ആടിക്കാറോടിമറഞ്ഞ് ആകാശം തെളിഞ്ഞ് ആവണിപ്പുലരി പിറക്കുമ്പോള്‍ മുതല്‍ മലയാളി മനസ്സാ നുണഞ്ഞു തുടങ്ങുന്ന ഒരു ആഘോഷമാണ് ഓണം. ആചാരങ്ങളിലധിഷ്ഠിതമായി കുടുംബങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് കൊണ്ടാടിയിരുന്ന ഒരു ആനന്ദാഘോഷമെന്നതില്‍ നിന്ന് ഓണം വിനോദയാത്ര പോയി ‘അടിച്ചുപൊളിക്കാന്‍’ നാലഞ്ചു ദിവസം ഒരുമിച്ചു വീണു കിട്ടുന്ന ഒരു അവധിക്കാലം മാത്രമായി പരിണമിച്ചുപോയ ഇക്കാലത്തും തുടച്ചുമാറ്റാനാകാത്ത ചില ഓര്‍മ്മപ്പെടുത്തലുകളിലൂടെ അത് മലയാളിയുടെ മനസ്സിലേക്ക് തുച്ഛകാലത്തേക്കെങ്കിലും ഒരു നന്മയിലധിഷ്ഠിതമായ പഴയകാലസങ്കല്പത്തെ കോര്‍ത്തുവയ്ക്കുന്നു. മാനുഷരെല്ലാരുമൊന്നുപോലെ വാഴുന്ന, കള്ളവും ചതിയുമില്ലാത്ത, എള്ളോളം പൊളിവചനമില്ലാത്ത, കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങളുമില്ലാത്ത, ആധിവ്യാധികളും ബാലമരണങ്ങളും ഇല്ലാത്ത മാവേലിനാടെന്ന ഉദാത്ത സങ്കല്പത്തെ. കാലത്തിന്റെ ഭ്രമണപഥങ്ങളില്‍ ഇങ്ങിനി വരാത്ത വിധം നഷ്ടപ്പെട്ടുപോയതെങ്കിലും, സമൃദ്ധിയുടെ പൊലിമകൂടിച്ചേര്‍ത്തു വിളക്കുമ്പോള്‍ ആ മനോഹരമായ സങ്കല്പം ഇന്നും നന്മചോരാത്ത മനസ്സുകളില്‍ ആനന്ദത്തിന്റെ പ്രതീകമാകുന്നു.
എന്താണ് ഓണം എന്ന ചോദ്യത്തെക്കാള്‍ എന്തല്ല ഓണം എന്നതിനാണു പ്രസക്തി. ഐതിഹ്യപരമായ പ്രാധാന്യത്തോടൊപ്പം ഭക്തിയുടെ, സ്‌നേഹത്തിന്റെ, കലയുടെ, വിപണിയുടെ, ആരോഗ്യത്തിന്റെ, ഒത്തൊരുമയുടെ ഒക്കെ പ്രതീകമായി ഓണം ഇന്നും മലയാളിസമൂഹത്തില്‍ നിറകതിര്‍ ചൊരിയുന്നു. തിരക്കുകള്‍ കൊണ്ടു വരണ്ട ജീവിതങ്ങളില്‍ ഒരു ഹ്രസ്വകാല സാന്ത്വനമായി അതു നിറയുന്നു. വിപണിയില്‍ നിറയുന്ന വിഭവസമൃദ്ധിയായി, പൂക്കളത്തിലെ പുഷ്പസമൃദ്ധിയായി, മനസ്സുകളില്‍ നിറയുന്ന സ്‌നേഹസമൃദ്ധിയായി, നാക്കിലയിലെ ഭക്ഷ്യസമൃദ്ധിയായി, ഹൃദയം നിറയുന്ന ആഹ്ലാദസമൃദ്ധിയായി ഒക്കെ അതു സമൃദ്ധിയുടെ വര്‍ണ്ണചിത്രം നമുക്കു മുന്നില്‍ വരയ്ക്കുന്നു.
പുലികളി, ഓണപ്പൊട്ടന്‍ തുടങ്ങിയവ ഓണത്തോടനുബന്ധിച്ചുമാത്രം അരങ്ങേറുന്ന കലാരൂപങ്ങളാണ്. ഓണത്തിനു മാത്രമല്ല കളിക്കുകയെങ്കിലും തിരുവാതിരയും ഓണത്തിന്റെ പ്രധാന ഭാഗം തന്നെ. തുമ്പിതുള്ളലും മാണിക്കചെമ്പഴുക്കയും കരിയിലവേഷവും ഓണത്തല്ലും ഓണക്കാലവിനോദങ്ങളായിരുന്ന കാലം മലയാളികളുടെ മനസ്സില്‍ ഇന്നുമുണ്ട്. വള്ളംകളിയാകട്ടെ ഇന്നും മലയാളിയുടെ ലഹരിയാണ്. ഇപ്രകാരം കലാപരമായ പ്രാധാന്യമുള്ള ഒരു ആഘോഷമായി ഓണം ഖ്യാതമാണ്.
മലയാളഭാഷയില്‍ ഓണത്തിന്റെ സ്വാധീനം കുറച്ചല്ല. ഓണവില്ല്, ഓണത്തല്ല്, ഓണത്തെയ്യം, ഓണപ്പാട്ട്, ഓണക്കോടി, ഓണസദ്യ, ഓണത്തുമ്പി, ഓണാവധി, ഓണപ്പരീക്ഷ, ഓണച്ചിന്ത് എന്നിങ്ങനെ ഓണത്തെ ധ്വനിപ്പിക്കുന്ന പദങ്ങളേറെ മലയാളത്തിന് സംഭാവന ചെയ്ത ആഘോഷമാണിത്. കൂടാതെ മലയാള ഗാനശാഖകളില്‍ ഓണപ്പാട്ടുകളും ഊഞ്ഞാല്‍പ്പാട്ടുകളും സവിശേഷസ്ഥാനമുള്ളവയാണ്. ”കാണം വിറ്റും ഓണം ഉണ്ണണം”, ”അത്തം കറുത്താല്‍ ഓണം വെളുക്കും” തുടങ്ങി ഒട്ടേറെ പഴഞ്ചൊല്ലുകളും മലയാളഭാഷാസമൃദ്ധിയിലേക്ക് ഓണം മുതല്‍കൂട്ടുന്നു.

ഓണത്തെ ആധാരമാക്കിയുള്ള ഒരു സാമ്പത്തിക സംസ്‌കാരവും നിലവിലുണ്ട്. ഓണം ലക്ഷ്യമാക്കിക്കൊണ്ട് ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളാല്‍ വിപണി തഴയ്ക്കുമ്പോള്‍ ഓണത്തിനു വേണ്ടതെല്ലാം ഒരുക്കാന്‍ ഓടിനടക്കുന്നവരുടെ പങ്കപ്പാട് സ്ഥിരം കാഴ്ച്ചയാണ് ഇതു മനസ്സിലാക്കിക്കൊണ്ടുതന്നെ ചില സവിശേഷ ഓഫറുകളുമായി വിപണനസംരംഭങ്ങള്‍ മുന്നേറുമ്പോള്‍ അതു മറികടക്കാന്‍ സഹായിക്കാന്‍ ഓണച്ചിട്ടികളുമായി മറ്റൊരു സമാന്തരസംരംഭവും മുന്നേറുന്നു.
കാലാന്തരങ്ങള്‍ വാര്‍ത്തെടുക്കുന്ന പരിണാമോത്സുകത്വം മറ്റെന്തിനെയുമെന്ന പോലെ ഓണത്തെയും ബാധിച്ചിട്ടുണ്ട്. പൊന്നിന്‍ ചിങ്ങമണയുന്നതോടെ മാനം തെളിയുകയും അതുകണ്ട് ജനങ്ങളുടെ മനംതെളിയുകയും ചെയ്യുന്ന വിധത്തില്‍ നെറിയുണ്ടായിരുന്ന കാലാവസ്ഥ ക്രമംതെറ്റിപ്പെയ്യുന്ന മഴയുടെ കുസൃതിയില്‍ ചിലപ്പോഴൊക്കെ പൊന്നോണദിനവും കുതിരുന്ന അവസ്ഥയിലേക്കായിരിക്കുന്നു. ഓണക്കാലത്തേക്കു സമൃദ്ധിയുടെ നേര്‍ക്കാഴ്ചപോലെ പുന്നെല്‍ വിളഞ്ഞുലയുന്ന കേരളത്തിലെ വയലേലകളില്‍ പലതും കെട്ടിടങ്ങളോ റോഡുകളോ റബ്ബര്‍തോട്ടങ്ങളോ ഒക്കെയായി കാഴ്ചാന്തരപ്പെട്ടുകഴിഞ്ഞു. മാറ്റങ്ങള്‍ക്കു വഴിപ്പെടാതിരുന്ന കര്‍ഷകമനസ്സുകള്‍ വിളവിറക്കിയതിലേറെയും കാട്ടുപന്നിക്കൂട്ടങ്ങള്‍ നശിപ്പിച്ചു. തരിശുകിടക്കാന്‍ വിസമ്മതിച്ച് അവശേഷിച്ച വയലിടങ്ങള്‍ കളകള്‍ നിറഞ്ഞ് പച്ചപ്പിന്റെ ഹരിതക്കാഴ്ച്ചയായി വെയിലും മഴയുമേറ്റു തപസ്സിരുന്നു. ഓണസദ്യയ്ക്കുള്ള വിഭവങ്ങള്‍ കൃഷിചെയ്തിരുന്ന പുരയിടങ്ങള്‍ മറ്റെന്തൊക്കെയോ വളര്‍ന്ന് തഴപ്പുകാത്തു. കൃഷിയിടങ്ങളില്‍ മനസ്സിറക്കാന്‍ താത്പര്യമില്ലാതിരുന്ന പുതിയ തലമുറയുടെ ഓണങ്ങളിലേക്ക് അന്യനാട്ടുകാരുടെ അദ്ധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും കീടനാശിനിയുടെയും ഗന്ധമുള്ള വിഭവങ്ങള്‍ നിരക്കുന്ന അവസ്ഥയായി. വിളവെടുപ്പിന്റെ സമൃദ്ധി പരസ്പരം കൈമാറുന്നതിലൂടെ തഴച്ചിരുന്ന അയല്‍ ബന്ധങ്ങള്‍ വിപണിയില്‍ നിന്നു കാശുകൊടുത്തു ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്ന അവസ്ഥയിലേക്കു മാറിയപ്പോള്‍ പാരസ്പര്യത്തിന്റെ കൈമാറലുകള്‍ മറന്നു. കയ്യാലബന്ധങ്ങള്‍ വല്ലപ്പോഴും കാണുന്ന പുഞ്ചിരി മാത്രമായി.
പുഷ്പങ്ങളുടെ നിറപൊലിയൊരുക്കി വസന്തം ഓണപ്പൂക്കളത്തിനായി. വര്‍ണ്ണസമൃദ്ധിപേറുമായിരുന്ന പഴയകാലത്ത് പുരയിടങ്ങളിലും കാട്ടുപൊന്തകളിലുമെല്ലാം പൂവുകള്‍ സമൃദ്ധമായിരുന്നു. അയലത്തെ കൂട്ടുകാരോടൊത്തുകൂടി കുട്ടികള്‍ പൂവിറുക്കാന്‍ തൊടികളിലൂടെ ഓടിനടക്കുമ്പോള്‍ പൂപ്പൊലിപ്പാട്ടുകള്‍ നാവുകള്‍ തോറും കയറിയിറങ്ങുമായിരുന്നു. പരസ്പരം പൂവുകള്‍ പങ്കുവച്ചും പൂവിറുക്കാന്‍ സഹായിച്ചും ചിലപ്പോള്‍ മത്സരിച്ചും കുട്ടികള്‍ സാമൂഹികബന്ധങ്ങളുടെ അടിത്തറ ശക്തമാക്കിയിരുന്നു. സ്‌നേഹത്തിന്റെ, പരസ്പരമുള്ള കരുതലിന്റെ, സഹകരണത്തിന്റെ ഒക്കെ പാഠങ്ങള്‍ അതു പകര്‍ന്നു നല്കിയിരുന്നു.
കാലാന്തരത്തില്‍ തൊടികളിലെ വസന്തം അവസാനിച്ച് പൂവുകള്‍ വീട്ടുമുറ്റങ്ങളില്‍ മാത്രമായപ്പോള്‍ ഓരോ ദിനവും ഓരോ ഇനത്തിലുള്ള പൂനിരകൂട്ടി പത്തു ദിവസം കൊണ്ടു മാത്രം പത്തിനം പൂവുകള്‍ എത്തുന്ന രീതിയിലുള്ള പൂവിടല്‍ ഏകദേശം നാട്ടുപ്രദേശങ്ങളിലേക്കു മാത്രമായി ചുരുങ്ങി. ഒത്തുചേര്‍ന്നു പൂവിറുക്കലിലൂടെ പുലര്‍ന്നിരുന്ന സാമൂഹികബന്ധങ്ങളില്‍ നിന്നു കുട്ടികള്‍ വീടിന്റെ അകത്തളങ്ങളിലേക്കു മാത്രമായി ഒതുങ്ങി. പണ്ടത്തെ അത്തക്കളങ്ങളെ വര്‍ണ്ണശബളമാക്കിയിരുന്ന നാടന്‍ പൂവുകള്‍ക്കു പകരം നട്ടുവളര്‍ത്തിയ ഓര്‍ക്കിഡും ആന്തൂറിയവും ഇലച്ചെടികളും ഒക്കെയായി വീട്ടുമുറ്റങ്ങളെ അലങ്കരിക്കുന്ന പൂക്കള്‍ പോരാതെ പത്താംദിനം ഓണത്തിന് വിപണിയില്‍ നിന്നു വാങ്ങിക്കൂട്ടുന്ന പൂവുകള്‍ കൊണ്ട് പഴയകാലവ്യവസ്ഥകളില്‍ നിന്നു വ്യതിചലിച്ച്, ചാണകം മെഴുകിയ അത്തത്തിട്ടയിലല്ലാതെ വെറും നിലത്ത് അവരവരുടെ സൃഷ്ടിപരത വെളിപ്പെടുന്ന തരത്തില്‍, പൂക്കളങ്ങള്‍ ഒരുക്കുന്ന അവസ്ഥയായി. ഓണപ്പൂക്കളത്തില്‍ നിന്ന് തൃക്കാക്കരയപ്പന്റെ സങ്കല്പം പുറത്തായി. തൃക്കാക്കരയപ്പന് തിരുമുല്‍ക്കാഴ്ച്ചയായി പഴവും ശര്‍ക്കരയും തേങ്ങയും ചേര്‍ത്തുകുഴച്ച് അകത്തു വച്ച അട കാട്ടുകമ്പുകള്‍ കൊണ്ടു നിര്‍മ്മിച്ച അമ്പും വില്ലും കൊണ്ട് എയ്‌തെടുക്കുന്ന ആചാരം അപൂര്‍വ്വതയായി. എന്നാല്‍ ഓണാഘോഷത്തിന്റെ ഭാഗമായി വിവിധതരം കൂട്ടായ്മകള്‍ നാട്ടിലെവിടെയും ഒത്തുചേര്‍ന്നു പൂക്കളമൊരുക്കുന്ന രീതിയിപ്പോള്‍ പ്രചാരത്തിലായി.
ഓണസദ്യയ്ക്കുമുണ്ട് ചില മാറ്റങ്ങള്‍. തികച്ചും സസ്യ സന്തുലിതാഹാരമായിരുന്ന ഓണസദ്യയില്‍ മാംസാഹാരം ചേക്കേറിയതും അടുക്കളവെടിവട്ടത്തിന്റെ അകമ്പടിയോടെ കൈപ്പുണ്യവും സ്‌നേഹവും ചേര്‍ത്ത് വീട്ടിലെ സ്ത്രീകളും പുരുഷന്മാരും ചിലപ്പോള്‍ അയലത്തുകാരും ചേര്‍ന്ന് വീട്ടില്‍ സദ്യയൊരുക്കുന്ന രീതി മാറി പലരും ഓണസദ്യ ഓര്‍ഡര്‍ നല്കി വരുത്തുന്ന രീതി സ്വീകരിച്ചു വരുന്നുണ്ട്. സ്ഥാപനങ്ങളിലെ ആഘോഷങ്ങളിലും ഈ റെഡിമേഡ് സദ്യ തന്നെയാണ് മിക്കപ്പോഴുമുണ്ടാകുക.
ഓണാവധിക്ക് അവരവരുടെ തറവാടുകളില്‍ ഒത്തുകൂടിയോ ബന്ധുക്കളുടെ വീട്ടിലേക്കു വിരുന്നു പോയോ ഓണം ആഘോഷിക്കുന്ന രീതി മാറി ഇപ്പോള്‍ അവധിക്കാലമെന്ന മാത്രം പരിഗണനയില്‍ നേരത്തേ തന്നെ തീരുമാനിച്ചുറപ്പിച്ച വിനോദയാത്രകള്‍ക്കുമാത്രമായി പുതിയതലമുറക്കാരില്‍ പലരും ഓണത്തെ പ്രയോജനപ്പെടുത്തുമ്പോള്‍ പ്രായമായവരുടെ ചിന്തകളില്‍ വഴിക്കണ്ണുകളിലെ നിരാശയോടൊപ്പം പഴയകാല ഓര്‍മ്മകളുടെ നിഴല്‍ ചിത്രവും തെളിയുന്നു. ഒത്തുചേര്‍ന്ന് ഊഞ്ഞാലാട്ടവും കളിയും ചിരിയുമായി ചെലവിട്ട പണ്ടത്തെ ഓണക്കാലം. ഭക്തിയും സ്‌നേഹവും പരിഗണനയും സമൃദ്ധിയുമൊക്കെക്കൊണ്ട് പ്രഫുല്ലമായ പഴയ ഓണക്കാലം. അതിലിന്നും പരിവര്‍ത്തനപ്പെടാതെ നില്‍ക്കുന്നത് പുലികളിയും വള്ളം കളിയും ഊഞ്ഞാലാട്ടവും ഓണക്കോടിയും മാത്രം. എന്നാല്‍, സ്‌നേഹത്തിന്റെ മധുരിമയൂറുന്ന ഇനിയുമെന്ന പ്രതീക്ഷയാര്‍ന്ന വിടചൊല്ലലുകളില്ല. പഴയ സംസ്‌കാരത്തിന്റെ നിറമുള്ള ആചാരങ്ങളുമില്ല. എങ്കിലും, ഓണം ഇന്നും ഒരു പ്രതീക്ഷയാണ്. കാലം ബാക്കിയാക്കുന്ന അടുത്ത ഓണത്തെക്കുറിച്ചുള്ള നനുത്ത പ്രതീക്ഷ നന്മയും സ്‌നേഹവും സമൃദ്ധിയും പേറി അത് വീണ്ടും വീണ്ടും നമ്മുടെ സ്മരണകളെ ആര്‍ദ്രമാക്കാന്‍ അണയുമെന്ന മധുരമായ ആ പ്രതീക്ഷകളെ നമുക്കു കാത്തുവയ്ക്കാം.





















