രാധികാ മേനോന്‍ വാതില്‍ തുറന്നു പുറത്തേക്കു നോക്കി. ഇന്റര്‍ലോക്ക് ചെയ്ത മുറ്റത്തേക്ക് സപ്പോട്ട മരങ്ങളും ചെറുപ്പത്തിലേ കായ്ക്കുന്ന തരത്തിലുള്ള മാവുകളും ബദാം മരങ്ങളുമൊക്കെ തണല്‍ വിരിച്ചിട്ടുണ്ട്. മുറ്റത്തെ കോണ്‍ക്രീറ്റ് ബെഞ്ചുകള്‍ ശൂന്യം. ആഴ്ചകള്‍ക്കു മുമ്പ് വരെ ഉച്ചതിരിയുമ്പോഴേക്കും രോഗികളെയും അവരുടെ കൂടെ വരുന്നവരെയും കൊണ്ട് തിങ്ങി നിറയുമായിരുന്ന മുറ്റം ഇപ്പോള്‍ ശൂന്യതയെയും ഇലകളുടെ നിഴലാട്ടങ്ങളെയും ആസ്വദിക്കുകയാണ്.
സാധാരണയായി താനിങ്ങനെ ഈ സമയത്ത് റോഡിന് അഭിമുഖമായി മുറ്റത്തിന് നേരെയുള്ള വാതില്‍ തുറന്ന് നോക്കാറില്ല, ഇവിടം സഞ്ജയിന്റെ അപ്പോയ്ന്‍മെന്റ് കിട്ടാനായി വരുന്നവരുടെ തിരക്കായിരിക്കും. ടോക്കണ്‍ കൊടുക്കുന്നവരും പിന്നെ രോഗികളുടെ ബന്ധുക്കളുമൊക്കെയാണ് ഈ ഭാഗത്തേക്കു വരാറുള്ളത്.
മുറ്റത്തിന് വശങ്ങളിലായി സപ്പോട്ട മരങ്ങളും മാവുകളും ബദാം മരങ്ങളുമൊക്കെ വെച്ച് പിടിപ്പിച്ചത് സഞ്ജയിന്റെ താല്‍പര്യത്തിനനുസരിച്ചായിരുന്നു. നാല്‍പത് വര്‍ഷത്തോളമായി സഞ്ജയിനോടൊപ്പം ഈ നഗരത്തില്‍ വന്നു പാര്‍ക്കാന്‍ തുടങ്ങിയിട്ട്. അഞ്ജുവും ദീപുവും വളര്‍ന്നതും പഠിച്ചതും പിന്നീട് വിദേശത്തേക്കു ചേക്കേറിപ്പോയതുമെല്ലാം സപ്പോട്ട മരങ്ങള്‍ തണല്‍ വിരിച്ച മുറ്റമുള്ള ഈ വീട്ടില്‍ നിന്നു തന്നെയായിരുന്നു.
രാധികാ മേനോന്‍ വരാന്തയില്‍ നിന്നും മുറ്റത്തേക്കിറങ്ങി വന്നു. പോര്‍ച്ചില്‍ സഞ്ജയ് പുതുതായി വാങ്ങിയ കാര്‍ കിടക്കുന്നു. പൊടി പിടിച്ചിട്ടുണ്ട്. അതിന്റെ പുറകിലെ ഗ്ലാസില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ എംബ്ലവും പൊടിയില്‍ പതിഞ്ഞു കിടക്കുന്നു.
എത്ര വേഗമാണ് ചില അടയാളങ്ങളും തിരക്കുപിടിച്ചയിടങ്ങളും പൊടിയണിഞ്ഞു തുടങ്ങുന്നത്… രാധികാ മേനോന്‍ ചിന്തിച്ചു. ആശുപത്രിയില്‍ നിന്നും റിട്ടയര്‍ ചെയ്ത ശേഷം സഞ്ജയ്ക്ക് വീട്ടില്‍ പ്രാക്ടീസിന്റെ തിരക്കേറുകയായിരുന്നു. നഗരത്തിലെ പ്രശസ്തമായ കോളേജിലെ പ്രൊഫസറായിരുന്ന താനും ക്ലാസുകളുടെയും വിദ്യാര്‍ത്ഥികളുടെയും മറ്റും തിരക്കിലായിരുന്നു. റിട്ടയര്‍ ചെയ്ത ശേഷം നഗരത്തിലെ ഈ വീട് വിറ്റ് നാട്ടിലേക്ക് തിരിച്ച് പോയാലോ എന്ന് ആഗ്രഹിക്കാഞ്ഞിട്ടല്ല, പക്ഷേ സപ്പോട്ട മരങ്ങളുടെ തണലില്‍ നിന്നും മക്കള്‍ ചിറക് വിരിച്ച് പറന്നു പോകുമ്പോഴേക്കും ഈ നഗരം തങ്ങള്‍ക്ക് പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞിരുന്നുവല്ലോ.
പോര്‍ച്ചിലെ കാറിന്റെ ഗ്ലാസില്‍ പൊടി പിടിച്ചു കിടക്കുന്നത് കണ്ട് അവര്‍ ഓര്‍ത്തു, ആദ്യം രണ്ട് കാറുകള്‍ ഉണ്ടായിരുന്നു. സഞ്ജയ്ക്ക് ഹോസ്പിറ്റലില്‍ പോവാനും, തനിക്ക് കോളേജില്‍ പോവാന്‍ മറ്റൊന്നും. സഞ്ജയ് റിട്ടയര്‍ ചെയ്തതോടെ, മുറ്റത്ത് രോഗികളുടെ തിരക്ക് കൂടിയതോടെ, രണ്ട് കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതായതോടെ, തന്റെ കാര്‍ വില്‍ക്കുകയായിരുന്നു. തന്നെ കോളേജില്‍ വിടുന്നത് സഞ്ജയ് ആയിരുന്നു. അത്യാവശ്യം വരുമ്പോള്‍ താന്‍ സഞ്ജയിന്റെ കാര്‍ ഉപയോഗിക്കുകയും ചെയ്യും അതായിരുന്നു പതിവ്.
സഞ്ജയിന് പ്രാക്ടീസ് ഇല്ലാത്ത ദിവസങ്ങളില്‍ തങ്ങളൊരുമിച്ചാണ് നഗരത്തിലെ സാംസ്‌കാരിക പരിപാടികള്‍ക്ക് പോവാറുണ്ടായിരുന്നത്. ഈയിടെ അന്തരിച്ച പ്രശസ്ത സാഹിത്യകാരന്റെ വിഖ്യാതമായ നോവല്‍ ഹിന്ദിയിലേക്ക് താന്‍ വിവര്‍ത്തനം ചെയ്തതിന്റെ പ്രകാശന ചടങ്ങായിരുന്നു തങ്ങള്‍ ഒരുമിച്ച് പങ്കെടുത്ത ലേറ്റസ്റ്റ് പ്രോഗ്രാം. ടൗണ്‍ഹാളില്‍ വെച്ച് നടന്ന ആ ചടങ്ങില്‍ നവതി ആഘോഷിക്കുന്ന ആ പ്രശസ്ത സാഹിത്യകാരനും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുത്തിരുന്നു. അതിനടുത്ത ദിവസമാണ് ആ സാഹിത്യകാരന്‍ അന്തരിച്ചത്. ലോകത്താകമാനം എണ്ണമറ്റ അനുവാചകരെ സൃഷ്ടിച്ച അദ്ദേഹത്തിന്റെ അനുസ്മരണ ചടങ്ങുകള്‍ ഇപ്പോഴും പലയിടങ്ങളിലായി നടന്നുകൊണ്ടിരിക്കുന്നു. ഇന്ന് 4 മണിക്ക് ടൗണ്‍ ഹാളില്‍ വെച്ച് നടക്കുന്ന അനുസ്മരണ ചടങ്ങില്‍ അദ്ദേഹത്തിന്റെ വിവര്‍ത്തകയായ താന്‍ പങ്കെടുക്കണമെന്ന സംഘാടകരുടെ അഭ്യര്‍ത്ഥനയനുസരിച്ച് വാക്കു കൊടുത്തതാണ്.
പക്ഷേ ഇന്ന് സഞ്ജയ് കൂടെയില്ലാതെ താന്‍ എങ്ങനെയാണ് പോവുക? എങ്ങനെയാണ് പോവാതിരിക്കുക? രാധിക ആലോചിച്ചു… സംഘാടകര്‍ തന്നെ പ്രതീക്ഷിക്കുമെന്നുറപ്പാണ്. പ്രത്യേകിച്ചും വിവിധ ഭാഷകളിലെ വിഖ്യാതമായ രചനകളെയും അവയുടെ രചയിതാക്കളെയും വിവിധ ഭാഷകളിലേക്കു പരിചയപ്പെടുത്തുന്ന പ്രവര്‍ത്തന രീതിയാണ് അവരുടെ മുഖമുദ്ര. മലയാളത്തിന്റെ യശഃശരീരനായ ആ സാഹിത്യകാരന്റെ ഒട്ടനവധി കൃതികളുടെ പരിഭാഷകയെന്ന നിലയില്‍ തന്റെ സാന്നിദ്ധ്യത്തെക്കാളേറെ അസാന്നിദ്ധ്യവും പലവിധ വ്യാഖ്യാനങ്ങള്‍ക്കുമിടയാക്കിയേക്കാം. മാത്രമല്ല, ഭരണകക്ഷിയുടെ രാഷ്ട്രീയ നേതാക്കള്‍ സന്നിഹിതരാവുന്ന ചടങ്ങായതിനാല്‍ തീര്‍ച്ചയായും പങ്കെടുക്കുകയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യണമെന്ന് സംഘാടകരും സൃഹ്യത്തുക്കളും ഉപദേശിക്കുകയും ചെയ്തിരുന്നു. അതു മാത്രമല്ല കോളേജും കുട്ടികളും എന്നതില്‍ മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്ന തന്നെ സര്‍ഗാത്മകതയുടെ ലോകത്തേക്ക് കടക്കാനായി സഞ്ജയ് എന്നും പ്രചോദിപ്പിക്കാറുണ്ടായിരുന്നല്ലോ…
ചിലപ്പോഴൊക്കെ സഞ്ജയ് സെമിനാറുകള്‍ക്കായി ദൂരെയാവുമ്പോഴും അത്തരം പരിപാടികളില്‍ താന്‍ പങ്കെടുക്കണമെന്ന് തന്നെയായിരുന്നു സഞ്ജയിന്റെ ഇഷ്ടം, മാത്രമല്ല അല്ലറ ചില്ലറ എഴുത്തും ആ മേഖലയില്‍ നിന്നും വന്ന ചില അംഗീകാരങ്ങളും സാഹിത്യ-സാംസ്‌കാരിക മേഖലകളിലെ ഒട്ടും ചെറുതല്ലാത്ത ഒട്ടേറെ ബന്ധങ്ങളുമാണ് തന്നെ സജീവമാക്കി നിര്‍ത്തുന്നത്. ഇക്കാര്യത്തില്‍ തന്ന പിന്തുണയ്ക്ക് താന്‍ സഞ്ജയിനോട് കടപ്പെട്ടിരിക്കുന്നു, സഞ്ജയ് കൂടെയുണ്ടായിരുന്നെങ്കില്‍ ടൗണ്‍ ഹാളില്‍ ഒപ്പം വന്നേനേ..
ഏതായാലും ഒന്ന് പോയി വന്നേക്കാം…. ഇനി സുഹൃദ്മമണ്ഡലത്തിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ തന്റെ മനസ്സിന് ജീവിതത്തോടുള്ള ആഭിമുഖ്യം വളരുകയുള്ളൂ. രാധികാ മേനോന്‍ തീരുമാനിച്ചു.
കാര്‍ എടുക്കാനായി താക്കോലിനായി അകത്തേക്കു കയറി തിരിച്ച് പോര്‍ച്ചിലേക്ക് വന്നപ്പോഴാണ് ആഴ്ചകളോളമായി അനക്കമില്ലാതെ കിടന്ന കാറില്‍ ചിലന്തിവലകള്‍ കണ്ടത്, മുറ്റത്തും കോംമ്പൗണ്ട് വാളിനരികിലും വെച്ചുപിടിപ്പിച്ച ബദാം മരങ്ങളെയും സപ്പോട്ട മരങ്ങളെയും ഇഷ്ടമായിരുന്ന സഞ്ജയിന് പക്ഷേ അവയില്‍ നിന്നിറങ്ങി മുറ്റത്തേക്ക് വരാറുള്ള ചിലന്തികളെ ഒട്ടും ഇഷ്ടവുമല്ല, കുറച്ചൊക്കെ പേടിയുമായിരുന്നു. വല്ലപ്പോഴും ഒരു ചിലന്തിയെങ്ങാന്‍ കാറിന്റെ ബോണറ്റിലോ മറ്റോ വന്നുപെട്ടുപോയാല്‍ തന്നെ വിളിച്ച് അതിനെ ഓടിച്ചു കളഞ്ഞ ശേഷമേ കാര്‍ എടുക്കാറുണ്ടായിരുന്നുള്ളൂ. രാധികാ മേനോന്‍ ഓര്‍ത്തു. പോര്‍ച്ചില്‍ നിന്നും തുണിയെടുത്ത് കാറിന്റെ ഗ്ലാസ് ഒക്കെ തുടച്ച് വീട് പൂട്ടിയ ശേഷം അവര്‍ കാറില്‍ കയറി ടൗണ്‍ ഹാളിലേക്ക് ഓടിച്ച് പോയി.
ടൗണ്‍ഹാളിലെ പരിപാടി അര്‍ത്ഥപൂര്‍ണ്ണമായിരുന്നു, തന്നെയും സഞ്ജയിനെയും അറിയുന്ന പൗര പ്രമുഖരൊക്കെ വന്ന് സംസാരിച്ചത് അനുഭാവത്തോടെയും ആദരവോടെയുമായിരുന്നുവെന്ന് ഓര്‍ത്ത് പ്രൊഫസര്‍ രാധികാ മേനോന് സന്തോഷം തോന്നി. ഒരു അഗ്‌നിപര്‍വ്വതം ഉള്ളില്‍ ജ്വലിച്ച പോലെയായിരുന്നു താന്‍ പ്രസംഗിച്ചതെന്നും, സമൂഹത്തില്‍ നേരും നെറിയും ധൈര്യവും ഉള്ളവര്‍ ഇനിയുമുണ്ടെന്ന് അധികാരഭ്രാന്ത് തലയ്ക്കു പിടിച്ച രാഷ്ട്രീയക്കാര്‍ മനസ്സിലാക്കട്ടെ എന്നുമൊക്കെ പറഞ്ഞ് സംഘാടകര്‍ അഭിനന്ദിച്ചതോര്‍ത്തപ്പോള്‍ രാധികയുടെ കണ്ണുകള്‍ നിറഞ്ഞു. ഒരു ലാവാപ്രവാഹം പോലെ തന്നില്‍ നിന്നും വന്ന വാക്കുകള്‍ കേട്ട് പൊള്ളലേറ്റതുപോലെയായിരുന്നു മന്ത്രിയടക്കമുളവര്‍ വേദിയില്‍ ഇരുന്നത്, രാധിക മേനോന്‍ ഓര്‍ത്തു. പെട്ടെന്നുണ്ടായ വികാരവിക്ഷോഭം ഇടനെഞ്ചില്‍ ഒരു എരിച്ചില്‍ ഉണ്ടാക്കിയതായും അവര്‍ അറിഞ്ഞു. തിരിച്ച് വീട്ടില്‍ കൊണ്ട് വിടണോ എന്ന് സംഘാടകര്‍ ചോദിച്ചത് സന്തോഷത്തോടെ നിരസിച്ചത് അവര്‍ ഓര്‍ത്തു.
ടൗണിലേക്ക് തനിയെ വണ്ടി ഓടിച്ച് പോയിട്ട് ഒരു മാസത്തിലേറെയായി. സായാഹ്‌നത്തിലേക്കു പരിവര്‍ത്തനം ചെയ്യുന്ന വെയില്‍ മരങ്ങളുടെ ഇലയിളക്കങ്ങള്‍ ചീളുകളായി റോഡിലേക്ക് വന്നു വീഴുന്നത് കാണുമ്പോള്‍ കാലം ഒരു പോരാളിയെപ്പോലെ തന്റെ വരയന്‍ കുതിരകളെ ഓടിച്ചു പോകുന്നതായി തോന്നി. വീട്ടില്‍ ഇങ്ങനെ തനിച്ചിരിക്കാതെയെന്ന സുഹൃത്തുക്കളുടെ സ്‌നേഹമസൃണമായ പിന്താങ്ങലുകള്‍ എപ്പോഴുമുണ്ടായിരുന്നെങ്കിലും, ടൗണ്‍ഹാളിലേക്കുള്ള യാത്രയില്‍ ബീച്ച് റോഡും ഹൈവേയും ഒരുമിക്കുന്ന റൗണ്ട് എബൗട്ടിനടുത്ത് കോളേജ് ജംഗ്ഷനില്‍ എത്തിയപ്പോള്‍ മനസ്സ് ഒന്ന് വിറകൊണ്ടിരുന്നു. മുപ്പത് വര്‍ഷത്തോളം താന്‍ ജോലി ചെയ്ത ഇടം, നഗരത്തിലെ വിദ്യാഭ്യാസ – സാംസ്‌കാരിക സാഹിത്യ മേഖലകളിലേക്ക് തന്നെ വളര്‍ത്തിയെടുത്ത തണലിടം, സപ്പോട്ട മരങ്ങളും ബദാം മരങ്ങളും തണല്‍ വിരിക്കുന്ന ക്യാംപസ്. പലപ്പോഴും തന്നെ കൂട്ടാനായി വരുന്ന സഞ്ജയ് ആ മരങ്ങള്‍ക്ക് താഴെയുള്ള കോണ്‍ക്രീറ്റ് ബെഞ്ചില്‍ ശാന്തനായി ഇരിക്കാറുണ്ടായിരുന്നു. മരങ്ങളും അവ വിരിക്കുന്ന തണലും മനസ്സിനെ ശാന്തമാക്കുന്നുണ്ടെന്ന് സഞ്ജയ് പറയുമായിരുന്നു. മരങ്ങള്‍ തണലുകള്‍ വിരിക്കുന്നത് പോലെ ജീവിതത്തില്‍ അനുഭവങ്ങള്‍ ഓര്‍മകളെ രൂപപ്പെടുത്തി വെക്കുന്നു. പിന്നീട് ടൗണ്‍ഹാളിലെ ചടങ്ങില്‍ എന്ത് സംസാരിക്കണമെന്നാലോചിച്ച് ഡ്രൈവ് ചെയ്ത് കൊണ്ടായിരുന്ന താന്‍ വര്‍ത്തമാന കാലത്തിലേക്ക് മനസ്സിനെ പാകപ്പെടുത്തിയെടുത്തത്, രാധികാ മേനോന്‍ ഓര്‍ത്തെടുത്തു..
ഏഴ് മണിക്ക് അഞ്ജു വിളിക്കാറുള്ളതാണ്, സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് അഞ്ജു വിളിക്കുമ്പോഴൊക്കെ ഓര്‍മിപ്പിക്കും.’ അമ്മേ പഴയതു പോലെ ശക്തമായി നില്‍ക്കണം. ഒറ്റപ്പെട്ടെന്ന തോന്നല്‍ ഉണ്ടാവരുത്.’
അഞ്ജുവിന്റെ വാക്കുകള്‍ പകര്‍ന്ന പ്രചോദനത്തിലാണ് ഒറ്റയ്ക്കു വണ്ടിയോടിച്ച് വന്നത്. ഏഴ് മണിക്കു മുമ്പ് വീട്ടിലെത്താനായാണ് കോളേജിന് മുമ്പിലുള്ള റോഡിലൂടെ തന്നെ തിരിച്ചു ഡ്രൈവ് ചെയ്തത്, അപ്പോഴേക്കും സായാഹ്ന സൂര്യന്‍ കടലിലേക്ക് ചായാന്‍ തുടങ്ങിയിരുന്നു.
സിഗ്‌നലിന് വളരെ പിന്നിലേ ട്രാഫിക് ബ്ലോക്ക് തുടങ്ങിയിരുന്നു. രണ്ട് വിഭാഗം ഹൈസ്‌കൂള്‍ കുട്ടികള്‍ റോഡ് കൈയ്യേറി സംഘട്ടനം നടത്തിയതാണ് കാരണം.
അരമണിക്കൂറോളം കോളേജ് ക്യാംപസിനരികിലെ റോഡിലെ ബ്ലോക്കില്‍ വീണ്ടും കാര്‍ നിര്‍ത്തിയിടേണ്ടി വന്നപ്പോള്‍ തന്റെ നെഞ്ചിടിപ്പ് വീണ്ടും കൂടുന്നതായി രാധികാ മേനോന് അനുഭവപ്പെട്ടു. റോഡരികില്‍ നിന്ന് ക്ഷമ കെട്ട് ആരോ പറയുന്നത് രാധികാ മേനോന്‍ കേട്ടു… ‘എന്ത് ശല്യമാണി കുട്ടികളെക്കൊണ്ട്…., കന്നിമാസത്തിലെ പട്ടികളപ്പോലെ… പണ്ടൊക്കെ മുതിര്‍ന്നവരെ കാണുമ്പോള്‍ അവര്‍ക്കല്‍പ്പമെങ്കിലും കാര്യഗൗരവം വരുമായിരുന്നു….’
ഓര്‍മയില്ലേ നിരവധി തവണ അധികാരത്തിലിരുന്ന ഒരു രാഷ്ട്രീയ കക്ഷിയുടെ സംഘടനയായ യുവജന സംഘടന പ്രണയം പരിശുദ്ധമാണെന്ന് പറഞ്ഞ് പ്രകടനം നടത്തിയതും പഠിച്ച് വ്യക്തിത്വ വികാസം നേടിയെടുക്കേണ്ട കാലത്ത് പ്രണയിച്ചു നടക്കുകയെന്നത് തങ്ങളുടെ അവകാശമാണെന്ന് പ്രചരിപ്പിച്ച്, ഇളംപ്രായത്തിലുള്ള കുട്ടികളെവരെ വശീകരിച്ചതും, വിദ്യാര്‍ത്ഥി സംഘടനയുടെ അംഗബലം കൂട്ടിയതും… ഇപ്പോള്‍ ചെറിയ പെണ്‍കൂട്ടികള്‍ വരെ പ്രണയത്തിന്റെ ലഹരി നുകരാനായെത്തുന്ന കാമുകന്മാരെയും കാത്ത് ഇരിപ്പാണ്. അല്‍പം സിന്തറ്റിക് ലഹരി പകുത്തു കൊടുക്കുന്ന ആരും അവര്‍ക്ക് കാമുകരാകുന്നു. കാമുകന്മാരെന്ന നാട്യവുമായെത്തുന്ന ലഹരിമാഫിയയുടെ മുന്നില്‍ സ്വയം ബലിയര്‍പ്പിക്കുന്നതില്‍ അവര്‍ സ്വയം അനുഭൂതിയടയുകയും ചെയ്യുന്നു…’
അന്നത്തെ ദിവസവും ഓര്‍മ്മയുണ്ട്, കോളേജ് ക്യാംപസിനപ്പുറമുള്ള സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ രണ്ട് ചേരികളിലായി തിരിഞ്ഞ് റോഡിലിറങ്ങി സംഘര്‍ഷം സൃഷ്ടിച്ചുകൊണ്ടിരുന്ന സമയമായിരുന്നു.
കോളേജിലെ ഒരു ചടങ്ങില്‍ അതിഥിയായെത്തിയ തന്നെ വിളിക്കാനായിരുന്നു, ചടങ്ങ് കഴിയുന്ന സമയമാവുമ്പോഴേക്കും സഞ്ജയ് ക്യാംപസിലെത്തിയത്. അക്രമാസക്തരായ കുട്ടികളില്‍ ചിലര്‍ ക്യാംപസില്‍ കയറി ഒളിച്ചു. അവരെയും തേടി ഇരുമ്പ് വടികളടക്കമുള്ള മാരകായുധങ്ങളുമായെത്തിയ മറ്റ് കുട്ടികള്‍ ഗേറ്റ്മാനെ ആക്രമിച്ചപ്പോള്‍ അത് തടയാനായ് സഞ്ജയ് ശ്രമിച്ചതായാണ് മറ്റുള്ളവര്‍ പറഞ്ഞറിഞ്ഞത്. ഇരുമ്പ് വടി കൊണ്ട് തലയുടെ പിന്‍ഭാഗത്തായിരുന്നു സഞ്ജയിന് അടിയേറ്റത്. താന്‍ ഓടിയെത്തുമ്പോഴേക്കും സഞ്ജയ് തളര്‍ന്നു വീണിരുന്നു.
ആംബുലന്‍സ് വന്നാണ് ഗേറ്റ് മാനെയും സഞ്ജയിനെയും ആശുപത്രിയിലെത്തിച്ചത്. ഗേറ്റ് മാന്‍ ആഴ്ചകളുടെ ആശുപത്രി വാസത്തിന് ശേഷം രക്ഷപ്പെട്ടു… പക്ഷേ സഞ്ജയ്… ഒട്ടും വകതിരിവില്ലാത്ത, സ്വഭാവ ഗുണമില്ലാത്ത, വിദ്യാഭ്യാസ പരമായി ഒരു മേന്‍മയുമില്ലാത്ത, അക്രമവാസനയും താന്തോന്നിത്തരവും മാത്രം കൈമുതലായുള്ള ഒരു കൂട്ടം കുട്ടികളുടെ ഗുണ്ടായിസം കൊണ്ട് സമൂഹത്തിന് നഷ്ടമായത് ഒരു മികച്ച ഡോക്ടറുടെ ജീവന്‍… സഞ്ജയ് ആവട്ടെ അപ്പോള്‍ വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഒരു റഫറന്‍സ് ബുക്കിന്റെ പണിപ്പുരയിലുമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഘനമുള്ള വടി കൊണ്ടേറ്റ ആഘാതമാണ് സഞ്ജയിന്റെ തലയോട്ടിയില്‍ വിള്ളല്‍ ഉണ്ടാക്കിയതെന്ന് പറയുന്നുണ്ടായിരുന്നു. പക്ഷേ ഭരണകക്ഷിയുടെ പോഷക സംഘടനയായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി സംഘടനയില്‍ അംഗങ്ങളായിരുന്നു അതിക്രമികളായ ആ കുട്ടികള്‍ മുഴുവനും. ആ കുട്ടികളുടെ അടുത്ത് ഇരുമ്പ് വടി ഉണ്ടായിരുന്നതിന് തെളിവില്ല എന്നായിരുന്നല്ലോ പോലീസ് ചൂണ്ടിക്കാണിച്ചത്. അതുകൊണ്ട് തന്നെ സഞ്ജയിന്റെ മരണത്തിന് ആ കുട്ടികളൊന്നും ഉത്തരവാദിയല്ല എന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഭരണകക്ഷിയുടെയും മന്ത്രിമാരുടെയും നയം അക്രമകാരികളായ ആ കുട്ടികള്‍ക്ക് പിന്തുണ കൊടുക്കുന്നതായിരുന്നു.
അക്രമികള്‍ക്കും മയക്കുമരുന്ന് വ്യാപാരികള്‍ക്കും എന്തും ചെയ്യാന്‍ ലൈസന്‍സും, അവര്‍ക്ക് ഒത്താശ നല്‍കാന്‍ രാഷ്ട്രീയക്കാരുമുള്ള നാട്ടില്‍ അമ്മയെ തനിച്ച് നിര്‍ത്താന്‍ ബുദ്ധിമുട്ടുണ്ടെന്നും തന്റെ കൂടെ അമ്മയെയും കൂട്ടുമെന്നും, യുകെയില്‍ നിന്നും ദീപു വിളിക്കുമ്പോള്‍ പറയുന്നതാണ്.
അക്കാര്യമൊക്കെ ഓര്‍ത്തപ്പോള്‍ രാധികയ്ക്ക് വല്ലാത്ത വിഷമം തോന്നി, ഉള്ളില്‍ വല്ലാതെ ഉഷ്ണം അനുഭവപ്പെട്ടപ്പോള്‍ കാറിലെ വാട്ടര്‍ ബോട്ടിലില്‍ കൈയെത്തിപ്പിടിച്ച്, അതില്‍ നിന്ന് വെള്ളം രണ്ടിറക്ക് കുടിച്ചു. പിന്നീട് സ്റ്റിയറിംഗില്‍ തല വെച്ച് കിടന്നു. എത്ര നേരം അങ്ങനെ കിടന്നെന്നറിയില്ല. സിഗ്‌നല്‍ ഓണ്‍ ആയിട്ടും, പുറകിലുള്ള വാഹനങ്ങള്‍ നിര്‍ത്താതെ ഹോണ്‍ അടിച്ചിട്ടും റോഡിന് മുകളിലൂടെ ഇലകള്‍ വിരിച്ചു നിന്ന ബദാം മരങ്ങളുടെ ശാഖകള്‍ക്കു കിഴെ അനക്കമില്ലാതെ കിടന്ന കാറിനരികിലേക്ക് ആളുകളും ട്രാഫ്രിക് പോലീസുകാരനും ഓടിയെത്തി. പുറത്തു നിന്നുമുള്ള ബഹളം ഒന്നും അറിയാതെ അപ്പോഴും സ്റ്റിയറിംഗിലേക്ക് മുഖം അമര്‍ത്തി രാധികാ മേനോന്‍ കിടക്കുകയായിരുന്നു.
കാറിന്റെ ഗ്ലാസ് താഴ്ത്തിയിട്ടതിനാല്‍, ട്രാഫിക് പോലീസുകാരന്‍ കാറിനുള്ളില്‍ സീറ്റ് ബെല്‍റ്റ് ഒഴിവാക്കി, സ്റ്റിയറിംഗില്‍ നിന്നും രാധികാ മേനോന്റെ മുഖം ഉയര്‍ത്താനായി അവരുടെ ഷോള്‍ഡറില്‍ താങ്ങിയപ്പോള്‍ അവര്‍ ഹെഡ് റെസ്റ്റിലേക്ക് കഴുത്തു കുഴഞ്ഞു കിടന്നു. വിയര്‍പ്പില്‍ കുളിച്ചു കിടന്ന അവരുടെ നെറ്റിത്തടത്തില്‍ കൈ വെച്ച് നോക്കിയ ആരോ പറഞ്ഞു….
‘നെറ്റിയൊക്കെ തണുത്തിരിക്കുന്നു…’ അപ്പോഴേക്കും സന്ധ്യാ സൂര്യന്‍ കടലിലേക്കു ചാഞ്ഞു കഴിഞ്ഞിരുന്നു.
സൂര്യനെ കെടുത്തിയ കടലിന്റെ ഈര്‍പ്പം നിറഞ്ഞ കാറ്റ് തട്ടി തണുത്ത് പോയ പകലിന്റെ നെറ്റിത്തടമെന്ന പോലെ ചക്രവാളം അപ്പോള്‍ ഇരുണ്ട് തുടങ്ങി. ബദാം മരങ്ങള്‍ അപ്പോള്‍ തണല്‍ വറ്റിപ്പോയവരായി ഇലകളൊന്നുമനക്കാതെ പരിതപിച്ചു കൊണ്ട് നില്‍ക്കുകയായിരുന്നു. പകല്‍ മുഴുവന്‍ ഓടിത്തളര്‍ന്നതിനാല്‍ സായാഹ്നത്തിന്റെ തണുപ്പിലേക്ക് ഉടല്‍ ലയിച്ചു പോയതു കാരണം കാലത്തിന്റെ വരയന്‍ കുതിരകളും അപ്പോഴേക്കും അപ്രത്യക്ഷരായി കഴിഞ്ഞിരുന്നു.






















