മുന്‍കരസേനാ മേധാവിയുടെ പുസ്തകം ഉയര്‍ത്തിക്കാട്ടി രാജ്യസുരക്ഷയില്‍ വീഴ്ചയുണ്ടായതായി ആരോപിച്ചു പ്രതിപക്ഷം പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി അലങ്കോലപ്പെടുത്തുകയാണ്. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിനെ ആക്രമിക്കുമ്പോള്‍ കോണ്‍ഗ്രസ് ഭരണകാലത്ത് രാജ്യസുരക്ഷയില്‍ സംഭവിച്ച വീഴ്ചകള്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടും.
വീരേന്ദര്‍ സിംഗ്, സുബേദാര്‍ ബന്നാ സിംഗ് എന്നീ രണ്ട് പട്ടാളക്കാരാണ് സിയാചിനിലെ പാക് പോസ്റ്റ് കണ്ടെത്തി അവരെ തുരത്തിയോടിച്ചത്. അതിന് മുന്നേ പാകിസ്ഥാനോട് ഈ പോസ്റ്റുകളില്‍ യുദ്ധം ചെയ്ത നമ്മുടെ പട്ടാളക്കാരുടെ സംഘം ഏറെക്കുറെയൊക്കെ വീരമരണം പുല്‍കിയിരുന്നു. സിയാചിന്‍, സൈനികര്‍ക്ക് പെട്രോളിങ്ങിന് ഏറ്റവും കഠിനമായ പ്രദേശമാണ്. അവിടത്തെ കൊടുംതണുപ്പ് സഹിച്ച് നില്‍ക്കുക എന്ന് പറഞ്ഞാല്‍ അതിലും കഠിനം. എന്നിട്ടും നമ്മള്‍ ഈ ഹിമപരപ്പ് നേടാനായി പൊരുതി. കാരണം സിയാചിന്റെ മേല്‍ക്കൈ ആര്‍ക്കുണ്ടോ അവര്‍ക്ക് അതിര്‍ത്തിയുടെ ആധിപത്യം നേടാനാവും.
ബന്നാ സിംഗും വീരേന്ദര്‍ സിംഗും ജീവന്‍ പണയം വെച്ച് സിയാചിന്‍ നേടിയ കാലത്ത് ഇറ്റാലിയന്‍ വംശജയായ സോണിയ ഗാന്ധി രാഷ്ട്രീയത്തിന്റെ ഏഴയലത്ത് എത്തിയിരുന്നില്ല. എന്നിട്ടും അവര്‍ ഇന്ത്യ കര്‍ട്ടന് പുറകില്‍ നിന്ന് ഭരിച്ചിരുന്ന കാലത്ത് സിയാചിനില്‍ നിന്നും ഇന്ത്യന്‍ സൈനികരെ പിന്‍വലിപ്പിച്ച് പാകിസ്ഥാനുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ തീരുമാനിച്ചു. ഇക്കാര്യം വെളിപ്പെടുത്തിയത് അന്നത്തെ കരസേനാ മേധാവിയായിരുന്ന ജെ.ജെ. സിംഗാണ്. സോണിയ ഗാന്ധി ആര്‍മി ചീഫായ ജെ.ജെ. സിംഗിനോട് ഇതിനെക്കുറിച്ച് ചര്‍ച്ച പോലും ചെയ്യാതെയാണ് ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തിയത് എന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം. അന്നത്തെ വിദേശകാര്യ സെക്രട്ടറിയായിരുന്ന ശ്യാം ചരണ്‍ സിംഗും സോണിയ ഗാന്ധിയുടെ ഈ പദ്ധതിയെക്കുറിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ജെ.ജെ. സിംഗ് ഇതിനെക്കുറിച്ച് പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്: ‘രാജ്യത്തിന്റെ അതിര്‍ത്തിയുടെ ഓരോ ഇഞ്ചും സംരക്ഷിക്കുന്നതില്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നു. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇത് മറന്ന് ഈ ഇന്ത്യന്‍ ഭൂമി, സിയാചിന്‍, പാകിസ്ഥാന് സമ്മാനമായി നല്‍കാന്‍ തയ്യാറായത് ഖേദകരമാണ്. ഇതിന് ശേഷം മറ്റൊരു സൈനികന്റെ പ്രസ്താവനയും വിവാദമായിരുന്നു. 2019ല്‍ എയര്‍ഫോഴ്‌സ് ചീഫായിരുന്ന ബി.എസ്. ധനോവയുടെ വെളിപ്പെടുത്തലായിരുന്നു അത്. മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനിലെ ഭീകര ക്യാമ്പ് തകര്‍ക്കാന്‍ അനുവാദം വേണമെന്ന് അന്നത്തെ എയര്‍ഫോഴ്‌സ് മേധാവി ഫാലി ഹോമി ആവശ്യപ്പെട്ടിരുന്നു. പക്ഷേ കോണ്‍ഗ്രസ് ഒന്നും ചെയ്യാതെ നിശ്ശബ്ദമായി ഇരിക്കുകയായിരുന്നു. ഇതിനു ശേഷം ഒരു സൈനിക മേധാവിയെ ചുറ്റിപ്പറ്റി വിവാദം വരുന്നത് ഇപ്പോഴാണ്. അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കാത്ത പുസ്തകമായ ‘Four- stars of Destiny’യിലെ ചില പരാമര്‍ശങ്ങളാണ് കോണ്‍ഗ്രസ് ഏറ്റുപിടിച്ചത്. 2020 ജൂണില്‍ ചൈനയുമായി നടന്ന ഗാല്‍വന്‍ സംഘര്‍ഷത്തിന് ശേഷം ആഗസ്റ്റ് മാസം അവസാനം ചൈനീസ് ടാങ്കുകള്‍ അതിര്‍ത്തി സമീപത്ത് എത്തിയെന്നും ആ സന്ദര്‍ഭത്തില്‍ എന്ത് നടപടിയെടുക്കണം എന്ന സംശയം നിലനിന്നതുകൊണ്ട് പ്രതിരോധ മന്ത്രിയെ സമീപിച്ചു എന്നുമാണ് അദ്ദേഹം പറയുന്നത്. ഒടുവില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രധാനമന്ത്രി മോദിയോട് അഭിപ്രായം ആരായുകയും പ്രധാനമന്ത്രി ‘ഉചിതമായത് എന്തും ചെയ്യാം’ എന്ന് മറുപടി നല്‍കി എന്നുമാണ് വിവാദ പരാമര്‍ശം.
2020 ആഗസ്റ്റ് 31 ചൈനീസ് ടാങ്കുകള്‍ വന്നു എന്നും അതിനെത്തുടര്‍ന്ന് ചൈനയെ എങ്ങനെ നേരിടണം എന്ന കാര്യത്തില്‍ ആശങ്ക വന്നു എന്നും അങ്ങനെയാണ് മന്ത്രി തലത്തില്‍ ബന്ധപ്പെതട്ടതും കാത്തിരുന്നതും എന്നുമാണ് നരവനെ തന്റെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്. മുന്‍പ് ഒരു യുദ്ധം ചൈനയുമായി ഉണ്ടായിട്ടുണ്ടെങ്കിലും പലപ്പോഴും അതിര്‍ത്തിയിലെ പെട്രോളിംഗ്, മറ്റ് സഹകരണങ്ങള്‍ എന്നിവയെല്ലാം പലപ്പോഴും സമാധാനപരമായിരുന്നു. 1993, 1996, 2005 എന്നീ വര്‍ഷങ്ങളില്‍ അന്നത്തെ ഗവണ്‍മെന്റുകള്‍ ഇന്ത്യ – ചൈന ബോര്‍ഡറില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുക്കാതിരിക്കാന്‍ കൊണ്ടുവന്ന സമാധാന കരാറുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ – ചൈനീസ് അതിര്‍ത്തിയില്‍ സൈനിക അഭ്യാസങ്ങള്‍ക്ക് പോലും വിലക്കുണ്ടായിരുന്നു.
2020 ജൂണ്‍ 15നാണ് ചൈനയുമായി ഗാല്‍വാന്‍ സംഘര്‍ഷം ഉടലെടുക്കുന്നത്. അപ്രതീക്ഷിതമായ സാഹചര്യത്തിലും ആയുധമില്ലാതെ കൈയും കല്ലും കൊണ്ട് പോരാടി നാല്‍പ്പതോളം ചൈനീസ് സൈനികരെ വധിച്ച ഇന്ത്യന്‍ സൈന്യത്തിന്റെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് വെറും അഞ്ച് ദിവസം കൊണ്ട് മോദി ഗവണ്‍മെന്റ് സമാധാന കരാറുകള്‍ പുനഃപരിശോധിച്ച് ഭേദഗതി ചെയ്യുകയുണ്ടായി. ഭേദഗതിയില്‍ പറഞ്ഞ പ്രധാന മാറ്റങ്ങളില്‍ സ്വതന്ത്രാധികാരമായിരുന്നു പ്രധാനം. ചൈനീസ് കടന്നുകയറ്റം ഉണ്ടായാല്‍ മേല്‍ ഉത്തരവുകള്‍ക്ക് കാത്തുനില്‍ക്കാതെ പ്രതികരിക്കാന്‍ ഫീല്‍ഡ് കമാന്‍ഡര്‍ക്ക് പൂര്‍ണ അധികാരം അതിലൂടെ നല്‍കി. മറ്റൊന്ന് അമിതമായ ചൈനീസ് പ്രകോപനമുണ്ടായാല്‍ അതിര്‍ത്തിയില്‍ ആയുധം ഉപയോഗിക്കുന്നതിന് സൈനികര്‍ക്ക് അനുമതി നല്‍കിയതായിരുന്നു. അതായത് അതിര്‍ത്തിയില്‍ ചൈന പ്രകോപനവുമായി വന്നാല്‍ ഇന്ത്യന്‍ സൈനികര്‍ക്ക്‌സാഹചര്യങ്ങള്‍ക്ക് അനുസൃതമായ നടപടികള്‍ സ്വീകരിക്കാം. 2020 ജൂണ്‍ 20ന് ഈ ഉത്തരവ് ഇറങ്ങി ഒരു മാസം കഴിഞ്ഞ് ചൈനീസ് ടാങ്കുകള്‍ കണ്ടപ്പോള്‍ ആര്‍മി ചീഫ് നടപടിയെടുക്കാന്‍ ആശങ്കപ്പെട്ടു എന്ന് പറയുന്നതില്‍ അടിസ്ഥാനമില്ല. പ്രധാനമന്ത്രിയോട് ആലോചിച്ചപ്പോഴും ഉചിതമായത് ചെയ്യൂ എന്ന നിര്‍ദ്ദേശം ലഭിച്ചു എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നതും. വസ്തുത ഇതാണെന്നിരിക്കെ രാഹുല്‍ രാജീവും അദ്ദേഹത്തിന്റെ കോണ്‍ഗ്രസ് പടയും എന്തിനാണ് പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നത് എന്നതിന് ഒറ്റ ഉത്തരമേയുള്ളൂ. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിശ്വാസ്യത തകര്‍ക്കുക എന്നതാണ് ലക്ഷ്യം. രാജ്യത്തിന്റെ സുരക്ഷാ സംവിധാനം അത്യധികം മികച്ച രീതിയില്‍ കൊണ്ടുപോകുന്ന മോദി സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വലിയ വിശ്വാസമുണ്ട്. അങ്ങനെയൊരു ഘട്ടത്തില്‍ മോദിയെ ലക്ഷ്യം വെയ്ക്കുന്നത്, അതും ദേശസുരക്ഷാ പ്രശ്‌നങ്ങളില്‍ ഉന്നം വെയ്ക്കുന്നത് അതിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ തന്നെയാണ്.
ഇന്ത്യ – ചൈന അതിര്‍ത്തി പ്രശ്‌നം ഉടലെടുക്കുമ്പോള്‍ തങ്ങളുടെ കഴിവുകേട് മറച്ചുവെയ്ക്കാന്‍ കോണ്‍ഗ്രസുകാര്‍ സ്ഥിരം ഇറക്കുന്ന ഒരു അടവാണ് 2020 ഗാല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ചൈന നമ്മുടെ ഭൂമി കൈയേറി എന്ന ആരോപണം. അരുണാചല്‍ പ്രദേശില്‍ ചൈന നമ്മുടെ ഭൂമി കൈയേറി വീടുകള്‍ നിര്‍മ്മിച്ചു എന്നാണ് രാഹുല്‍ അടക്കം പലപ്പോഴും ആരോപണം ഉന്നയിച്ചിരുന്നത്. അരുണാചലിലെ ഗ്രാമങ്ങള്‍ ചൈന കൈയേറിയത്. 1959ലെ ഇന്ത്യ-ചൈന സംഘര്‍ഷത്തിന് ശേഷമാണ്. ഇത് ലോങ്ക്ച്ചു സ്റ്റാന്‍ഡ് ഓഫ് എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയും ചൈനയും തമ്മിലുണ്ടായിരുന്ന മക്‌മോഹന്‍ രേഖയ്ക്ക് സമീപത്തുള്ള ലൈന്‍ ഓഫ് കണ്‍ട്രോള്‍ പ്രദേശമാണിത്. 1962ലെ യുദ്ധത്തിന് ശേഷം ചൈനയും ഇന്ത്യയും പ്രദേശത്ത് നിന്ന് പിന്‍വാങ്ങിയെങ്കിലും ചൈനീസ് പോസ്റ്റുകള്‍ അവിടെതന്നെയുണ്ടായിരുന്നു. നമ്മളാണെങ്കിലോ ചൈനയെ പിണക്കണ്ട എന്ന് കരുതി 10 കിലോമീറ്റര്‍ ഉള്ളിലേക്ക് പിന്‍വാങ്ങുകയായിരുന്നു.
രണ്ടായിരത്തിന് ശേഷം ചൈന കുറേക്കൂടി മുന്നിലേക്ക് പോസ്റ്റുകള്‍ സ്ഥാപിക്കുകയും കണ്‍സ്ട്രക്ഷന്‍ നടത്തുകയും ചെയ്ത സ്ഥലമാണ് ഇത്. ചൈന ഇങ്ങനെ ചെയ്യുന്നതില്‍ എല്ലാ കാലവും ഇന്ത്യ എതിര്‍പ്പറിയിച്ചിട്ടുമുണ്ട്. സാരി ചു എന്ന നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രദേശത്താണ് ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഈ പ്രദേശം 1959 മുതല്‍ക്ക് തന്നെ ചൈനീസ് അധിനിവേശത്തിലുമാണ്.
ചൈന നടത്തുന്ന ഈ നിര്‍മ്മാണപ്രക്രിയകള്‍ തര്‍ക്കഭൂമിയിലാണ് എന്നത് 2022-2023 കാലഘട്ടത്തില്‍ നമ്മുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കിയതാണ് എന്ന് മാത്രമല്ല, ഇന്ത്യയുടെ ഒരു തുണ്ട് ഭൂമി പോലും നഷ്ടപ്പെട്ടില്ല എന്നതും വ്യക്തമാക്കിയതാണ്. ജനറല്‍ നരവനേയും സ്ഥിരീകരിച്ചത് ചൈന നമ്മുടെ ഒരു തുണ്ട് ഭൂമിയും കൈവശപ്പെടുത്തിയില്ല എന്ന് തന്നെയാണ്. അങ്ങനെയുള്ളപ്പോള്‍ പ്രസിദ്ധീകരിക്കാത്ത, പ്രതിരോധ വകുപ്പിന്റെ ക്ലിയറന്‍സ് കിട്ടാത്ത ഒരു പുസ്തകം രാഹുലിന് എങ്ങനെ കിട്ടി എന്നത് അന്വേഷണ വിധേയമാക്കണം.
ഇന്ത്യക്കാരന്റെ മണ്ണ് ചൈനക്കാരനും പാകിസ്ഥാന്‍കാരനും അടിയറവെച്ച് കൊടുത്ത് സുഖിച്ചിരുന്ന കാലമൊക്കെ പോയി എന്ന് നെഹ്‌റു കുടുംബത്തിന് തിരിച്ചറിയാന്‍ കഴിയാത്തതിന്റെ പ്രശ്‌നമേ ഇന്ന് ഇന്ത്യയിലുള്ളൂ. അടുത്തിടെ രാഹുല്‍, പാര്‍ലമെന്റിലേക്കുള്ള പടവുകള്‍ കയറുകയായിരുന്ന ബിട്ടു സിംഗ് എന്ന മുന്‍ കോണ്‍ഗ്രസുകാരനായ, നിലവിലെ ബിജെപി എംപിയെ പരസ്യമായി ചതിയന്‍ എന്ന് വിളിച്ചു. അതേ സ്ഥലത്ത് നിന്ന് നൂറു കോടി ഇന്ത്യക്കാര്‍ക്ക് വേണ്ടി അദ്ദേഹം രാഹുലിന്റെ മുഖത്ത് നോക്കി പച്ചയ്ക്ക് ഒരു സത്യം അയാളുടെ വിദൂഷക സംഘം നോക്കി നില്‍ക്കെ തന്നെ വിളിച്ചു പറഞ്ഞു;
‘ആപ്പ് ദേശ് കി ദുശ്മന്‍’ (നീ ഈ രാജ്യത്തിന്റെ ശത്രുവാണ്).





















