ദേശീയ പൗരത്വ ബില്ലിനെതിരെ തെരുവില്‍ ആരംഭിച്ച കലാപത്തിന് പിന്നില്‍ ജിഹാദി-കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ട്. രാജ്യതലസ്ഥാനത്തെ രണ്ട് സര്‍വ്വകലാശാലകള്‍ കേന്ദ്രീകരിച്ച് ആരംഭിച്ച കലാപം രാജ്യത്തെ വിവിധ നഗരങ്ങളിലെ മതന്യൂനപക്ഷ കേന്ദ്രങ്ങളിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നു. ബംഗ്ലാദേശില്‍ നിന്നുള്ള ഒരാളെപ്പോലും സംസ്ഥാനത്ത് കയറ്റില്ലെന്ന് പറഞ്ഞ് അസാമില്‍ ആരംഭിച്ച പ്രക്ഷോഭം മൂന്നാം ദിനം അവസാനിച്ചെങ്കിലും അസാമും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും കത്തുകയാണെന്ന പ്രചാരണമഴിച്ചുവിട്ട രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ മറ്റു നഗരങ്ങളില്‍ കുഴപ്പങ്ങളുണ്ടാക്കുന്നതില്‍ വിജയിച്ചു.
പോലീസിനെ അക്രമിച്ചും വാഹനങ്ങള്‍ കത്തിച്ചും മുന്നേറുന്ന ജനക്കൂട്ടത്തിന് എന്തിന്റെ പേരിലാണ് സമരമെന്ന പ്രാഥമിക വിവരം പോലുമില്ല.അവരുടെ അക്രമത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ് ദേശീയ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്തത്. ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തി തികച്ചും ആസൂത്രിതമായ കലാപത്തിന് ആഹ്വാനം ചെയ്തവര്‍ തിരശ്ശീലയ്ക്ക് പിന്നില്‍ മറഞ്ഞിരുന്ന് വ്യാജപ്രചാരണങ്ങള്‍ തുടരുമ്പോള്‍ വ്യാജവാര്‍ത്ത വിശ്വസിച്ച് ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ തെരുവില്‍ പ്രതിഷേധത്തിലാണ്. ജിഹാദി-കമ്മ്യൂണിസ്റ്റ് ബന്ധത്തിന്റെ നടുക്കുന്ന തെളിവുകളാണ് പൗരത്വ ഭേദഗതി നിയമത്തിനുനേരെയുള്ള പ്രതിഷേധത്തിന്റെ പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദൃശ്യമാകുന്നത്. ഒപ്പം കലാപാഹ്വാനങ്ങളൊരുക്കുന്ന കേന്ദ്രങ്ങളിലെ മലയാളി സാന്നിധ്യവും വെളിപ്പെടുകയാണ്.
ദല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഞായറാഴ്ച ദിനമായ ഡിസംബര്‍ 15ന് ആരംഭിച്ച സംഘര്‍ഷമാണ് വിവിധ നഗരങ്ങളിലേക്ക് വ്യാപിച്ചത്. കോളേജ് ഗേറ്റിന് പുറത്ത് പ്രധാനപാതയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പ്രദേശത്തെ ആംആദ്മി പാര്‍ട്ടി എംഎല്‍എ അമാനുള്ളാഖാനും ഇയാള്‍ക്കൊപ്പമുള്ള അഞ്ഞൂറോളം പേരും ചേര്‍ന്നതോടെയാണ് കലാപങ്ങളുടെ തുടക്കം. പ്രക്ഷോഭകാരികള്‍ ബസ്സുകളും കാറുകളും തകര്‍ത്ത് അക്രമം ആരംഭിച്ചതോടെയാണ് പോലീസ് നടപടികളിലേക്ക് കടന്നത്. ഇരുപത് കാറുകളും പതിനഞ്ചോളം ബസ്സുകളുമാണ് ഇവിടെ മാത്രം കത്തിക്കുകയും എറിഞ്ഞു തകര്‍ക്കുകയും ചെയ്തത്. ഇതേ തുടര്‍ന്ന് പോലീസ് നടപടിയുണ്ടായതോടെ അക്രമികളും വിദ്യാര്‍ത്ഥികളും ജാമിയാ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയ്ക്കുള്ളിലേക്ക് കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. പോലീസ് പിന്നാലെയെത്തി അക്രമികളെ പിടികൂടാന്‍ ശ്രമിച്ചതോടെ ഇരവാദമെന്ന പതിവ് പരിപാടികളുമായി മലയാളി വിദ്യാര്‍ത്ഥികളുടെ സംഘം രംഗത്തെത്തി. ഇതിനിടെ ജാമിയയിലെ പോലീസ് നടപടിക്കിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ വെടികൊണ്ടു മരിച്ചെന്ന വ്യാജ വാര്‍ത്തകളും മാധ്യമങ്ങളിലെത്തിച്ചിരുന്നു. കേരളത്തിലടക്കം പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവര്‍ക്കായി മയ്യത്തുനമസ്‌ക്കാരവും നടന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റെന്ന വ്യാജ വാര്‍ത്തയും മലയാള മാധ്യമങ്ങളടക്കം വലിയ തോതില്‍ പ്രചരിപ്പിച്ചു. ഒടുവില്‍ മലയാളികള്‍ നടത്തുന്ന ഹോളി ഫാമിലി ആശുപത്രിയുടെ ഡയറക്ടര്‍ ഫാ. പി.എ ജോര്‍ജ്ജ് തന്നെ രംഗത്തെത്തി വിദ്യാര്‍ത്ഥിക്ക് ബുള്ളറ്റുകൊണ്ടുള്ള മുറിവില്ലെന്ന് വ്യക്തമാക്കേണ്ടിവന്നു.
ജാമിയ മിലിയ ഇസ്ലാമിയയിലെ പോലീസ് നടപടിക്കെതിരെ ജെഎന്‍യുവിലെയും ജാമിയയിലെയും വിദ്യാര്‍ത്ഥികളെ അണിനിരത്തി വ്യാപക പ്രതിഷേധത്തിനാണ് പിറ്റേ ദിവസം മുതല്‍ ദല്‍ഹി സാക്ഷ്യം വഹിച്ചത്. മുസ്ലിം സമുദായത്തിനെതിരാണ് ദേശീയ പൗരത്വ നിയമം എന്ന പ്രചാരണത്തിന് ഔദ്യോഗിക തുടക്കം കുറിക്കലായിരുന്നു ജാമിയാ മിലിയ സംഘര്‍ഷത്തിന് പിന്നിലെ ലക്ഷ്യം. ദല്‍ഹിയിലെയും രാജ്യത്തിന്റെ വിവിധ നഗരങ്ങളിലേയും മുസ്ലിം പോക്കറ്റുകളില്‍ പ്രതിഷേധം ആളിക്കത്തിക്കാന്‍ ജാമിയാ മിലിയയിലെ പോലീസ് നടപടി ജിഹാദി-കമ്മ്യൂണിസ്റ്റ് ഗൂഡാലോചനാ സംഘം സമര്‍ത്ഥമായി ഉപയോഗിച്ചു. ഇതിന് ഫലവുമുണ്ടായി. ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും ഒന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് മുസ്ലിം യുവത്വത്തെ തെരുവിലിറക്കാന്‍ ഇവര്‍ക്കായി. ബംഗാളിലെ മുസ്ലിം ഭൂരിപക്ഷ ജില്ലകളായ മൂര്‍ഷിദാബാദ്, മാള്‍ഡ എന്നിവിടങ്ങളില്‍ മമതാ ബാനര്‍ജിയുടെ പിന്തുണയോടെ വന്‍തോതില്‍ കലാപം ആരംഭിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ്സും സംസ്ഥാന സര്‍ക്കാരും ഔദ്യോഗികമായി തന്നെ കലാപകാരികള്‍ക്ക് ഒത്താശ ചെയ്തു കൊടുത്തു. തൊട്ടടുത്ത ദിവസം ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ലഖ്‌നൗവിലെ നാവ്ഡ കോളേജില്‍ സംഘര്‍ഷം ആരംഭിച്ചു. ഇവിടെനിന്നും തുടങ്ങിയ സംഘര്‍ഷം ലഖ്‌നൗവിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെല്ലാം പടര്‍ന്നു. സമാജ് വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച നടന്ന അക്രമങ്ങളില്‍ നിരവധി മാധ്യമ വാഹനങ്ങളടക്കം കത്തിച്ചു. എന്നാല്‍ മാധ്യമങ്ങള്‍ അപ്പോഴും കലാപകാരികള്‍ക്ക് ഓശാന പാടുകയായിരുന്നു. രാജ്യത്ത് വിദ്യാര്‍ത്ഥി പ്രക്ഷോഭമെന്ന വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ഇരുനൂറോളം സര്‍വ്വകലാശാലകളുള്ള ഇന്ത്യയില്‍ വെറും 22 ഇടത്തു മാത്രമാണ് പേരിനെങ്കിലും പ്രതിഷേധം നടന്നതെന്ന സത്യം മാധ്യമങ്ങള്‍ മറച്ചുവെച്ചു. ഇതില്‍ തന്നെ ജെഎന്‍യുവും ജാമിയാ മിലിയ ഇസ്ലാമിയയും അടക്കം നാലിടത്ത് മാത്രമേ പ്രക്ഷോഭം ദിവസങ്ങളോളം തുടര്‍ന്നുള്ളൂ.
ജാമിയാ മിലിയ ഇസ്ലാമിയയിലെ കലാപകാരികള്‍ക്കെതിരായ പോലീസ് നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതിയിലെ ആസാദി ഗ്യാങ് ഇന്ദിരാ ജയ്‌സിങിന്റെ നേതൃത്വത്തില്‍ ചീഫ് ജസ്റ്റിസ് ബെഞ്ചിനെ രണ്ടുദിവസം തുടര്‍ച്ചയായി സമീപിച്ചെങ്കിലും കോടതി ആട്ടിപ്പായിച്ചു. പൊതുമുതല്‍ നശിപ്പിച്ചാല്‍ അറസ്റ്റുണ്ടാവുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് പൊതുമുതല്‍ നശിപ്പിക്കാന്‍ പ്രത്യേക അവകാശങ്ങളൊന്നും നല്‍കുന്നില്ലെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ വിമര്‍ശനം. കലാപം അവസാനിപ്പിച്ചാല്‍ മാത്രം കോടതിയിലേക്ക് വന്നാല്‍ മതിയെന്ന് പറഞ്ഞാണ് ഇന്ദിരാജയ്‌സിങിനെയും കൂട്ടരേയും കോടതി പറഞ്ഞുവിട്ടത്. പിറ്റേ ദിവസം ദല്‍ഹി ഹൈക്കോടതിയിലും ഇക്കൂട്ടര്‍ എത്തി. കേസ് ഫെബ്രുവരിയില്‍ കേള്‍ക്കാമെന്ന് അറിയിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നേര്‍ക്ക് ഷെയിം ഷെയിം എന്നാക്രോശിച്ചായിരുന്നു ആസാദിഗ്യാങ് അഭിഭാഷകരുടെ മടക്കം. ഇതിനെതിരെ ഹൈക്കോടതി അന്വേഷണ സമിതി പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ദിവസമായിരുന്നു കേന്ദ്രസര്‍ക്കാരും ആഭ്യന്തരമന്ത്രാലയവും ഏറെ ഭയപ്പെട്ട ദിവസം. പള്ളികളില്‍ നമസ്‌ക്കാരം കഴിഞ്ഞ് പുറത്തിറങ്ങുന്ന വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കാന്‍ ലക്ഷ്യമിട്ട് ദേശവിരുദ്ധ ശക്തികള്‍ എല്ലായിടത്തും സജീവമായിരുന്നു. എന്നാല്‍ പോലീസിന്റെ കര്‍ശന നടപടികള്‍ കാരണം രാജ്യത്തെങ്ങും യാതൊരു വിധത്തിലുള്ള സംഘര്‍ഷവും ഉണ്ടായില്ല. ദല്‍ഹി ജുമാമസ്ജിദില്‍ വിശ്വാസികള്‍ക്കിടയിലേക്ക് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും അനുയായികളും നുഴഞ്ഞുകയറി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും പള്ളി ഭാരവാഹികളും വിശ്വാസികളും അവര്‍ക്കൊപ്പം കൂടിയില്ല. വിശ്വാസികള്‍ വീടുകളിലേക്ക് മടങ്ങിയ ശേഷം ഭീം ആര്‍മി പ്രവര്‍ത്തകര്‍ ദല്‍ഹി ഗേറ്റിന് സമീപം പോലീസ് സ്‌റ്റേഷനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിച്ചത് സംഘര്‍ഷത്തിന് കാരണമായി. ഇവിടെ അക്രമികളുടെ നേര്‍ക്ക് പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. എന്നാല്‍ മറ്റു നഗരങ്ങളെല്ലാം ശാന്തമായിരുന്നു. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് പതിനായിരത്തോളം പേര്‍ പങ്കെടുത്ത റാലി ദല്‍ഹി നഗരമധ്യത്തിലെ കൊണാട്ട് പ്ലേസില്‍ വെള്ളിയാഴ്ച വൈകിട്ട് അരങ്ങേറി. രാജ്യത്തെ വിവിധ നഗരങ്ങളിലും പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്ന പതിനായിരങ്ങളുടെ റാലികള്‍ നടക്കുകയാണ്. വെള്ളിയാഴ്ച അസമിലെ നല്‍ബാരി ജില്ലയിലും പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഒരുലക്ഷം പേരുടെ റാലി നടന്നിരുന്നു. വരും ദിവസങ്ങളില്‍ ആയിരക്കണക്കിന് സ്ഥലങ്ങളിലാണ് നിയമഭേദഗതിയെ അനുകൂലിച്ചുള്ള റാലികള്‍ നടക്കുന്നത്. തെറ്റിദ്ധാരണകള്‍ പരത്തി സമൂഹത്തെ വിഭജിക്കാനുള്ള ആസൂത്രിത ശ്രമം പൊളിഞ്ഞുവീഴുമ്പോള്‍ വെളിപ്പെടുന്നത് ജിഹാദി-കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ടിന്റെ വൃത്തികെട്ട മുഖമാണ്.