ഇസ്ലാമിക ഭീകരത ലോകത്തിനു മുഴുവന്‍ വന്‍ഭീഷണിയായി തുടരുന്നുവെന്ന സൂചനയാണ് ഏപ്രില്‍ 21ന് ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പര നല്‍കുന്നത്. തലസ്ഥാനമായ കൊളംബോയിലെ മൂന്ന് ഹോട്ടലുകളിലും ഒരു പള്ളിയിലും തൊട്ടടുത്ത പ്രദേശമായ നഗോംബോയിലെയും കിഴക്കന്‍ പ്രവിശ്യയിലെ ബട്ടിക്കലോവയിലെയും ഓരോ പള്ളികളിലും നടന്ന സ്‌ഫോടനങ്ങളില്‍ 10 ഭാരതീയരടക്കം 350ലധികം പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറോളം പേര്‍ക്കു പരിക്കേല്‍ക്കുകയുമുണ്ടായി. ഇവയില്‍ രണ്ടെണ്ണം ചാവേര്‍ സ്‌ഫോടനങ്ങളായിരുന്നു. സമീപകാലത്ത് ലോകത്തില്‍ നടന്ന ഏറ്റവും വലിയ ഇസ്‌ലാമിക ഭീകരാക്രമണമാണിത്. സിറിയയിലും ഇറാഖിലും ശക്തി ക്ഷയിച്ച ഐ.എസ്. ഭീകരര്‍ ദക്ഷിണേഷ്യയെ അവരുടെ ശക്തികേന്ദ്രമാക്കാന്‍ ശ്രമിക്കുന്നതിന്റെ സൂചനയായും ഈ സ്‌ഫോടന പരമ്പരയെ കാണുന്നവരുണ്ട്. ശ്രീലങ്കയെ ഭീകരരുടെ താവളമാക്കാന്‍ ശ്രമം നടക്കുന്നതായും ഭീകരപ്രവര്‍ത്തനത്തിനു സാദ്ധ്യതയുള്ളതായും ഭാരതം നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചതിന്റെ ഫലം കൂടിയാണ് ശ്രീലങ്ക ഇന്നനുഭവിക്കുന്നത്. ഇസ്‌ലാമിക് സ്റ്റേറ്റിന് ലോകത്തിന്റെ നാനാഭാഗങ്ങളിലും സംഘടനകളും റിക്രൂട്ടിംഗ് ഏജന്‍സികളും ഉണ്ടെന്ന കാര്യവും ഇതിനകം വ്യക്തമായതാണ്. ഈ സംഘടനകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് മാരകമായ സ്‌ഫോടനങ്ങള്‍ നടത്തി നിരപരാധികളെ കൊന്നൊടുക്കുന്ന ശൈലിയാണ് ഐ.എസ് പിന്തുടരുന്നത്.
മൂന്ന് ദശകം നീണ്ട വംശീയ കലാപത്തിനൊടുവില്‍ 2009ലാണ് ശ്രീലങ്കന്‍ സൈന്യം തമിഴ് പുലികളെ ഇല്ലായ്മ ചെയ്തത്. സമാധാനത്തിന്റെയും ടൂറിസം അടിസ്ഥാനമാക്കിയ വികസനത്തിന്റെയും പാതയിലൂടെ ശ്രീലങ്ക മുന്നേറുന്ന അതേ സമയത്താണ് ഇസ്‌ലാമിക ഭീകരരും ഇവിടെ പിടിമുറുക്കിയത്. ഭീകരതയെ ചെറുക്കുന്നതിനാവശ്യമായ ശക്തമായ നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല എന്നതും ശരിയാണ്. കൊളംബോയില്‍ ഭീകരാക്രമണ സാധ്യത ഉള്ളതായി ഏപ്രില്‍ ആദ്യം തന്നെ ഭാരതത്തിന്റെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ശ്രീലങ്കയ്ക്ക് വിവരം കൈമാറിയിരുന്നു. തീവ്രവാദ സംഘടനാ നേതാവിന്റെയും സംഘാംഗങ്ങളുടെയും വിവരങ്ങള്‍, ഒളിത്താവളങ്ങള്‍, ഫോണ്‍ നമ്പരുകള്‍, പശ്ചാത്തലം എന്നിവയടങ്ങിയ മൂന്ന് പേജ് റിപ്പോര്‍ട്ട് എന്‍.ഐ.എ. നല്‍കിയിരുന്നുവെങ്കിലും ഇത് പ്രധാനമന്ത്രിക്കു കൈമാറാതെ ശ്രീലങ്കന്‍ പ്രസിഡന്റ് ആപത്ത് ക്ഷണിച്ചുവരുത്തുകയായിരുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്.
ഐ.എസില്‍ ആകൃഷ്ടരായ കോയമ്പത്തൂരിലെ ഏഴംഗസംഘം ദക്ഷിണ ഭാരതത്തിലെ പ്രമുഖ നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നു. ഈ കേസിലെ പ്രതികളില്‍ നിന്നു പിടിച്ചെടുത്ത വീഡിയോകളിലൊന്നിലാണ് ശ്രീലങ്കയിലെ ഇസ്‌ലാമിക ഭീകരസംഘടനയായ തൗഹീദ് ജമാഅത്ത് നേതാവ് സഹ്രാന്‍ ഹാഷിമിന്റെ പ്രസംഗമുള്ളത്. ഇതേ വീഡിയോയില്‍ കേരളം, തമിഴ്‌നാട്, ശ്രീലങ്ക എന്നിവിടങ്ങളിലെ യുവാക്കളെ തീവ്രവാദപാതയിലേക്ക് ക്ഷണിക്കുന്നുമുണ്ട്. ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനങ്ങളുടെ സൂത്രധാരന്‍ ഈ ഹാഷിമാണെന്ന വസ്തുത ഭാരതം കൈമാറിയ വിവരങ്ങളുടെ ആധികാരികതയാണ് വെളിപ്പെടുത്തുന്നത്.
ഇസ്‌ലാമിക ഭീകരത ലോകം മുഴുവന്‍ പത്തിവിടര്‍ത്തിയ സാഹചര്യത്തില്‍ കരുത്തുറ്റ ഭരണനേതൃത്വം ഓരോ രാജ്യത്തും ഉണ്ടാകേണ്ട ആവശ്യകതയാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ശ്രീലങ്കയിലേതുപോലെയുള്ള അധികാരത്തര്‍ക്കങ്ങളും ദുര്‍ബ്ബലമായ സര്‍ക്കാരും ഇസ്‌ലാമിക ഭീകരര്‍ക്ക് താവളമൊരുക്കാനേ സഹായകമാകൂ. ഇസ്‌ലാമിക ഭീകരര്‍ക്കെതിരെ ശക്തമായ നിയമങ്ങളും, നടപടികള്‍ സ്വീകരിക്കാനുള്ള കഴിവും ഇച്ഛാശക്തിയുമുള്ള ഭരണകൂടവുമാണ് ഇന്ന് ഭാരതത്തിലുള്ളത്. എന്നാല്‍ ഇതല്ല ശ്രീലങ്കയടക്കം മിക്ക ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെയും സ്ഥിതി. ഐ.എസില്‍ ചേരാന്‍ പോയവരുടെ പേരില്‍ കേസെടുക്കാനുള്ള നിയമം പോലും ശ്രീലങ്കയിലില്ല. ഈ സാഹചര്യത്തില്‍ ഇസ്‌ലാമിക ഭീകര്‍ക്കെതിരെ ശക്തമായ നടപടികള്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഉണ്ടാകേണ്ടതുണ്ട്.
ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയെ കുറിച്ചുള്ള അന്വേഷണം കേരളത്തിലുമെത്തി എന്ന വാര്‍ത്ത അത്ര നിസ്സാരമായി തള്ളിക്കളയാവുന്നതല്ല. കേരളം ഇതിനകം ഇസ്‌ലാമിക ഭീകരര്‍ക്ക് അനുകൂലമായ ഒരു താവളമായി മാറിക്കഴിഞ്ഞിട്ടുണ്ടെന്ന വസ്തുത മുമ്പുതന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്. ലോകത്തില്‍ എവിടെ സ്‌ഫോടനമുണ്ടായാലും അന്വേഷണം കേരളത്തിലേക്കും എത്തുന്ന ഒരു സാഹചര്യമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. മാറിമാറി അധികാരത്തില്‍ വന്ന ഇടത് – വലത് മുന്നണികള്‍ ഇസ്‌ലാമിക സംഘടനകളെ വോട്ടിനു വേണ്ടി പ്രീണിപ്പിക്കുകയും എല്ലാതരത്തിലുമുള്ള തീവ്രവാദ സംഘടനകളെയും പ്രോത്സാഹിപ്പിക്കുന്ന ഒരു സമീപനം കൈക്കൊള്ളുകയുമാണ് ചെയ്തിട്ടുള്ളത്. സി.പി.എമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നടക്കം ഐഎസ്സിലേക്ക് ചേക്കേറിയ നിരവധി സംഭവങ്ങള്‍ ഉണ്ടായെങ്കിലും ഇസ്‌ലാമിക ഭീകരതയുമായുള്ള കേരളത്തിന്റെ ബന്ധം ഗൗരവമായെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ഐ.എസില്‍ ചേരാന്‍ കേരളത്തില്‍ നിന്നുപോയവരുടെ ഒരു ഇടത്താവളമായിരുന്നു ശ്രീലങ്ക എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഐ.എസ് അനുഭാവമുള്ള ദമ്മാജ് സലഫികള്‍ എന്നറിയപ്പെടുന്ന ഇസ്‌ലാമിക വിഭാഗം കേരളത്തിലും ശ്രീലങ്കയിലും സജീവമാണ്. കണ്ണൂരില്‍ നിന്ന് ഐ.എസ്സിലേക്കു ചേരാന്‍ പോയവര്‍ ഈ വിഭാഗത്തില്‍ പെട്ടവരാണ്. വണ്ടിപ്പെരിയാര്‍, പെരുമ്പാവൂര്‍, തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ള അറുപതോളം ഐ.എസ് അനുഭാവികളുടെ പട്ടിക ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവികള്‍ വഴി എന്‍ഐഎയ്ക്ക് കൈമാറിയതായും വാര്‍ത്തയുണ്ട്. ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ഐ.എസ് ഇംഗ്ലീഷ്, അറബി ഭാഷകളിലാണ് വീഡിയോ ഇറക്കിയതെങ്കിലും പിന്നാലെ മലയാളത്തിലും തമിഴിലും വീഡിയോ ഇറക്കിയത് ഐ.എസ്സിന് കേരളവും തമിഴ്‌നാടുമായുള്ള ബന്ധത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
കണ്ണൂരിലെ കനകമലയിലും കൊല്ലത്തെ വാഗമണിലും ഐ.എസ് നടത്തിയ പരിശീലന ക്യാമ്പുകളില്‍ പങ്കെടുത്തവര്‍ക്ക് തമിഴ്‌നാട്ടിലെ ഇസ്‌ലാമിക ഭീകര സംഘടനകളുമായുള്ള ബന്ധവും ഇന്റലിജന്‍സ് മേധാവികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരളം കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടത് ജനങ്ങളുടെ സുരക്ഷയ്ക്ക് അത്യാവശ്യമായ കാര്യമാണ്. ഭീകരാക്രമണങ്ങളെ മതത്തിന്റെ കണ്ണിലൂടെ മാത്രം കണ്ട് അപലപിക്കുന്ന ഒരു പ്രവണത കഴിഞ്ഞ കുറേക്കാലമായി കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. പാലസ്തീനിലും മറ്റും ഉണ്ടാകുന്ന സംഭവങ്ങള്‍ക്കെതിരെ പലതരം പ്രതികരണങ്ങളും സമാധാന, ഐക്യദാര്‍ഢ്യറാലികളും നടത്തുന്നവര്‍ നമ്മുടെ തൊട്ട ടുത്ത് ശ്രീലങ്കയില്‍ ഉണ്ടായ അതിഭീകരമായ ആക്രമണങ്ങളോട് കാണിക്കുന്ന നിസ്സംഗത അവരുടെ ആപല്‍ക്കരമായ നിലപാടുകളെയാണ് സൂചിപ്പിക്കുന്നത്. സാഹചര്യങ്ങളെ നോക്കി പ്രതികരിക്കുന്ന, സാംസ്‌കാരിക നായകന്മാരെന്ന് അവകാശപ്പെടുന്നവര്‍ ശ്രീലങ്കയിലെ പ്രശ്‌നത്തില്‍ പേരിന് പ്രതികരണക്കുറിപ്പ് ഇറക്കിയെങ്കിലും ഇസ്‌ലാമിക ഭീകരരെ പേരെടുത്ത് പറയാന്‍ തയ്യാറായിട്ടില്ലെന്നു മാത്രമല്ല ഇവര്‍ക്കെതിരെ ശക്തമായ നടപടികളും ആവശ്യപ്പെട്ടിട്ടില്ല. ഇസ്‌ലാമിക ഭീകരതയെ വേരോടെ പിഴുതെറിയാതെ സമാധാനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇന്ന് ലോകത്തെങ്ങുമുള്ളത്.