാനകി ശ്രദ്ധേയയായത്. വൈകാതെ മദ്രാസിലെ എ.വി.എം സ്റ്റുഡിയോയില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റായി ജോലി ലഭിച്ചതാണ് ജാനകിയമ്മയുടെ സംഗീതജീവിതത്തിലെ വലിയ വഴിത്തിരിവായത്. അവിടെ ട്രാക്ക് പാടാന്‍ ലഭിച്ച അവസരം, പിന്നീട് ദക്ഷിണേന്ത്യയിലെ മികച്ച ഗായികയായി മാറുന്നതിനുള്ള തുടക്കമായി.
1957ല്‍, വെറും പത്തൊന്‍പതാം വയസ്സില്‍, ജാനകി ”വിധിയിന്‍ വിളയാട്ട് ”എന്ന തമിഴ് സിനിമയില്‍ ടി. ചലപ്പതി റാവു സംഗീതം നല്‍കിയ ഗാനം ആലപിച്ചുകൊണ്ട് ചലച്ചിത്ര പിന്നണിഗാനരംഗത്ത് അരങ്ങേറ്റം നടത്തി. തുടര്‍ന്ന്, സംഗീതസംവിധായകന്‍ നാഗേശ്വര റാവു അവരുടെ മാതൃഭാഷയായ തെലുങ്കില്‍ പാടാന്‍ അവസരം നല്‍കി. അങ്ങനെ തെലുങ്ക് ചിത്രമായ ‘എം.എല്‍.എ’യില്‍ അവസരം ലഭിച്ചതോടെ, അവര്‍ക്കു പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഭാഷകളുടെ അതിരുകള്‍ മറികടന്ന അവരുടെ സ്വരമാധുരി ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തില്‍ ഇടം നേടി.
ഒരു സാധാരണക്കാരി എന്ന നിലയില്‍ നിന്ന് യുഗപ്രഭാവയായ ഗായികയിലേക്കുള്ള ജാനകിയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ ഭര്‍ത്താവ് വി. രാമപ്രസാദ് (രാമു) വലിയ പങ്കുവഹിച്ചു. ജാനകി ഒരു വേദിയില്‍ പാടുന്നത് കണ്ടാണ് അദ്ദേഹത്തിന് വിവാഹാഭിലാഷം തോന്നിയത്. 1956ലാണ് ഇവര്‍ വിവാഹിതരായത്. വിവാഹശേഷം ജാനകിയുടെ എല്ലാ റെക്കോഡിങ് സെഷനുകളിലും അദ്ദേഹം കൂടെയുണ്ടായിരുന്നു. അവരുടെ സംഗീതജീവിതത്തിനായി സ്വന്തം ജീവിതം മാറ്റിവെച്ചു. ജാനകിയുടെ സംഗീതജീവിതത്തെ അദ്ദേഹം ശക്തമായി പ്രോത്സാഹിപ്പിച്ചു, 1997ല്‍ ഹൃദയാഘാതം മൂലം അദ്ദേഹം അന്തരിച്ചു.
ഭര്‍ത്താവിന്റെ മരണശേഷം ജാനകി സിനിമാരംഗത്ത് സജീവമായി തുടരാതെ, കൂടുതല്‍ സമയം പ്രാര്‍ത്ഥനയ്ക്കായി ചെലവഴിക്കാന്‍ തുടങ്ങി. ഇടയ്ക്കിടെ അവര്‍ ഭക്തിഗാന കാസറ്റുകള്‍ക്കായി പാടുകയും ചെയ്തു. മകന്‍ മുരളീ കൃഷ്ണയും മരുമകള്‍ ഉമയുമാണ് കുടുംബാംഗങ്ങള്‍.
ജാനകിയുടെ മാതൃഭാഷ തെലുങ്ക് ആയിരുന്നുവെങ്കിലും, അവര്‍ക്ക് തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ ഒഴുക്കോടെ സംസാരിക്കാനും എഴുതാനും കഴിവുണ്ടായിരുന്നു.
മലയാളത്തില്‍ അവരുടെ അരങ്ങേറ്റം 1957-ല്‍ ‘മിന്നുന്നതെല്ലാം പൊന്നല്ല ‘ എന്ന ചിത്രത്തിലെ ”ഇരുള്‍ മൂടുകയോ എന്‍ വഴിയില്‍” എന്ന ഗാനത്തിലൂടെയായിരുന്നു. ഈ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എസ്.എന്‍. ചാമി ആയിരുന്നു.
തുടര്‍ന്ന്, തമിഴ്ചിത്രം ‘കൊഞ്ചും ചിലങ്കൈ’യിലെ ”ശിങ്കാര വേലനേ ദേവാ” എന്ന ക്ലാസിക്കല്‍ സ്പര്‍ശമുള്ള ഗാനത്തിലൂടെ, തെക്കേ ഇന്ത്യന്‍ ചലച്ചിത്ര പിന്നണിഗാനരംഗത്ത് ജാനകി തന്റെ സിംഹാസനം ഉറപ്പിച്ചു. 1962 ജനുവരിയില്‍ പുറത്തിറങ്ങിയ വന്‍ബജറ്റ് ചിത്രം ‘കൊഞ്ചും സലങ്കൈ’യിലെ ഈ സോളോ ഗാനമാണ് എസ്. ജാനകിയെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്. എം.വി. രാമന്‍ സംവിധാനം ചെയ്ത ഈ ചിത്രം ശാസ്ത്രീയ സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നല്‍കിയിട്ടുള്ളതായിരുന്നു. പ്രധാന വേഷങ്ങളില്‍ ജെമിനി ഗണേശനും സാവിത്രിയും അഭിനയിച്ചു. ചിത്രത്തിന്റെ സംഗീതസംവിധായകന്‍ എസ്.എം. സുബ്ബയ്യ നായിഡു ആയിരുന്നു.
ആദ്യഘട്ടത്തില്‍, തിരുജ്ഞാനസംബന്ധരുടെ പ്രശസ്തമായ ”മന്തിരമാവത് നീറു…” എന്ന ഭക്തിഗാനം സിനിമയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനിച്ചത്. ഇതിനായി പ്രശസ്ത നാദസ്വര വിദ്വാന്‍ കാരുക്കുറിച്ചി അരുണാചലത്തെ സ്റ്റുഡിയോയിലേക്ക് ക്ഷണിക്കുകയും, അദ്ദേഹം ‘ആഭേരി’ രാഗത്തില്‍ ഈ ഗാനത്തിന്റെ ട്യൂണ്‍ നാദസ്വരത്തില്‍ വായിച്ച് റെക്കോഡ് ചെയ്യുകയും ചെയ്തു.
നാദസ്വര സംഗീതം റെക്കോഡ് ചെയ്തശേഷം, അതിനൊപ്പം പാടാന്‍ അനുയോജ്യമായ ശബ്ദം കണ്ടെത്താന്‍ സംഗീതസംവിധായകന്‍ ശ്രമിച്ചു. ഉയര്‍ന്ന സ്ഥായിയിലുള്ള പാട്ടായതിനാല്‍, അന്നത്തെ പ്രമുഖ ഗായകരായ പി. ലീല, പി. സുശീല, എം.എല്‍. വസന്തകുമാരി എന്നിവര്‍ ഒഴിഞ്ഞുമാറി. തമിഴ് ഉച്ചാരണം ശരിയാകില്ലെന്ന് പറഞ്ഞ് ലതാ മങ്കേഷ്‌കര്‍ പോലും ഈ അവസരം നിരസിച്ചു. ഒടുവില്‍, പ്രശസ്ത ഗായിക പി. ലീലയാണ് അന്നത്തെ അധികം അറിയപ്പെടാത്ത എസ്. ജാനകിയുടെ പേര് നിര്‍ദേശിച്ചത്.
കര്‍ണാടക സംഗീതത്തില്‍ ഔപചാരിക പരിശീലനം ഇല്ലാതിരുന്നിട്ടും, മാതൃഭാഷ തെലുങ്കായിരുന്ന ജാനകി, ചടുലമായ തമിഴ് ഉച്ചാരണത്തോടെ ഈ വെല്ലുവിളി ധൈര്യത്തോടെ ഏറ്റെടുത്തു. പിന്നീട്, സിനിമയിലെ രംഗത്തിന് അനുയോജ്യമാക്കാന്‍ ”തിരുനീറിനെ”ക്കുറിച്ചുള്ള വരികള്‍ മാറ്റി, ബാലസുബ്രഹ്മണ്യം പുതിയ വരികള്‍ എഴുതി. അങ്ങനെ, ഭക്തിയും ശൃംഗാരവും കലര്‍ന്ന ”ശിങ്കാര വേലനേ ദേവാ” എന്ന പ്രശസ്ത ഗാനം പിറന്നു. ജാനകി അത് അതിമനോഹരമായി ആലപിച്ചു.
ഈ ഗാനത്തില്‍ ജാനകി പാടിയ ഭാഗവും ‘കാരുക്കുറിച്ചി അരുണാചലത്തിന്റെ’ നാദസ്വര സംഗീതവും വേര്‍തിരിച്ചാണ് റെക്കോഡ് ചെയ്തത്. പിന്നീട് ഇവ രണ്ടും ഒരുമിപ്പിക്കാന്‍ വിദ്വാനെ വീണ്ടും വിളിച്ചെങ്കിലും, ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം അദ്ദേഹത്തിന് എത്താന്‍ കഴിഞ്ഞില്ല.
അന്നത്തെ സാഹചര്യത്തില്‍ സ്റ്റുഡിയോയിലെ സൗണ്ട് എന്‍ജിനീയറായ രാജു ഒരു പരീക്ഷണം നടത്തി. രണ്ട് ടേപ്പുകളും സ്വന്തം കൈകൊണ്ട് കൃത്യമായി മുറിച്ചൊട്ടിച്ച്, അവയെ ഒരൊറ്റ ഗാനമായി മാറ്റുകയായിരുന്നു.
മാനുവലായി എഡിറ്റ് ചെയ്ത ആ പതിപ്പ് വലിയ അത്ഭുതമായി മാറി, ജാനകിയെ ലോകപ്രശസ്ത ഗായികയായി ഉയര്‍ത്തി. വര്‍ഷങ്ങള്‍ക്കിപ്പുറം ‘ടൊറന്റോ’യില്‍ നടന്ന ഒരു സംഗീതപരിപാടിയില്‍ ജാനകിയമ്മ ഈ ഗാനം വേദിയില്‍ ആലപിച്ചു.
സന്ധിവാതം കാരണം തറയില്‍ ഇരിക്കാന്‍ കഴിയാതെ, കസേരയില്‍ ഇരുന്ന് പാടിയപ്പോള്‍, അന്ന് കൂടെ നാദസ്വരം വായിച്ചിരുന്ന വിദ്വാനോടും സദസ്സിനോടും അവര്‍ ക്ഷമ ചോദിച്ചു. അഞ്ച് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും തലമുറകളെ ആനന്ദിപ്പിച്ച് ഇന്നും ഈ ഗാനം ജനഹൃദയങ്ങളില്‍ നിലനില്‍ക്കുന്നു.
മികച്ച പിന്നണിഗായികയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് 14 തവണയും, തമിഴ്‌നാട് സര്‍ക്കാരിന്റെ അവാര്‍ഡ് ഏഴുതവണയും, ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ് പത്തുതവണയും അവര്‍ സ്വന്തമാക്കി. കൂടാതെ, തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരം 1986ല്‍, സുര്‍ സിംഗര്‍ അവാര്‍ഡ് 1987ല്‍, കേരളത്തിലെ സിനിമാ ആര്‍ക്കൈവര്‍ അവാര്‍ഡ് 2005ല്‍, 2002ല്‍, സ്വരലയ യേശുദാസ് അവാര്‍ഡ് എന്നിവ ലഭിച്ചു. 2013-ല്‍ അവര്‍ക്ക് പത്മഭൂഷണ്‍ ലഭിച്ചെങ്കിലും, ജാനകി അത് നിരസിച്ചു.
കേരള സംസ്ഥാന അവാര്‍ഡ് നേടിയ എസ്. ജാനകിയുടെ ഗാനങ്ങള്‍ 14 എണ്ണം, അവാര്‍ഡുകള്‍ 11 തവണ ലഭിച്ചു. അവ താഴെ ചേര്‍ക്കുന്നു.
1.”ഇന്നലെ നീയൊരു…” സ്ത്രീ (1970)
2.”ആയിരം വര്‍ണങ്ങള്‍…” പുള്ളിമാന്‍ (1972)
3. ”ആ നിമിഷത്തിന്റെ…” ചന്ദ്രകാന്തം (1974)
4.”തുഷാരബിന്ദുക്കളേ…” ആലിംഗനം (1976)
5.”സന്ധ്യേ..കണ്ണീരിതെന്തേ…” മദനോത്സവം (1977)
6.”മൗനമേ നിറയും…” തകര (1979)
7.”മഞ്ഞണി കൊമ്പില്‍…” മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ (1980)
8.”ഒരു മയില്‍പ്പീലിയായി…” അണിയാത്ത വളകള്‍ (1980)
9.”നാഥാ നീ വരും…” ചാമരം (1980)
10.”ഏറ്റുമാനൂരമ്പലത്തില്‍…” ഓപ്പോള്‍ (1981)
11.”തുമ്പീവാ…” ഓളങ്ങള്‍ (1982)
12.”സ്വര്‍ണമുകിലേ…” ഇത് ഞങ്ങള്‍ (1982)
13.”ഗോപികേ നിന്‍ വിരല്‍…” കാറ്റത്തെ കിളിക്കൂട് (1983)
14.”കസ്തൂരിമാന്‍ കുരുന്നേ…” കാണാമരം (1984)
ഈ ഗാനങ്ങള്‍ ജാനകിയുടെ ശബ്ദത്തിന്റെ വൈവിധ്യവും ഭാവസ്പര്‍ശവും തെളിയിക്കുന്നവയാണ്.
എസ്. ജാനകിക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നാല് തവണ ലഭിച്ചിട്ടുണ്ട്. 1976-ല്‍ പുറത്തിറങ്ങിയ ‘പതിനാറു വയതിനിലെ’ എന്ന തമിഴ് ചിത്രത്തിലെ ‘സിന്ദൂരപ്പൂവേ’ എന്ന ഗാനത്തിനാണ് ആദ്യമായി മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ടത്. കഥാപാത്രങ്ങളുടെ പ്രായത്തിനനുസരിച്ച് ശബ്ദം ക്രമീകരിക്കാനുള്ള അസാധാരണ കഴിവ് ജാനകിയമ്മയ്‌ക്കെപ്പോഴും ഉണ്ടായിരുന്നു. പ്രായം നാല്പതുകളിലായിരിക്കെയാണ് ഈ ഗാനം അവര്‍ പാടുന്നത്. എന്നാല്‍ നായികയായ ശ്രീദേവിയുടെ കൗമാരപ്രായത്തിന്റെ പ്രസരിപ്പ് മുഴുവന്‍ ശബ്ദത്തില്‍ കൊണ്ടുവരാന്‍ ജാനകിക്ക് കഴിഞ്ഞു. ശാസ്ത്രീയ സംഗീതത്തില്‍ ഔദ്യോഗിക പരിശീലനം ഇല്ലാതെ തന്നെ, നാല്പതിനായിരത്തിലേറെ ഗാനങ്ങള്‍ പാടിയ മറ്റൊരു ഗായികയെ ചരിത്രത്തില്‍ കണ്ടെത്തുക അപൂര്‍വമായിരിക്കും.

നാലുവര്‍ഷത്തിനുശേഷം ‘ഓപ്പോളി’ലെ ‘ഏറ്റുമാനൂര്‍ അമ്പലത്തില്‍’ എന്ന ഗാനത്തിന് അവരെത്തേടി രണ്ടാംവട്ടം ദേശീയപുരസ്‌കാരമെത്തി. 1984-ല്‍ തെലുങ്ക് ചിത്രമായ ‘സിതാര’യിലെ ‘വെന്നല്ലോ ഗോദാരി ആനന്ദം’ എന്ന ഗാനത്തിലൂടെയും 1992 -ല്‍ തമിഴ്ചിത്രം ‘തേവര്‍മകനി’ ലെ ‘ഇഞ്ചി ഇടുപ്പഴകാ’ എന്ന ഗാനത്തിന്റെ ആലാപനത്തിനും അവര്‍ രാജ്യത്തെ മികച്ച പിന്നണിഗായികയായി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 33 ചലച്ചിത്രപുരസ്‌കാരങ്ങള്‍, ആറു പതിറ്റാണ്ടിലേറെ നീണ്ട സംഗീതസപര്യ, ഇവയെല്ലാം അവരുടെ കരിയറിന്റെ മഹത്വം തെളിയിക്കുന്നു.
അവാര്‍ഡുകള്‍ക്കൊപ്പം, കര്‍ണാടക സര്‍ക്കാരിന്റെ അംഗീകാരം, മൈസൂരു സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് തുടങ്ങി അനവധി അംഗീകാരങ്ങളും അവര്‍ നേടിയിട്ടുണ്ട്.
മലയാള സിനിമകളില്‍ മാത്രം 1200-ഓളം ഗാനങ്ങള്‍ക്ക് അവര്‍ ശബ്ദം പകര്‍ന്നു, അതില്‍ അനവധി സുപ്രസിദ്ധ ഗാനങ്ങളും ഉള്‍പ്പെടുന്നു. സംഗീതസംവിധായകന്‍ എം.എസ്. ബാബുരാജാണ് ജാനകിയുടെ തരളമായ ശബ്ദം തിരിച്ചറിഞ്ഞ് അവരെ മലയാളത്തിലേക്ക് എത്തിച്ചത്. സംഗീതസംവിധായകന്‍ എം.എസ്. ബാബുരാജുമായുള്ള സഹകരണം മലയാള സംഗീതചരിത്രത്തിലെ ഒരു സുവര്‍ണകാലഘട്ടമായി മാറി. ആ കാലത്ത്, സിനിമാഗാനങ്ങള്‍ ആസ്വാദകരിലേക്കെത്തിച്ചിരുന്നത് ആകാശവാണിയും ഗ്രാമഫോണുമായിരുന്നു. കോഴിക്കോടിന്റെ സ്വന്തം ബാബുരാജ് സൃഷ്ടിച്ച സംഗീതത്തിന് എസ്. ജാനകി തന്റെ മാന്ത്രിക ശബ്ദസൗന്ദര്യം നല്‍കി, മലയാളിയുടെ മനസ്സിന്റെ ശബ്ദമായി മാറിയ കാലമായിരുന്നു അത്. അനവധി പ്രിയപ്പെട്ട ഗാനങ്ങളില്‍ ”സംഗീതം: എം.എസ്. ബാബുരാജ്, ആലാപനം: എസ്. ജാനകി” എന്ന കൂട്ടുകെട്ട് പതിഞ്ഞിരുന്നു. ബാബുരാജ്-ജാനകി കൂട്ടുകെട്ട് ഉത്തരേന്ത്യന്‍ സംഗീതത്തിന്റെ ഭാവങ്ങളും ഈണങ്ങളും മലയാളിയുടെ ഹൃദയത്തിലേക്ക് ഏറ്റവും മനോഹരമായി പകര്‍ന്നു.
ജാനകിയുടെ ശബ്ദം അവിസ്മരണീയമാക്കിയ ബാബുരാജിന്റെ പ്രധാന ഗാനങ്ങളില്‍ $”തളിരിട്ട കിനാക്കള്‍ തന്‍…” (മൂടുപടം, 1963)
$”വാസന്ത പഞ്ചമിനാളില്‍…” (ഭാര്‍ഗവീനിലയം, 1964)
$”താമരക്കുമ്പിളല്ലോ മമഹൃദയം…” (ഓളവും തീരവും, 1970)
$”വൈഡൂര്യ രത്‌നമാല ചാര്‍ത്തി…” (പുള്ളിമാന്‍, 1972)
$”പാലാഴി കടഞ്ഞൊരു…” (കടല്‍പ്പാലം, 1969)
$”അതിഥീ അതിഥീ…” (അതിഥി, 1975) എന്നിവയും ഉള്‍പ്പെടുന്നു.
ഈ അപൂര്‍വഗാനങ്ങളില്‍, ”തളിരിട്ട കിനാക്കള്‍” ജാനകിയെ മലയാളത്തിലെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ച പ്രധാനപ്പെട്ട ഗാനമായി കണക്കാക്കപ്പെടുന്നു.
എസ്. ജാനകി താന്‍ പാടിയതില്‍ ഏറ്റവും പ്രയാസമേറിയതായി വിശേഷിപ്പിച്ച ഗാനം കന്നഡ ചലച്ചിത്രമായ ‘ഹേമാവതി ‘ യിലെ ”ശിവ ശിവ എന്നദ നാളിഗെ ഏക്കെ” ആണ്. ഈ ഗാനത്തില്‍ അതിവേഗത്തില്‍ സ്വരങ്ങള്‍ പാടേണ്ടിവന്ന ഭാഗം, ശാസ്ത്രീയ സംഗീതത്തില്‍ ഔപചാരിക പരിശീലനം ഇല്ലാത്തതിനാല്‍, തന്നെ ഏറെ ബുദ്ധിമുട്ടിച്ചുവെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്‍. വൈദ്യനാഥന്‍ സംഗീതസംവിധാനം ചെയ്ത ഈ ഗാനം തോഡിയും ആഭോഗിയും രാഗങ്ങളില്‍ ചിട്ടപ്പെടുത്തിയതാണ്. അതിന്റെ സങ്കീര്‍ണ്ണതയും വേഗതയും കാരണം, ജാനകിയുടെ സ്വരശേഷിയും ശബ്ദനിയന്ത്രണവും തെളിയിക്കുന്ന അപൂര്‍വ ഉദാഹരണമായി ഇത് മാറി.
2017 ഒക്ടോബര്‍ 28-ന് മൈസൂരിലെ ആയിരങ്ങള്‍ സാക്ഷിയായിരിക്കെ, സിനിമയിലും പൊതുവേദികളിലും പാടുന്നത് അവര്‍ അവസാനിപ്പിച്ചു. മൈസൂരിലെ മാനസഗംഗോത്രി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ആയിരക്കണക്കിന് ആരാധകരുടെ സാന്നിധ്യത്തില്‍ എസ്. ജാനകി തന്റെ വിടവാങ്ങല്‍ സംഗീതപരിപാടി നടത്തി. ആ വേദിയില്‍, ”ഗണവദനേ ഗുണസാഗരേ” എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചുകൊണ്ടാണ് അവര്‍ പൊതുവേദികളില്‍ നിന്ന് എന്നേക്കുമായി പടിയിറങ്ങിയത്.
ജാനകി ഗാനരചനയും സംഗീതസംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. നിരവധി തമിഴ്, തെലുഗു ചിത്രങ്ങള്‍ക്കു വേണ്ടി അവര്‍ ഗാനങ്ങളെഴുതി.
മൈസൂരുവിലെ അപ്പോളോ ബിജിഎസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ആ വിഖ്യാത ഗായികയുടെ വിയോഗം. മൈസൂരു മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ പൊതുദര്‍ശനത്തിനു ശേഷം ‘കനിയ്യനഹുണ്ടി’ ഗ്രാമത്തില്‍ അവരുടെ മൃതദേഹം സംസ്‌കരിച്ചു.
കാന്‍സര്‍ ബാധിച്ച് മകന്‍ മരണമടഞ്ഞത് ജാനകിയമ്മയെ ആഴത്തില്‍ ഉലച്ച സംഭവമായിരുന്നു. പ്രായത്തിന്റെ സ്വാഭാവികമായ അവശതകള്‍ ഉണ്ടായിരുന്നെങ്കിലും, കാര്യമായ ശാരീരിക പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി എസ്.ജാനകി മൈസൂരുവിലെ ‘ബൊഗാഡി’യിലായിരുന്നു താമസം. താമസസ്ഥലത്തിനടുത്തുള്ള നരസിംഹമൂര്‍ത്തി ക്ഷേത്രം ആയിരുന്നു അവരുടെ സ്ഥിരം സന്ദര്‍ശന കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടത്.
മലയാളത്തിലെ വാനമ്പാടി ചിത്ര തന്റെ ഗുരുതുല്യയായ ഗായികയെ ഓര്‍ത്തെടുക്കുന്നു. ഇളയരാജക്കുവേണ്ടി ആദ്യമായി പാടാനായി സ്റ്റുഡിയോയിലെത്തിയതായിരുന്നു ചിത്ര. ആലാപനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ ഉദാഹരണമായി അദ്ദേഹം എടുത്തുപറഞ്ഞത് ‘മുതല്‍ മര്യാദ’ എന്ന ചിത്രത്തിലെ, തന്റെ തന്നെ സംഗീതത്തില്‍ ജാനകിയമ്മ പാടിയ ”രാസാവേ ഉന്നൈ നമ്പി ഇന്ത റോസാപ്പൂ ഇരുക്കു തുങ്ക…” എന്ന ഗാനമാണ്. ആ പാട്ട് പഠിപ്പിക്കുമ്പോള്‍ രാജാസാര്‍ ജാനകിയമ്മയോട് പറഞ്ഞത് ഇങ്ങനെയാണ് ”സിനിമയില്‍ നിഷ്‌കളങ്കയായ ഒരു നാട്ടിന്‍പുറത്തുകാരി പാടുന്ന പാട്ടാണ് ഇത്. ശബ്ദവൈവിധ്യമോ സംഗതികളോ മറ്റേതെങ്കിലും സാങ്കേതികതകളോ ഒന്നും വേണ്ട. പാട്ടൊന്നും പഠിച്ചിട്ടില്ലാത്ത ഒരു സാധാരണ ഗ്രാമീണ യുവതി പാടുന്നതുപോലെ പാടുക.”
”ആ പാട്ട് ജാനകിയമ്മ പാടിയത് എങ്ങനെ എന്ന് കേട്ടുനോക്കൂ,” എന്ന് രാജാസാര്‍ എന്നോട് പറഞ്ഞു, ചിത്ര പറയുന്നു. ആ കേള്‍വി എനിക്ക് നല്‍കിയ അനുഭവം അസാധാരണമായിരുന്നു. പിന്നീട് സിനിമയില്‍ അതേ ഗാനരംഗം കണ്ടപ്പോള്‍, അമ്മയുടെ ശബ്ദം ആ കഥാപാത്രത്തിന്റെ സ്വഭാവവിശേഷങ്ങളുമായി എത്രത്തോളം ഇണങ്ങിച്ചേര്‍ന്നുനിന്നുവെന്ന് വിസ്മയത്തോടെ തിരിച്ചറിഞ്ഞു. അതാണ് ജാനകിയമ്മ. ജാനകിയമ്മയെ നേരില്‍ കണ്ടത് ആദ്യമായി ഒരു നവരാത്രിക്കാലത്താണ്. ദാസേട്ടന്റെ മാനേജര്‍ കുഞ്ഞുണ്ണിയുടെ ഭാര്യ നന്ദിനിച്ചേച്ചിക്കൊപ്പം അമ്മയുടെ അഭിരാമപുരത്തെ വീട്ടില്‍ ചെന്നപ്പോഴായിരുന്നു ആദ്യ കൂടിക്കാഴ്ച. ആദ്യം കണ്ടപ്പോള്‍ തന്നെ സ്‌നേഹവും വാത്സല്യവും കൊണ്ട് എന്നെ കീഴടക്കി. അന്ന് അമ്മ സമ്മാനിച്ച ഹാന്‍ഡ്കര്‍ചീഫിന്റെ രൂപത്തിലുള്ള ഫോട്ടോ ആല്‍ബവും, യൂനിബാളിന്റെ വെള്ളനിറമുള്ള പേനയും ഇന്നും ഞാന്‍ പൊന്നുപോലെ സൂക്ഷിച്ചിരിക്കുന്നു എന്ന് ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു ചിത്ര.
താരാട്ടുപാട്ടുകള്‍ ആലപിക്കാന്‍ ജാനകിയമ്മയ്ക്കുണ്ടായിരുന്ന വൈഭവം പ്രത്യേകം പറയേണ്ടതാണ്. ”മലര്‍കൊടി പോലെ”, ”ഉണ്ണി ആരാരിരോ”, ”ആരാരോ ആരിരാരോ…” തുടങ്ങിയവ അതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. മലയാളത്തിലെ അനവധി താരാട്ടുപാട്ടുകള്‍ ജാനകിയമ്മയുടെ സ്വരമാധുരിയിലൂടെയാണ് ജനഹൃദയങ്ങളില്‍ എത്തിയത്. 2005-ല്‍ പുറത്തിറങ്ങിയ ‘ചാന്തുപൊട്ട്’ എന്ന ചിത്രത്തിലെ ”ആഴക്കടലിന്റെ അങ്ങേക്കരയിലായ് നേരംവെളുക്കുന്ന മേട്ടില്‍ ”എന്ന ഗാനം അനേകം കുട്ടികള്‍ക്ക് പ്രിയപ്പെട്ടതാണ്. ജാനകിയമ്മയുടെ മലയാളഗാനങ്ങളുടെ പട്ടികയില്‍ എന്നും പ്രകാശം ചൊരിയുന്ന പാട്ടാണ് ”സന്ധ്യേ, കണ്ണീരിതെന്തേ സന്ധേ്യ”..
”തുമ്പി വാ” (ഓളങ്ങള്‍) ഇളയരാജയുടെ സംഗീതത്തില്‍ ജനിച്ച ഈ ഗാനം തലമുറകള്‍ കഴിഞ്ഞിട്ടും മലയാളികള്‍ക്ക് പ്രിയങ്കരമായി തുടരുന്നു. എം.ബി. ശ്രീനിവാസന്‍ ചിട്ടപ്പെടുത്തിയ വിദ്യാലയ ഓര്‍മകളെ ഉണര്‍ത്തുന്ന പാട്ടാണ് ‘ഒരു വട്ടം കൂടി’ (ചില്ല്).
1977ലെ ‘മദനോത്സവം’ എന്ന ചിത്രത്തിലെ ‘വസന്തം പെയ്തിറങ്ങിയപ്പോള്‍ ‘ എന്ന ഗാനം കനത്ത ആരാധകവൃന്ദം സൃഷ്ടിച്ചു. ഐ.വി. ശശിയുടെ സംവിധാനത്തില്‍ 1980ല്‍ പുറത്തിറങ്ങിയ ‘അങ്ങാടി’ എന്ന ചിത്രത്തിലെ ‘കണ്ണും കണ്ണും നമ്മില്‍’ എന്ന പാട്ട് നൂറ്റാണ്ടിലെ തന്നെ പ്രണയഗാനങ്ങളുടെ ആദ്യ നിരയില്‍ സ്ഥാനം നേടി.
1980ല്‍ പുറത്തിറങ്ങിയ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ചിത്രത്തില്‍ ജാനകിയമ്മ പാടിയ ‘മിഴിയോരം നനഞ്ഞൊഴുകും’ എന്ന ഗാനം കേരളക്കരയില്‍ മഞ്ഞുകാലത്തിന്റെ സൗന്ദര്യം തന്നെ സൃഷ്ടിച്ചു.
1990ല്‍ പുറത്തിറങ്ങിയ ‘ചാമരം’ എന്ന ചിത്രത്തിലെ ”നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ഞാനിരുന്നു ‘ എന്ന ഗാനം, എസ്. ജാനകിയുടെ എക്കാലത്തെയും മികച്ച പ്രണയഗീതങ്ങളില്‍ ഒന്നായി മാറി. ആ വര്‍ഷത്തെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച ഗാനങ്ങളാണ് ”നാഥാ നീ വരും”, ”മഞ്ഞണിക്കൊമ്പില്‍”, ”ഒരു മയില്‍പ്പീലിയായ്” എന്നിവ. ആ ഗാനങ്ങളിലെല്ലാം ജാനകിയുടെ ആലാപനസര്‍ഗ്ഗധനതയുടെ സവിശേഷ സ്പര്‍ശം തെളിഞ്ഞു.
കഥാപാത്രങ്ങളുടെ പ്രായത്തിനനുസരിച്ച് ശബ്ദം ക്രമീകരിക്കാനുള്ള അസാധാരണ കഴിവ് ജാനകിയമ്മയ്‌ക്കെപ്പോഴും ഉണ്ടായിരുന്നു. കുട്ടികളുടെ ശബ്ദത്തിലും കിളികളുടെ നാദത്തിലും പാടാനുള്ള പ്രത്യേക കഴിവും അവര്‍ക്കുണ്ടായിരുന്നു, മലയാളത്തില്‍ ഇത്തരം ചില ഗാനങ്ങളും അവര്‍ ആലപിച്ചു. ഏപ്രില്‍ 19 എന്ന ചിത്രത്തിലെ ”മഴ പെയ്താല്‍ കുളിരാണെന്ന്”(രചന-എസ്. രമേശന്‍ നായര്‍, സംഗീതം, രവീന്ദ്രന്‍) എന്ന് തുടങ്ങുന്ന ഗാനം അത്തരത്തില്‍ പെട്ടതാണ്. ”തുഷാരബിന്ദുക്കളെ…” (തുലാവര്‍ഷം), ”രാഗേന്ദു കിരണങ്ങള്‍ ‘(അവളുടെ രാവുകള്‍), ”സന്ധ്യേ കണ്ണീരിതെന്തേ…’ (മദനോല്‍സവം), ”തളിരിട്ട കിനാക്കള്‍” (മൂടുപടം), ”ഓലത്തുമ്പത്തിരുന്നൂയലാടും..” (പപ്പയുടെ സ്വന്തം അപ്പൂസ്) തുടങ്ങി മലയാളികള്‍ എന്നും നെഞ്ചോട് ചേര്‍ത്ത അനവധി ഗാനങ്ങള്‍ ജാനകിയമ്മയുടെ ശബ്ദത്തിലൂടെ അമൃതവര്‍ഷമായി പെയ്തിറങ്ങി.
പ്രണയവും വിരഹവും വാത്സല്യവും നിറഞ്ഞ അവരുടെ ശബ്ദത്തില്‍ പിറന്ന ”ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത് ‘ (ഓപ്പോള്‍), ”ആടിവാ കാറ്റേ..” (കൂടെവിടെ) തുടങ്ങിയ ഗാനങ്ങള്‍ തലമുറകള്‍ക്കപ്പുറം സംഗീതപ്രേമികളെ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നു.
കേട്ടുതീരാത്ത പാട്ടുകളുടെ അനുപമ നിധിശേഖരം സ്വര്‍ണമുകിലായ് പറന്നകലുകയാണ്. തലമുറകളുടെ പ്രണയത്തിലും വിരഹത്തിലും വേദനകളിലും താരാട്ടുകളിലും, പതിറ്റാണ്ടുകളോളം ഹൃദയങ്ങളെ മാസ്മരസ്വരവിന്യാസത്തിലൂടെ തൊട്ടുണര്‍ത്തിയ വാനമ്പാടി ഇനി ഗാനങ്ങളിലൂടെ ജീവിക്കും. സംഗീതലോകത്ത് പകരം വയ്ക്കാനില്ലാത്ത ഒരു സുവര്‍ണയുഗത്തിനാണ് ഇതോടെ അന്ത്യം സംഭവിക്കുന്നത്.






















