ഭാരതം ഒടുവിലിതാ, ലോകചതുരംഗക്കളത്തിലെ ചക്രവര്‍ത്തിയായി അവരോധിക്കപ്പെട്ടു! അന്താരാഷ്ട്ര ചെസ്സ് രംഗത്തെ അഭിജാതരുടെ വന്‍പുകളെക്കടന്ന് കൈവരിച്ച അത്യപൂര്‍വ വിജയത്തിലൂടെ, കായികരംഗത്ത് മറ്റൊരു ലോകാധിപത്യമാണ് ഭാരതം നേടിയെടുത്തത്. ചെസ്സിലെ പരമ്പരാഗത ശക്തിയായ ഹങ്കറിയുടെ മണ്ണില്‍, ബുഡാപെസ്റ്റില്‍, കിരീടമോഹവുമായെത്തിയ ലോകചെസ്സിലെ മുമ്പന്മാരെ ഒന്നൊന്നായി വീഴ്ത്തി, ചെസ്സ് ലോകത്ത് സമഗ്രാധിപത്യം ഉറപ്പിച്ച ഭാരതത്തിന്റെ വിജയം, ഒരേസമയം ചരിത്രപരവും ഒപ്പം അഭിമാനകരവുമായി. യുദ്ധ കാരണങ്ങളാല്‍, കിരീട സാധ്യതയുണ്ടായിരുന്ന റഷ്യക്ക് ബുഡാപെസ്റ്റില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നെങ്കിലും, പ്രബലരായ അമേരിക്കയും, ഉസ്‌ബെക്കിസ്ഥാനും ചൈനയും മത്സരരംഗത്തുണ്ടായിരുന്നു. മാത്രമല്ല, ലോക ചെസ്സ് സര്‍ക്യൂട്ടില്‍ റേറ്റിങ്ങില്‍ മുന്തിയസ്ഥാനത്തുള്ളവരെല്ലാം തന്നെ വിവിധ രാജ്യങ്ങള്‍ക്ക് വേണ്ടി ഹങ്കറിയിലെത്തിയിരുന്നു.
ഭാരതത്തിന്റെ വിജയത്തിന് തിളക്കമേറുന്നത്, അത് കൈവരിച്ച രീതിയും മത്സരവേദിയിലെ ഭാരതതാരങ്ങള്‍ പ്രദര്‍ശിപ്പിച്ച പ്രതിഭയുടെ മിന്നലാട്ടവും കൊണ്ടാണ്. ഓപ്പണ്‍ വിഭാഗത്തില്‍ ആകെ നിശ്ചയിച്ച പതിനൊന്ന് റൗണ്ടുകളില്‍ പത്തിലും ജയിച്ചാണ് ഭാരതം കിരീടം നേടിയത്. ചൈനയും അമേരിക്കയും ഭാരതത്തിന്റെ പടയോട്ടത്തില്‍ പരാജിതരായി. സമനിലയുമായി അഭിമാനം കാത്തത് ഉസ്‌ബെക്കിസ്ഥാന്‍ മാത്രം. ദൊമ്മരാജു ഗുകേഷും അര്‍ജുന്‍ എരിഗസിയും കളിക്കളത്തില്‍ എതിരാളികള്‍ക്ക് പേടിസ്വപ്‌നമായി. എതിരിട്ടവര്‍ക്കാര്‍ക്കും ഇരുവരേയും തോല്‍പ്പിക്കാനായില്ല. കളിച്ച പത്തില്‍ എട്ടിലും ഗുകേഷ് വിജയം കൊണ്ടുവന്നു. ശേഷിച്ച രണ്ടില്‍ സമനിലയും. എരിഗസി പതിനൊന്ന് കളിയില്‍ കരുനീക്കി. ഒന്‍പതില്‍ ജയം; രണ്ടില്‍ സമാസമം. ഓപ്പണ്‍ വിഭാഗത്തില്‍, പങ്കെടുത്തവരില്‍ ഏറ്റവും മികവുള്ളവരായി അവര്‍. ഇരുവരും വ്യക്തിഗതസ്വര്‍ണം നേടി. ചാമ്പ്യന്‍ഷിപ്പ് നേട്ടവും ഒപ്പം. ഇരട്ടി മധുരവുമായാണിവര്‍ നാട്ടിലേക്ക് വിട്ടത്. കളിയില്‍ പ്രഗ്നാനന്ദയും വിദിത് ഗുജറാത്തിയും അവര്‍ക്കൊപ്പം നിന്ന് ചാമ്പ്യന്‍പട്ടം ഭാരതത്തിനുറപ്പാക്കി. റിസര്‍വ് ലിസ്റ്റിലുണ്ടായിരുന്ന ഹരികൃഷ്ണയും വിജയത്തില്‍ പങ്കാളിയായി.
ഓപ്പണ്‍ വിഭാഗത്തില്‍ കുറിച്ച പുതു ചരിത്രത്തോടൊപ്പം പ്രതിഭയുടെ മികവും ഭാരതസംഘം നേട്ടത്തില്‍ ചേര്‍ത്തുവച്ചു. കളികള്‍ അവസാനിച്ചപ്പോള്‍ 3056 പോയിന്റില്‍ വ്യക്തിഗത റേറ്റിങ്ങുമായി മറ്റെല്ലാവരേയും ഗുകേഷ് പിന്നിലാക്കി. നോര്‍വ്വേക്കായി മത്സരിച്ച ലോക ചെസിലെ അത്ഭുതം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാഗ്നസ് കാള്‍സന്‍ അമേരിക്കന്‍ പ്രതിഭ ഫാബിയാനോ കരുവാന, നിലവിലെ ലോകചാമ്പ്യന്‍ ചൈനയുടെ ഡിങ്‌ലിറന്‍ എന്നിവരടക്കമുള്ള മുന്‍നിരക്കാര്‍ ബുഡാപെസ്റ്റിലുണ്ടായിരുന്നു. ഇവരെയൊക്കെ കടന്നാണ് ഭാരതത്തിന്റെ ചുണക്കുട്ടന്മാര്‍ ഒളിമ്പിയാഡില്‍ സമഗ്രാധിപത്യം സ്ഥാപിച്ചത്. മത്സരത്തില്‍ പരമാവധി ലഭിക്കാവുന്ന 22 പോയിന്റില്‍ 21 നേടിയപ്പോള്‍ പിന്നില്‍ കേവലം 17 പോയിന്റുമായി അമേരിക്ക വിനീതരായി.
ഓപ്പണ്‍ വിഭാഗത്തില്‍ ഏറെക്കുറെ അനായാസമായി, ഭാരതത്തിന്റെ വിജയം. എന്നാല്‍ കന്നിക്കിരീടം കരസ്ഥമാക്കുന്നതിന് മുന്‍പ് വനിതകള്‍ക്ക് ഉദ്വേഗജനകമായ ഘട്ടങ്ങള്‍ പിന്നിടേണ്ടിവന്നു. മത്സരങ്ങള്‍ക്ക് മുമ്പ് റേറ്റിങ്ങില്‍ ഭാരതത്തിനായിരുന്നു മുന്‍തൂക്കം കല്‍പ്പിച്ചിരുന്നത്. ലോകറാങ്കില്‍ മുന്നിലുള്ള ഹരികയുടേയും വൈശാലിയുടേയും സാന്നിദ്ധ്യമായിരുന്നു കാരണം. ആദ്യ അഞ്ചു റൗണ്ടുകളും എളുപ്പത്തില്‍ ജയിച്ചുകയറിയെങ്കിലും കസാഖിസ്ഥാനും പോളണ്ടിനും എതിരായ കളികള്‍ കടുപ്പമായിരുന്നു. മുന്‍നിരക്കാരായ വൈശാലിയും ഹരികയും ഒന്നും രണ്ടും ബോര്‍ഡുകളില്‍ ആദ്യ പരാജയം രുചിച്ചു. കളി കൈവിട്ട ഘട്ടത്തില്‍ ഭാരതെത്ത രക്ഷിച്ചെടുത്തത് രണ്ട് പുതുതാരങ്ങളായിരുന്നു. നിലവിലുള്ള ജൂനിയര്‍ ലോകചാമ്പ്യന്‍ ദിവ്യ ദേശ്മുഖും നാലാം ബോര്‍ഡില്‍ കളിച്ച വന്തിക അഗര്‍വാളും. ബുഡാപെസ്റ്റില്‍ കരുനീക്കം തുടങ്ങുമ്പോള്‍ ഹരികയേയും വൈശാലിയേയും ആശ്രയിച്ചായിരുന്നു ആശകളധികവും. ഇരുവരും ഒന്നും രണ്ടും ബോര്‍ഡുകളിലാണ് കളിച്ചത്. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ തലമൂത്തവര്‍ക്ക് പിഴച്ചപ്പോള്‍ ഇളംമുറക്കാര്‍ രക്ഷകരായത് ഭാരതത്തിന് ആശ്വാസമായി.
നിര്‍ണായകമായ ഒമ്പതാം റൗണ്ടില്‍ ദിവ്യ നേടിയ ഉജ്ജ്വല വിജയം ചൈനയെ മറികടക്കുന്നതിനും ആത്മവിശ്വാസത്തോടെ അവസാന മത്സരങ്ങള്‍ക്ക് അണിനിരക്കുന്നതിനും സഹായകമായി. അന്തിമ റൗണ്ടെത്തിയപ്പോള്‍ കസാഖിസ്ഥാനും ഭാരതത്തിനും ഒരേ പോയിന്റ് നിലയായിരുന്നു. കിരീടം നിശ്ചയിക്കുന്ന കളിയില്‍ നാലു ബോര്‍ഡിലും ഭാരതവനിതകള്‍ ഉജ്ജ്വലമായി കരുക്കളുന്തി. അസര്‍ബജാനെ 3.5-1.5 പോയിന്റുകള്‍ക്ക് നിലം പരിശാക്കിയതോടെ എല്ലാ സന്ദേഹങ്ങളും ഒടുങ്ങി. ഒടുവില്‍ ഒളിമ്പ്യാഡ് വനിതാകിരീടം ഭാരതത്തിന്. ഭാരതത്തിന്റെ വീരാംഗനമാര്‍ കിരീടം ചൂടി. തീര്‍ന്നില്ല, ചാമ്പ്യന്‍ഷിപ്പിലുടനീളം ഉജ്ജ്വലപ്രകടനങ്ങള്‍ നടത്തിയ ദിവ്യ ദേശ്മുഖും വന്തിക അഗര്‍വാളും വ്യക്തിഗത സ്വര്‍ണമുദ്രയ്ക്കും അവകാശികളായി. അത്യന്തം ആവേശകരമായിരുന്ന വനിതാ വിഭാഗം മത്സരങ്ങളില്‍ ഒറ്റ പോയിന്റ് വ്യത്യാസത്തിനാണ് കസാഖിസ്ഥാനെ ഭാരതം മറികടന്നത്.
ഭാരതം ചെസ്സില്‍ അന്താരാഷ്ട്ര രംഗത്ത് അടയാളപ്പെടുന്നത് മാനുവല്‍ ആരോണിലൂടെയാണ്. 1960കളില്‍ കളിച്ചു തുടങ്ങിയ ആരോണ്‍ ആയിരുന്നു ഭാരതത്തിന്റെ ആദ്യ അന്താരാഷ്ട്ര മാസ്റ്റര്‍. എന്നാല്‍ ചെസ്സ് അവബോധം ഭാരതത്തില്‍ വേണ്ടത്രയില്ലാതിരുന്ന കാലത്ത് ആരോണിന് കാര്യമായ പിന്‍ബലമോ പ്രഗല്‍ഭരായ പിന്‍ഗാമികളോ ഉണ്ടായില്ല. ഏറെക്കഴിഞ്ഞാണ് പിന്നീട് ഗ്രാന്‍ഡ് മാസ്റ്റര്‍മാരായി മാറിയ പ്രവീണ്‍ തിപ്പസെ, ദിബയേന്ദു ബറുവ എന്നിവരെത്തുന്നത്.
എന്നാല്‍ സാക്ഷാല്‍ വിശ്വനാഥന്‍ ആനന്ദിന്റെ വരവോടെ, ലോകം ചെസ്സില്‍ ഭാരതത്തെ ശ്രദ്ധിക്കാന്‍ തുടങ്ങി. പതിനഞ്ചാം വയസ്സില്‍ ഭാരതത്തിന്റെ ആദ്യ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയിലേക്ക് നടന്നു കയറുമ്പോള്‍ തന്നെ, ആനന്ദില്‍ ഭാവിലോകചാമ്പ്യനെ രാജ്യം കണ്ടു തുടങ്ങിയിരുന്നു. പിന്നീടുണ്ടായ ആനന്ദിന്റെ നേട്ടങ്ങള്‍ സ്വപ്‌നതുല്യമായിരുന്നു. 2000-02 ല്‍ FIDE ലോകചാമ്പ്യന്‍ഷിപ്പ് വിജയം. 2007-12 കാലത്ത് അഞ്ചു തവണ ലോകചാമ്പ്യന്‍. കൂടാതെ റാപ്പിഡ് ചെസ്സ് രംഗത്ത് വ്യക്തമായ മേധാവിത്വം. ഓരോതവണയും ലോകചാമ്പ്യന്‍ പദവിക്കായുള്ള മത്സരങ്ങളില്‍ ആനന്ദിനോട് തോറ്റ് മടങ്ങിയത് വ്യാഡിമിര്‍ ക്രാംനിക്ക്, അലക്‌സി ഷിറോവ്, വാസലിന്‍ ടോപലോവ്, ബോറിസ് ഗല്‍ഫന്റ്, വാസിലി ഇവാഞ്ചുക്ക് എന്നീ പ്രതിഭാശാലികള്‍. ഒടുവില്‍ 2013ല്‍ മാഗ്നസ് കാള്‍സനോട് തോല്‍വി പറ്റുന്നതുവരെ ആനന്ദ് അടക്കിവാണു, ചെസ്സ് ലോകം.
കായികരംഗത്ത് ലോകവിജയങ്ങള്‍ ഇപ്പോള്‍ ഭാരതത്തിന് പുത്തരിയല്ല. ഇടവിട്ടിടവിട്ട് അത് സംഭവിച്ചുകൊണ്ടേയിരിക്കുന്നു. ഹോക്കിയിലെ ലോകാധിപത്യത്തിന്റെ പ്രതാപകാലം കഴിഞ്ഞ് ഭാരതത്തിന്റെ കായികരംഗത്ത് നേട്ടങ്ങളില്ലാത്ത വറുതിക്കാലമായിരുന്നു. ദീര്‍ഘമായൊരു ഇടവേളയ്ക്ക് ശേഷമാണ് ഭാരതം കായിക രംഗത്ത് വീണ്ടും ഭാവാത്മകത നേടുന്നത്. 1983ല്‍ ലണ്ടനില്‍ നിന്നും കപില്‍ദേവും സംഘവും എത്തിച്ച ക്രിക്കറ്റ് ലോക കപ്പിലൂടെ. പിന്നെ ക്രിക്കറ്റിന്റെ വിവിധ തലങ്ങളില്‍ മൂന്നു തവണ-2007, 2011, 2023 – ലോകചാമ്പ്യന്‍ ഷിപ്പുകളുണ്ടായി. ശേഷം ആനന്ദിന്റെ ലോകചാമ്പ്യന്‍ഷിപ്പ് വിജയങ്ങള്‍. 2008ല്‍ ബീജിങ്ങ് ഒളിമ്പിക്‌സില്‍ ഷൂട്ടിങ്ങ് സ്വര്‍ണം ഭാരതത്തിനായി അഭിനവ് ബിന്ദ്ര വെടിവച്ചെടുത്തു. രണ്ട് ഒളിമ്പിക്‌സ് കാലം കഴിഞ്ഞ് 2021 ടോക്കിയോയില്‍ ഭാരതത്തിന്റെ അഭിമാനമുയര്‍ത്തി, നീരജ് ചോപ്ര ജാവലിനില്‍ നേടിയ പൊന്‍പതക്കം. തീര്‍ന്നില്ല, 2022ല്‍ ബാങ്കോക്കില്‍ നിന്നും ഭാരതത്തിന്റെ ബാഡ്മിന്റണ്‍ താരങ്ങള്‍ തോമസ് കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നേടി ലോകത്തെ അമ്പരപ്പിച്ചു. ഇപ്പോഴിതാ, അത്യപൂര്‍വ്വമെന്ന് ലോകവും അഭിമാനകരമെന്ന് ഭാരതവും വിലയിരുത്തുന്ന ചെസ് ഒളിമ്പ്യാഡ് കിരീടം അതിന്റെ സമഗ്രതയില്‍ ഗുകേഷും കൂട്ടരും നേടിത്തന്നിരിക്കുന്നു.
ബുഡാപെസ്റ്റില്‍ കൈവന്ന വിജയത്തിന് നിരവധി മാനങ്ങളുണ്ട്. അവിടെ ഭാരതത്തിനായി കരുനീക്കിയവരില്‍ അഞ്ചുപേര്‍ പതിനെട്ടിനും ഇരുപത്തിയൊന്നിനും മധ്യേ മാത്രം പ്രായമുള്ളവരാണ്. അവരില്‍ നാലുപേര്‍ സ്വര്‍ണം കൈവരിച്ചവരുമാണ്. ഈ ഇളമുറക്കാരാണ് ഇനി ലോകവേദിയില്‍ ഭാരതത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നവര്‍. ആഹ്‌ളാദത്തിന് വക വേറെയെന്തുവേണം! വര്‍ഷാന്ത്യത്തില്‍ നടക്കാന്‍ പോകുന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പിനായി ഗുകേഷിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. നേരിടേണ്ടത് ചൈനയില്‍ നിന്നുള്ള ലോകചാമ്പ്യന്‍ ഡിങ്ങ് ലിറനെയാണ്. ബുഡാപെസ്റ്റില്‍ ലിറന്‍ തിളങ്ങിയിരുന്നില്ല. അതെന്തായാലും ഭാരതീയര്‍ക്ക് മറ്റൊരു സ്വപ്‌നം കണ്ടുതുടങ്ങാം. വിശ്വനാഥന്‍ ആനന്ദിന് ശേഷം മറ്റൊരു ലോകചാമ്പ്യനെ; ഭാരതീയനെ. അങ്ങനെ, ആത്മനിര്‍ഭരതയിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഭാരതത്തിന്റെ നാമം ലോകകായികവേദിയില്‍ അഭിമാനപൂരിതമാകട്ടെ!