”ഹേ, കൗസല്യാപുത്രാ, രാമാ, എഴുന്നേല്‍ക്കൂ. നേരം പ്രഭാതമായി. പ്രഭാത കൃത്യങ്ങള്‍ ചെയ്യാനുള്ള നേരമായിരിക്കുന്നു.”
വിശ്വാമിത്രന്റെ സൗമ്യമായ വാക്കുകള്‍ രാമന്റെ കാതില്‍ വന്നലച്ചു. ഉണര്‍ന്നപ്പോള്‍ തങ്ങള്‍ കിടക്കുന്നത് നദീതീരത്ത് താല്‍ക്കാലികമായി ഉണ്ടാക്കിയ പുല്‍മെത്തയില്‍ ആയിരുന്നുവെന്ന് പെട്ടെന്നു തിരിച്ചറിഞ്ഞു. കൊട്ടാരത്തിലെ പട്ടുമെത്തയില്‍ കിടന്നതിനെക്കാള്‍ ആനന്ദം അവര്‍ അനുഭവിച്ചിരുന്നു.
കിളികളുടെ കളകൂജനം ചുറ്റുപാടും മുഴങ്ങുന്നുണ്ട്. പ്രഭാതത്തിന് ഇത്ര സൗന്ദര്യമുണ്ടെന്ന് അവര്‍ ആദ്യമായി തിരിച്ചറിഞ്ഞു. ഇത്രകാലവും ആസ്വദിക്കാന്‍ കഴിയാതിരുന്ന പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ അവസരമുണ്ടാക്കിയ മുനിയെ മനസ്സാ നമിച്ചു. മരങ്ങള്‍ക്കിടയിലൂടെ സ്വര്‍ണ്ണനൂലുപോലെ കടന്നു വരുന്ന സൂര്യകിരണങ്ങളെ ഒരു ചെറിയ കുട്ടിയെപ്പോലെ ലക്ഷ്മണന്‍ കൈക്കുമ്പിളില്‍ ഒതുക്കാന്‍ ശ്രമിച്ചു. ജ്യേഷ്ഠനോടൊപ്പം കാനനത്തില്‍ കഴിയാന്‍ അവസരം ലഭിച്ചത് മഹാഭാഗ്യമായി ലക്ഷ്മണന്‍ കരുതി.
വിശ്വാമിത്രനോടൊപ്പം നദിയിലിറങ്ങി ദേഹശുദ്ധിവരുത്തിയശേഷം സൂര്യനമസ്‌കാരം ചെയ്ത്, പ്രഭാതമന്ത്രം ജപിച്ച് അവര്‍ യാത്രയ്ക്കു തയ്യാറായി നിന്നു. അപ്പോള്‍ ഒരു മാന്‍കുട്ടി അവരുടെ മുന്നിലൂടെ അതിവേഗത്തില്‍ ഓടിപ്പോയി. അതിന്റെ കഴുത്തില്‍നിന്ന് ചോര വാര്‍ന്നൊലിക്കുന്നുണ്ടായിരുന്നു. അവരെ കണ്ട് ഭയന്ന അത് വളരെ പ്രയാസപ്പെട്ട് പുഴയുടെ തീരത്തേയ്ക്ക് പോകുമ്പോള്‍ ലക്ഷ്മണന്‍ വില്ലെടുത്ത് ചുറ്റുംനോക്കി.
”ഏതെങ്കിലും കുറുനരിയുടെ വായില്‍നിന്ന് രക്ഷപ്പെട്ടതാവും..” മാന്‍ കടന്നുപോയപ്പോള്‍ വിശ്വാമിത്രന്‍ പറഞ്ഞു.
”അതിന്റെ വേഗത അതിനെ തല്‍ക്കാലം രക്ഷിച്ചു.” രാമന്‍ പറഞ്ഞു.
”ജ്യേഷ്ഠാ, നമ്മള്‍ പോയിക്കഴിഞ്ഞാല്‍ ആ മാന്‍കുട്ടി ഏതെങ്കിലും കടുവയുടെയോ സിംഹത്തിന്റെയോ വായില്‍ അകപ്പെടും. അതിനെ നമുക്ക് രക്ഷിച്ചാലോ..?” ലക്ഷ്മണന്‍ അകലേയ്ക്ക് ഓടിപ്പോയ മാന്‍ കുട്ടിയെ നോക്കിക്കൊണ്ട് പറഞ്ഞു.
”കുമാരാ, പ്രകൃതി സ്വയം സൃഷ്ടിച്ച നിയമത്തിന് വിധേയമായാണ് കാട്ടില്‍ പക്ഷികളും മൃഗങ്ങളും മറ്റു ജീവജാലങ്ങളും കഴിയുന്നത്. അതിനെതിരെ ഒരു തീര്‍പ്പുകല്‍പ്പിക്കുവാന്‍ നമുക്ക് എന്ത് അവകാശമാണ് ഉള്ളത്? ഏറ്റവും ദുര്‍ബ്ബലനായ മാനിനെ, കടുവ കൊല്ലുന്നത് അതിനോട് പക ഉള്ളതുകൊണ്ടല്ലല്ലോ, അതിന്റെ വിശപ്പ് ശമിപ്പിക്കാനല്ലേ.’ പ്രകൃതിയുടെ സമതുലിതാവസ്ഥ നിലനിര്‍ത്താന്‍ അത് ആവശ്യമാണ്. മാനുകളുടെ എണ്ണം ക്രമാതീതമായി പെരുകിയാല്‍ കാട്ടിലെ പച്ചപ്പ് മുഴുവന്‍ ഇല്ലാതാവും. കാട് നശിക്കാനും അത് കാരണമാവും. ശക്തന്മാര്‍ മാത്രമേ കാട്ടില്‍ ജയിക്കൂ. അതാണ് കാടിനും നല്ലത്. സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ പ്രകൃതിക്ക് അതിന്റേതായ നിയമമുണ്ട്.” വിശ്വാമിത്രന്‍ പറഞ്ഞു.
”മാനവകുലത്തിലും ഇതുതന്നെയല്ലേ ഗുരോ നടക്കുന്നത്. അതിനെ എങ്ങനെ നീതീകരിക്കാനാവും” രാമന്‍ ചോദിച്ചു.
”ശരിയാണ്. മാനവകുലത്തിന്റെ കാര്യത്തിലും ചില സ്വാഭാവിക രീതികളില്‍ ഭരണകൂടം ഇടപെടുന്നത് ഉചിതമല്ല. ദുര്‍ബ്ബലര്‍ക്ക് സംരക്ഷണത്തിനുള്ള സംവിധാനവും അവര്‍ക്ക് നിലനില്‍ക്കാനുള്ള സാധ്യതകളും സൃഷ്ടിക്കേണ്ടതാണ്. എന്നാല്‍ എല്ലാ ദുര്‍ബ്ബലരുടെയും സ്വപ്‌നങ്ങളെ എല്ലാകാലത്തും സാക്ഷാത്ക്കരിക്കാന്‍ ഭരണകൂടത്തിന് കഴിയില്ല. തങ്ങള്‍ക്കുകിട്ടിയ സംരക്ഷണവും സഹായവും ഫലപ്രദമായി ഉപയോഗിച്ച് അവര്‍ ശക്തിപ്രാപിക്കണം. അങ്ങനെ സമൂഹത്തെ അതിന്റേതായ മാര്‍ഗ്ഗം കണ്ടെത്താന്‍ ഭരണകൂടം അനുവദിക്കണം. ഭരണകൂടത്തിന്റെ സഹായമില്ലാതെ തങ്ങളുടെ കഴിവുകൊണ്ടുമാത്രം ശക്തിപ്രാപിച്ചവരെ, ഭരണകൂടത്തിന്റെ സഹായത്തോടെ ശക്തിപ്രാപിച്ച ദുര്‍ബ്ബലര്‍, അടിച്ചമര്‍ത്തുന്നത് ഉചിതമാണോ? ” വിശ്വാമിത്രന്‍ ചോദിച്ചു. ”വ്യക്തികള്‍ക്ക് ചെയ്യാന്‍ കഴിയാത്തതും എന്നാല്‍ ഒഴിച്ചുകൂടാന്‍ പാടില്ലാത്തതുമായ പല കാര്യങ്ങളും ഭരണകൂടമല്ലേ ചെയ്യേണ്ടത്?” രാമന്‍ തന്റെ സംശയം വെളിപ്പെടുത്തി.
”ശരിയാണ്. എന്നാല്‍ ഭരണകൂടം എപ്പോഴും ദുര്‍ബ്ബലര്‍ക്കുവേണ്ടിമാത്രം നിലകൊണ്ടാല്‍ ആ സമൂഹം തകരാറിലാകുവാന്‍ അധികസമയം വേണ്ടിവരില്ല. രാജ്യത്തെ സംരക്ഷിക്കാനും മികച്ച ഭരണം നടത്താനും ഗവേഷണ പരീക്ഷണങ്ങളിലൂടെ രാജ്യത്തെ ഉയര്‍ത്താനും ഉയര്‍ന്ന കഴിവ് അനിവാര്യമാണ്. യോഗ്യത മാത്രം മാനദണ്ഡമാക്കി തെരഞ്ഞെടുക്കുന്നവരോടൊപ്പം ദുര്‍ബ്ബല വിഭാഗക്കാരെക്കൂടി ഉള്‍പ്പെടുത്തി ഭരണത്തില്‍ അവരുടെ പങ്കാളിത്തവും ഉറപ്പുവരുത്തണം.”വിശ്വാമിത്രന്‍ പറഞ്ഞു.
”മനുഷ്യരെയും മൃഗങ്ങളെയും തമ്മില്‍ വേര്‍തിരിക്കുന്ന പ്രധാന കാര്യം, മനുഷ്യര്‍ ദുര്‍ബ്ബലരെ കൊല്ലുന്നില്ല എന്നതു മാത്രമാണോ..?” രാമന്റെ ചോദ്യം ദൃഢമായിരുന്നു.
”അതു മാത്രമല്ല. സമൂഹത്തില്‍ നിരന്തരം കലഹമുണ്ടാവാന്‍ അസമത്വമാണ് കാരണം. പൗരന്മാരില്‍ കഴിവുള്ളവരുടെ പ്രവര്‍ത്തനത്തിലും ആശയങ്ങളിലുമാണ് സമൂഹത്തിന്റെ വളര്‍ച്ച എന്ന കാര്യം ഒരു സമൂഹവും ഭരണകൂടവും മറക്കാന്‍ പാടില്ല. ദുര്‍ബ്ബലരുടെ താല്‍പര്യങ്ങള്‍ക്ക് മാത്രം ഭരണകൂടം ഊന്നല്‍ നല്‍കുകയും മറ്റു ജനവിഭാഗങ്ങളുടെ താല്‍പര്യങ്ങളെ അവഗണിക്കുകയും ചെയ്താല്‍ ആ സമൂഹം സ്വന്തം രാജ്യം ഉപേക്ഷിച്ച് തങ്ങളുടെ കഴിവുകളെ അംഗീകരിക്കുന്ന രാജ്യത്തിന് തങ്ങളുടെ കഴിവുകളെ പണയപ്പെടുത്തും. അത് രാജ്യത്തിന്റെ ഉയര്‍ച്ചയെ സാരമായി ബാധിക്കും. നമുക്ക് ഈ സംവാദം തല്‍ക്കാലം അവസാനിപ്പിക്കാം.”
വിശ്വാമിത്രന്‍ സംവാദം പെട്ടെന്ന് അവസാനിപ്പിച്ചു. രാമന്റെ മനസ്സില്‍ പല സംശയങ്ങളും ഉദിച്ചുയര്‍ന്നു. സന്ദര്‍ഭം ലഭിക്കുമ്പോള്‍ അതേക്കുറിച്ച് ചോദിക്കാമെന്നു കരുതി മൗനം പാലിച്ചു. സിദ്ധാശ്രമത്തിലെത്താന്‍ കുറെ ദിവസത്തെ യാത്ര വേണ്ടിവരും. യാത്രാമദ്ധ്യേ തന്റെ സംശയം മുനിയുമായി പങ്കുവയ്ക്കണമെന്ന് രാമന്‍ മനസ്സിലുറച്ചു.
കാനനത്തിന്റെ സവിശേഷതകളും കടന്നുപോകുന്ന ദേശത്തിന്റെ പൗരാണിക ഇതിവൃത്തങ്ങളും സന്ദര്‍ഭാനുസരണം വിശദമായി പറഞ്ഞുകൊണ്ട് യാത്ര തുടര്‍ന്നു. പതിവുപോലെ മുന്നില്‍ നടക്കുന്ന നാലഞ്ചു ശിഷ്യന്മാരുടെ പിന്നിലായാണ് വിശ്വാമിത്രനും രാമനും ലക്ഷ്മണനും നടന്നത്. ചില ശിഷ്യന്മാര്‍ കായ്കനികള്‍ ശേഖരിക്കാനും ഇടയ്ക്ക് ശ്രമിക്കുന്നത് രാമന്‍ ശ്രദ്ധിച്ചു.
നദീതീരത്തുകൂടിയും കാട്ടിനുള്ളില്‍കൂടിയും, മൗനമായി സഞ്ചരിക്കുമ്പോള്‍ ആര്‍ക്കും, തെല്ലും ക്ഷീണം അനുഭവപ്പെട്ടില്ല. സൂര്യന്‍പോലും ചന്ദ്രനെപ്പോലെയാണ് എന്നു തോന്നുംവിധം ചൂട് തീരെ അനുഭവപ്പെട്ടില്ല. നാനാവിധമുള്ള പക്ഷികളെയും മൃഗങ്ങളെയും കണ്ടുകൊണ്ടും അവയുടെ ശബ്ദം കേട്ടുകൊണ്ടും സരയൂനദി ഗംഗയില്‍ ചേരുന്ന ദിക്കിലേയ്ക്ക് സന്തോഷത്തോടെ അവര്‍ യാത്ര തുടര്‍ന്നു.
സരയൂ, ഗംഗാ, സംഗമസ്ഥാനത്ത് എത്തുന്നതിനുമുമ്പ് അല്പം അകലെ ഒരു ആശ്രമം ഉള്ളതിന്റെ ലക്ഷണങ്ങള്‍ രാമന്റെ കണ്ണില്‍പെട്ടു. സംരക്ഷിച്ചു വളര്‍ത്തിയ വന്‍മരങ്ങള്‍ കോട്ടപോലെ ഉയര്‍ന്നുനില്‍ക്കുന്നതു കണ്ടപ്പോള്‍ അനേകം ശിഷ്യന്മാരുള്ള ഒരു ആശ്രമമാണെന്ന് ഊഹിച്ചു. മുന്നില്‍ നടക്കുന്ന ശിഷ്യന്മാര്‍ ആ ആശ്രമം ലക്ഷ്യമാക്കിയാണ് നടക്കുന്നതെന്ന് കുറച്ചുദൂരം നടന്നപ്പോള്‍ വ്യക്തമായി.
”മഹര്‍ഷേ, അങ്ങകലെ ഒരു ആശ്രമമല്ലേ കാണുന്നത്?” രാമന്‍ ചോദിച്ചു.
”കുമാരന്റെ ഊഹം ശരിയാണ്.”
”അത് ആരുടെ ആശ്രമമാണ്ഗുരോ?” ലക്ഷ്മണനാണ് ചോദിച്ചത്.
”കുമാരാ, വര്‍ഷങ്ങളായി തപസ്സനുഷ്ഠിക്കുന്ന മുനിശ്രേഷ്ഠന്മാരുടെ അനവധി ആശ്രമങ്ങള്‍ ഗംഗാതീരങ്ങളിലെ കാനനഭൂവില്‍ നിലകൊള്ളുന്നുണ്ട്. ആശ്രമങ്ങള്‍ മാത്രമല്ല, ഈ കാനനത്തിന്റെ താഴ്‌വാരങ്ങളില്‍ വിവിധ ഗോത്രങ്ങളിലുള്ള ആയിരക്കണക്കിന് കാനനവാസികളും വസിക്കുന്നുണ്ട്. അവര്‍ക്കെല്ലാം ഭീഷണിയായി രാക്ഷസന്മാരുമുണ്ട്. അവര്‍ തങ്ങളുടെ സുഖസൗകര്യത്തിന് വനവാസികളെ അടിമകളാക്കി മാറ്റുന്നുണ്ട്.”
”വനവാസികളെ മോചിപ്പിക്കാന്‍ എന്തുകൊണ്ട് ആശ്രമങ്ങളിലെ ആചാര്യന്മാര്‍ക്ക് കഴിയുന്നില്ല?” രാമന്റെ മനസ്സിലെ ധാര്‍മ്മികരോഷം പെട്ടെന്ന് ഉണര്‍ന്നു.
”വനവാസികള്‍ക്ക് വിജ്ഞാനം നല്‍കി കാലത്തിനനുസരിച്ച് അവരെ ശക്തരാക്കാനുള്ള ശ്രമം വേണ്ടത്ര വിജയിക്കുന്നില്ല. അവരെ ഭിന്നിപ്പിച്ച് ആചാര്യന്മാര്‍ക്കെതിരെ നിര്‍ത്താനുള്ള തന്ത്രവും രാക്ഷസര്‍ സ്വീകരിക്കുണ്ട്.”
”ഇക്കാരണം മാത്രമാണോ അവരുടെ അടിമത്തത്തിന് കാരണം?”
”അതുമാത്രമല്ല. പാരമ്പര്യമായ വിശ്വാസങ്ങളിലും ആചാരങ്ങളിലും മുഴുകി തങ്ങളുടെ ദുരന്തം തങ്ങളുടെ വിധിയാണെന്ന് വിശ്വസിച്ച് കഴിയുന്ന ജനതയെ അതില്‍നിന്ന് മോചിപ്പിക്കല്‍ അത്ര എളുപ്പമല്ല. ദുഷ്‌ക്കരമായ ആ ദൗത്യം ഏറ്റെടുക്കേണ്ട ചുമതല ആചാര്യന്മാര്‍ക്ക് മാത്രമുള്ളതല്ല, പേശീബലംകൂടി ആവശ്യപ്പെടുന്ന കര്‍മ്മമാണ് അത്” വിശ്വാമിത്രന്‍ പറഞ്ഞു.
താന്‍ ഏറ്റെടുക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമാണ് വിശ്വാമിത്രന്‍ പറഞ്ഞതെന്ന് രാമന് മനസ്സിലായി. തല ഉയര്‍ത്തി കാനനഭംഗി ആസ്വദിക്കാന്‍ കഴിയാതെ മഹര്‍ഷിയുടെ കാല്‍പാദങ്ങള്‍നോക്കി തലകുമ്പിട്ടു നടക്കുമ്പോള്‍ ഗോത്രവാസികളെക്കുറിച്ചു മാത്രമാണ് രാമന്‍ ആലോചിച്ചത്. അവര്‍ നടന്നത് സരയൂ-ഗംഗാ സംഗമസ്ഥാനത്തെ വിശാലമായ മണല്‍ത്തിട്ട ലക്ഷ്യമാക്കിയായിരുന്നു. വിശാലമായ പുല്‍പ്പരപ്പിലേയ്ക്ക് കടന്നതും വിശ്വാമിത്രന്‍ തെല്ലുനേരം നിന്നു.
”രാമാ, ആരുടെ ആശ്രമമാണ് അതെന്ന് നീ ചോദിച്ചതിന് ഞാന്‍ മറുപടി പറഞ്ഞില്ല. നമ്മള്‍ കാണുന്ന ആശ്രമത്തില്‍ ഇപ്പോള്‍ തപസ്സനുഷ്ഠിക്കുന്നത് അനംഗ മഹര്‍ഷിയുടെ ശിഷ്യന്മാരാണ്” വിശ്വാമിത്രന്‍ അകലെ കണ്ട ആശ്രമത്തെ നോക്കി പറഞ്ഞു.
അനംഗന്‍ ആരാണെന്ന് രാമന് മനസ്സിലായില്ല. അവര്‍ നടന്ന് നദീതീരത്തെത്തിയതും മുന്നേ നടന്ന ശിഷ്യന്മാര്‍ ഭാണ്ഡക്കെട്ടുകള്‍ ഇറക്കിവച്ചു. വിശ്വാമിത്രന്‍ തന്റെ ഭാണ്ഡക്കെട്ട് ഒരു ശിഷ്യനെ ഏല്‍പിച്ചശേഷം ഒന്നും പറയാതെ ഗംഗയില്‍ ഇറങ്ങാനായി തീരത്തേയ്ക്കു നടന്നു. വിശാലമായ ആ തീരദേശത്തിന്റെ സൗന്ദര്യത്തില്‍ രാമന്‍ ലയിച്ചുനിന്നു.
വിശ്വാമിത്രന്‍ ഗംഗയിലേയ്ക്കിറങ്ങി കൈക്കുമ്പിളില്‍ ജലമെടുത്ത് ഗംഗയെ വന്ദിച്ചു. ശിഷ്യന്മാരും ഗംഗയിലിറങ്ങി കൈക്കുമ്പിളില്‍ ജലമെടുത്ത് ദേഹശുദ്ധി വരുത്തി. രാമനും ലക്ഷ്മണനും നദിയിലിറങ്ങി നീന്തിക്കുളിക്കണമെന്നു തോന്നിയെങ്കിലും വിശ്വാമിത്രന്‍ ചെയ്തതുപോലെ ജലമെടുത്ത് ഗംഗയെ വന്ദിച്ച ശേഷം ശരീരശുദ്ധിക്കായി ദേഹത്ത് തളിച്ചു. രാത്രി ഈ പുഴയുടെ തീരത്താവും തങ്ങുക എന്ന് സംശയിച്ചു. എന്നാല്‍ അവിടെ തങ്ങാനുള്ള യാതൊരു ശ്രമവും ശിഷ്യന്മാര്‍ നടത്തുന്നതായി കണ്ടില്ല. ഗംഗയെ വന്ദിക്കാനാണ് അവിടെ അല്പസമയം എല്ലാവരും വിനിയോഗിച്ചത്.
”പണ്ട് മരുത്തുക്കളോടൊപ്പം പരമശിവന്‍ നിഷ്ഠയോടെ തപസ്സനുഷ്ഠിച്ചിരുന്ന സ്ഥലമാണ് ഇവിടം. അതിനാല്‍ രുദ്രദേവനെ നമിക്കാതെ ഇതു വഴി പോകാന്‍ കഴിയില്ല” ശിവനോടുള്ള ആദരവ് പ്രകടിപ്പിച്ചുകൊണ്ട് വിശ്വാമിത്രന്‍ പറഞ്ഞു.
”അനംഗമഹര്‍ഷി ആരാണെന്നു അങ്ങ് പറഞ്ഞില്ല” ലക്ഷ്മണന്‍ കഥ കേള്‍ക്കാനുള്ള താല്പര്യത്തോടെ പറഞ്ഞു.”അനംഗമഹര്‍ഷി ആരാണെന്നു പറയുന്നതിനുമുമ്പ് ഈ പ്രദേശത്തിന്റെ സവിശേഷത എന്തെന്ന് അറിയേണ്ടേ?” മഹര്‍ഷി പുഞ്ചിരിച്ചുകൊണ്ട് ലക്ഷ്മണനെ നോക്കി.
”അനംഗന്‍ എന്ന പേര് കാമദേവനില്ലേ?” രാമന്‍ സംശയം പ്രകടിപ്പിച്ചു.
”കുമാരന്‍ പറഞ്ഞത് ശരിയാണ്. ഒരിക്കല്‍ പരമശിവന്‍ മരുത്തുക്കളോടൊപ്പം ഇതുവഴിയുള്ള കാനനപാതയിലൂടെ കടന്നുപോകുന്ന സന്ദര്‍ഭത്തില്‍ ശിവനെ ദുര്‍മതിയായ കാമന്‍ കടന്നാക്രമിച്ചു. അനവസരത്തിലുള്ള കാമന്റെ പ്രവൃത്തി ശിവന് ഇഷ്ടമായില്ല. കോപത്തോടുകൂടി ശിവന്‍ കാമനെ നോക്കി. ആ നോട്ടത്തിന്റെ ശക്തിയില്‍ കാമന്റെ ശരീരത്തില്‍നിന്ന് ഓരോ അവയവങ്ങളും എരിഞ്ഞു നിലത്തുവീണു. അങ്ങനെ കാമന്‍ ശരീരംതന്നെ ഇല്ലാത്തവനായി. അന്നുമുതല്‍ കാമദേവന്‍, അനംഗന്‍ എന്നും അറിയപ്പെട്ടു” വിശ്വാമിത്രന്‍ പറഞ്ഞു.
ശിഷ്യന്മാര്‍ ഭാണ്ഡക്കെട്ടുകള്‍ ഏറ്റി യാത്രയ്ക്കു തയ്യാറായപ്പോള്‍ വിശ്വാമിത്രന്‍ പെട്ടെന്ന് കഥ വേഗത്തില്‍ അവസാനിപ്പിച്ചു. കഥ പെട്ടെന്ന് പറഞ്ഞു തീര്‍ത്തതില്‍ ലക്ഷ്മണന് നിരാശതോന്നി. നേരത്തെ കണ്ട അനംഗശിഷ്യന്മാരുടെ ആശ്രമത്തിലേയ്ക്കാണ് അവര്‍ നടന്നത്. ഓരോ സ്ഥലത്തും എത്തേണ്ട സമയം കൃത്യമായി മഹര്‍ഷി കണക്കുകൂട്ടിയിട്ടുണ്ട്. അതാണ് ശിഷ്യന്മാര്‍ പാലിക്കുന്നത്.
”കാമന്‍ അംഗം വെടിഞ്ഞ നാടല്ലേ അംഗരാജ്യം എന്നറിയപ്പെടുന്നത്” നടക്കുമ്പോള്‍ ലക്ഷ്മണന്‍ ജ്യേഷ്ഠനോട് പതുക്കെ ചോദിച്ചു.
അതെ, എന്ന ഭാവത്തില്‍ രാമന്‍ തലയിളക്കി. മരുത്തന്മാര്‍ ആരാണെന്ന് ലക്ഷ്മണന്‍ അപ്പോള്‍ ചോദിക്കുമെന്ന് രാമന്‍ കരുതി. സംശയം മനസ്സില്‍ കടന്നാല്‍ സംശയം തീരുന്നതുവരെ ലക്ഷ്മണന്റെ മനസ്സ് അസ്വസ്ഥമാണെന്ന് രാമനറിയാം. രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ വിശ്വാമിത്രനോട് മരുത്തന്മാരെക്കുറിച്ച് ചോദിക്കണമെന്നു രാമന്‍ മനസ്സില്‍ ഉറച്ചു. അതിനാല്‍ അപ്പോള്‍ കൂടുതലൊന്നും പറയാതെ മൗനമായാണ് നടന്നത്.
”ഇന്നുരാത്രി നമുക്ക് അനംഗശിഷ്യന്മാരുടെ ആശ്രമത്തില്‍ തങ്ങാം. അനംഗന്റെ ശിഷ്യന്മാരായ മുനിശ്രേഷ്ഠന്മാര്‍ ഉത്തമഗുണങ്ങളുടെ പ്രചാരകരാണ്. നമ്മള്‍ അവിടെ പാര്‍ക്കുന്നത് നമുക്കെന്നപോലെ അവര്‍ക്കും സന്തോഷമുണ്ടാക്കും. നാളെ നമുക്ക് പുഴ കടക്കാം” വിശ്വാമിത്രന്‍ പറഞ്ഞു.
പുഴയുടെ തീരത്തുകൂടി അനംഗാശ്രമത്തിലേയ്ക്കു നടക്കുമ്പോള്‍ വിശ്വാമിത്രന്‍ മൗനമായാണ് നടന്നത്. പഴയകാല സംഭവങ്ങളാവും അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയത്.
ലക്ഷ്മണന് മൗനമായി നടക്കുന്നത് തീരെ ഇഷ്ടമല്ല. എന്തെങ്കിലും സംസാരിക്കാതെ നടക്കുന്നത് ശവപ്പെട്ടിയുടെ പിന്നാലെ നടക്കുന്നതിന് തുല്യമാണെന്നാണ് ലക്ഷ്മണന്‍ പറയുക. അല്പദൂരം നടന്നപ്പോള്‍ ആശ്രമത്തിന്റെ സമീപത്തെത്തി എന്നതിന്റെ സൂചനയായി ഇതുവരെ മുന്നേ സഞ്ചരിച്ചിരുന്ന ശിഷ്യന്മാര്‍ പിന്നിലേയ്ക്കുമാറി.
”നമ്മള്‍ അനേകം ശിഷ്യന്മാര്‍ക്ക് വിജ്ഞാനം നല്‍കുന്ന അനംഗ ശിഷ്യന്മാരുടെ ആശ്രമവാടത്തിലാണ് എത്തിയിട്ടുള്ളത്. ആശ്രമത്തില്‍ കയറുന്നതിനുമുമ്പായി ഗംഗയിലിറങ്ങി കുളിയും ജപവും ഹോമവും ചെയ്ത് ശുദ്ധരായി നമുക്ക് ആശ്രമത്തില്‍ പ്രവേശിക്കാം” വിശ്വാമിത്രന്‍ പറഞ്ഞു.
നേരത്തെ കൈക്കുമ്പിളില്‍ ജലമെടുത്തപ്പോള്‍ ഗംഗയില്‍ മുങ്ങിക്കുളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അത് ഇപ്പോള്‍ സഫലമാകുമെന്നോര്‍ത്ത് അവര്‍ സന്തോഷിച്ചു.