വില്പനക്കുള്ള പുതിയ പുസ്തകങ്ങള്‍ നിരത്തി വെച്ച, ബുക്ക് സ്റ്റാളിലെ ചില്ലു കൗണ്ടറിനു മുകളില്‍ പതിവു പോലെ രമേശന്‍ തന്റെ മൊബൈല്‍ ഫോണ്‍ വെച്ചിട്ടുണ്ടായിരുന്നു. എന്റെ ഫോണും ഞാന്‍ അതിനടുത്തായി തന്നെ വെച്ചു. ഈയിടെ ഓര്‍മ്മ ശക്തിയൊക്കെ കുറഞ്ഞു കുറഞ്ഞു വരുന്നതായി ഒരു തോന്നല്‍. അഥവാ എടുക്കാന്‍ മറന്നു പോയാലും രമേശന്‍ ഫോണ്‍ എടുത്തു സൂക്ഷിച്ചു വെച്ചു പിന്നീട് തിരിച്ചു തന്നു കൊള്ളും.
ഒരു സ്റ്റൂള്‍ വലിച്ചിട്ട് ഞാന്‍ രമേശന്റെ മുമ്പിലിരുന്നു. അംബികാസുതന്‍ മാഷിന്റെ ‘തോട്ടുങ്കര പോതി’ എന്ന കഥാപുസ്തകം അതിനിടയില്‍ രമേശന്‍ പൊതിഞ്ഞു വെച്ചിരുന്നു. പുസ്തകത്തിനു പറഞ്ഞിട്ട് കുറച്ചു ദിവസങ്ങളായി. ഒന്നു രണ്ടു പ്രാവശ്യം ബുക്ക്‌സ്റ്റാളു വരെ വരികയും ചെയ്തിരുന്നു. അമ്മയ്ക്കു സുഖമില്ലാത്തതിനാലാണത്രെ, ഒരാഴ്ചയായി രമേശന്‍ കട തുറന്നതേയില്ല. പിന്നെ ഇന്നാണ്…
‘അമ്മയ്‌ക്കെങ്ങനെയുണ്ട്, രമേശാ?’
‘ഇന്നേക്ക് ഒരുപാട് മാറ്റമുണ്ട്. മുഖം കഴുകിച്ച്, ടവ്വല്‍ കൊണ്ട് നെറ്റിയും കഴുത്തും തുടച്ച് കൊടുത്തിട്ടാണ് ഞാന്‍ രാവിലെ പത്രവിതരണത്തിന് ഇറങ്ങിയത്. കട യില്‍ വരാന്‍ നേരം, നേര്‍ത്ത മധുരത്തില്‍ കടുപ്പമില്ലാത്ത ചായ ഉണ്ടാക്കി സ്പൂണ്‍ കൊണ്ട് കോരി കൊടുക്കുകയും ചെയ്തു.’
‘ഭക്ഷണമൊക്കെ കഴിക്കുന്നുണ്ടോ?’
‘ചായ ഇഷ്ടാണ്. കഞ്ഞി മിക്‌സീലിട്ടടിച്ച് കൊടുക്കണം. എന്തും, കൊടുക്കുന്നു എന്നേയുള്ളൂ. കോടിപ്പോയ വലതു ചിറിയില്‍ കൂടി പകുതിയും അടിയില്‍ വിരിച്ച തോര്‍ത്തു മുണ്ടിലേക്കു ഒലിച്ചു പോകുന്നതു കാണാം അല്ല, ഇനി മുഴുവനും തന്നെ അങ്ങനെ പോകുന്നുണ്ടോ, ആവോ…’
ചിരിച്ചു കൊണ്ടാണ് രമേശന്‍ എല്ലാം പറയുന്നതെങ്കിലും അമ്മയുടെ രോഗവും അതിന്റെ വേവലാതിയും മുഴുവന്‍ അവന്റെ മുഖത്തും വാക്കുകളിലും എനിക്കു കാണാന്‍ കഴിയുന്നുണ്ടായിരുന്നു.
‘അമ്മയ്ക്ക്, എങ്ങനെയായിരുന്നു അസുഖം തുടങ്ങിയത്?’
‘പെട്ടെന്നായിരുന്നു. ബിന്ദു നാലഞ്ചു പ്രാവശ്യം വിളിച്ചിരുന്നതായി കണ്ടതു തന്നെ പത്ര വിതരണത്തിന്റെ ബേജാറ് കഴിയാറായ നേരത്താണ്. സമയം പതിനൊന്ന് കഴിഞ്ഞിരുന്നു. പത്രം ഇടുന്നതിനിടയില്‍ ഇതൊന്നും ശ്രദ്ധിക്കാന്‍ കഴിയില്ലല്ലൊ. പത്രം ഇടുന്നത് പതിവില്‍ നിന്ന് ഒരഞ്ചു മിനിട്ട് അങ്ങോട്ടായിപ്പോയാല്‍ എന്തോ, ലോകം അട്ടിമറിഞ്ഞു പോയതുപോലെയാണ് ഓരോ വീട്ടുകാരുടെ മുഖത്തെ ഭാവമാറ്റമുണ്ടാവുക. എന്നാല്‍ മഴയൊക്കെയുള്ള ദിവസങ്ങളിലാവട്ടെ, ഞാന്‍ പത്രമിടുമ്പോഴും അവര്‍ വീട്ടിനുള്ളില്‍ പുതച്ചുമൂടി നന്നായി ഉറങ്ങുന്നുമുണ്ടാവും. പത്രവിതരണവും കഴിഞ്ഞ് ന്യൂസ് കോര്‍ണ റില്‍ ബാലമാസികയുടെ കെട്ടും കൊടുത്തു കഴിഞ്ഞാണ് എനിക്ക് ഫോണ്‍ നോക്കാന്‍ സാവകാശം കിട്ടിയത്. വിവരമറിഞ്ഞ് ഓടിക്കിതച്ച് വീട്ടിലെത്തുമ്പോള്‍ അമ്മ എന്തൊക്കെയോ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ബിന്ദു അമ്മയുടെ കൈയും കാലും നെഞ്ചും ഒക്കെ മാറി മാറി തടവിക്കൊടുത്തുകൊണ്ടിരുന്നു.
അമ്മേ… എന്ന എന്റെ ഒറ്റ നിലവിളിയില്‍ അമ്മ അമ്മയുടെ രോഗം പൂര്‍ണമായി എന്നോടു പറഞ്ഞു. ഞങ്ങള്‍ അങ്ങനെയായിരുന്നു. അമ്മയുടെ മുഖത്തെ ഭാവങ്ങളിലൂടെ ഞാന്‍ എന്നും അമ്മയെ വായിക്കാറുണ്ടായിരുന്നു. വൈകുന്നേരങ്ങളില്‍, നാടന്‍പണി കഴിഞ്ഞു വിയര്‍ത്തു തളര്‍ന്ന് വരുന്ന അമ്മയുടെ മുഖത്തെ നിരാശയും വൈവശ്യവും കണ്ട് ജീവിതത്തിലെ എത്രയോ കൊച്ചു കൊച്ചാഗ്രഹങ്ങള്‍ ബാല്യകാലം മുതല്‍ക്കു അമ്മയോടു പറയാതെ തന്നെ ഞാന്‍ സ്വയം വേണ്ടെന്ന് വെക്കാന്‍ പഠിച്ചിട്ടുമുണ്ട്.
എന്റെ മുഖം നോക്കി അമ്മ എന്നെയും എന്നും അറിയാറുണ്ടായിരുന്നു.
അമ്മയുടെ ശരീരത്തിന്റെ വലതു വശത്തായിരുന്നു വിഷമങ്ങളൊക്കെ. കൈക്കും കാലിനും മുഴുവനായി ചലനശേഷി നഷ്ടപ്പെട്ടു പോയിരുന്നു. വായ വലത്തോട്ട് കോടിപ്പോയിട്ടുണ്ടാവണം, അമ്മ പറയുന്നതൊന്നും ഞങ്ങള്‍ക്ക് വ്യക്തമാവുന്നുണ്ടായിരുന്നില്ല. വലതു കണ്ണിന്റെയും ചെവിയുടെയും കാര്യം എങ്ങനെയൊക്കെയാണോ എന്തോ, ചോദിച്ചാലും അമ്മയ്ക്ക് ഒന്നും പറയാനും കഴിയുന്നുണ്ടായിരുന്നില്ല, കണ്ണിലും കവിളിലും അറിയാതെയുണ്ടാകുന്ന എന്തൊക്കെയോ തീവ്രഭാവങ്ങളല്ലാതെ. ഞങ്ങള്‍ പിന്നെ അമ്മയെ അധികം ബുദ്ധിമുട്ടിക്കാനൊന്നും പോയതുമില്ല.
ജില്ലാ ആശുപത്രിയില്‍, ഈയിടെ തളര്‍ച്ചയ്ക്കുള്ള പ്രത്യേക ചികിത്സാ വിഭാഗം തുടങ്ങിയിരുന്നതുകൊണ്ട് അവിടെയാണ് അമ്മയെ കാണിച്ചത്. നാലു ദിവസം അമ്മ അവിടെ കിടന്നു. രാത്രികളില്‍ ഞാന്‍ കൂട്ടു കിടന്നു. അതിരാവിലെ എനിക്കു പത്രവിതരണത്തിനു പോകാന്‍ കണക്കായി ബിന്ദു ആശുപത്രിയിലെത്തുമായിരുന്നു. വീട്ടിലെത്തിയതിനു ശേഷം അമ്മയ്ക്കുവേണ്ടിവരുമെന്നു തോന്നിയതൊക്കെ ഞങ്ങള്‍ രണ്ടാളും കൂടി ചെയ്തു കൊടുക്കാനും തുടങ്ങി.’
‘അമ്മയ്ക്കു നിങ്ങളെത്ര മക്കളാണ് ?’
‘ഞാനും ഏച്ചിയും പിന്നെ വല്ല്യേച്ചിയും. രണ്ടു പേരുടെയും ഭര്‍ത്താക്കന്‍മാര്‍ നേരത്തെ മരിച്ചു പോയി. കാര്യങ്ങളൊക്കെ ഞാന്‍ തന്നെ അന്വേഷിക്കണം പെങ്ങന്മാരുടെയും മരുമക്കളുടെയും.’
ഏച്ചിമാരെ പറ്റി പറയുമ്പോഴും രമേശന്റെ മുഖത്ത് അമ്മയോടുള്ള അലിവാണ് കതിരിട്ടിരുന്നത്. അമ്മയുടെ ഏറ്റവും വലിയ ദുഃഖവും ഒരുപക്ഷേ അവര്‍ തന്നെ ആയിരുന്നിരിക്കണം.
ഞാന്‍ പറഞ്ഞു:
‘കവി റഫീഖ് അഹമ്മദ് അന്ന് തളിപ്പറമ്പില്‍ ഉണ്ടായിരുന്നു. ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ കവിയരങ്ങില്‍ പുറച്ചേരി മാധവന്‍ മാഷായിരുന്നു ക്യാമ്പ് ഡയറക്ടര്‍. സംഘാടകരുടെ ക്ഷണപ്രകാരം എനിക്കും അതില്‍ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. അന്നാണ് എന്റെ അമ്മയ്ക്ക് അസുഖം തുടങ്ങിയത്. ഏതാണ്ട് ഇതേ ലക്ഷണങ്ങളൊക്കെ തന്നെ. പതിവു പോലെ, രാവിലെ നാലു മണിക്ക് എഴുന്നേറ്റു സ്വന്തമായി ശുചിമുറിയില്‍ പോയി മൂത്രമൊഴിച്ചു വന്ന്, ഒന്നുകൂടി കിടന്നതാണ് അമ്മ. ആറു മണി ആവുന്നതേയുണ്ടായിരുന്നുള്ളൂ. രാവിലത്തെ ചെറിയ നടത്തമൊക്കെ കഴിഞ്ഞ് കുളിക്കാനുള്ള തയാറെടുപ്പിലായിരുന്നു ഞാന്‍.’
‘ഒന്നിങ്ങു വന്നേ…’
ഭാര്യയുടെ പരിഭ്രാന്തമായ വിളി.
‘അമ്മയ്ക്ക് കാലു തീരെ വയ്യാത്രെ. ആകെ ഒരു തരിപ്പ് പോലും…’
തിരക്കൊഴിഞ്ഞ് അമ്മയെ എഴുന്നേല്‍പ്പിച്ച് കിടക്കയില്‍ ഇരുത്തി. രണ്ടുകാലും നീട്ടി വെപ്പിച്ചു. കയ്യുകള്‍ക്ക് കുഴപ്പമൊന്നുമില്ല. കാലുകള്‍ അമര്‍ത്തി തടവാന്‍ ഏല്‍പ്പിച്ചു. വലിയ കുഴപ്പമൊന്നും കാണാനില്ലാത്തതുകൊണ്ട് ഞാന്‍ കവിയരങ്ങിനു പുറപ്പെടുകയും ചെയ്തു. വൈകിട്ട് വീട്ടില്‍ തിരിച്ചെത്തുമ്പോഴേക്കും പക്ഷേ കാര്യങ്ങള്‍ കുഴഞ്ഞുപോയിരുന്നു. അമ്മയ്ക്കു ഒട്ടും വയ്യാതെ ആയിരിക്കുന്നു. രണ്ടു കാലുകളുടെയും ചലനശേഷി പൂര്‍ണ്ണമായും നഷ്ടപ്പെട്ടു പോയിരുന്നു. താങ്ങിപ്പിടിച്ചു വേണം കുളിമുറിയിലേക്ക് കൊണ്ടുപോകാന്‍. അമ്മയാണെങ്കിലും, കുഴഞ്ഞു പോയ ഒരു സ്ത്രീയുടെ ശരീരം അങ്ങനെ എടുത്തു കൊണ്ടു പോകുന്നത് എന്നെ സംബന്ധിച്ചേടത്തോളം ഒട്ടും എളുപ്പമായ ഒരു കാര്യവുമായിരുന്നില്ല.
കഴിഞ്ഞ പത്തു നാല്‍പതു വര്‍ഷമായിട്ട് അമ്മയ്ക്ക് കാര്യമായ അസുഖമൊന്നും വരാറില്ലായിരുന്നു. പ്രഷറില്ല, ഷുഗറില്ല, കൊളസ്‌ട്രോളില്ല. തലശ്ശേരിയിലെ ജോസ് ഡോക്ടറെ മാത്രമേ ഇനി അഥവാ എന്തെങ്കിലും അസുഖങ്ങള്‍ വന്നാലും കാണിക്കാറുള്ളൂ. ജോസ് ഡോക്ടറെഴുതുന്ന മരുന്നുകള്‍ മാത്രമെ വിശ്വാസപൂര്‍വം അമ്മ കഴിക്കാറുമുള്ളൂ. ഏട്ടനാണ് പൊതുവെ അമ്മയുടെ ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിരുന്നത്.
അതുകൊണ്ടു തന്നെ ഏട്ടനെ വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞു. പിറ്റേന്ന് അതിരാവിലെ ഏട്ടന്‍ കാറുമായി വന്നു.
അമ്മയ്ക്ക് പാര്‍ഷ്യല്‍ സ്‌ട്രോക്ക്* ആയിരുന്നു.
‘പഴയ കാലത്തെ, വാര്‍ദ്ധക്യസഹജമായ അസുഖം തന്നെ. കാലില്‍ നിന്ന് തുടങ്ങിയെന്നേയുള്ളൂ. ചിലര്‍ക്ക് ഒരുവശം മുഴുവന്‍ തന്നെ തളര്‍ന്നു പോയി എന്നുവരാം. മറ്റു ചിലര്‍ക്ക് ശരീരം മൊത്തമായി തളര്‍ന്നു പോകാം. ഇതിപ്പോള്‍ കാലില്‍ തുടങ്ങിയത് ഒരു കണക്കിനു ഭാഗ്യമായി, ചെറുതായി ബുദ്ധിമുട്ടിയാലും എവിടെ വേണമെങ്കിലും നിങ്ങള്‍ക്ക് അമ്മയെ കൊണ്ടുപോകാമല്ലൊ. മക്കള്‍ മൂന്നു പേരും പെന്‍ഷന്‍ പറ്റിയവരായതുകൊണ്ട് കൈയില്‍ ആവശ്യത്തിനു സമയവുമുണ്ട് പണവുമുണ്ടാകും. ചെറിയ പ്രായത്തിലൊക്കെയായിരുന്നെങ്കില്‍, ദീര്‍ഘകാല – തീവ്ര പുനരധിവാസ ചികിത്സയിലൂടെ ഒരു പരിധിവരെ ഈ രോഗത്തിന് വീണ്ടെടുപ്പിനു സാധ്യതയുമുണ്ടാകുമായിരുന്നു. ഇതിപ്പോള്‍ വയസ്സു തൊണ്ണൂറു കഴിഞ്ഞ സ്ഥിതിക്ക് ആശുപത്രിക്കാര്‍ രോഗിയുടെ പ്രായവും രോഗാവസ്ഥയും കണക്കിലെടുത്ത്, ചെല്ലുമ്പോള്‍ തന്നെ ഐസിയുവിലോട്ടു വിടും. നിങ്ങള്‍ക്കു പിന്നെ അമ്മയെ സ്വതന്ത്രമായി പരിചരിക്കാനോ കാണാന്‍ പോലുമോ തന്നെ കഴിഞ്ഞു എന്നും വരില്ല. പത്തോ പതിനഞ്ചോ ദിവസം കഴിയുമ്പോള്‍ ഏതു കോലത്തിലായിരിക്കും നിങ്ങള്‍ക്ക് അമ്മയെ തിരിച്ചു കിട്ടുക എന്നൊന്നും എനിക്ക് ഇപ്പോള്‍ പറയാന്‍ പറ്റില്ല. ചിലപ്പോള്‍, വീട്ടിലേക്കെടുത്തോളൂ എന്ന ഒറ്റ വാചകത്തില്‍ അവര്‍ അവരുടെ കൈകഴുകും. നാലോ അഞ്ചോ ലക്ഷത്തിന്റെ ബില്ലൊക്കെ കൊടുത്ത് അമ്മയെ വീട്ടിലേക്ക് കൊണ്ടുപോയാലും, പിന്നെയും പരിചരിക്കേണ്ടത് നമ്മള്‍ തന്നെ. എങ്കില്‍ അത് ഇപ്പോഴേ ആയിക്കൂടെ. ഞാന്‍ എഴുതിത്തന്നതിനേക്കാള്‍ മെച്ചപ്പെട്ട മരുന്നൊന്നും ഈ രോഗത്തിന് ഇപ്പോള്‍ കൊടുക്കാനില്ല. വീട്ടിലാണെങ്കില്‍, മരുന്നൊക്കെ കൃത്യമായി കൊടുത്ത്…’
ഡോക്ടര്‍ ജോസ്, ഞങ്ങള്‍ മൂന്നു പേരോടുമായി പറഞ്ഞു: ‘ഞാന്‍ പറഞ്ഞു എന്നേ ഉള്ളൂ. നിങ്ങള്‍, നിങ്ങളുടെ അമ്മ, നിങ്ങളുടെ തീരുമാനം.’ കാറിനടുത്തെത്തി അമ്മയെ പരിശോധിച്ച് ഡോക്ടര്‍ രോഗം വിലയിരുത്തി ആശുപത്രി മുറിയിലേക്കു മടങ്ങിപ്പോയി.
ഞങ്ങള്‍, മക്കള്‍ മൂന്നു പേരും ദീര്‍ഘനേരം കൂടിയിരുന്നാലോചിച്ചാണ് ഓരോ കുടുംബ കാര്യത്തിലും തീരുമാനങ്ങളെടുക്കാറുള്ളത്. അമ്മയുടെ കാര്യത്തിലും അങ്ങനെ തന്നെയാണുണ്ടായത്. മംഗലാപുരത്തെ ആശുപത്രിയില്‍ നിന്ന് രണ്ടാഴ്ചത്തെ ചികിത്സയ്ക്കു ശേഷം മടങ്ങുമ്പോഴേക്കും അമ്മയുടെ രോഗം പക്ഷേ വല്ലാതെ മൂര്‍ച്ഛിച്ചിരുന്നു. കാലുകളിലെ ബലഹീനത മുകളിലോട്ടു പടര്‍ന്ന്, അരഭാഗവും കടന്ന് നെഞ്ചത്തോളമെത്തിയതു പോലെ അമ്മ അസ്വസ്ഥത കാണിച്ചുതുടങ്ങിയിരുന്നു. സാവകാശത്തില്‍ കൈകളുടെ ചലനശേഷിയും കുറഞ്ഞു കുറഞ്ഞു വന്നു. ഇടയ്ക്ക്, ഞങ്ങള്‍ മൂന്നു പേരും ചേര്‍ന്നു വാങ്ങിയ ചക്രക്കസേരയില്‍ പോലും നിവര്‍ന്നിരിക്കാനും ശുചിമുറിയില്‍ പോകാനും അമ്മയ്ക്ക് പരസഹായം ആവശ്യമായിത്തീര്‍ന്നിരുന്നു. അങ്ങനെയാണ് അമ്മയെ പരിചരിക്കുന്നതിനായി ഒരു ഹോംനേഴ്‌സിന്റെ സേവനം ഞങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
ആശുപത്രിയിലെ ചെലവുകള്‍ ഞങ്ങള്‍ മൂന്നു പേരും കണക്കുകൂട്ടി ഭാഗിച്ച് ഒന്നിനും ഒരു ബുദ്ധിമുട്ടില്ലാത്ത വിധം, ഒരുപോലെ തന്നെ ചെയ്തു. മറ്റ് വരാനിരിക്കുന്ന ചെലവുകളും അതുപോലെ തന്നെ ചെയ്യാന്‍ തീരുമാനമായി. അതതു സമയത്തെ ചെലവുകള്‍ ഏട്ടന്‍ നിര്‍വ്വഹിക്കുന്നതാണ്. കൃത്യമായ വിഹിതം ഞാനും അനിയനും പിന്നീട് കൊടുത്താല്‍ മതി.
അമ്മ പിന്നീട് ഒരാഴ്ചയേ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നുള്ളൂ.
‘ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയതിനു ശേഷം എന്റെ അമ്മയുടെ രോഗാവസ്ഥയില്‍ നല്ല മാറ്റങ്ങളുണ്ട്.’ രമേശന്‍ പറഞ്ഞു.
‘അമ്മയെ ആശുപത്രിയില്‍ നിന്നെടുക്കുമ്പോള്‍ എനിക്ക് മറ്റ് മാര്‍ഗ്ഗങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. സര്‍ക്കാരാശുപത്രി ആയിരുന്നതുകൊണ്ട് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനാവണം, വേണമെങ്കില്‍ പരിയാരത്ത് മെഡിക്കല്‍ കോളേജിലോ കണ്ണൂരിലെ ഏതെങ്കിലും പുതിയ സ്വകാര്യ ആശുപത്രിയിലോ വിദഗ്ധ ചികിത്സക്കായി കൊണ്ടു പോയിക്കൊള്ളാന്‍ ജില്ലാ ആശുപത്രിയിലെ, അമ്മയെ ചികിത്സിച്ച ഡോക്ടര്‍ ഉപദേശിച്ചിരുന്നു. ആവതില്ലാത്തതു കൊണ്ട് ഞങ്ങള്‍ അതിനൊന്നും തല കൊടുത്തതേയില്ല. അമ്മയെ എന്റെ വീട്ടിലേക്ക് കൂട്ടി.
അമ്മയ്ക്കു സുഖമില്ലാതായതിനു ശേഷം ഇപ്പോള്‍ ഏച്ചിയും വല്യേച്ചിയും എന്റെ വീട്ടില്‍ തന്നെയാണ്. അവരുടെ കാര്യം അല്ലെങ്കിലും ഞാന്‍ തന്നെയാണ് നോക്കാറ്. പിന്നെ സഹായത്തിന് ബിന്ദുവുമുണ്ട്. എങ്കിലും അമ്മയെ ശുശ്രൂഷിക്കാന്‍ കഴിവതും ഞാന്‍ തന്നെ സമയം കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. മറ്റുള്ളവര്‍ക്ക്, ചേച്ചിമാര്‍ക്കു പോലും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്നും ആര്‍ക്കും മനസ്സില്‍ പോലും എന്റെ അമ്മയോട് ഒരു തരത്തിലുമുള്ള അലോഗ്യവും തോന്നരുതെന്നും എനിക്ക് നിര്‍ബന്ധമു ണ്ടായിരുന്നു. ശരിയാണ്, ഒരു പുരുഷന്‍ എന്ന നിലയില്‍ അമ്മയെ ശുചിമുറിയില്‍ വൃത്തിയാക്കുന്നതും കുളിപ്പിച്ച്, അത്യാവശ്യ വസ്ത്രങ്ങളിടുവിക്കുന്നതുമൊക്കെ ശരിയായ കാര്യമാണെന്ന് നിരൂപിച്ചാല്‍ തന്നെ, അതൊക്കെ വലിയ ബുദ്ധിമുട്ടല്ലെ എന്ന് എത്രയോ ആളുകള്‍ എന്നോട് നേരിട്ട് ചോദിച്ചിട്ടുണ്ട്. പത്രമിടുന്ന വീടുകളില്‍ നിന്ന് പലരുടെയും പരിഹാസം ഏല്‍ക്കേണ്ടി വന്നിട്ടുമുണ്ട്. അവരോടൊക്കെ ഞാന്‍ ഒന്നേ പറഞ്ഞിട്ടുള്ളൂ. തളര്‍ന്നു പോയ, ആ നിസ്സഹായയായ സ്ത്രീ എന്റെ സ്വന്തം അമ്മയാണ്…
ജീവിതത്തില്‍, ബാല്യം നഷ്ടപ്പെട്ടുപോയ ഒരു കുട്ടിയായിരുന്നു ഞാന്‍. ഗ്രഹണി പിടിച്ച്, ചെറുപ്പത്തില്‍ എന്റെ കൈകാലുകള്‍ മെലിഞ്ഞും വയറ് പുറത്തേക്ക് ഉന്തിയുമിരുന്നു. അതിനു പുറമെയാണ് കൈകളിലും കാലുകളിലും കരപ്പന്‍ എന്നു പറയുന്ന ഒരു തരം വേദനയുള്ള ചൊറിയുടെ അസുഖം. ഇനിയിങ്ങോട്ടേക്കില്ല എന്ന് വൈദ്യന്മാര്‍ മടക്കിയ എന്നെ വള്ളുവന്‍കടവിലെ വൈദ്യശാലയിലേക്ക് വീണ്ടും വീണ്ടും ചുമലിലേറ്റി നടന്നതും, ചുള്ളിക്കമ്പു പെറുക്കി കത്തിച്ച്, കഷായം വറ്റിച്ചും കുഴമ്പു തേച്ചു പിടിപ്പിച്ചും അന്യവീടുകളിലെ അടുക്കളപ്പുറത്തും നാട്ടിക്കണ്ടങ്ങളിലും പണിയെടുത്തും ആളാക്കിയെടുത്തത് ആ സ്ത്രീ ഒറ്റക്കാണ്. ചൊറിയും ചിരങ്ങും പിടിച്ച എന്നെ പത്തു പതിനഞ്ചു വയസ്സുവരെ അവര്‍ തേച്ച് കുളിപ്പിക്കുമ്പോഴും ഞാനും ഉടുപ്പൊന്നുമിട്ടിട്ടില്ലായിരുന്നല്ലൊ എന്ന് അപ്പോഴൊക്കെ ഞാനോര്‍ക്കുമായിരുന്നു.’ തേച്ചു കുളിപ്പിക്കുമ്പോള്‍ രമേശന്റെ ഈറനായ കണ്ണുകളില്‍ ഞാന്‍ അവന്റെ അമ്മയെ കണ്ടു കൊണ്ടിരുന്നു അവര്‍ രമേശാ, രമേശാ എന്നു വിളിക്കുന്നത് എന്റെ കാതുകളില്‍ തടയുന്നുമുണ്ടായിരുന്നു.
‘പത്തു മുപ്പതു കൊല്ലങ്ങള്‍ക്കു ശേഷം ഞാന്‍ അമ്മയോടൊപ്പമാണ് ഇപ്പോള്‍ ഉറങ്ങുന്നത്. അമ്മയുടെ വലതു വശത്തു തന്നെ കിടക്കാന്‍ ഞാനെപ്പോഴും ശ്രദ്ധിക്കാറുണ്ട്. ചലനം നഷ്ടപ്പെട്ട കൈയും പുറവുമൊക്കെ സാവധാനം തടവിക്കൊടുക്കും. ചലനശേഷി ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത ഇടതു കൈ കൊണ്ട് അപ്പോള്‍ അമ്മ വലതു വശത്തു കിടക്കുന്ന എന്നെ കെട്ടിപ്പിടിക്കും, മൂര്‍ദ്ദാവില്‍ ചുംബിക്കും. പതിനഞ്ചു വയസ്സുള്ള കുട്ടിയായി പലപ്പോഴും ഞാനുറങ്ങിപ്പോവും. പകലറുതിയുടെ ക്ഷീണനേരങ്ങളിലും മകനെ കെട്ടിപ്പിടിച്ചുറങ്ങാതിരിക്കുന്ന അമ്മയുടെ കണ്ണീരുറവ ആ പതിനഞ്ചുകാരനെ വീണ്ടും വീണ്ടും തൊട്ടുതൊട്ടുണര്‍ത്തും. ഓരോ ഉണര്‍വിലും പക്ഷേ ഞാന്‍ വ്യക്തമായറിയുന്ന ഒരു കാര്യമുണ്ട്. അക്കാലത്തൊക്കെ, അമ്മയുടെ കണ്ണീരിന് നല്ല മകരമഞ്ഞിന്റെ കുളിരായിരുന്നു. ആ തണുപ്പത്താണ് ഞാനെന്നും നേരം പുലരും വരെ കുളിര്‍ന്നുറങ്ങിയിരുന്നത്. ഇപ്പോഴാകട്ടെ അത് ചൂട്ടു പൊള്ളാന്‍ തുടങ്ങിയിരിക്കുന്നു. നട്ടുച്ച വെയില്‍ പോലെ.’
ആ ചുട്ടുപൊള്ളല്‍ ഒരു നീറ്റലായി എന്റെ ഉള്ളിലേക്കും സാവധാനം ഇറങ്ങി വരുന്നതുപോലെയോ, ശരീരത്തിലൊട്ടാകെ പടരുന്നതു പോലെയോ എനിക്കു തോന്നിത്തുടങ്ങി.
ഞാനെഴുന്നേറ്റു. ഇനിയും ഇവിടെ സമാധാനത്തില്‍, ഇങ്ങനെയിരുന്ന് രമേശനോട് വിശേഷങ്ങള്‍ ചോദിക്കാനും പറയാനും എനിക്കു കഴിയുമെന്ന് തോന്നുന്നില്ല.
ആശുപത്രി ഐസിയുവിന്റെ തണുപ്പില്‍ എന്റെ അമ്മയും അന്ന് പച്ച പുതച്ച് കിടക്കുകയാണ്. അമ്മയ്ക്കു ചുറ്റും പല വഴിക്കു നീളുന്ന റബ്ബര്‍ കുഴലുകള്‍ എല്ലാം നിര്‍ജ്ജീ വമായി തൂങ്ങിക്കിടക്കുകയാണ്. ആരെയോ തേടുന്ന അമ്മയുടെ കണ്ണുകളില്‍ പടരുന്നത് അവിടെ നിറഞ്ഞുനില്‍ക്കുന്ന, മങ്ങിയ ഇരുട്ടും വിഭ്രാന്തിയും മാത്രം.
ഞാനെന്റെ അമ്മയെ അവസാനമായി കെട്ടിപ്പിടിച്ചതെന്നായിരുന്നു? എത്ര വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു അത്? അമ്മയെ സ്‌നേഹവായ്‌പോടെ, ആത്മാര്‍ത്ഥമായി ഒന്നു ചുംബിച്ചത് കാലങ്ങള്‍ക്കപ്പുറത്തായിരുന്നോ? അമ്മയുടെ മടിയില്‍ കിടന്നതും അമ്മ എന്റെ തലയില്‍, മുടികള്‍ക്കിടയില്‍, വിരലോടിച്ചിരുന്നതും ഏതു കാലത്തായി രുന്നു? അമ്മയെ, മനസ്സുതുറന്ന് അമ്മേ എന്ന് വിളിച്ചതു പോലും ഈ ജന്മത്തില്‍ തന്നെയായിരുന്നോ എന്ന് ഓര്‍ത്തെടുക്കാന്‍ എനിക്ക് അപ്പോള്‍ കഴിയുന്നുണ്ടായിരുന്നില്ല.
ജീവിതത്തില്‍ റീ-ടേക്ക് ഇല്ല എന്ന് പറഞ്ഞത് ആരായിരുന്നു എന്ന് ഓര്‍ക്കാന്‍ ശ്രമിച്ചു നോക്കി. പരാജയം തന്നെയായിരുന്നു ഫലം. നഗരത്തിലെ പത്തു പത്തു സെന്റുകളിലേക്ക് കുടിയേറിയ മൂന്ന് ആണ്‍മക്കളുടെ മുറ്റം പോലും മിനുപ്പിച്ച കോണ്‍ക്രീറ്റു വീടുകളിലായിരുന്നു, അച്ഛന്റെ മരണശേഷം അമ്മയുടെ ഇട മുറിഞ്ഞ ജീവിതം. ഗ്രാമ ത്തിലെ തറവാടു വീട് അപ്പോഴേക്കും ഞങ്ങള്‍ വിറ്റുകളഞ്ഞിരുന്നല്ലൊ. വാര്‍ദ്ധക്യകാലത്തെ ഈ കൂടുമാറ്റ ജീവിതം അമ്മയുടെ മനസ്സില്‍ എത്രമാത്രം അന്യഥാത്വബോധം ഉണ്ടാക്കിയിരിക്കും എന്ന ചിന്ത മനസ്സില്‍ നിന്ന് ഒഴിഞ്ഞു പോയതേയില്ല.
അവസാനം, നഗരത്തിലെ തന്നെ സമുദായ ശ്മശാനത്തിലെ ഗ്യാസ് അടുപ്പുകളിലൊന്നില്‍… രാമച്ചം വിരിക്കാതെ, ചന്ദനമുട്ടികളടുക്കാതെ… അമ്മ
ജന്മനാട്ടില്‍ തന്നെ താമസമായതിനാല്‍, സ്വന്തം വീട്ടുപറമ്പില്‍ ഒരുപക്ഷേ അമ്മയ്ക്കുവേണ്ടി ആറടി മണ്ണ് രമേശന്‍ കണ്ടെത്തുമായിരിക്കും.
യാത്ര പറയാനെന്നതുപോലെ, ഞാന്‍ കൗണ്ടറിലേക്ക് എഴുന്നേറ്റു. എന്റെ ഫോണ്‍, അവിടെ രമേശന്റെ ഫോണിനടുത്തായി തന്നെ ഉണ്ടായിരുന്നു. അതെടുക്കാനായി ഞാന്‍ കൈ നീട്ടി. അതേ സമയത്ത് തന്നെ, അവിടെയുണ്ടായിരുന്ന രമേശന്റെ ഫോണ്‍ തുടര്‍ച്ചയായി മണിയടിക്കാന്‍ തുടങ്ങി.
ഞാന്‍ രമേശനെ നോക്കിയതേയില്ല. ഫോണുമെടുത്ത് പുറത്തേക്കിറങ്ങി വീട്ടിലേക്കുള്ള വഴിയേ തിരിച്ചു നടക്കാന്‍ തുടങ്ങി. അപ്പോള്‍ തോട്ടുങ്കര പോതിയെ ഞാന്‍ എന്റെ നെഞ്ചോടടുക്കിപ്പിടിച്ചിരുന്നു.
*ഭാഗിക പക്ഷാഘാതം






















