യുഗങ്ങളായി ഹിന്ദുജനത പുലര്‍ത്തിവന്ന ജീവിത പദ്ധതിയിലെ ഭാവാത്മകമായ ഒരു ഏടാണ് മകര സംക്രമ ഉത്സവം. ഉല്ലാസവും പ്രചോദനവും പ്രദാനം ചെയ്യുന്ന ഉത്സവാന്തരീക്ഷത്തിലാണ് ആ ജനത ഓരോ ദിനവും ജീവിച്ചിരുന്നത്. കാര്‍ഷിക ജീവിതം പാലിച്ചുവന്ന അവര്‍ക്ക് പാടം പാകമാക്കല്‍ ദിനം, വിത്തിടല്‍ ദിനം, ഞാറ് നടല്‍ ദിനം, കളപറിക്കല്‍ ദിനം, കൊയ്ത്ത് ദിനം, കറ്റമെതിക്കല്‍ ദിനം എല്ലാം ഉത്സവങ്ങളായിരുന്നു. എന്നാല്‍ ചരിത്രത്തിന്റെ ഗതിവിഗതികളില്‍ സംഭവിച്ച വൈദേശികാക്രമണങ്ങളും, അധിനിവേശങ്ങളും ഹിന്ദുവിന്റെ സാമൂഹ്യ ജീവിതത്തില്‍ വിഭ്രാന്തികള്‍ സൃഷ്ടിക്കുകയും പോരാട്ടങ്ങളുടേയും ചെറുത്തുനില്‍പുകളുടേയും സാഹചര്യങ്ങളിലേക്ക് സമൂഹം വഴുതി മാറ്റപ്പെടുകയും ചെയ്തു. ദാരിദ്ര്യം കടന്നുവന്നു. ഹിന്ദുവിന്റെ മനഃശാസ്ത്രത്തില്‍ വ്യതിചലനങ്ങള്‍ സംഭവിച്ചു. ഉത്സാവന്തരീക്ഷം ഇല്ലാതായി. അവ ഓരോന്നായി നഷ്ടപ്പെട്ടു. ചിലതുമാത്രം ബാക്കിയായി.
തിമിര്‍ത്ത് ഉല്ലസിക്കുവാനുള്ളവയായിരുന്നില്ല ഹിന്ദുവിന്റെ ഉത്സവങ്ങള്‍. വ്യക്തിയേയും സമൂഹത്തേയും പുരോഗതിയിലേക്ക് നയിക്കാനുള്ള സന്ദേശങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകളായിരുന്നു അവ ഓരോന്നും. Going beyond the known and seekng the unknown അറിവുകള്‍ക്കപ്പുറം സഞ്ചരിച്ച്, അറിയാത്തതിനെ അന്വേഷിച്ചറിയാനുള്ള ത്വര വളര്‍ത്തി എടുക്കുക എന്നതായിരുന്നു ഉദ്ദേശ്യം.
സൂര്യായനത്തിന്റെ ഉത്സവമായ മകരസംക്രമം ചലന തത്ത്വമാണ് മുന്നോട്ട് വെയ്ക്കുന്നത്. സംക്രമം ചലനമാണ്. ജീവിതത്തിന്റെ തത്ത്വവും ചലനം തന്നെ. ഈ ചലനം കയറൂരി വിട്ട പരക്കം പാച്ചിലല്ല, ഒരു വ്യവസ്ഥയുടെ അച്ചടക്കത്തിന് വിധേയമായുള്ള സഞ്ചാരമാണ്. പ്രപഞ്ചത്തിന്റെ നിലനില്‍പുതന്നെ നിയന്ത്രിതമായ ചലനത്തിന്റെ ഫലമാണ്. നിയന്ത്രണം വിട്ടാല്‍ പ്രപഞ്ചം നാമാവശേഷമായിത്തീരുന്നു. യാതൊരു നിയന്ത്രണങ്ങള്‍ക്കും വഴങ്ങാതെ തന്നിഷ്ട സ്വാതന്ത്ര്യം പ്രഘോഷിക്കുന്ന ‘വേടന്മാര്‍ക്കും വൈതാളികര്‍ക്കും’ മകരസംക്രമം നല്‍കുന്ന മുന്നറിയിപ്പാണ് ഇത്.
സൂര്യന്‍ മകരം രാശിയിലേക്ക് സംക്രമിക്കുന്നതോടെ ഉത്തരായണം ആരംഭിക്കുന്നു. കുറഞ്ഞ ഇരുട്ട്, കൂടിയ വെളിച്ചം ഇതാണ് സന്ദേശം. ആലസ്യത്തില്‍ നിന്നും ഊര്‍ജ്ജസ്വലതയിലേക്കുള്ള ഉണര്‍വ്വ് എന്നതാണ് ആഹ്വാനം.രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദിവര്‍ഷത്തില്‍ ഈ ഓര്‍മ്മപ്പെടുത്തലിന് വലിയ പ്രാധാന്യമുണ്ട്.
സൂര്യന്‍ എന്നതുപോലെ ആകാശത്തിന്റെയും ഉത്സവമാണ് മകരസംക്രമം. എല്ലാ ജീവജാലങ്ങളും ആകാശത്തിന്റെ വിശാലതയില്‍ സന്തോഷം കണ്ടെത്തുന്നു. ഇടുങ്ങിയ ആകാശം അസ്വസ്ഥത ജനിപ്പിക്കുന്നു. കുറ്റവാളികളെ ഇടുങ്ങിയ ജയില്‍ മുറികളില്‍ താമസിപ്പിക്കുന്നത് അതുകൊണ്ടാണ്. കുറ്റവാളികള്‍ക്കും വികാര വിചാരങ്ങള്‍ ഉണ്ട് എന്ന നിരീക്ഷണ ഫലമായാണ് തുറന്ന ജയിലുകള്‍ ഉണ്ടായത്. ആകാശവിഹായസ്സില്‍ പാറിപ്പറക്കുന്നതിലാണ് പക്ഷികള്‍ക്ക് സന്തോഷം. വിശാല നീലിമയിലേക്ക് പട്ടം പറത്തി വിടുക എന്നത് പരമ്പരാഗതമായ മകരസംക്രമ വിനോദമാണ്. പക്ഷികള്‍ക്ക് സ്വയം നിയന്ത്രിക്കാനുള്ള കഴിവുണ്ട്, എന്നാല്‍ പട്ടങ്ങള്‍ക്ക് അതില്ല. അവ ഭൂമിയില്‍ നിന്നും ചരടിനാല്‍ നിയന്ത്രിക്കപ്പെടുന്നു. ചരടിന്റെ നിയന്ത്രണം നഷ്ടമായാല്‍, ലക്ഷ്യം തെറ്റി, അലഞ്ഞലഞ്ഞ് പട്ടം ഭൂമിയിലേക്കു തന്നെ പതിക്കുന്നു. നിയന്ത്രിത ചലനം എന്ന തത്ത്വമാണ് മകരസംക്രമ വിനോദവും നല്‍കുന്നത്.
നാം ജീവിക്കുന്ന ഇടമാണ് നമ്മുടെ ആകാശം. ചുവരുകളും വാതിലുകളും ഉണ്ടാക്കി വീട് വെച്ച്, നാം നമ്മുടെ ആകാശത്ത് ജീവിക്കുന്നു. മുന്‍കാലങ്ങളില്‍ സമീപത്തുള്ള ചെറിയ കടകളില്‍ പോയി ആവശ്യമുള്ളവ മാത്രം വാങ്ങി തൃപ്തിയോടെ നാം ജീവിച്ചുപോന്നു. എന്നാല്‍ ഇന്ന് ജനത ‘ഷോപ്പിംഗ് മാള്‍’ സംസ്‌കാരത്തിന് കീഴ്‌പ്പെട്ടപ്പോള്‍, ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ വസ്തുക്കള്‍ വാങ്ങി കൂട്ടി വീടിന്റെ മൂലകളും അലമാരകളും കുത്തിനിറച്ച് വീടെന്ന ആകാശത്തെ ശുഷ്‌ക്കിപ്പിക്കുകയും സ്വയം വിമ്മിഷ്ടം ഏറ്റുവാങ്ങുകയും ചെയ്യുന്നു. നാം ഓരോരുത്തരും നമ്മുടെ തന്നെ വീട്ടിലെക്കൊന്നു തിരിഞ്ഞു നോക്കിയാല്‍, അവിടുത്തെ പകുതിയോളം സാധനങ്ങളും ഒരിക്കല്‍ ഉപയോഗിച്ച് ഉപേക്ഷിച്ചവയോ, ആവശ്യമില്ലാത്തവയോ ആണെന്നു കാണാം. നാം നമ്മുടെ ഇടം സ്വയം ജയില്‍ സമാനമാക്കി അസ്വസ്ഥത ഏറ്റുവാങ്ങുന്നവരായി മാറുന്നു. ഉപഭോഗ സംയമനം എന്നതാണ് മകരസംക്രമം നല്‍കുന്ന മറ്റൊരു മഹത്തായ സന്ദേശം.
ശിശിരം വസന്തത്തിലേക്ക് സംക്രമിക്കുമ്പോള്‍, ലഭിച്ച വിളയുടെ സമൃദ്ധിയില്‍ ഭൂമിയോടുള്ള നന്ദി സൂചകമായും പരസ്പര സന്തോഷം പങ്കുവെയ്ക്കുന്നതിനും മധുരം കൈമാറ്റം ചെയ്തു ജനങ്ങള്‍ ആഘോഷവേള സൃഷ്ടിക്കുന്നു. പ്രത്യാശയുടെ ഓരോ പ്രഭാതവും താണ്ടി, പുതുവെളിച്ചത്തിന്റെ മറ്റൊരു മകരസംക്രമ നിമിഷത്തിലേക്ക് നമ്മുടെ ചലനം തുടരുന്നു.
ഭാരതവും മാറുകയാണ്; വികസനത്തിന്റെ പുതിയ ചക്രവാളത്തിലേക്ക് അത് കുതിക്കുകയാണ്. അറിവും കരുത്തും സംയമനവും ആര്‍ജ്ജിച്ച് അത് മുന്നോട്ടു നീങ്ങുന്നു. ലോകത്തിന് പ്രതീക്ഷയുടെ പൊന്‍വെളിച്ചം പകരുന്നു. ദരിദ്രവും അവികസിതവുമായ രാജ്യങ്ങളെ ചേര്‍ത്തു നിര്‍ത്തി അവര്‍ക്ക് സഹായമരുളിക്കൊണ്ട് ‘കൃണ്വന്തോ വിശ്വമാര്യം’ എന്ന സങ്കല്പത്തിലേക്ക് നടന്നടുക്കുന്നു. ഭാരതം ഉയരുന്നതോടൊപ്പം ലോകത്തേയും ഉയര്‍ത്തുന്നു.
ഇതിനൊക്കെ കാരണമായി വര്‍ത്തിക്കുന്നത് രാഷ്ട്രീയ സ്വയംസേവക സംഘം എന്ന മഹത്തായ സംഘടനയും അതില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ലക്ഷാവധി സ്വയംസേവകരുമാണ് എന്നത് ആനന്ദകരം തന്നെ.പഞ്ചപരിവര്‍ത്തനം എന്ന മഹത്തായ ആശയം പ്രാബല്യത്തില്‍ വരുത്തി രാഷ്ട്രത്തിന്റെ സമഗ്ര പരിവര്‍ത്തനത്തിന് ഊര്‍ജ്ജം പകരാന്‍ അതിന് സാധിക്കുമെന്ന് പ്രത്യാശിക്കുന്നു.
(രാഷ്ട്രീയ സ്വയംസേവക സംഘം, കോഴിക്കോട് വിഭാഗ് സഹ സംഘചാലക് ആണ് ലേഖകന്‍)






















