വിശ്വാമിത്രന്‍ തന്റെ ഗുരുവായ പരുശുരാമനെക്കുറിച്ച് ആലോചിച്ചുകൊണ്ട് ധ്യാനനിരതനായി അല്പസമയം ഇരുന്നു ശേഷം കണ്ണുതുറന്ന് രാമന്റെ മുഖത്തേക്കാണ് നോക്കിയത്.
”പരശുരാമന് പതിനാലു വയസ്സുള്ളപ്പോഴാണ് സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചത്” പതിഞ്ഞ ശബ്ദത്തിലാണ് വിശ്വാമിത്രന്‍ പറയാന്‍ തുടങ്ങിയത്. ലക്ഷ്മണനും മുനി പറയുന്നത് കേള്‍ക്കാന്‍ കാതു കൂര്‍പ്പിച്ചിരുന്നു.
”ഒരിക്കല്‍ ജമദഗ്നി മഹര്‍ഷിയുടെ പത്‌നി രേണുക ജലമെടുക്കാന്‍ രേവാ നദിക്കരയില്‍ എത്തിയപ്പോള്‍ നദിയിലെ ജലം കലങ്ങി മറിഞ്ഞിരുന്നു. കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ഭാര്യമാരോടൊപ്പം ജലക്രീഡ ചെയ്യുന്നതാണ് നദി കലങ്ങാന്‍ കാരണമെന്ന് മുനിപത്‌നിക്ക് മനസ്സിലായി. അവര്‍ അല്പസമയം വെള്ളം തെളിയാന്‍ കാത്തുനിന്നശേഷം ജലമെടുത്തപ്പോഴും ശുദ്ധജലം ലഭിക്കാത്തതിനാല്‍ നദിയുടെ മുകള്‍ഭാഗത്തുനിന്ന് തെളിഞ്ഞജലം ലഭിക്കും എന്നു പ്രതീക്ഷയില്‍ അവര്‍ മുകളിലേയ്ക്ക് നടന്നു. എന്നാല്‍ അവിടെ സാല്വ രാജാവായ ചിത്രരഥന്‍ ഭാര്യമാരോടൊപ്പം ജലക്രീഡ നടത്തുന്നതാണ് കണ്ടത്. അവര്‍ പോയതിനുശേഷം ജലം എടുക്കാന്‍ അവിടേയും ഏറെനേരം കാത്തുനില്‍ക്കേണ്ടിവന്നു.’
ചമത ശേഖരിക്കാനായി കാട്ടിലേയ്ക്കു പോയ മഹര്‍ഷി ചമതയുമായി വന്നിട്ടും ജലമെടുക്കാന്‍ പോയ പത്‌നി ആശ്രമത്തില്‍ തിരിച്ചെത്തിയിരുന്നില്ല. ഭാര്യയെ പ്രതീക്ഷിച്ച് അക്ഷമനായി കാത്തിരിക്കുമ്പോഴാണ് അവര്‍ ജലവുമായി വന്നത്. വൈകാനുണ്ടായ കാരണം ചോദിച്ചപ്പോള്‍ അവര്‍ സത്യസന്ധമായി അതിനുള്ള കാരണം പറഞ്ഞു. അതു കേട്ടപ്പോള്‍ ജമദഗ്നി കോപംകൊണ്ട് വിറച്ചു. ചിത്രരഥന്‍ ഭാര്യമാരോടൊപ്പം ജലക്രീഡ നടത്തുന്നത് നോക്കി നിന്നതുകൊണ്ടാണ് വൈകിയതെന്നു തെറ്റിദ്ധരിച്ച മഹര്‍ഷി കോപിഷ്ഠനായി. പതിവ്രതയായ ഭാര്യയ്ക്കു ചേരാത്ത പ്രവൃത്തി ചെയ്തു എന്ന കാരണം പറഞ്ഞ് അമ്മയെ കൊല്ലാന്‍ മക്കളോട് ആജ്ഞാപിച്ചു.’
‘മാതൃഹത്യ നടത്താന്‍ പരശുരാമന്റെ സഹോദരന്മാര്‍ ആരുംതന്നെ കൂട്ടാക്കിയില്ല. എന്നാല്‍ ഇളയവനായ പരശുരാമന്‍ പിതാവിന്റെ ആജ്ഞ അനുസരിച്ച് മാതൃഹത്യ നടത്തി. പിതാവില്‍നിന്ന് അപ്പോള്‍ത്തന്നെ വരം വാങ്ങി മാതാവിനെ ജീവിപ്പിച്ചെങ്കിലും മാതൃഹത്യ നടത്തേണ്ടിവന്നതില്‍ ജീവിതകാലം മുഴുവന്‍ പരശുരാമന്‍ പശ്ചാത്തപിച്ചു. കുമാരാ, സ്വന്തം കഴിവില്‍ വിശ്വാസം ഉത്തമമാണ്. എന്നാല്‍ അമിതമായി വിശ്വസിക്കുന്നത് അപകടവുമാണ്” വിശ്വാമിത്രന്‍ രാമനോടു പറഞ്ഞു. കാര്‍ത്തവീര്യാര്‍ജ്ജുനന്റെ ദുരന്തത്തെക്കുറിച്ചും പരശുരാമന്റെ മാതൃഹത്യയെക്കുറിച്ചും കേട്ടിട്ടുണ്ട്. എങ്കിലും വിശ്വാമിത്രന്‍ പറഞ്ഞതു കേട്ടപ്പോള്‍ രാമന്‍ ദീര്‍ഘമായി നിശ്വസിച്ചു. മാതൃഹത്യ ചെയ്തതില്‍ പശ്ചാത്താപ വിവശനായി പരശുരാമന്‍ ഇപ്പോഴും മഹേന്ദ്രഗിരിയില്‍ വിശ്രമിക്കുകയാണെന്ന് വസിഷ്ഠന്‍ പറഞ്ഞത് രാമന്‍ ഓര്‍ത്തു.
ദേവന്മാര്‍പോലും കര്‍മ്മംകൊണ്ട് ചിലപ്പോള്‍ രാക്ഷസന്മാരാകുന്നു എന്ന് കഥ കേട്ടപ്പോള്‍ രാമനു തോന്നി. വിശ്വാമിത്രന്‍ ആരെക്കുറിച്ച് പറഞ്ഞാലും അതില്‍നിന്ന് പുതിയതായി എന്തെങ്കിലും മനസ്സിലാക്കാന്‍ ഉണ്ടാവുമെന്ന് രാമനറിയാം.
”കാര്‍ത്തവീര്യാര്‍ജ്ജനനെ കൊല്ലാന്‍ പുറപ്പെടുംമുന്‍പ് ഭഗവാന്‍ പരശുരാമന്‍, വാമനനെ പ്രാര്‍ത്ഥിച്ചപ്പോള്‍, ബല, അതിബല എന്നീ മന്ത്രങ്ങള്‍ വാമനമൂര്‍ത്തി അദ്ദേഹത്തിന് അനുഗ്രഹിച്ചു നല്‍കിയത് ഇവിടെ വച്ചാണ്. ആ മന്ത്രങ്ങള്‍ അദ്ദേഹത്തിന് ശാശ്വതമായ ആരോഗ്യം സമ്മാനിച്ചു. വിശപ്പ്, ദാഹം എന്നിവയില്‍ നിന്നും മുക്തി ലഭിച്ചു. ദിവ്യമായ ആ മന്ത്രങ്ങള്‍ പരശുരാമദേവന്‍ എനിക്കും നല്‍കിയിട്ടുണ്ട്.”
”മഹര്‍ഷേ, ബലയും അതിബലയും… ” ലക്ഷ്മണന്‍ അത്രയും പറഞ്ഞു സംശയഭാവത്തില്‍ ജ്യേഷ്ഠനെ നോക്കി.
ആ മന്ത്രങ്ങള്‍ തങ്ങള്‍ക്കുകൂടി പറഞ്ഞുതരണമെന്ന് ലക്ഷ്മണന്‍ മുനിയോട് അപേക്ഷിക്കുമോ എന്ന് ശങ്കിച്ചതിനാല്‍ അടുത്തിരുന്ന അനുജന്റെ കൈപിടിച്ച് ബലമായി അമര്‍ത്തിക്കൊണ്ട് ലക്ഷ്മണനെ പരുഷമായി നോക്കി രാമന്‍ പെട്ടെന്ന് വിഷയം മാറ്റാന്‍ ശ്രമിച്ചു.
”ലക്ഷ്മണാ, അതാ ആ മലയണ്ണാനെ നോക്കൂ, അതിന് ചിറകുള്ളതുപോലെ. ഒരു മരത്തില്‍നിന്ന് മറ്റൊരു മരത്തിലേയ്ക്ക് അത് പറക്കുകയാണോ അതോ ചാടുകയാണോ?” അകലെ മരത്തില്‍ ചാടിനടക്കുന്ന വലിയ വാലുള്ള മലയണ്ണാനെ ചൂണ്ടി രാമന്‍ പറഞ്ഞു.
ജ്യേഷ്ഠന്‍ പെട്ടെന്ന് വിഷയം മാറ്റിയതെന്തിനെന്ന് ആ കണ്ണുകളില്‍നിന്ന് ലക്ഷ്മണന്‍ വായിച്ചെടുത്തു. വിശ്വാമിത്രന്‍ പറഞ്ഞ ആ ദിവ്യമന്ത്രം ലഭിക്കണമെന്ന് ആരും ആഗ്രഹിക്കുന്നതാണ്. പക്ഷേ, വിശ്വാമിത്രനോട് അത് ചോദിച്ചു വാങ്ങുന്നത് ഉചിതമല്ലെന്ന് രാമനറിയാം. വിദ്യ ആണെങ്കിലും അപേക്ഷിച്ചു വാങ്ങുന്നതിനേക്കാള്‍, ഗുരു അറിഞ്ഞു നല്‍കുമ്പോഴാണ് ശ്രേഷ്ഠമാകുന്നതെന്ന് മനസ്സിലാക്കിയാണ് അനുജന്‍ പറയാന്‍വന്നത് രാമന്‍ തടസ്സപ്പെടുത്തിയത്.
രാമന്‍ മണല്‍ത്തിട്ടില്‍നിന്നും എഴുന്നേറ്റ് ആ സ്ഥലത്തിന്റെ പരിപാവനതയില്‍ ലയിച്ച് അത്യന്തം സന്തോഷത്തോടെ ചുറ്റുപാടും നോക്കി. അല്പം അകലെയായി ഒരുപറ്റം മാനുകള്‍ നില്‍ക്കുന്നതു കണ്ടു. വെള്ളത്തിലിറങ്ങാതെ നീണ്ട കഴുത്തുകള്‍ നീട്ടി മാനുകള്‍ വെള്ളം കുടിക്കുന്നത് കൗതുകത്തോടെ നോക്കിനിന്നു.
കാനനത്തിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് പുഴയുടെ തീരത്തുകൂടി രാമന്‍ ലക്ഷ്മണനോടൊപ്പം വെറുതെ നടന്നു. കുഞ്ഞോളങ്ങള്‍ കരയിലേയ്ക്കു കയറി കരയോടു കിന്നാരംപറഞ്ഞ് പതുക്കെ ഇറങ്ങി പ്പോകുന്നതും എന്തോ പറയാനെന്നമട്ടില്‍ വീണ്ടും കരയിലേയ്ക്കു കയറുന്നതും അവരില്‍ കൗതുകമുണര്‍ത്തി. വിശ്വാമിത്രന്റെ സമീപത്തുനിന്ന് അവര്‍ നടന്ന് അല്പം അകലേയ്ക്ക് എത്തിയിരുന്നു.
”രാമാ….. ” വിശ്വാമിത്രന്‍ രാമനെ അടുത്തേയ്ക്കു വിളിച്ചു.
എന്തെങ്കിലും അപകടം മുന്നില്‍ കണ്ടാവുമോ മുനി വിളിച്ചതെന്ന് രാമന്‍ സംശയിച്ചു. ശിഷ്യന്മാര്‍ രാത്രിയില്‍ തങ്ങാനുള്ള കുടില്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലായതിനാല്‍ അടുത്തെങ്ങും ആരേയും കണ്ടില്ല. അപ്പോള്‍ത്തന്നെ രാമനും ലക്ഷ്മണനും വേഗത്തില്‍നടന്ന് ഗുരുവിന്റെ അടുത്തെത്തി.
”അതിവിശിഷ്ടമായ ഒരു കര്‍മ്മത്തിന് അനുയോജ്യമായ മുഹൂര്‍ത്തം സംജാതമായിരിക്കുന്നു എന്ന് എന്റെ മനസ്സ് മന്ത്രിക്കുന്നു.” വിശ്വാമിത്രന്‍ പറഞ്ഞു.
രാമന്‍ ഒന്നും പറയാതെ വിശ്വാമിത്രനെ നോക്കി.
”എന്റെ ഗുരുവായ പരശുരാമനില്‍നിന്നും എനിക്കു ലഭിച്ച ബ്രഹ്മപുത്രികളായ ബലയേയും അതിബലയേയും ഇപ്പോള്‍ നിനക്കു നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവയെ സ്വീകരിക്കാന്‍ നിന്നെപ്പോലെ യോഗ്യനായി ത്രിലോകങ്ങളില്‍ ആരേയും കാണുന്നില്ല. ഈ സന്ദര്‍ഭം അതിന് എത്രയും അനുയോജ്യമാണെന്ന് കരുതുന്നു.” വിശ്വാമിത്രന്‍ രാമന്റെ ശിരസ്സില്‍ കൈവച്ച് അനുഗ്രഹിച്ചുകൊണ്ട് പറഞ്ഞു.
അപ്രതീക്ഷിതമായി അതുകേട്ടപ്പോള്‍ ലക്ഷ്മണന്‍ വിടര്‍ന്ന കണ്ണുകളോടെ ജ്യേഷ്ഠനെ നോക്കി. വാമനമൂര്‍ത്തി പരശുരാമദേവന് നല്‍കിയ ദിവ്യജ്ഞാനം വിശ്വാമിത്രനിലൂടെ ലഭിക്കാന്‍ പോകുന്നു എന്നു കേട്ടിട്ടും ജ്യേഷ്ഠന്റെ മുഖത്ത് ഒരു ഭാവവ്യത്യാസവും കണ്ടില്ല. വാമനമൂര്‍ത്തിയേയും പരശുരാമനേയും മനസ്സാ പ്രാര്‍ത്ഥിച്ചുകൊണ്ട് രാമന്‍ വിശ്വാമിത്രന്റെ പാദങ്ങളില്‍ നമസ്‌ക്കരിച്ചു. ലക്ഷ്മണനും രാമനെ അനുകരിച്ചു.
”ഈ പുണ്യഭൂമിയില്‍വച്ചു ആ വിശേഷജ്ഞാനത്തെ നിങ്ങള്‍ക്ക് നല്‍കാനുള്ള പൂജ നടത്തേണ്ടതുണ്ട്. അതിനായി നിങ്ങള്‍ ഇരുവരും എന്റെ അരികിലിരിക്കുക. ഈ സവിശേഷ സിദ്ധി ലഭിക്കുന്നതുവഴി കാനനത്തിലൂടെ സഞ്ചരിക്കേണ്ട നിങ്ങള്‍ക്ക് വിശപ്പും ദാഹവും അനുഭവപ്പെടാതെ ദീര്‍ഘസമയം കഴിയാന്‍ സാധിക്കും. ജീവിതകാലം മുഴുവന്‍ നിങ്ങളുടെ മനസ്സിനും ശരീരത്തിനും വിശേഷമായ ഗുണഗണങ്ങള്‍ ഇതിനാല്‍ ലഭിക്കും. ബലയും അതിബലയും ലഭിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ നിത്യവും അതിനെ ഉപാസിക്കേണ്ടതാണ്” വിശ്വാമിത്രന്‍ പൂജ ആരംഭിച്ചുകൊണ്ട് പറഞ്ഞു.
സര്‍വ്വജ്ഞാനത്തിനും മാതാവായ ബലയും അതിബലയും എന്താണെന്നും അതു നേടിയാലുള്ള മഹത്വങ്ങള്‍ എന്തെന്നും വസിഷ്ഠഗുരു പറഞ്ഞ് രാമന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ആ വിശിഷ്ടങ്ങളായ സിദ്ധി തനിക്ക് ലഭിക്കുമെന്ന് ഒരിക്കലും രാമന്‍ പ്രതീക്ഷിച്ചിട്ടില്ല.
”ഈ മന്ത്രത്തിന് വേറെയും പല പ്രത്യേകതകളുമുണ്ട്. അതെന്തെന്നുകൂടി പറയാം. ഈ സിദ്ധിയെ ഉപാസിക്കുന്നതുവഴി ബാഹുബലത്തില്‍ നിനക്ക് തുല്യനായി ഈ ഭൂമുഖത്തും ത്രിലോകങ്ങളിലും ആരും ഉണ്ടാവില്ല. ജ്ഞാനം, ബുദ്ധിനിശ്ചയം, പ്രത്യുത്തര സാമര്‍ത്ഥ്യം എന്നീ വിശിഷ്ടഗുണങ്ങളും സര്‍വ്വ സൗഭാഗ്യങ്ങളും ദാക്ഷിണ്യവും നിനക്ക് സ്വന്തമാക്കാം.” താന്‍ നല്‍കാന്‍ പോകുന്ന വിശിഷ്ടമന്ത്രത്തിന്റെ സവിശേഷതകള്‍ എന്തെല്ലാമെന്ന് അത് സ്വീകരിക്കുന്നവര്‍ അറിഞ്ഞിരിക്കണം എന്ന മട്ടില്‍ മുനി പറഞ്ഞു.
രാമനും ലക്ഷ്മണനും മുനിയുടെ മുന്നില്‍ നിലത്ത് ചമ്രംപണിഞ്ഞിരുന്നു. പരശുരാമന്‍ നല്‍കിയ സവിശേഷവിദ്യ പകര്‍ന്നു നല്‍കാനുള്ള ഒരുക്കത്തില്‍ വിശ്വാമിത്രന്‍ ധ്യാനനിരതനായി. ആ വിശിഷ്ട മന്ത്രത്തെ മഹാമുനി തന്നിലേയ്ക്ക് ആവാഹിക്കുകയാണെന്ന് രാമന് മനസ്സിലായി. പ്രാര്‍ത്ഥനാപൂര്‍വ്വം അവര്‍ കണ്ണുകളടച്ചിരുന്നു.
”അല്ലയോ കുമാരന്മാരേ, ഈ വിദ്യ സ്വീകരിക്കുന്നതോടെ വിശപ്പോ, ദാഹമോ, തളര്‍ച്ചയോ, താപമോ, രൂപഭേദമോ ഒന്നുംതന്നെ നിങ്ങളെ ബാധിക്കുന്നതല്ല. നിങ്ങളിലേയ്ക്ക് സര്‍വ്വ സദ്ഗുണങ്ങളും വന്നുചേരും. നിങ്ങള്‍ ഉറങ്ങുമ്പോഴോ, നിങ്ങളുടെ ശ്രദ്ധ തെറ്റുമ്പോഴോ നിങ്ങളെ ആക്രമിക്കാന്‍ മുതിരുന്നവര്‍ക്കുപോലും അതിനു കഴിയില്ല. ഈ വിദ്യ നേടുന്നതുവഴി നിങ്ങളുടെ കീര്‍ത്തി ലോകത്തിലാകെ പരക്കും. കഠിന പ്രയത്‌നംകൊണ്ട് ഗുരുവില്‍നിന്നു ഞാന്‍ നേടിയ ഈ സിദ്ധി നിങ്ങള്‍ക്ക് നല്‍കുന്നതില്‍ എനിക്ക് അത്യധികമായ ആനന്ദമുണ്ട്. എന്നില്‍ നിന്ന് നേടുന്ന ഈ സിദ്ധി നിങ്ങളിലെത്തുമ്പോള്‍ വേറിട്ട പല രൂപവും അതു കൈക്കൊള്ളും.” വിശാമിത്രന്‍ മന്ത്രത്തിന്റെ സവിശേഷകള്‍ ആവര്‍ത്തിച്ചു പറഞ്ഞു.
ജ്യേഷ്ഠന് മാത്രമാണ് വിശേഷവിദ്യ നല്‍കുന്നത് എന്നാണ് ലക്ഷ്മണന്‍ കരുതിയത്. മുനിയുടെ വാക്കുകളില്‍നിന്ന് അത് തനിക്കുകൂടി ലഭിക്കുമെന്ന് വ്യക്തമായപ്പോള്‍ ലക്ഷ്മണന്റെ ഹൃദയം ആഹ്ലാദംകൊണ്ടു നിറഞ്ഞു.
പരശുരാമനില്‍നിന്നു ലഭിച്ച മഹത്തായ സിദ്ധികള്‍ മന്ത്രരൂപത്തില്‍ രാമനും ലക്ഷ്മണനും വിശ്വാമിത്രന്‍ പകര്‍ന്നു നല്‍കിയപ്പോള്‍ അത്യധികമായ ഭക്തിയോടെ രാമനും ലക്ഷ്മണനും സിദ്ധികള്‍ ഏറ്റുവാങ്ങി. ഉത്തമമായ വിദ്യ ഉത്തമമായ പാത്രത്തില്‍ത്തന്നെ പകര്‍ന്നതിന്റെ സന്തോഷം മുനിയുടെ മുഖത്തും പ്രകടമായി. ദിവ്യമന്ത്രങ്ങള്‍ സ്വീകരിച്ചതോടെ രാമനും ലക്ഷ്മണനും അതീന്ദ്രിയമായ ആനന്ദത്തില്‍ മുഴുകി. ശരത്കാലത്തെ സൂര്യനെപ്പോലെ അവര്‍ അപ്പോള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരായി. വിശേഷപ്പെട്ട ഏത് ആയുധങ്ങള്‍ പ്രയോഗിക്കണമെങ്കിലും ശരീരവും മനസ്സും ഒരുപോലെ ശക്തമാവേണ്ടതുണ്ടെന്ന് രാമന് മനസ്സിലായി. വിശേഷവിദ്യ ലഭിച്ച നിര്‍വൃതിയില്‍ അത്യധികമായ ആനന്ദത്തോടെ രാമനും ലക്ഷ്മണനും ഗുരുവിനെ സാഷ്ടാംഗം പ്രണമിച്ചു.
സൂര്യദേവന്‍ അസ്തമയ കിരണങ്ങളാല്‍ ആ കാഴ്ച കണ്ട് നിര്‍വൃതികൊണ്ടു. നദിക്കരയില്‍നിന്ന് അകലേയ്ക്കു നോക്കിയപ്പോള്‍ മഹാവൃക്ഷങ്ങളുടെ ശിഖരങ്ങളില്‍ പതുക്കെ തലോടി, സൂര്യകിരണങ്ങള്‍ മറയുന്നത് അവര്‍ ആനന്ദത്തോടെ നോക്കിനിന്നു. തങ്ങളുടെ കൂടുകള്‍ ലക്ഷ്യമാക്കി പറന്നുപോകുന്ന പക്ഷിക്കൂട്ടങ്ങളെയും അവര്‍ ആകാശപ്പരപ്പില്‍ കണ്ടു. അന്നുണ്ടായ അനുഭവങ്ങള്‍ പരസ്പരം പങ്കുവച്ചുകൊണ്ട് കൂടണയാന്‍ പറന്നുപോകുന്ന പക്ഷിക്കൂട്ടത്തെ രാമന്‍ ഇമവെട്ടാതെ നോക്കിനിന്നു. ആദ്യസംഘം കടന്നുപോയപ്പോഴേയ്ക്കും മറ്റൊരു സംഘം അതേ ദിശയിലൂടെ പറന്നുവരുണ്ട്.
അവയുടെ ഭാഷ മനസ്സിലായില്ലെങ്കിലും അവര്‍ പറയുന്നത് എന്തായിരിക്കുമെന്ന് രാമന്‍ ഊഹിച്ചു. നദിയെ തലോടി കടന്നുവന്ന ഇളംകാറ്റ്, അവരെയും തലോടി മെല്ലെ കടന്നുപോയി. വിശ്വാമിത്രന്‍ നദീതീരത്തെ മണല്‍ത്തിട്ടയില്‍നിന്നും കുറച്ചുകൂടി മുകള്‍ഭാഗത്തുള്ള കരയിലേയ്ക്കു നടന്ന് പച്ചപ്പുല്ലിനാല്‍ പ്രകൃതി ഒരുക്കിയ മെത്തയില്‍ ഉപവിഷ്ടനായി. അപ്പോള്‍ അതുവരെ അവര്‍ കണ്ടിട്ടില്ലാത്ത ചില ശിഷ്യന്മാര്‍ മുനിയുടെ അടുത്തേയ്ക്കു വന്നു എന്തോ സംസാരിച്ചു. രാത്രിയില്‍ നദിക്കരയില്‍ തങ്ങാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു കഴിഞ്ഞിട്ടാണ് അവര്‍ വന്നതെന്ന് രാമന്‍ ഊഹിച്ചു.
എല്ലാവരും സന്ധ്യാവന്ദനത്തിനുള്ള ശ്രമങ്ങളില്‍ മുഴുകി. ജീവിതത്തിലെ മറക്കാനാവാത്ത ആ സുദിനസന്ധ്യയില്‍ പതിവിലേറെ സമയം സന്ധ്യാവന്ദനം നടത്തിയാണ് രാമനും ലക്ഷ്മണനും മുനിയുടെ അടുത്തെത്തിയത്. സൂര്യപ്രകാശമേറ്റ് തിളങ്ങുന്ന വെണ്‍മേഘങ്ങളെപ്പോലെ രാമനും ലക്ഷ്മണനും ശോഭിച്ചു. പുതിയ ജ്ഞാനപ്രകാശം അവരെ കൂടുതല്‍ കരുത്തരാക്കി മാറ്റിയിരിക്കുന്നു.
സന്ധ്യാവന്ദനത്തിനുശേഷം കാനനത്തിന്റെ സവിശേഷതകള്‍ ഒന്നൊന്നായി അവര്‍ സംസാരിച്ചിരിക്കുമ്പോള്‍ ഗുരുവിനും കുമാരന്മാര്‍ക്കും കഴിക്കാനുള്ള ഫലങ്ങള്‍ ശിഷ്യന്മാര്‍ എത്തിച്ചു.
”ഇത് ആശ്രമത്തില്‍ കൃഷിചെയ്തവയല്ല. ഇതാ കഴിച്ചു നോക്കൂ” ശിഷ്യന്മാര്‍ കൊണ്ടുവന്ന പഴങ്ങള്‍ കുമാരന്മാരുടെ അടുത്തേയ്ക്ക് വിശ്വാമിത്രന്‍ നീക്കിവച്ചു.
ഇതുവരെയും കഴിച്ചിട്ടില്ലാത്ത പഴങ്ങള്‍ കണ്ടപ്പോള്‍ ലക്ഷ്മണന്‍ കൗതുകത്തോടെ കയ്യിലെടുത്ത് സൂക്ഷ്മമായി പരിശോധിച്ചശേഷം രുചിയോടെ ഭക്ഷിച്ചു. നദീതീരത്തെ പുല്‍മെത്തയില്‍ ഇരുന്നുകൊണ്ട് വിശ്വാമിത്രന്‍ അപ്പോള്‍ കാട്ടില്‍ സ്വതന്ത്രമായി വിളയുന്ന വിശേഷപ്പെട്ട ഫലങ്ങളെക്കുറിച്ചാണ് സംസാരിച്ചത്.
ഗുരുവിനുവേണ്ട ശുശ്രൂഷകള്‍ ചെയ്യാനെന്നവിധം കുമാരന്മാര്‍ വിശ്വാമിത്രന്റെ അടുത്താണ് ഇരുന്നത്. ഏതു സമയത്തും അപകടമുണ്ടാവുമെന്ന് കരുതി എപ്പോഴും അമ്പും വില്ലും മറ്റ് ആയുധങ്ങളും നിലത്തുവയ്ക്കാതെ ശ്രദ്ധാപൂര്‍വ്വം അവര്‍ കയ്യില്‍ കരുതിയിരുന്നു. ഉറങ്ങാനായി കിടക്കുമ്പോള്‍ മാത്രമാണ് അവര്‍ അത് നിലത്തുവച്ചത്.
ഉറങ്ങേണ്ട സമയം ആയപ്പോള്‍ വിശ്വാമിത്രന്‍ എഴുന്നേറ്റു ശിഷ്യന്മാര്‍ ഒരുക്കിയ കുടിലിലേയ്ക്ക് നടന്നു. എല്ലാവരും അദ്ദേഹത്തെ അനുഗമിച്ചു. ആചാര്യന് കിടക്കാനൊരുക്കിയ കുടിലിലാണ് കുമാരന്മാര്‍ക്കും കിടക്ക ഒരുക്കിയത്.
എല്ലാവരും ഉറങ്ങാന്‍ കിടന്നെങ്കിലും രാമനും ലക്ഷ്മണനും ഉറക്കം വന്നില്ല. അവര്‍ വിശ്വാമിത്രനോട് ഓരോ സംശയങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. മുനി പറഞ്ഞ കഥകളോടൊപ്പം നദിയില്‍നിന്ന് കുഞ്ഞോളങ്ങള്‍ പരസ്പരം കിന്നാരം ചൊല്ലുന്ന മനോഹരമായ ശബ്ദവും കേട്ടുകൊണ്ട് അവര്‍ ഗാഢനിദ്രയിലേയ്ക്കു വഴുതിവീണു.