‘ഉണ്ണ്യേട്ടാ…!’
ഒരു പതുങ്ങിയ ശബ്ദം!
ആരേലും വിളിച്ചോ…, ശാരദയാണോ..? ഒന്നു ഞെട്ടിയുണര്‍ന്നു.
ഒരു തണുപ്പ് മുറിയിലേക്ക് ഇഴഞ്ഞു വന്ന പോലെ!
ശബ്ദം ശാരദേടെ പോലെ തോന്നി!
ഹേയ്… ആവില്ല!
സമയം ഒരു രണ്ടു മണി കഴിഞ്ഞു കാണും. ഇരുട്ടില്‍ ബെഡ് റൂം ലാമ്പിന്റെ ഇരുണ്ട പ്രകാശത്തില്‍ ഒന്നും വ്യക്തമല്ല.. തോന്നിയതാവും.
ഒന്നുകൂടി പുതപ്പ് വലിച്ചിട്ട് മൂടിക്കിടന്നു. ജനലടച്ചിട്ടുണ്ട്. എന്നിട്ടും തണുപ്പ് അരിച്ചരിച്ചുവരുന്നപോലെ!
എന്തേ… ഇപ്പോള്‍ അങ്ങനെയൊരു തോന്നല്‍?
വെറുതേ തോന്നിയതാവും. അല്ലെങ്കില്‍ തന്നെ അവളെങ്ങനെ ഈ സമയത്ത് ഇവിടെ വന്നു വിളിക്കാന്‍?
എന്തോ ഒരസ്വസ്ഥത.
അയാള്‍ തിരിഞ്ഞും മറഞ്ഞും കിടന്നു.
വൈകുന്നേരം തിരിച്ചു വന്നതേയുള്ളൂ. പലോടത്തും പോവാനുണ്ടായിരുന്നു. എല്ലാരോടും വിവരം പറയണല്ലോ. കല്യാണമല്ലേ. വേറെ കൂടപ്പിറപ്പുകളാരുമില്ലല്ലോ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍.
അമ്മായീടെ അടുത്ത് പോയപ്പോള്‍, അവിടെ വെച്ചു കണ്ടിരുന്നു ശാരദയെ.
അമ്മ അടുത്ത മുറിയില്‍ ഉറങ്ങുകയാണ്.
അയാള്‍ വീണ്ടും ഉറക്കത്തിലേക്ക് വഴുതി.
പെട്ടെന്ന് വീണ്ടും കേട്ടു അതേ വിളി.
അടക്കിപ്പിടിച്ച ശബ്ദം!
ചാടി എണീറ്റു. ബെഡ് റൂം ലൈറ്റിന്റെ ഇരുണ്ട പ്രകാശത്തില്‍ അവളെ കണ്ടു. അതോ തോന്നിയതോ…
അവിടെ…
വാതിലിനു പിറകില്‍!
‘നീയെന്താ… ഈ നേരത്ത്..? ഇവിടെ?…’
ആ തണുപ്പില്‍ ശബ്ദം അറിയാതെ പുറത്തു വന്നു.
‘ഒന്നു കാണാന്‍…’
അവള്‍ അവിടെതന്നെ നിന്നു കൊണ്ട് ചിരിച്ചു. ആ ചിരി മനോഹരമായിരുന്നു. നെറ്റിയില്‍ ഒരു കുറിവരച്ചിട്ടുണ്ട്. വാലിട്ട് കണ്ണെഴുതീട്ടുണ്ട്…
ഇത് സത്യമാണോ… അതോ തോന്നലോ..?
അയാള്‍ക്കു ഒന്നും മനസിലാവുന്നില്ലായിരുന്നു.
ഓര്‍മ്മകള്‍ പിറകോട്ട് പോയി.
‘ഇത്തിരി പൂവാംകുരുന്ന്യല കിട്ട്വോ…ഉണ്ണ്യേട്ടാ…’
അവള്‍ ഇടക്കിടെ ചോദിക്കുമായിരുന്നു.
അന്ന് അവിടെ അടുത്ത പറമ്പില്‍ നിന്നും അതു പറച്ചു കൊടുക്കാറുമുണ്ടായിരുന്നു.
‘എന്തിനാ…ദ്…’
‘കണ്ണെഴ്ത്തുണ്ടാക്കാനാ…’
കണ്ണെഴ്ത്തിന് മഷി!
പൂവാം കുരുന്നില അരച്ച് നല്ല പരുത്തി തുണീല്‍ തേച്ചു പിടിപ്പിച്ചു തണലിലുണക്കി നെയ്യില്‍ മുക്കി തിരികത്തിച്ച് ആ കരി നല്ല വൃത്തിയായി കഴുകിയ ഓടിന്‍ കഷ്ണത്തില്‍ പിടിപ്പിച്ചത് വടിച്ചെടുത്ത് ആവണക്കെണ്ണയില്‍ ചാലിച്ച് കണ്‍മഷി ഉണ്ടാക്കുമായിരുന്നു അവള്‍. പിന്നീട് ഒരീസം ഇത്തിരി തൃത്തവേണംന്ന് പറഞ്ഞു.
‘ഈ തൃത്ത്യല്ല… ഇത് രാമതുളസ്യാ… യ്ക്കു വേണ്ടത് കൃഷ്ണ തുളസ്യാ..’
അതും കൊണ്ടു കൊടുത്തു.
‘ഇങ്ങന്യല്ലാ… ഒണങ്ങ്യേ.. കതിരുള്ളത്’
ഉണങ്ങിയ കതിരുള്ള കൃഷ്ണതുളസി കുറെ പറിച്ചു കൊടുത്തു.
കണ്‍മഷീല്‍ ചേര്‍ക്കാനായിരിക്കും.
അവള്‍ നല്ല കുട്ടി ആയിരുന്നു. ഒതുക്കമുള്ള കുട്ടി.
അവള്‍ അവിടെ തന്നെ നില്‍ക്കുകയാണ്.
‘ഉണ്ണ്യേട്ടാ…, ഇത് കണ്ടോ…?’
‘എന്ത്?’
‘ന്റെ നെറ്റീല്’
‘കുറി’
‘വെറും കുറ്യല്ലട്ടോ…, ഇത് കൃഷ്ണ തുളസീന്റെ അരിപൂവാം കീരുന്നിലേല് അരച്ചു ചേര്‍ത്ത കുറ്യാ…’
എല്ലാം കേട്ടു.
‘ങ്‌ഹേ.., ഈ പെണ്ണിനെന്താ…പ്രാന്തുണ്ടോ…? ഈ നട്ടപ്പാതിരക്ക് വാതിലു ചാരി കിന്നാരം പറയണൂന്നല്ലേ വിചാരിക്കണത്?’
‘അതേ… ഇത്തിരി പ്രാന്ത്ണ്ടായിരുന്നൂ…., അതോണ്ടല്ലേ… ഉണ്ണ്യേട്ടനെ മോഹിപ്പിക്കാന്‍ ഈ വിദ്യ ചെയ്‌തോണ്ടിരുന്നത്… മനയ്ക്കലെ സാവിത്രി പറഞ്ഞു തന്നതാ… ഈ വിദ്യ… ന്നട്ടും!’
അവളുടെ ശബ്ദം ഇടറിയിരുന്നു.
‘ദ് പറയാനാ… വന്നത്… പോട്ടെ….’
അവള്‍ പെട്ടെന്ന് ഒഴുകിയൊഴുകിപ്പോയി….
ഒരു സ്വപ്‌നംപോലെ…
രാവിലെ തന്നെ അമ്മ വിളിച്ചു പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി.
‘ഉണ്ണ്യേ…, വേഗം ണീക്ക്, ശാരദ പോയീത്രേ…
കുളത്തില്‍ ചാടീന്ന്’.






















