പോലീസ് സ്റ്റേഷനിലേക്കും ഫോറസ്റ്റ് ഓഫീസിലേക്കും തുടരെത്തുടരെ വിളിയെത്തി.
കടുവ ഇപ്പോള്‍ ഈ വഴി പാഞ്ഞല്ലോ? ഇന്ന് മുന്നറിയിപ്പ് ഉണ്ടാകാതെ പോയത് എന്തുകൊണ്ടാണ്?
ഇല്ലല്ലോ. കടുവ ഇപ്പോള്‍ കാട്ടില്‍ തന്നെയാണെന്ന് ഉറപ്പുണ്ട്. കാട്ടില്‍ നിന്നിറങ്ങിയിട്ടു പോലുമില്ല.
സ്‌കൂളിനരികിലൂടെ പോയ പോലീസ് ജീപ്പിനു കുറുകെ കടുവ ചാടിക്കടന്നു പോയി. പോസ്റ്റാഫീസിനു മുമ്പില്‍ വെച്ച് കടുവ ജീപ്പിനു നേരെ തിരിഞ്ഞു നിന്നു. എന്താണുകാര്യമെന്നു തിരക്കുന്ന മട്ടില്‍ ഫോറസ്റ്റാഫീസില്‍ നിന്നും അറിയിപ്പുണ്ടായി. ഇപ്പോഴും കടുവ കാട്ടില്‍ തന്നെയുണ്ട്. അത് എവിടെയോ വിശ്രമിക്കുകയാണ്. ഉറപ്പാണ്. കാട്ടില്‍ തന്നെ. ഒരു ചെറിയ അനക്കം പോലും അതിനില്ല. ഒരടി പോലും മുന്നോട്ടു വെച്ചിട്ടില്ല. ചിലപ്പോള്‍ കൂര്‍ക്കം വലിച്ചുറങ്ങുകയായിരിക്കും.
പോലീസ് ഉറപ്പു പറഞ്ഞു. ”ഇപ്പോള്‍ ജീപ്പിനു കുറുകെ അതു കടന്നു പോയി. ഒരു തവണയല്ല. രണ്ടു തവണ.”
ഫോറസ്റ്റാഫീസര്‍ വീണ്ടും ഉറപ്പു പറഞ്ഞു.
”അത് നില്‍ക്കുന്ന സ്ഥലത്തു നിന്നും അനങ്ങുന്നതു പോലുമില്ല. നിങ്ങള്‍ കണ്ടത് വല്ല നായോ മറ്റോ ആയിരിക്കും.”
എസ്.ഐ. ദേഷ്യം കൊണ്ടു. ”ശരിയായിരിക്കും നായ വേഷം കെട്ടിയതായിരിക്കും..”
നേരം പുലര്‍ന്നിട്ടും ആരും പുറത്തിറങ്ങിയില്ല. പിന്നെ മെല്ലെ മെല്ലെ ഒന്നും രണ്ടും ആളുകള്‍ ചേര്‍ന്നു ചേര്‍ന്ന് അതൊരു വലിയ സംഘമായി.
ഗ്രാമത്തില്‍ പ്രധാന ഇടങ്ങളിലൊക്കെ കടുവയുടെ കാല്‍പ്പാടുകള്‍ തെളിഞ്ഞു കിടന്നു. പോലീസ് സ്റ്റേഷന്റെ പുറകില്‍ അവന്‍ കിടന്ന സ്ഥലം പോലും വ്യക്തമായി തിരിച്ചറിയാം. സ്‌കൂള്‍ ഗ്രൗണ്ടില്‍. അമ്പലപ്പറമ്പില്‍. പള്ളിമുറ്റത്ത്. ആ ഒരൊറ്റ രാത്രിയില്‍ കടുവയുടെ കാല്‍ പതിയാത്ത ഇടങ്ങള്‍ ഗ്രാമത്തില്‍ ഇല്ല എന്നു പറയാം. കടുവ ഇതിനു മുമ്പൊരിക്കലും ഇങ്ങനെ വിളയാടിയിട്ടില്ല.
നേരം ഉച്ചകഴിഞ്ഞതോടെ തൊഴുത്തു വിട്ടു പോയ പശുക്കളെല്ലാം തിരിച്ചെത്തി. നായ്ക്കള്‍ വാലു മടക്കി നാണക്കേടോടെ മടങ്ങി വന്നു. ഒരു ജീവിയെ പോലും നാട്ടില്‍ നിന്നും കാണാതായിട്ടില്ല.
പിന്നെയെന്തിനാണു കടുവ നാട്ടില്‍ വന്നത്. വന്നത് കടുവയായിരിക്കില്ലെന്ന് പലരും പറയാനും തുടങ്ങി.
പക്ഷേ ആളുകളുടെ ഭീതി കൂടുകയാണ്. മറ്റൊരു കടുവ കൂടി നാട്ടില്‍ ഇറങ്ങാന്‍ തുടങ്ങിയെന്ന് എല്ലാവരും ഭയപ്പെട്ടു. ചിലപ്പോള്‍ അങ്ങനെയാകാമെന്ന് ഫോറസ്റ്റുകാരും പറഞ്ഞു.
നേരം ഇരുട്ടും തോറും ഭയം വര്‍ദ്ധിക്കാനും തുടങ്ങി. ഇത്രനാളും ശാന്തനായി വന്നു പോയിരുന്ന കടുവ ഇന്നലെ രാത്രി നാടാകെ ഇളക്കിമറിച്ചിരിക്കുന്നു. ഭ്രാന്തു പിടിച്ചതുപോലെ.
പകല്‍ മുഴുവന്‍ കുരച്ചു നടന്ന നായ്ക്കള്‍ ഇരുട്ടു വീണതോടെ വാലു ചുരുട്ടുക്കെട്ടി ചുരുണ്ടു കൂടി.
* * *
മീശക്കാരന്‍ കുരങ്ങാട്ടി ഏറെ നേരമായി പോലീസ് സ്റ്റേഷന്റെ മുമ്പില്‍ കാത്തുനില്‍ക്കാന്‍ തുടങ്ങിയിട്ട്. അയാള്‍ക്ക് ഒരു പ്രധാന കാര്യം പോലീസിനെ അറിയിക്കാനുണ്ട്. കഴിഞ്ഞ ദിവസം ഒരു കടുവയുടെ പുറത്ത് തന്റെ കുരങ്ങന്‍ പുഴയിലൂടെ യാത്ര ചെയ്യുന്നത് കണ്ട കാര്യം പറയാനാണ് അയാള്‍ കാത്തു നിന്നത്. ഭയപ്പാടോടെ ആണെങ്കിലും അയാള്‍ ഒന്നു രണ്ടു തവണ പുറത്തു നിന്ന പോലീസുകാരന്റെ അടുത്തേക്കു ചെന്നതാണ്. അപ്പോഴൊക്കെ പോലീസുകാരന്‍ അയാളെ ഒഴിവാക്കി വിടുകയാണ് ചെയ്തത്.
അയാള്‍ പോകുന്നില്ലെന്നു കണ്ട് പോലീസുകാരന്‍ ഭയപ്പെടുത്തി. ”ഈ കടുവാക്കേസ് ഒന്നു കഴിഞ്ഞു കിട്ടട്ടെ. അതിനു ശേഷം തന്റെ കേസെടുക്കുന്നുണ്ട്.”
കുരങ്ങാട്ടി വീണ്ടും അടുത്തു ചെന്നു. പോലീസുകാരന്‍ കയര്‍ത്തു.
”ഇയാള് കുരങ്ങനെ കെട്ടിത്തൂക്കി കൊല്ലാന്‍ ശ്രമിച്ചെന്നൊരു പരാതി ഇവിടെ കിട്ടിയിട്ടുണ്ട്. അതിപ്പോള്‍ തന്നെ എടുക്കണോ..?”
കുരങ്ങാട്ടി ഭയന്നെങ്കിലും വീണ്ടും പറയാന്‍ ഒരുങ്ങി.
പക്ഷേ പോലീസുകാരന്‍ വാ തുറക്കാന്‍ സമ്മതിച്ചില്ല. ”ഇനി വരുമ്പോള്‍ ആ കുരങ്ങനേയും കൊണ്ടുവരണം. താന്‍ അതിനെ കൊന്നില്ലെന്നു തെളിയിക്കാന്‍.”
ഭയപ്പെട്ട് കുരങ്ങാട്ടി വേഗം നടന്നു. എങ്ങനെയും മാര്‍ക്കോയെ കണ്ടെത്തണം. പിടിക്കണം. അല്ലെങ്കില്‍ ഇവിടെ നിന്നും രക്ഷപ്പെടണം. ഈ ലോകം മുഴുവന്‍ തനിക്കെതിരാണെന്ന് കുരങ്ങാട്ടിക്കു തോന്നി.
മാര്‍ക്കോയും തമാറയും സംതൃപ്തരായിരുന്നു. ഒരൊറ്റ രാത്രികൊണ്ട് നാടാകെ വിറപ്പിച്ചിരിക്കുന്നു.
(തുടരും)