എം.ടി. വാസുദേവന്‍ നായര്‍ (ജീവചരിത്രം )
ഡോ.കെ. ശ്രീകുമാര്‍
മാതൃഭൂമി ബുക്‌സ്
പേജ്: 1008, വില: 1750
കഥാകാരന്‍, നോവലിസ്റ്റ്, തിരക്കഥാകാരന്‍, നാടകകൃത്ത്, സംവിധായകന്‍, പത്രാധിപര്‍ എന്നിങ്ങനെ സാഹിത്യത്തിന്റെ വ്യത്യസ്ത കൈവഴികളില്‍ അസൂയാര്‍ഹമാംവിധം മുന്നിട്ടുനിന്ന, രാജ്യമാകെ പ്രസിദ്ധനായ മലയാളിയുടെ അഭിമാനമായ, ഈയിടെ വിടപറഞ്ഞ എം.ടി. വാസുദേവന്‍ നായരുടെ ജീവചരിത്രം. പ്രശസ്ത സാഹിത്യകാരനും എം. ടിയുടെ സഹപ്രവര്‍ത്തകനുമായ ഡോ. കെ. ശ്രീകുമാറാണ് രചിച്ചിരിക്കുന്നത്.
പുന്നയൂര്‍ക്കുളത്തുകാരന്‍ നാരായണന്‍ നായര്‍ അധ്യാപകവൃത്തിയുമായാണ് കൂടല്ലൂരെത്തുന്നത്. പ്രസിദ്ധമായ മാടത്ത് തെക്കേപ്പാട്ടെ അമ്മുക്കുട്ടിയെ അദ്ദേഹം വിവാഹം ചെയ്യുന്നു. എസ്റ്റേറ്റിലെ ഉദ്യോഗം മതിയാകാതെ നാരായണന്‍ നായര്‍ സിലോണിലേക്കു പുറപ്പെടുമ്പോള്‍ അമ്മുക്കുട്ടി ഗര്‍ഭിണിയാണ്. പിന്നീട് കൊച്ചുമകനുമായി അവരും സിലോണിലെത്തുന്നു. അവനെ അവിടെ സ്‌കൂളില്‍ ചേര്‍ക്കുന്നു. തമിഴിലുള്ള അവന്റെ പഠനം അമ്മക്കു സഹിക്കാനായില്ല. രണ്ടാമത്തെ മകനും തമിഴില്‍ത്തന്നെ പഠിക്കേണ്ടി വരുമെന്നായപ്പോള്‍ മക്കളെയുമായി നാട്ടിലേക്കു മടങ്ങാന്‍ അമ്മാളുക്കുട്ടി തീരുമാനിച്ചു. ഒരുപക്ഷേ അമ്മയുടെ ആ ഉറച്ച തിരുമാനമാകണം അവരുടെ നാലാമത്തെ മകനായി പിറന്ന വാസുദേവനെ ലോകമറിയുന്ന സാഹിത്യകാരനാക്കിയത്.
വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ സാഹിത്യത്തിന്റെ നിത്യോപാസകനാണ് എം.ടി. സ്‌കൂള്‍ കാലത്തു തന്നെ അക്കിത്തവുമായി സഹവാസമുണ്ട്. ജ്യേഷ്ഠന്മാര്‍ നല്ല വായനക്കാരും എഴുതുന്നവരുമാണ്. സ്വാഭാവികമായും വാസുവിനും ആ ഗുണങ്ങള്‍ പകര്‍ന്നുകിട്ടി. പുസ്തകങ്ങള്‍ തേടിപ്പിടിച്ചു വായിച്ചു. അക്ഷരശ്ലോക മത്സരങ്ങളില്‍ സജീവമായി. കഥകളും ലേഖനങ്ങളും തുടര്‍ച്ചയായി എഴുതി.
പാലക്കാട് വിക്ടോറിയ കോളേജില്‍ പഠിക്കുമ്പോള്‍ വളര്‍ത്തുമൃഗങ്ങള്‍ എന്ന കഥക്ക് ലോകചെറുകഥാ മത്സരത്തില്‍ ഒന്നാം സമ്മാനം കിട്ടി. സമ്മാനം കിട്ടിയ അഞ്ഞൂറു രൂപ അപ്പോഴേക്കും തൊഴിലുപേക്ഷിച്ച് നാട്ടില്‍ പ്രാരാബ്ധക്കാരനായി മടങ്ങിയെത്തിയിരുന്ന അച്ഛനെ ഏല്‍പ്പിക്കുകയാണ് ചെയ്തത്. കഥയെഴുതി കിട്ടിയതാണെന്നു പറഞ്ഞു. ഇത്ര വലിയ തുക വിദ്യാര്‍ത്ഥിയായ മകന്‍ വെച്ചുനീട്ടിയപ്പോള്‍ ആ പിതാവ് വിസ്മയിച്ചിരിക്കണം. അത് കാണാനൊന്നും വാസു നിന്നില്ല. ഇവനെ പഠിപ്പിച്ച പണമുണ്ടായിരുന്നെങ്കില്‍ ഒരു തെങ്ങിന്‍തോപ്പ് വാങ്ങാമായിരുന്നു എന്ന് താന്‍ കേള്‍ക്കെ അച്ഛന്‍ പറയുന്നത് വാസു കേട്ടിട്ടുണ്ട്.
തൊഴിലന്വേഷിച്ചു നടന്ന അനിശ്ചിതത്വത്തിന്റെ കാലവുമുണ്ട്. പാലക്കാട്ടും പിന്നീട് കോഴിക്കോട്ടും പാരലല്‍ കോളേജ് അധ്യാപകനായി. അതിനിടയിലും നിരന്തരം എഴുതി. സ്വപ്‌നസാക്ഷാത്കാരമെന്നോണം മാതൃഭൂമിയില്‍ ജോലി കിട്ടുമ്പോള്‍ എം.ടി. നാലാളറിയുന്ന എഴുത്തുകാരനാണ്. നാലുകെട്ടിന് നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടുമ്പോള്‍ എം.ടിക്ക് ഇരുപത്തഞ്ച് വയസ്സേയുള്ളു
.
കോളേജിലെ സഹപ്രവര്‍ത്തകയും വിവര്‍ത്തകയുമായ പ്രമീളയെ ജീവിതസഖിയാക്കുന്നതോടെ ആ ജീവിതത്തില്‍ പുതിയൊരധ്യായത്തിനു തുടക്കമാവുന്നു. നഗരത്തില്‍ പണിത വീടിന് മകള്‍ സിതാരയുടെ പേരിട്ട് അങ്ങോട്ടു താമസം മാറ്റുന്നു. കാലം എന്ന നോവലിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിക്കുന്നു. വൈകാതെ ദാമ്പത്യജീവിതത്തില്‍ സ്വരച്ചേര്‍ച്ചയില്ലായ്മ രൂപപ്പെടുന്നു. വിവാഹമോചനം നേടുന്നു. അശാന്തമായ ജീവിതത്തിലേക്ക് നര്‍ത്തകിയായ സരസ്വതി കടന്നുവരുന്നു. അതോടെ സുവര്‍ണ്ണസ്ഥലികളിലൂടെയുള്ള വിസ്മയകരമായ ഒരൊഴുക്കായി ആ ജീവിതം മാറുന്നു.
സാഹിത്യനഗരമെന്ന് ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നതിന് എത്രയോ മുമ്പുതന്നെ പേരുകേട്ട സാഹിത്യകാരന്മാരുടെ വിഹാരകേന്ദ്രമായിരുന്നു കോഴിക്കോട്. വന്നവരെയൊന്നും തിരിച്ചുപോകാനനുവദിക്കാത്തവിധം ആകര്‍ഷിച്ചു നിര്‍ത്താന്‍ അസാമാന്യ വിരുതുള്ള നഗരമാണത്. അക്കൂട്ടത്തില്‍ പ്രഥമഗണനീയനായിരുന്നു എം.ടി. ആകാശവാണിയിലും വിവിധ പത്രസ്ഥാപനങ്ങളിലും മറ്റുമായി തൊഴിലന്വേഷിച്ചു വന്നവരാണ് നഗരത്തിലെ സാഹിത്യകാരന്മാര്‍ ഒട്ടുമിക്കവരും. ദിനേന തമ്മില്‍ കാണുകയും സാഹിത്യസംവാദങ്ങളിലേര്‍പ്പെടുകയും പ്രതിവാരചര്‍ച്ചകള്‍ക്കായി സ്ഥിരം സംവിധാനമുണ്ടാക്കുകയും ചെയ്തവരാണവര്‍. ആഴത്തിലുള്ള സൗഹൃദങ്ങളുടെ വസന്തകാലം. രണ്ടുപേര്‍ ചേര്‍ന്ന് ഒരു നോവലെഴുതുക എന്ന കൗതുകവും അതിന്റെ ഫലമായുണ്ടായി. അതിലൊരാള്‍ എം.ടി. യായിരുന്നു. അപരന്‍ എന്‍.പി.മുഹമ്മദ്. സാഹിത്യത്തിനുള്ള ഒട്ടുമിക്ക പുരസ്‌കാരങ്ങളും എം.ടിയെ തേടിയെത്തിയിട്ടുണ്ട്. 1995 ല്‍ രാജ്യം ജ്ഞാനപീഠവും നല്‍കി ആദരിച്ചു.
ഇതിനിടയില്‍ തിരക്കഥാകാരനെന്ന നിലയിലും എം.ടി. ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സ്വന്തം കഥയ്ക്ക് സ്വയം തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ കേന്ദ്രസര്‍ക്കാരിന്റെ പുരസ്‌കാരം നേടിയതോടെ ദേശീയതലത്തിലും ശ്രദ്ധേയനായി. തുടര്‍ന്ന് തിരക്കഥകളുടെ ഒഴുക്കായിരുന്നു. 62 തിരക്കഥകള്‍! ഒരുപക്ഷേ രാജ്യത്തുതന്നെ അതൊരു റിക്കാര്‍ഡായിരിക്കും. പലതിനും സംസ്ഥാന -ദേശീയ പുരസ്‌കാരങ്ങള്‍. ആറു സിനിമകള്‍ സംവിധാനം ചെയ്തു. മൂന്നു ഡോക്യുമെന്ററികള്‍. ഒരു ടെലിഫിലിം. ആ സര്‍ഗ ജീവിതം ആരെയാണ് വിസ്മയിപ്പിക്കാത്തത്!
നിര്‍ഭയനായ പത്രാധിപരായിരുന്നു എം.ടി. പ്രസിദ്ധീകരണത്തിന്റെ നന്മയല്ലാതെ മറ്റൊന്നും പരിഗണിച്ചില്ല. ഗുണനിലവാരത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിച്ചില്ല. സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് തടസ്സം നേരിടുന്നുവെന്ന് തോന്നിയ നിമിഷം ജോലി തന്നെ ഉപേക്ഷിക്കാന്‍ മടിച്ചതുമില്ല. എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം അതേ പ്രസിദ്ധീകരണം തന്നെ ഉപാധികളില്ലാത്ത സ്വാതന്ത്യം വാഗ്ദാനം ചെയ്തുകൊണ്ട് വീട്ടിലെത്തി ക്ഷണിച്ചപ്പോള്‍ തന്റെ നിലപാടിനുള്ള അംഗീകാരമായി അത് മാറി. എഴുതിക്കിട്ടുന്നത് പ്രസിദ്ധീകരിക്കുക എന്നതിലുപരി മഹത്തായ രചനകള്‍ക്കു സാധ്യതയുള്ളവരെ കണ്ടെത്തി അവരെക്കൊണ്ട് എഴുതിക്കുന്നതില്‍ വിജയിച്ച എഡിറ്ററാണ് എം.ടി. എന്നും പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലായിരുന്നു എം.ടി. നിരന്തരവും അവിശ്രമവുമായ സാഹിതീസപര്യക്കിടയില്‍ പത്രാധിപരെന്ന നിലയില്‍ മികച്ച എഴുത്തുകാരെ രംഗത്തു കൊണ്ടുവരുന്നതിലും അദ്ദേഹം വിജയിച്ചു. ഇന്ന് മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരെല്ലാം ആ തലോടലേറ്റ് വളര്‍ന്നവരാണ്.
ഇത്ര സമഗ്രവും ആധികാരികവുമായ മറ്റൊരു ജീവചരിത്രം ലോകഭാഷകളിലുണ്ടാവില്ല. 25 അദ്ധ്യായങ്ങളിലായി നിരവധി ഉപവിഭാഗങ്ങളിലായി മഹത്തായ ആ ജീവിതത്തിന്റെ മഹത്തായ ആവിഷ്‌ക്കാരം. രചനാ രഹസ്യങ്ങള്‍, വിവാദങ്ങള്‍, നിയമയുദ്ധം, യാത്രാകൃതികള്‍, പ്രഭാഷണങ്ങള്‍, അവതാരികകള്‍, ചിത്രീകരണ രസങ്ങള്‍, നാടകാവതരണങ്ങള്‍, എഴുതാതെ പോയ കാഴ്ചകള്‍, കുട്ടികളോടൊപ്പമുള്ള വാത്സല്യ നിമിഷങ്ങള്‍, വാങ്മയ ചിത്രങ്ങള്‍, സ്വാധീനിച്ച മഹാരഥന്മാര്‍, വായനയുടെ ലഹരി, പ്രസാധകജീവിതം-ഇങ്ങനെ വ്യത്യസ്ത കൈവഴികളായി ഒഴുകിപ്പരക്കുന്ന അസാധാരണമായ ജീവചരിത്രം.
തുഞ്ചന്‍ സ്മാരക സമിതി ചെയര്‍മാന്‍ എന്ന നിലയില്‍ എം.ടിയുടെ അവിസ്മരണീയ സേവനം പ്രത്യേകം ചേര്‍ത്തിരിക്കുന്നു. സാഹിത്യകാരന്മാരുടെ രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ തീര്‍ത്ഥാടനകേന്ദ്രമായി തുഞ്ചന്‍ പറമ്പിനെ വികസിപ്പിച്ചെടുത്തതില്‍ എം.ടി.വഹിച്ച പങ്ക് നിസ്തുലമാണ്. എം.ടിയെ അനുസ്മരിച്ചുകൊണ്ടുള്ള പ്രശസ്തരുടെ ലേഖനങ്ങളും എം.ടിയുടെ അപ്രകാശിത രചനകളും അനുബന്ധമായി വായിക്കാം. 45 കുറിപ്പുകള്‍ ഉള്‍ക്കൊള്ളുന്ന രണ്ട് അനുബന്ധങ്ങളുണ്ട്. ഒറ്റനോട്ടത്തില്‍ എം.ടിയെ അറിയാന്‍ സഹായകമായ ഏഴു ഭാഗങ്ങള്‍ വേറെയും. മലയാളിയുടെ നിത്യാഭിമാനമാണ് എം.ടി. എങ്കില്‍ ഈ ജീവചരിത്രവും അങ്ങനെതന്നെ.






















