അക്ഷരങ്ങള്‍ കൊണ്ട് അമ്മാനമാടിയ പട്ടണം, പില്‍ക്കാലത്ത് അക്ഷരനഗരി എന്ന നാമത്തില്‍ അറിയപ്പെടുവാന്‍ അരനൂറ്റാണ്ട് വേണ്ടിവന്നു.
നാട്ടില്‍ ചെറിയാന്‍ എന്നു പേരുള്ള ഒരാള്‍ തകരയോടൊപ്പം പൊട്ടിമുളച്ചു. വീടും നാടും ആര്‍ക്കുമറിയില്ല.
ഉയരം കുറഞ്ഞ് കറുത്തിട്ട് ഒരാള്‍. പാറിപ്പറന്ന മുടി. ശരീരം മറയ്ക്കുവാന്‍ ആകെയുള്ളത് മുഷിഞ്ഞ ഒരു ഒറ്റമുണ്ട് മാത്രം. കുഞ്ഞിക്കൂനന്റേയും നാറാണത്തു ഭ്രാന്തന്റെയും പേര് ചിലരെങ്കിലും പ്രയോഗിച്ചു. എലി ചെറിയാനെന്ന വിളിപ്പേരിലാണ് അയാള്‍ അറിയപ്പെട്ടത്. ചെറുതും വലുതുമായ മുഴകള്‍ ദേഹമാസകലം വ്യാപിച്ചിരുന്നെങ്കിലും അയാളെ തെല്ലും അലോസരപ്പെടുത്തിയിരുന്നില്ല എന്ന് തോന്നി. അതായിരുന്നു അയാളുടെ ട്രേഡ് മാര്‍ക്ക്. എലിപ്പനിക്കും മുന്നേ ലോകം കീഴടക്കിയ പ്‌ളേഗ് രോഗത്തിന്റെ മറപറ്റി ജനം വിധി കല്‍പ്പിച്ച പേരാണ് എലി ചെറിയാന്‍ എന്നു സാരം.
നഗരത്തിന്റെ കാഴ്ചകളില്‍ മറ്റൊന്ന് തിരുനക്കര നീലാണ്ടനെന്ന കാള കൂറ്റനും അഞ്ചോ ആറോ പേരടങ്ങുന്ന സംഘവും കുടമണി കുലുക്കി ജനങ്ങളോടൊപ്പം കുണുങ്ങി കുണുങ്ങി ചുവടുവെച്ച് ഒഴുകി നടക്കുന്ന സൗന്ദര്യമാണ്. ഒറ്റനോട്ടത്തില്‍ പട്ടാളക്കാര്‍ മാര്‍ച്ചു ചെയ്തു നീങ്ങുകയാണെന്നേ തോന്നൂ. കാക്കിക്കു പകരം കാവിയില്‍ മുങ്ങിയ മേനിയഴക്.
അന്നത്തെ തന്റെ ജോലി പൂര്‍ത്തിയാക്കി പടിഞ്ഞാറെ ചക്രവാളത്തിലേക്ക് മുങ്ങാംകുഴിയിട്ട സൂര്യനു പിന്നാലെ നീലാണ്ടനും കൂട്ടരും വിശാലമായ അമ്പല മൈതാനം ലക്ഷ്യമാക്കി നീങ്ങി. ഇനി ഉറക്കത്തിനുള്ള തയ്യാറെടുപ്പാണ്.
തിരുനക്കര തേവരുടെ തിരുനടയില്‍ നിന്നും ദീപാരാധനയ്ക്കുള്ള മണിമുഴങ്ങി.
……..
കൗസല്യ സുപ്രജാ രാമ പൂര്‍വ്വ സന്ധ്യാ പ്രവര്‍ത്തതേ….. എം.എസ്. സുബ്ബലക്ഷ്മി എന്ന ഗാനഗോകുലത്തിന്റെ കണ്ഠത്തില്‍ നിന്നുമുതിര്‍ന്ന കീര്‍ത്തനം കോളാമ്പിയില്‍ക്കൂടി അന്തരീക്ഷമാകെ അലയടിച്ചു.
നേരം പുലര്‍ന്നു വരുന്നതേയുള്ളൂ. വീണ്ടും യാത്ര തുടരുകയാണ്, നീലാണ്ടനും പരിവാരങ്ങളും അന്നത്തേക്കുള്ള അന്നം തേടി. ഒരറ്റത്ത് നിന്നും ആരംഭിച്ച് തേവരുടെ മണ്ണില്‍ അവസാനിക്കുന്ന കിലോമീറ്ററുകള്‍ താണ്ടിയുള്ള യാത്ര. പരസ്യം പതിക്കരുത് എന്ന ബോര്‍ഡിന് പുറത്തുപതിച്ച സിനിമ പോസ്റ്ററുകളും മറ്റു പരസ്യങ്ങളും അവര്‍ക്ക് ആഹാരമായി.
‘പോസ്റ്ററുകളോട് ഇവറ്റകള്‍ക്ക് എന്താണ് ഇത്ര അലര്‍ജി’- എന്ന് വീണ്ടും പരസ്യം പതിക്കുന്നവര്‍ മനസ്സില്‍ പറയാറുണ്ടെങ്കിലും ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരുന്നു.
കടകളില്‍നിന്ന് വെള്ളവും പഴവും ഉപയോഗശൂന്യമായ പച്ചക്കറി വേസ്റ്റുകളുമൊക്കെ അവര്‍ക്ക് ആഹാരമായി. സൂചികൊണ്ട് കുത്തിയ തയ്യല്‍ക്കാരനുനേരെ തുമ്പിക്കൈയാല്‍ ജലാഭിഷേകം നടത്തിയ ഗജവീരന്റെ പകയൊന്നും സാധുക്കളായ നീലാണ്ടനും കൂട്ടര്‍ക്കും തോന്നിയ ചരിത്രമില്ല.
വഴിയാത്രക്കാരോടും കുട്ടികളോടുമൊപ്പം ഇടകലര്‍ന്ന് അവരില്‍ ഒരാളായി മിണ്ടാതെ മിണ്ടി ആ നാല്‍ക്കാലികള്‍ യാത്ര തുടര്‍ന്നു.
ഇടവഴികളില്‍ ചുരുക്കം ചില ഇടങ്ങളില്‍ പച്ചപ്പ് പശിയകറ്റി.
പരിചയമില്ലാത്ത യാത്രികര്‍ പരിഭ്രാന്തരായി വഴി മാറി നടന്നു.
വാഹനങ്ങളുടെ ബാഹുല്യമോ നിയന്ത്രണ രേഖയോ ഇല്ലാതിരുന്നിട്ടു കൂടി ചിലര്‍ ഇടംവലം നോക്കാതെ എതിര്‍ദിശയിലേക്ക് പ്രാണരക്ഷാര്‍ത്ഥം ചാടിയോടി.
‘എന്തിനാണ് ഞങ്ങളെ പേടിക്കുന്നത്’- എന്ന മട്ടില്‍ ദയനീയമായി തിരിഞ്ഞു നോക്കാറുണ്ട്, അവറ്റകള്‍.
ഈ സമയം ഏതെങ്കിലും കടത്തിണ്ണയില്‍ അന്തിയുറങ്ങിയ ചെറിയാച്ഛന്‍ കടയുടമയുടെ പുളിച്ച തെറി കേട്ടാലെ ഉറക്കമുണരു. ഉടുമുണ്ട് അരയില്‍ തിരുകി ചാടി എണീറ്റ് ആദ്യമേ കൈനീട്ടുന്നത് അയാള്‍ക്കു മുന്നില്‍ ആയിരിക്കും. അയാള്‍ ആരോടും അധികം സംസാരിക്കാറില്ല. നഗരവാസികള്‍ക്കും സ്ഥിരം യാത്രക്കാര്‍ക്കും ചെറിയാച്ചനെ നന്നായി അറിയാം. ചിലരെ കൈവീശി സാന്നിധ്യം അറിയിക്കും. ചിലര്‍ക്കുനേരെ കൈനീട്ടും അത്രതന്നെ. കോളേജ് വിദ്യാര്‍ത്ഥികള്‍ ഒഴികെ മറ്റാരും അയാളെ എലിച്ചെറിയാന്‍ എന്നു വിളിച്ചിട്ടില്ല. അവരുടെ കാഴ്ചപ്പാടില്‍ അയാള്‍ ഭ്രാന്തനും വിരൂപനുമാണല്ലോ.
വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനുമായി അലുമിനിയം ഗ്ലാസ് തകര പാത്രങ്ങള്‍ ഇവ ചിലരെങ്കിലും അയാള്‍ക്കായി കരുതി വെച്ചിട്ടുണ്ടാവും.
ബേക്കറികളില്‍ മിച്ചം വരുന്ന റൊട്ടി കഷ്ണങ്ങളും ഹോട്ടലുകളിലെ പൊറോട്ടയുമൊക്കെ ചിലപ്പോള്‍ കിട്ടാറുണ്ട്.
എങ്കിലും പച്ചവെള്ളത്തിലും പഴ വര്‍ഗ്ഗങ്ങളിലും ഭക്ഷണം ഒതുക്കുകയാണ് പതിവ്. കിട്ടുന്ന ചില്ലറത്തുട്ടുകള്‍ ഒറ്റമുണ്ടിന്റെ കോന്തലയില്‍ ഭദ്രമായി ചുരുട്ടി വെച്ചിട്ടുണ്ടാകും. കടക്കാരാരും തന്നോട് ഒരു രൂപ പോലും വാങ്ങില്ലെന്ന് അയാള്‍ക്കറിയാം.
നഗരത്തിന്റെ തിരക്കുകളില്‍ ഊളിയിട്ടിറങ്ങാന്‍ അയാള്‍ ഇഷ്ടപ്പെട്ടിരുന്നില്ല.
ഈ സമയം റോഡിന് അഭിമുഖമായി നിലകൊണ്ട ദേവാലയത്തിന്റെ പടിക്കെട്ടുകളില്‍ കയറി നിന്ന് ഇരു കൈകളും കൂട്ടിയടിച്ചു ശബ്ദമുണ്ടാക്കും. ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയ അപരിചിതനോട് ചെറിയാച്ചന്‍ വക ചോദ്യം.
‘ നിങ്ങള്‍ എന്തുകൊണ്ടാ തിരിഞ്ഞു നോക്കിയത്’?
‘നിങ്ങള്‍ കൈകൊട്ടിയിട്ട്’
‘അല്ല, പുറകില്‍ കണ്ണില്ലാത്തതുകൊണ്ട്’ ഒരു തത്വജ്ഞാനിയെ പോലെ ചെറിയാച്ചന്‍ മറുപടി പറയും.
ഇളിഭ്യനായി തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ യാത്രക്കാരനെ വിടാന്‍ ഭാവമില്ലാതെ അടുത്ത ചോദ്യം പിന്നാലെ ഉണ്ടാകും.
‘ഒന്നേ പ്രസവിക്കുകയുള്ളൂ നിന്നേ പ്രസവിക്കുകയുള്ളൂ. പറ വേഗം വേണം.’
‘ഓരോ വട്ട് കേസ്’ – എന്നു മനസ്സില്‍ പറഞ്ഞ വഴിപോക്കന്‍ മുന്നോട്ടു നടക്കവേ,
‘അറിയാന്‍, മേലെങ്കില്‍ ഞാന്‍ പറയാം കേട്ടോ.’
വാഴ എന്ന ഉത്തരം കേള്‍ക്കാന്‍ നില്‍ക്കാതെ വഴിപോക്കന്‍ ധൃതിയില്‍ മുന്നോട്ടു നീങ്ങും.
ഇങ്ങനെയുള്ള വാമൊഴികള്‍ കേട്ടു ചിലരെങ്കിലും ഇങ്ങനെ പറഞ്ഞു. വിദ്യാഭ്യാസമുള്ളവനാ, ബുദ്ധി കൂടി വട്ടായതാ.
നഗര മധ്യത്തിലെ നാല്‍ക്കവല.
പകലെരിഞ്ഞടങ്ങുന്നതിനു മുന്നോടിയായി സമീപത്ത് തന്നെയുള്ള മുനിസിപ്പല്‍ ഓഫീസിലെ സൈറണ്‍ നീട്ടി കൂവി. ആകാശ വിതാനത്തില്‍ വിരിഞ്ഞ അന്തിച്ചോപ്പിന്റെ കിരണങ്ങള്‍ പ്രകൃതിയെ കൂടുതല്‍ മനോഹരിയാക്കി.
കാക്കി ട്രൗസറും വെളുത്ത ഷര്‍ട്ടും ധരിച്ച യൂണിഫോം ധാരിയായ പോലീസുകാരന്‍ ഡ്യൂട്ടി അവസാനിപ്പിച്ച് ട്രാഫിക് ഐലന്‍ഡിന്റെ കുടക്കീഴില്‍ നിന്നും താഴെ ഇറങ്ങി.
നാലും കൂടിയ കവലയിലെ തിരക്കേറിയ നേരത്തെ അദ്ദേഹത്തിന്റെ അഭ്യാസം കണ്ടാല്‍ ആരായാലും അന്തിച്ച് നിന്നു പോകും.
ഓട്ടുമണിക്കിലുക്കത്തോടൊപ്പം നീലാണ്ടനും സംഘവും അകലെ നിന്ന് വരുന്ന കാലടി ശബ്ദം അടുത്തെത്തിക്കഴിഞ്ഞു. പോലീസുകാരന്‍ ഉപേക്ഷിച്ച ട്രാഫിക് ഐലന്‍ഡിന്റെ വൃത്താകാരത്തിലുള്ള പരിസരമാണ് അവരുടെ ലക്ഷ്യം. നഗര കാഴ്ചകള്‍ കണ്ട് ഇനി ഒരു മണിക്കൂറോളം അവിടെ വിശ്രമം.
യാത്രികരുമായി പോകുന്ന ചെറുതും വലുതുമായ വാഹനങ്ങളെ തൃണവല്‍ഗണിച്ച് ഈ സമയം ചെറിയാച്ചനും ഇതേ കവലയില്‍ സ്ഥാനം പിടിച്ചിട്ടുണ്ടാകും.
അടുത്തത് അയാളുടെ ഊഴമാണ്. അന്തരീക്ഷത്തിലേക്ക് കൈകളുയര്‍ത്തി കൂട്ടിഅടിച്ച് ശബ്ദമുണ്ടാക്കും.
ഒന്നല്ല, രണ്ടല്ല മൂന്നുപ്രാവശ്യം ഇത് ആവര്‍ത്തിക്കും. പകലന്തിയോളം ശേഖരിച്ച് മടിയില്‍ സൂക്ഷിച്ച നാണയത്തുട്ടുകള്‍ വാരിയെടുത്ത് എങ്ങോട്ടെന്നില്ലാതെ ഒറ്റയേറാണ്. ഈ സ്ഥിരം കലാപരിപാടി അറിയാവുന്ന നാടോടികള്‍ ബലിക്കാക്കകളെ പോലെ നാലുപാടും നിന്ന് ഓടിയടുക്കും. മിട്ടായിപെറുക്കല്‍ മത്സരം പോലെ കയ്യില്‍ കിട്ടിയ തുട്ടുകളുമായി അവര്‍ സംതൃപ്തരായി മടങ്ങുമ്പോള്‍ ചെറിയാച്ചന്റെ ഒരു ദിവസത്തിന് തിരശ്ശീല വീഴും.
ഈ കോലാഹലങ്ങള്‍ കഴിഞ്ഞാല്‍ ട്രാഫിക് ഐലന്‍ഡിന് ചുറ്റും തമ്പടിച്ച നീലാണ്ടനും പരിവാരങ്ങളും അയവിറക്കല്‍ പൂര്‍ത്തിയാക്കി തടിച്ച ശരീരങ്ങളുമായി ബദ്ധപ്പെട്ട് എഴുന്നേല്‍ക്കും. നൂറു മീറ്റര്‍ മാത്രം അകലമുള്ള തിരുനക്കര തേവരുടെ തിരുമുറ്റത്തെ ആല്‍മരചുവടാണ് ലക്ഷ്യം.
പാതിചാരിയ കൂറ്റന്‍ ഗേറ്റ് കടന്ന് ഉള്ളില്‍ പ്രവേശിക്കുമ്പോള്‍ ദീപാരാധനയ്ക്കുള്ള മണിയടി ശബ്ദം തൊട്ടടുത്ത് നിന്നും കേള്‍ക്കുന്നതായി അനുഭവപ്പെടും.






















