മലയാള സിനിമയിലെ ഒരു സഹ നടന്‍ എന്ന നിലയില്‍ നിന്ന് നായകനും, തിരക്കഥാകൃത്തും സംവിധായകനും സര്‍വ്വോപരി ബൗദ്ധിക സാന്നിധ്യവുമായി നിറഞ്ഞുനിന്ന പ്രതിഭയായ ശ്രീനിവാസന്‍ ലോക ചലച്ചിത്ര മേഖലയില്‍ കാലഘട്ടങ്ങളിലൂടെ സ്മരിക്കപ്പെടുക മലയാളത്തിലെ ‘ചലച്ചിത്ര ആക്ഷേപഹാസ്യകാരന്‍’ (Satirical film maker) എന്ന നിലയ്ക്കായിരിക്കും. ആദംമക്കെ (Adam Mc Kay) ഹോളിവുഡ് സിനിമകളിലെ ആക്ഷേപ ഹാസ്യത്തിന്റെ മുഖമുദ്ര ആയതുപോലെ, ശ്രീനിവാസന്‍ മലയാള ചലച്ചിത്രത്തിന്റെ രാഷ്ട്രീയമായി കുത്തിക്കയറുന്ന ആക്ഷേപഹാസ്യ നായകനാണ്. ശ്രീനിവാസന്‍ ചലച്ചിത്ര രംഗത്ത് വന്ന കാലത്തിനു തൊട്ടു മുന്‍പ് 1968 ല്‍ മാത്രം ജനിച്ച ആദം മക്കെ തിളങ്ങി നില്‍ക്കുന്നത് ആക്ഷേപഹാസ്യ ചിത്രങ്ങളിലൂടെയാണ്. ദ ബിഗ് ഷോര്‍ട്ട്, വൈസ് എന്നിങ്ങനെയുള്ള സിനിമകളിലൂടെ ലോക ജനതയെ ആക്ഷേപഹാസ്യത്തിലൂടെ നയിക്കുകയും അക്കാദമി അവാര്‍ഡ് നോമിനേഷന്‍ നേടുകയും ചെയ്ത ഹോളിവുഡ് ഫിലിം നിര്‍മ്മാതാവായ മക്കെ, പക്ഷേ അത്തരം സിനിമകളിലെ അഭിനയം കൂടി ഏറ്റെടുക്കുക എന്ന ദുഷ്‌കരമായ ദൗത്യം ചെയ്തിട്ടില്ല. അത് വിജയകരമായി നിര്‍വ്വഹിച്ച ഒരേയൊരാള്‍ മലയാള സിനിമയിലാവും ഉണ്ടാവുക. അയാളുടെ പേരാണ് ശ്രീനിവാസന്‍.
പി.എ. ബക്കറിന്റെ ‘മണി മുഴക്കം’ എന്ന സിനിമയിലൂടെ 1976 ല്‍ അരങ്ങത്ത് എത്തിയ ഒരു സഹനടന്‍, 225 ല്‍ പരം ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ ആത്മാവിനെ സ്പര്‍ശിച്ച കഥയാണ് ശ്രീനിവാസന്റെ ജീവചരിത്രം. അതേ പ്രതിഭയുടെ സ്പര്‍ശമുള്ള രണ്ട് പുത്രന്മാരെ – വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ – നമുക്ക് നല്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ അനിവാര്യമായ വിടവാങ്ങല്‍. ബക്കറിന്റെയും കെ.ജി. ജോര്‍ജ്ജിന്റെയും സിനിമകളിലൂടെയാണ് ശ്രീനിവാസന്‍ സാന്നിദ്ധ്യമറിയിച്ചത് എന്നതുതന്നെ അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നുണ്ട്. പിന്നീട് സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ ചേര്‍ത്ത് പിടിച്ചതിലൂടെ മലയാള സിനിമയുടെ മഹത്തായ ഒരു കാലഘട്ടത്തിന് തുടക്കമായി.
ആധുനിക മലയാള സിനിമയുടെ വികാസ ചരിത്രം വിലയിരുത്തുമ്പോള്‍, തുറന്ന വിമര്‍ശനങ്ങളിലൂടെയുള്ള ചിരികളിലൂടെ, വേദനയേറുന്ന സാമൂഹിക സത്യങ്ങളെ തുറന്നുകാട്ടിയ ഒരു നിര്‍ണ്ണായക ബൗദ്ധിക സാന്നിധ്യമായ തിരക്കഥാകൃത്തായി ശ്രീനിവാസന്‍ നിലകൊള്ളുന്നു. അദ്ദേഹത്തിന്റെ തിരക്കഥകള്‍ക്കൊപ്പം അഭിനേതാവ് എന്ന നിലയില്‍ സ്വയം ‘താഴ്ന്നുകൊണ്ട്’-നായകന്‍ എന്ന സങ്കല്‍പത്തിന്റെ ‘അജയ്യതാ ബോധത്തെ’ തകര്‍ത്ത്-ഉയര്‍ത്തിവിട്ട ചോദ്യങ്ങള്‍ മലയാളിക്ക് കടുത്ത ആത്മസംഘര്‍ഷങ്ങള്‍ ഉളവാക്കിയിട്ടുണ്ട് എന്ന് പറയാതെ വയ്യ. യുവാക്കളുടെ ഇടയില്‍ ഒരിടക്കാലത്ത് തരംഗമായിരുന്ന അരാഷ്ട്രീയ ബുദ്ധിജീവിത്വം ഒരു പരിധിവരെ ശ്രീനിവാസന്‍ ഉയര്‍ത്തിവിട്ട ചില ചോദ്യങ്ങളില്‍ നിന്നുളവായതായിരുന്നു. ഇന്നും ആ ആക്ഷേപ ഹാസ്യ വചനങ്ങള്‍ മലയാളി സസൂക്ഷ്മം മനസ്സില്‍ കാത്തുസൂക്ഷിക്കുന്നു. സിനിമ വെറും വിനോദത്തിനുള്ള കലാരൂപം മാത്രമല്ല; അവ സമൂഹത്തിന്റെ സ്വാഭാവിക സംഘര്‍ഷങ്ങളും ഇടത്തരം ജീവിതത്തിന്റെ മാനസിക സമ്മര്‍ദ്ദങ്ങളും രേഖപ്പെടുത്തുന്ന സാംസ്‌കാരിക രേഖകളാണ് എന്ന് അടിവരയിട്ടു പറഞ്ഞ ഒരേയൊരു ചലച്ചിത്രാക്ഷേപ ഹാസ്യകാരനാവും (Satirist Film Maker)- ശ്രീനിവാസന്‍.
പ്രമുഖരായ ഹോളിവുഡ് ആക്ഷേപഹാസ്യ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ സമൂഹത്തെയും രാഷ്ട്രീയത്തെയും ചലച്ചിത്ര വ്യവസായത്തെയും വിമര്‍ശിക്കാന്‍ ഇരുണ്ട നര്‍മ്മവും (dark comedy) വിരോധാഭാസവും ഉപയോഗിക്കാറുണ്ട്. പലപ്പോഴും ഇത്തരം നീക്കങ്ങള്‍ രാഷ്ട്രീയ അധികാരികളെ വല്ലാതെ ചൊടിപ്പിച്ചിട്ടുമുണ്ട്. ലോക സിനിമയില്‍ ഈ ഇനം രൂപക വിഭാഗത്തിലെ (Genre) ശ്രദ്ധേയരായ സംവിധായകരില്‍ സ്റ്റാന്‍ലി കുബ്രിക്, റോബര്‍ട്ട് ആള്‍ട്ട്മാന്‍, മെല്‍ ബ്രൂക്‌സ്, ആദം മക്കേ എന്നിവര്‍ക്കൊപ്പം ശ്രീനിവാസന് സ്ഥാനമുണ്ട്.
സ്റ്റാന്‍ലി കുബ്രിക്ക് പോലെയുള്ള ചില ശ്രദ്ധേയരായ പ്രധാന ഹോളിവുഡ് ആക്ഷേപഹാസ്യ എഴുത്തുകാരെയും ശ്രദ്ധേയമായ സിനിമകളും നിരീക്ഷിക്കുമ്പോള്‍ അവര്‍ പെര്‍ഫെക്ഷനിസ്റ്റ് (സമ്പൂര്‍ണ്ണത) സമീപനത്തിനും ഇരുണ്ട നര്‍മ്മത്തിനും (കഠിനമായ തമാശകളിലൂടെയുള്ള വിമര്‍ശം) പേരുകേട്ടവരായിരുന്നു എന്ന് മനസ്സിലാകും. സ്റ്റാന്‍ലി കുബ്രിക്ക് നിര്‍മ്മിച്ച സിനിമയായ ഡോ. സ്‌ട്രേഞ്ച്‌ലവ്-ഓര്‍ ഹൗ ഐ ലേണ്‍ഡ് ടു സ്റ്റോപ്പ് വറിയിംഗ് ആന്‍ഡ് ലവ് ദി ബോംബ്’ എന്നത് ശീതയുദ്ധത്തിന്റെയും ആണവ രാഷ്ട്രീയത്തിന്റെയും നേര്‍ക്ക് തുളച്ച് കയറിക്കൊണ്ട് ഒരു മാറ്റത്തിന്റെ നാഴികക്കല്ലായ കറുത്ത കോമഡിയും (Dark Comedy) മൂര്‍ച്ചയേറിയ ആക്ഷേപഹാസ്യവുമാണ്. അതേപോലെ തന്നെ ശ്രീനിവാസന്‍ നല്‍കിയ ‘സന്ദേശം’ എന്ന സിനിമയ്ക്കപ്പുറം ഒരു മൂര്‍ച്ചയേറിയ ആയുധം മലയാളത്തില്‍ കാണാനില്ല എന്നതാണ് വസ്തുത.
‘നവ ഹോളിവുഡ്’കാലഘട്ടത്തിലെ ഒരു പ്രധാന സിനിമാ നിര്‍മ്മാതാവായ റോബര്‍ട്ട് ആള്‍ട്ട്മാന്റെ സിനിമകളില്‍ പലപ്പോഴും കൂട്ടായ അഭിനേതാക്കളുടെ പരിശ്രമങ്ങളും പരസ്പരം ഇടിച്ച് കയറുന്ന സംഭാഷണങ്ങളും ഉണ്ടായിരുന്നു, ഇദ്ദേഹം വിവിധ അമേരിക്കന്‍ വ്യവസ്ഥാപിത സ്ഥാപനങ്ങളെ ലക്ഷ്യം വച്ചുള്ള ശക്തമായ ആക്ഷേപഹാസ്യ അന്തര്‍ധാര സൃഷ്ടിച്ച് വച്ചു. അദ്ദേഹത്തിന്റെ പ്രസിദ്ധ സൃഷ്ടികളില്‍ യുദ്ധത്തിനു നേര്‍ക്കുള്ള ആക്ഷേപഹാസ്യമായ മാഷ് (ങ.അ.ട.ഒ) ഹോളിവുഡ് സ്റ്റുഡിയോ സംവിധാനത്തിന്റെ മൂര്‍ച്ചയുള്ള വിമര്‍ശനമായ ‘ദി പ്ലെയര്‍’എന്നിവ ഉള്‍പ്പെടുന്നതായി കാണാം. ശ്രീനിവാസന്‍ നമ്മെ കൊണ്ടുപോയത് ഇത്തരത്തിലുള്ള ഒരു വീക്ഷണത്തിലേക്കായിരുന്നു. കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമകള്‍ തന്നെയായിരുന്നു, ശ്രീനിവാസന്‍ നമുക്ക് നല്കിയത് എന്ന് നിസ്തര്‍ക്കം പറയാം.
ലോക സിനിമകളിലെ ആക്ഷേപ ഹാസ്യങ്ങളില്‍ നിന്ന് വ്യതിരിക്തമായി ശ്രീനിവാസന്‍ തന്റെ സിനിമകളിലെ നായകരെ ഉപയോഗിക്കുന്നത് അന്യാദൃശമായാണ്. ശ്രീനിവാസന്റെ നായകര്‍ പരമ്പരാഗത അര്‍ത്ഥത്തിലുള്ള വീരതയുടെയോ മഹത്വത്തിന്റെയോ പ്രതിനിധികള്‍ അല്ല. അത്തരം ‘തരംതാഴ്ന്ന’ നായകനാവാന്‍ സ്വയം ഇറങ്ങിത്തിരിക്കുകയും ചെയ്തു അദ്ദേഹം.വടക്കുനോക്കിയന്ത്രം (1989) എന്ന സിനിമയിലെ തളത്തില്‍ ദിനേശന്‍ അസൂയയും അവിശ്വാസവും കൊണ്ട് സ്വയം തകര്‍ന്നുപോകുന്ന മധ്യവര്‍ഗ്ഗ പുരുഷന്റെ പ്രതീകമാണ്. ”നിനക്ക് എന്നെ വിശ്വസിക്കാനാവില്ലെങ്കില്‍ ഈ ബന്ധത്തിന് അര്‍ത്ഥമില്ല” എന്ന ഡയലോഗ് അവന്റെ ആത്മസംഘര്‍ഷത്തിന്റെ ഭാഷ്യമായി മാറുന്നുണ്ട്, എന്നാല്‍ സമൂഹത്തിലുള്ള നമ്മള്‍ ആ സിനിമയിലെ സന്ദേശത്തെ മാറിനിന്നുകൊണ്ട് കാണുന്നതായി ഭാവിച്ച് ചിരിച്ച് ആസ്വദിക്കുന്നു. ഇത് ശ്രീനിവാസന് മാത്രം സാധ്യമായ വിജയമാണ്.
ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് (1986) ഉണ്ടാക്കിയ, മലയാളി യുവാക്കളുടെ തൊഴിലില്ലായ്മയ്ക്കു നേരെയുള്ള അസ്ത്രം, എവിടൊക്കെ ചെന്ന് കൊണ്ടു എന്ന് ആരും ഇതുവരെ പഠിച്ചിട്ടില്ല. തനിക്കു വേണ്ടുന്ന തൊഴില്‍ സംബന്ധിച്ച തിരിച്ചറിവില്ലാത്ത മലയാളി യുവാവ് ഒരു ബിരുദം സമ്പാദിച്ച് സര്‍ക്കാര്‍ ജോലി മാത്രം നോക്കി അലയുന്ന കാലത്താണ് ഈ സിനിമ പുറത്തുവന്നത് എന്നോര്‍ക്കണം. ശരാശരി മധ്യമ ജീവിതം നയിക്കുന്ന മലയാളിയുടെ സ്വപ്‌നങ്ങളുടെ സിനിമാറ്റിക് പഠന ഗവേഷണ അവതരണമാണ് ഈ സിനിമ. ”ഒരിക്കല്‍ എങ്കിലും സ്വന്തമായി നില്‍ക്കണം” എന്ന ധ്വനി ആ കാലഘട്ടത്തിലെ യുവതലമുറയുടെ അടിസ്ഥാന ചിന്തയെ സ്വാധീനിച്ചിരിക്കാം. നാടോടിക്കാറ്റില്‍ കബളിപ്പിക്കപ്പെടുന്ന, യുവത്വത്തെ അവതരിപ്പിച്ചത് എത്ര കാലം കഴിഞ്ഞാലും മലയാളി മറക്കാനിടയില്ലാത്ത വിധമാണ് ‘വിജയാ നമുക്കെന്താടാ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്!’ എന്ന ചോദ്യം ഓരോ ഇന്‍വെസ്റ്റ്‌മെന്റിനും ഇറങ്ങുമ്പോള്‍ ശരാശരി മലയാളി ചോദിച്ചു പോകുന്ന തമാശയാണ്.
സാമൂഹിക രാഷ്ട്രീയ വിമര്‍ശനത്തിന്റെ കാര്യത്തില്‍ സന്ദേശം (1991) മലയാള സിനിമയിലെ ഒരു നിര്‍ണായക വഴിത്തിരിവാണ്. സന്ദേശം നല്‍കിയ സന്ദേശം ഇന്നും സമൂഹത്തില്‍ പ്രതിധ്വനിക്കുന്നത് നാം കാണുന്നു. ”ഇവിടെ ഇടതും വലതും തമ്മിലുള്ള വ്യത്യാസം പോസ്റ്ററിന്റെ നിറം മാത്രമാണ്” എന്ന് ആദ്യമായി നാം തിരിച്ചറിഞ്ഞതും ഈ സിനിമയിലൂടെയാണ്. പാര്‍ട്ടി അഥവാ അടിമ രാഷ്ട്രീയത്തിന്റെ വ്യാജ ധാര്‍മ്മികതയെ ലളിതമായ ഭാഷയില്‍ ‘സന്ദേശം’ വ്യക്തമാക്കുന്നു. എന്നാല്‍ അത് അരാഷ്ട്രീയതയോളം എത്തി നില്‍ക്കുന്നുമില്ല. കൊടിപിടിക്കുന്ന യുവാക്കള്‍ ജീവിതം മറക്കരുത് എന്നേ അദ്ദേഹം പറയുന്നുള്ളു. യാഥാസ്ഥിതിക ഇടതു ചിന്തയെ അദ്ദേഹം കടപുഴക്കി എറിയുന്നുണ്ട് എങ്കിലും അത് പുരോഗമനപരമാണ് എന്ന് ആശ്വസിക്കുന്നതിനും സിനിമ വഴിയൊരുക്കുന്നു. ഭാരതത്തിലെ എല്ലാ കാലത്തെയും മികച്ച നൂറ് സിനിമകള്‍ കണ്ടെത്തിയ ഐബി എന്‍ ലൈവ് പരിപാടിയില്‍ ‘സന്ദേശം’ തെരഞ്ഞെടുക്കപ്പെട്ടത് വെറുതെയല്ല.
ലോക സിനിമയിലെ മറ്റൊരു ആക്ഷേപ ഹാസ്യകാരനും തന്റെ സമൂഹത്തിനു നേര്‍ക്കുള്ള പാരഡികള്‍ക്ക് പേരുകേട്ട സിനിമാ നിര്‍മ്മാതാവുമായ മെല്‍ ബ്രൂക്‌സ്, ‘ബ്ലേസിംഗ് സാഡില്‍സിലും’, ‘യംഗ് ഫ്രാങ്കന്‍സ്‌റ്റൈനിലും’ ക്ലാസിക് മോണ്‍സ്റ്റര്‍ സിനിമകള്‍ പോലെയുള്ള രൂപക വിഭാഗങ്ങളെയും, ചരിത്ര കാലഘട്ടങ്ങളെയും ആക്ഷേപഹാസ്യമാക്കുന്നതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കൊന്നും കാണാത്ത ഒരു സമകാലികതയും പുരോഗമനത്വവും ശ്രീനിവാസന്‍ സിനിമകളില്‍ നിന്ന് ഉരുത്തിരിയിച്ച് കൊണ്ടുവന്നു. ഉദയനാണ് താരം എന്ന സിനിമ പലപ്പോഴും താരമാകാതെ പോകുന്ന യഥാര്‍ത്ഥ താരങ്ങള്‍ക്ക് എന്നും പ്രചോദനകരമാണെന്നത് പറയാതെ വയ്യ.
ശ്രീനിവാസന് ഹാസ്യം വെറും വിനോദമല്ല എന്ന് ഒറ്റ വരിയില്‍ പറയാം, അദ്ദേഹത്തിനത് വിമര്‍ശനത്തിന്റെ മൂര്‍ച്ചയേറിയ ഒരു ആയുധമാണ്. ചിന്താവിഷ്ടയായ ശ്യാമള (1998) നോക്കൂ, ശ്രീനിവാസന്റെ രചനയിലൂടെ സാമൂഹിക വിചിന്തനത്തിന്റെ വ്യാപ്തി കാണിക്കുന്നത് ഒരു പ്രധാന ഉദാഹരണമാണ്. ഒരാളുടെ മാനസികാരോഗ്യം സിനിമയില്‍ അപൂര്‍വമായി മാത്രം ചര്‍ച്ച ചെയ്തിരുന്ന ഒരു കാലത്ത് ആയിരുന്നു നിശബ്ദതയെ തന്നെ ഭാഷയാക്കിയ ചിന്താവിഷ്ടയായ ശ്യാമള ചലച്ചിത്രത്തിന്റെ അക്കാദമിക വായനയിലേക്ക് വളരെ പ്രസക്തമാക്കി കടത്തി വിട്ടത് എന്നോര്‍ക്കണം. ശ്രീനിവാസന്റെ തിരക്കഥകള്‍ നേരിട്ടുള്ള സദ്ഗുണ ഉപദേശങ്ങള്‍ നല്‍കുന്നില്ല തന്നെ. അദ്ദേഹം ഒന്നിനെപ്പറ്റിയും വിധി പ്രസ്താവിക്കുന്നുമില്ല; പകരം ലഭ്യമായ സാഹചര്യങ്ങള്‍ മുഖേന ഒരു ആശയം സൃഷ്ടിച്ച് അനുവാചകനെ വിഷമത്തോടെ അതേപ്പറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ സിനിമകള്‍ കാലാതീതമായി വായിക്കപ്പെടുന്നതാകുന്നത്. ഇത് ലോക സിനിമാകാരന്മാര്‍ക്ക് പലപ്പോഴും അപ്രാപ്യമായിരുന്നു. ശ്രീനിവാസനെ ഒരു തിരക്കഥാകൃത്ത് എന്നതിലുപരി ഒരു സാമൂഹിക വിമര്‍ശകനായും സാംസ്‌കാരിക ചരിത്രകാരനായും വിലയിരുത്തേണ്ടതുണ്ട് എന്ന് പ്രത്യേകം പറയേണ്ടതില്ല. അദ്ദേഹം എഴുതിയത് സിനിമയ്ക്കു വേണ്ടിയല്ല എന്നതും, സിനിമകളിലൂടെ എല്ലാവര്‍ക്കും നന്മകള്‍ ആശംസിക്കുന്നതും ഒരു സമൂഹം സ്വയം തിരിച്ചറിയുന്നതിനാലാണ് അദ്ദേഹത്തിന്റെ നിര്യാണം നമ്മെ ഇത്ര വേദനിപ്പിക്കുന്നത്.
ലോക സിനിമയില്‍ അലക്‌സാണ്ടര്‍ പെയ്ന്‍ നല്‍കിയ രാഷ്ട്രീയത്തെയും വിദ്യാഭ്യാസത്തെയും ലക്ഷ്യം വച്ചുള്ളതുമായ ‘ഇലക്ഷന്‍’ എന്ന സിനിമയും,’സിറ്റിസണ്‍ റൂത്ത്’ എന്ന ഗര്‍ഭഛിദ്ര കാര്യങ്ങളുടെ ചര്‍ച്ചയെക്കുറിച്ചും മറ്റുമുള്ള കടുത്ത ഹാസ്യവല്‍ക്കരണങ്ങള്‍ ശ്രീനിവാസന്‍ നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട്. കാലിക സിനിമകളിലൂടെ അമേരിക്കന്‍ സമൂഹത്തിന്റെ ആക്ഷേപഹാസ്യ ചിത്രീകരണങ്ങള്‍ക്ക് പേരുകേട്ടവരില്‍ മറ്റൊരു പ്രധാനിയായ ബാരി ലെവിന്‍സണ്‍ സംവിധാനത്തില്‍ ഇറങ്ങിയ ‘വാഗ് ദി ഡോഗ്’ എന്ന സിനിമ വന്നത്, ഒരു രാഷ്ട്രീയ ഉപദേഷ്ടാവും ഹോളിവുഡ് നിര്‍മ്മാതാവുമായ ഒരു വ്യക്തി, ഒരു പ്രസിഡന്‍ഷ്യല്‍ ലൈംഗിക അപവാദത്തില്‍ നിന്ന് പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ഒരു യുദ്ധം കെട്ടിച്ചമയ്ക്കുന്ന ഒരു ദര്‍ശനാത്മക രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമെന്ന നിലയിലാണല്ലോ. ഓരോ സിനിമയും ഓരോ തരം സന്ദേശങ്ങള്‍ നല്‍കുന്നിടത്ത്, ഇവയെല്ലാം ചേര്‍ത്ത് ഒരു സിനിമയില്‍ തന്നെ വിവിധ വിഷയങ്ങള്‍ തൊട്ട് കൊണ്ട് വൈവിധ്യമാര്‍ന്ന ചോദ്യങ്ങള്‍ ഉന്നയിച്ചതാണ് ശ്രീനിവാസനെ വ്യതിരിക്തനാക്കിയത്. പലപ്പോഴും തന്റെ ഒരു സിനിമ കൊണ്ട് ലോകത്തിന്റെ മിക്ക വിഷയങ്ങളും ശ്രീനിവാസന്‍ സ്പര്‍ശിച്ചു കാണിച്ചു.
മലയാള സിനിമയില്‍ അഭിനയത്തിന്റെ നാടകീയത ഒഴിവാക്കിയതും ശ്രീനിവാസന്‍ നല്‍കിയ തിരക്കഥകളാണ് എന്ന് പറയാം. എംടിയുടെ പോലുള്ള ശൈലിയില്‍ നിന്ന് അഥവാ സാഹിത്യോത്തമ പദവിയില്‍ നിന്ന് തിരക്കഥയെ അദ്ദേഹം മനുഷ്യ ഹൃദയങ്ങള്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ താഴേക്ക് കൊണ്ടുവന്നു. മലയാള സിനിമയില്‍ അഭിനയം എന്നത് അതിഭാവനയുടെയും വീരതയുടെയും പ്രകടനമെന്ന ധാരണയെ ശാന്തമായി, പക്ഷേ ഉറച്ച രീതിയില്‍ ചോദ്യം ചെയ്തു അദ്ദേഹം. സ്വയം ഗ്‌ളാമര്‍ താരമല്ല താന്‍ എന്നും കുഴിയില്‍ വീഴുന്നതിന്റെ ശക്തിയാണ് മറ്റുള്ളവരില്‍ വേഗമെത്തുക എന്നും മനസ്സിലാക്കിയ കലാകാരനാണ് ശ്രീനിവാസന്‍. ശരീരസൗന്ദര്യമോ നായകവീര്യമോ അല്ല, മനുഷ്യന്റെ ഉള്ളിലെ ദൗര്‍ബല്യങ്ങളാണ് അഭിനയത്തിലൂടെ പറയേണ്ടതെന്ന ബോധ്യമാണ് അദ്ദേഹത്തെ വേറിട്ടുനിര്‍ത്തിയത്. അതുകൊണ്ടുതന്നെ, ശ്രീനിവാസന്‍ അഭിനയിച്ച കഥാപാത്രങ്ങള്‍ ജീവിതം തന്നെയായി അനുഭവപ്പെട്ടു. അദ്ദേഹം നല്‍കിയ സാധാരണ മനുഷ്യരുടെ നായകത്വം ചെറിയ കാര്യമല്ല. പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമയൊക്കെ ഏറ്റവും താഴ്ന്ന തലത്തില്‍ നിന്നുള്ള ഉദാത്ത സന്ദേശങ്ങള്‍ നല്‍കിയത് മലയാളി ശ്രദ്ധയോടെ കണ്ട് ആസ്വദിച്ചു. നടന്‍ എന്ന നിലയില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍, പലപ്പോഴും സ്വയം എഴുതിയവ, മിക്കവാറും സാധാരണ മനുഷ്യരാണ്. കുടുംബനാഥന്‍, സര്‍ക്കാര്‍ ജീവനക്കാരന്‍, തൊഴിലില്ലാത്ത യുവാവ്, സാമ്പത്തിക ബുദ്ധിമുട്ടില്‍ പെടുന്ന ഭര്‍ത്താവ്. വടക്കുനോക്കി യന്ത്രം, മിഥുനം, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം അവതരിപ്പിച്ചത് വീരതയില്ലാത്ത, പക്ഷേ ആന്തരിക സംഘര്‍ഷങ്ങള്‍ നിറഞ്ഞ മനുഷ്യരെയാണ്. മലയാള സിനിമയില്‍ നായകന്‍ എന്നും വിജയിയും ധൈര്യവാനുമായിരിക്കണം എന്ന ധാരണയെ അദ്ദേഹം തകര്‍ത്തു കളയുകയും ആ ആശയത്തെ വിജയിപ്പിക്കുകയും ചെയ്തു. ഉദയനാണ് താരം എന്ന സിനിമയില്‍ താര ആരാധനയ്ക്കു നേരെ അദ്ദേഹമുയര്‍ത്തിയ കൊടുങ്കാറ്റില്‍ ഉലയാതിരിക്കാന്‍ പല താരങ്ങളും ബദ്ധപ്പെട്ടു എന്നതാണ് സത്യം. മൗനം പാലിച്ച് ആ സിനിമാക്കാലം കഴിച്ചു കൂട്ടുകയായിരുന്നു പലരും!
ഹാസ്യത്തിന്റെ മറവിലുള്ള ദുഃഖവും അദ്ദേഹം പകര്‍ന്നു തന്നു. ‘മറക്കണം, ഓര്‍മ്മിക്കാന്‍ വേണ്ടി ഞാനിപ്പോള്‍ ആര്‍ക്കും ഒന്നും ചെയ്തു കൊടുക്കാറില്ല’ എന്ന വാചകം ഇന്നും ഹൃദയങ്ങളില്‍ മുഴങ്ങുന്നുണ്ട്. ‘ഒരാളെ സ്‌നേഹിക്കാന്‍ മറ്റൊരാളുടെ അനുവാദമൊന്നും വേണ്ട’ എന്ന നിലപാട് നമുക്ക് ഹാസ്യമായി തോന്നിയെങ്കിലും അതിനുള്ളിലെ സത്യം ഭീകരമായി അനുരണനം ചെയ്തുകൊണ്ടിരുന്നു.
ശ്രീനിവാസന്റെ അഭിനയത്തിലെ ഏറ്റവും വലിയ ശക്തി ഹാസ്യവും ദുഃഖവും തമ്മിലുള്ള അതിരുകള്‍ മായ്ച്ചുകളയുന്നതിലാണ്. പൊന്മുട്ടയിടുന്ന താറാവ്, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, പഞ്ചവടിപ്പാലം തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം പ്രേക്ഷകരെ ചിരിപ്പിക്കുമ്പോഴും, അതിനകത്ത് സമൂഹത്തിന്റെ കഠിന യാഥാര്‍ത്ഥ്യങ്ങള്‍ ഒളിപ്പിച്ചിരുന്നു. ചിരി അവസാനിക്കുമ്പോള്‍ ബാക്കിയാകുന്നത് ഒരു അസ്വസ്ഥതയാണ്, അതാണ് ശ്രീനിവാസന്റെ അഭിനയ വിജയം.
വലിയ സംഭാഷണങ്ങളോ നാടകീയ ചലനങ്ങളോ ഇല്ലാതെ, ചെറിയ നോട്ടവും നിശബ്ദതയും കൊണ്ട് അര്‍ത്ഥം സൃഷ്ടിക്കുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. കണ്ണിലെ അസൂയ, മുഖത്തിലെ അസഹിഷ്ണുത, തോറ്റുപോകുന്ന മനുഷ്യന്റെ നിശബ്ദത ഇവയെല്ലാം അദ്ദേഹം സ്വാഭാവികമായി അവതരിപ്പിച്ചു. വടക്കുനോക്കി യന്ത്രം എന്ന ചിത്രത്തിലെ അസൂയ നിറഞ്ഞ ഭര്‍ത്താവിന്റെ രൂപം, അഭിനയത്തിലെ അതിരുകടക്കാത്ത പ്രകടനത്തിന്റെ മികച്ച ഉദാഹരണമാണ്. നൈതികമായി അപൂര്‍ണ്ണനായ കഥാപാത്രങ്ങള്‍ തന്നെ സൃഷ്ടിച്ച് കൊണ്ട് അദ്ദേഹം നമുക്ക് സിനിമ എന്ന കലയുടെ പൂര്‍ണ്ണാനുഭവം നല്‍കി.
ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഒരിക്കലും പൂര്‍ണ്ണമായി ‘നല്ലവന്‍’മാരായിരുന്നില്ലല്ലോ. അവര്‍ക്കുള്ളില്‍ സ്വാര്‍ത്ഥതയും ഭയവും പരാജയബോധവും ചിലപ്പോള്‍ കുടില ബുദ്ധിയും ഉണ്ടായിരുന്നു. സന്ദേശംപോലുള്ള രാഷ്ട്രീയ സറ്റയര്‍ ചിത്രങ്ങളില്‍ പോലും, അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ വിമര്‍ശകരായിരിക്കുമ്പോഴും മാനുഷികപരമായ പരിമിതികളുള്ളവരായിരുന്നു. ഈ അപൂര്‍ണ്ണതയാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ വിശ്വസനീയമാക്കുന്നത്. തനിക്കു സുബോധമുണ്ടെന്നു വ്യക്തമാക്കുന്നതിനായി ഒരു വഴുതനങ്ങ എടുത്ത് ‘ഇതൊരു മത്തങ്ങയല്ല’ (ചിത്രം) എന്ന് പറയാന്‍ ശ്രീനിവാസനെപ്പോലെ ഇനി മറ്റൊരാളില്ല!
തിരക്കഥാകൃത്ത് കൂടിയായതിനാല്‍, അഭിനയവും എഴുത്തും തമ്മിലുള്ള ഐക്യം അനായാസം അദ്ദേഹത്തിന് സാധ്യമായി. കഥാപാത്രത്തിന്റെ മാനസികാവസ്ഥയെ ആഴത്തില്‍ മനസ്സിലാക്കി അഭിനയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. സംഭാഷണത്തിന്റെ ഇടവേളകളിലും നിശബ്ദതകളിലും പോലും കഥാപാത്രത്തിന്റെ ചിന്തകള്‍ പ്രകടിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എഴുത്തും അഭിനയവും തമ്മിലുള്ള ഈ ഐക്യം, അദ്ദേഹത്തിന്റെ പ്രകടനങ്ങളെ സാധാരണ അഭിനയങ്ങളില്‍ നിന്ന് ഉയര്‍ത്തിനിര്‍ത്തിയിട്ടുണ്ട്. ഇതൊന്നും ലോക സിനിമയില്‍ പോലും കണ്ടിട്ടില്ലാത്ത തലങ്ങളാണ്. പക്ഷേ പലപ്പോഴും മായാ ഭ്രമങ്ങളെ മാത്രം ഉന്നതമായികാണുന്ന ലോക സിനിമ ഒന്ന് കുനിഞ്ഞ് താഴേക്ക് വന്ന് ശ്രീനിവാസനെ പോലൊരു ബഹുമുഖപ്രതിഭയെ പഠിക്കാത്തിടത്തോളം കാലം അദ്ദേഹം മലയാള സിനിമയുടെ മാത്രം മുതല്‍ക്കൂട്ടായി ഒതുങ്ങി നില്‍ക്കും.
ശ്രീനിവാസന്റെ അഭിനയം മലയാള സിനിമയ്ക്ക് നല്‍കിയ ഏറ്റവും വലിയ പാഠം ഇതാണ്: വീരതയില്ലാതെ തന്നെ ഒരു മനുഷ്യന് നായകനാകാം. അഭിനയത്തിലെ അമിതത്വങ്ങള്‍ ഒഴിവാക്കി, ജീവിതത്തിന്റെ സാധാരണത്വം തന്നെ കലാകാര്യമാക്കി മാറ്റിയ അദ്ദേഹം, ഒരു തലമുറക്ക് പുതിയ അഭിനയഭാഷ പഠിപ്പിച്ചു. ഇന്ന് ശ്രീനിവാസന്‍ നമ്മളോടൊപ്പം ഇല്ലെങ്കിലും, അദ്ദേഹം ജീവന്‍ നല്‍കി അവതരിപ്പിച്ച സാധാരണ മനുഷ്യര്‍ മലയാള സിനിമയില്‍ എന്നും ജീവിച്ചിരിക്കും. അല്ലെങ്കില്‍ നാം അവയെ ജീവിപ്പിക്കുക തന്നെ ചെയ്യും.






















