ഉത്സാഹിയായ പുരുഷ സിംഹത്തിന്റെ കൂടെയാണ് ശക്തി, ഐശ്വര്യ ദേവതകള്‍ കുടിയിരിക്കുക എന്നൊരു ശ്ലോകം സംസ്‌കൃതത്തിലുണ്ട്. ഈ ശ്ലോകത്തെ അന്വര്‍ത്ഥമാക്കും വിധം ജീവിച്ച് ഇഹലോകവാസം വെടിഞ്ഞ ഒരു ധീരാത്മാവായിരുന്നു പി. വാസുദേവന്‍ എന്ന സംഘപ്രവര്‍ത്തകരുടെ വാസുവേട്ടന്‍. കോഴിക്കോട് പേരാമ്പ്ര പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനും കര്‍ഷക സംഘത്തിന്റെ നേതാവും കൂടിയായിരുന്നു വാസുദേവന്‍. കോഴിക്കോടിന്റെ മലയോര മേഖലകളില്‍ സംഘപ്രവര്‍ത്തനം തുടങ്ങിയ കാലത്ത് ആര്‍എസ്എസ്സിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ മനസ്സിലാക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിയോഗിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ആര്‍എസ്എസ്സിനെ പഠിക്കാന്‍ പുറത്തു നിന്ന് സാധിക്കില്ലെന്ന് മനസ്സിലാക്കിയ വാസുദേവന്‍ ശാഖയിലേക്ക് ‘നുഴഞ്ഞുകയറി’. ആര്‍എസ്എസ്സിനെ പഠിക്കുകയും അനുഭവിക്കുകയും ചെയ്ത അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് നല്‍കുന്നത് പതുക്കെ പതുക്കെ നിര്‍ത്തി തുടങ്ങി. തേനിന്റെ മാധുര്യം നുകര്‍ന്ന ഒരാള്‍ക്ക് അത് ആനന്ദമാകുന്നതുപോലെ വാസുദേവന്‍ ആര്‍എസ് എസ്സ് പ്രവര്‍ത്തനത്തില്‍ സാവധാനത്തില്‍ അലിഞ്ഞുചേര്‍ന്നു. 1950 കളില്‍ പേരാമ്പ്രയിലെ എളമാരന്‍ കുളങ്ങര ക്ഷേത്രത്തിലെ ശാഖയിലാണ് അദ്ദേഹം സ്വയംസേവകനായത്. ആര്‍എസ്എസ്സിന്റെ ദേശസ്‌നേഹവും അച്ചടക്കവും സാഹോദര്യ മനോഭാവവുമെല്ലാം അദ്ദേഹത്തെ ഹഠാദാകര്‍ഷിച്ചിരുന്നു. കോഴിക്കോട് സംഘപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തിരുന്ന ശങ്കര്‍ ശാസ്ത്രിയും മാധവ്ജിയും ടി.എന്‍. ഭരതേട്ടനുമൊക്കെയായുള്ള പരിചയം ആത്മബന്ധമായി മാറുകയും ജീവിതം സംഘപ്രവര്‍ത്തനത്തിനായി മാറ്റിവെക്കാന്‍ തീരുമാനിക്കുകയും ചെയ്തു. പേരാമ്പ്ര, നാദാപുരം മേഖലകളില്‍ ശാഖകള്‍ ആരംഭിക്കാന്‍ നേതൃത്വം കൊടുത്ത വാസുവേട്ടന്‍ ഭാസ്‌കര്‍ റാവുജിയുടെയും മാധവ്ജിയുടെയുമൊക്കെ പ്രേരണയാല്‍ 1965 ല്‍ പ്രചാരകനാകാന്‍ തീരുമാനിച്ചു.
പ്രചാരകനായി ആദ്യമെത്തിയത് മലപ്പുറത്തായിരുന്നു. തിരൂര്‍ ആയിരുന്നു പ്രവര്‍ത്തന കേന്ദ്രം. 1921 ലെ മാപ്പിള കലാപവും 1947 ലെ രാമസിംഹന്റെയും കുടുംബത്തിന്റെയും കൊലപാതകവുമെല്ലാമായി ആത്മവിശ്വാസം നഷ്ടപ്പെട്ട് ഭയത്തോടെ കഴിഞ്ഞിരുന്ന ഹിന്ദു സമൂഹത്തെയാണ് വാസുവേട്ടന് അഭിമുഖീകരിക്കേണ്ടി വന്നത്. സഞ്ചാര സ്വാതന്ത്ര്യവും ആരാധനാസ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട നിലയിലായിരുന്നു മലപ്പുറത്തെ ഹിന്ദുക്കള്‍. മുസ്ലിം പ്രമാണികളുടെ മുന്നില്‍ നില്‍ക്കാനോ മുഖത്തോടു മുഖം നോക്കി സംസാരിക്കാനോ ഹിന്ദുക്കള്‍ക്ക് ധൈര്യമുണ്ടായിരുന്നില്ല. ഹിന്ദുക്കള്‍ക്ക് ചായക്കടകളില്‍ ചിരട്ടയിലായിരുന്നു ചായ കൊടുത്തിരുന്നത്. ഇതിനൊക്കെ പുറമെ മുസ്ലീം പ്രമാണിമാരുടെ എല്ലാവിധ താല്‍ പര്യങ്ങള്‍ക്കും വഴങ്ങിക്കൊടുക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു അവിടുത്തെ ഹിന്ദുക്കള്‍. തിരൂരും കൊളത്തറയുമെല്ലാം ശാഖ തുടങ്ങിയതോടെ വാസുവേട്ടന്‍ മുസ്ലീം ഗുണ്ടകളുടെ നോട്ടപ്പുള്ളിയായി മാറി. അതേസമയം ഹിന്ദുക്കള്‍ക്കാകട്ടെ നഷ്ടപ്പെട്ടുപോയ ആത്മവിശ്വാസം തിരിച്ചു കിട്ടുകയും മുസ്ലീം അക്രമികളുടെ തെമ്മാടിത്തരങ്ങളെ ചോദ്യം ചെയ്ത് തുടങ്ങുകയും ചെയ്തു. അതേ തുടര്‍ന്ന് നിരവധി സംഘര്‍ഷങ്ങള്‍ സ്വയംസേവകരും മുസ്ലീം അക്രമികളും തമ്മില്‍ ഉണ്ടായി. ഇത്തരം ഒരു അക്രമത്തില്‍ ഒരു സ്വയംസേവകന്‍ കൊല്ലപ്പെടുകയും ചെയ്തു. ഒരിക്കല്‍ ശാഖ അക്രമിക്കാന്‍ വന്ന നൂറുകണക്കിന് മുസ്ലീം അക്രമികളെ വിരലിലെണ്ണാവുന്ന സ്വയംസേവകര്‍ നേരിടുകയും രണ്ട് കളരി ഗുരുക്കളായ അക്രമികള്‍ കൊല്ലപ്പെടുകയും ചെയ്തു. ഈ സംഭവത്തെ തുടര്‍ന്ന് അവിടുത്തെ പ്രചാരകനായ വാസുവേട്ടനെ പോലീസ് അറസ്റ്റ് ചെയ്യുകയും ദിവസങ്ങളോളം ജയിലിലടയ്ക്കുകയും ചെയ്തു. ഈ സംഭവം മലപ്പുറത്തെ ഹിന്ദുക്കളുടെ പ്രതികരണ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കാരണമായി. അവിടുത്തെ സ്വയംസേവകരിലും ഹിന്ദുക്കളിലും ആത്മവിശ്വാസം വളര്‍ത്തുന്നതില്‍ വാസുവേട്ടന്റെ ഇടപെടല്‍ നിര്‍ണ്ണായകമായി.
പിന്നീട് അങ്ങോട്ട് അതേ വര്‍ഷം നടന്ന അങ്ങാടിപ്പുറം തളി ക്ഷേത്ര സമരവും 68 ലെ മലപ്പുറം ജില്ലാ രൂപീകരണ വിരുദ്ധ സമരവും സംഘപ്രവര്‍ത്തനത്തിലെ നാഴികക്കല്ലായി മാറി. ഇതിനൊക്കെ സംഘടനയെ സജ്ജമാക്കുന്നതില്‍ വാസുവേട്ടന്‍ വഹിച്ച പങ്ക് അതിപ്രധാനമാണ്. തളി ക്ഷേത്ര സമരത്തില്‍ മലപ്പുറത്തെ മാതൃശക്തിയുടെ സാന്നിധ്യം എടുത്തു പറയേണ്ടതാണ്. ലാത്തിയും ജയിലും കാട്ടി ഭീഷണിപ്പെടുത്തിയപ്പോള്‍ അതിനെയൊക്കെ അവഗണിച്ച് മലപ്പുറത്തെ അമ്മമാര്‍ സമരമുഖത്ത് മുന്നിട്ടിറങ്ങിയതില്‍ വാസുവേട്ടന്റെ സ്വാധീനം നിര്‍ണ്ണായകമാണ്. ഓരോ വീടുകളുമായും അവിടുത്തെ മാതൃജനങ്ങളുമായും കുടുംബാംഗമെന്ന പോലുള്ള ബന്ധമായിരുന്നു വാസുവേട്ടന് ഉണ്ടായിരുന്നത്. ഇതാണ് സമരത്തിന് മുന്നിട്ടിറങ്ങാന്‍ അമ്മമാര്‍ക്ക് പ്രേരണയായത്. തുടര്‍ന്ന് 70 ല്‍ പാലക്കാട് പ്രചാരകനായി പ്രവര്‍ത്തിച്ചു. സംഘര്‍ഷഭരിതമായ നാളുകളാണ് അവിടെയും വാസുവേട്ടനെ കാത്തിരുന്നത്. 1975 ല്‍ കോഴിക്കോട് ജില്ലാ പ്രചാരകനായി പ്രവര്‍ത്തിക്കുമ്പോഴായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. അടിയന്തരാവസ്ഥക്കെതിരെ സത്യഗ്രഹ സമരം നടത്താനും രഹസ്യമായി കുരുക്ഷേത്ര വിതരണം ചെയ്യാനുമൊക്കെ വാസുവേട്ടന്റെ നേതൃത്വത്തില്‍ വളരെ ഭംഗിയായി പദ്ധതികള്‍ ആസൂത്രണം ചെയ്തു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകര്‍ സത്യഗ്രഹ സമരത്തില്‍ പങ്കെടുത്തതും ജയില്‍വാസമനുഷ്ഠിച്ചതും കോഴിക്കോട് ആയിരുന്നു. അന്നത്തെ പോലീസ് അതിക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്ത പോലീസ് സൂപ്രണ്ട് ലക്ഷ്മണയുടെ വാഹനത്തിനുള്ളില്‍ പോലും രഹസ്യപത്രികയായ കുരുക്ഷേത്ര എത്തിച്ചത് ആസൂത്രണ മികവിന്റെ ഉദാഹരണമായിരുന്നു. 1982-83 കാലഘട്ടത്തില്‍ നിലയ്ക്കല്‍ പ്രക്ഷോഭ സമയത്ത് അവിടുത്തെ പ്രചാരകനായി പ്രവര്‍ത്തിച്ചത് വാസുവേട്ടനായിരുന്നു. ക്രിസ്ത്യന്‍ മതപരിവര്‍ത്തന ശക്തികളുടെ ഗൂഢോദ്ദേശ്യത്തെ തിരിച്ചറിഞ്ഞ് പ്രതികരിക്കാനും ഭരണകൂട ഭീകരതയെ നട്ടെല്ല് നിവര്‍ത്തിനിന്ന് നേരിടാനും വാസുവേട്ടന്റെ നേതൃത്വത്തില്‍ സംഘടനയ്ക്ക് സാധിച്ചിരുന്നു. തുടര്‍ന്ന് വിശ്വഹിന്ദുപരിഷത്തിന്റെ പ്രവര്‍ത്തനത്തില്‍ നിയുക്തനായ വാസുവേട്ടന്‍ നീണ്ട ഇരുപത് വര്‍ഷക്കാലം വിവധ ചുമതലകള്‍ ഏറ്റെടുത്ത് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.
അടിമുടി സംഘമയമായിരുന്നു വാസുവേട്ടന്റെ ജീവിതം. ഇച്ഛാശക്തി കൊണ്ട് ഏത് വെല്ലുവിളികളെയും സധൈര്യം നേരിട്ട് പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം കൊടുത്ത് കൂടെ കൊണ്ടുപോകുന്നതില്‍ വാസുവേട്ടന്റെ രീതി അനുപമമായിരുന്നു. അവസാന കാലഘട്ടത്തില്‍ കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ അന്തേവാസിയായിരുന്നു വാസുവേട്ടനും ഭാര്യ ശാരദ ടീച്ചറും. ടീച്ചര്‍ ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് അന്തരിച്ചത്. ഏക മകന്‍ കെ. മോഹന്‍ദാസ് ജന്മഭൂമിയില്‍ എഡിറ്ററായിരുന്നു. അറിയപ്പെടുന്ന കവി കൂടിയാണ് അദ്ദേഹം. വാസുവേട്ടന്റെ ഓര്‍മ്മകള്‍ക്കുമുന്നില്‍ പ്രണമമര്‍പ്പിക്കുന്നു.
പി. വാസുദേവന്‍ സംഘത്തെ സ്വജീവിതവുമായി ലയിപ്പിച്ചു:സ്വാമി ചിദാനന്ദപുരി

കോഴിക്കോട്: സംഘസത്തയെ സ്വന്തം ജീവിതവുമായി ലയിപ്പിച്ച മാതൃകാ പ്രവര്‍ത്തകനായിരുന്നു അന്തരിച്ച പി. വാസുദേവനെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. ആദ്യകാല പ്രചാരകനും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സെക്രട്ടറിയുമായിരുന്ന പി. വാസുദേവന്റെ ശ്രദ്ധാഞ്ജലിസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതാവസാനം വരെ മാതൃകാ സംഘാടകന്റെ മഹത്വം നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ന്യൂനതകളെ വളര്‍ത്താതെ നന്മകളെ പ്രസരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. സ്വാമി പറഞ്ഞു.
വ്യക്തികളില്‍ പരിവര്‍ത്തനം സൃഷ്ടിക്കുന്ന ഡോക്ടര്‍ജി ആവിഷ്‌കരിച്ച മനുഷ്യ നിര്‍മാണ പ്രവര്‍ത്തനത്തിന്റെ യഥാര്‍ത്ഥ ഉദാഹരണമായിരുന്നു പി. വാസുദേവനെന്ന് ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ പറഞ്ഞു. സംഘര്‍ഷം നിറഞ്ഞ കാലഘട്ടങ്ങളില്‍ അദ്ദേഹം നല്‍കിയ ആത്മവിശ്വാസം ഏറെയായിരുന്നു. അദ്ദേഹം മുന്നോട്ട് നയിച്ച പ്രവര്‍ത്തനത്തെ ഏറ്റെടുക്കുകയാണ് സംഘശതാബ്ദികാലഘട്ടത്തില്‍ ചെയ്യാവുന്ന ശ്രദ്ധാഞ്ജലി. സേതുമാധവന്‍ തുടര്‍ന്നു. പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, വി.ആര്‍. രാജശേഖരന്‍, എ.കെ. ശ്രീധരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.






















