സഞ്ചയനം കഴിഞ്ഞ് ഉച്ചയോടും കൂടി ബന്ധുക്കള്‍ ഓരോരാളായ് അവരവരുടെ വീട്ടിലേക്ക് പോകാന്‍ തുടങ്ങുകയാണ്…
അവിടവിടെയായി ദു:ഖം തളം കെട്ടിയ കണ്ണുകള്‍ നിര്‍വികാരമായ് പരസ്പരം കാണാതെ ചിമ്മിക്കൊണ്ടിരുന്നു..
മരണവീടിന്റെ നിശ്ശബ്ദതയ്ക്ക് തണുപ്പ് മാറിയിട്ടില്ല.. വന്നു പോയവരുടെ കാലടിപ്പാടുകള്‍ പെരിയവരമ്പില്‍ ചവിട്ടിയരച്ച പുല്ലുകളില്‍ ചളി പറ്റിപ്പിടിച്ചു.
ചിരിമാഞ്ഞു പോയ ബന്ധുക്കളുടെ മുഖത്ത് കണ്ണീരുപ്പുണക്കിയതിന്റെ മരവിപ്പ്.
ശശിയുടെ അടുത്ത ചങ്ങാതിമാരില്‍ ഒന്നു രണ്ടാളുകള്‍ മാത്രം മുറ്റത്ത് ദൂരെ ദൂരെ കസേരയിട്ടിരിക്കുന്നു.
അവരും പതിഞ്ഞ സ്വരത്തില്‍ എന്തോ അടക്കിപ്പിടിച്ച് സംസാരിക്കുന്നുണ്ട്…
മുറ്റത്ത് തളംകെട്ടിയ മഴവെള്ളത്തില്‍ ശ്വാസം നിലച്ചതു പോലെ മരണം ബാക്കിയാക്കിയ തണുപ്പ് അനങ്ങാതെ കിടക്കുന്നു.
ഇതുവഴി കടന്നു പോയിരുന്ന കാറ്റിന് മരണത്തിന്റെ ഗന്ധമായിരുന്നു.
തൊടിയിലെ ചെടികളില്‍ സാധാരണ വരാറുള്ള ചെറുകിളികള്‍ പോലും രണ്ട് മൂന്ന് ദിവസമായി കാണുന്നില്ല.
മരണം മുന്‍കൂട്ടി തിരിച്ചറിഞ്ഞ പ്രകൃതിയും… ആ പക്ഷികള്‍ എവിടെപ്പോയതായിരിക്കും….
പുരുഷുവിനെ അലോചനയില്‍ നിന്നുണര്‍ത്തികൊണ്ട് മദ്ധ്യവയസ്‌കയായ ഒരു സ്ത്രീ ആ വീട്ടിലേക്ക് കയറിവന്നു.
അയല്‍ക്കാരിയാണന്ന് തോന്നുന്നു..
വിലകൂടിയ സാരിയൊന്നുമല്ല,
കാണാന്‍ രസമുള്ള ചുകപ്പ് പൂക്കളുള്ള സാരി. മുറ്റത്തും വരാന്തയിലും ഇരിക്കുന്നവരെ ഒന്നു നോക്കി, ചെരിപ്പ് അഴിച്ചു വെച്ച്, തന്നെ നോക്കുന്നവരോട് തല കുലുക്കിക്കൊണ്ട് നേരെ അകത്തേക്ക് കയറിപ്പോയി.
മരണവീടിന്റെ അകത്തെ മുറിയിലാണ് എന്നേക്കുമായ് ഒറ്റക്കല്ലില്‍ ജീവിതം മരവിച്ചു പോയവരുള്ളത്.
വരാന്തയില്‍ പരിചയമില്ലാത്ത ഒരാള്‍ തലയും താഴ്ത്തി ഇരിക്കുന്നുണ്ട്.
ആരാണെന്ന് അറിയില്ല.
ഇതിന് മുന്നെ ഈ വീട്ടിലുള്ള മറ്റ് ചടങ്ങുകളിലൊന്നും കണ്ടതായി ഓര്‍ക്കുന്നുമില്ല.
ശശിയുടെ ഭാര്യയുടെ ബന്ധുക്കളിലാരെങ്കിലുമായിരിക്കും.
ശശിയില്ലാത്ത ലോകത്തില്‍ ആരായാലെന്ത്…!
എന്നാലും എന്തിനാണവന്‍ ഇത് ചെയ്തത്.
അവന്റെ മക്കളെയോര്‍ത്തെങ്കിലും…
എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടുന്നില്ല..
ഉത്തരം തരാതെ ഒരുപാട് പേര്‍ ഇതിനു മുന്നെയും മാവിലപ്പാടത്തില്‍ നിന്ന് തിരിച്ചു പോയിട്ടുണ്ട്…
പക്ഷെ അവരെല്ലാം ഒരോരോ കാരണങ്ങള്‍ അടയാളപ്പെടുത്തിയിട്ടാണ് പോയത്. മണിക്കൂറുകള്‍ കൊണ്ട് ആ
അടയാളങ്ങള്‍ നോക്കി നിറം ചാര്‍ത്തിയ കഥകള്‍ പൂര്‍ത്തിയാക്കാന്‍ ഈ നാട്ടുകാരെക്കാള്‍ മികച്ചവരില്ലല്ലോ…!
തന്റെ വീടും കടന്ന് കുറച്ച് ദൂരം കൂടി നടക്കണം ശശിയുടെ വീടെത്താന്‍.
ഒരു ദിവസം രാത്രി വീട്ടിലേക്ക് നടക്കുമ്പോള്‍ കൂടെയുണ്ടായിരുന്നു.
അവന്റെ കൈയ്യില്‍ ടോര്‍ച്ചുണ്ടായിരുന്നില്ല.
ഇടവഴിയിലൂടെ ഇരുട്ടത്ത് നടക്കണ്ട.
പാമ്പിന് കൃഷ്ണപ്പിള്ളയെന്നൊന്നും നോട്ടമുണ്ടായിട്ടില്ല… കേട്ടോ.. കലികാലമാണ് വിഷമുള്ളത് മാത്രമേ നാട്ടില്‍ ബാക്കിയുള്ളൂ …
പുരുഷു പറഞ്ഞത് ശശി കേട്ടു.
മനസ്സില്‍ വെളിച്ചമുണ്ടെങ്കില്‍ ഏതിരുട്ടിലും അത് വിളക്കാവും…
അത്രയും പറഞ്ഞു ശശി ഇരുട്ടിലൂടെ നടന്നു.
രണ്ടാം ദിവസവും പോലീസ് വന്നു..
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് പിന്നാലെ..
കുടുംബത്തില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരുന്നോ..? എയ് ഇല്ല..
കൂട്ടുകാര്‍ തമ്മില്‍…. ?
വല്ല സാമ്പത്തിക ഇടപാടുകളും.. ?
പരസ്ത്രീ വിഷയങ്ങളുള്ള ആളായിരുന്നുവോ..?
അങ്ങിനെയാരുമിതുവരെ പറയുന്നത് കേട്ടിട്ടില്ല.
പോലീസുകാര്‍ തിരിച്ചും മറിച്ചും കൂട്ടുകാരെയും നാട്ടുകാരെയും പലരെയും വിളിച്ചു ചോദ്യം ചെയ്തു.
ഒന്നും അറിയില്ലെന്ന് മിക്കവരും കൈമലര്‍ത്തി.
പുരുഷുവിനെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു..
മരിക്കുന്ന ദിവസം വൈകീട്ട് വരെ കുറെ നേരം ഒന്നിച്ചുണ്ടായിരുന്നത് പുരുഷുവായിരുന്നു…
സാധാരണ പോലെ സംസാരിച്ചതുമാണ്. പ്രത്യേകിച്ച് സംശയിക്കത്തക്ക ഭാവമാറ്റമൊന്നും കണ്ടിട്ടില്ല.
ഉള്ളതുള്ളതുപോലെ പറഞ്ഞു….
പിന്നീട് എന്ത് സംഭവിച്ചു…?
രാത്രി പത്തു മണിക്ക് ശേഷമുള്ള നിമിഷങ്ങളാണ് ശശിയുടെ ജീവിതത്തിന് വിലയിട്ടുറപ്പിച്ചത്.
വില ഒത്തുവന്നപ്പോള്‍ ചിത്രഗുപ്തന്‍ വിളിച്ചു… വാ പോകാം..
കരുത്തുള്ളവന് പോലും തടയാനാവാത്ത ക്ഷണം..
എല്ലാമുള്ളവനും ധിക്കരിക്കാനാവാത്ത വിളി..
ആഗോള-ഉദാരവത്കരണ കമ്പോളത്തില്‍ ഉള്ളവനും ഇല്ലാത്തവനും വര്‍ഗ്ഗ-വര്‍ണ്ണ-നിറ വ്യത്യാസമില്ലാതെ സോഷ്യലിസം നടപ്പിലാവുന്ന ഒരേയൊരു ദിവസം. മറ്റൊരു ഏറ്റെടുക്കല്‍.
ആയിരക്കണക്കിന് കഥാപാത്രങ്ങള്‍ നോക്കി നില്‍ക്കെ കരാര്‍ ഒപ്പിടുന്നതിന് മുന്നെ അവന്‍ കഥ പറയാതിരിക്കുമോ..?
‘വിലാസിനിയുടെ തുടക്കം’ എന്ന നോവലില്‍ മരണത്തിന് മുന്നെ സ്വന്തം ജീവിത കഥ പറയുന്ന നായകനെ പോലെ..
ഇന്നേക്ക് മൂന്ന് ദിവസം കഴിഞ്ഞിട്ടും
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഇളം കാറ്റിലും തേടിക്കൊണ്ടിരിക്കുന്നു..
റോഡിലൂടെ നിറയെ യാത്രക്കാരെയും കൊണ്ട് പട്ടണത്തിലേക്കും വടക്കോട്ടും ബസ്സു പോയി. എന്നിട്ടും ബസ്സ് സ്റ്റോപ്പില്‍ ആള്‍ക്കാര്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.
ചിലരങ്ങിനെയാണ് പുറമെക്കാണുമ്പോഴും നിഗൂഡമായ മൗനത്തെ
ഉള്ളില്‍ ആരും കാണാതെ ഒളിപ്പിക്കുന്നവര്‍…
ജീവിതകഥ പോലും ഒരു സമസ്യയായ് കൊണ്ടു നടക്കുന്നവര്‍.
വായനശാലയുടെ രജത ജൂബിലിക്ക് ശേഷം നാടിന്റെ എല്ലാ വഴികളും ഇന്ന് അവസാനിച്ചത് വായനശാലയിലാണ്.
നടുത്തളത്തിലെ ചുമരില്‍ ഗാന്ധിജിയുടെ ഫോട്ടോ..
ആള്‍ക്കൂട്ടത്തിന് നടുവിലും വായനശാല നിശ്ശബ്ദത പാലിച്ചത് അന്നാണ്.
പത്രങ്ങള്‍ ആര്‍ക്കും വേണ്ടാതെ നിലത്ത് വീണിടത്ത് കിടന്നു.
ഷെല്‍ഫിലെ വലിയ ചട്ടയുള്ള പുസ്തകങ്ങള്‍ ഇടക്കിടെ പുറത്തേക്ക് എത്തി നോക്കി കൊണ്ടിരുന്നു.’ മരണത്തിന്റെ ഗന്ധം അലിഞ്ഞലിഞ്ഞ് മുന്നിലെ പാതി തുറന്ന വാതിലിലൂടെ പുറത്തേക്കിറങ്ങി നടന്നു..
ഓര്‍മകള്‍ നടന്നുപോയ പള്ളിക്കാട്ടിലെ കുന്നും കയറി, പാമ്പുകളും കുറുനരിയും മാളത്തില്‍ നിന്ന് തലനീട്ടിയ പൊന്തക്കാട്ടിലൂടെയുള്ള നടത്തം.
എല്ലാ കാര്യവും സംസാരിക്കാറുള്ള തന്നോടു പോലും പറയാന്‍ പറ്റാത്ത എന്ത് പ്രശ്‌നമാണ് അവന് ഉണ്ടായിരുന്നത്..?
പലരും ചോദിച്ച ചോദ്യം…
അതേ ചോദ്യം വീണ്ടും വീണ്ടും
പുരുഷു സ്വയം ചോദിച്ചുകൊണ്ടിരുന്നു.
ഉത്തരം മാത്രം ആരും പറഞ്ഞില്ല..
മരിച്ചവര്‍ക്കും ഉത്തരം പറയാന്‍ ഒരവസരം കൊടുത്തിരുന്നെങ്കില്‍..
നിശ്ശബ്ദത പാലിക്കുക എന്ന കറുത്ത ബോര്‍ഡിലെ വെളുത്ത അക്ഷരങ്ങള്‍
ആള്‍ക്കൂട്ടത്തിനെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു..
വായനശാലക്കുള്ളില്‍ പുലരുന്നത് വരെ തൂങ്ങിക്കിടന്നവന്റെ സ്വപ്‌നങ്ങള്‍ക്ക്,പോലീസെത്തും വരെ ചൂടാറാതെ കാവല്‍ നിന്നത് എത്രയെത്ര കഥാപാത്രങ്ങളായിരിക്കും.
കരഞ്ഞ് കരഞ്ഞ് കാഴ്ച വറ്റിപ്പോയവര്‍…. പ്രണയിച്ചവര്‍..
തിരികെ വരാതിരിക്കില്ലെന്ന് കരുതി വഴിക്കണ്ണുമായ് കാത്തിരുന്നവരെയെല്ലാം
പറ്റിച്ചു കൊണ്ടവന്‍ പോയി..
ശശിയില്ലാത്ത ആഘോഷമുണ്ടായിരുന്നില്ല.
മരണവീടുകളിലവന്റ ശബ്ദം മാത്രം മുഴങ്ങി കേട്ടു.
ആംബുലന്‍സിന്റെ മുന്‍ സീറ്റ് അവന്റേതായിരുന്നു.
വീട്ടാവശ്യത്തിനുളളതും കയ്യിലുള്ളതുമെല്ലാമെടുത്ത് ചിലവാക്കും..
ജോലിയും വരവുമില്ലാതായാലും
ആരോടും പരിഭവമില്ലാതെ ആരോടെങ്കിലും കടം വാങ്ങിയും കാര്യം നടത്തും.
ശശി എങ്ങിനെയാണ് ചിലവ് ചെയ്യുന്നത് എന്ന് ചിലര്‍ കണക്ക് കൂട്ടാറുണ്ട്.. ഒരിക്കലും ശരിയാവാത്ത കൂട്ടലുകള്‍..
വെയിലും മഴയും കൊള്ളാത്തവര്‍ ആല്‍ത്തണലില്‍ വിയര്‍ക്കാതെ സുഖമായ് വളര്‍ന്നു….
നാലുകെട്ടില്‍ നിന്നും ഇറങ്ങി വന്നവര്‍ വായനശാലയുടെ മൂന്നിലൂടെ കാറില്‍ പോകുമ്പോഴും വായനശാലയിലെ പുസ്തകങ്ങള്‍ ശശിയെ നോക്കി ചിരിച്ചിട്ടുണ്ടാവും..
ലോകത്തെ പിടിച്ചുകുലുക്കിയ പത്ത് ദിവസങ്ങളില്‍ ആവേശം കൊള്ളുന്നവന്റെ ചിരസ്മരണ.
ഭാര്യക്കും മക്കള്‍ക്കും കുടുംബക്കാര്‍ക്കും ‘ഒന്നി’നും കൊള്ളാത്തവന്‍…
ബാക്കിയെല്ലാവര്‍ക്കും നല്ലവനായിരുന്നു.
ഷെല്‍ഫിനുള്ളിലെ ആയിരക്കണക്കിന് പുസ്തകത്തിനോടുമുള്ള ഇഷ്ടം…
ജോലിക്ക് പോയാലും ഇല്ലെങ്കിലും.
വെറുതെയെന്നോണം വായനശാലയില്‍ കയറാത്ത ഒരു ദിവസം പോലുമുണ്ടാവില്ല..
പുസ്തകങ്ങളോട് സംസാരിക്കുന്ന ശശിയെ കഥാപാത്രങ്ങളും സ്‌നേഹിച്ചു.
മരണത്തിലും.
അന്ന് രാത്രി…
ശശി വായനശാലയില്‍ കയറി..
ഷെല്‍ഫിലെ പ്രസിദ്ധീകരിക്കാനുള്ള കൈ എഴുത്തുമാസികയിലെ അവസാന താളില്‍ ‘വായനക്കാരന്റെ അഭിപ്രായങ്ങള്‍’ പലരും എഴുതിയതിന്റെ താഴെ ശശി എഴുതി.
……….
ഇന്നുവരെ ആരും പ്രകാശനം ചെയ്യാത്ത ആത്മഹത്യാക്കുറിപ്പ് ..






















