അനംഗാശ്രമത്തിലേയ്ക്കു വരുന്ന വിശ്വാമിത്രനെ എതിരേല്‍ക്കാന്‍ ആശ്രമ മുറ്റത്തിന് പുറത്തുനില്‍ക്കുന്ന അനംഗശിഷ്യന്മാരെ കണ്ടപ്പോള്‍ ആചാര്യന്റെ വരവ് മുന്‍കൂട്ടി അവര്‍ അറിഞ്ഞിരിക്കുന്നു എന്നു വ്യക്തമായി. അനംഗശിഷ്യന്മാര്‍ ആരതി ഉഴിഞ്ഞ് മന്ത്രോച്ചാരണങ്ങള്‍ മുഴക്കി. ആചാരക്രിയകള്‍ അവസാനിച്ചപ്പോള്‍ എല്ലാവരെയും അഗ്നിഹോത്രശാലയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി അര്‍ഘ്യപാദ്യം നല്‍കി സ്വീകരിച്ചിരുത്തി. അപ്പോള്‍ത്തന്നെ ആശ്രമാധിപനെത്തി വിശ്വാമിത്രനെ നമസ്‌കരിച്ചു.
ആശ്രമാധിപനോട് വിശ്വാമിത്രന്‍ സുഖാന്വേഷണങ്ങള്‍ നടത്തിയപ്പോള്‍ ആശ്രമത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കുന്ന രാക്ഷസന്മാരെക്കുറിച്ച് ആശ്രമാധിപന്‍ പറഞ്ഞത് രാമന്‍ പ്രത്യേകം ശ്രദ്ധിച്ചു.
”നിങ്ങളുടെ ഉത്ക്കണ്ഠകള്‍ക്കെല്ലാം താമസംവിനാ പരിഹാരമുണ്ടാകുന്നതാണ്” വിശ്വാമിത്രന്‍ രാമന്റെ മുഖത്തേയ്ക്ക് നോക്കിയാണ് ആശ്രമാധിപനോട് മറുപടി പറഞ്ഞത്.
അനംഗശിഷ്യന്മാരുടെ കണ്ണുകള്‍ രാമനിലും ലക്ഷ്മണനിലും തറഞ്ഞുനിന്നു. അവരുടെ പുഞ്ചിരിയില്‍ പ്രതീക്ഷകള്‍ നിറഞ്ഞുനില്‍ക്കുന്നത് രാമന്‍ കണ്ടു. ശിഷ്യന്മാരെല്ലാം അഗ്നിഹോത്രശാലയില്‍നിന്ന് പുറത്തേയ്ക്കു പോയി. അപ്പോഴും മുഖ്യ ആചാര്യനുമായി വിശ്വാമിത്രന്‍ നടത്തുന്ന സംഭാഷണം സശ്രദ്ധം കേട്ടുകൊണ്ട് രാമനും ലക്ഷ്മണനും വിശ്വാമിത്രന്റെ അടുത്തുതന്നെ നിന്നു.
സല്‍ക്കാരത്തിനുശേഷം ഹോമശാലയോടു ചേര്‍ന്ന് അതിഥികള്‍ക്ക് വിശ്രമിക്കാനായി ഒരുക്കിയ പുല്ലുകൊണ്ട് മേഞ്ഞ വിശാലമായ അതിഥിശാലയിലേക്ക് മുഖ്യ ആചാര്യന്‍ അവരെ കൂട്ടിക്കൊണ്ടുപോയി. വലിയ കൂണുകള്‍ മുളച്ചതുപോലെ പുല്ലുകൊണ്ട് മേഞ്ഞ ഒട്ടനവധി കുടീരങ്ങള്‍ ആശ്രമത്തിന്റെ ചുറ്റുപാടും രാമന്‍ കണ്ടു. അനേകം ശിഷ്യന്മാര്‍ക്ക് താമസിച്ച് പഠിക്കാന്‍ വേണ്ട എല്ലാ സൗകര്യവും അവിടെയുണ്ട്. ആശ്രമത്തില്‍ അതിഥികളായി ആരെങ്കിലും അവിടെ എത്താത്ത ദിവസം ഉണ്ടാകാറില്ലെന്ന് സംഭാഷണമധ്യേ ശിഷ്യന്മാര്‍ വെളിപ്പെടുത്തി.
”കുമാരന്മാര്‍ക്ക് ഇവിടെ വിശ്രമിക്കാം” ശിഷ്യന്‍ ഭവ്യതയോടെ പറഞ്ഞു. ആചാര്യന് വിശ്രമിക്കാന്‍ മറ്റൊരു സ്ഥലമാണ് ഒരുക്കിയിട്ടുള്ളത് എന്ന സൂചനയാണ് ശിഷ്യന്മാര്‍ നല്‍കിയത്.
രാത്രി തന്നോടൊപ്പം വിശ്രമിക്കുമ്പോഴാണ് മനസ്സില്‍ അന്നു രൂപംകൊണ്ട സംശയങ്ങള്‍ കുമാരന്മാര്‍ ചോദിക്കുന്നത്. അതുകൊണ്ട് തന്നോടൊപ്പം കിടക്കാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്ന് വിശ്വാമിത്രന് അറിയാം.
”എന്റെ വിശ്രമസ്ഥലത്തുതന്നെ കുമാരന്മാര്‍ക്കും ശയിക്കാവുന്നതാണ്” രാമന്റെ മനസ്സറിഞ്ഞിട്ടെന്നവിധം വിശ്വാമിത്രന്‍ അനംഗശിഷ്യന്മാരോടു പറഞ്ഞു.
”അങ്ങയുടെ യുക്തംപോലെ” ശിഷ്യന്‍ വിനീതനായി പറഞ്ഞു.
‘ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഗുരുക്കന്മാരെ മനസ്സില്‍ പ്രാര്‍ത്ഥിച്ച് ആ ദിവസം ഉണ്ടായ പ്രധാന സംഭവങ്ങളെ മനസ്സിലേയ്ക്കു കൊണ്ടുവന്ന് ഒന്നൊന്നായി വിശകലനം ചെയ്ത്, പോരായ്മകള്‍ തിരിച്ചറിഞ്ഞ്, അത് ആവര്‍ത്തിക്കില്ലെന്നു മനസ്സിനെ സാന്ത്വനിപ്പിച്ചാവണം ഉറങ്ങേണ്ടതെന്ന് വസിഷ്ഠമഹര്‍ഷി കുട്ടിക്കാലത്ത് ഉപദേശിച്ച കാര്യം എവിടെ ആയാലും രാമന്‍ കൃത്യമായും പാലിച്ചിരുന്നു. അത് രാമന്റെ വ്യക്തിവികാസത്തിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്.
വിശ്വാമിത്രന്റെ സമീപത്തുതന്നെ രാമനും ലക്ഷ്മണനും കിടന്നു. നാലുതിരിയില്‍ ജ്വലിച്ചിരുന്ന വിളക്കിന്റെ മൂന്നുതിരി താഴ്ത്തിയെങ്കിലും ഒരുതിരി വിശ്വാമിത്രന്‍ കെടുത്തിയില്ല. ജ്യേഷ്ഠന്‍ ഉറങ്ങാതെ കിടക്കുന്നത് ലക്ഷ്മണന്‍ ശ്രദ്ധിച്ചു. വിശ്വാമിത്രനും കിടക്കാതെ ഏതോ ആലോചനയിലായിരുന്നു. കണ്ണടച്ചെങ്കിലും ദീപത്തിന്റെ പ്രകാശം കണ്ണുകളെ പൊതിയുന്നതുപോലെ ലക്ഷ്മണനു തോന്നി. ദീപം എന്തുകൊണ്ടാണ് വിശ്വാമിത്രന്‍ കെടുത്താത്തതെന്ന് ലക്ഷ്മണന് മനസ്സിലായില്ല.
”പട്ടുമെത്തയില്‍ കിടന്നു ശീലിച്ച കുമാരന് ഉറക്കംവരുന്നില്ല അല്ലേ?” രാമന്‍ ഉറങ്ങാതെ കിടക്കുന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍ മുനി ചോദിച്ചു.
”പട്ടുമെത്തയില്‍ കിടക്കാത്തതുകൊണ്ടല്ല ഉറക്കം വരാത്തത്”രാമന്‍ പറഞ്ഞു.
”പിന്നെ..?”
”ചില സംശയം മനസ്സില്‍ കിടന്നാല്‍ അതേക്കുറിച്ചാലോചിച്ചും ഉറക്കം വരില്ല.”
”ഇപ്പോള്‍ ഏതു സംശയമാണ് കുമാരന്റെ ഉറക്കത്തെ ഹനിക്കുന്നത്?”
”രുദ്രനോടൊപ്പം മരുത്തന്മാര്‍ ഉണ്ടായിരുന്നു എന്ന് അങ്ങ് മുമ്പ് പറഞ്ഞുവല്ലോ, ആരാണ് ഈ മരുത്തന്മാരെന്ന് വ്യക്തമാക്കിയിരുന്നില്ല.”
”ഈ സംശയം ഇത്രനേരം മനസ്സില്‍ ഏറ്റിനടക്കുകയായിരുന്നു അല്ലേ? സംശയം മനസ്സില്‍ ഏറ്റി നടക്കരുത്. അപ്പോള്‍ത്തന്നെ സംശയനിവാരണം നടത്തണം.”
”മരുത്തന്മാര്‍ കശ്യപമഹര്‍ഷിയുടെ പുത്രന്മാരാണെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍..” രാമന്‍ സംശയഭാവത്തില്‍ പറഞ്ഞു.
”കശ്യപന്റെ ആദ്യ ഭാര്യയായ അദിതിയില്‍നിന്ന് ദേവന്മാരും രണ്ടാമത്തെ ഭാര്യയായ ദിതിയില്‍നിന്ന് ദൈത്യന്മാരും ജനിച്ചുവെന്ന് കുമാരന് അറിയാമല്ലോ?”
”അറിയാം. ദേവന്മാരുടെ കൂട്ടത്തിലെ പ്രധാനിയാണ് ഇന്ദ്രനെന്നും അറിയാം” രാമന്‍ പറഞ്ഞു.
”അതുപോലെ ദൈത്യന്മാരില്‍ പ്രധാനികളായിരുന്നു ഹിരണ്യാക്ഷനും ഹിരണ്യകശിപുവും. എന്നാല്‍ ശക്തന്മാരായ ഇവര്‍ നിരന്തരം ദുര്‍വൃത്തികളില്‍ ഏര്‍പ്പെട്ടപ്പോള്‍ ഇന്ദ്രന്റെ പ്രേരണകൊണ്ട് ഈ അസുരന്മാരെ മഹാവിഷ്ണുവിന് വധിക്കേണ്ടിവന്നു. എന്നാല്‍ വീരന്മാരായ തന്റെ മക്കളെ മഹാവിഷ്ണു വധിച്ചത് ഇന്ദ്രന്റെ പ്രേരണയാലാണെന്നു മനസ്സിലാക്കിയ മാതാവായ ദിതി, വളരെ ദുഃഖത്തോടെ കശ്യപനെ സമീപിച്ച്, ഇന്ദ്രനെ വധിക്കാന്‍ കരുത്തുള്ള ഒരു പുത്രനെ നല്‍കണമെന്ന് അപേക്ഷിച്ചു.”
”ആചാരങ്ങള്‍ തെറ്റാതെ ദീര്‍ഘമായ തപസ്സ് ചെയ്യാന്‍ തയ്യാറാണെങ്കില്‍ ഇന്ദ്രനെ വെല്ലുന്ന ഒരു പുത്രനെ ലഭിക്കുന്നതാണ്” കശ്യപന്‍ അനുഗ്രഹിച്ചു.
”ഏതു കഠിനവ്രതത്തിനും ഞാന്‍ തയ്യാറാണ്” ദിതി കശ്യപനോടു പറഞ്ഞു.
‘വീരനായ പുത്രനുണ്ടാകാന്‍ കശ്യപമഹര്‍ഷി പറഞ്ഞതെല്ലാം അനുസരിക്കും എന്ന ദൃഢനിശ്ചയത്തോടെ ദിതി കശ്യപനില്‍നിന്ന് ഗര്‍ഭദാനം സ്വീകരിച്ചു. കുഞ്ഞ് ഗര്‍ഭത്തില്‍ വളരുമ്പോള്‍ കൃത്യമായി അനുഷ്ഠിക്കേണ്ട കഠിനങ്ങളായ ദിനചര്യകള്‍ എന്തെല്ലാമെന്ന് പറഞ്ഞ് ഭംഗംവരാതെ അത് കൃത്യമായി പാലിക്കണമെന്ന് പ്രത്യേകം ഓര്‍മ്മിപ്പിച്ചശേഷം കശ്യപമഹര്‍ഷി ഉദയപര്‍വ്വതത്തിലേയ്ക്കു പോയി. അത്യന്തം ക്ലേശകരമായ ചര്യകളാണ് കശ്യപന്‍ ഉപദേശിച്ചത്.
”ആ ചര്യകള്‍ എന്തെല്ലാമായിരുന്നു ഗുരോ..?” ലക്ഷ്മണനാണ് ചോദിച്ചത്.
”ലക്ഷ്മണനും ഉറങ്ങാതെ കിടക്കുകയാണ് അല്ലേ?” രാമന്‍ അടുത്തുകിടന്ന ലക്ഷ്മണനോട് പതുക്കെ ചോദിച്ചു. ഭൂതകാലത്തെക്കുറിച്ചറിയാന്‍ തന്നെക്കാള്‍ താല്പര്യം ലക്ഷ്മണനാണെന്ന് രാമനറിയാം.
”ജേ്യഷ്ഠന്റെ സംശയം അനുജന്റേതുമാണല്ലോ. കശ്യപന്‍ ഉപദേശിച്ച ചര്യകള്‍ അതി കഠിനമായിരുന്നു. വ്രതം അവസാനിക്കുന്നതുവരെ ഒരു ജീവിയേയും ഹിംസിക്കരുത്; ആരെയും ശപിക്കരുത്; ദുഷ്ടജനങ്ങളോട് സംസാരിക്കരുത്; കള്ളം പറയരുത്; കോപിക്കരുത്; നഖവും രോമവും മുറിക്കരുത്, അമംഗലമായ ഒന്നിനേയും സ്പര്‍ശിക്കരുത്; മുങ്ങിക്കുളിക്കരുത്; മുഷിഞ്ഞ വസ്ത്രം ധരിക്കരുത്; മറ്റൊരാള്‍ ഉപയോഗിച്ച മാല ചൂടരുത്; ഉച്ഛിഷ്ടം ഭക്ഷിക്കരുത്; മാംസം ഭക്ഷിക്കരുത്; കൈവെള്ളയില്‍ വെള്ളംകുടിക്കരുത്; കുളിക്കാതെ, വൃത്തിയായ വസ്ത്രം ധരിക്കാതെ, ദേഹം മറയ്ക്കാതെ, മുടി കെട്ടാതെ സന്ധ്യയ്ക്ക് സഞ്ചരിക്കരുത്. ഉണങ്ങാത്ത വസ്ത്രം ധരിക്കരുത്. കാലുകഴുകാതെ, ശരീരത്തെ ശുദ്ധമാക്കാതെ കിടക്കരുത്. വടക്കോട്ടോ തെക്കോട്ടോ തലവച്ച് ഉറങ്ങരുത്. പ്രഭാതത്തിലും സന്ധ്യയ്ക്കും ഉറങ്ങരുത്. പ്രഭാത ഭക്ഷണത്തിനുമുമ്പ് വെളുത്ത വസ്ത്രം ധരിച്ച് ശുചിയായി, പശുക്കളെയും ലക്ഷ്മിയേയും തന്നെത്തന്നേയും ആരാധിക്കണം. ഭര്‍ത്താവുള്ള സ്ത്രീകളെ കണ്ടാല്‍ പൂവ്, ചന്ദനം, ആഭരണം എന്നിവകൊണ്ട് അവരെ അര്‍ച്ചിക്കണം. ഭര്‍ത്താവിനെ പൂജിക്കണം. ഭര്‍ത്താവ് ഗര്‍ഭത്തില്‍ കടന്നതായി കരുതി ധ്യാനിക്കണം. ഇതൊക്കെയാണ് മുടങ്ങാതെ അനുഷ്ഠിക്കാന്‍ കശ്യപന്‍ ഉപദേശിച്ച അതികഠിനമായ അനുഷ്ഠാനങ്ങള്‍” വിശ്വാമിത്രന്‍ പറഞ്ഞു.
”ഇതൊക്കെ അനുഷ്ഠിക്കാന്‍ ദിതി വല്ലാതെ പ്രയാസപ്പെട്ടിട്ടുണ്ടാവും. ഗുരോ ഈ വ്രതത്തിനല്ലേ പുംസവനം എന്നു പറയുന്നത്?” ലക്ഷ്മണന്‍ ചോദിച്ചു.
”കുമാരന്‍ പറഞ്ഞത് ശരിയാണ്. പുംസവനം എന്നു വിശേഷിപ്പിക്കുന്ന ആചാരമാണ് ദിതിയോട് ആചരിക്കാന്‍ കശ്യപന്‍ പറഞ്ഞത്.”
”ദിതിക്ക് കശ്യപന്‍ സമ്മാനിച്ച ഗര്‍ഭത്തിന് പിന്നീട് എന്താണ് സംഭവിച്ചത്?” മഹര്‍ഷി അല്പസമയം ഒന്നും പറയാതിരുന്നപ്പോള്‍ രാമന്‍ ചോദിച്ചു.
”തന്നെ ജയിക്കാന്‍ കഴിയുന്ന പുത്രനെ ദിതി ഗര്‍ഭത്തില്‍ സ്വീകരിച്ചിരിക്കുന്നു എന്നറിഞ്ഞപ്പോള്‍ എങ്ങനെയെയും ദിതിയുടെ വ്രതം മുടക്കാനുള്ള പഴുതുതേടി പരിചരിക്കാനെന്ന വ്യാജേന വേഷപ്രച്ഛന്നനായി ശുശ്രൂഷകനായിട്ടാണ് ഇന്ദ്രന്‍ ദിതിയുടെ അടുത്തെത്തിയത്. അതുവഴി ദിതിയുടെ സമീപത്തുതന്നെ കഴിഞ്ഞുകൂടാം എന്നു ചിന്തിച്ചു. പരിചാരക വേഷത്തില്‍ എത്തിയത് ഇന്ദ്രനാണെന്ന് ദിതിക്ക് മനസ്സിലായില്ല. കഠിനമായ വ്രതം ആചരിക്കുന്നതിനു സഹായിയായി ഒരാളെ ലഭിച്ചതിലുള്ള സന്തോഷത്താല്‍ ഇന്ദ്രന്റെ അപേക്ഷ ദിതി സന്തോഷത്തോടെ സ്വീകരിച്ചു.’
‘നിത്യവും ചമത കൊണ്ടുക്കൊടുത്തുകൊണ്ടും മറ്റും സഹായിക്കാന്‍ എന്ന മട്ടില്‍ ഇന്ദ്രന്‍ എപ്പോഴും ദിതിയുടെ ഒപ്പം ദിവസങ്ങള്‍ കഴിച്ചുകൂട്ടി. ഒരു ദിവസം മുങ്ങിക്കുളിച്ചശേഷം തലമുടി ഉണങ്ങിക്കഴിഞ്ഞിട്ടും മുടി കെട്ടാതെ ക്ഷീണത്താല്‍ തലമുടിത്തുമ്പുകളില്‍ അറിയാതെ കാല്‍വച്ച് കാല്‍മുട്ടുകള്‍ക്കുമീതെ തലചായ്ച്ച്, കാല്ക്കല്‍ തലയും, തലയ്ക്കല്‍ കാലുമായി ഇരുന്ന് ദിതി ഉറങ്ങിപ്പോയി.’
‘ആചാര ലംഘനം നടത്തിയ കാരണത്താല്‍ ദിതി അശുദ്ധയായെന്നു കണ്ടപ്പോള്‍ ഇതാണ് തക്കമെന്നു കണ്ട് ഇന്ദ്രന്‍ പ്രച്ഛന്നരൂപം കൈക്കൊണ്ട് ദിതിയുടെ നാസാരന്ധ്രത്തിലൂടെ വയറ്റിലേയ്ക്കു കടന്നു. ദിതിയുടെ ഗര്‍ഭത്തില്‍ ഊര്‍ദ്ധ്വന്‍മുഖനായി അരക്കെട്ടില്‍ ചേര്‍ത്ത കൈകളുമായി കിടക്കുന്ന ദിതിയുടെ പുത്രനെ ഇന്ദ്രന്‍ കണ്ടു. തന്നെ കൊല്ലാനായി ജനിക്കുന്ന ആ ബാലന്റെ പളുങ്കിനു സമാനമായ അതിശക്തമായ മാംസപേശി കണ്ട് കോപത്തോടെ ഇന്ദ്രന്‍ ആ മാംസപേശി തന്റെ ശക്തി ഉപയോഗിച്ച് ബലമായി പിടിച്ച് കുഴച്ചു. അതോടെ ആ മാംസപേശികള്‍ കട്ടിയായി, പകുതി മേല്‍പോട്ടും പകുതി കീഴ്‌പോട്ടും നീണ്ട് ശതപര്‍വ്വമായ ഒരു വജ്രായുധമായിത്തീര്‍ന്നു. ആ ആയുധംകൊണ്ട് ഇന്ദ്രന്‍ ദിതിയുടെ ഗര്‍ഭത്തെ ഏഴായ് നുറുക്കി. അപ്പോള്‍ അസഹ്യമായ വേദനയാല്‍ കുട്ടി ഉറക്കെ കരഞ്ഞു.’
‘കുഞ്ഞ് കരഞ്ഞപ്പോള്‍ മാരുത(കരയരുത്) എന്നു പറഞ്ഞുകൊണ്ട് ഓരോരു തുണ്ടത്തേയും ഇന്ദ്രന്‍ വീണ്ടും ഏഴേഴു കഷണങ്ങളായി മുറിച്ചു. ഇന്ദ്രന്‍ മാരുത എന്നു പറഞ്ഞതിനാല്‍ ആ നാല്‍പ്പത്തൊന്‍പത് മാംസക്കഷ്ണങ്ങള്‍ നാല്‍പത്തിയൊന്‍പത് മാരുതന്മാരായി.
കണ്ണുതുറന്നപ്പോള്‍ ഇന്ദ്രന്റെ ചതി ദിതിക്ക് മനസ്സിലായി. കൊല്ലരുത്, കൊല്ലരുത് എന്ന് ദിതി ഇന്ദ്രനോട് പറഞ്ഞുകൊണ്ടിരുന്നു. ആയുധപാണിയായ ഇന്ദ്രന്‍ മാതൃവാക്യത്തെ മാനിച്ച് വയറ്റില്‍നിന്ന് പുറത്തു ചാടി.’
”ദേവീ ഞാന്‍ ചെയ്ത കൃത്യം പാപമാണ്. എങ്കിലും അതില്‍ എനിക്ക് പാപം തോന്നുന്നില്ല. ഭവതിയുടെ ഗര്‍ഭത്തില്‍ വളരുന്ന പുത്രന്‍ എന്റെ ശത്രുവായിട്ടാണ് ജനിക്കുന്നതെന്ന് എനിക്കറിയാം. അതുകൊണ്ടാണ് ഞാന്‍ ഈ കൃത്യം ചെയ്തത്. ഭവതി എനിക്ക് അമ്മയാണ്. അമ്മ എനിക്കു മാപ്പുതരണം. എന്നെ ശപിക്കരുത്. അമ്മയുടെ ഒരു പുത്രന്‍ ഇപ്പോള്‍ നാല്‍പത്തിയൊന്‍പതു പുത്രന്മാരായി പരിണമിച്ചിരിക്കുന്നു. അവര്‍ ജനിച്ചു കഴിഞ്ഞാല്‍ ദേവന്മാരായിത്തന്നെ എന്നോടൊപ്പം എന്റെ പ്രിയപ്പെട്ടവരായി അവരെ ഞാന്‍ സ്വീകരിക്കുന്നതാണ്” ദിതി ശപിക്കുമെന്ന ഭീതിയോടെ ഇന്ദ്രന്‍ പറഞ്ഞു.
‘തന്റെ വ്രതം മുടങ്ങിയതിന് താന്‍ തന്നെയാണ് ഉത്തരവാദി എന്ന് ദിതി സ്വയം സമാധാനിച്ചതുകൊണ്ട് ഇന്ദ്രനെ ശപിച്ചില്ല.’
”എന്റെ കുറ്റംകൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്. നീ ചെയ്ത കുറ്റത്തിന് നിന്നെ ശപിച്ചിട്ട് ഇനി കാര്യമില്ല. എന്നാല്‍ എനിക്ക് നിന്നോട് ഒരുകാര്യം ഉണര്‍ത്തിക്കാനുണ്ട്. അതു എനിക്കുവേണ്ടി നീ ചെയ്യണം. എന്റെ മക്കള്‍ വാനവാഹകരും ദിവ്യരൂപരുമായി വാനില്‍ ചരിക്കുവാന്‍ നീ അവരെ അനുഗ്രഹിക്കണം” ദിതി ഇന്ദ്രനോടു അപേക്ഷിച്ചു.
”എല്ലാം അമ്മയുടെ ആഗ്രഹംപോലെ സംഭവിക്കും” ഇന്ദ്രന്‍ തൊഴുകയ്യോടെ ദിതിയുടെ അപേക്ഷ സ്വീകരിച്ചു.
‘ദിതിയുടെ പുത്രന്മാരായ ഈ ദേവതാസമൂഹം പിന്നീട് ഇന്ദ്രന്റെ ഇഷ്ടന്മാരായിത്തീര്‍ന്നു. സ്വന്തം ഗോത്രത്തിലുള്ള ബാലനെ നശിപ്പിച്ചതുകൊണ്ട് ഇന്ദ്രന് ഗോത്രജിത്ത് എന്ന പേരും ലഭിച്ചു. ദിതി തനിക്കു പറ്റിയ തെറ്റില്‍ തപിച്ചുകൊണ്ട് മരുത്ഗണത്തെ ഇന്ദ്രനോടൊപ്പം പറഞ്ഞയച്ചു. മിന്നലും ഇടിയും ഇവരുടെ ആയുധങ്ങളാണ്” വിശ്വാമിത്രന്‍ പറഞ്ഞു.
”മാരുതന്മാര്‍ എന്നറിയപ്പെടുന്നതും സപ്ത മരുത്തുക്കളല്ലേ?”രാമന്‍ ചോദിച്ചു.
”അതെ, ആവഹന്‍, സംവഹന്‍, പ്രവഹന്‍, ഉദ്വഹന്‍, വിവഹന്‍, പരിവഹന്‍, പരാവഹന്‍ ഇവരാണ് സപ്തമരുത്തുക്കള്‍” വിശ്വാമിത്രന്‍ പറഞ്ഞു.
”പൂരുവംശത്തില്‍ മരുത്തന്‍ എന്ന പേരുള്ള ഒരു രാജാവിനെക്കുറിച്ച് രാജഗുരുവില്‍നിന്ന് ചിലതൊക്കെ കേട്ടിട്ടുണ്ട്. പരമശിവന്‍ മരുത്തന് ഹിമാലയത്തിന്റെ സ്വര്‍ണ്ണമയമായ ഒരു ശിഖരം ദാനം ചെയ്തിട്ടുണ്ടെന്നും കേട്ടിട്ടുണ്ട്. ആ മരുത്തനുമായി ഇവര്‍ക്ക് എന്തെങ്കിലും ബന്ധം…?” ലക്ഷ്മണന്‍ സംശയത്തോടെ ചോദിച്ചു.
”കുമാരാ, അത് രാജാവായ മറ്റൊരു മരുത്തനാണ്. ശിവന്റെ പ്രീതി നേടിയ ആ മരുത്തന്‍ സമ്പത്തില്‍ കുബേരനു തുല്യനായിരുന്നു” വിശ്വാമിത്രന്‍ പറഞ്ഞു.
”ഗുരോ കുബേരനു തുല്യനായ ആ മരുത്തന്റെ കഥകൂടി കേള്‍ക്കാന്‍ മോഹമുണ്ട്” ലക്ഷ്മണന്‍ പറഞ്ഞു.
”ആ മരുത്തന്റെ കഥ വളരെ രസകരമാണ്. രാജാവായ ഉടനെ ഒരു യാഗം നടത്താന്‍ മരുത്തന്‍ ആഗ്രഹിച്ചു. എന്നാല്‍ അതിനുള്ള സമ്പത്ത് അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നില്ല. ധനത്തിനുള്ള വഴി പലരോടും തേടി. എവിടെനിന്നും ഒരു വഴിയും ലഭിച്ചില്ല. മാത്രമല്ല യാഗം നടത്തിയാല്‍ അത് ഇന്ദ്രന്‍ മുടക്കുമെന്നും ഗുരുക്കന്മാര്‍ ഉപദേശിച്ചു. എന്നിട്ടും തന്റെ ആഗ്രഹത്തില്‍നിന്ന് പിന്മാറാതെ യാഗത്തിനുള്ള വഴിതേടി നാരദമഹര്‍ഷിയെ സമീപിച്ചു.’
‘ദേവഗുരു ബൃഹസ്പതിയുടെ അനുജനായ സംവര്‍ത്തകന്‍ വനത്തില്‍ തപസ്സുചെയ്യുന്നുണ്ടെന്നും അദ്ദേഹത്തെ സമീപിച്ചാല്‍ ധനം ലഭിക്കാനുള്ള വഴി അദ്ദേഹം ഉപദേശിച്ചുതരുമെന്നും നാരദമഹര്‍ഷി മരുത്തനോട് പറഞ്ഞു.’
‘നാരദമഹര്‍ഷിയുടെ ഉപദേശം സ്വീകരിച്ച മരുത്തന്‍ തപസ്സുചെയ്യുന്ന സംവര്‍ത്തകനെ കാണാന്‍ കാട്ടിലെത്തി. മരുത്തനെ കണ്ടപ്പോള്‍ത്തന്നെ വരവിന്റെ ഉദ്ദേശ്യം സംവര്‍ത്തകന് മനസ്സിലായി.’
”മരുത്താ, നിന്റെ ആഗ്രഹം സഫലമാകാന്‍ നീ ശിവനെ നിഷ്ഠയോടെ ഭജിച്ച് അഭയം തേടുക. ശിവന്റെ അനുഗ്രഹം ഉണ്ടായാല്‍ യാഗം നടത്താന്‍ ആവശ്യമുള്ളിടത്തോളം ധനം നിനക്ക് ലഭിക്കുന്നതാണ്’ സംവര്‍ത്തകന്‍ ഉപദേശിച്ചു.
‘ഉപദേശം സ്വീകരിച്ച് മരുത്തന്‍ കൈലാസത്തിലെത്തി ശിവനെ ഭജിക്കാന്‍ തുടങ്ങി. സംപ്രീതനായ പരമശിവന്‍ ഹിമാലയത്തിന്റെ സ്വര്‍ണ്ണമയമായ ഒരു ശിഖരം മരുത്തന് സമ്മാനിച്ചു. ധനവുമായി കൊട്ടാരത്തിലെത്തിയ മരുത്തന്‍, സംവര്‍ത്തകനെ ഋത്വിക്കായി സ്വീകരിച്ചുകൊണ്ട് യാഗം നടത്തി.
ശിവന്‍ സ്വര്‍ണ്ണശിഖരം മരുത്തന് നല്‍കി എന്നറഞ്ഞപ്പോള്‍ അസ്വസ്ഥരായ ഇന്ദ്രാദി ദേവന്മാര്‍ പലവിധത്തില്‍ യാഗം മുടക്കാനുള്ള ശ്രമം ആരംഭിച്ചു. എന്നാല്‍ ദേവന്മാരെ എതിര്‍ക്കാതെ അവരെ പ്രീതിപ്പെടുത്തിക്കൊണ്ട് മരുത്തന്‍ യാഗം നടത്തി. അതിനാല്‍ ദേവന്മാര്‍ക്ക് യാഗം മുടക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ദേവന്മാര്‍പോലും യാഗവേദിയില്‍ സന്നിഹിതരായി.’
‘മരുത്തന്‍ കണക്കറ്റ് ധനം നേടി എന്നറിഞ്ഞ രാവണന്‍, മരുത്തനെ യുദ്ധത്തില്‍ പരാജയപ്പെടുത്തി ധനം കൈക്കലാക്കാന്‍ തീരുമാനിച്ചു. യാഗം നടന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ പുഷ്പകവിമാനത്തില്‍ അനുചരന്മാരുമായി രാവണന്‍ യാഗഭൂമിയിലെത്തി.’
‘യുദ്ധസന്നദ്ധനായ രാവണനെക്കണ്ട ദേവകള്‍ പെട്ടെന്ന് രൂപംമാറി യാഗസ്ഥലത്തു നിലകൊണ്ടു. ഇന്ദ്രന്‍ മയിലായും, യമന്‍ കാകനായും, കുബേരന്‍ ഓന്തായും, വരുണന്‍ ഹംസമായും, മറ്റുദേവകളെല്ലാം ഓരോരോ പക്ഷികളും മൃഗങ്ങളുമായും യാഗഭൂവില്‍ പല ഭാഗത്തായി നിന്നു. ഒരു പുണ്യകര്‍മ്മം നടത്തുന്ന സന്ദര്‍ഭമായിട്ടും ദുഷ്ടനായ രാവണന്‍ മരുത്തനെ യുദ്ധത്തിനായി വെല്ലുവിളിച്ചു. യാഗവേദിയിലായതിനാല്‍ രാവണന്റെ വെല്ലുവിളി മരുത്തന്‍ അവഗണിച്ചു.’
”അല്ലയോ മരുത്താ, നീ യുദ്ധം ചെയ്യാന്‍ തയ്യാറാകുന്നില്ലെങ്കില്‍ പരാജയം സമ്മതിക്കുക” രാവണന്‍ സന്ദര്‍ഭം നോക്കാതെ കര്‍ക്കശ ഭാവത്തില്‍ പറഞ്ഞു.
”പരാജയം സമ്മതിക്കാന്‍ അങ്ങ് ആരാണ്?” മരുത്തന്‍ കോപത്തോടെ ചോദിച്ചു. യുദ്ധത്തിനൊരുങ്ങാതെ വാക്കുകള്‍കൊണ്ട് മരുത്തന്‍ രാവണനെ നിരന്തരം പ്രകോപിപ്പിച്ചുകൊണ്ടിരുന്നു.
”നിന്റെ അത്ഭുതനാട്യം എന്തായാലും നന്നായി. കുബേരന്റെ അനുജനായ രാവണനെ നീ അറിയില്ല, അല്ലേ? നീയല്ലാതെ ഈ മൂന്നുലോകങ്ങളിലും എന്നേ അറിയാത്ത ആരും ഉണ്ടാവില്ല. ജ്യേഷ്ഠനെ തോല്‍പ്പിച്ച് ഞാന്‍ പുഷ്പകവിമാനത്തെ സ്വന്തമാക്കിയവനാണ്” രാവണന്‍ അഹങ്കാരത്തോടെ പറഞ്ഞു.
”ജ്യേഷ്ഠനെ തോല്‍പ്പിച്ച അനുജനായ അങ്ങ് ധന്യന്‍ തന്നെ. അങ്ങേയ്ക്കു തുല്യനായി ശ്ലാഘിക്കാന്‍ യോഗ്യനായ ഒരാളും ത്രിലോകങ്ങളിലും ഉണ്ടാവില്ല” മരുത്തന്‍ പരിഹാസപൂര്‍വ്വം പറഞ്ഞു.
”ജ്യേഷ്ഠനെ ജയിച്ചു എന്ന് ദുഷ്‌കര്‍മ്മപ്രശംസയായിട്ടാണ് നീ പറഞ്ഞതെന്ന് എനിക്ക് മനസ്സിലായി. അതിന് തക്കതായ ശിക്ഷ ഉടന്‍തന്നെ നിനക്ക് നല്‍കുന്നതാണ് ” രാവണന്‍ കോപിച്ചുകൊണ്ടു പറഞ്ഞു.
”അങ്ങ് സദാചാരത്തിലൂടെ വരം വാങ്ങിയ ആളാണോ എന്ന് എനിക്ക് അറിയില്ല. അങ്ങ് പറയുന്ന കഥകളൊന്നും ഞാന്‍ കേട്ടിട്ടുമില്ല” മരുത്തന്‍ അപ്പോഴും രാവണനെ പരിഹസിച്ചുകൊണ്ട് പറഞ്ഞു.
കോപിഷ്ഠനായ രാവണന്‍, മരുത്തനെ ആയുധംകൊണ്ട് നേരിടാന്‍ തയ്യാറായപ്പോള്‍ മരുത്തനും പെട്ടെന്ന് കോപത്തോടെ യുദ്ധസന്നദ്ധനായി വില്ലെടുത്തു. ഇതു കണ്ട സംവര്‍ത്തകന്‍ മരുത്തനെ യുദ്ധത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.
”രാജാവേ, ദീക്ഷിതന്‍ യുദ്ധത്തിനു പുറപ്പെടുന്നത് എങ്ങനെയാണ്? ദീക്ഷിതന്‍ എങ്ങനെ കോപാധീനനാകും? ഞാന്‍ പറയുന്നത് അങ്ങ് അനുസരിക്കുമെങ്കില്‍ ഈ സന്ദര്‍ഭത്തില്‍ യുദ്ധത്തിന് ഒരുങ്ങരുത്. മഹേശ്വര സത്രമാണ് നാം ആരംഭിക്കുന്നത്. ഇത് പൂര്‍ണ്ണമാക്കാതെ പോയാല്‍ അങ്ങയുടെ വംശംതന്നെ അറ്റു പോകും. യുദ്ധത്തിന് തയ്യാറെടുത്തു നില്‍ക്കുന്ന ഈ രാക്ഷസന്‍ ദുര്‍ജ്ജയനാണ്” സംവര്‍ത്തകന്‍ മരുത്തനോടു പറഞ്ഞു.
സംവര്‍ത്തകന്റെ വാക്കുകള്‍ കേട്ട് മരുത്തന്‍ വില്ലു താഴെവച്ചശേഷം രാവണന്റെ വാക്കുകള്‍ അവഗണിച്ചുകൊണ്ട് യജ്ഞകാര്യങ്ങളില്‍ മുഴുകി. മരുത്തന്‍ വില്ലു താഴെ വച്ചപ്പോള്‍ രാവണന്റെ അനുചരന്മാര്‍ രാവണന്‍ വിജയിച്ചുവെന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞകൊണ്ട് യാഗവേദി അലങ്കോലപ്പെടുത്തി മഹര്‍ഷിമാരെ ഉപദ്രവിച്ചശേഷം ധനം കൈക്കലാക്കാന്‍ ശ്രമിക്കാതെ വിജയാഹ്ലാദത്തോടെ അവിടെനിന്നു പോയി. യാഗം മുടങ്ങിയതില്‍ മരുത്തന്‍ അത്യധികം ദു.ഖിതനായി. യാഗത്തിനുവേണ്ടി ശിവനില്‍നിന്ന് ലഭിച്ച ധനത്തില്‍ ബാക്കിവന്നത്, തന്റെ രാജധാനി സ്ഥിതിചെയ്യുന്ന ഹിമാലയ പ്രാന്തത്തില്‍ത്തന്നെ സൂക്ഷിച്ചു.’
ഇത്രയും പറഞ്ഞശേഷം വിളക്കിന്റെ അവസാനത്തെ തിരി വിശ്വാമിത്രന്‍ താഴ്ത്തി. കഥ പറച്ചില്‍ അവസാനിപ്പിക്കുകയാണെന്നും മഹര്‍ഷിക്ക് ഉറങ്ങാനുള്ള സമയമായെന്നും മനസ്സിലാക്കി, രാമന്‍ പിന്നീടൊന്നും ചോദിച്ചില്ല.
”നാളെ പ്രഭാതത്തില്‍ത്തന്നെ നമുക്ക് ഇവിടെനിന്ന് മടങ്ങണം” വിശ്വാമിത്രന്‍ പറഞ്ഞു.
രാവണന്റെ ദുഷ്‌കൃതങ്ങളെക്കുറിച്ച് ആലോചിച്ച് മനസ്സ് കലുഷമായതിനാല്‍ രാമന് ഉറക്കം വന്നില്ല. രാത്രിയില്‍ ഇരതേടുന്ന പക്ഷികളുടെയും ചില മൃഗങ്ങളുടെയും ശബ്ദം കാടിന്റെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് കാതുകളില്‍ വന്നലച്ചു. അധര്‍മ്മചാരിയായ രാവണനെക്കുറിച്ചോര്‍ത്ത് ചൂടുപിടിച്ച ശരീകത്തെ പുഴയില്‍നിന്ന് ഒഴുകിവരുന്ന കുളിര്‍ക്കാറ്റ് തലോടി കടന്നുപോയപ്പോള്‍ ആശ്വാസമായി. മനസ്സിനെ സ്വയം നിയന്ത്രിച്ചുകൊണ്ട് രാമന്‍ ഉറങ്ങാന്‍ ശ്രമിച്ചു.