കുംഭകോണത്തു നിന്നും ഞങ്ങള്‍ പ്രസിദ്ധമായ ചിദംബരം ക്ഷേത്രത്തില്‍ (ചിത്തം തന്നെയാണ് അവിടെ അംബരം!) ദര്‍ശനം നടത്തിയ ശേഷം വൈകിട്ട് മൂന്നു മൂന്നരയോട് കൂടി നൂറു ശതമാനം തമിഴ് പട്ടണമായ തിരുവാരൂരില്‍ എത്തി. സാവകാശത്തിന്റെയും സാവധാനത്തിന്റേതുമായ ഒരു പട്ടണം.
കര്‍ണ്ണാടക സംഗീത പ്രിയനായ എന്നെ സംബന്ധിച്ചിടത്തോളം തിരുവാരൂര്‍ നല്‍കിയത് ഒരു പ്രത്യേക അനുഭൂതിയാണ്. സംഗീത ത്രിമൂര്‍ത്തികളായ ത്യാഗരാജ സ്വാമികള്‍, പണ്ഡിതാഗ്രേസരനായിരുന്ന മുത്തുസ്വാമി ദീക്ഷിതര്‍, വശ്യകോമള വചസ്സായ ശ്യാമാ ശാസ്ത്രീകള്‍ മൂവരുടെയും ജന്മം കൊണ്ട് അനുഗൃഹീതമാണ് ഈ സ്ഥലം. ത്യാഗരാജ സ്വാമികളുടെ ‘സംഗീതസജ്ഞാനമൂ ഭക്തി വിനാ’ (ഭക്തിയില്ലാതെയുണ്ടോ സംഗീതജ്ഞാനം?), ദീക്ഷിതര്‍ രചിച്ച ‘ത്യാഗരാജയോഗവൈഭവം’ (കേള്‍ക്കുമ്പോള്‍ കൗതുകമുണര്‍ത്തുന്ന, ഓരോ വരിയിലും അക്ഷരസംഖ്യ ക്രമത്തില്‍ കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന ”ഗോപുഛ തന്ത്രം” ഉള്ളടക്കിയ ഈ കൃതി ത്രിമൂര്‍ത്തികളില്‍ ഒരുവര്‍ മറ്റൊരുവര്‍ക്ക് സമര്‍പ്പിച്ച ഉപഹാരം കൂടിയാണ്), ശ്യാമാ ശാസ്ത്രികള്‍ എഴുതിയ ‘സരോജദളനേത്രീ’ എന്ന അതി പ്രശസ്തമായ ദേവീസ്തുതി (എം.എസ്. സുബ്ബലക്ഷ്മി ഐക്യരാഷ്ട്രസഭയില്‍ ആദ്യമായി മുഴുനീള കര്‍ണ്ണാടക സംഗീത കച്ചേരി നടത്തിയപ്പോള്‍ മുഖ്യ കൃതിയായി പാടിയത് ശങ്കരാഭരണ രാഗത്തിലുള്ള, ഭക്തിനിര്‍ഭരമായ ഈ കൃതിയാണ്) തുടങ്ങി നിരവധി രചനകളെ കുറിച്ചുള്ള സ്മരണകളും അവയുടെ മാധുര്യവും മഴവെള്ളപ്പാച്ചില്‍ പോലെ എന്നെ വന്നു പൊതിഞ്ഞു.

വൈകുന്നേരം വെയില്‍ നല്ലപോലെ ചാഞ്ഞിറങ്ങിയ ശേഷമാണ് ഞങ്ങള്‍ വിശാലമായ മതിലകം മുഖമുദ്രയായ തിരുവാരൂര്‍ ത്യാഗരാജ സ്വാമി ക്ഷേത്രത്തിലേക്ക് പോയത്. പരമശിവനാണ് ഇവിടെ പ്രതിഷ്ഠ എങ്കിലും ത്യാഗരാജ സ്വാമി എന്നാണ് ഇവിടുത്തെ ആരാധനാമൂര്‍ത്തി അറിയപ്പെടുന്നത്. സംഗീതത്തിനു വേണ്ടി ‘ത്യാഗം’ ചെയ്ത മഹാദേവനത്രേ ത്യാഗരാജ സ്വാമി.
തമിഴ് പാരമ്പര്യമനുസരിച്ച് ഇവിടെ പാര്‍വ്വതീദേവിയേയും യഥാവിധി പ്രതിഷ്ഠിച്ചിട്ടുണ്ട്. നീലോത്പലാംബികയായി. നീലോത്പല നായികയായ പാര്‍വ്വതി കമലാംബികയായി ഭൂജാതയായപ്പോള്‍ ശിവപെരുമാനെ ത്യാഗരാജനായി വരിക്കണമെന്ന് ആഗ്രഹിച്ചതുമായി ബന്ധപ്പെട്ടാണ് ഇവിടുത്തെ ഒരു സ്ഥലപുരാണം.
മുചുകുന്ദന്‍ എന്ന ചോളവംശ രാജാവിനെ ആറ് ശൈവബിംബങ്ങള്‍ കാണിച്ച് തെറ്റിദ്ധരിപ്പിക്കാന്‍ ഇന്ദ്രന്‍ ശ്രമിച്ചുവെന്നും ആ ശ്രമം പരാജയപ്പെടുത്തിയാണ് തിരുവാരൂരിലെ വിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടത് എന്നും മറ്റൊരു ഐതിഹ്യം ഉദ്‌ഘോഷിക്കുന്നു. തിരുവാരൂര്‍ ക്ഷേത്രവും ചോളരാജവംശവും തമ്മിലുള്ള ബന്ധം ഏറെക്കുറെ വ്യക്തമാക്കുന്ന ‘മുചുകുന്ദ സഹസ്രനാമാവലി’യില്‍ ത്യാഗരാജസ്വാമി ‘രാജവേഷധാരി’യായിട്ടാണ് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്.
നവഗ്രഹ ദേവന്മാരെ നേര്‍രേഖയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു എന്ന പ്രത്യേകതയും തിരുവാരൂരിനു സ്വന്തം. പ്രദക്ഷിണപഥങ്ങളുടെ ഫലമായി ഗ്രഹങ്ങള്‍ക്ക് സ്വാഭാവികമായി വന്നുചേരുന്ന കര്‍മ്മ ഫലദോഷാദികള്‍ രാജയോഗ്യനായ മഹാദേവന്റെ സാമീപ്യത്താല്‍ സ്വയം ബലഹീനമാകുന്നു എന്നാണ് സങ്കല്‍പം.
പ്രതിവര്‍ഷം 56 ഉത്സവങ്ങള്‍ ത്യാഗരാജ സ്വാമി ക്ഷേത്രത്തില്‍ ആഘോഷിക്കപ്പെടുന്നുണ്ട്. ചിലത് ആരാധനാ പ്രധാനങ്ങള്‍ മാത്രമാണ്; പലതും പ്രദര്‍ശനപരം കൂടിയാണ്. സന്ധ്യാ ദീപാരാധനയ്ക്കു ശേഷം നടത്തുന്ന മരതകലിംഗ പൂജ വളരെ വിശുദ്ധവും വിശിഷ്ടവുമായാണ് കണക്കാക്കപ്പെടുന്നത്. ശ്രീകോവിലിനു മുന്നില്‍, പ്രത്യേകം സൂക്ഷിക്കപ്പെടുന്ന മരതകലിംഗത്തില്‍ പഞ്ചഗവ്യവും പനിനീരും തേനും ഉപയോഗിച്ച് നടത്തുന്ന അഭിഷേകഫലമായി ത്യാഗരാജ ക്ഷേത്രം സ്വര്‍ഗ്ഗ തുല്യമായി മാറുന്നു എന്നും സങ്കല്‍പ്പമുണ്ട്.
ദീപാരാധനയ്ക്കു ശേഷം തിരക്കു കുറഞ്ഞ ശ്രീകോവിലിനു മുന്നില്‍ കണ്ട പൂജാരിയോട് മരതകലിംഗ പൂജയുടെ കാര്യം ചോദിച്ചപ്പോള്‍ അദ്ദേഹം ചിരപരിചിതനെ പോലെ ഒരു പ്രത്യേക സമയത്ത് തിരുനടയില്‍ തിരിച്ചെത്താന്‍ ആവശ്യപ്പെട്ടു. കൃത്യസമയത്ത് എത്തിയ ഞങ്ങളോട് ആ പൂജാരിയുടെ പ്രായമായ അച്ഛന്‍ പ്രത്യേക പ്രസാദം നല്‍കിയ ശേഷം വളരെ സ്‌നേഹപൂര്‍വ്വം എന്റെ അച്ഛനേയും അമ്മയേയും അന്വേഷിച്ചതായി പറയണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് ഞങ്ങള്‍ക്ക് കിട്ടിയ പ്രത്യേക പരിഗണന ആള് മാറി പോയതിന്റെ ഫലമാണെന്ന് മനസ്സിലായത്. ഒന്നും പറയാതെ, പരിഗണന ഭക്തിയോടെ ഏറ്റുവാങ്ങിയ ഞങ്ങളുടെ മനസ്സില്‍ ചെറുപ്പക്കാരനായ ആ പൂജാരിയെ അന്വേഷിച്ച് വലയുന്ന ഏതോ വൃദ്ധദമ്പതികള്‍ തെല്ലു നേരത്തേക്കെങ്കിലും അസ്വസ്ഥത സൃഷ്ടിച്ചു എന്നുമാത്രം.
വിശാലമോഹനമായ ക്ഷേത്രക്കുളത്തിന് സമീപമുള്ള ഹോട്ടലില്‍ നിന്നും വികെഎന്‍ വര്‍ണ്ണിച്ച പോലത്തെ ”അഭ്ര ശുഭ്ര മൃദുല മോഹനങ്ങളായ’ ഇഡ്ഡലികള്‍ കഴിച്ചതോടെ ആ അസ്വാസ്ഥ്യവും നീങ്ങി. സുഖ നിദ്രയ്ക്കു ശേഷം അടുത്ത ‘തോന്ന്യേടത്തേക്ക്….”!!






















