സുസ്ഥിര വികസനത്തിന്റെയും പരിസ്ഥിതി സൗഹൃദ വികസനത്തിന്റെയും വക്താവും പ്രയോക്താവുമായിരുന്നു ഈയിടെ അന്തരിച്ച പ്രൊഫ. മാധവ് ഗാഡ്ഗില്‍. കേരളത്തിന്റെ ഭൂപ്രകൃതിയെയും വികസന പരിപ്രേക്ഷ്യത്തെയും കുറിച്ച് ആഴത്തില്‍ പഠിച്ച ജനകീയനായ ശാസ്ത്രജ്ഞനെന്ന നിലയിലാണ് ഗാഡ്ഗില്‍ എന്ന പേര് പ്രശസ്തമായത്. ശാസ്ത്ര മികവിനു പുറമേ, പശ്ചിമഘട്ടത്തെക്കുറിച്ചുള്ള വിപുലമായ പരിജ്ഞാനവും, ഗോത്രവര്‍ഗ ജനതയുടെ ഉന്നമന ലക്ഷ്യത്തോടുള്ള ആഭിമുഖ്യവും, പ്രകൃതി സംരക്ഷണം കൈവരിക്കുന്നതിനുള്ള ജനാധിപത്യ സമീപനങ്ങളിലുള്ള ഉറച്ച വിശ്വാസവുമാണ് അദ്ദേഹത്തിന് ജനമനസ്സില്‍ ഇടം നേടിക്കൊടുത്തത്.
ജീവിതയാത്രയുടെ ആരംഭത്തില്‍ മഹാരാഷ്ട്രയിലെ ഒരു ജലവൈദ്യുത പദ്ധതി സന്ദര്‍ശിക്കാന്‍ സാമ്പത്തികശാസ്ത്രജ്ഞനും രാഷ്ട്രതന്ത്രജ്ഞനുമായ പിതാവിനൊപ്പം മാധവ് ഗാഡ്ഗിലും പോയിരുന്നു. അവിടെ ചുറ്റുമുള്ള പ്രദേശങ്ങളില്‍ അന്ന് വനനശീകരണം വ്യാപകമായിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച ഉദാസീന നയത്തെ ഗാഡ്ഗിലിന്റെ പിതാവ് പലപ്പോഴും ചോദ്യം ചെയ്തിരുന്നു. മകനോടായി അദ്ദേഹം പറഞ്ഞു: ‘ഭാരതം വ്യാവസായികമായി പുരോഗമിക്കാന്‍ നമുക്ക് ഈ പദ്ധതി ആവശ്യമാണ്. പക്ഷേ, അതിന് പരിസ്ഥിതിയെയും പരിസരവാസികളെയും ബലി നല്‍കേണ്ടതില്ല. പ്രകൃതിയോടുള്ള സ്‌നേഹത്തോടൊപ്പം മനുഷ്യരോടുള്ള സഹാനുഭൂതിയും വളരെ ചെറുപ്പത്തില്‍ തന്നെ മാധവ് ഗാഡ്ഗിലിന്റെ മനസ്സില്‍ നിറഞ്ഞുനിന്നു. അത്തരം അനുഭവങ്ങളാണ് പരിസ്ഥിതി ശാസ്ത്രത്തോടുള്ള അദ്ദേഹത്തിന്റെ സമീപനത്തെ രൂപപ്പെടുത്തിയത്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ ഹാളുകളില്‍ നിന്ന് ഭാരത സര്‍ക്കാരിന്റെ ഉന്നത തലങ്ങളിലേക്ക് അദ്ദേഹത്തെ എത്തിച്ച ആറ് പതിറ്റാണ്ട് നീണ്ടുനിന്ന ശാസ്ത്ര ജീവിതത്തില്‍ ഗാഡ്ഗില്‍ എപ്പോഴും സ്വയം ‘ജനങ്ങളുടെ ശാസ്ത്രജ്ഞന്‍’ ആയി കണക്കാക്കിയിരുന്നു. 1969-ല്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി പൂര്‍ത്തിയാക്കിയ ശേഷം, അല്പകാലം അധ്യാപകനായി. പൂനെയിലെ അഗാര്‍ക്കര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലും സേവനമനുഷ്ഠിച്ചു. 1973-ല്‍ അദ്ദേഹം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (ഐഐഎസ്‌സി) സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സ്റ്റഡീസില്‍ അധ്യാപകനായി ചേര്‍ന്നു. 1983-ല്‍, കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ പിന്തുണയോടെ ഐഐഎസ്‌സിയില്‍ പരിസ്ഥിതി ശാസ്ത്ര കേന്ദ്രം സ്ഥാപിച്ചു. മൃഗങ്ങളുടെ പെരുമാറ്റത്തെയും പരിസ്ഥിതി ശാസ്ത്രത്തെയും കുറിച്ചുള്ള പഠനത്തിന് പരിണാമപരമായ വ്യാഖ്യാനം അവതരിപ്പിച്ചതിന്റെ ബഹുമതി പ്രൊഫസര്‍ ഗാഡ്ഗിലിനുണ്ട്. സൈദ്ധാന്തിക പരിസ്ഥിതി ശാസ്ത്രം, സസ്യ പരിസ്ഥിതി ശാസ്ത്രം, വന്യജീവി പരിസ്ഥിതി ശാസ്ത്രം, മനുഷ്യ പരിസ്ഥിതി ശാസ്ത്രം, പാരിസ്ഥിതിക ചരിത്രം എന്നിവയുള്‍പ്പെടെ നിരവധി മേഖലകളില്‍ പ്രൊഫസര്‍ ഗാഡ്ഗിലിന്റെ അക്കാദമിക് സംഭാവനകള്‍ നിറഞ്ഞുനില്‍ക്കുന്നു. ശാസ്ത്രീയ രചനകള്‍, കേന്ദ്ര സര്‍ക്കാരിന്റെ വിവിധ നയരൂപീകരണ സമിതികളിലെ ഇടപെടല്‍, ഐക്യരാഷ്ട്രസഭയുടെ ഗ്ലോബല്‍ എന്‍വയോണ്‍മെന്റ് ഫെസിലിറ്റി പോലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ എന്നിവയിലൂടെ അദ്ദേഹം പ്രകൃതി സംരക്ഷണത്തിന്റെ വേറിട്ട വഴി തുറന്നു. പിന്നീട് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്ന പേരില്‍ പ്രസിദ്ധമായ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധ റിപ്പോര്‍ട്ട് (2011) തയ്യാറാക്കുന്നതിന് അദ്ദേഹം നേതൃത്വം നല്‍കി.
കേരളത്തിന്റെ കാലാവസ്ഥ, പശ്ചിമഘട്ടത്തിലെ ഭൂമിയുടെ ചെരിവ്, ജനവാസ കേന്ദ്രങ്ങള്‍, വികസനം, ആനത്താര, പുലിത്താര, വിവിധയിനം വനങ്ങള്‍, ഭൂചലനം, അണക്കെട്ടുകള്‍, വനവാസിജീവിതം, നദികളുടെ ഉത്ഭവം, വംശനാശം നേരിടാവുന്ന സസ്യങ്ങള്‍, ജന്തുക്കള്‍, വ്യവസായങ്ങള്‍, ജീവനോപാധികള്‍ എന്നിവയെല്ലാം കണക്കിലെടുത്തു തയ്യാറാക്കിയ ശാസ്ത്രീയമായ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തിലെ ജനങ്ങള്‍ തങ്ങളുടെ ശാസ്ത്രീയ അറിവില്ലായ്മയും തല്പരകക്ഷികളുടെ ഇടപെടല്‍ മൂലവും കേരള സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി തള്ളിക്കളഞ്ഞു. ഒരാളെ പോലും കുടിയിറക്കുമെന്നോ, ഒരാള്‍ക്കുപോലും ജീവനോപാധി നഷ്ടമാകുമെന്നോ പറയാത്ത ആ റിപ്പോര്‍ട്ട് ജനവിരുദ്ധമാണെന്നും അതിലെ നിര്‍ദേശങ്ങള്‍ നടപ്പായാല്‍ കര്‍ഷകര്‍ക്ക് ഹൈറേഞ്ചില്‍ ജീവിക്കാനാകില്ലെന്നും പറഞ്ഞു പരത്തി അതിനെതിരെ പലരും കുരിശുയുദ്ധം തന്നെ നടത്തി. ഹൈറേഞ്ചില്‍ സുരക്ഷിതമായ മനുഷ്യവാസം സാധ്യമാക്കാന്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ അക്കമിട്ടു നിരത്തിയ ആ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞാല്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് അദ്ദേഹം മലയാളികളെ ഓര്‍മപ്പെടുത്തി. അന്ന് അദ്ദേഹത്തെ വ്യക്തിപരമായി പോലും പലരും അധിക്ഷേപിച്ചു. ഹൈറേഞ്ചില്‍ പ്രകൃതി വിഭവങ്ങള്‍ സംയമനത്തോടെ ഉപയോഗിച്ചില്ലെങ്കില്‍, ജീവിക്കാന്‍ വേണ്ടി ഹൈറേഞ്ച് കയറിയവര്‍ക്ക് പ്രാണരക്ഷാര്‍ത്ഥം അവിടെ നിന്നും ഇറങ്ങേണ്ടിവരാം എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 1997-1999 കാലഘട്ടത്തില്‍ നടന്ന ജൈവ വൈവിധ്യ രജിസ്റ്റര്‍ നിര്‍മാണത്തിന്റെ റിസോഴ്‌സ് പേഴ്‌സനായി ചേരുമ്പോള്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ അവിടെ പരിശീലനം നല്‍കാന്‍ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. കേരളത്തില്‍ ഒരു ജില്ലാ പഞ്ചായത്തിലെ എല്ലാ പഞ്ചായത്തുകളിലും ജൈവവൈവിധ്യ രജിസ്റ്റര്‍ ഉണ്ടാക്കുന്നത് ആദ്യമായിട്ടായിരുന്നു. അതിനായി സ്വീകരിച്ച രീതിശാസ്ത്രം പ്രൊഫ. മാധവ് ഗാഡ്ഗില്‍ അവതരിപ്പിച്ചു പ്രസിദ്ധി നേടിയ ഒന്നായിരുന്നു. ആയിരക്കണക്കിന് റിസോഴ്‌സ് പേഴ്‌സണുകളെ പരിശീലിപ്പിക്കാനുള്ള അധ്യാപകര്‍ക്ക് പ്രൊഫ. മാധവ് ഗാഡ്ഗില്‍ അവിടെ നേരിട്ട് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ലോക പ്രശസ്തനായ ആ ശാസ്ത്രജ്ഞന്റെ കീഴില്‍ പരിശീലനം നേടാന്‍ അവസരം കിട്ടിയപ്പോഴാണ് പ്രൊഫ. ഗാഡ്ഗിലിന്റെ അറിവും, എളിമയും, ലാളിത്യവും, ഗഹനമായ ശാസ്ത്രവീക്ഷണങ്ങളും അടുത്തറിയാന്‍ ഈ ലേഖകന് അവസരം ലഭിച്ചത്. അത് ജീവിതത്തിലെ വലിയ ഭാഗ്യമായി കണക്കാക്കുന്നു.
പ്രൊഫ. മാധവ് ഗാഡ്ഗില്‍ 200-ലധികം പിയര്‍-റിവ്യൂഡ് ജേര്‍ണല്‍ പ്രസിദ്ധീകരണങ്ങളും, ആറ് പുസ്തകങ്ങളും, ധാരാളം ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. മഹാരാഷ്ട്രയിലെ കര്‍ഷക സഹകരണ പ്രസ്ഥാനത്തിന്റെ വികസനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് 2008-ല്‍ ഭാരത സര്‍ക്കാര്‍ ഒരു സ്മാരക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി അദ്ദേഹത്തിന്റെ സേവനങ്ങളെ ആദരിച്ചു. ആസൂത്രണ കമ്മീഷന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ ആയിരുന്നതിനാല്‍ ഭാരതത്തിന്റെ മൂന്നാം പഞ്ചവത്സര പദ്ധതി ‘ഗാഡ്ഗില്‍ യോജന’ എന്നറിയപ്പെടുന്നു. ഘട്ടം ഘട്ടമായുള്ള ഈ പഞ്ചവത്സര പരിപാടി 1961 മുതല്‍ 1966 വരെ നീണ്ടുനിന്നു. രാജ്യത്തെ സാമ്പത്തികമായി സ്വതന്ത്രമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പദ്ധതി. ഭാരതത്തിന്റെ ജൈവവൈവിധ്യ നിയമത്തിന്റെ (2002) പ്രധാന ശില്പിയായിരുന്നു അദ്ദേഹം. പ്രാദേശിക അറിവ് രേഖപ്പെടുത്തുന്നതിനും വിഭവ മാനേജ്‌മെന്റില്‍ സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനുമായി ‘ജനങ്ങളുടെ ജൈവവൈവിധ്യ രജിസ്റ്ററുകള്‍’ എന്ന ആശയത്തിന് ഗാഡ്ഗില്‍ നേതൃത്വം നല്‍കി. അരികുവല്‍ക്കരിക്കപ്പെട്ട ജനങ്ങളെ സംരക്ഷിക്കുന്നതിനും, വനങ്ങള്‍ മുതല്‍ തണ്ണീര്‍ത്തടങ്ങള്‍ വരെയുള്ള ആവാസവ്യവസ്ഥയുടെ സമൂഹാടിസ്ഥാനത്തിലുള്ള സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും, ഉയര്‍ന്ന തലത്തില്‍ നയരൂപീകരണത്തെ സ്വാധീനിക്കുന്നതിനും അദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ സഹായിച്ചിട്ടുണ്ട്. ശാന്തി സ്വരൂപഭട്‌നഗര്‍ അവാര്‍ഡ് (1986), അമേരിക്കന്‍ ദേശീയ ശാസ്ത്ര അക്കാദമിയുടെ വിദേശ അസോസ്സിയേറ്റ് (1991), ബ്രിട്ടീഷ് പാരിസ്ഥിതിക സൊസൈറ്റിയുടെ വിശിഷ്ടാംഗത്വം, ഇക്കോളജി സൊസൈറ്റി ഓഫ് അമേരിക്കയിലെ വിശിഷ്ടാംഗത്വം, ഹവാര്‍ഡ് യൂണിവേഴ്‌സിറ്റി സെന്റിനെല്‍ മെഡല്‍ (2002), വോള്‍വോ എന്‍വയോണ്‍മെന്റ് പ്രൈസ് (2003), ടൈലര്‍ പ്രൈസ് ഫോര്‍ എന്‍വയോണ്‍മെന്റല്‍ അച്ചീവ്‌മെന്റ് (2015), യുഎന്‍ ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത് (2024) തുടങ്ങി നിരവധി അംഗീകാരങ്ങള്‍ മാധവ് ഗാഡ്ഗിലിന് ലഭിച്ചിട്ടുണ്ട്. 1981 ല്‍ പത്മശ്രീയും, 2006 ല്‍ പത്മഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
1942-ല്‍ ജനിച്ച പ്രൊഫസര്‍ മാധവ് ഗാഡ്ഗില്‍ ഇക്കഴിഞ്ഞ ജനുവരി 7 ന് പൂനെയിലാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ ശാസ്ത്രീയ വീക്ഷണങ്ങളും, കണ്ടുപിടുത്തങ്ങളും കാഴ്ചപ്പാടുകളും എന്നെന്നും സ്മരിക്കപ്പെടും. കേരളത്തിന്റെ നിലനില്‍പ്പിനും അതിന്റെ ഭൂമിശാസ്ത്രപരമായ അതിജീവനത്തിനും വേണ്ടി അദ്ദേഹം നടത്തിയ ഗവേഷണങ്ങളും പഠനങ്ങളും എക്കാലവും ശാസ്ത്ര സമൂഹം നന്ദിയോടെ ഓര്‍ക്കും.
(കാസര്‍കോട് കേന്ദ്ര സര്‍വകലാശാല കോര്‍ട്ട് & അക്കാദമിക് കൗണ്‍സില്‍ അംഗമാണ് ലേഖകന്)






















