ഇന്ദ്രനെ വധിക്കണം എന്ന ലക്ഷ്യത്തോടെ വൃത്രന്‍, ഇന്ദ്രസന്നിധിയിലെത്തി യുദ്ധം ആരംഭിച്ചു. പക്ഷേ, ഇന്ദ്രനെ തോല്‍പ്പിക്കാന്‍ വൃത്രന് കഴിഞ്ഞില്ല. പലവട്ടം യുദ്ധം ചെയ്‌തെങ്കിലും അപ്പോഴൊക്കെ ഇന്ദ്രന്‍ തന്ത്രപൂര്‍വ്വം രക്ഷപ്പെട്ടു.
‘പിതാവിന്റെ ഇഷ്ടം നിറവേറ്റാതെ മടങ്ങില്ല എന്നുറച്ച വൃത്രന്‍, കൂടുതല്‍ കരുത്താര്‍ജ്ജിച്ച് ഇന്ദ്രനെ വധിക്കാനെത്തി. വൃത്രന്‍ വീണ്ടും വരുന്നു എന്നറിഞ്ഞ ഇന്ദ്രന്‍ ആകെ ഭയന്നു. നേരിട്ട് വൃത്രനോട് ഏറ്റുമുട്ടുന്നത് ഇനി ഉചിതമാവില്ലെന്ന് മനസ്സിലാക്കി സന്ധിയുണ്ടാക്കാനാണ് ശ്രമിച്ചത്. അതിനായി സപ്തര്‍ഷികളെ വൃത്രന്റെ അടുത്തേയ്ക്കു പറഞ്ഞുവിട്ടു. സന്ധിക്ക് വൃത്രന്‍ വഴങ്ങിയില്ലെങ്കില്‍, വേണ്ടിവന്നാല്‍ ദേവേന്ദ്രപദവിയുടെ പകുതി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയായാലും യുദ്ധം ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് ഇന്ദ്രന്‍ അവരോട് പറഞ്ഞു.’
‘ഇന്ദ്രനിയോഗത്താല്‍ സപ്തര്‍ഷികള്‍ വൃത്രന്റെ അടുത്തെത്തി സന്ധിക്ക് ശ്രമിച്ചു. എന്നാല്‍ വൃത്രന്‍ തന്റെ ലക്ഷ്യത്തില്‍നിന്ന് പിന്മാറാന്‍ കൂട്ടാക്കിയില്ല. ഇന്ദ്രപദവിയില്‍ പകുതി നല്‍കാന്‍, ഇന്ദ്രന്‍ തയ്യാറാണെന്ന കാര്യം അവര്‍ പറഞ്ഞപ്പോള്‍ ഒരു മഹത്തായ സ്ഥാനമാണ് തനിക്ക് ലഭിക്കുന്നതെന്ന് വൃത്രന്‍ ഒരു നിമിഷം അലോചിച്ചു.
”മഹര്‍ഷിശ്രേഷ്ഠന്മാരെ, നിങ്ങളെ ഞാന്‍ ആദരിക്കുന്നു. നിങ്ങള്‍ പറഞ്ഞ സന്ധി ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ ഇന്ദ്രന്‍ എന്നെ വഞ്ചിക്കില്ലെന്ന് നിങ്ങള്‍ക്ക് എന്താണ് ഉറപ്പ്?” ഇന്ദ്രന്റെ പല ചതികളും മനസ്സിലാക്കിയ വൃത്രന്‍ ചോദിച്ചു.
”വാക്കു ലംഘിച്ചാല്‍ ഇന്ദ്രന്‍ ബ്രഹ്മഹത്യാപാപം ഏല്‍ക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ബ്രഹ്മഹത്യാ പാപം ഏറ്റാല്‍ ഇന്ദ്രപദവി നഷ്ടമാകും. അതിനാല്‍ ഇന്ദ്രന്‍ വാക്ക് പാലിക്കാതിരിക്കില്ല” സപ്തര്‍ഷികള്‍ ഉറപ്പു നല്‍കി.
‘സപ്തര്‍ഷികളുടെ വാക്കിനെ വിശ്വസിച്ച വൃത്രന്‍, ഇന്ദ്രപദവിയില്‍ പകുതി ലഭിക്കും എന്ന പ്രതീക്ഷയോടെ ഇന്ദ്രനുമായി സന്ധിചെയ്യാന്‍ ദേവലേകത്തേയ്ക്കു പുറപ്പെട്ടു. വൃത്രന്‍ സന്ധിചെയ്യാന്‍ സന്നദ്ധനായി എന്നറിഞ്ഞ് സന്തുഷ്ടനായ ഇന്ദ്രന്‍ വൃത്രനെ യഥോചിതം സ്വീകരിച്ചു.
‘വൃത്രനെ കണ്ടതും ഇന്ദ്രന്‍ സിംഹാസനത്തില്‍നിന്ന് എഴുന്നേറ്റ് സ്‌നേഹപൂര്‍വ്വം ആശ്ലേഷിച്ചു. തന്റെ പദവിയില്‍ പകുതി നല്‍കിയിരിക്കുന്നു എന്ന് അറിയിച്ച് അര്‍ദ്ധാസനം നല്‍കി ആദരിച്ചിരുത്തി. മേലില്‍ സഹോദരങ്ങളെപ്പോലെ വര്‍ത്തിക്കുന്നതാണെന്നും ശത്രുത ഉണ്ടാവില്ലെന്നും സമ്മതിച്ചു.’
‘വൃത്രനെ നേരിട്ട് എതിര്‍ക്കാന്‍ കഴിയില്ലെന്ന് ഇന്ദ്രന് അറിയാം. അതിനാല്‍ വൃത്രനെ എങ്ങനെയെയും ചതിച്ചുകൊല്ലാനുള്ള ഉപായങ്ങളാണ് ഇന്ദ്രന്‍ ഓരോ ദിവസവും ആലോചിച്ചത്. തന്റെ ലക്ഷ്യം സാക്ഷാത്ക്കരിക്കാനായി വൃത്രനെ മോഹിപ്പിക്കാന്‍ അതിസുന്ദരിയായ രംഭയെ ഇന്ദ്രന്‍ ചുമതലപ്പെടുത്തി.’
‘വൃത്രന്‍ നന്ദനോദ്യാനത്തില്‍ എത്തിയതറിഞ്ഞ്, വൃത്രനെ മോഹിപ്പിക്കാനായി രംഭ കുറെ അപ്‌സരസ്സുകളൊടൊപ്പം അണിഞ്ഞൊരുങ്ങി നന്ദനോദ്യാനത്തിലെത്തി. വൃത്രനെ വധിക്കാനുള്ള അവസരം പ്രതീക്ഷിച്ചു ഇന്ദ്രനും ഉദ്യാനത്തില്‍ വന്നു.’
‘തന്നെ സഹോദരനായി സ്വീകരിച്ച ഇന്ദ്രനെ ഒരുവിധത്തിലും വൃത്രന്‍ സംശയിച്ചില്ല. അപ്‌സരസ്സുകളോടൊപ്പം ഇന്ദ്രനും കേളീവനത്തില്‍ കറങ്ങി നടന്നു. രംഭ ഒരു ചന്ദനമരത്തിന്റെ തണലില്‍ സഖിമാരോടൊപ്പം മധുരമായി പാട്ടുപാടിയും കളിച്ചുരസിച്ചും വൃത്രനെ ആകര്‍ഷിക്കാന്‍ ശ്രമിച്ചു.’
‘രംഭയെ കണ്ടതും വൃത്രന് അവളില്‍ അനുരാഗം ജനിച്ചു. കാമവിവശനായ വൃത്രന്‍ അവളുടെ സമീപത്തേയ്ക്കു ചെന്ന് പ്രേമാഭ്യാര്‍ത്ഥന നടത്തി. താന്‍ പ്രതീക്ഷിച്ച ആ സന്ദര്‍ഭത്തെ വേണ്ട തരത്തില്‍ ഉപയോഗിക്കാന്‍ രംഭ തീരുമാനിച്ചു.’
”കാമദേവനെപ്പോലെ സുന്ദരനായ അങ്ങ് ആരാണെന്ന് എനിക്കറിയില്ല. ഞാന്‍ ഇന്ദ്രലോകത്തെ നര്‍ത്തകി രംഭയാണ്. തോഴിമാരോടൊപ്പം അല്പനേരം സന്തോഷത്തോടെ പാടിയും ആടിയും കഴിയാനാണ് ഉദ്യാനത്തില്‍ വന്നത്” അവള്‍ ഒന്നും അറിയാത്ത മട്ടില്‍ പറഞ്ഞു.
”ഞാന്‍, പ്രജാപതി പുത്രനും ഇന്ദ്രന്റെ ഉറ്റമിത്രവുമായ വൃത്രനാണ്. മൂന്നുലോകവും കീഴടക്കിയ ഞാന്‍ ഇന്ദ്രപദത്തിന്റെ പകുതി ഭാഗം ഇപ്പോള്‍ അനുഭവിക്കുന്നു. ഭവതിയെ വിവാഹം കഴിക്കുന്നതോടെ ഞാന്‍ പൂര്‍ണ്ണനാകുമെന്നു വിശ്വസിക്കുന്നു. അതുകൊണ്ട് താമസംവിനാ എന്റെ അപേക്ഷ സ്വീകരിച്ചാലും” വൃത്രന്‍ പ്രേമവായ്‌പോടെ പറഞ്ഞു.
”അങ്ങയെപ്പോലെ വീരനും സുന്ദരനുമായ ഒരാളെ സ്വീകരിക്കാന്‍ ആരാണ് ഇഷ്ടപ്പെടാത്തത്. എന്നാല്‍ ഒരപേക്ഷ എനിക്കുണ്ട്. എന്റെ ഇഷ്ടത്തിന് വിരുദ്ധമായി അങ്ങ് ഒന്നും പറയാനോ പ്രവര്‍ത്തിക്കാനോ പാടില്ല. അത് സമ്മതമാണെങ്കില്‍ അങ്ങയുടെ അപേക്ഷ സ്വീകരിക്കാം” രംഭ പറഞ്ഞു.
”നിന്റെ അപേക്ഷ ഞാന്‍ പൂര്‍ണ്ണമായും അംഗീകരിച്ചിരിക്കുന്നു” രംഭയുടെ സൗന്ദര്യത്തില്‍ മതിമയങ്ങിയ വൃത്രന്‍ പറഞ്ഞു.
‘അനന്തരം അവര്‍ കാമകേളികളില്‍ മുഴുകി. ബ്രാഹ്മണന് നിഷിദ്ധമായ മദ്യം രംഭ നല്‍കിയപ്പോള്‍ അത് നിഷേധിക്കാന്‍ വൃത്രന് കഴിഞ്ഞില്ല. മദ്യത്തില്‍ മയങ്ങിയ വൃത്രന് സ്വബോധം നഷ്ടമായി. വൃത്രനെ കൊല്ലാന്‍ പറ്റിയ സന്ദര്‍ഭം ലഭിച്ചിരിക്കുന്നു എന്നു മനസ്സിലാക്കി ബ്രഹ്മഹത്യാപാപമാണ് താന്‍ ചെയ്യുന്നത് എന്നൊന്നും ആലോചിക്കാതെ ഇന്ദ്രന്‍ വജ്രായുധം പ്രയോഗിച്ച് വൃത്രനെ വധിച്ചു. വധിച്ചു കഴിഞ്ഞപ്പോഴാണ് താന്‍ സപ്തര്‍ഷികളോട് പറഞ്ഞ കാര്യം ഇന്ദ്രന്‍ ഓര്‍ത്തത്.’
‘ബ്രഹ്മഹത്യാപാപം ഇല്ലാതാക്കാനുള്ള ഉപായത്തെക്കുറിച്ചാലോചിച്ച് ഇന്ദ്രന്‍ ആകെ അസ്വസ്ഥനായി. ഒരു ഉപായവും കാണാതെ ഭയവിഹ്വലനും പാപബാധിതനുമായ ഇന്ദ്രന്‍ ദേവലോകം ഉപേക്ഷിച്ച് മനസ്സമാധാനത്തിനായി എത്തിച്ചേര്‍ന്നത് ശാന്തസുന്ദരമായ ഈ പ്രദേശത്താണ്. ആരാരുമറിയാതെ കുറെക്കാലം ഇന്ദ്രന്‍ സ്വസ്ഥനായി ഇവിടെ കഴിഞ്ഞുകൂടി. എന്നാല്‍ ദേവരാജനെ കാണാതെ മറ്റു ദേവന്മാരും ഋഷിമാരും പരിഭ്രാന്തരായി. ഒടുവില്‍ ദേവേന്ദ്രനെ തേടി അവര്‍ ഇവിടെ എത്തി.’
കളങ്കിതനായ ഇന്ദ്രനില്‍നിന്ന് ബ്രഹ്മഹത്യാപാപം ഇല്ലാതാക്കാന്‍ ദേവര്‍ഷികള്‍ കലശംകൊണ്ട് നീരാടിച്ചു. ഇന്ദ്രന്റെ ശരീരത്തില്‍നിന്ന് അഴുക്ക്, പശി, മലം, കരൂഷം മുതലായവ വേര്‍പെട്ട് അതെല്ലാം ഈ മണ്ണില്‍ അലിഞ്ഞുചേര്‍ന്നു. അങ്ങനെ ഇന്ദ്രന്‍ ഇവിടെവച്ച് മാലിന്യമുക്തനായി. അന്നുമുതല്‍ അംഗമലദം, മലജം, കരൂഷം എന്നീ പേരുകളില്‍ ഈ പ്രദേശം പ്രസിദ്ധമായി. മാലിന്യമുക്തനായ ഇന്ദ്രന്‍ സന്തോഷത്തോടെ സ്വര്‍ഗ്ഗത്തേയ്ക്കു മടങ്ങുമ്പോള്‍ തന്റെ അമംഗലങ്ങള്‍ സ്വീകരിച്ച ഈ ദേശങ്ങള്‍ മലദം എന്നും കരുഷം എന്നും പേരായ സമൃദ്ധങ്ങളായ ജനപദങ്ങളാകുമെന്നു വരം നല്‍കി അനുഗ്രഹിച്ചു. ഇന്ദ്രന്റെ അനുഗ്രഹത്തെ ദേവന്മാരും അംഗീകരിച്ചു. അങ്ങനെ ഈ നാട് ധനധാന്യ സമൃദ്ധങ്ങളായി അനേകകാലം നിലകൊണ്ടു.” വിശ്വാമിത്രന്‍ പറഞ്ഞു.
”ജനപദമായിരുന്ന ഈ ദേശം പിന്നീട് എങ്ങനെയാണ് കൊടും കാടായി പരിണമിച്ചത് ഗുരോ?” രാമന്‍ ചോദിച്ചു.
”കാലം കുറെ കഴിഞ്ഞപ്പോള്‍ ഈ ജനപദം ദുഷ്ടയായ ഒരു രാക്ഷസി കൈവശപ്പെടുത്തി. അവളുടെ പേരാണ് താടക. അവളുടെ കൊടും ക്രൂരത സഹിക്കവയ്യാതെ ജനപദത്തില്‍ താമസിച്ചിരുന്നവരെല്ലാം ഒന്നൊന്നായി ഒഴിഞ്ഞുപോയി. അങ്ങനെ ഇവിടം വിജനമായി. വര്‍ഷങ്ങളുടെ പരിണാമത്താല്‍ മഹാ കാടായി പരിണമിച്ചു.” വിശ്വാമിത്രന്‍ പറഞ്ഞു.
”അപ്പോള്‍ താടക വസിക്കുന്ന കാട്ടിലൂടെയാണോ നമ്മള്‍ പോകുന്നത്?” രാമന്‍ ചോദിച്ചു.
”അതെ” മുനി ദീര്‍ഘമായി നിശ്വസിച്ചുകൊണ്ട് രാമനെ നോക്കി പറഞ്ഞു.
താടകയുടെ പേരുകേട്ടപ്പോള്‍ രാമന്റെ മുഖത്ത് പെട്ടെന്നുണ്ടായ ഭാവമാറ്റം മുനി ശ്രദ്ധിച്ചു.
”ഇനിയും നമുക്ക് വിശ്രമിക്കാനുള്ള സമയമില്ല” പോകാനായി എഴുന്നേറ്റുകൊണ്ട് വിശ്വാമിത്രന്‍ പറഞ്ഞു.
മുനി ദേശചരിത്രം പറഞ്ഞത് എന്തിനെന്ന് തിരിച്ചറിഞ്ഞപ്പോള്‍ രാമന്റെ മനസ്സിലൂടെ പല പല ചിന്തകളും കടന്നുപോയി.
താടക
താടക വസിക്കുന്ന കാട്ടിലേക്ക് കടന്നപ്പോള്‍, വില്ല് ഏതു നിമിഷവും കുലയ്ക്കാന്‍ പാകത്തില്‍ രാമന്‍ തോളത്തുനിന്നെടുത്ത് കയ്യില്‍ പിടിച്ചു. ചുറ്റുപാടും സൂക്ഷ്മമായി നിരീക്ഷിച്ച് വിശ്വാമിത്രന് പിന്നാലെ പതുക്കെ നടക്കുമ്പോള്‍ താടകയെക്കുറിച്ച് വസിഷ്ഠനില്‍നിന്ന് കേട്ടിട്ടുള്ള കഥകളാണ് രാമന്‍ ഓര്‍ത്തത്. അതിശക്തയായ അവള്‍ ഏതു നിമിഷവും ആക്രമിക്കാന്‍ ഇടയുണ്ട്. അവളെ നേരിടാന്‍ രാമനിലെ പോരാട്ടവീര്യം പെട്ടെന്ന് ഉണര്‍ന്നു.
”രാമാ, താടക എന്ന ആ ദുഷ്ട രാക്ഷസിക്ക് ആയിരം ആനയുടെ ശക്തിയുണ്ട്” വിശ്വാമിത്രന്‍ പറഞ്ഞു.
”രാക്ഷസിയായ ഒരു സ്ത്രീക്ക് ആയിരം ആനയുടെ ശക്തിയോ?” ലക്ഷ്മണന്‍ അതിശയത്തോടെ ചോദിച്ചു.
താടക രാക്ഷസിയായിരുന്നില്ല. ശാപത്താല്‍ രാക്ഷസിയായവളാണ്. ഒരാളുടെ സ്വഭാവ സവിശേഷതകളാണ് അയാളെ രാക്ഷസനോ, ബ്രാഹ്മണനോ, ചണ്ഡാലനോ ആക്കി മാറ്റുന്നതെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ? അവളുടെ പൂര്‍വ്വജന്മത്തെക്കുറിച്ച് അവള്‍ക്ക് അറിയില്ല. അത് ഞാന്‍ പറയാം” വിശ്വാമിത്രന്‍ പറഞ്ഞു.
വിശ്വാമിത്രന്‍ ഏതോ ആലോചനയില്‍ അല്പസമയം മുഴുകി. തന്റെ ജ്ഞാനദൃഷ്ടികൊണ്ടാണ് മുനി എല്ലാം അറിയുന്നത്. അതുകൊണ്ട് ഏതോ സംശയം ചോദിക്കാന്‍ പുറപ്പെട്ട ലക്ഷ്മണനെ രാമന്‍ വിലക്കി. മുനി പറയുന്നത് കേള്‍ക്കാന്‍ കാതുകൂര്‍പ്പിച്ച് അവര്‍ നടന്നു. അപ്പോഴും ആലോചനയിലായിരുന്നു മുനി. രാക്ഷസരുടെ ജനനത്തെ സംബന്ധിച്ച് വസിഷ്ഠന്‍ പറഞ്ഞത് രാമന്‍ അപ്പോള്‍ ഓര്‍ത്തു.
ദക്ഷന്റെ പുത്രിയായ ഖശയില്‍ കശ്യപ പ്രജാപതിക്ക് ജനിച്ചവരാണ് രാക്ഷസര്‍ എന്നറിയാം. അങ്ങനെയെങ്കില്‍ ഒരേ പിതാവിന് വ്യത്യസ്ത മാതാക്കളില്‍ ജനിക്കുന്ന പുത്രന്മാര്‍ എങ്ങനെയാണ് ശത്രുക്കളാകുന്നത്? അവര്‍ സഹോദരങ്ങളല്ലേ? രാക്ഷസന്മാര്‍ കരുത്തരായ പടയാളികളാണെന്ന് കേട്ടിട്ടുണ്ട്. രാക്ഷസന്‍ എന്ന വാക്കിന് രക്ഷയുമായി ബന്ധമില്ലേ എന്നും സംരക്ഷണം എന്ന വാക്കുമായി അതിനു സാദൃശ്യമുണ്ടെന്നും രാമന്‍ ചിന്തിച്ചു. അതിപുരാതന കാലത്ത് രാക്ഷസര്‍ മികച്ച കൂലിപ്പടയാളികളായിരുന്നുവെന്നും ചിലര്‍ ദേവന്മാരുമായി സഖ്യമുണ്ടാക്കി, അവരുടെ കൂട്ടത്തില്‍ കൂടിയെന്നും മറ്റുചിലര്‍ അസുരന്മാര്‍ക്കൊപ്പം ചേര്‍ന്നുവെന്നുമുള്ള കഥകള്‍ കേട്ടിട്ടുണ്ട്. രാവണന്‍പോലും അര്‍ദ്ധ രാക്ഷസനാണ് എന്നാണ് മാതാവില്‍നിന്ന് മനസ്സിലാക്കിയിട്ടുള്ളത്.
താടകയുടെ പൂര്‍വ്വകഥ പറയാനായി വിശ്വാമിത്രന്‍ ധ്യാനത്തില്‍ നിന്ന് ഉണര്‍ന്നപ്പോള്‍ കഥ കേള്‍ക്കാന്‍ എല്ലാവരുടെ കണ്ണുകളും മുനിയില്‍ കേന്ദ്രീകരിച്ചു.
”സന്താനങ്ങളില്ലാത്ത ദുഃഖത്താല്‍ സുകേതു എന്ന യക്ഷന്‍, ബ്രഹ്മാവിനെ തപസ്സുചെയ്ത് പ്രീതിപ്പെടുത്തി. ഒരു പുത്രി ഉണ്ടാകുമെന്ന് ബ്രഹ്മാവ് സുകേതുവിനെ അനുഗ്രഹിച്ചു. അങ്ങനെ ബ്രഹ്മാവിന്റെ അനുഗ്രഹത്താല്‍ സുകേതുവിന്റെ പുത്രിയായിട്ടാണ് താടക ജനിക്കുന്നത്. ജനിച്ചപ്പോള്‍ മുതല്‍ അവള്‍ ബ്രഹ്മാവിന്റെ പരമഭക്തയായി മാറി. അതിനാല്‍ ബ്രഹ്മദേവന് അവളോടും കൂടുതല്‍ പ്രീതി ഉണ്ടായി. ബ്രഹ്മദേവന്‍ അവള്‍ക്ക് ആയിരം ആനയുടെ ശക്തി നല്‍കി. രൂപലാവണ്യമുള്ളവളായിട്ടും പരുഷമായ അക്രമവൃത്തിയും മായാവൃത്തിയുംകൊണ്ട് സര്‍വ്വരേയും അവള്‍ ഭയപ്പെടുത്തി. സുന്ദരിയും ശക്തിശാലിയുമായ അവള്‍, സുന്ദന്‍ എന്ന അസുരനെ വിവാഹം കഴിച്ചു. അവര്‍ക്ക് മാരീചന്‍ എന്നും സുബാഹു എന്നും പേരായ അതിശക്തരും വീരന്മാരുമായ രണ്ടു പുത്രന്മാര്‍ ജനിച്ചു. വളര്‍ന്നു വന്നതോടെ അമ്മയെപ്പോലെ ഏതു ദുര്‍വൃത്തി ചെയ്യാനും അവര്‍ക്ക് യാതൊരു മടിയും ഉണ്ടായില്ല. മഹാമായാവികളായിട്ടാണ് അവരെല്ലാം ഇപ്പോഴും ഈ കാട്ടില്‍ വിഹരിക്കുന്നത്.”
‘സുന്ദന്‍ ഒരിക്കല്‍ അഗസ്ത്യമുനിയുടെ ആശ്രമം ആക്രമിക്കുകയും മുനിയുടെ ശിഷ്യന്മാരെ കൊല്ലുകയും ചെയ്തു. ദുഷ്പ്രവൃത്തി ചെയ്ത സുന്ദനെ അഗസ്ത്യന്‍ തപോശക്തികൊണ്ട് ശപിച്ചു ചാമ്പലാക്കി.’
‘ഭര്‍ത്താവിനെ ശപിച്ചത് അറിഞ്ഞ താടക പുത്രന്മാരോടൊപ്പം അഗസ്ത്യന്റെ ആശ്രമത്തിലെത്തി ആശ്രമം പൂര്‍ണ്ണമായും നശിപ്പിച്ചശേഷം മുനിയെ കൊല്ലാന്‍ ശ്രമിച്ചു. ആ സമയം കോപാക്രാന്തനായ അഗസ്ത്യന്‍ താടകയെയും മക്കളെയും ശപിച്ചു രാക്ഷസരാക്കി. ഘോരരൂപികളായിത്തീര്‍ന്ന അവര്‍ അപ്പോള്‍ത്തന്നെ രാക്ഷസ വംശത്തിന്റെ പിതാവായ സുമാലിയോടൊന്നിച്ച് പാതാളത്തിലേയ്ക്കു പോയി. അവിടെനിന്ന് പിന്നീട് രാക്ഷസ രാജാവായ രാവണന്റെ രാജ്യമായ ലങ്കയിലെത്തി, കുറച്ചുകാലം അവിടെയും താമസിച്ചു. പിന്നീട് പുത്രന്മാരോടൊപ്പം രാവണന്റെ സഹായത്തോടെയാണ് കരൂഷം എന്ന ഈ സ്ഥലത്തുവന്നു താമസമാക്കിയത്.’
‘രാവണന്റെ പിന്‍ബലത്തില്‍ പഴയമട്ടില്‍ എല്ലാ ക്രൂരകൃത്യവും അവര്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. താടകയേയും മക്കളെയും ഭയന്ന് മനുഷ്യര്‍ക്കോ, ദേവന്മാര്‍ക്കോ, വനദേവതകള്‍ക്കോ ഈ വനത്തിലേക്ക് എത്തിനോക്കാന്‍കൂടി ഭയമണ്. പരാക്രമികളും ഭീമാകാരന്മാരുമായ ഇവരെ ഭയന്ന് മുനിമാര്‍പോലും ഈ പ്രദേശത്തേയ്ക്ക് വരാറില്ല’ വിശ്വാമിത്രന്‍ പറഞ്ഞു.
ലക്ഷ്മണന്‍ അപ്പോള്‍ രാമന്റെ മുഖത്തേയ്ക്കു സംശയഭാവത്തില്‍ നോക്കി.
”ഗുരോ, നമ്മള്‍ പോകുന്നത് താടകയുടെ വാസസ്ഥലത്തുകൂടിയാണെങ്കില്‍ നമ്മളെ കണ്ടാല്‍ അവള്‍ മാര്‍ഗ്ഗ തടസ്സമുണ്ടാക്കാന്‍ ഇടയില്ലേ?” ലക്ഷ്മണന്‍ ചോദിച്ചു.
”തീര്‍ച്ചയായും. അതികഠിനമായ ഒരു ദൗത്യമാണ് ആദ്യംതന്നെ നിങ്ങള്‍ക്ക് ഏറ്റെടുക്കാനുള്ളത്. വനവാസികളെ ചൂഷണംചെയ്തും ഭയപ്പെടുത്തിയും എതിര്‍ക്കുന്നവരെ കൊന്നുതിന്നും അവളും പുത്രന്മാരും ഇവിടെ വാഴുകയാണ്. കാനനവാസികളെല്ലാം അവളുടെ അക്രമം സഹിച്ചാണ് കഴിയുന്നത്. അവളെ കൊല്ലാതെ ആശ്രമങ്ങള്‍ക്ക് വേണ്ടവിധം പ്രവര്‍ത്തിക്കാന്‍ പ്രയാസമാണ്. അവളുടെയും മക്കളുടെയും അക്രമപ്രവൃത്തികളില്‍നിന്നും കരൂഷത്തെയും കാനനവാസികളെയും രക്ഷിക്കേണ്ടത് നമ്മുടെ പ്രധാന ദൗത്യം തന്നെയാണ്. ഇവളെ കൊല്ലാതെ…” വിശ്വാമിത്രന്‍ പെട്ടെന്ന് നിശ്ശബ്ദനായി.
എല്ലാവരും നിശ്ശബ്ദമായി കാട്ടിലൂടെ നടക്കുമ്പോഴും രാമന്റെ മനസ്സ് പലവിധ ചിന്തകളാല്‍ കലുഷിതമായിരുന്നു. താടക ഏതു സമയത്തും തങ്ങളെ ആക്രമിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് കയ്യിലിരിക്കുന്ന വില്ലില്‍ രാമന്‍ പിടിമുറുക്കി. ചിതറിയ ആനക്കൂട്ടംപോലെ അവിടവിടെയായി നിലകൊള്ളുന്ന പാറയുടെ ഇടയിലൂടെയാണ് അവര്‍ നടന്നത്. രാമനുമായി സംസാരിച്ച് പതുക്കെ നടന്നുവരുന്ന വിശ്വാമിത്രനെ പ്രതീക്ഷിച്ച് മുമ്പിലായി നടന്ന ശിഷ്യന്മാര്‍ വിശാലമായി പരന്നുകിടക്കുന്ന പാറപ്പുറത്ത് ഭാണ്ഡം ഇറക്കിവച്ചു. അവരുടെ അടുത്തെത്തിയപ്പോള്‍ വിശ്വാമിത്രനും അവിടെ അല്പസമയം നിന്നു. താടകയെ നേരിടുന്ന കാര്യം പറഞ്ഞതു മുതല്‍ സ്ത്രീവധം നടത്തേണ്ടിവരുമല്ലോ എന്ന ഭയം രാമന്റെ മനസ്സില്‍ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു.
”എന്താണ് കുമാരന്‍ ആലോചിക്കുന്നത്? താടകയെ വധിക്കാന്‍ നിനക്കു കഴിയില്ലേ? അവളെ കൊല്ലാന്‍ നിനക്കല്ലാതെ ത്രിലോകങ്ങളില്‍ മറ്റൊരാള്‍ക്കും കഴിയുമെന്ന വിശ്വാസം എനിക്കില്ല” ചിന്താമൂകനായി നില്‍ക്കുന്ന രാമനെ നോക്കി വിശ്വാമിത്രന്‍ പറഞ്ഞു.
താന്‍ ഊഹിച്ചത് ശരിയാണ്. താടകയെ വധിക്കുന്ന കാര്യമാണ് മുനി വെളിപ്പെടുത്തിയിരിക്കുന്നത്. എന്താണ് പറയേണ്ടത് എന്നറിയാതെ രാമന്‍ കുഴങ്ങി.
”ഗുരോ, അവള്‍ രാക്ഷസിയാണെങ്കിലും സ്ത്രീയല്ലേ? സ്ത്രീവധം…..” രാമന്‍ സംശയിച്ചുകൊണ്ട് വിശ്വാമിത്രനെ നോക്കി.
”പ്രജാരക്ഷാര്‍ത്ഥം ശിഷ്ടമോ, ദുഷ്ടമോ, ക്രൂരമോ ആയ കര്‍മ്മം, രാജാവിനോ, രാജപുത്രനോ ചെയ്യേണ്ടിവരുന്നത് അധര്‍മ്മമല്ല കുമാരാ. അധര്‍മ്മികള്‍ ആരെന്ന് അന്വേഷിക്കേണ്ട ആവശ്യമില്ല. സ്ത്രീയായാലും പുരുഷനായാലും അവര്‍ വധിക്കപ്പെടേണ്ടവരാണ്. ഇവളിലാകട്ടെ, ധര്‍മ്മം അല്പംപോലും അവശേഷിച്ചിട്ടില്ല. രാജ്യം ഭരിക്കുന്നവരുടെ നിത്യമായ ധര്‍മ്മമാണ് അധര്‍മ്മികളെ നിഗ്രഹിക്കുക എന്നത്. സര്‍വ്വ പരിപാലകനായ മഹാവിഷ്ണുവിനുപോലും സ്ത്രീകളെ വധിക്കേണ്ടി വന്നിട്ടുണ്ട്” വിശ്വാമിത്രന്‍ പറഞ്ഞു.
”മഹാവിഷ്ണു സ്ത്രീവധം നടത്തിയിട്ടുണ്ടെന്നോ..?” ലക്ഷ്മണന്‍ അമ്പരപ്പോടെ ചോദിച്ചു.
”അതെ” വിശ്വാമിത്രന്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.
”മഹാവിഷ്ണുവിന് അത്തരം ഒരു കര്‍മ്മം നടത്താന്‍ ഇടയായ സന്ദര്‍ഭം എതാണ് ഗുരോ.?” ലക്ഷ്മണന്‍ ചോദിച്ചു.
വിശ്വാമിത്രന്‍ നാലഞ്ചടി നടന്ന് പാറയുടെ പുറത്തിരുന്നു. അതുകണ്ട ശിഷ്യന്മാരും പാറപ്പുറത്തിരുന്നു. പക്ഷേ, രാമനും ലക്ഷ്മണനും ഇരുന്നില്ല. മുനി പറയുന്നത് കേള്‍ക്കാന്‍ അവര്‍ കാതോര്‍ത്തു.