”കഠിനകണ്ടകാകീര്‍ണ്ണമാണെങ്കിലും…” എന്ന സംഘ ഗീതത്തിന്റെ അവസാന ഭാഗത്തെ വരികള്‍ ഇപ്രകാരമാണ്:
”ഏതുവരേക്കെന്റെ നാഡിഞരമ്പുകള്‍
ഹൃദയരക്തത്തുടിപ്പേറ്റു പാടുമോ
അതുവരേക്കും പ്രളയം വരികിലും
വെടിയുകില്ല ഞാനീവഴിത്താരയെ
അനുഗമിക്കില്ല മറ്റൊരു പാതയെ”
ഈ ദൃഢനിശ്ചയം ജീവിതത്തില്‍ സാര്‍ത്ഥകമാക്കിത്തീര്‍ത്ത സംഘസ്വയംസേവകരുടെ എണ്ണം വളരെ വലുതാണ്. സ്വയംസേവകരുടെ മനസ്സുകളില്‍ സദാ ജ്വലിച്ചു നില്‍ക്കുന്ന അദമ്യമായ ഈ ഭാവമാണ് തികച്ചും വിപരീതസാഹചര്യങ്ങളെ പോലും തരണം ചെയ്ത്, ചെറുത്തു തോല്പിച്ച് തികഞ്ഞ നിഷ്ഠയോടെ സംഘപഥത്തില്‍ നിന്നും അണുവിടപോലും വ്യതിചലിക്കാതെ ധ്യേയം ലക്ഷ്യമാക്കി ഏകാഗ്രതയോടെ മുമ്പോട്ടു പോകുവാന്‍ അവര്‍ക്ക് പ്രചോദനമാകുന്നത്.
കുശാഭാവു ഠാകരേജി രത്‌ലാമില്‍ പ്രചാരകനായിരുന്നപ്പോള്‍ അദ്ദേഹമാണ് അമൃതലാല്‍ ഗോയലിനെ സംഘശാഖയില്‍ കൊണ്ടുവന്നത്. പ്രഭാത ശാഖയില്‍ അമൃതലാലിനെ വിളിച്ചു കൊണ്ടു പോകുവാന്‍ കുശാഭാവുജി ദിവസവും അയാളുടെ വീട്ടില്‍ പോകുമായിരുന്നു. മകന്‍ ശാഖയില്‍ പോകുന്നത് അച്ഛന് ഇഷ്ടമായിരുന്നില്ല. ഈ കാരണത്താല്‍ അദ്ദേഹം കുശാഭാവുജിയെ ശകാരിക്കുക മാത്രമല്ല തെറിവിളിക്കുക കൂടി ചെയ്യുമായിരുന്നു. ആ സമയത്താണ് സര്‍ക്കാര്‍ സംഘത്തെ നിരോധിച്ചത്. കുശാഭാവുവിനോടൊപ്പം അമൃതലാലും ജയിലിലായി. ജയിലില്‍ മകനെ കാണാനെത്തിയ അമൃതലാലിന്റെ അച്ഛന്‍, മാപ്പെഴുതിക്കൊടുത്ത് ജയില്‍ മോചിതനാകാന്‍ അയാളെ നിര്‍ബ്ബന്ധിച്ചുവെങ്കിലും അയാള്‍ വഴങ്ങിയില്ല.
ജയിലിലേക്ക് പോകുമ്പോള്‍ അമൃതലാല്‍ ചെരുപ്പ് ധരിച്ചിരുന്നില്ല. തന്റെ ചെരുപ്പ് ജയിലിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് അയാള്‍ വീട്ടിലേക്ക് കത്തയച്ചു. ആ കത്തിലെ അയാളുടെ ഒപ്പ് ദുരുപയോഗം ചെയ്ത് അച്ഛന്‍ അയാളുടെ പേരില്‍ മാപ്പപേക്ഷ അധികാരികള്‍ക്ക് അയച്ചു. അങ്ങനെ അമൃതലാല്‍ ജയില്‍ മോചിതനായി. എന്നാല്‍ അയാള്‍ക്ക് ഇത് സ്വീകാര്യമായിരുന്നില്ല. അയാള്‍ ഇന്ദോറിലെത്തി സത്യഗ്രഹത്തില്‍ പങ്കെടുത്ത് വീണ്ടും ജയിലിലെത്തി. നിരോധനം നീക്കി സ്വയംസേവകരെ ജയിലില്‍ നിന്ന് വിട്ടയക്കുന്നതുവരെ ജയിലില്‍ കഴിയുകയും ചെയ്തു.