- വസിഷ്ഠസന്ദേശം (വിശ്വാമിത്രന്‍ 1)
- വസിഷ്ഠസല്‍ക്കാരം (വിശ്വാമിത്രന്‍ 2)
- കാമധേനു ( വിശ്വാമിത്രന്‍ 3)
- കാര്‍ത്തവീര്യാര്‍ജ്ജുനന്‍ (വിശ്വാമിത്രന്‍ 26)
- ബ്രഹ്മര്‍ഷി (വിശ്വാമിത്രന്‍ 4)
- വസിഷ്ഠചിന്ത (വിശ്വാമിത്രന്‍ 5)
- കന്യാകുബ്ജം (വിശ്വാമിത്രന്‍ 6)
‘രാമാ, ഇപ്പോള്‍ നീ ആലോചിക്കുന്നത് കാര്‍ത്തവീര്യാര്‍ജ്ജുനെക്കുറിച്ചോ, പരശുരാമനെക്കുറിച്ചോ?’ ആലോചനയില്‍ മുഴുകിയിരിക്കുന്ന രാമനോട് വിശ്വാമിത്രന്‍ ചോദിച്ചു.
‘അങ്ങയുടെ ഊഹം ശരിയാണ്. ഹേഹയവംശത്തെക്കുറിച്ചും ഭൃഗുവംശ രാജാക്കന്മാരെക്കുറിച്ചുമാണ് ഞാന്‍ അലോചിച്ചത്.’
വിശ്വാമിത്രന്‍ പുഞ്ചിരിച്ചുകൊണ്ട് രാമന് അഭിമുഖമായി നിലത്തിരുന്നു. ഇടതുകാല്‍പ്പാദം വലതു തുടയിലും വലതു കാല്‍പ്പാദം ഇടതു തുടയിലും എടുത്തുവച്ച് നട്ടെല്ല് നിവര്‍ത്തിയുള്ള ഇരുപ്പ് ശരീരവഴക്കത്തിന് തെല്ലും കോട്ടമുണ്ടാക്കിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു.
വിശ്വാമിത്രന്‍ ജ്യേഷ്ഠനോടും സംസാരിക്കുന്നത് കണ്ട് ലക്ഷ്മണനും അവിടേയ്ക്കു വന്ന് നിലത്ത് ചമ്രംപണിഞ്ഞിരുന്നു.
‘ഈ മണല്‍പ്പരപ്പില്‍ എവിടെയോ ഇരുന്നാവും കാര്‍ത്തവീര്യാര്‍ജ്ജുനനെ നേരിടാന്‍, പരശുരാമന്‍ വാമനനെ പ്രാര്‍ത്ഥിച്ചത്’ ലക്ഷ്മണന്‍ പറഞ്ഞു.
‘ആയുധപരിശീലനം നേടിയ സിദ്ധാശ്രമത്തിലെ എന്റെ ശിഷ്യന്മാര്‍ അല്പസമയത്തിനകം ഇവിടെ എത്തിച്ചേരും’ ലക്ഷ്മണന്‍ പറഞ്ഞത് ശ്രദ്ധിക്കാതെ വിശ്വാമിത്രന്‍ പറഞ്ഞു.
‘ആയുധവിധ്യ അഭ്യസിച്ച ശിഷ്യന്മാരോ..?’സംശയത്തോടെ ലക്ഷ്മണന്‍ ചോദിച്ചു.
‘അതെ കുമാരാ. ആശ്രമം എന്ന പേരില്‍ അറിയപ്പെടുന്ന ജ്ഞാനകേന്ദ്രങ്ങളിലെ എല്ലാ ആചാര്യന്മാര്‍ക്കും വിശേഷങ്ങളായ ആയുധങ്ങള്‍ പ്രയോഗിക്കാനുള്ള അറിവു മാത്രമല്ല കരുത്തും ഉണ്ടെന്ന് കുമാരന് അറിയില്ലേ? ആശ്രമജ്ഞാനം സര്‍വ്വജ്ഞാനമാണ്. ശിഷ്യന്മാര്‍ ആയുധവിദ്യകളും പരിശീലിക്കുന്നുണ്ട്’ വിശ്വാമിത്രന്‍ പറഞ്ഞു.
‘ഹേഹയ രാജാക്കന്മാരുടെ കുലഗുരുക്കന്മാര്‍ ഭൃഗുവംശത്തില്‍ പിറന്ന മുനിമാരായിരുന്നുവെന്ന് കേട്ടിട്ടുണ്ട്.’ ഹേഹയ രാജവംശത്തിലെ ശക്തനായ കാര്‍ത്തവീര്യാര്‍ജ്ജുനനെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ആഗ്രഹത്തോടെ ലക്ഷ്മണന്‍ പറഞ്ഞു.
‘കാര്‍ത്തവീര്യാര്‍ജ്ജുനെക്കുറിച്ച് പറയുന്നതിനുമുമ്പ് അദ്ദേഹത്തിന്റെ പിതാവ് കൃതവീര്യനെക്കുറിച്ച് പറയേണ്ടതുണ്ട്’ വിശ്വാമിത്രന്‍ പറഞ്ഞു.
‘ഹേഹയ രാജാക്കന്മാരില്‍ പ്രധാനിയായ കൃതവീര്യന്‍ ദാനധര്‍മ്മിയായിരുന്നു എന്ന് കേട്ടിട്ടുണ്ട്’ രാമന്‍ പറഞ്ഞു.
‘കൃതവീര്യനെക്കുറിച്ച് കൂടുതല്‍ അറിയുമ്പോള്‍ കുമാരന് അത് ബോധ്യപ്പെടും.’
‘കൃതവീര്യന്‍ ഭൃഗുമഹര്‍ഷിയുടെ ശിഷ്യനല്ലേ?’ ലക്ഷ്മണന്‍ ചോദിച്ചു.
‘അതെ. ഭൃഗുവിന്റെ ആശ്രമത്തില്‍ താമസിച്ചാണ് വിദ്യ അഭ്യസിച്ചത്. കൃതവീര്യന്‍ രാജാവായതോടെ ഭൃഗുവിന്റെ ആശ്രമത്തിനുവേണ്ടി കൊട്ടാരത്തിന്റെ സമ്പത്തിനെക്കുറിച്ച് അറിയാതെ അമിതമായ ധനം ദാനം നല്‍കി. അതില്‍ പുത്രന്മാര്‍ക്ക് അതൃപ്തി ഉണ്ടായിരുന്നു. എന്നാല്‍ പിതാവിന്റെ ഇഷ്ടത്തിന് എതിരായി അവര്‍ ഒന്നും പരസ്യമായി പറഞ്ഞില്ല. കൃതവീര്യന്‍ മരിച്ചപ്പോഴേയ്ക്കും സമ്പത്തൊന്നും ഇല്ലാതെ രാജ്യം നാശത്തിന്റെ വക്കിലെത്തി. അതേസമയം രാജഗുരുക്കന്മാരായ ഭൃഗുവിന്റെ മക്കള്‍ ധനവാന്മാരായിത്തീരുകയും ചെയ്തു. ദയനീയ അവസ്ഥയില്‍നിന്നും രാജ്യത്തെ കരകയറ്റാന്‍വേണ്ടി ഹേഹയന്മാര്‍ പരിശ്രമിച്ചെങ്കിലും വേണ്ടത്ര ഫലം കണ്ടില്ല. നിവൃത്തിയില്ലാതെ പിതാവിന്റെ ദാനം സ്വീകരിച്ച് സമ്പന്നരായ ഭാര്‍ഗ്ഗവന്മാരുടെ അടുത്തു പോയി രാജ്യത്തെ കരകയറ്റാന്‍ കുറെ ധനം കടം തരണമെന്ന് കാര്‍ത്തവീര്യാര്‍ജ്ജുനന്‍ അപേക്ഷിച്ചു. എന്നാല്‍ തങ്ങളുടെ പക്കല്‍ കടം തരാന്‍ ധനമില്ലെന്നു പറഞ്ഞ് ഭാര്‍ഗ്ഗവന്മാര്‍ അപേക്ഷ നിരസിച്ചു.’
‘പിതാവ് ദാനമായി നല്‍കിയ കണക്കറ്റ് ധനം ഭാര്‍ഗ്ഗവന്മാരുടെ കൈവശമുണ്ടെന്ന് അറിയാവുന്ന കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ധനത്തിനായി അവരെ നിരന്തരം സമീപിച്ചു. ശല്യം സഹിക്കവയ്യാതെ തങ്ങള്‍ സംഭരിച്ചുവച്ച സ്വര്‍ണ്ണം മുഴുവന്‍ തങ്ങളുടെ ആശ്രമങ്ങളില്‍ കുഴിച്ചിട്ടശേഷം ഭൃഗുക്കള്‍ ഹിമാലയത്തിലേയ്ക്കു പോയി. കാര്‍ത്തവീര്യാര്‍ജ്ജുനന്‍ അപ്പോഴും അവരെ പിന്‍തുടര്‍ന്ന് ധനം ആവശ്യപ്പെട്ടുകൊണ്ടിരുന്നു.’
‘സ്വര്‍ണ്ണം ആശ്രമങ്ങളില്‍ കുഴിച്ചിട്ടശേഷമാണ് ഭൃഗുക്കള്‍ ഹിമാലയത്തിലേയ്ക്കു പോയതെന്ന് മനസ്സിലാക്കിയ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ഭൃഗുക്കളുടെ ആശ്രമത്തിലെത്തി കുഴിച്ചിട്ട കുറെ ധനം കൈവശപ്പെടുത്തി. അതറിഞ്ഞതോടെ ഭാര്‍ഗ്ഗവന്മാരും ക്ഷത്രിയന്മാരായ ഹേഹയന്മാരും തമ്മില്‍ ശത്രുക്കളായിമാറി. ആ ശത്രുത തലമുറകളിലേയ്ക്ക് കടന്നു കയറി.’
‘ഭാര്‍ഗ്ഗവവംശത്തിലെ ശക്തനായ മുനിയല്ലേ ജമദഗ്നി’ ലക്ഷ്മണന്‍ ചോദിച്ചു.
തന്റെ സഹോദരീ പുത്രനാണ് ജമദഗ്നി എന്ന് കുമാരന്മാര്‍ക്ക് അറിയാന്‍ ഇടയുണ്ടെന്ന് മനസ്സിലാക്കി വിശ്വാമിത്രന്‍ പെട്ടെന്ന് മറുപടി പറഞ്ഞില്ല.
‘കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ജമദഗ്നിമഹര്‍ഷിയെ കൊല്ലാനിടയായത്…..’ ലക്ഷ്മണന്‍ സംശയത്തോടെ മുനിയെ നോക്കി.
‘തങ്ങളെ നിരന്തം വേട്ടയാടുന്ന ക്ഷത്രിയന്മാരായ ഹേഹയന്മാരെ നേരിടാന്‍ ജമദഗ്നി തീരുമാനിച്ചു. കാര്‍ത്തവീര്യാര്‍ജ്ജുനനും ജമദഗ്നിയും തമ്മില്‍ അതോടെ ശക്തമായ പോരാട്ടങ്ങള്‍ ആരംഭിച്ചു. ജമദഗ്നിയുടെ കരുത്തിനുമുന്നില്‍ കാര്‍ത്തവീര്യാര്‍ജ്ജുനന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.’
‘നിരാശനായ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ മാഹിഷ്മതിയിലെ തന്റെ കൊട്ടാരത്തില്‍ ജമദഗ്നിയെ നേരിടാനുള്ള ആലോചനകളില്‍ മുഴുകിയിരിക്കുമ്പോള്‍ നാരദമഹര്‍ഷി അദ്ദേഹത്തെ കാണാനെത്തി. രാജാവ് നാരദനെ ആദരപൂര്‍വ്വം സല്‍ക്കരിച്ചിരുത്തി.’
‘മഹര്‍ഷേ, എന്റെ രാജ്യത്തിന്റെ അവസ്ഥ ഇപ്പോള്‍ വളരെ മോശമായിരിക്കുന്നു. രാജ്യത്തിലെ പ്രജകളുടെ ഐശ്വര്യത്തിനായി എന്താണ് ഞാന്‍ ചെയ്യേണ്ടത്?’ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ നിരാശനായി നാരദമഹര്‍ഷിയോടു ചോദിച്ചു.
‘ലോകസുഖങ്ങളും മോക്ഷവും ഒരുപോലെ ലഭിക്കാന്‍ ഭദ്രദീപപ്രതിഷ്ഠ എന്ന യാഗതുല്യമായ കര്‍മ്മം ചെയ്യുന്നത് ഉത്തമമായിരിക്കും. അതിനായി മഹാവിഷ്ണുവിന്റെ അംശാവതാരമായ ദത്താത്രേയ മുനിയെ ഗുരുവായി സ്വീകരിക്കുന്നത് ഉചിതമാവും’ നാരദന്‍ ഉപദേശിച്ചു.
‘നാരദമഹര്‍ഷിയുടെ ഉപദേശം സ്വീകരിച്ച്, കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ഭാര്യയൊടൊപ്പം നര്‍മ്മദാ തീരത്തുവന്ന് ആശ്രമം ഉണ്ടാക്കി, ദത്താത്രേയനെ ഗുരുവായി സ്വീകരിച്ച് ഭദ്രദീപപ്രതിഷ്ഠാവ്രതം എന്ന വിശിഷ്ഠമായ യാഗം ആരംഭിച്ചു.’
‘യാഗാവസാനം സംപ്രീതനായ ദത്താത്രേയന്‍ കാര്‍ത്തവീര്യാര്‍ജ്ജുനനോട് എന്തു വരമാണ് വേണ്ടതെന്ന് ചോദിച്ചു. അനവധി കാര്യങ്ങളാണ് കാര്‍ത്തവീര്യാര്‍ജ്ജുനന്‍ മുനിയോട് ആവശ്യപ്പെട്ടത്. ദേഹാരോഗ്യം, ആയിരം കൈകള്‍, പൂര്‍ണ്ണ യൗവ്വനം, രോഗശാന്തിയും ദേഹകാന്തിയും, ആര്‍ക്കും പരാജയപ്പെടുത്താനാവാത്ത കരുത്ത്, ദീര്‍ഘായുസ്സ്, യോഗസിദ്ധി, ധര്‍മ്മനീതി എന്നിവ വേണമെന്ന് അപേക്ഷിച്ചു. കൂടാതെ സപ്തദീപുകളുടെയും ചക്രവര്‍ത്തി സ്ഥാനം വേണമെന്നും രാജ്യത്ത് ഒടുങ്ങാത്ത ധനം ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു. മുനി അതെല്ലാം കാര്‍ത്തവീര്യാര്‍ജ്ജുനന് നല്‍കി. ആഗ്രഹിച്ചതെല്ലാം ലഭിച്ചതോടെ അഹങ്കാരിയായിത്തീര്‍ന്ന കാര്‍ത്തവീര്യാര്‍ജ്ജുനന്‍ വിജയശ്രീ ലാളിതനായി കൊട്ടാരത്തിലേയ്ക്കു വരുമ്പോള്‍ ഒരു അശരീരി കേട്ടു.’
‘ബ്രാഹ്മണനോടു ചേരുമ്പോഴാണ് ക്ഷത്രിയന്‍ രാജ്യം ഭരിക്കാന്‍ ശക്തനാകുന്നത്. ക്ഷത്രിയനേക്കാള്‍ ശ്രേഷ്ഠന്‍ ബ്രാഹ്മണനാണെന്നു അല്ലയോ കാര്‍ത്തവീര്യാര്‍ജ്ജുനാ നീ മനസ്സിലാക്കണം.’ ഇതായിരുന്നു ആ അശരീരി.അശരീരിയുടെ പൊരുള്‍ മനസ്സിലാക്കി ജമദഗ്നിയോടുള്ള വിദ്വേഷം ഉപേക്ഷിച്ചാണ് പിന്നീട് അദ്ദേഹം രാജ്യം ഭരിച്ചത്.
‘ഗുരോ, ബ്രാഹ്മണം എന്നവാക്കിലൂടെ ജ്ഞാനവും ക്ഷത്രിയം എന്ന വാക്കിലൂടെ ശക്തിയും എന്നല്ലേ അര്‍ത്ഥമാക്കേണ്ടത്?’ അതുവരെ വിശ്വാമിത്രന്‍ പറഞ്ഞതെല്ലാം കേട്ടുകൊണ്ടിരുന്ന രാമന്‍ ഒടുവില്‍ പറഞ്ഞകാര്യം കേട്ടതും പെട്ടെന്ന് ചോദിച്ചു.
‘കുമാരന്‍ പറഞ്ഞത് ശരിയാണ്. ബ്രാഹ്മണ, ക്ഷത്രിയ ബന്ധത്തിലൂടെ ജ്ഞാനവും ശക്തിയും തമ്മിലുള്ള ബന്ധമെന്നേ അര്‍ത്ഥമാക്കേണ്ടതുള്ളു. രാജഭരണത്തിന് ജ്ഞാനവും ശക്തിയും പരസ്പരപൂരകമായി നിലകൊള്ളേണ്ടതാണ്.’ രാമന്റെ സവിശേഷ ജ്ഞാനത്തില്‍ സന്തുഷ്ടി പ്രകടിപ്പിച്ചുകൊണ്ട് വിശ്വാമിത്രന്‍ പറഞ്ഞു.
‘ഗുരോ, ശക്തനായ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ രാവണനെ പരാജയപ്പെടുത്തിയിട്ടില്ലേ.?’ ലക്ഷ്മണന്‍ ചോദിച്ചു.
രാവണന്‍ എന്നു കേട്ടതും വിശ്വാമിത്രന്റെ കണ്ണുകളില്‍ പെട്ടെന്ന് കോപം വന്നുദിച്ചു. അല്പനേരം മുനി ഒന്നും പറഞ്ഞില്ല. കോപത്തെ നിയന്ത്രിക്കാനായി വിശ്വാമിത്രന്‍ മൗനം പാലിച്ചു. ‘കോപം മനസ്സിനെ കീഴടക്കുമ്പോള്‍ മോശമായ വാക്കുകള്‍ നാവിലൂടെ പുറത്തുവരാന്‍ ഇടയുണ്ട്. അപ്പോള്‍ മനസ്സിനെ ഏകാഗ്രമാക്കി നിയന്ത്രിക്കണമെന്ന്’ വസിഷ്ഠന്‍ പറഞ്ഞത് രാമന് ഓര്‍മ്മവന്നു.
‘നര്‍മ്മദയുടെ തീരത്തുവച്ച് കാര്‍ത്തവീര്യാര്‍ജ്ജുനന്‍ രാവണനെ ബന്ധിയാക്കിയ കഥ വസിഷ്ഠമഹര്‍ഷി പറഞ്ഞ രംഗം അപ്പോള്‍ രാമന്റെ മനസ്സില്‍ തെളിഞ്ഞുവന്നു.
****** *******
‘ഒരിക്കല്‍ രാവണന്‍ സൈന്യത്തോടൊപ്പം നര്‍മ്മദയുടെ തീരത്തുകൂടി സന്ധ്യാസമയത്ത് കടന്നു പോകുമ്പോള്‍ നര്‍മ്മദയുടെ ശീതളമായ നീരൊഴുക്കും സുന്ദരമായ മണല്‍ത്തിട്ടകളും കണ്ട് ആകൃഷ്ടനായി അവിടെ ആ രാത്രി കഴിച്ചുകൂട്ടാന്‍ തീരുമാനിച്ചു. വളരെ സന്തോഷത്തോടെ രാവണന്‍ നര്‍മ്മദയുടെ തീരത്ത് രാത്രിയില്‍ കഴിഞ്ഞു. പ്രഭാതത്തില്‍ എഴുന്നേറ്റ് നദിയിലിറങ്ങി സ്‌നാനംചെയ്തശേഷം മണല്‍ത്തിട്ടില്‍ ശിവലിംഗം നാട്ടി ശിവപൂജ പൂജ ആരംഭിച്ചു. ഈ സമയം, കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ജലക്രീഡയ്ക്കായി ഭാര്യമാരോടൊപ്പം, നദിയില്‍ ഇറങ്ങി.’
‘ഭാര്യമാര്‍ക്ക് നീന്തിക്കുളിക്കാനായി ആയിരം കൈകള്‍കൊണ്ട് ജലപ്രവാഹത്തെ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ തടഞ്ഞു നിര്‍ത്തി. നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നു. നര്‍മ്മദയുടെ തീരത്തിരുന്ന് ശിവപൂജ ചെയ്യുന്ന രാവണന്‍, പൂജാവസ്തുക്കളോടൊപ്പം വെള്ളത്തില്‍ മുങ്ങി. പൂജ മുടങ്ങിയതിലുള്ള സങ്കടവും കോപവുംകൊണ്ട് രാവണന്‍ നീന്തി കരയില്‍ കയറി. നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയരാനുള്ള കാരണം എന്തെന്ന് കണ്ടെത്താനായി അനുചരന്മാരായ ശുകചാരണന്മാരെ നിയോഗിച്ചു.’
‘ശുകചാരണന്മാര്‍ നദീതീരത്തുകൂടി താഴേയ്ക്കു സഞ്ചരിച്ച് കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ഭാര്യമാരോടൊപ്പം ജലക്രീഡനടത്തുന്നത് കണ്ടെത്തി. ജലം ഉയരാനുള്ള കാരണം അവര്‍ അപ്പോള്‍ത്തന്നെ രാവണനെ അറിയിച്ചു. കേട്ട മാത്രയില്‍ കോപത്തോടെ ആയുധവുമെടുത്ത് കാര്‍ത്തവീര്യാര്‍ജ്ജുനനെ നേരിടാനായി രാവണന്‍ പുറപ്പെട്ടു.
ദിവ്യായുധങ്ങളുമായി കാര്‍ത്തവീര്യാര്‍ജ്ജുനെ നേരിടാന്‍ ശ്രമിച്ചെങ്കിലും കാര്‍ത്തവീര്യാര്‍ജ്ജുനന്‍ തന്റെ മഹാഗദകൊണ്ട് രാവണനെ അടിച്ച് നിലത്തുവീഴ്ത്തി തുടലുകൊണ്ട് ബന്ധിച്ച് കാരാഗൃഹത്തില്‍ കൊണ്ടിട്ടു. കാര്‍ത്തവീര്യാര്‍ജ്ജുനനെ നേരിടാന്‍ രാവണന്റെ സൈന്യം ഭയന്നു. അങ്ങനെ രാവണന്‍ കാര്‍ത്തവീര്യാര്‍ജ്ജുനന്റെ കാരാഗൃഹത്തില്‍ കിടന്നു.’
‘രാവണന്റെ പിതാവായ പുലസ്ത്യമഹര്‍ഷി തന്റെ മകന്റെ ദുരവസ്ഥ അറിഞ്ഞ് കാര്‍ത്തവീര്യാര്‍ജ്ജുനന്റെ കൊട്ടാരത്തില്‍വന്ന് മകനെ വിട്ടയയ്ക്കണമെന്ന് അപേക്ഷിച്ചു. ശത്രുത പുലര്‍ത്താതെ മിത്രഭാവത്തില്‍ കഴിയാമെങ്കില്‍ വിട്ടയയ്ക്കാമെന്ന് കാര്‍ത്തവീര്യാര്‍ജ്ജുനന്‍ മുനിയോടു പറഞ്ഞു. പുലസ്ത്യമഹര്‍ഷി പുത്രനോട് വ്യവസ്ഥ അംഗീകരിക്കാന്‍ പറഞ്ഞപ്പോള്‍ പിതാവിന്റെ താല്‍പര്യപ്രകാരം രാവണന്‍ അത് അംഗീകരിച്ചു. അങ്ങനെ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ രാവണനെ വിട്ടയച്ചു. പിന്നീട് രാവണന്‍ കാര്‍ത്തവീര്യാര്‍ജ്ജുനനോട് ശത്രുത പുലര്‍ത്തിയില്ലെന്നു മാത്രമല്ല അവര്‍ മിത്രങ്ങളായി മാറുകയും ചെയ്തു.’
****** *******
‘കാര്‍ത്തവീര്യാര്‍ജ്ജുനനെ പരശുരാമന്‍ വധിക്കാനുണ്ടായ സാഹചര്യം എന്താണ് മഹര്‍ഷേ..” ലക്ഷ്മണന്റെ ചോദ്യം കേട്ട് രാമന്‍ ചിന്തയില്‍ നിന്നു ഉണര്‍ന്നു.
‘പറയാം. ഒരിക്കല്‍ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ അനുചരന്മാരുമായി നായാട്ടിന് പോയി ക്ഷീണിച്ച് നര്‍മ്മദയുടെ തീരത്ത് വിശ്രമിക്കുമ്പോഴാണ് കുലഗുരുവായിരുന്ന ജമദഗ്നിയുടെ ആശ്രമം ഉണ്ടെന്നറിഞ്ഞ് അദ്ദേഹത്തെ കാണാന്‍ ആശ്രമത്തില്‍ എത്തുന്നത്. പഴയ ശത്രുതയൊക്കെ മറന്ന് ജമദഗ്നി രാജാവിനെ ആദരപൂര്‍വ്വം സ്വീകരിച്ചിരുത്തി. ക്ഷീണം അകറ്റാന്‍ ഫലമൂലാദികള്‍ നല്‍കി. അപ്പോഴാണ് തന്നോടൊപ്പം അനുചരന്മാര്‍ കൂടി ഉണ്ടെന്ന് രാജാവ് പറഞ്ഞത്. അതു കേട്ടപ്പോള്‍ അവരെക്കൂടി ആശ്രമത്തിലേയ്ക്കു കൂട്ടിക്കൊണ്ടുവരാന്‍ ജമദഗ്നിമഹര്‍ഷി പറഞ്ഞു.’
‘മുനിയുടെ സല്‍ക്കാരം സ്വീകരിക്കാന്‍ തീരുമാനിച്ച് രാജാവ് അനുചരന്മാരുമായി ആശ്രമത്തിലെത്തി. എല്ലാവരും ആശ്രമത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഭക്ഷണത്തിനുള്ള സമയമായതിനാല്‍ അവര്‍ക്കെല്ലാം വിഭവസമൃദ്ധമായ ഭോജനം നല്‍കാന്‍ ജമദഗ്നി ശിഷ്യന്മാരെ ഏല്‍പിച്ചു. രാജാവും അനുചരന്മാരും മൃഷ്ടാന്നഭോജനം കഴിച്ച് സംതൃപ്തരായി രാത്രി അവിടെ കഴിഞ്ഞു.
പിറ്റെന്നു കൊട്ടാരത്തില്‍ കാര്യകാര്യങ്ങളെക്കുറിച്ച് മന്ത്രിയുമായി സംസാരിക്കുമ്പോള്‍ മുനിയുടെ സല്‍ക്കാരത്തെക്കുറിച്ച് ആശ്ചര്യത്തോടെയാണ് കാര്‍ത്തവീര്യാര്‍ജ്ജുനന്‍, മന്ത്രി ചന്ദ്രഗുപ്തനോടു പറഞ്ഞത്.
‘ജമദഗ്നിയുടെ ആശ്രമത്തില്‍ ഒരു വിശേഷപ്പെട്ട പശു ഉണ്ട്. ആ പശുവാണ് ജമദഗ്നിക്ക് വേണ്ടതെല്ലാം നല്‍കുന്നത്’ മന്ത്രി രാജാവിനോടു പറഞ്ഞു.
അതു കേട്ടപ്പോള്‍ അതിനെ തനിക്കു കിട്ടണമെന്ന ആഗ്രഹം കാര്‍ത്തവീര്യാര്‍ജ്ജുനന്റെ മനസ്സിലുദിച്ചു. രാജാവിന്റെ അപേക്ഷയുമായി മന്ത്രിയെ അപ്പോള്‍ത്തന്നെ അനുചരന്മാരൊടൊപ്പം രാജാവ് ആശ്രമത്തിലേയ്ക്കയച്ചു.’
‘രാജാവിന്റെ ആഗ്രഹം അറിയിച്ചപ്പോള്‍, തനിക്ക് പ്രിയപ്പെട്ടവളായ കാമധേനുവിന്റെ സഹോദരി സുശീലയെ മറ്റാര്‍ക്കും നല്‍കില്ലെന്ന് ജമദഗ്നി മന്ത്രിയെ അറിയിച്ചു. പശുവിനെക്കൊണ്ടല്ലാതെ കൊട്ടാരത്തിലേയ്ക്കു ചെന്നാല്‍ രാജാവ് കോപിക്കും എന്ന് ഭയന്ന് സേനയുടെ സഹായത്തോടെ പശുവിനെ ബലാല്‍ക്കാരേണ കൊണ്ടുപോകാനാണ് മന്ത്രി ശ്രമിച്ചത്.’
‘മന്ത്രിയുടെ ശ്രമത്തെ പരാജയപ്പെടുത്താന്‍ ശ്രമിച്ച ജമദഗ്നി, മന്ത്രിയുടെ പ്രഹരമേറ്റ് നിലത്തുവീണു പെട്ടെന്ന് മരിച്ചു. ആ സമയം പുത്രനായ പരശുരാമന്‍ ആശ്രമത്തില്‍ ഉണ്ടായിരുന്നില്ല. പരശുരാമന്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത് ദുസ്സഹമായ കാഴ്ചയായിരുന്നു. മരിച്ച പിതാവിന്റെ തലതാങ്ങി മടിയില്‍കിടത്തി സങ്കടം സഹിക്കവയ്യാതെ അമ്മ രേണുക നെഞ്ചത്തടിച്ച് നിലവിളിക്കുന്നത് പരശുരാമന് സഹിക്കാന്‍ കഴിഞ്ഞില്ല. മാതാവ് ഇരുപത്തൊന്നുവട്ടം നെഞ്ചത്തടിച്ച് ഉറക്കെ വിലപിച്ച് തളര്‍ന്നുവീണു.’
‘അമ്മയുടെ നിലവിളികണ്ട് ഹൃദയവേദനയോടെ, ഇരുപത്തൊന്നു വട്ടം ഭൂ പ്രദക്ഷിണം ചെയ്ത് ക്ഷത്രിയന്മാരായ രാജാക്കന്മാരെ മുഴുവന്‍ സംഹരിക്കുമെന്ന് പരശുരാമന്‍ പ്രതിജ്ഞചെയ്തു. യുദ്ധത്തിന് പുറപ്പെടുംമുന്‍പ് പരശുരാമന്‍, വാമനനെ പ്രാര്‍ത്ഥിച്ചത് ഇവിടെ വച്ചായിരുന്നു.’ പ്രാര്‍ത്ഥനയ്ക്കുശേഷം ശിഷ്യനായ അകൃതവ്രണനെയും കൂട്ടി കാര്‍ത്തവീര്യാര്‍ജ്ജുനന്റെ കൊട്ടാരമായ മാഹിഷ്മതീ നഗരത്തിലേയ്ക്കു പരശുരാമന്‍ പുറപ്പെട്ടു.
‘ജമദഗ്നിമഹര്‍ഷിക്കുണ്ടായ ദുരന്തം അറിഞ്ഞ ശുക്രാചാര്യര്‍, തിടുക്കത്തില്‍ ആശ്രമത്തിലെത്തി ജമദഗ്നിയെ ജീവിപ്പിച്ചു. ബലാല്‍ക്കാരമായി പിടിച്ചുകൊണ്ടുപോയ കാമധേനുവിന്റെ സഹോദരി സുശീലയേയും കാര്‍ത്തവീര്യാര്‍ജ്ജുനനില്‍ നിന്നും മോചിപ്പിച്ച് ജമദഗ്നിയെ ഏല്‍പ്പിച്ചു. ഇക്കാര്യം അറിയുന്നതിനുമുമ്പ് പരശുരാമന്‍ മാഹിഷ്മതിയില്‍ എത്തിയിരുന്നു.’
‘കൊട്ടാരവാതില്‍ക്കലെത്തിയ പരശുരാമന്‍ കാര്‍ത്തവീര്യാര്‍ജ്ജുനനെ നേരിട്ട് യുദ്ധത്തിനായി പോരിനു വിളിച്ചു. അപകടം മനസ്സിലാക്കിയ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ താനല്ല ജമദഗ്നിമഹര്‍ഷിയെ കൊന്നതെന്നു പരശുരാമനോട് കേണപേക്ഷിച്ചു. എന്നാല്‍ അതൊന്നും ചെവിക്കൊള്ളാതെ, മന്ത്രിചെയ്യുന്നത് രാജാവ് ചെയ്യുന്നതിന് തുല്യമാണെന്നും, പ്രജകള്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് രാജാവ് ഉത്തരവാദിയാണെന്നും പറഞ്ഞ് യുദ്ധത്തിനായി തയ്യാറായിനിന്നു.’
‘പരശുരാമനെ നേരിടാന്‍ സൈന്യസന്നാഹത്തോടെ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ പുറത്തേയ്ക്കു വന്നപ്പോള്‍ത്തന്നെ അത്യധികമായ കോപത്താല്‍ കാര്‍ത്തവീര്യാര്‍ജ്ജുനന്റെ ആയിരം കൈകള്‍ പരശുരാമന്‍ അരിഞ്ഞുവീഴ്ത്തി. ആ സമയം എതിര്‍ക്കാന്‍ വന്ന നൂറു പുത്രന്മാരെയും വകവരുത്തി.’ ‘സ്വന്തം അമ്മയെ മുമ്പൊരിക്കല്‍ തനിക്ക് വധിക്കേണ്ടിവന്നതിന് കാരണക്കാരനായ കാര്‍ത്തവീര്യാര്‍ജ്ജുനനോട് അന്നുമുതല്‍ പരശുരാമന്റെ ഉള്ളില്‍ ക്രോധം നിറഞ്ഞിരുന്നു. കാര്‍ത്തവീര്യാര്‍ജ്ജുനനെ കൊന്ന് ആ പ്രതികാരംകൂടി പരശുരാമന്‍ വീട്ടി.’
‘രാമാ, കാര്‍ത്തവീര്യാര്‍ജ്ജുനന്റെ വധത്തോടെ ഇപ്പോള്‍ രാവണനെ എതിരിടാന്‍ ഭൂമുഖത്ത് ആരും ഇല്ലെന്ന അഹങ്കാരമാണ് രാവണനെ നയിക്കുന്നത്. അവന്റെ അനുയായികളായ രാക്ഷസന്മാരും ക്ഷാത്രവീര്യത്തെ നിഷ്പ്രഭമാക്കി ആര്യാവര്‍ത്തത്തെ ആകെ വിഴുങ്ങുകയാണ്.’ രാവണനെക്കുറിച്ച് പറഞ്ഞപ്പോള്‍ കോപവും നിരാശയും വിശ്വാമിത്രന്റെ മുഖത്ത് ഒരേസമയം പ്രതിഫലിച്ചു.
പരശുരാമന്റെ പാദസ്പര്‍ശത്താല്‍ പവിത്രമായ സ്ഥലത്താണ് താന്‍ ഇരിക്കുന്നതെന്നു ചിന്തിച്ചപ്പോള്‍ ലക്ഷ്മണന്‍ ആദരവോടെ എഴുന്നേറ്റുനിന്ന് ആ പ്രദേശമാകെ വീക്ഷിച്ചു.
‘പരശുരാമന് മാതാവിനെ വധിക്കേണ്ടിവന്ന സാഹചര്യത്തെക്കുറിച്ച് അങ്ങ് പറഞ്ഞല്ലോ അക്കഥ കൂടി…?’ വിശ്വാമിത്രന്റെ കോപം ഒന്നടങ്ങിയപ്പോള്‍ ലക്ഷ്മണന്‍ ചോദിച്ചു.
പരശുരാമന് സ്വന്തം മാതാവിനെ വധിക്കേണ്ടിവന്ന സംഭവങ്ങള്‍ അപ്പോള്‍ രാമന്റെ മനസ്സിലൂടെ കടന്നുപോയി. അറിയാവുന്ന കഥയാണെങ്കിലും അത് വീണ്ടും കേള്‍ക്കുന്നത് ലക്ഷ്മണന്റെ ശീലമാണെന്ന് രാമനറിയാം. വിശ്വാമിത്രന്‍ ആ സംഭവം പറയാന്‍ ആരംഭിച്ചപ്പോള്‍ രാമന്‍ അനുജനെ ഒളികണ്ണിട്ടു നോക്കി പുഞ്ചിരിച്ചു.