Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home അനുസ്മരണം

അതുല്യനായ സംഘാടകന്‍

എം.എല്‍. രമേശ് ലക്ഷ്മണൻഎം.എല്‍. രമേശ് ലക്ഷ്മണൻ
19 December 2025

പവിത്രമായ സംഘ പ്രവാഹത്തിലൂടെ ഒഴുകി അതില്‍ വിലയം പ്രാപിച്ച പുണ്യാത്മാക്കളില്‍ ഒരാളായിരുന്നു എം.ശിവദാസ്. അദ്ദേഹത്തിനെ എനിക്ക് എന്റെ ബാല്യകാലം മുതല്‍ക്കേ അറിയാം. സംഘ ബൈഠക്കുകളില്‍ വച്ചു കണ്ടുമുട്ടാറുണ്ടായിരുന്നു. വെളുത്തു സുമുഖനായ ഒരാള്‍. എപ്പോഴും നെഞ്ചു നിവര്‍ത്തി തലയുയര്‍ത്തിയുള്ള നടപ്പ് എന്നെ ആകര്‍ഷിച്ചിരുന്നു. അമിതമായും ഉറക്കെയും അദ്ദേഹം സംസാരിക്കാറില്ല. എറണാകുളത്തെ പരമാര ക്ഷേത്രത്തില്‍ നടന്നിരുന്ന ശാഖയുടെ മുഖ്യശിക്ഷകനായിരുന്നു ശിവദാസേട്ടന്‍. അന്ന് ആ ക്ഷേത്രം റോഡില്‍ നിന്നുതന്നെ കാണാമായിരുന്നു. എറണാകുളം നോര്‍ത്ത് മേല്‍പ്പാലത്തിന്റെ പടിഞ്ഞാറുവശമായിരുന്നു ഈ ക്ഷേത്രം.

Google NewsAdd Kesari Weekly as a preferred source on Google

അതിന്റെ കിഴക്കുവശത്തായിരുന്നു ശിവദാസേട്ടന്റെ വീടും. അവിടത്തെ ഒരു വലിയ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. വീടിനുനേരെ എതിര്‍വശം ശിവരാമമേനോന്‍ റോഡ്. അതിലൂടെ പോയാല്‍ അവിടെ ഒരു ശാസ്താ ക്ഷേത്രമുണ്ട്. അവിടെയുമൊരു ശാഖയുണ്ടായിരുന്നു. ഞാന്‍ ശിവദാസേട്ടനെ കാണാറുള്ളത് ഈ ശാഖയിലായിരുന്നു. കാരണം, അവിടുന്നു കുറെ ദൂരെ മാറി അയ്യപ്പന്‍ കാവില്‍ എന്റെ ചിറ്റപ്പന്റെ വീട്ടില്‍ പോയിട്ടു എന്റെ വീട്ടിലേക്ക് നടന്നു വരുമ്പോള്‍ ആ ശാഖയില്‍ ഞാന്‍ കയറുമായിരുന്നു. അവിടെ ശിവദാസേട്ടന്‍ എന്നെ പരിചയപ്പെടുത്തുമായിരുന്നു. ആ കാലഘട്ടത്തില്‍ കലൂര്‍, എളമക്കര, ഇടപ്പള്ളി, പച്ചാളം, ചിറ്റൂര്‍, ചേരാനല്ലൂര്‍ ഈ ഭാഗങ്ങളില്‍ ധാരാളം നല്ല കാര്യകര്‍ത്താക്കന്മാരുണ്ടായിരുന്നു.

1975 ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും സംഘത്തിനെ നിരോധിക്കുകയും ചെയ്തു. ശിവദാസേട്ടനും അറസ്റ്റു ചെയ്യപ്പെട്ടു. ഡി.ഐ.ആര്‍ പ്രകാരം അദ്ദേഹം തടവിലാക്കപ്പെട്ടു. ജയില്‍ മോചനത്തിനു ശേഷം അദ്ദേഹം സംഘ പ്രചാരകനായി തിരുവനന്തപുരത്തേയ്ക്കു പോയെന്നറിഞ്ഞു. അവിടെ അദ്ദേഹം സുകുമാരനെന്ന പേരിലാണറിയപ്പെട്ടിരുന്നത്. തിരുവനന്തപുരം നഗരത്തിലെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ഏകോപിച്ചു കൊണ്ടുപോയി. പുത്തന്‍ചന്തയിലെ മലയന്‍ സ്റ്റോഴ്‌സ് അദ്ദേഹത്തിന്റെ ഒരു കേന്ദ്രമായിരുന്നു. അധികവും ടൈപ്പുചെയ്യുവാനായാണ് അദ്ദേഹം അവിടെ പോയിരുന്നത്. അതുകൊണ്ട് രംഗനാഥന്‍ചേട്ടന്റെ ഭാര്യ അദ്ദേഹത്തെ പറഞ്ഞിരുന്നത് ടൈപ്പു സുകുവെന്നായിരുന്നു.

ADVERTISEMENT

അടിയന്തരാവസ്ഥ കഴിഞ്ഞപ്പോള്‍ അത് ടൈപ്പ് ശിവദാസായെന്നു മാത്രം. ആ വീടുകളുമായുള്ള അദ്ദേഹത്തിന്റെ സ്‌നേഹബന്ധം മാതൃകാപരമായിരുന്നു.

1978 ജൂലായിലാണ് ഞാന്‍ തിരുവനന്തപുരത്തേക്ക് പോകുന്നത്. ഭാസ്‌കര്‍റാവുജിയുടെ നിയോഗമായിരുന്നു. അവിടേക്കു പോകുമ്പോള്‍ എനിക്കുണ്ടായിരുന്ന ധൈര്യം മൂന്നു കൊച്ചിക്കാരവിടെയുണ്ടായിരുന്നുവെന്നതാണ്. വിഭാഗ് പ്രചാരകനായി ഏ.വി. ഭാസ്‌കര്‍ജി, ജില്ലാ പ്രചാരകനായി ശിവദാസേട്ടന്‍ പിന്നെ നെയ്യാറ്റിന്‍കര താലൂക്ക് പ്രചാരകനായി ചിറ്റൂരിലെ ശങ്കര്‍ജിയും. അന്നത്തെ എന്റെ യാത്രയില്‍ ഇപ്പോഴത്തെ കൊച്ചി മഹാനഗര്‍സംഘചാലക് അഡ്വ. വിജയേട്ടനും അദ്ദേഹത്തിന്റെ ചേട്ടനും കൂടെയുണ്ടായിരുന്നു. വിജയേട്ടന്‍ ലോ അക്കാദമിയിലെ പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു വന്നത്. രാത്രിയാണ് അവിടെ എത്തിയത്. ഞങ്ങളെ സ്വീകരിക്കാന്‍ ശിവദാസേട്ടന്‍ അവിടെയുണ്ടായിരുന്നു.

അന്നത്തെ കാര്യാലയം, ശക്തി നിവാസ് കോട്ടയ്ക്കകത്ത് പടിഞ്ഞാറെ തെരുവിന്റെ തെക്കേ അറ്റത്തായിരുന്ന ഒരു അഗ്രഹാരമായിരുന്നു. അധികം മുറികളൊന്നുമുണ്ടായിരുന്നില്ല. താഴെ ഞങ്ങളും മുകളില്‍ പ്രചാരകന്മാരുമായിരുന്നു. മുകളില്‍ ഒരു മുറിയുണ്ടായിരുന്നതില്‍ ഭാസ്‌കര്‍ജിയായിരുന്നു. പിന്നെ ഒരു ഹാളും അതു കഴിഞ്ഞു ഒരു മുറിയും മാത്രമായിരുന്നു. സ്വകാര്യത തീരെയുണ്ടായിരുന്നില്ല. ആ മുറി ശിവദാസേട്ടന്റെതായിരുന്നു. മറ്റു പ്രചാരകന്മാരെല്ലാം കിടന്നിരുന്നത് ഹാളിലായിരുന്നു. താഴെയും അതുപോലെ തന്നെയായിരുന്നു. കൂടാതെ, ഒരു അടുക്കളയുമുണ്ടായിരുന്നു. അവിടെ ആകെ ഉണ്ടായിരുന്ന വാഹനം ഒരു സൈക്കിളായിരുന്നു. അത് ഉപയോഗിച്ചിരുന്നത് ഭാസ്‌കര്‍ജിയും. അതിനു എതിര്‍വശത്ത് വാഴപ്പിള്ളി ബില്‍ഡിംഗ്‌സില്‍ കെ.കെ.വാമനേട്ടന്‍ താമസമുണ്ടായിരുന്നു.

അടുത്ത ദിവസം വൈകുന്നേരം ശിവദാസേട്ടന്‍ എന്നെ പുത്തന്‍ചന്ത ശാഖയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഉപ്പളം റോഡിലെ ഒരു ചെറിയ പറമ്പിലായിരുന്നു ശാഖനടന്നിരുന്നത്. പാരമ്പര്യം പറയുകയാണെങ്കില്‍ തിരുവനന്തപുരത്തെ ആദ്യശാഖകളില്‍ ഒന്നാണ്. പക്ഷെ, ശാഖയില്‍ സംഖ്യ കുറവായിരുന്നു. സഞ്ജീവ് എന്ന ഒരു എട്ടാം ക്ലാസ്സുകാരനായിരുന്നു മുഖ്യശിക്ഷകന്‍. ഒരു ഗുണ്ടു പയ്യന്‍. തിരുവനന്തപുരത്തെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പ്രസിദ്ധനായിരുന്ന ജുബ്ബാ രാമകൃഷ്ണപിള്ളയുടെ പൗത്രനായിരുന്നു. അയാള്‍ ഇപ്പോള്‍ അവിടെ ഹോമിയോ ഡോക്ടറാണ്. ശാഖ കഴിഞ്ഞതും ശിവദാസേട്ടനെന്നോടു പറഞ്ഞു ഈ ശാഖ ശ്രദ്ധിക്കണമെന്ന്. എനിക്കു തിരുവനന്തപുരത്തു കിട്ടിയ ആദ്യത്തെ ഉത്തവാദിത്തം.

അതേ റോഡില്‍ തന്നെയായിരുന്നു ഹിന്ദുസ്ഥാന്‍ സമാചാറിന്റെ കാര്യാലയവും കൃഷ്ണ ശര്‍മ്മാജിയുടെ വീടും. ശാഖയ്ക്കു ശേഷം എന്നെ അവിടേക്കു കൂട്ടിക്കൊണ്ടുപോയി. ശര്‍മ്മാജിയേയും മാമിയേയും പരിചയപ്പെടുത്തി. ശര്‍മ്മാജി സംഘ പ്രചാരകനായിരുന്നു. സംസ്‌കൃത പണ്ഡിതനായിരുന്നു. പ്രചാരകനായിരുന്ന കാലത്ത് മുസ്ലീം അക്രമം നേരിട്ടയാളുമായിരുന്നു.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ പട്ടാമ്പിയിലെ സ്വയംസേവകനായ പ്രകാശ് അവിടെ എത്തിച്ചേര്‍ന്നു. അയാള്‍ രാവിലെ കാര്യാലയത്തില്‍ വന്നു. പ്രകാശന്റെ അച്ഛനും സംഘകാര്യകര്‍ത്താവായിരുന്നു. ശിവദാസേട്ടന് പ്രകാശനെ അറിയാമായിരുന്നു. ശിവദാസേട്ടന്‍ പ്രകാശനെ ശര്‍മ്മാജിയുടെ വീട്ടിലാക്കാന്‍ എന്നോടു പറഞ്ഞു. പ്രകാശനും ഇലക്ട്രോണിക്‌സില്‍ എന്തോ പഠിക്കാന്‍ വന്നതായിരുന്നു. ശര്‍മ്മാജിയുടെ വീട്ടിലായിരുന്നു താമസിക്കേണ്ടിയിരുന്നത്. ഞാന്‍ പ്രകാശനേയും കൂട്ടി അങ്ങോട്ടു പോയി. ആ യാത്ര ഒരു നല്ല സൗഹൃദത്തിലേക്കുള്ള യാത്രയും കൂടിയായിരുന്നു. പ്രകാശനെ ശിവദാസേട്ടന്‍ പാല്‍ക്കുളങ്ങര ഭാഗത്ത് പ്രവര്‍ത്തിക്കാനായി നിയോഗിച്ചു. കൂടാതെ മഹാനഗരത്തിലെ ഘോഷിന്റെ കാര്യം എന്നെയും പ്രകാശനേയും കൂടി ഏല്‍പ്പിച്ചു. 1978ല്‍ കേരളത്തില്‍ ആദ്യമായി നടന്ന ഘോഷ് വര്‍ഗിന് ഞങ്ങളെ രണ്ടുപേരെയും അയച്ചു.

ഒരു ദിവസം എന്നെയും കൂട്ടി കരമന തളിയലിലേയ്ക്കു പോയി. അവിടെ ഒരു മനയുണ്ടായിരുന്നു. അവിടത്തെ തിരുമേനിയെ പരിചയപ്പെടുത്തിത്തന്നു. അദ്ദേഹത്തിന്റെ മക്കള്‍ നാരായണന്‍, കേശവന്‍, കൃഷ്ണന്‍ മൂന്നു പേരും സ്വയംസേവകരായിരുന്നു. എന്നെ ഒരു കലാകാരനെന്ന നിലയിലും ശിവദാസേട്ടന്‍ പരിചയപ്പെടുത്തി. അപ്പോള്‍ ആ തിരുമേനിക്കു ഒരു കൃഷ്ണ വിഗ്രഹം ചെയ്തു കൊടുക്കണമെന്നു പറഞ്ഞു. പഞ്ചലോഹത്തില്‍ ഒരെണ്ണം ഞാന്‍ അന്നു ചെയ്തുകൊടുത്തു. ഇങ്ങനെ തിരുവനന്തപുരം നഗരത്തിലെ പ്രധാനപ്പെട്ട സംഘകാര്യകര്‍ത്താക്കളുടെ മിക്കവാറും വീടുകള്‍ എന്നെ ശിവദാസേട്ടന്‍ പരിചയപ്പെടുത്തിയിരുന്നു.

ഒരു ദിവസം വി.പി.ജനേട്ടന്‍ (അന്നു വിശ്വഹിന്ദു പരിഷത്തിന്റെ സംഘടനാ സെക്രട്ടറിയായിരുന്നു) ഒരു പയ്യനേയും കൂട്ടിക്കൊണ്ടു കാര്യാലയത്തില്‍ വന്നു. അയാള്‍ ആലപ്പുഴയില്‍ നിന്നായിരുന്നു – ശ്രീകുമാര്‍. സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ പഠിക്കാന്‍ വന്നതായിരുന്നു. നല്ല പാട്ടുകാരന്‍. സംഘത്തിന്റെ വ്യക്തിഗീതം പാടി പ്രസിദ്ധി നേടിയിരുന്നു. ഒരു സംഘകുടുംബമായിരുന്നു അയാളുടേത്. പക്ഷെ, അയാളുടെ താമസം വഞ്ചിയൂരില്‍ ചിന്മയാ മിഷന്‍ നടത്തിയിരുന്ന ഒരു ഹോസ്റ്റലിലായിരുന്നു. അവിടെ അന്നു സ്വാമിയായിരുന്നത് മുന്‍ പ്രചാരകനായിരുന്ന പപ്പേട്ടനായിരുന്നു (അദ്ദേഹത്തിന്റെ സന്യാസനാമം ഞാന്‍ മറന്നു. ഇപ്പോള്‍ അദ്ദേഹം ജീവിച്ചിരിപ്പില്ല). അദ്ദേഹത്തിന്റെ കൂടെയായിരുന്നു ശ്രീകുമാറിന്റെ താമസം. ശ്രീകുമാറിനെ ശിവദാസേട്ടന് പരിചയപ്പെടുത്തിക്കൊടുത്തു ജനേട്ടന്‍.

പക്ഷെ, കുറച്ചു നാള്‍ക്കു ശേഷം ശ്രീകുമാര്‍ ശിവദാസേട്ടനെ കാണുവാന്‍ വന്നു. സ്വാമിയുടെ കൂടെ ജീവിക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ പറഞ്ഞു. സ്വാമിയുടെ വസ്ത്രം മുഴുവന്‍ അലക്കിക്കൊടുക്കണം, മുറി അടിച്ചുവാരണം മുതലായ പണികളൊക്കെ അയാള്‍ക്കു ചെയ്യേണ്ടിവന്നു. ഇതു കേട്ടപ്പോള്‍ ശിവദാസേട്ടന്‍ ശ്രീകുമാറിനോടു കാര്യാലയത്തില്‍ വന്നു താമസിക്കുവാന്‍ പറഞ്ഞു. ശ്രീകുമാര്‍ പഠനം കഴിയുന്നതുവരെ കാര്യാലയത്തില്‍ തന്നെ താമസിച്ചിരുന്നു. അദ്ദേഹം പിന്നീട് ആലപ്പി ശ്രീകുമാര്‍ എന്ന പേരില്‍ പ്രസിദ്ധനായി. മാത്രമല്ല തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളേജ് പ്രിന്‍സിപ്പല്‍ ആയി. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് അയാള്‍ ജീവിതത്തോട് വിടപറഞ്ഞു.

1978 ആഗസ്റ്റ് ഒമ്പതാം തീയതി ക്വിറ്റിന്ത്യാ ദിനത്തില്‍ എബിവിപിയുടെ ഒരു പരിപാടിയുണ്ടായിരുന്നു. ആ ദിവസം എബിവിപി ഒരു പ്രകടനം നടത്തി ഗവര്‍ണര്‍ക്ക് നിവേദനം കൊടുക്കാനുള്ള പരിപാടിയായിരുന്നു. അതേ ദിവസം തന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രാജ്ഭവന്‍ ധര്‍ണയുമുണ്ടായിരുന്നു. അപ്പോള്‍ ആകെ ഒരു ആശയക്കുഴപ്പമുണ്ടായി. കോണ്‍ഗ്രസിന്റെ പരിപാടി നടക്കുന്ന സമയത്ത് നമ്മുടെ പ്രകടനം പോയാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമോ എന്നുള്ള സംശയമുണ്ടായി. പക്ഷേ, ആ പരിപാടി നടത്തണമെന്ന് ശിവദാസേട്ടന്‍ തീരുമാനിച്ചു. അന്ന് ആലപ്പുഴയിലുള്ള ആറുമുഖേട്ടനായിരുന്നു വിദ്യാര്‍ത്ഥി പരിഷത്തിന്റെ പ്രചാരകന്‍. ആ പ്രകടനം നടത്താനും നിവേദനം കൊടുക്കാനും വേണ്ട ധൈര്യം ശിവദാസേട്ടന്‍ കൊടുത്തു. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അതിനെ നേരിടാനുള്ള തയ്യാറെടുപ്പും ഉണ്ടായിരുന്നു. വിചാരിച്ചത് പോലെ തന്നെ ആ പ്രകടനം രാജ്ഭവന്റെ അടുത്തെത്തിയ സമയത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകര്‍ കല്ലെറിയാനും ചെരിപ്പെറിയാനും തുടങ്ങി. അവരേതാണ്ട് അയ്യായിരത്തോളം ആളുണ്ടായിരുന്നു. എബിവിപിക്കാരാകട്ടെ വെറും നൂറു പേരും. എങ്കിലും എബിവപിക്കാരാകട്ടെ അതിനെ ചെറുത്തുനിന്നു. വലിയ സംഘര്‍ഷമുണ്ടായി. കോണ്‍ഗ്രസുകാരെല്ലാം തിരിഞ്ഞോടാന്‍ തുടങ്ങി. അത്രയും ആളുകളുടെ മുതുകു മാത്രമാണ് ഞാന്‍ കണ്ടത്. അവിടെ ഉണ്ടായിരുന്ന കെ. കരുണാകരനെയൊക്കെ ആളുകള്‍ തള്ളി മറിച്ചിട്ട് അദ്ദേഹത്തിന്റെ പുറത്തു കയറി ഓടി. ഇതിനിടയില്‍ പോലീസുകാര്‍ ലാത്തിച്ചാര്‍ജ് തുടങ്ങി. പ്രവര്‍ത്തകരില്‍ പലരും തിരിഞ്ഞോടി. കുറെ പേരെ അറസ്റ്റ് ചെയ്തു. ഓടിരക്ഷപ്പെടുന്നതിനിടയില്‍ എന്നെയും പോലീസ് പിടികൂടി. അവരുടെ ലാത്തി കൊണ്ടുള്ള മര്‍ദ്ദനം ഞാനും ഏറ്റുവാങ്ങി. വെങ്കിട്ടരാമന്‍, വെങ്കിട്ടരാമന്റെ ഏട്ടന്‍ രാമമൂര്‍ത്തി, ശാസ്തമംഗലത്തെ പീതാംബരന്‍, തളിയലിലുള്ള കൃഷ്ണന്‍, കോട്ടയ്ക്കകത്തുള്ള മദനന്‍ പിന്നെ ഞാനും അടക്കം ഏതാണ്ട് പതിനാറു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് രാത്രി പേട്ട പോലീസ് സ്റ്റേഷനിലെ ലോക്കപ്പിലും അടുത്തദിവസം സബ്ജയിലിലും കിടക്കേണ്ടിവന്നു.

പിന്നെ കോടതിയില്‍ ഹാജരാക്കി. മൂന്നാം ദിവസം ജാമ്യം കിട്ടി ഞങ്ങള്‍ പുറത്തിറങ്ങി. നന്നായി മര്‍ദ്ദനമേറ്റ എന്നെ ശിവദാസേട്ടന്‍ സിവിഎന്‍ കളരിയില്‍ കൊണ്ടുപോയി ഉഴിയാനുള്ള ഏര്‍പ്പാട് ചെയ്തു. ആ കേസില്‍ പ്രതികളായ എല്ലാവരെയും അദ്ദേഹം വേണ്ടപോലെ ശ്രദ്ധിച്ചിരുന്നു. അവരെ സമാശ്വസിപ്പിക്കുകയും ചെയ്തിരുന്നു.

ആ സമയം മഹാനഗര്‍ പ്രചാരകനായിട്ടുണ്ടായിരുന്നത് ഇരിഞ്ഞാലക്കുട നടവരമ്പിലെ ജയേട്ടനായിരുന്നു (പി. ജയകുമാര്‍). നെടുമങ്ങാട് താലൂക്കിന്റെ പ്രചാരകന്‍ നാരായണന്‍കുട്ടിയേട്ടന്‍ (ആസാമില്‍ പ്രചാരകനായ സമയത്ത് ഉല്‍ഫാ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ച അതേ നാരായണന്‍ കുട്ടി), കാട്ടാക്കട താലൂക്ക് പ്രചാരകന്‍ ആലുവയിലുള്ള ശശിയേട്ടന്‍ നെയ്യാറ്റിന്‍കരയില്‍ ശങ്കര്‍ജി, വര്‍ക്കലയില്‍ വയനാടുള്ള ഒരു ബാലേട്ടന്‍ എന്നിവരായിരുന്നു പ്രചാരകന്മാര്‍. ഇങ്ങനെ നല്ല പ്രവര്‍ത്തന പരിചയമുള്ള പ്രചാരകരായിരുന്നു എല്ലാവരും.

ധാരാളം പ്രതിസന്ധികളെ നേരിടുന്ന കാലഘട്ടം കൂടിയായിരുന്നു അത്. തിരുവനന്തപുരം ജില്ലയുടെ പല ഭാഗത്തും സംഘത്തിന്റെ വ്യാപനം നടക്കുന്ന സമയമായിരുന്നു. അതിനാല്‍ സിപിഎംകാരുടെ ഭാഗത്തുനിന്നുള്ള അക്രമങ്ങള്‍ സ്വയംസേവകര്‍ക്ക് നേരിടേണ്ടി വന്നിരുന്നു. സംഘശാഖ തുടങ്ങുന്ന പുതിയ സ്ഥലങ്ങളിലൊക്കെ അവരുടെ അക്രമങ്ങള്‍ ഉണ്ടായിരുന്നു. കണ്ണൂര്‍ പോലെ അല്ലെങ്കിലും ഏതാണ്ട് അതുപോലെ തന്നെയുള്ള അക്രമങ്ങളാണ് തിരുവനന്തപുരം ജില്ലയുടെ പല ഭാഗങ്ങളിലും നടന്നിരുന്നത്. പൂന്തുറ പോലുള്ള സ്ഥലങ്ങള്‍ വളരെ സംഘര്‍ഷ സാധ്യതയുള്ളതുമായിരുന്നു. ഈ സമയത്ത് എല്ലാ ഭാഗത്തും എത്തിച്ചേരാനും സ്വയംസേവകര്‍ക്ക് വേണ്ട ധൈര്യം കൊടുക്കുവാനും ആശ്വസിപ്പിക്കുവാനും ശിവദാസേട്ടന്‍ മുന്നിലുണ്ടായിരുന്നു.

ഒരു ബന്ദ് ദിവസം പഴയശാലയിലെ സംഘസ്ഥാന്‍ വൃത്തിയാക്കി കൊണ്ടിരിക്കുന്ന സ്വയംസേവകരെ ചാലയിലെ സിഐടിയുക്കാര്‍ ആക്രമിച്ചു. അതിനെ സ്വയംസേവകര്‍ ചെറുത്തുനിന്നു. പക്ഷേ, അതിനുശേഷം ഒരു ദിവസം പഴയശാല ശാഖ അവര്‍ ആക്രമിച്ചു. അവിടെയുണ്ടായിരുന്ന സ്വയംസേവകര്‍ക്ക് പരിക്കുപറ്റി. ധ്വജസ്തംഭം വെച്ചിരുന്ന കുറ്റിയെടുത്തിട്ട് ശാഖയില്‍ ഉണ്ടായിരുന്ന നാരമ്പുനാഥന്‍ എന്ന സ്വയംസേവകന്റെ വയറില്‍ കുത്തി മുറിവേല്‍പ്പിച്ചു. അദ്ദേഹം എല്‍ഐസിയിലെ ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിന്റേത് ഒരു സംഘകുടുംബമായിരുന്നു.

അദ്ദേഹത്തിന്റെ മക്കള്‍ വൈദ്യനാഥനും വരദരാജനും സീതാരാമനും സ്വയംസേവകരായിരുന്നു. അദ്ദേഹത്തിന്റെ പെണ്‍കുട്ടികള്‍ സീതാലക്ഷ്മിയും അനിയത്തിയും സേവികാസമിതിയുടെ പ്രവര്‍ത്തകരായിരുന്നു. മൃതപ്രായമായിട്ടായിരുന്നു അദ്ദേഹത്തെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്. ഇത് അന്ന് സംഘം നേരിട്ട വലിയ വെല്ലുവിളിയായിരുന്നു. അങ്ങനെ ചാലയിലും തിരുവനന്തപുരം നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും ഇത്തരം ധാരാളം ഭീഷണികളെ നേരിട്ട സമയമായിരുന്നു. ആ സമയം കണ്ണൂര്‍ വിഭാഗ്പ്രചാരകനായിരുന്നു വി.സനല്‍കുമാര്‍ (സനല്‍ജി) തിരുവനന്തപുരം വിഭാഗിന്റെ പ്രചാരകനായി ചുമതലയേറ്റു. ഇത്തരം ഭീഷണികള്‍ സഹിച്ച സ്വയംസേവകര്‍ പ്രതികരിക്കാന്‍ തുടങ്ങി. ചാലയില്‍ ഒരു വലിയ സംഘര്‍ഷം നടന്നു. അതില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ആ സംഘര്‍ഷത്തിനുശേഷം ജില്ലാ കാര്യാലയം അടച്ചിടേണ്ടിവന്നു. ഞങ്ങളെല്ലാവരും പല വീടുകളായി താമസം. ആ കേസില്‍ അക്രമവുമായി യാതൊരു ബന്ധമില്ലാത്ത ആളുകളെയാണ് പോലീസ് പ്രതിയാക്കിയത്. പുത്തന്‍ചന്തയിലെ മലയന്‍ സ്റ്റോഴ്‌സിലെ രംഗനാഥേ ട്ടനെയും ചാലയിലെ ജ്വല്ലറി നടത്തുന്ന ശങ്കര്‍ജിയേയും കൂട്ടത്തില്‍ ശിവദാസേട്ടനെയും പോലീസ് പ്രതികളാക്കി. മറ്റു രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ശിവദാസേട്ടനെ അവര്‍ക്ക് കണ്ടെത്താനായില്ല. അദ്ദേഹം ഒളിവിലായിരുന്നെങ്കിലും മിക്കവാറും കാര്യാലയത്തില്‍ ഉണ്ടാകുമായിരുന്നു. ഒരു ദിവസം അദ്ദേഹം കാര്യാലയത്തിലുള്ള വിവരം ആരോ ഒറ്റു കൊടുത്തിട്ട് പോലീസ് വന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അങ്ങനെ കുറച്ചുനാള്‍ അദ്ദേഹത്തിന് വീണ്ടും ജയില്‍വാസം അനുഭവിക്കേണ്ടി വന്നു.

ആ സംഭവത്തിനുശേഷം തിരുവനന്തപുരം ജില്ലയില്‍ നമുക്കുണ്ടായിരുന്ന ഭീഷണികള്‍ ഏകദേശം ഇല്ലാതായി എന്ന് പറയാം. സംഘത്തിന് മിക്കവാറും സ്ഥലങ്ങളില്‍ വന്‍ സ്വീകരണം ലഭിച്ചു. ശാഖകള്‍ വര്‍ദ്ധിച്ചു. സംഘപ്രവര്‍ത്തനം പൂര്‍വ്വാധികം ഉജ്ജ്വലമായി മുന്നോട്ടുപോയി.

ഇതിനിടയിലാണ് മിത്രാനന്ദപുരത്തെ മഠത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ കിട്ടിയത്. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശം ഗോപുരത്തില്‍ നിന്നു നേരെ നടന്നാല്‍ അവിടെ മൂന്ന് ക്ഷേത്രങ്ങള്‍ ഉള്ള ഒരു സ്ഥലമാണ് മിത്രാനന്ദപുരം. ബ്രഹ്മ-വിഷ്ണു മഹേശ്വരന്മാരുടെ ക്ഷേത്രമായിരുന്നു. കേരളത്തില്‍ അപൂര്‍വമാണത്. അതിന്റെ ഏറ്റവും പടിഞ്ഞാറെ ഭാഗത്താണ് സ്വാമിയാര്‍ മഠം ഉള്ളത്. അന്ന് അവിടെ ഇപ്പോഴത്തെ മൂവാറ്റുപുഴ ജില്ലാ സംഘചാലകനായിട്ടുള്ള ഇ.വി. നാരായണേട്ടന്‍ താമസിച്ചിരുന്നു. അദ്ദേഹത്തിന് യൂണിവേഴ്‌സിറ്റിയില്‍ ആയിരുന്നു ജോലി. സംഘപ്രവര്‍ത്തനത്തിലും അദ്ദേഹം സജീവമായിരുന്നു.

മിത്രാനന്ദപുരത്തേക്ക് സാധാരണ ആളുകള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. അവിടെ സ്ത്രീകള്‍ക്ക് പ്രവേശനം നിഷിദ്ധമായിരുന്നു. അതുകൊണ്ടുതന്നെ ആ സ്ഥലം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായിട്ടു മാറി. പിന്നീട് സംഘ കാര്യാലയം ആയി മാറിയ ആ മഠത്തില്‍ സ്വാമിമാര്‍ക്ക് താമസിക്കാന്‍ പറ്റാത്തതായിരുന്നു. അതിനകത്ത് സാമൂഹ്യവിരുദ്ധരുടെ വിളയാട്ടമായിരുന്നു. മഠത്തിന്റെ ഉടമസ്ഥര്‍ അത് ഏറ്റെടുക്കുവാന്‍ സംഘത്തിനെ സമീപിച്ചു. അവര്‍ ശിവദാസേട്ടനും ആയിട്ടാണ് സംസാരിച്ചിരുന്നത്. അങ്ങിനെ ശിവദാസേട്ടന്റെ പദ്ധതി പ്രകാരം അത്‌സംഘത്തിന് ലഭിച്ചു. അവിടുത്തെ ആദ്യത്തെ താമസക്കാരില്‍ ഒരാള്‍ ഞാനായിരുന്നു. അവിടം മുഴുവന്‍ വൃത്തിയാക്കാന്‍ നല്ല പണിയായിരുന്നു. ഒരു എട്ട് കെട്ട് ആയിരുന്നു അത്. കോട്ടയ്ക്കകത്തെ ചില സിഐടിയു ഗുണ്ടകളായിരുന്നു ആ ഭാഗം പിടിച്ചടക്കി വെച്ചിരുന്നത്. ഒരു ദിവസം ഉച്ചസമയം ആ വിഷ്ണുക്ഷേത്രത്തിനകത്ത് കുറച്ചുപേര്‍ കൂടി ചാരായം കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവിടവും ശുദ്ധിയാക്കേണ്ടിവന്നു. അതിനും മുന്‍പില്‍ ഉണ്ടായിരുന്നത് ശിവദാസേട്ടന്‍ തന്നെയായിരുന്നു. ആ ബ്രഹ്മാവിന്റെ ക്ഷേത്രത്തിന്റെ മതിലിനകത്ത് ഒരു വലിയ കന്നാസ് നിറയെ ചാരായം ഉണ്ടായിരുന്നു. അതും നീക്കം ചെയ്യേണ്ടി വന്നു. അങ്ങനെ ആ സ്ഥലം ആവാസയോഗ്യമാക്കിത്തീര്‍ത്തു. അതായി ശക്തി നിവാസ്.

അതിനകത്ത് ഒരു മുറി ജില്ലാ പ്രചാരകനു വേണ്ടിയായിരുന്നു. പക്ഷെ, ആ മുറി ശിവദാസേട്ടന്‍ ഇല്ലാത്ത സമയം മാത്രമായിരിക്കും അടച്ചിടുക. എപ്പോഴും ആര്‍ക്കും അദ്ദേഹത്തെ സമീപിക്കാന്‍ സാധിക്കുമായിരുന്നു.

ഇതുപോലെ തന്നെയാണ് ഫോര്‍ട്ട് ഹൈസ്‌കൂളിന് പിറകിലുള്ള സംസ്‌കൃതി ഭവന്‍ ശുദ്ധമാക്കിയത്. ആ കെട്ടിടത്തിന് മുകളില്‍ ഒരു ഹോസ്റ്റല്‍ ആയിരുന്നു. അധികവും എസ്എഫ്‌ഐക്കാര്‍ ആയിരുന്നു. അതുകൊണ്ടുതന്നെ എല്ലാത്തരത്തിലുള്ള അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളും അതിനകത്തുണ്ടായിരുന്നു. വിഷയം ശിവദാസേട്ടന്റെ മുന്‍പില്‍ എത്തി. ഒരു രാത്രി അവരെയെല്ലാം പുറത്താക്കി അതു സ്വതന്ത്രമാക്കി. അപ്പോഴാണ് പരമേശ്വര്‍ജി ദല്‍ഹിയില്‍ നിന്ന് തിരിച്ചു കേരളത്തിലേക്ക് വന്നത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല തിരുവനന്തപുരത്തായിരുന്നു. ആ കെട്ടിടം പരമേശ്വര്‍ജിയുടെ ആസ്ഥാനമായി; അങ്ങനെ അത് ഭാരതീയവിചാരകേന്ദ്രത്തിന്റെആസ്ഥാനമായി സംസ്‌കൃതി ഭവനായി അറിയപ്പെട്ടു.

പിന്നീട്, മുകുന്ദേട്ടന്‍ (പി.പി. മുകുന്ദന്‍) വിഭാഗ് പ്രചാരകനായിട്ടു തിരുവനന്തപുരത്തേക്ക് വന്നു. അദ്ദേഹം നേരിട്ട ആദ്യത്തെ പ്രശ്‌നം ദുര്‍ഗാദാസിന്റെ കൊലപാതകമായിരുന്നു. ആ വര്‍ഷമായിരുന്നു ദുര്‍ഗേട്ടനെ കിളിമാനൂര്‍ താലൂക്ക് പ്രചാരകനായിട്ട് നിയോഗിച്ചത്. ജില്ലാ പ്രചാരകന്‍ എന്ന നിലയ്ക്ക് ആ സാഹചര്യത്തെയും നേരിട്ടത് ശിവദാസേട്ടന്റെ മനസ്സാന്നിധ്യം തന്നെയായിരുന്നു.

ഇങ്ങനെ വളരെ സംഘര്‍ഷഭരിതമായ കാലഘട്ടം ആയിരുന്നെങ്കിലും സംഘപ്രവര്‍ത്തനം വളരെ ദ്രുതഗതിയില്‍ മുന്നോട്ടുപോയ ഒരു കാലഘട്ടം കൂടിയായിരുന്നു അത്. വളരെ ഉത്സാഹമുള്ള ധാരാളം കാര്യകര്‍ത്താക്കള്‍ വളര്‍ന്നുവന്ന സമയമായിരുന്നു. കാരണവരായി ശിശുപാല്‍ജിയുണ്ടായിരുന്നു. ജില്ലാ കാര്യവാഹായിട്ട് പാച്ചല്ലൂരിലെ പരമേശ്വരന്‍ ചേട്ടന്‍ ഉണ്ടായിരുന്നു. മഹാനഗരത്തിന്റെ കാര്യവാഹായി ഐഎസ്ആര്‍ഒയിലെ ജീവനക്കാരനായ പി ശിവദാസേട്ടന്‍, പിന്നീട് തിരുവനന്തപുരം ജില്ലയുടെ കാര്യവാഹുമായി. അപ്പോഴും ശിവദാസേട്ടന്‍ തന്നെയായിരുന്നു ജില്ലാ പ്രചാരകന്‍. മഹാനഗരത്തിലെ പ്രവര്‍ത്തകരില്‍ വലിയശാലയിലെ വെങ്കിട്ടരാമന്‍, പാല്‍ക്കുളങ്ങരയിലെ ഗോപി, ഗോപന്‍, രാജശേഖരന്‍, ശ്രീകണ്ഠന്‍, വേലായുധന്‍ പിള്ള, പഴവങ്ങാടിയിലെ ശശി, ചാലയിലെ മണി മുതലായവര്‍ ഐഎസ്ആര്‍ഒയില്‍ തന്നെ പ്രവര്‍ത്തിച്ചിരുന്ന എം. എന്‍. സുബ്രഹ്മണ്യന്‍, വിജയന്‍ തിരുവനന്തപുരം താലൂക്കിന്റെ കാര്യവാഹ് ശശിധരന്‍ ഇത്തരം അനവധി അനവധി പ്രവര്‍ത്തന നിരതരായിട്ടുള്ള വ്യക്തിത്വങ്ങള്‍ ഉണ്ടായിരുന്നു. എല്ലാവരുമായിട്ടും നല്ല സുഹൃത്ബന്ധമായിരുന്നു ശിവദാസേട്ടനുണ്ടായിരുന്നത്. അവരുടെ എല്ലാം വീടുകളുമായിട്ടും നല്ല അടുപ്പം ശിവദാസേട്ടനുണ്ടായിരുന്നു.

വയനാട് ഉള്ള ഒരു വ്യക്തി തിരുവനന്തപുരം കോളേജ് ഓഫ് ഫൈനാര്‍ട്‌സില്‍ പഠിക്കുവാനായി വന്നിട്ടുണ്ടായിരുന്നു. അയാള്‍ക്ക് നേരിയ സംഘബന്ധം ഉണ്ടായിരുന്നു. ഒരു ദിവസം അയാള്‍ എന്നോട് കൂടി ശക്തി നിവാസിലേക്ക് വന്നു. ഞാന്‍ ശിവദാസേട്ടനെ പരിചയപ്പെടുത്തി കൊടുത്തു. അതിനുശേഷം അവര്‍ തമ്മിലുള്ള സൗഹൃദം വളരെ വലുതായിരുന്നു. ശിവദാസേട്ടന്‍ അയാള്‍ താമസിച്ചിരുന്ന മുറിയില്‍ പോകാറുണ്ടായിരുന്നു. പൊതുവേ കലാകാരന്മാര്‍ക്കുള്ള എല്ലാ ‘നല്ല’ ഗുണങ്ങളും അവര്‍ക്കുണ്ടായിരുന്നു. അത് ശിവദാസേട്ടന്‍ വന്ന് എന്നോട് പറയും. അവര്‍ മദ്യപിക്കാറുണ്ടായിരുന്നെന്നും കഞ്ചാവ് പുകക്കാറുണ്ടായിരുന്നെന്നും എന്നോടു പറഞ്ഞു. എന്നിട്ട് എന്നെ പരിഹസിക്കുകയും ചെയ്യും. ഇതൊന്നും ഇല്ലാത്ത ഒരു കലാകാരന്‍ ആണല്ലോ താനെന്ന്. ഒരു ദിവസം അയാളുടെ മുറിയില്‍ ശിവദാസേട്ടന്‍ പോയപ്പോള്‍ അവരുടെ ബാത്‌റൂമില്‍ ആരോ ഉണ്ടായിരുന്നു. ശിവദാസേട്ടന്‍ അയാളോട് ചോദിച്ചു അത് ആരാണെന്ന്. അപ്പോള്‍ അയാള്‍ ഉത്തരം കൊടുത്തു അത് ജോണ്‍ എബ്രഹാം ആണെന്ന്. അതെ, അയാള്‍ വളരെ പ്രസിദ്ധനായ സിനിമാ സംവിധായകന്‍ ജോണ്‍ എബ്രഹാം. അയാള്‍ പറഞ്ഞു അദ്ദേഹത്തിന് പുറത്തിറങ്ങണമെങ്കില്‍ വസ്ത്രം വേണം പോലും. വസ്ത്രം വാങ്ങിക്കാന്‍ ആളു പോയിരിക്കുകയാണ്. അത് ശിവദാസേട്ടന് അത്ഭുതമായി. ജോണ്‍ എബ്രഹാം അങ്ങനെയായിരുന്നു. ഒരു ജോഡി വസ്ത്രം ആണ് അദ്ദേഹം ഉപയോഗിക്കുക. അത് പഴകി കീറാന്‍ തുടങ്ങുമ്പോഴാണ് അടുത്തത് വാങ്ങിക്കുക. ആ വസ്ത്രം കൊണ്ടുവരുന്നതുവരെ ശിവദാസേട്ടന്‍ അവിടെ തങ്ങുകയും ജോണ്‍ എബ്രഹാമിനെ പരിചയപ്പെടുകയും ചെയ്തു. പഠനത്തിനു ശേഷവും ശിവദാസേട്ടനുമായുള്ള ബന്ധം അയാള്‍ തുടര്‍ന്നിരുന്നു.

സംഘകാര്യങ്ങള്‍ വളരെ കര്‍ശനമായിട്ട് നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോഴും കാര്യകര്‍ത്താക്കളുമായിട്ട് യാതൊരുവിധത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാക്കിയിട്ടില്ല. അവര്‍ പറയുന്ന അഭിപ്രായങ്ങളും അദ്ദേഹം മുഖവിലയ്‌ക്കെടുക്കാറുണ്ടായിരുന്നു. അവരെ സ്വതന്ത്രമായിട്ട് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ ആയിരിക്കാം അത്രയും സര്‍ഗ്ഗശേഷിയുള്ള കാര്യകര്‍ത്താക്കള്‍ ആ കാലഘട്ടത്തില്‍ വളര്‍ന്നുവന്നത്. എന്നെ സംഘകാര്യത്തില്‍ നിന്നും ബാലഗോകുലത്തിന്റെ പ്രവര്‍ത്തനത്തിലേക്ക് സനല്‍ജി നിയോഗിച്ചു. തിരുവനന്തപുരം ജില്ലയുടെ ചുമതയായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. ബാലഗോകുലത്തിന്റെ പ്രവര്‍ത്തനം എല്ലാ താലൂക്കുകളിലും എത്തിക്കാനായിട്ടുള്ള സഹായങ്ങളും നിര്‍ദ്ദേശങ്ങളും ശിവദാസേട്ടന്‍ ചെയ്തു തന്നിരുന്നു.

തിരുവനന്തപുരത്തുനിന്ന് ശിവദാസേട്ടന്‍ കോഴിക്കോട് വിഭാഗ്പ്രചാരകനായി. ഞാനും തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് വന്നു. അപ്പോള്‍ ബാലഗോകുലത്തിന്റെ സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായി. എം.എ. സാറിന്റെ ആസ്ഥാനം കോഴിക്കോട് ആയതുകൊണ്ട് ഇടയ്ക്കു ഞാനും കോഴിക്കോട്ടേക്ക് പോകുമായിരുന്നു. അങ്ങനെ അവിടെവച്ചും ശിവദാസേട്ടനുമായുള്ള സ്‌നേഹബന്ധം തുടരാന്‍ സാധിച്ചിരുന്നു. അതിനുശേഷം അദ്ദേഹം വീണ്ടും തിരുവനന്തപുരത്തേക്ക് വിഭാഗ് പ്രചാരകനായിട്ട് പോയി. അവിടുന്നാണ് അദ്ദേഹം പ്രചാരകജീവിതത്തില്‍ നിന്ന് പിന്‍വാങ്ങിയത്. പിന്നീട്, അവിടെത്തന്നെ ജന്മഭൂമിയുടെ ചുമതലയില്‍ അദ്ദേഹം നിയോഗിക്കപ്പെട്ടു. ജന്മഭൂമിയുടെ തിരുവനന്തപുരം എഡിഷന്‍ തുടങ്ങാനും അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നയിക്കാനും ശിവദാസേട്ടന്‍ ശ്രദ്ധിച്ചു. തിരുവനന്തപുരത്ത് അദ്ദേഹത്തിന് ഉണ്ടായിരുന്ന സ്‌നേഹബന്ധങ്ങള്‍ അതിനു വലിയൊരു പിന്‍ബലമായിരുന്നു.

തിരുവനന്തപുരത്തുനിന്ന് ശിവദാസേട്ടന്‍ എറണാകുളത്തേക്ക് വന്നു. ജന്മഭൂമിയുടെ പ്രവര്‍ത്തനത്തില്‍ തന്നെയായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്. ജന്മഭൂമിയില്‍ നിന്ന് വിരമിച്ചതിനു ശേഷം രാഷ്ട്ര ധര്‍മ്മപരിഷത്തിന്റെ സെക്രട്ടറിയായി അദ്ദേഹം പ്രവര്‍ത്തിച്ചു. പ്രാന്തകാര്യാലയം കേന്ദ്രീകരിച്ച് തുടങ്ങിയ മാനവ സേവാ സമിതിയുടെ പ്രവര്‍ത്തനവും അദ്ദേഹം നയിച്ചു.

ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ആരോഗ്യവും ക്ഷയിച്ചുകൊണ്ടിരുന്നു. ഹൃദയസംബന്ധമായ രോഗം അദ്ദേഹത്തെ ബാധിച്ചു. ഹൃദയ ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു. അതിനുശേഷം ആണ് അദ്ദേഹം പറവൂരിലെ അമ്പാടി ബാല ആശ്രമത്തിന്റെ ഒരു വയോജന സദനത്തില്‍ താമസമാക്കിയത്. അവസാന കാലഘട്ടങ്ങളില്‍ അദ്ദേഹത്തിന്റെ ആരോഗ്യവും ഓര്‍മ്മശക്തിയും നഷ്ടപ്പെട്ടുകൊണ്ടിരുന്നു. ഒടുവില്‍ ഡിസംബര്‍ രണ്ടാം തീയതി രാവിലെ അദ്ദേഹം നമ്മെയെല്ലാം വിട്ടുപിരിഞ്ഞു.

ശിവദാസേട്ടന്‍ ഒരു യോദ്ധാവായിരുന്നു. എപ്പോഴും രണഭൂമിയിലുള്ള ഒരു യോദ്ധാവ്. യോദ്ധാവിനെ മറ്റൊന്നും ആകര്‍ഷിക്കാറില്ല. അവര്‍ ശ്രദ്ധിക്കുന്നത് പൂര്‍ണ്ണമായും തന്റെ കര്‍ത്തവ്യത്തിലായിരിക്കും. ആ യുദ്ധം വിജയം നേടുന്നതുവരെ അവര്‍ക്ക് മറ്റൊന്നിലും ശ്രദ്ധയുണ്ടാവില്ല. ശിവദാസേട്ടനും അതുപോലെ തന്നെയായിരുന്നു. സംഘകാര്യത്തില്‍ മാത്രമായിരുന്നു ശ്രദ്ധ. മറ്റ് ആകര്‍ഷണങ്ങളില്‍ ഒന്നും തന്നെ അദ്ദേഹം വശംവദനായില്ല. പ്രചാരക ജീവിതത്തില്‍ നിന്ന് വിരമിച്ചെങ്കിലും ഒരു സ്വയംസേവകനായി തന്നെയാണ് അദ്ദേഹം ജീവിച്ചിരുന്നത്. തിരുവനന്തപുരം ജില്ലയിലെ സംഘപ്രവര്‍ത്തനത്തിന്റെ വികാസത്തില്‍ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്. കേരളത്തിലെ സംഘ ചരിത്രത്തില്‍ അദ്ദേഹത്തിന്റെ സംഭാവന എന്നും സ്മരിക്കേണ്ടതാണ്.

അവസാനമായി ഒന്ന് കാണുവാന്‍ പോലും സാധിക്കാഞ്ഞതിലുള്ള വിങ്ങലോടുകൂടി ആ പുണ്യാത്മാവിന്റെ മുന്‍പില്‍ ബാഷ്പാഞ്ജലി സമര്‍പ്പിക്കുന്നു. സാഷ്ടാംഗം പ്രണമിക്കുന്നു.

 

Tags: RSSഎം.ശിവദാസ്
ShareTweetSendShare

Related Posts

ജ്ഞാനസൂര്യന്‍ അസ്തമിച്ചു

ജ്ഞാനസൂര്യന്‍ അസ്തമിച്ചു

ആത്മീയശോഭയുടെ മുനിപ്രസാദം

ആത്മീയശോഭയുടെ മുനിപ്രസാദം

ചാലക്കുടിയുടെ സ്വന്തം….. സ്വാമി യാത്രയായി

ചാലക്കുടിയുടെ സ്വന്തം….. സ്വാമി യാത്രയായി

സംഗീത തീരത്തെ അഗ്‌നിശലഭം

സംഗീത തീരത്തെ അഗ്‌നിശലഭം

പി. ഐ. ശങ്കരനാരായണന്‍ ഇനി ഓര്‍മ

പി. ഐ. ശങ്കരനാരായണന്‍ ഇനി ഓര്‍മ

ആർജ്ജിത മഹത്വത്തിന്റെ ആൾരൂപം

ആർജ്ജിത മഹത്വത്തിന്റെ ആൾരൂപം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies