തെയ്യാമ്മ രണ്ടായിരം രൂപ എന്നോട് കടം ചോദിച്ചു. ഞാന്‍ കൊടുത്തില്ല. ശമ്പളം കൈപ്പറ്റിയ ദിവസമാണ് സംഭവം. എന്നിട്ടും കൊടുക്കാതിരുന്നത് അറുത്തകയ്യിക്ക് ഉപ്പ് തേയ്ക്കാത്ത സ്വഭാവം എനിക്കുള്ളതുകൊണ്ടല്ല. കാശ് കടമായി വാങ്ങിയാല്‍ അത് കാശായി തിരിച്ചുകൊടുക്കുന്ന സ്വഭാവം തെയ്യാമ്മയ്ക്കില്ല എന്ന കേട്ടറിവ് ഉള്ളതുകൊണ്ടാണ്.
അമ്പത്തിയഞ്ച് പൂര്‍ത്തിയാക്കി സര്‍വ്വീസില്‍ നിന്നും വിട പറയാന്‍ വെറും അഞ്ചേ അഞ്ച് മാസം ബാക്കിയുള്ളപ്പോള്‍ കണ്ണൂരില്‍ നിന്ന് കൊതുകു ശല്യമുള്ള എറണാകുളത്തേക്ക് എന്നെ സ്ഥലം മാറ്റിയത് ഭരണ പരിഷ്‌ക്കാരത്തിന്റെ ഭാഗമായിട്ടാണെന്ന് വകുപ്പ് മേധാവി പറഞ്ഞു. ഇരുപത്തിനാലു വര്‍ഷങ്ങള്‍ നിഴല്‍ പോലെ കൂടെ നടന്ന ഭാര്യയെയും കല്യാണനിശ്ചയം കഴിഞ്ഞു നില്‍ക്കുന്ന ഇരുപത്തിരണ്ടുകാരിയായ ഏക മകളെയും വിട്ട് കണ്ണൂരില്‍ നിന്നു വണ്ടി കയറുമ്പോള്‍ മനസ്സില്‍ പറഞ്ഞു ”അഞ്ചേ അഞ്ചു മാസം. കണ്ണടച്ചു തുറക്കും പോലെ കടന്നുപോകും.” എറണാകുളത്ത് വന്ന് ചാര്‍ജെടുക്കുമ്പോള്‍ എനിക്കു താഴെ ഉദ്യോഗസ്ഥര്‍ ഇരുപത്തിയൊന്ന്. ചെറിയൊരു ലോഡ്ജില്‍ മുറി തരപ്പെടുത്തി തന്നത് പണ്ട് സഹപ്രവര്‍ത്തകനായിരുന്ന മത്തായിച്ചന്‍. അദ്ദേഹമിപ്പോള്‍ കുടുംബസമേതനായി നഗരാതിര്‍ത്തിയില്‍ നിന്ന് അല്പമകലെ ഇടപ്പള്ളിയില്‍ പാര്‍ക്കുന്നു. നല്ലവന്‍… ഭാഗ്യവാന്‍.
തെയ്യാമ്മ ആദ്യ ദിവസം തന്നെ വന്ന് പരിചയപ്പെട്ടു. പിരിയാന്‍ വെറും അഞ്ചുമാസം ബാക്കിയുള്ളപ്പോള്‍ എന്നെ സ്ഥലം മാറ്റിയവരെ ശപിച്ചു. ലോഡ്ജ് മുറിയില്‍ ഏകാന്തവാസമെന്ന ദുരിതമനുഭവിക്കുന്ന എന്നെക്കുറിച്ച് സഹതപിച്ചു. ഹോട്ടല്‍ ശാപ്പാട് മടുക്കുമ്പോള്‍ തന്റെ വീട്ടില്‍ വന്ന് രുചിയുള്ള ആഹാരം കഴിക്കാന്‍ ക്ഷണിച്ചു. സുന്ദരമായ പല്ലുകള്‍ പ്രദര്‍ശിപ്പിച്ച് വശ്യമായി ചിരിച്ച് കൈക്കുപ്പി യാത്ര പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോള്‍ ഞാന്‍ വിലയിരുത്തി, ഇവള്‍ക്ക് ശാലീനത തീരെ കുറവ്. നോട്ടത്തിലും പെരുമാറ്റത്തിലും കാണുന്ന പ്രത്യേകത നിഷ്‌കളങ്കമോ അതോ…?
ഞാന്‍ കുറഞ്ഞ കാലം കൊണ്ട് ഏറ്റവുമടുത്തത് മത്തായിച്ചനുമായിട്ടാണ്. പുള്ളി സാഹിത്യകാരനാണെന്ന് സ്വയം പരിചയപ്പെടുത്താനിഷ്ടപ്പെടുന്ന മനുഷ്യനാണ്. മൂന്നോ നാലോ കഥകള്‍ അധികമാരും കേട്ടിട്ടില്ലാത്ത ആനുകാലികങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഏതാണ്ട് എന്റെയൊപ്പം അഞ്ചു പേജിലുള്ള അദ്ദേഹത്തിന്റെ കഥ വായിക്കുന്നതിനേക്കാള്‍ ആസ്വാദ്യകരമാണ് അര മണിക്കൂര്‍ മത്തായിച്ചനുമായി സംസാരിക്കുന്നത്. സരസ സംഭാഷണം സത്യമായും ഒരു സിദ്ധിയാണ്. അക്കാര്യത്തില്‍ അനുഗ്രഹീതനാണ് മത്തായിച്ചന്‍. ഓഫീസിലുള്ള സര്‍വ്വമാന പേരുടേയും ചരിത്രം അദ്ദേഹത്തിനറിയാം. സത്യമായ ചരിത്രങ്ങളില്‍ പരദൂഷണത്തിനിടെ മേമ്പൊടി ചേര്‍ത്ത് വിളമ്പുന്നത് വിഴുങ്ങാന്‍ ബഹുരസവും. വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ചാണ് ഇറങ്ങുന്നത്. മത്തായിച്ചന് പിരിഞ്ഞുപോകേണ്ട കവലയില്‍ ഒരു ഹോട്ടല്‍ ആന്‍ഡ് ടി ഷോ പ്പ് ഉണ്ട്. അവിടെ കയറി ഓരോ ചായകുടി ഞങ്ങള്‍ പതിവാക്കി. ഈ അസുലഭ വേളകളിലാണ് മത്തായിച്ചന്‍ തന്റെ ചരിത്രവിജ്ഞാനം എനിക്ക് പകര്‍ന്നു തരുന്നത്.
തെയ്യാമ്മയ്ക്ക് വയസ്സ് നാല്പ്പത്തിനാല്: റിക്കാര്‍ഡില്‍ നാല്‍പ്പതേയുള്ളൂ. ഭര്‍ത്താവുണ്ട്. ഗള്‍ഫിലാണ്. എഞ്ചിനിയറാണെന്ന് ഇവള്‍ പറയും. പക്ഷേ ഏതോ കമ്പനിയില്‍ കൂലിപ്പണിയാണ്. രണ്ട് വര്‍ഷത്തിലൊരിക്കലേ നാട്ടില്‍ വരികയുള്ളൂ. ഒരു മകനുണ്ട്. തല്ലിപ്പൊളിയുടെ ആശാന്‍. ബോര്‍ഡിംഗ് സ്‌ക്കൂളിലാണ്. ഓരോ ക്ലാസ്സിലും മൂന്നും നാലും കൊല്ലങ്ങളാണ് പയ്യന്‍ പഠിക്കുന്നത്. ഓഫീസിലുള്ള പ്യൂണിനോടുവരെ തെയ്യാമ്മ കാശ് കടം വാങ്ങിയിട്ടുണ്ട്. ആര്‍ക്കും തിരിച്ചുകൊടുത്തതായി അറിയില്ല. പച്ചക്കറി വില്‍പ്പനക്കാര്‍ക്കും മീഞ്ചന്തയിലുള്ളവര്‍ക്കും കടം കൊടുക്കലാണ് തെയ്യാമ്മയുടെ സൈഡ് ബിസിനസ്സ്. അത് കൊടുക്കാനും തിരിച്ചു വാങ്ങാനുമായി ഒരുത്തനെ നിയമിച്ചിരിക്കുന്നു. അവനാണ് തെയ്യാമ്മയ്‌ക്കെല്ലാം. ‘ബ്ലേഡ് തെയ്യാമ്മ’ എന്നാണ് ശ്രീമതിക്ക് നാട്ടുകാര്‍ നല്‍കിയിരിക്കുന്ന ഓമനപ്പേര്. സ്ഥലം മാറ്റത്തിനു നിര്‍ദ്ദേശിക്കപ്പെട്ടവരുടെ പട്ടികയില്‍ പല തവണ തെയ്യാമ്മയുടെ പേര് വന്നതാണ്. ഉത്തരവ് ഇവിടെയെത്തും മുമ്പ് തെയ്യാമ്മ മുങ്ങും. പൊങ്ങുന്നത് ഒരാഴ്ച കഴിഞ്ഞാവും, പഴയ കസേരയില്‍ തന്നെ ഇരിക്കും.
തെയ്യാമ്മ രണ്ടായിരം രൂപ കടം ചോദിച്ചിട്ട് ഞാന്‍ കൊടുക്കാതിരിക്കുന്നതിന്റെ കാരണം ഇപ്പോള്‍ വ്യക്തമായല്ലോ. വിവരം ഞാന്‍ മത്തായിച്ചനോട് പറഞ്ഞപ്പോള്‍ അദ്ദേഹമെന്റെ കൈപിടിച്ച് കുലുക്കി അഭിനന്ദിച്ചു. പക്ഷേ പിറ്റേന്ന് മത്തായിച്ചന്‍ സംഭവം ഓഫീസിലുള്ള മറ്റൊരാളോട് പറ ഞ്ഞു. അയാള്‍ വേറൊരാളോട്. അങ്ങനെ ഏതാണ്ട് എല്ലാവരും വിവരമറിഞ്ഞു. പലരും എന്നെ സൂപ്പര്‍ ഹീറോയെ നോക്കുന്നപോലെ നോക്കി. ചിലരുടെ ചുണ്ടുകളില്‍ അര്‍ത്ഥം മനസ്സിലാക്കാന്‍ പറ്റാത്ത വിധമുള്ള ചെറു പുഞ്ചിരി. തെയ്യാമ്മ ഒരിക്കല്‍ മാത്രം എന്നെയൊന്നു നോക്കി….. പോടാ പുല്ലേ…. എന്നായിരുന്നു ആ നോട്ടത്തിന്റെ അര്‍ത്ഥം. ഇതൊക്കെ സംഭവിക്കുന്നത് ഒരു വെള്ളിയാഴ്ചയാണ്. ശനിയും ഞായറും അവധി. വീട്ടിലെത്താനുള്ള ആവേശത്തോടെ ശനിയാഴ്ച രാവിലെ ലോഡ്ജില്‍ നിന്നിറങ്ങിയ എന്റെ മുമ്പില്‍ പോലീസ് ഇന്‍സ്‌പെക്ടറും രണ്ട് പി.സികളും. റെയില്‍വേ സ്റ്റേഷനിലെത്താനിറങ്ങിയ ഞാന്‍ പോലീസ് സ്റ്റേഷനില്‍ ചെന്നു കയറുന്നു.
എനിക്കെതിരെ കേസ്’!
വാദി : തെയ്യാമ്മ ചാക്കോ, വയസ്സ് നാല്‍പ്പത്.
കുറ്റം : സ്ത്രീപീഡനം
ശനിയും ഞായറും ലോക്കപ്പില്‍. തിങ്കളാഴ്ച കാലത്ത് പതിനൊന്നു മുതല്‍ വൈകിട്ട് നാല് മുപ്പതുവരെ കോടതിയില്‍. പതിനാലു ദിവസം റിമാന്റിലാക്കാന്‍ ഉത്തരവ്. ദിനപത്രങ്ങളില്‍ നാലു കോളം വാര്‍ത്ത. ആഴ്ചപ്പതിപ്പുകളില്‍ കവര്‍സ്റ്റോറി. ചാനലുകളില്‍ ദിവസം നാല് നേരം വാര്‍ത്ത വായന. അങ്ങനെ ഞാന്‍ ലോകമെങ്ങും അറിയപ്പെടുന്ന സ്ത്രീലമ്പടനായി രൂപം മാറുന്നു. ഉദ്യോഗത്തില്‍നിന്നു സസ്‌പെന്‍ഷന്‍. സാദാ പോലീസിനുപുറമേ ക്രൈംബ്രാഞ്ച്, മറ്റു സംഘടനകള്‍.
ഇതിനൊക്കെ, ഇവരുടെയൊക്കെ തലയ്ക്കുമീതെ വനിതാ കമ്മീഷനും. തെയ്യാ ചാക്കോയുടെ കദനകഥ കേട്ടാല്‍ കരളുരുകി കരഞ്ഞുപോകും. കഥയിങ്ങനെ : സ്ഥലം മാറി വന്ന ഞാന്‍ ചാര്‍ജെടുത്ത അന്നുമുതല്‍ തെയ്യാമ്മയെ നോട്ടമിട്ടു. കാരണമില്ലെങ്കിലും അതുണ്ടാക്കി അവരെ വിളിപ്പിക്കും. എന്റെ നോട്ടത്തില്‍ അശ്ലീലത്തിന്റെ ഭാവമുണ്ടായിരുന്നു. വാക്കുകളില്‍ ദ്വയാര്‍ത്ഥങ്ങളുടെ ചുവയുണ്ടായിരുന്നു. പാവം തെയ്യാമ്മ ഇതെല്ലാം സഹിച്ച് കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചു. സഹികെട്ടത് ഈയിടെയാണ്. ആരോരും തുണയില്ലാതെ ഒറ്റയ്ക്കു താമസിക്കുന്ന തെയ്യാമ്മയുടെ വീട്ടില്‍ മദ്യപിച്ച് ചെല്ലുന്നു. പെണ്ണായി പിറന്നു എന്നുകരുതി സഹിക്കുന്നതിനും ഒരു അതിരില്ലേ? ഇങ്ങനെപോകുന്നു കല്‍പ്പിത കഥ.
എന്നോട് സഹതപിക്കുകയും സഹായിക്കാന്‍ മുതിരുകയും ചെയ്തവരെ വിരലിലെണ്ണാം. അതില്‍ പ്രധാനി മത്തായിച്ചന്‍. അദ്ദേഹം സബ്ജയിലില്‍ എന്നെ കാണാന്‍ വരുമായിരുന്നു. പുറത്തു നടക്കുന്ന കോലാഹലങ്ങളെക്കുറിച്ച് പറയുമായിരുന്നു. ഒരു ദിവസം മത്തായിച്ചന്‍ വന്ന് എന്നെയൊന്നു നോക്കി. ഒന്നും മിണ്ടാതെ ഏതോ ദിനപത്രത്തിന്റെ ഒരു കഷ്ണം തന്നിട്ട് മടങ്ങിപ്പോയി. പത്രത്തില്‍ രണ്ട് കോളം വാര്‍ത്ത.
സ്ത്രീ പീഡനക്കേസിലെ പ്രതിയുടെ ഭാര്യയും മകളും ജീവനൊടുക്കി. മാരകമായ വിഷം കഴിച്ചതാണ് മരണകാരണമെന്ന് പോലീസ്.
ഞാന്‍ കരഞ്ഞില്ല. കണ്ണീരൊഴുക്കിയില്ല. കണ്ണുതുറക്കുമ്പോള്‍ ആശുപത്രിയിലാണ് പോലീസ് കാവലില്‍.
ഇന്നലെ ജാമ്യത്തിലിറങ്ങി. കോടതിയില്‍ മത്തായിച്ചന്‍ വന്നിരുന്നു. എറണകുളം റെയില്‍വേ സ്റ്റേഷന്‍വരെ അനുയാത്ര ചെയ്തു. ഒന്നും സംസാരിച്ചില്ല. പിരിയാന്‍ നേരം ആ സ്‌നേഹിതന്റെ കണ്ണുകളില്‍ ഞാന്‍ നോക്കി. അവിടെ നീരുറവ. ഞാന്‍ മനസ്സില്‍ പറഞ്ഞു.
‘നന്ദി….ആയിരം നന്ദി….’
ഇന്നു രാത്രി എന്റെ മരണമാണ്. മരണകാരണം അധികാരികള്‍ക്ക് ബോധ്യമാകുമല്ലോ.
എനിക്ക് കിട്ടാനുള്ള ആനുകൂല്യങ്ങളില്‍ നിന്ന് മത്തായിച്ചന് ചെലവായ തുക തിരിച്ച് നല്‍കാന്‍ ബഹുമാനപ്പെട്ട വകുപ്പ് മേധാവിയോടപേക്ഷ.
ഇത്രയും എഴുതിക്കഴിഞ്ഞപ്പോള്‍ പുറത്ത് ബഹളം. ഏതോ സംഘടനയുടെ പ്രവര്‍ത്തകരാണ്.
സ്ത്രീ പീഡനങ്ങള്‍ അവസാനിപ്പിക്കുക, അവരേയും ജീവിക്കാനനുവദിക്കുക.






















