തോമസ് ട്രാന്‍സ്‌ട്രോമര്‍ (Tomas Gosta Transtromer) 2011ല്‍ നൊബേല്‍ സമ്മാനം ലഭിച്ച സ്വീഡിഷ് കവിയാണ്. 2015ല്‍ 83-ാം വയസ്സില്‍ കവി അന്തരിക്കുകയും ചെയ്തു. ഒരു മനഃശാസ്ത്രജ്ഞന്‍ കൂടിയായിരുന്നതിനാലാവാം കവിതകള്‍ക്കു വളരെ സങ്കീര്‍ണ്ണമായ സൗന്ദര്യമുണ്ട്. പക്ഷേ സ്വീഡിഷ് സംസ്‌കാരവുമായി കൂടുതല്‍ ഇണങ്ങി നില്‍ക്കുന്നതാകയാല്‍ മറ്റുള്ളവര്‍ക്ക് അവയിലേയ്ക്കു പ്രവേശിക്കുക എളുപ്പമല്ല. അതുകാരണമാണെന്നു തോന്നുന്നു നൊബേല്‍ ലഭിച്ചിട്ടും മലയാളത്തില്‍ അദ്ദേഹത്തിനു വലിയ പ്രചാരം കിട്ടിയില്ല. യൂണിവേഴ്‌സല്‍ ആയ എഴുത്തും സ്‌പെസിഫിക് ആയ എഴുത്തുമുണ്ട്. വൈലോപ്പിള്ളിയുടേതും പിയുടേതും സ്‌പെസിഫിക് ആണ്. എന്നാല്‍ ജിയുടെ എഴുത്ത് യൂണിവേഴ്‌സല്‍ ആണ്. അതുകൊണ്ടു ജി. കേരളത്തിനുപുറത്തും ആദരിക്കപ്പെട്ടു. വൈലോപ്പിള്ളിയും പിയും മലയാളം കടന്നധികം സഞ്ചരിച്ചില്ല.
ഇംഗ്ലീഷ് കവിയായ സ്റ്റീഫന്‍ സ്‌പെന്‍ഡര്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ മലയാളത്തിലെ ഏറ്റവും പ്രമുഖനായ കവിയുടെ കവിത ആവശ്യപ്പെട്ടു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ അന്ന് ജ്ഞാനപീഠം നേടി പ്രശസ്തിയുടെ കൊടുമുടിയില്‍ വിരാജിച്ചിരുന്ന ജിയുടെ കവിത ചൊല്ലി വിവര്‍ത്തനം ചെയ്തു കേള്‍പ്പിച്ചു. ജി പറയുന്നതൊക്കെ ഞങ്ങളുടെ നാട്ടിലെ കവികളും പറയുന്ന കാര്യങ്ങള്‍ തന്നെ. അതുകൊണ്ട് ഈ കവിത വേണ്ട. നിങ്ങളുടെ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്ന കവിത കാണട്ടേ എന്നായി സ്‌പെന്‍ഡര്‍. തുടര്‍ന്ന് അവര്‍ പിയുടെ കവിതകള്‍ വായിച്ചുകേള്‍പ്പിച്ചു. കവി സംതൃപ്തനായതായി ഒപ്പമുണ്ടായിരുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു.
അതുപോലെയാണ് ട്രാന്‍സ്‌ട്രോമറുടെ പല കവിതകളും. അദ്ദേഹത്തിന്റെ പുസ്തകങ്ങളൊന്നും ലേഖകന്‍ വായിച്ചിട്ടില്ല. ഇന്റര്‍നെറ്റില്‍ കണ്ട കവിതകള്‍ മാത്രമേ വായിച്ചിട്ടുള്ളൂ. സ്വീഡിഷ് ഭാഷയില്‍ നിന്നും ഇംഗ്ലീഷിലേയ്‌ക്കെത്തുമ്പോള്‍ കവിതയുടെ ധ്വന്യാത്മകത വളരെ ചോര്‍ന്നു പോയിട്ടുണ്ടാവാം. Tree and sky എന്ന ചെറു കവിതയിലെ വരികള്‍ ഇങ്ങനെ.
A tree is walking in the rain.
Hurrying past us in the splattering gray
It has a errand it takes the life from rain.
Like a black bird in an orchard.
(ഒരു മരം മഴയിലൂടെ നടക്കുന്നു. തിടുക്കത്തില്‍ ചെളിയിലൂടെ അതു നമ്മളെ കടന്നുപോകുന്നു. അതിനൊരു ദൗത്യമുണ്ട് അതു മഴയില്‍ നിന്നു ജീവനെ സ്വീകരിക്കുന്നു. ഒരു കറുത്തപക്ഷി പഴത്തോട്ടത്തില്‍ നിന്നെന്നപോലെ) ഈ കവിത സ്വീഡന്‍കാര്‍ക്കെന്നപോലെ നമുക്കും സ്വീകാര്യമാണ്. തര്‍ജ്ജമയിലും ചോര്‍ന്നു പോകാത്ത ചിലത് അതിലുണ്ട്. എന്നാല്‍ ‘Allegro’ എന്ന കവിത പേരുകൊണ്ടുതന്നെ നമ്മളെ കുഴയ്ക്കുന്നു.
കാരണം ‘Allegro’ എന്നത് ഇറ്റാലിയന്‍ മ്യൂസിക്കിലുള്ള ഒരുതരം ഫാസ്റ്റ് നമ്പറാണ്. ആ സംഗീതവുമായി പരിചയമുള്ളവര്‍ക്കേ കവിത ശരിയായ രീതിയില്‍ ആസ്വദിക്കാനാവൂ.
”വീരതിലകം ചാര്‍ത്തി നില്‍ക്കും വടക്കന്‍ പാട്ടേ
പുത്തരിയങ്കവാളിന്‍ കിങ്കിലങ്ങള്‍ കിലുങ്ങും പാട്ടേ വീണ്ടും നിന്നെയോര്‍ക്കാന്‍ നേരമായി വടക്കന്‍പ്പാട്ടേ” എന്നിങ്ങനെ പുനലൂര്‍ ബാലനെന്ന കവി എഴുതിയ വടക്കന്‍പാട്ട് എന്ന കവിത കേരളത്തിനുപുറത്തുള്ള ഒരാള്‍ക്ക് ആസ്വദിക്കണമെങ്കില്‍ അയാള്‍ വടക്കന്‍പാട്ടിനെക്കുറിച്ചും പുത്തരിയങ്കത്തെക്കുറിച്ചുമൊക്കെ ശരിക്കുമനസ്സിലാക്കിയേ സാധ്യമാകൂ.
കവിതയുടെ അവസാനം ട്രാന്‍സ്‌ട്രോമര്‍
Music is a glass house on the slope
Where the stones fly the stones roll
And stones roll right through
But each pane stays whole.
എന്നെഴുതുമ്പോള്‍ നമുക്ക് പ്രത്യേക ആസ്വാദ്യതയൊന്നുമില്ല. എങ്കിലും എന്തോ തകര്‍പ്പന്‍ സംഗീതമാണെന്നു മാത്രം മനസ്സിലാകും.
കഥകളിയെക്കുറിച്ചും അതിന്റെ പരിശീലനത്തിലെ ഗുരുകുല സമ്പ്രദായത്തെക്കുറിച്ചുമൊന്നുമറിയാത്ത ഒരാളുടെ ആസ്വാദനമണ്ഡലത്തില്‍ പി. കുഞ്ഞിരാമന്‍ നായരുടെ ‘കളിയച്ഛന്’ പ്രസക്തിയൊന്നുമില്ല. കേശഭാരകിരീടവും പാട്ടുകഴിഞ്ഞൊരു ഗായകന്‍ വച്ച ചേങ്കിലയും, കഥകളിക്കോപ്പു ചുമക്കുന്ന വലിയപെട്ടിയുമൊന്നു മറിയാത്തവര്‍ക്ക് ഈ കവിത ചെകിടന്റെ മുന്നില്‍ നടത്തുന്ന ശംഖനാദം പോലെ മാത്രം. മലയാളഭാഷ ഗൗരവമായി പഠിപ്പിക്കപ്പെടാത്ത കേരളത്തിലെ കുട്ടികള്‍ കവിതയും മറ്റു കലാരൂപങ്ങളും ആസ്വദിക്കാത്തതില്‍ അവരെ കുറ്റം പറയാനാവില്ല. വിശ്വവശ്യമായ കഥകളി എന്ന കലാരൂപം നമുക്കുണ്ടായിരുന്നിട്ടും അതൊന്നും കുട്ടികളെ പഠിപ്പിക്കുന്നില്ല. ഭാഷാ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചുവെന്നത് ഒരു നല്ല ചുവടുവയ്പാണ്. നമ്മുടെ കുട്ടികള്‍ നാമമാത്രമായെങ്കിലും മാതൃഭാഷ പഠിക്കട്ടേ. കൂടുതല്‍ പഠിപ്പിക്കാന്‍ ഇവിടെ സംസ്‌കാരത്തെക്കുറിച്ചു ബോധ്യമുള്ള ഒരു തലമുറ രൂപപ്പെടുമ്പോള്‍ സാധ്യമായേക്കും.
‘ഏകാത്മകദര്‍ശനത്തില്‍ സ്ഫുടം ചെയ്‌തെടുത്ത ഒയെന്‍വി കവിത’ എന്ന തലക്കെട്ടില്‍ ഫോട്ടോഗ്രാഫറായ ബി. ജയചന്ദ്രന്‍ ഭാഷാപോഷിണി മാര്‍ച്ചു ലക്കത്തില്‍ ഒഎന്‍വി കവിതയെക്കുറിച്ച് എഴുതുന്നു. എഴുതുന്നു എന്നു പറയുന്നത് ഒരര്‍ത്ഥത്തില്‍ ശരിയല്ല സൂചിപ്പിക്കുന്നുവെന്നേ പറയാനാവൂ. കാരണം അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ച് വലിയ വിലയിരുത്തലൊന്നുമില്ല ലേഖനത്തില്‍. ഒഎന്‍വി, വയലാര്‍, പി. ഭാസ്‌കരന്‍ എന്ന ത്രിമൂര്‍ത്തികള്‍ ഗാനങ്ങളിലൂടെ നമ്മുടെ ഒരു കാലഘട്ടത്തെ ഉര്‍വരമാക്കിയവരാണ്. മൂന്നുപേരും വലിയ കവികളുമാണ്. വയലാര്‍ അനുസ്മരണങ്ങള്‍ കേരളത്തിലിപ്പോള്‍ പലയിടത്തും നടക്കുന്നുണ്ട്. എന്നാല്‍ ഒഎന്‍വിക്കും പി. ഭാസ്‌കരനും കാര്യമായ അനുസ്മരണങ്ങളൊന്നും എവിടെയും കാണാനില്ല. കവി എന്ന നിലയില്‍ വലിയ അംഗീകാരങ്ങള്‍ ഒഎന്‍വിയെത്തേടിയെത്തിയിട്ടുണ്ട്. ആര്‍ക്കും വായിച്ചുപോകാവുന്ന ലളിതമായ അദ്ദേഹത്തിന്റെ കവിതകള്‍ എന്നെ അധികം ആകര്‍ഷിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ വയലാറിനോടൊപ്പം തന്നെ ആകര്‍ഷിപ്പിച്ചിട്ടുണ്ട്. സാംസ്‌കാരിക പ്രഭാഷണങ്ങള്‍ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുമുണ്ട്.
ഒഎന്‍വിയെക്കാള്‍ കുറച്ചുകൂടി ഗൗരവമായി കവിതയെ കൈകാര്യം ചെയ്തിരുന്ന അയ്യപ്പപ്പണിക്കരേയും ലോകം മുഴുവനറിഞ്ഞ നാടകക്കാരനും അതുപോലെതന്നെ നല്ല കവിയും ഗാനരചയിതാവുമായിരുന്ന കാവാലത്തേയും മറികടന്നാണ് ഒഎന്‍വി ജ്ഞാനപീഠം വാങ്ങിയത്. അപ്പോള്‍ ഒരാസ്വാദനകനെന്ന നിലയില്‍ ലേഖകന്‍ നെറ്റിയും ചുളിഞ്ഞിരുന്നു. മറ്റുപലരും ഒഎന്‍വിയുടെ പുരസ്‌കാര ലബ്ധിയില്‍ അന്ന് അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. കവിതയെ മാറ്റി നിര്‍ത്തി ഗാനങ്ങളെ മാത്രം പരിഗണിച്ചാല്‍ പോലും ഒരു വലിയ പുരസ്‌കാരം നേടാനുള്ള അര്‍ഹത അദ്ദേഹത്തിനുണ്ടെന്നതു സമ്മതിക്കാതെ വയ്യ. എങ്കിലും ഒഎന്‍വി കവിതയുടെ അമിതലാളിത്യം ചിലപ്പോഴെങ്കിലും നമുക്കു മടുപ്പുണ്ടാക്കുമെന്നകാര്യത്തില്‍ സംശയമില്ല.
ലാളിത്യം കവിതയുടെ മുഖമുദ്രയാക്കിയ കവികള്‍ ലോകകവിതയില്‍ ധാരാളമുണ്ട്. അവരില്‍ പലരും പുരസ്‌കൃതരായിട്ടുമുണ്ട്. ലാളിത്യം എന്നത് ഒരു പോരായ്മയാണെന്നു പറയാനാവില്ല. മുകളില്‍ ജി.യേയും പി. കുഞ്ഞിരാമന്‍ നായരേയും കുറിച്ചു സൂചിപ്പിച്ചതുപോലെ കവിതയുടെ സാര്‍വ്വലൗകികതയാണ് പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നത്. ഒഎന്‍വിയുടെ വളരെ പ്രശസ്തമായ ഒരു രചനയാണ് ‘വീടുകള്‍’. വായനയെ ഉത്തേജിപ്പിക്കുന്ന ഒരു രചനയെന്നുമല്ല ഈ കവിത. അതില്‍ അദ്ദേഹം ഇങ്ങനെയെഴുതുന്നു.
”എവിടെയുമെനിക്കൊരുവീടുണ്ട്
പിരമിഡുകള്‍ എഴുന്നേറ്റുപോം മട്ടിലീയൊട്ടകങ്ങളും
ഇളകാത്ത കൂറ്റനാമൊട്ടകം മാതിരി
പഴയൊരീ പിരമിഡുമാര്‍ന്ന മരുഭൂമിയില്‍
കുരിശിലൊരു കാപ്പിരിക്രിസ്തുമരിച്ചുയര്‍
ത്തെഴുന്നേല്‍ക്കുമിരുണ്ട ഭൂഖണ്ഡസീമയില്‍
പാതിരാസൂര്യന്റെ നാടുകളില്‍
മര്‍ത്ത്യന്റെ ജാതകം മാറ്റിക്കുറിക്കുമിടങ്ങളില്‍
ഇവിടെ ലാളിത്യം ഒരു പോരായ്മയാകുന്നില്ല. പിരിമിഡുകള്‍ നടക്കുന്നതുപോലെ ഒട്ടകത്തെയും ഉറച്ചുപോയ ഒട്ടകത്തെപ്പോലുള്ള പിരമിഡും എന്നതിലെ നിരീക്ഷണം ലളിതമെങ്കിലും സൂക്ഷ്മമാണ്. മരുഭൂമിയിലും ക്രിസ്തു ഉയിര്‍ത്തെഴുന്നേല്‍ക്കുന്നയിടങ്ങളിലും പാതിരാസൂര്യന്റെ നാടായ സ്‌കാന്റിനോവിയയിലും അങ്ങനെയെല്ലായിടത്തും തനിക്കു വീടുണ്ടെന്നു പറയുമ്പോള്‍ കവി വിശ്വപൗരനാകുന്നു. ഈ യൂണിവേഴ്‌സാലിറ്റി കവിതയെ കൂടുതല്‍ വിവര്‍ത്തന ക്ഷമമാക്കുന്നു. അതു മറ്റു ഭാഷകളിലേക്ക് സംക്രമിപ്പിക്കാന്‍ കൂടുതല്‍ എളുപ്പമാണ്. ആ എളുപ്പമായിരിക്കും ഒഎന്‍വിയെ തിരിച്ചറിയാന്‍ മറ്റു ഭാഷാ കവികള്‍ക്കു കഴിഞ്ഞത്. അതാവും അദ്ദേഹത്തെ പുരസ്‌കാരത്തിലേയ്ക്കു നയിച്ചത്. ബി. ജയചന്ദ്രന്റെ എഴുത്തില്‍ കുറെ നല്ല ചിത്രങ്ങള്‍ മാത്രമേയുള്ളൂ. ഒഎന്‍വി കവിതയെക്കുറിച്ച് ഒന്നുമില്ല.
കവിത മുദ്രാവാക്യമായാല്‍ രാഷ്ട്രീയക്കാരനു കൊള്ളാം. കവിതയ്ക്ക് അതുകൊണ്ട് ഒരു പ്രയോജനവുമില്ല. പണ്ടുകാലത്തെ മുദ്രാവാക്യം കവികളെയൊന്നും ഇപ്പോഴാരുമോര്‍ക്കുന്നില്ല. ‘മന്നവേന്ദ്രാവിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്മുഖം’ എന്നെഴുതിയ കവിയെ ആര്‍ക്കും അറിയില്ല. ഒരു തലമുറയെ മുഴുവന്‍ ഉപമാലങ്കാരം പഠിപ്പിക്കാന്‍ ഉപയോഗിച്ചത് ഈ വരിയാണ്. എന്നാല്‍ പഠിപ്പിച്ച അധ്യാപകരാരും ആരുടെ രചനയാണിതെന്നു പഠിപ്പിച്ചിട്ടില്ല. എന്തായാലും രാജാവിനെ സുഖിപ്പിച്ച് പട്ടും വളയും വാങ്ങാന്‍ ഏതോ മുഖസ്തുതി പ്രിയനായ കവി എഴുതിയതാണിത്. എല്ലാക്കാലത്തും കവികള്‍ രാജാക്കന്മാരുടെ സ്തുതിപാഠകരായിരുന്നു. അക്കാലത്ത് അല്ലാതെ സാധ്യവുമായിരുന്നില്ല. ഇന്നത്തേതുപോലെ നിയമമോ വിചാരണയോ ഒന്നുമില്ലായിരുന്നല്ലോ അന്ന്! രാജാവിനെന്തെങ്കിലും അപ്രീതിയുണ്ടായാല്‍ തലപോയതുതന്നെ. അതുകൊണ്ടായിരിക്കും എല്ലാ കവികളും രാജാവിനെ സ്തുതിച്ചേ എഴുത്തു തുടങ്ങിയിരുന്നുള്ളൂ.
ഇപ്പോള്‍ ജനാധിപത്യയുഗം പുലര്‍ന്നിട്ടും കവികളെന്നു സ്വയം വിലയിരുത്തുന്ന ചിലര്‍ സ്തുതിപാഠകന്മാരായി ഇന്നും എഴുതിക്കൊണ്ടിരിക്കുന്നു. മുഖ്യമന്ത്രിയെക്കുറിച്ച് കൈകൊട്ടിക്കളിയും ഓട്ടംതുള്ളലുമെഴുതുന്നവര്‍ പോലുമുണ്ട്. കവിതയിങ്ങനെ ശിക്ഷിക്കപ്പെടരുതെന്നാണ് എല്ലാവരുടേയും ആഗ്രഹം. പക്ഷേ എല്ലാക്കാലത്തും ഇങ്ങനെയാണു ഭൂരിപക്ഷം. അപൂര്‍വ്വം ചിലര്‍ മാത്രമേ ഭരണകൂടത്തെ വിമര്‍ശിക്കാന്‍ ധൈര്യം കാണിക്കാറുള്ളൂ. അക്കൂട്ടര്‍ക്കു വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായും വരും.
ഇത്തവണ രണ്ടു സ്തുതിപാഠക കവനങ്ങള്‍ കാണാന്‍ കഴിഞ്ഞു. ഒന്നു മാതൃഭൂമിയില്‍ കുരീപ്പുഴ ശ്രീകുമാര്‍ എഴുതിയ ‘കേരളന്‍’ (മാര്‍ച്ച് 15-21). പിന്നൊന്ന് ദേശാഭിമാനിയില്‍ (മാര്‍ച്ച് 15) മണമ്പൂര്‍ രാജന്‍ ബാബുവിന്റെ ‘കേരളം ഒരുനുണ’. രണ്ടു കവിതകളുടേയും ലക്ഷ്യം കൈമണി തന്നെയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ തീവ്രവാദപ്രവര്‍ത്തനത്തിനായി നാടുവിട്ടുപോയത് കേരളത്തില്‍ നിന്നാണെന്നു കൊച്ചു കുട്ടികള്‍ക്കുപോലുമറിയാം. സ്ത്രീകള്‍ക്കു നേരേ നടക്കുന്ന അതിക്രമങ്ങളിലും മോശമല്ലാത്ത സ്ഥാനം കേരളത്തിനുണ്ട്. മയക്കുമരുന്നിന്റെ കാര്യത്തിലും ഒന്നാംസ്ഥാനത്തിനായി നമ്മള്‍ മത്സരിച്ചുകൊണ്ടിരിക്കുന്നു. ഇതൊക്കെ എല്ലാവര്‍ക്കുമറിയാമെന്നിരിക്കേ ഈ രണ്ടു കവികളും മാത്രം ഇക്കാര്യങ്ങളെക്കുറിച്ചൊന്നുമറിഞ്ഞു കൂടാത്ത നിരക്ഷരന്മാരായി ഭാവിച്ചിരിക്കുന്നു. അവര്‍ കേരളത്തിന്റെ മാഹാത്മ്യം പുകഴ്ത്തിപുകഴ്ത്തി കവിതയെ കൊല്ലുന്നത് മാതൃഭൂമിയുടേയും ദേശാഭിമാനിയുടേയും പേജുകളില്‍ വായിക്കാം. ഒരുവിധം നന്നായി എഴുതിക്കൊണ്ടിരുന്ന കുരീപ്പുഴ തന്റെ രാഷ്ട്രീയഭ്രാന്തിനു വേണ്ടി മുദ്രാവാക്യമെഴുതാന്‍ തുടങ്ങിയപ്പോള്‍ കവിത പടിയിറങ്ങിപ്പോകുന്നത് കേരളനില്‍ കാണാം. സത്യസന്ധമല്ലാത്ത എഴുത്ത് ഒരു പാപകര്‍മ്മമാണ്.






















