ഭാരതം ഇന്ന് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി ഉയര്‍ന്നുനില്‍ക്കുന്ന മഹത്തായ ഒരു രാഷ്ട്രമാണ്. സാമ്പത്തിക വളര്‍ച്ചയിലും സാങ്കേതിക പുരോഗതിയിലും പ്രതിരോധ ശക്തിയിലും ലോക രാജ്യങ്ങള്‍ക്കിടയില്‍ ഭാരതത്തിന് അഭിമാനകരവും പ്രഥമഗണനീയവുമായ സ്ഥാനം കൈവന്നിരിക്കുകയാണ്. എന്നാല്‍ ഒരു രാജ്യത്തിന്റെ ശക്തി ഭരണകൂടത്തിന്റെ നയങ്ങളിലൂടെയോ സര്‍ക്കാര്‍ പദ്ധതികളിലൂടെയോ മാത്രം നിലനില്‍ക്കുകയോ വര്‍ദ്ധിക്കുകയോ ഇല്ല; മറിച്ച് ആ രാജ്യത്തെ ജനങ്ങളുടെ ചിന്താഗതിയും ഉത്തരവാദിത്തബോധവും ത്യാഗസന്നദ്ധതയും ചേര്‍ന്നാണ് ഒരു രാഷ്ട്രത്തിന്റെ ഭാവി നിര്‍ണയിക്കപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിജി ജനതയോട് മിതവ്യയവും സാമ്പത്തിക നിയന്ത്രണവും അനാവശ്യ ചെലവുകള്‍ കുറയ്ക്കലും ആവശ്യപ്പെട്ട് മുന്നോട്ടുവന്നിരിക്കുന്നത്. ഇത് വെറുമൊരു സാധാരണ രാഷ്ട്രീയ പ്രസ്താവനയോ താല്‍ക്കാലിക ആഹ്വാനമോ അല്ല; മറിച്ച് ഭാരതത്തിന്റെ ഭാവി സാമ്പത്തിക സുരക്ഷയെ ലക്ഷ്യമിട്ടുള്ള ദീര്‍ഘവീക്ഷണമുള്ള ഒരു ദേശീയ ദൗത്യമാണ്.
ലോകം ഇന്ന് വലിയ സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്. യുദ്ധങ്ങളും അന്താരാഷ്ട്ര രാഷ്ട്രീയ സംഘര്‍ഷങ്ങളും എണ്ണവില വര്‍ധനയും സ്വര്‍ണവില കുതിച്ചുയരുന്നതും ഇറക്കുമതി ചെലവുകള്‍ കൂടുന്നതുമൊക്കെയാണ് ലോക സാമ്പത്തിക വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നത്. ഇതിന്റെ ആഘാതം ഭാരതത്തിലും അനുഭവപ്പെടുന്നു. രാജ്യത്തിന്റെ വലിയൊരു ഭാഗം ഇന്ധന ആവശ്യങ്ങള്‍ക്കും ചില പ്രധാന ഉല്‍പ്പന്നങ്ങള്‍ക്കും നാം വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നു. വിദേശനാണയം ഇതിനായി ചെലവഴിക്കപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ അനാവശ്യ ചെലവുകളും ആഡംബര ജീവിതശൈലിയും നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഭാരം സൃഷ്ടിക്കുന്ന ചില ശീലങ്ങള്‍ മാറ്റേണ്ട സമയമാണിത് എന്ന തിരിച്ചറിവോടെയാണ് പ്രധാനമന്ത്രി ജനങ്ങളോട് ചില സുപ്രധാന നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.
സ്വന്തം വാഹനം ഒഴിവാക്കി പൊതുഗതാഗതം കൂടുതല്‍ ഉപയോഗിക്കുക, അനാവശ്യമായ വിദേശയാത്രകള്‍ കുറയ്ക്കുക, സ്വര്‍ണം വാങ്ങല്‍ നിയന്ത്രിക്കുക, ഇറക്കുമതി സാധനങ്ങളെക്കാള്‍ സ്വദേശി ഉല്‍പ്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക, ഇന്ധന ഉപഭോഗം കുറയ്ക്കുക, വീട്ടില്‍ നിന്ന് ജോലി ചെയ്യാവുന്ന(work from home) സാഹചര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ഒരു ഭരണാധികാരിയുടെ സാമ്പത്തിക ബോധത്തിന്റെ തെളിവുകളാണ്. ഇത് വെറും പണച്ചെലവ് കുറയ്ക്കാനുള്ള ഉപദേശം മാത്രമല്ല; മറിച്ച് രാജ്യത്തെ വിദേശനാണ്യ ചെലവില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള അവസരോചിതമായ ദേശീയ നീക്കമാണ്.
ഇന്ന് ഭാരതത്തില്‍ സ്വര്‍ണത്തിന് അതിയായ (അമിതവും, അനാവശ്യവുമായ) പ്രാധാന്യമുണ്ട്. വിവാഹം മുതല്‍ പ്രാദേശിക ആഘോഷങ്ങള്‍ക്കു വരെ സ്വര്‍ണം ഒരു അഭിമാന ചിഹ്നമായി കാണുന്ന സമൂഹമാണ് നമ്മുടേത്. എന്നാല്‍ ഭാരതത്തില്‍ ഉപയോഗിക്കുന്ന സ്വര്‍ണത്തിന്റെ ഭൂരിഭാഗവും വിദേശത്തു നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. അതായത് നമ്മള്‍ വാങ്ങുന്ന ഓരോ ഗ്രാം സ്വര്‍ണവും ഭാരതത്തിന്റെ വിദേശനാണ്യ ശേഖരത്തില്‍ നിന്ന് വലിയൊരു വിഹിതം നമ്മുടെ രാജ്യത്തിനു പുറത്തേക്ക് പോകാന്‍ കാരണമാകുന്നു. ജനങ്ങള്‍ സ്വര്‍ണ്ണം വാങ്ങുന്നത് കുറയ്ക്കുമ്പോള്‍ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിന് വലിയ ആശ്വാസമാകും. അതുപോലെ ഇന്ധന ഉപഭോഗം കുറയുമ്പോള്‍ എണ്ണ ഇറക്കുമതിയിലുണ്ടാകുന്ന ചെലവും കുറയും. രാജ്യത്തിന്റെ സാമ്പത്തിക നില കൂടുതല്‍ ശക്തവും ഭദ്രവുമാകും.
മോദിജിയുടെ നിര്‍ദേശങ്ങളുടെ ഏറ്റവും വലിയ സവിശേഷത, അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ആദ്യം സ്വന്തം ജീവിതത്തില്‍ നടപ്പിലാക്കുന്ന നേതാവാണ് എന്നതാണ്. ലാളിത്യവും കൃത്യതയും ആത്മനിയന്ത്രണവും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. അധികാരത്തിന്റെ സുഖലോലുപതയിലും ആഡംബരങ്ങളിലും മുങ്ങാതെ ഒരു സാധാരണ മനുഷ്യനെപ്പോലെ ജീവിക്കാന്‍ ശ്രമിക്കുന്ന നേതാവിന്റെ വാക്കുകള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ വിശ്വാസ്യതയും സ്വീകാര്യതയും ലഭിക്കുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം പറയുന്ന മിതവ്യയ ജീവിതശൈലി ഒരു രാഷ്ട്രീയ മുദ്രാവാക്യം മാത്രമല്ല; അത് ഒരു ദേശീയ ജീവിതരീതിയായി മാറേണ്ടതാണ്.
ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ച ഇന്ന് ലോകം ശ്രദ്ധിക്കുന്ന വിഷയമാണ്. ലോകത്തിലെ പല രാജ്യങ്ങളും സാമ്പത്തിക തകര്‍ച്ച നേരിടുമ്പോഴും ഭാരതം സ്ഥിരത പുലര്‍ത്തുന്നത് ശക്തമായ നയങ്ങളിലൂടെയും നിയന്ത്രിത സാമ്പത്തിക സമീപനങ്ങളിലൂടെയുമാണ്. എന്നാല്‍ ഇത് നിലനിര്‍ത്താന്‍ ഭരണകൂടം മാത്രം ശ്രമിച്ചാല്‍ മതിയാകില്ല. ഈ മഹത്തായ ഉദ്യമത്തില്‍ ജനങ്ങളും പങ്കാളികളാകണം. ഓരോ കുടുംബവും അനാവശ്യ ചെലവുകള്‍ ഒരു പരിധിവരെ എങ്കിലും കുറച്ചാല്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് വലിയ പിന്തുണ ലഭിക്കും. ഓരോ വ്യക്തിയും ദിവസവും അല്പം ഇന്ധനം ലാഭിച്ചാല്‍ കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം രാജ്യത്തിന് ലാഭിക്കാനാകും. ഓരോരുത്തരും ഭാരതീയ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ തയ്യാറായാല്‍ ഭാരതത്തിലെ വ്യവസായങ്ങള്‍ വളരും, തൊഴിലവസരങ്ങള്‍ വര്‍ധിക്കും, രാജ്യത്തിന്റെ ആഭ്യന്തര വിപണി കൂടുതല്‍ ശക്തമാകും.
ഇന്ന് പലരും ദേശസ്‌നേഹം വികാരപരമായ മുദ്രാവാക്യങ്ങളിലൊതുക്കുകയാണ്. എന്നാല്‍ യഥാര്‍ത്ഥ ദേശസ്‌നേഹം രാജ്യത്തിന്റെ അവശ്യസമയത്ത് സ്വന്തം സൗകര്യങ്ങളില്‍ ചെറിയ നിയന്ത്രണം വരുത്താന്‍ തയ്യാറാകുന്നതിലാണ്. ഒരു സൈനികന്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നത് പോലെ ഒരു സാധാരണ പൗരനും തന്റെ ഉത്തരവാദിത്തം ശ്രദ്ധയോടെയും സമര്‍പ്പണത്തോടെയും നിര്‍വഹിക്കണം. അതിനാല്‍ മോദിജിയുടെ ഈ ആഹ്വാനം ഒരു രാഷ്ട്രീയ അഭ്യര്‍ത്ഥനയായി കാണാതെ ദേശീയ കടമയായി കാണേണ്ടതുണ്ട്. പ്രത്യേകിച്ച് യുവജനങ്ങള്‍ ഈ സന്ദേശത്തിന്റെ പ്രാധാന്യം മനസ്സിലാക്കണം. അനാവശ്യ ആഡംബരങ്ങള്‍, ചെലവേറിയ ജീവിതശൈലി, വിദേശ ഉല്പന്നങ്ങള്‍ എന്നിവ സമൂഹത്തില്‍ വലിയ മത്സര മനോഭാവം സൃഷ്ടിച്ചിട്ടുണ്ട്. പലരും വരുമാനത്തെക്കാള്‍ കൂടുതലായി ചെലവഴിച്ച് കടബാധ്യതകളില്‍ അകപ്പെടുന്നു. മിതവ്യയം വ്യക്തിഗത ജീവിതത്തിലും സമാധാനം നല്‍കുന്നു. സാമ്പത്തിക നിയന്ത്രണമുള്ള കുടുംബങ്ങള്‍ പ്രതിസന്ധികളെ കൂടുതല്‍ ആത്മവിശ്വാസത്തോടെ നേരിടുന്നു. അതിനാല്‍ മോദിജിയുടെ നിര്‍ദേശങ്ങള്‍ രാജ്യത്തിനും കുടുംബങ്ങള്‍ക്കും ഒരുപോലെ ഗുണകരമാണ്.
ഭാരതത്തെ വികസിത രാഷ്ട്രമാക്കാനുള്ള ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ അനുസ്യൂതം നീങ്ങുമ്പോള്‍ ഓരോ പൗരനും സാമ്പത്തിക അച്ചടക്കമുള്ള ജീവിതം സ്വീകരിക്കേണ്ടത് അനിവാര്യമാണ്. നികുതി അടയ്ക്കുന്ന പൗരനും സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താവും ഇന്ധനം ഉപയോഗിക്കുന്ന യാത്രക്കാരനും രാജ്യത്തിന്റെ സാമ്പത്തിക ചക്രത്തിന്റെ ഭാഗമാണ്. അതിനാല്‍ ഓരോരുത്തരുടെയും ചെറിയ സാമ്പത്തിക സ്വഭാവമാറ്റങ്ങള്‍ പോലും വലിയ ദേശീയ നേട്ടങ്ങളിലേക്ക് നയിക്കും.
ലോക ചരിത്രം പരിശോധിച്ചാല്‍ സാമ്പത്തിക പ്രതിസന്ധികളെ അതിജീവിച്ച രാജ്യങ്ങള്‍ എല്ലാം ജനങ്ങളുടെ സഹകരണത്തിലൂടെയാണ് ഉയര്‍ന്നുവന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജപ്പാന്‍. യുദ്ധകാലങ്ങളിലും അതിന് ശേഷവും ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ മിതവ്യയവും, പ്രാദേശിക ഉല്പന്നങ്ങളുടെ ഉപയോഗവും ജീവിതവ്രതമായി സ്വീകരിച്ചു. ആ രാജ്യങ്ങള്‍ പിന്നീട് ശക്തമായ സമ്പദ്‌വ്യവസ്ഥ സൃഷ്ടിച്ചു. ഭാരതം ഇന്ന് അതുപോലൊരു നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. അതിനാല്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങളെ വിമര്‍ശന രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ കാണാതെ ദേശീയ സുരക്ഷയുടെയും സാമ്പത്തിക ഭാവിയുടെയും അനിവാര്യമായ ഭാഗമായി കാണണം.
മോദിജിയുടെ നേതൃത്വത്തിന്റെ ഏറ്റവും വലിയ സവിശേഷത, അദ്ദേഹം ഭാവിയെ മുന്‍കൂട്ടി കാണുന്ന നേതാവാണ് എന്നതാണ്. പലരും പ്രതിസന്ധി വന്നശേഷം മാത്രം പ്രതികരിക്കുമ്പോള്‍ അദ്ദേഹം പ്രതിസന്ധി വരാതിരിക്കാന്‍ എന്നും മുന്‍കരുതല്‍ സ്വീകരിക്കുന്ന ഒരു രാഷ്ട്രതന്ത്രജ്ഞനാണ്. അതുകൊണ്ടുതന്നെ ഭാരതം ഇന്ന് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസത്തോടെ തലയുയര്‍ത്തി മുന്നേറുന്നു. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കായി തന്റെ ആശങ്കകളും അവയ്ക്കുള്ള പരിഹാരങ്ങളും ജനങ്ങളോട് തുറന്നുപറയാന്‍ ധൈര്യം കാണിച്ച അദ്ദേഹത്തെ അഭിനന്ദിക്കാതെ വയ്യ.
ഇന്ന് ഓരോ ഭാരതീയനും മനസ്സിലാക്കേണ്ട ഒരു സത്യമുണ്ട് രാജ്യത്തിന്റെ സാമ്പത്തിക ശക്തി സര്‍ക്കാരിന്റെ മാത്രം ബാധ്യതയല്ല; അത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്. മിതവ്യയം സാമ്പത്തിക ദൗര്‍ബല്യമല്ല, മറിച്ച് ഉയര്‍ന്ന ദേശീയ ബോധത്തിന്റെ ഉത്തമദൃഷ്ടാന്തമാണ്. സ്വന്തം ആഗ്രഹങ്ങളെ അവധാനതയോടെ നിയന്ത്രിക്കാന്‍ കഴിയുന്ന സമൂഹം മാത്രമാണ് ദീര്‍ഘകാലം ശക്തമായി നിലനില്‍ക്കുന്നത്. അതിനാല്‍ പ്രധാനമന്ത്രി മുന്നോട്ടുവച്ച ഈ ആഹ്വാനം സമയോചിതവും അനിവാര്യവും രാജ്യത്തിന്റെ ഭാവിക്ക് അത്യന്തം പ്രാധാന്യമുള്ളതുമാണ്. ഭാരതത്തെ കൂടുതല്‍ കരുത്തുറ്റ ഒരു സാമ്പത്തിക ശക്തിയാക്കാന്‍ ഓരോ പൗരനും ഈ സന്ദേശം ഹൃദയപൂര്‍വ്വം സ്വീകരിക്കുകയും ജീവിതത്തില്‍ നടപ്പിലാക്കുകയും ചെയ്യേണ്ട സമയമാണിത്.





















