വിശ്വാമിത്രന് ആശ്രമത്തിലെത്തി എന്നറിഞ്ഞപ്പോള്‍ ശിഷ്യന്മാരുമായുള്ള സംവാദം വസിഷ്ഠന്‍ അവസാനിപ്പിച്ചു. അതിഥി ഗേഹത്തില്‍ ആചാരവിധിപ്രകാരം വിശ്വാമിത്രനെ സ്വീകരിച്ചിരുത്താന്‍ ശിഷ്യന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
വിശ്വാമിത്രനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അതിഥിഗേഹശാലയിലേയ്ക്കു നടക്കുമ്പോള്‍ അയോദ്ധ്യയിലെ സംഭവവികാസങ്ങള്‍ എങ്ങനെയാണ് വിശ്വാമിത്രന്റെ മുന്നില്‍ അവതരിപ്പിക്കേണ്ടത് എന്നാണ് വസിഷ്ഠന്‍ ആലോചിച്ചത്.
ആശ്രമവൃത്താന്തങ്ങള്‍ വസിഷ്ഠ ശിഷ്യന്മാരുമായി വിശ്വാമിത്രന്‍ പങ്കുവയ്ക്കുമ്പോഴാണ് വസിഷ്ഠന്‍ അതിഥിഗേഹത്തിലേയ്ക്ക് കടന്നുവന്നത്. ആചാര്യന്മാര്‍ തമ്മില്‍ സംസാരിക്കുന്നത് അത്യന്തം രഹസ്യമായ കാര്യമാണെന്ന് വസിഷ്ഠശിഷ്യന്മാര്‍ നേരത്തെതന്നെ മനസ്സിലാക്കിയിരുന്നു. അതിനാല്‍ വസിഷ്ഠന്‍ എത്തിയപ്പോള്‍ത്തന്നെ ശിഷ്യന്മാരെല്ലാം അവിടെനിന്നും പുറത്തേയ്ക്കുപോയി.
”പ്രണാമം രാജര്‍ഷി കൗശികന്‍. അങ്ങ് ആശ്രമത്തില്‍വന്ന് എന്നെ കാണാന്‍ സന്നദ്ധനായതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്” വസിഷ്ഠന്‍ വിശ്വാമിത്രനെ നമിച്ചുകൊണ്ട് പറഞ്ഞു.
”പ്രണാമം മഹര്‍ഷേ” വിശ്വാമിത്രനും വസിഷ്ഠനെ പ്രണമിച്ചു.
”അയോദ്ധ്യയിലെ രാജഗുരുവായ അങ്ങ് എന്നെ കാണാന്‍ താല്പര്യം അറിയിച്ചതില്‍ സന്തോഷമുണ്ട്. എന്തുകൊണ്ടാണ് ഇപ്രകാരം അങ്ങ് ചിന്തിച്ചത് എന്നറിയാന്‍ ആഗ്രഹമുണ്ട്” വിശ്വാമിത്രന്‍ പെട്ടെന്ന് വിഷയത്തിലേയ്ക്കു കടന്നു.
”അങ്ങേയ്ക്കു അത് ഊഹിക്കാവുന്നതേയുള്ളു. അയോദ്ധ്യയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചില സംഭവവികാസങ്ങള്‍ അങ്ങ് അറിയുന്നുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്” വസിഷ്ഠന്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
”ആര്യാവര്‍ത്തത്തിലെ ശക്തനായ അയോദ്ധ്യാരാജന്‍ ഇപ്പോള്‍ ഭരണകാര്യങ്ങളില്‍ തീരെ തല്പരനല്ലെന്ന് അറിയുന്നുണ്ട്. അയോദ്ധ്യ ദുര്‍ബ്ബലമായാലുള്ള അപകടം എന്തെന്ന് അങ്ങേയ്ക്ക് അറിയാമല്ലോ…” വിശ്വാമിത്രന്‍ പറഞ്ഞു.
”കാര്യങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കുന്നതില്‍ സന്തോഷമുണ്ട്. ആര്യാവര്‍ത്തത്തിനാകെ ഉണര്‍വ്വേകാന്‍ അങ്ങ് അനുഷ്ഠിക്കുന്ന കര്‍മ്മങ്ങളെല്ലാം ഞാന്‍ അറിയുന്നുണ്ട്. കോസലത്തെ ശക്തിപ്പെടുത്താന്‍ ആചാര്യന്‍ എന്ന നിലയില്‍ എന്റെ നിര്‍ദ്ദേശങ്ങള്‍ പലതും തിരസ്‌കൃതമാകുന്നുണ്ട്. രാജ്യം ശിഥിലീകരണ ശക്തികളുടെ കൈകളിലേയ്ക്ക് വഴുതിപ്പോകാതിരിക്കാന്‍ ആചാര്യന്മാര്‍ പൂര്‍വ്വകാല വൈരം മറന്ന് ഒരുമിച്ചു നില്‍ക്കേണ്ടതല്ലേ? കോസലത്തെ ശക്തമാക്കാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് അങ്ങയുടെ അഭിപ്രായംകൂടി അറിയാന്‍ ആഗ്രഹമുണ്ട്..” വസിഷ്ഠന്‍ സമചിത്തതയോടെ പറഞ്ഞു.
തന്നെ അംഗീകരിക്കാന്‍ മടികാണിച്ച മഹാമുനി ആര്യാവര്‍ത്തത്തെ ശക്തമാക്കാന്‍ തന്റെ ഉപദേശം സ്വീകരിക്കാന്‍ തയ്യാറാകുന്നു എന്നു കേട്ടപ്പോള്‍ വിശ്വാമിത്രന് സന്തോഷമായി. പഴയ സംഭവങ്ങളൊന്നും വസിഷ്ഠന്റെ മനസ്സില്‍ ഇല്ലെന്ന് വ്യക്തമായപ്പോള്‍ സമാധാനമായി.
”വീരന്മാരായ സൂര്യവംശരാജാക്കന്മാരുടെയെല്ലാം ഗുരുവായ അങ്ങേയ്ക്ക്, ഇപ്പോള്‍ അയോദ്ധ്യയില്‍ നടക്കുന്നതെന്തെന്ന് മനസ്സിലാകുന്നുണ്ടല്ലോ…..?” വിശ്വാമിത്രന്‍ അല്പം പരുഷമായിട്ടാണ് പറഞ്ഞത്.
”യുവരാജാവായി ഭരതനെ വാഴിക്കാനുള്ള അണിയറനീക്കം കൈകേയി നടത്തുന്നുണ്ട്. അവര്‍ക്ക് അതിനുള്ള അവകാശവും ഉണ്ട്” വസിഷ്ഠന്‍ പറഞ്ഞു.
”കൈകേയിയെ ദശരഥരാജന്‍ പട്ടമഹിഷിയായി അംഗീകരിക്കുമ്പോള്‍, അവരുടെ പിതാവിനു ദശരഥന്‍ നല്‍കിയ വാഗ്ദാനം അവരുടെ പുത്രനെ രാജവാക്കണം എന്നല്ലേ? അപ്പോള്‍ അതില്‍ അവരെ എങ്ങനെ കുറ്റം പറയാനാവും” വിശ്വാമിത്രന്‍ ചോദിച്ചു.
”ശരിയാണ് പക്ഷേ, അയോദ്ധ്യയിലെ പ്രജകള്‍ മുഴുവന്‍ രാമനെയാണ് രാജാവായി അംഗീകരിക്കുന്നത്” വസിഷ്ഠന്‍ പറഞ്ഞു.
വിശ്വാമിത്രന്‍ തെല്ലുനേരത്തേയ്ക്ക് ഒന്നും പറഞ്ഞില്ല. പലവിധ ചിന്തകളാണ് അപ്പോള്‍ വിശ്വാമിത്രന്റെ മനസ്സിലൂടെ കടന്നുപോയത്.
വൃദ്ധനായ ദശരഥനല്ല, രാമനാണ് ഇപ്പോള്‍ രാജ്യത്തെ നിയന്ത്രിക്കുന്നതെന്ന് വിശ്വാമിത്രനറിയാം. പട്ടാഭിഷേകം നടത്താതെതന്നെ അയോദ്ധ്യാവാസികളുടെ കണ്ണിലുണ്ണിയായി രാമന്‍ മാറിയിരിക്കുന്നു. എന്നാല്‍ അയോദ്ധ്യയുടെമാത്രം ഭരണം നടത്തേണ്ടവനല്ല രാമന്‍. രാമനെ ആര്യാവര്‍ത്തത്തിലെ അതിശക്തനായ രാജാവാക്കേണ്ടത് അനിവാര്യമാണ്. രാക്ഷസ ശക്തികളില്‍നിന്നും ആര്യാവര്‍ത്തത്തെ പൂര്‍ണ്ണമായും മോചിപ്പിക്കാന്‍ കരുത്തനായ ഒരു രാജാവിനേ സാധ്യമാകൂ. അതിനുള്ള അവസരം വസിഷ്ഠന്‍തന്നെ ഒരുക്കിയതില്‍ വിശ്വാമിത്രന്‍ സന്തോഷിച്ചു.
വിദേഹത്തിലെ രാജാവും ദുര്‍ബ്ബലനാണ്. ജനകന് പുത്രനില്ലാത്ത കാരണത്താല്‍ വളര്‍ത്തുപുത്രിയായ സീതയാണ് രാജ്യകാര്യങ്ങളില്‍ പിതാവിനെ സഹായിക്കുന്നത്. വിദേഹവും അയോദ്ധ്യയും ഒരുകാലത്ത് ആര്യാവര്‍ത്തത്തിലെ ശക്തമായ രാജ്യങ്ങളായിരുന്നെങ്കിലും അവിടം ഭരിക്കുന്ന രാജാക്കന്മാര്‍ ഇപ്പോള്‍ ദുര്‍ബ്ബലരാണ്. അതുകൊണ്ടാണ് രാക്ഷസശക്തികള്‍ കാനനവാസികളായ ഗോത്രങ്ങളെ തങ്ങളുടെ വരുതിയിലാക്കി ചൂഷണം ചെയ്യുന്നത്. ഇക്കാര്യങ്ങള്‍ തന്നെപ്പോലെ വസിഷ്ഠനും അറിയാവുന്നതാണ്. ഇതിനൊരു പരിഹാരം ഉണ്ടാവണമെന്ന് കാനനഗോത്രങ്ങളിലെ ആചാര്യന്മാരും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ കാനനവാസികളെ ശക്തരാക്കാതെ ആര്യാവര്‍ത്തത്തെ ശക്തിപ്പെടുത്തുക പ്രയാസമാണെന്നാണ് വിശ്വാമിത്രന്‍ ചിന്തിച്ചത്.
രാക്ഷസര്‍ക്ക് സര്‍വ്വസഹായവും ചെയ്യുന്നത് ലങ്കാധിപനായ രാവണനാണ്. വനവാസികളെക്കൂടി ശക്തരാക്കിയാല്‍ ആര്യാവര്‍ത്തത്തിന് മികച്ച ഭാവിയാണ് വരുംനാളുകളില്‍ ഉണ്ടാവുക എന്ന് വിശ്വാമിത്രനറിയാം. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ വിദൂരഭാവിയില്‍ ആര്യാവര്‍ത്തത്തിലെ ആചാര്യന്മാര്‍ നൂറ്റാണ്ടുകളിലൂടെ നേടിയ സംസ്‌കൃതി മുഴുവന്‍ നാമാവശേഷമാകും. ആ സംസ്‌കൃതിയെ നിരസിക്കുക മാത്രമല്ല ഹിംസിക്കുകയും ചെയ്യുന്നതുവഴി ഭാവിയില്‍ സര്‍വ്വലോക വിനാശത്തിനും കാരണമാകും.
സര്‍വ്വരാജാക്കന്മാരെയും ജനങ്ങളെയും ഗോത്ര ആചാര്യന്മാരെയും സമന്വയിപ്പിക്കാന്‍ കഴിയുന്ന ഒരു ശ്രേഷ്ഠ പുരുഷനിലാണ് വിശ്വാമിത്രന്റെ പ്രതീക്ഷ. അത്തരത്തില്‍ ഒരു ഉത്തമനായ പുരുഷന്റെ ഗുണഗണങ്ങള്‍ രാമനില്‍ ഉണ്ടെന്ന് അറിഞ്ഞ നാള്‍മുതല്‍ വസിഷ്ഠനെ കണ്ട് തന്റെ ചിന്തകള്‍ പങ്കുവയ്ക്കണമെന്ന് വിശ്വാമിത്രന്‍ ആഗ്രഹിച്ചതാണ്.
ആശ്രമങ്ങളിലെ ആചാര്യന്മാര്‍ സര്‍വ്വ ചരാചരങ്ങളുടെയും നന്മയ്ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അതിനെ തകിടം മറിക്കാന്‍ ശ്രമിക്കുന്നത് രാക്ഷസ ശക്തികളാണ്. അവരില്‍നിന്ന് ആചാര്യന്മാര്‍ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കണമെങ്കില്‍, കാനനത്തില്‍ ചിതറിക്കിടക്കുന്ന വിവിധ ഗോത്രങ്ങളെ ഏകോപിപ്പിക്കാന്‍ കഴിയണം. ശക്തനും ഉത്തമനും ത്യാഗിയുമായ ഒരു പുരുഷന് മാത്രമേ അത് സാധ്യമാവൂ.
ഏതു വെല്ലുവിളികളെയും ഏറ്റെടുക്കാന്‍ രാമനെക്കാള്‍ ഉത്തമനായിട്ടുള്ള മറ്റൊരാളും ഈ ഭൂമിയില്‍വന്നു പിറന്നിട്ടില്ലെന്ന് തന്റെ അന്തര്‍ജ്ഞാനത്തിലൂടെ വിശ്വാമിത്രന്‍ മനസ്സിലാക്കി. രാമനെ രാജാവാക്കി അയോദ്ധ്യയെ മാത്രം ശക്തിപ്പെടുത്താനാണ് വസിഷ്ഠന്‍ തന്റെ സഹായം തേടുന്നതെങ്കില്‍ അതിനെ എതിര്‍ക്കാന്‍ തന്നെ വിശ്വാമിത്രന്‍ മനസ്സിലുറച്ചു.
ഏറെ നേരം ഒന്നും പറയാതെ ധ്യാനാവസ്ഥയില്‍ ഭാവിയില്‍ സംഭവിക്കാനിടയുള്ള കാര്യങ്ങള്‍ ആലോചിച്ചുകൊണ്ടിരുന്ന വിശ്വാമിത്രന്‍ ദീര്‍ഘമായൊന്നു നിശ്വസിച്ചുകൊണ്ട് വസിഷ്ഠനെനോക്കി. ആ നോട്ടത്തില്‍നിന്ന് വിശ്വാമിത്രന്റെ ചിന്ത എന്തെന്ന് വസിഷ്ഠന്‍ ഊഹിച്ചു.
”അങ്ങ് ആലോചനയില്‍ മുഴുകിയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു” വസിഷ്ഠന്‍ പറഞ്ഞു.
”അയോദ്ധ്യയിലെ അടുത്ത കിരീടാവകാശി രാമനോ അതോ….?” വിശ്വാമിത്രന്‍ പറയാന്‍ വന്നത് പൂര്‍ണ്ണമാക്കിയില്ല.
”ഉത്തരം പറയാന്‍ ഞാന്‍ ആളല്ല കൗശികാ…”വസിഷ്ഠന്‍ ഗൗരവത്തോടെയാണ് പറഞ്ഞത്.
അടുത്ത കിരീടാവകാശിയെക്കുറിച്ച് രാജഗുരു അജ്ഞനാണെന്നു പറയുന്നതിന്റെ യുക്തി എന്തെന്ന് വിശ്വാമിത്രന് മനസ്സിലായില്ല.
”രാജഗുരുവിന്റെ വാക്കുകള്‍ക്ക് കോസലത്തില്‍, യാതൊരു വിലയുമില്ലെന്നാണോ അങ്ങ് പറയുന്നത്?”രാജഗുരുവിന്റെ വാക്കുകളെ ഇതുവരെ അയോദ്ധ്യയിലെ രാജാക്കന്മാരാരും ലംഘിച്ചിട്ടില്ല” വിശ്വാമിത്രന്‍ പറഞ്ഞത് ഇഷ്ടമാകാത്ത മട്ടില്‍ വസിഷ്ഠന്‍ വിശ്വാമിത്രനെ തറപ്പിച്ചു നോക്കി പറഞ്ഞു.
താന്‍ പറഞ്ഞതില്‍ എന്തോ പോരായ്മ ഉണ്ടെന്ന് വിശ്വാമിത്രനു തോന്നി. അതിനാല്‍ അല്പസമയം വിശ്വാമിത്രന്‍ ഒന്നു പറയാതിരുന്നു.
”അയോദ്ധ്യയില്‍ അധികാര തര്‍ക്കമില്ല. എന്നാല്‍…” പറയാന്‍ വന്നത് പൂര്‍ത്തിയാക്കാതെ വസിഷ്ഠന്‍ വിശ്വാമിത്രനെ നോക്കി.
”രാമനെ രാജാവാക്കി കോസലത്തെ ശക്തമാക്കാനാണോ അങ്ങ് ആഗ്രഹിക്കുന്നത്?” വിശ്വാമിത്രന്‍ ചോദിച്ചു.
”അയോദ്ധ്യയെ നിയന്ത്രിക്കുന്നതില്‍ രാജഗുരുവിന് ഇപ്പോള്‍ ഏറെ പരിമിതികളുണ്ട്. ആചാര്യന്റെ വാക്കുകള്‍ക്ക് അയോദ്ധ്യയില്‍ സ്ഥാനമില്ല എന്നല്ല അതിന്റെ അര്‍ത്ഥം. രാജാധികാരത്തില്‍ രാജഗുരു നേരിട്ട് ഇടപെടുന്നത് ശരിയല്ല. എന്നാല്‍ രാജഗുരുവിന് ഇപ്പോള്‍ അയോദ്ധ്യയില്‍ ചെയ്യാന്‍ കഴിയാത്തകാര്യം അങ്ങേയ്ക്കു ചെയ്യാന്‍ കഴിയും.”
”രാമനാണ് കോസലത്തിലെ രാജാവാകേണ്ടത് എന്ന പ്രജകളുടെ താല്പര്യം നടപ്പാക്കണം എന്ന് അങ്ങ് ആഗ്രഹിക്കുന്നുണ്ടോ?” വിശ്വാമിത്രന്‍ ചോദിച്ചു.
”അങ്ങ് ആഗ്രഹിക്കുന്നതെന്തെന്ന് മനസ്സിലാക്കുന്നു. അങ്ങയുടെ ഇംഗിതത്തെ ഞാന്‍ മാനിക്കുന്നു” വസിഷ്ഠന്‍ പറഞ്ഞു.
”ഇപ്പോള്‍ എനിക്ക് ആശ്വാസമായി.” വസിഷ്ഠനില്‍നിന്ന് താന്‍ പ്രതീക്ഷിച്ചതു കേട്ടതിലുള്ള സന്തോഷത്തോടെ വിശ്വാമിത്രന്‍ പറഞ്ഞു.
അവര്‍ ദീര്‍ഘനേരം ആയോദ്ധ്യയെക്കുറിച്ചും ആര്യാവര്‍ത്തത്തെക്കുറിച്ചുമുള്ള സംഭാഷണത്തില്‍ മുഴുകിയിരിക്കുമ്പോഴാണ് അവിടേയ്ക്ക് ഒരു ശിഷ്യന്‍ തിരക്കിട്ടു വന്നത്. ശിഷ്യനു പിന്നിലായി കൊട്ടാരത്തിലെ ദൂതനെ കണ്ടപ്പോള്‍ അടിയന്തിരമായി രാജാവ് തന്നെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന അറിയിപ്പുമായിട്ടാണ് അയാള്‍ വരുന്നതെന്ന് ഊഹിച്ചു.
”ഗുരോ, മഹാരാജാവ് അങ്ങയെ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് കൊട്ടാരത്തില്‍നിന്ന് ദൂതന്‍ അറിയിക്കുന്നു” ശിഷ്യന്‍ ഗുരുവിനെ നമിച്ചുകൊണ്ട് പറഞ്ഞു.
രാജാവിന്റെ അറിയിപ്പുമായി വന്നതുകൊണ്ടുമാത്രമാണ് അപ്പോള്‍ ശിഷ്യന്‍ അവിടേയ്ക്ക് കടന്നുവരാന്‍ തയ്യാറായത്. ഇല്ലെങ്കില്‍ വിശ്വാമിത്രനുമായി ഗൗരവമായി സംസാരിക്കുമ്പോള്‍ ശിഷ്യന്‍ അവിടെ വരില്ലെന്ന് വസിഷ്ഠനറിയാം. സന്ദേശം അറിയിച്ച് ശിഷ്യന്‍ അപ്പോള്‍ത്തന്നെ അവിടെനിന്നു പോയി.
”ഞാന്‍ അങ്ങയുടെ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നുവെന്ന് ദശരഥരാജന്‍ അറിഞ്ഞിട്ടുണ്ടാവും” വിശ്വാമിത്രന്‍ സംശയം പ്രകടിപ്പിച്ചു.
”അറിയാന്‍ വഴിയില്ല. യുധാജിത്ത് ക്ഷണിച്ചതനുസരിച്ച് ഭരതന്‍ കേകയത്തിലേയ്ക്ക് പോയിരിക്കുന്ന സന്ദര്‍ഭമാണിത്. ഭരതനെ ഇടയ്ക്കിടെ കേകയത്തേയ്ക്ക് ക്ഷണിക്കുന്നത് യുധാജിത്താണ്. മകനെ കേയയത്തേയ്ക്കു പറഞ്ഞുവിടാന്‍ കൈകേയിയും ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഭരതനില്‍ അനാവശ്യമായ മോഹങ്ങള്‍ ജനിപ്പിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. എന്നാല്‍ നീതിമാനായ രാജാവെന്ന സല്‍പ്പേര് അയോദ്ധ്യയ്ക്ക് നഷ്ടമാകരുതെന്നു ദശരഥന്‍ ആഗ്രഹിക്കുന്നതുകൊണ്ട് ആ സല്‍പ്പേര് നിലനിര്‍ത്താന്‍ രാമനെ രാജാവാക്കുന്നതാണ് ഉചിതമെന്ന ചിന്ത ദശരഥനില്‍ വളര്‍ന്നിട്ടുണ്ട്.” വസിഷ്ഠന്‍ പറഞ്ഞു.
”കൗസല്യയെ അവഗണിക്കുന്ന ദശരഥന് ഇപ്പോള്‍ കൗസല്യാപുത്രനില്‍ വിശ്വാസം കൂടിയിരിക്കുന്നു എന്നാണോ അങ്ങ് പറയുന്നത്.?”
”അതെ. സമചിത്തതയും സമഭാവനയുമുള്ള ഒരു ഭരണാധികാരിയാണ് രാമന്‍ എന്ന് യുവരാജ പദവി ലഭിക്കാതെ ഭരണത്തില്‍ ഇടപെട്ടുകൊണ്ട് രാമന്‍ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.”
”കൈകേയിയുടെ പിതാവിനും കൈകേയിക്കും കൊടുത്ത വാക്ക് ലംഘിക്കാന്‍ ദശരഥന്‍ തയ്യാറാകും എന്നാണോ അങ്ങ് പറയുന്നത്?”വിശ്വാമിത്രന്‍ സംശയഭവത്തില്‍ ചോദിച്ചു.
”കൊടുത്തവാക്ക് ലംഘിക്കുന്നതിനുള്ള ശക്തി ദശരഥനില്ല. എന്നാല്‍ താന്‍ അന്ന് നല്‍കിയ വാക്ക് ഉചിതമായില്ല എന്ന ചിന്ത രാജാവിനെ അസ്വസ്ഥനാക്കുന്നുണ്ട്. വാര്‍ദ്ധക്യത്തിലും മദ്യത്തില്‍നിന്നും മദിരാക്ഷികളില്‍നിന്നും മുക്തി പ്രാപിക്കാതെ കൈകേയിയുടെ അടിമയായി ദശരഥന്‍ കഴിയുമ്പോഴും പ്രജകളെ അടക്കിനിര്‍ത്തി നീതി നടപ്പാക്കുന്നത് രാമനാണ്” വസിഷ്ഠന്‍ പറഞ്ഞു.
വസിഷ്ഠന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ആചാര്യന്റെ മനസ്സും ചഞ്ചലപ്പെടുന്നുണ്ടോ എന്ന് വിശ്വാമിത്രന്‍ സംശയിച്ചു. ശക്തനും നയചതുരനുമായ യോദ്ധാവിനുമാത്രമേ ചിന്നിച്ചിതറിക്കിടക്കുന്ന ഗോത്രസമൂഹങ്ങളെ കൂട്ടിയിണക്കി അവരില്‍ വിദ്യയുടെയും ആയുധത്തിന്റെയും ശക്തിപകര്‍ന്ന് അവരെ കരുത്തരാക്കാന്‍ കഴിയൂ. അനുദിനം ശക്തിപ്രാപിക്കുന്ന വിരുദ്ധശക്തികളെ നേരിടാന്‍ കാനനവാസികളെക്കൂടി ശക്തരാക്കേണ്ടതുണ്ട്. അല്ലാതെ ആര്യാവര്‍ത്തത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാകില്ല. രാമന്‍ ശക്തനും നയചതുരനുമായ യോദ്ധാവാണ്. ലക്ഷ്യം സഫലമാകണമെങ്കില്‍ ഒരു വ്യാഴവട്ടമെങ്കിലും രാമന്‍ അവരോടൊപ്പം കാട്ടില്‍ ഇടപഴകി അവരുടെ വിശ്വാസം ആര്‍ജ്ജിക്കേണ്ടതുണ്ട്. അതിനുള്ള അവസരം സൃഷ്ടിക്കുകയാണ് വേണ്ടത് എന്നാണ് വിശ്വാമിത്രന്‍ ചിന്തിച്ചത്.
”രാമന്‍ അയോദ്ധ്യയുടെ രാജാവാകുന്നതുവഴി എന്തു സന്ദേശമാണ് അങ്ങ് ആര്യാവര്‍ത്തത്തിന് നല്‍കുന്നത്?” രാമനെ രാജാവാക്കുന്നതിനോട് അനുകൂലമായ നിലപാടാണ് വസിഷ്ഠനും ഉള്ളതെന്നു കരുതി വിശ്വാമിത്രന്‍ ചോദിച്ചു.