രാവിലെ പാലുകാരി അമ്മിണി പറഞ്ഞിട്ട്, അവള്‍ അടുത്ത വീടിന്റെ ഗെയിറ്റിനെ ലക്ഷ്യമാക്കി സൈക്കിള്‍ ചവിട്ടി നീങ്ങി.
പാല്‍ക്കുപ്പിയുമായി തിരികെ നടക്കുമ്പോള്‍ ആ വാക്കുകള്‍ കാതില്‍ മുഴങ്ങിക്കൊണ്ടിരുന്നു.
”എന്നാ… മുഴുത്തതാണന്നു പറഞ്ഞിട്ട് കാര്യമുണ്ടോ!” അവസാനം സേവാഭാരതി പിള്ളാരല്ലേ – ‘ഇറ്റുവെള്ളം കൊടുക്കാനും, നോക്കാനും ഉണ്ടായിരുന്നൊള്ളൂ’
സുമ നായര്‍ അടുക്കളയുടെ ഇളം തിണ്ണയിലിരുന്ന് സാവിത്രി ടീച്ചറിനെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ്.
‘സാവിത്രിക്കുഞ്ഞമ്മ ടീച്ചര്‍’
ഇംഗ്ലീഷും കണക്കും പഠിപ്പിക്കുന്ന ടീച്ചര്‍. മലയാളം പഠിപ്പിക്കുന്ന ഭര്‍ത്താവ് ഭാനു വിക്രമന്‍ നായര്‍.
സ്‌കൂള്‍ ജന്മാവകാശമായി ലഭിച്ചത് സാവിത്രിടീച്ചറിനു തന്നെയായിരുന്നു. സഹോദരി ഗായത്രി വിവാഹശേഷം വര്‍ഷങ്ങള്‍ക്കു മുമ്പേ സ്റ്റേറ്റില്‍ കുടിയേറി, അവിടുത്തെ പൗരത്വം സ്വീകരിച്ച് അവിടെ സ്ഥിരതാമസമാക്കി.
സാവിത്രിക്ക് വീതമായി സ്‌കൂളും കണ്ണെത്താത്ത ദൂരത്തെ കണ്ടവും, മൂന്നേക്കര്‍ തെങ്ങിന്‍ പുരയിടവും.
കാലക്രമേണ ഗായത്രിയുടെ വീതവും സാവിത്രി സ്വന്തമാക്കി. മലയാളം ഭാനുവിക്രമന്‍ നായരുമായി വിവാഹവും നടന്നു.
സാവിത്രിക്കുഞ്ഞമ്മ അതോടെ സര്‍വ്വാധികാര പ്രമാണിയായി മാറി.
മുണ്ടിന്റെ കോന്തല വലതു കക്ഷത്തിലിടുക്കി, ഇടത് കൈകൊണ്ട് താളം പിടിച്ച്, കഥകളി പദങ്ങള്‍ ചൊല്ലി, കണ്ടത്തില്‍ വരമ്പിലൂടെ നടക്കുന്ന ഭാനു വിക്രമന്‍ നായര്‍.
ഭാനുവിക്രമന്‍ നായരുടെ മുപ്പതുവാര പുറകില്‍ കാണും സാവിത്രി ടീച്ചര്‍. അല്ലെങ്കില്‍ സാവിത്രി ടീച്ചറിന്റെ മുപ്പതു വാര പുറകേ നടക്കുന്ന ഭാനുവിക്രമന്‍ നായര്‍. അതാണ് അവരുടെ നടപ്പ് ക്രമീകരണ രീതി.
ദാമ്പത്യ പൊരുത്തങ്ങള്‍, ജീവിത അസ്വാരസ്യങ്ങള്‍, കുടുംബ കലഹങ്ങള്‍ ഇതെല്ലാം അരങ്ങേറാന്‍ ശ്രമിക്കുമ്പോഴൊക്കെ ഭാനു വിക്രമന്‍ നായരുടെ പക്വതയാര്‍ന്ന ജീവിതശൈലി മറുപടിയായിത്തീരും.
ഭാനുവിക്രമന്‍ നായരും, സാവിത്രിടീച്ചറും വ്യത്യസ്ത ആശയങ്ങളില്‍ ജീവിക്കുന്നവരായിരുന്നു.
സേവകനെന്നാല്‍ – രാജ്യം നന്നാക്കുന്നവനല്ല, സ്വയം നന്നാകുന്നവന്‍, കുടുംബം നന്നാക്കുന്നവന്‍, പത്തു പൈസയുണ്ടാക്കുന്നവന്‍, വരുംതലമുറയ്ക്ക് സമ്പാദ്യം കണ്ടെത്തുന്നവന്‍. അങ്ങനെയാണ് സേവകനാകേണ്ടത്.
സാവിത്രി ടീച്ചര്‍ പറയുമ്പോള്‍ ശാന്തതയോടെ കേട്ടിരുന്നതിനുശേഷം അയാള്‍ പറയും.
ഒരു രാജ്യസ്‌നേഹിക്ക് അതു പറ്റില്ല. സ്വയംസേവകന് രാഷ്ട്രം മാതാവാണ്. ആ മാതാവിന്റെ മക്കളാണ് എല്ലാവരും. വിദേശ അടിമത്തത്തിന്റെ വില നിനക്കറിയില്ല. രാജ്യസ്‌നേഹികള്‍ക്കും, രാഷ്ട്രശില്പികള്‍ക്കുമതറിയാം.
ഭാനുവിക്രമന്‍ നായരിലെ സ്വയംസേവകനുണര്‍ന്ന് പറയും. ”മക്കളെ ശാഖയില്‍ വിട്ട് നല്ല കുട്ടികളായി വളര്‍ത്തണം. രാഷ്ട്രസ്‌നേഹവും, ഗുരുഭക്തിയും ദേശസ്‌നേഹവുമുള്ളവരായി വളര്‍ത്തണം.
അതിനുത്തരമായി അവര്‍ ഇങ്ങനെ പറയും.
”മക്കളെ എങ്ങനെ വളര്‍ത്തണമെന്നെനിക്കറിയും, എനിക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം കിട്ടിയിട്ടുണ്ട്.”
സാവിത്രി ടീച്ചറേ – ”കാലം ഒത്തിരി മാറി. പടിഞ്ഞാറേയ്ക്ക് നോക്കാതെ തന്നിലേയ്ക്ക് തന്നേ നോക്ക്.”
അതിനു മറുപടിയായി മക്കളെ കൂട്ടുപിടിച്ച് പറയും.
ഈ കാലത്ത് മലയാളവും സംസ്‌കൃതവും ഒന്നും പഠിച്ചിട്ട് കാര്യമില്ല. രക്ഷപ്പെടണമെങ്കില്‍ വിദേശിയുടെ ഭാഷ വേണം. ഇംഗ്ലീഷ് – പഠിക്കണം.
സാവിത്രി ടീച്ചറിന്റെ ഉപദേശം മക്കള്‍ രണ്ടുപേര്‍ക്കും സ്വീകാര്യമായി.
ആഗസ്റ്റ് 15ന് സ്‌കൂളിലെ പരിപാടി കഴിഞ്ഞപ്പോള്‍ ഭാനുവിക്രമന്‍ നായര്‍ പറഞ്ഞു.
”ടീച്ചറേ… ഇന്നു കാണുന്നതൊന്നും, നാളെ നിന്റെ കൂടെ കാണില്ലടീ. മടക്കയാത്രാസമയം അറിയാത്തവരാ മനുഷ്യര്‍. ‘എപ്പോഴും പോകാം.’ ഈ ഭാനു വിക്രമനും. പക്ഷേ ഞാനൊരു കാര്യം പറഞ്ഞേക്കാം. നിന്റെ ഈ യാത്ര സര്‍വ്വനാശത്തിലേയ്ക്കാണ്. അവസാനം ആരും നിന്റെ കൂടെ കാണില്ല. ഇന്നു നീ തലയില്‍ ചുമക്കുന്ന മക്കള്‍ക്ക് നീ വെറുക്കപ്പെട്ടവളാകും. അപ്പോള്‍ നിന്നെ സഹായിക്കാന്‍ ആരും വരില്ല. ”കിടക്കാനൊരിടവും, പെടുക്കാനൊരു മറയും തേടി നീ വേദനിക്കും.”
പെട്ടന്നാണ് അതു സംഭവിച്ചത്. ഭാനു വിക്രമന്‍ നായര്‍ കാലത്തെ സാക്ഷിയാക്കി ഭൂമിയില്‍ നിന്ന് യാത്രയായി. മക്കളെ സാവിത്രി ടീച്ചര്‍ അവരുടെ ഇഷ്ടത്തിനു വളര്‍ത്തി. മക്കള്‍ വളര്‍ന്നു. അവര്‍ യൂറോപ്പിലേയ്ക്ക് കുടിയേറി.
മലയാളം സ്‌കൂള്‍ നിന്നുപോയി. കെട്ടിടത്തില്‍ നരിച്ചീറുകളും, പെരുച്ചാഴികളും, ഇഴജന്തുക്കളും വാസം തുടങ്ങി.
സാവിത്രിടീച്ചര്‍ മക്കള്‍ രണ്ടുപേര്‍ക്കും പൂര്‍ണ്ണ ക്രയവിക്രയ സ്വാതന്ത്ര്യത്തോടെ സ്വത്തുക്കള്‍ വിഭജിച്ച് നല്‍കി.
സാവിത്രി ടീച്ചറിനെ അവര്‍ യൂറോപ്പിലേയ്ക്ക് കൊണ്ടുപോയി.
യൂറോപ്പിന്റെ യാന്ത്രിക ജീവിതം കണ്ട് രസിച്ചു നടന്ന സാവിത്രി ടീച്ചറിനോട് മൂത്ത മകന്‍ പറഞ്ഞു.
”അമ്മ നാട്ടിലേയ്ക്ക് പൊക്കോ. ഇവിടെ ഇനി അതി ശൈത്യമാണ് തുടങ്ങുന്നത്. അത് സഹിയ്ക്കാന്‍ അമ്മയ്ക്ക് കഴിയില്ല.”
അടുത്ത പ്രഭാതത്തില്‍ മുന്നൂറ് കിലോമീറ്റര്‍ കാറോടിച്ച് ഇളയ മകനും, ഭാര്യയുമെത്തിയിട്ട് പറഞ്ഞു.
”ഇനിയുള്ള ആറുമാസം അമ്മയ്ക്കിവിടുത്തെ തണുപ്പ് സഹിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. നാട്ടിലേയ്ക്ക് പൊക്കോ. അവിടെയാണെങ്കില്‍ അമ്മയുടെ ബന്ധുക്കളൊക്കെയുണ്ടല്ലോ. ഇവിടുത്തെ ഓള്‍ഡ് ഏജ് ഹോമിലാണെങ്കില്‍ ഞങ്ങളുടെ ശമ്പളം കൊടുത്താലും തികയില്ല. അവിടെയൊക്കെ നിസ്സാര പൈസയല്ലേയുള്ളൂ.”
സാവിത്രി ടീച്ചറിനൊന്നും മനസ്സിലായില്ല. മക്കള്‍ക്കു നല്‍കിയ സ്‌നേഹത്തിന്റെ അളവുകള്‍ അപ്പോഴും അവര്‍ അളന്നു കൊണ്ടേയിരുന്നു.
മൂത്തമകന്‍ പറഞ്ഞു.
”അമ്മേ – തിങ്കളാഴ്ച നെടുമ്പാശ്ശേരിയ്ക്ക് പ്ലെയിനുണ്ട്. സീറ്റും ബുക്കായി. നെടുമ്പാശ്ശേരിയില്‍ നിന്ന് വീട്ടിലേയ്ക്ക് പോകാന്‍ – കാറും ബുക്കു ചെയ്തു കഴിഞ്ഞു. അമ്മ സന്തോഷത്തോടെ പോകൂ.”
അതിസന്തോഷവതിയായി വീട്ടിലെത്തിയ അവരെ സ്വീകരിച്ചത്, അവര്‍ക്കു നഷ്ടപ്പെട്ട വീടും, ഭൂസ്വത്തുക്കളുമെല്ലാമായിരുന്നു.
സ്വന്തം വീട്ടില്‍ ആരൊക്കെയോ താമസിക്കുന്നു. അന്യാധീനപ്പെട്ടിരിക്കുന്നപോലെ. സങ്കടം ഒരു പെരുമഴയായി ഇരച്ചിറമ്പി ചുറ്റും പെയ്തു മൂടുന്നപോലെ സാവിത്രി ടീച്ചര്‍ തിരിച്ചറിഞ്ഞു.
മക്കള്‍ക്ക് നല്‍കിയ സ്വത്തുക്കള്‍ അവര്‍ വിറ്റിരിക്കുന്നു. അതിനായിട്ടാണ് എന്നെ അവര്‍ യൂറോപ്പിലേയ്ക്ക് കൊണ്ടുപോയത്.
സ്വന്തം വീടിന്റെ മുമ്പില്‍ ടാക്‌സിക്കാരിയായി വന്ന് ഒരു ഭിക്ഷക്കാരിയെപ്പോലെ അവര്‍ നിന്നു.
അകത്തു നിന്ന് ഇറങ്ങി വന്ന സ്ത്രീ ചോദിച്ചു.
”ആരാണ് നിങ്ങള്‍?”
”ഈ വീടും സ്ഥലവും ഞങ്ങള്‍ വിലയ്ക്കു വാങ്ങിയതാണ്. ഇത് ഇപ്പോള്‍ ഞങ്ങളുടെ വീടാണ്. പ്രായമാകുമ്പോള്‍ സാധാരണ കാണുന്ന രോഗമാണ് നിങ്ങളുടേത്. ‘മാനസികരോഗവും മറവിരോഗവും’ – ഞങ്ങളുടെ എന്ത് സഹായമാണ് വേണ്ടത്?”
”എന്റെ വീട്, എന്റെ വീട്” എന്നു നിലവിളിക്കാതെ എന്തെങ്കിലും തെളിവു നല്‍കിയാല്‍ അവിടെ ഞങ്ങള്‍ കൊണ്ടുവിടാം. ആരുടേയെങ്കിലും ഫോണ്‍ നമ്പറുണ്ടോ?
മുഴുവന്‍ കേള്‍ക്കാന്‍ ശക്തിയില്ലാതെ സ്വന്തം വീടിന്റെ മുമ്പില്‍ ബോധരഹിതയായി സാവിത്രി വീണു.
ആശുപത്രിയില്‍ നിന്ന് ബോധം തെളിഞ്ഞപ്പോള്‍ അവരെല്ലാം തിരിച്ചറിഞ്ഞു.
ഞാന്‍ അനാഥയായിരിക്കുന്നു! മക്കള്‍ സ്‌നേഹം മൂത്ത് എല്ലാം അവര്‍ക്കു നല്‍കിയപ്പോള്‍ ഇങ്ങനെയൊരു ചതി ഓര്‍ത്തില്ല. മക്കള്‍ സ്വത്തുക്കള്‍ വില്‍ക്കാനാണ് എന്നെ യൂറോപ്പിലേയ്ക്കു കൊണ്ടുപോയത്. ‘ചതിയായിരുന്നു. മഹാചതി.’
സാവിത്രി ടീച്ചര്‍ ബോധം തെളിഞ്ഞപ്പോള്‍ അനവധി പ്രാവശ്യം മക്കളുമായി ബന്ധപ്പെടുവാന്‍ ശ്രമിച്ചു. ഫലം കണ്ടില്ല. ആ നമ്പറുകളെല്ലാം എന്നെന്നേയ്ക്കുമായി അപ്രത്യക്ഷമായി കഴിഞ്ഞു.
ഇനി ‘എങ്ങോട്ടെന്ന’ ചോദ്യശരമുയര്‍ന്നു. എല്ലാം ഒരു നിമിഷം കൊണ്ട് തകര്‍ന്നു വീണുടഞ്ഞു.
ആശുപത്രിയില്‍ നിന്ന് വൃദ്ധസദനത്തിന്റെ പടവുകള്‍ കയറുമ്പോള്‍ സാവിത്രി നന്നേ തളര്‍ന്നിരുന്നു. കാലവര്‍ത്തിയായ കദനം കടല്‍പോലെ ഇരമ്പുന്നു.
വൃദ്ധസദനത്തിന്റെ ഓടുമേഞ്ഞ എറമ്പത്തു കൂടെ ധാരധാരയായി ഒഴുകി വീഴുന്ന മഴ നൂലുകളെ നോക്കി അവര്‍ അറിയാതെ ഓര്‍ത്തു.
”നിന്റെ ഈ യാത്ര സര്‍വ്വനാശത്തിലേയ്ക്കാണ്. അവസാനം നിന്റെ കൂടെ ആരും കാണില്ല. നിന്റെ മക്കള്‍ക്ക് നീ വെറുക്കപ്പെട്ടവളാകും. അപ്പോള്‍ നിന്നെ സഹായിക്കാന്‍ ആരും വരില്ല. ”കിടക്കാനൊരിടവും, പെടുക്കാനൊരു മറയും ഇല്ലാതെ നീ വേദനിക്കും.”
വേദനയോടെ സാവിത്രി ഓര്‍ക്കുകയാണ്.
അനാദിയായ ഭൂമി മൗനം പൂണ്ടു. സാവിത്രി ടീച്ചറിന്റെ വേദന കണ്ണുനീരായി ഒഴുകി.
ഒരു പുകപ്പാടയ്ക്കപ്പുറത്തുകൂടെ നടന്നു പോകുന്നു.
”മുണ്ടിന്റെ കോന്തല കക്ഷത്തിലിറുക്കി, കാലന്‍കുട ചൂടി പാടവരമ്പിലൂടെ ഏകനായി നടന്നു പോകുന്ന ഭാനു വിക്രമന്‍ നായര്‍.” കാഴ്ചകള്‍ മറയുകയാണ്.
എന്നും യാത്ര പറഞ്ഞു പോകുന്ന ഭര്‍ത്താവ്. അന്നു യാത്ര പറയാതെ പോയി. ഒരിക്കലും തിരിച്ചു വരാത്ത ലോകത്തിലേയ്ക്കുള്ള ശാന്തി യാത്രയായിരുന്നു.
സാവിത്രി ടീച്ചര്‍ എല്ലാം മറക്കാന്‍ ശ്രമിക്കുമ്പോഴാണ് അവരെത്തേടി അഡ്വക്കേറ്റ് ശ്യാം മനോഹര്‍ വൃദ്ധസദനത്തിലെത്തിയത്.
വക്കീലിനെക്കണ്ട് അവര്‍ ഭയന്ന് നിലവിളിച്ചു.
”ഇവിടെ എനിക്ക് സൈ്വര്യം തരില്ലെന്നോ!” ആര്‍ത്തനാദത്തോടെ നിലവിളിച്ച് കുഴഞ്ഞുവീണ സാവിത്രി ടീച്ചറിനോട് അഡ്വക്കേറ്റ് ശ്യാം മനോഹര്‍ പറഞ്ഞു.
”അമ്മ ഇവിടെയല്ല കഴിയേണ്ടത്. അമ്മയ്ക്ക് ഈ അവസ്ഥ വരുമെന്ന്, നിങ്ങളുടെ ഭര്‍ത്താവ് ഭാനുവിക്രമന്‍ നായര്‍ സാറിനറിയാമായിരുന്നു. അതിനാല്‍ അദ്ദേഹം അര ഏക്കര്‍ സ്ഥലവും, ഒരു കൊച്ചുവീടും നിങ്ങളുടെ പേരില്‍ വാങ്ങി രഹസ്യമായി സൂക്ഷിച്ചിരുന്നു. ആ വീട്ടിലേയ്ക്ക് ക്ഷണിക്കാനും, അതിന്റെ ആധാരം കൈമാറാനുമാണ് ഞാന്‍ വന്നത്. അമ്മ എന്നെ കണ്ട് ഭയന്നപോലെ തോന്നുന്നു. ‘വരൂ കൂടെ വരൂ’.
പുനര്‍ജന്മം നേടിയ സാവിത്രി ടീച്ചര്‍ ഭര്‍ത്താവ് തനിക്കായി രഹസ്യമായി സൂക്ഷിച്ചു നല്‍കിയ വീട്ടിലേയ്ക്കു മാറി. പുനര്‍ജന്മ പുണ്യം നുകര്‍ന്നു സാവിത്രി ടീച്ചര്‍.
കുസൃതി കാണിച്ച കുട്ടിയെ – സ്‌കൂള്‍ വരാന്തയില്‍ ചൂരല്‍ വടി മറച്ചു പിടിച്ച് ഉപദേശിക്കുന്ന ഭര്‍ത്താവിന്റെ രൂപം മനസ്സില്‍ തെളിഞ്ഞു. അവര്‍ ഞെട്ടി ഉണര്‍ന്നപ്പോള്‍ ചുറ്റും മഹാശൂന്യത.
പ്രസവിച്ച മക്കളെ സാവിത്രി ടീച്ചറും മറന്നു. നൊന്തു പ്രസവിച്ച മക്കള്‍ തന്ന വെന്തുനീറുന്ന ഓര്‍മ്മകള്‍ ബാക്കിയായി.
ടീച്ചര്‍ പ്രസവിക്കാത്ത ഒത്തിരി മക്കള്‍ പിന്നെ ടീച്ചര്‍ക്കുണ്ടായി.
ഭര്‍ത്താവ് ഭാനുവിക്രമന്‍ നായര്‍ രഹസ്യമായി എഴുതി വെച്ചിരുന്നെങ്കില്‍, സാവിത്രിടീച്ചര്‍ പരസ്യമായി ആ വീടും പുരയിടവും സേവാഭാരതിയ്ക്ക് ‘വില്‍’ എഴുതിവെച്ചു.
അങ്ങനെ സാവിത്രിടീച്ചറും പോയി. സുമനായര്‍ അറിയാതെ പറഞ്ഞു.






















