മൈതാനത്തിന്റെ മൂലയിലെ കൊന്നമരച്ചുവട്ടിലായിരുന്നു ഹരിണന്‍. സ്വര്‍ണ്ണയരഞ്ഞാണം പോലെ ഞാന്നുകിടന്ന കൊന്നപ്പൂക്കുലയില്‍ നിന്നും അടര്‍ന്നുവീണ ഏതാനും പൂക്കള്‍ ഹരിണന്റെ ശരീരത്തില്‍ സ്വര്‍ണ്ണപ്പുള്ളികളായി. ക്ഷീണിച്ചു മയങ്ങുന്ന അവനെ കാണാനെന്ത് ഭംഗിയാണെന്നറിയാമോ? ലക്ഷണമൊത്ത കൂര്‍ത്ത ചെവികളും നെറ്റിത്തടവുമൊക്കെ ആരോഗ്യമുള്ളൊരു സുന്ദരന്‍ മാനിനു ചേര്‍ന്നവിധമായിരുന്നു. അവനങ്ങനെ കിടക്കുന്നതുകണ്ടാല്‍ കാലിന് വയ്യാത്ത കുട്ടിയാണെന്ന് ആരും പറയില്ല.
കരിനീലന്‍ കാക്കയായിരുന്നു അവനെ കണ്ടെത്തിയത്. അപ്പോഴേക്കും മറ്റെല്ലാവരും പരീക്ഷാവിജയത്തിന്റെ ആഘോഷങ്ങള്‍ കഴിഞ്ഞ് തിരിച്ചുപോയിരുന്നു.
“ഹരിണാ.. ഹരിണാ, എഴുന്നേല്‍ക്ക്. നിനക്കെന്തുപറ്റി?”
കരിനീലന്റെ പരുക്കന്‍ ശബ്ദം കേട്ട് ഹരിണന്‍ തലയുയര്‍ത്തി നോക്കി. എഴുന്നേല്‍ക്കാന്‍ കൂട്ടാക്കാതെ വീണ്ടുമവിടെത്തന്നെ തലചായ്ച്ചുകിടന്നു.
“നീയെന്താ ഇങ്ങനെയിവിടെ കിടക്കുന്നേ? നിനക്ക് വീട്ടിലേക്കു പോവണ്ടേ?”
“ങ്‌ഹേ! എന്താ ചോദിച്ചേ?”
“നിനക്ക് വീട്ടിലേക്കു പോവണ്ടേന്ന്. നീയിങ്ങിനെ വിഷമിച്ചു കിടന്നാല്‍ അച്ഛനുമമ്മയുമൊക്കെ പേടിക്കില്ലേ?”
“ഇല്ല. ഞാന്‍ പരീക്ഷയില്‍ തോറ്റുപോയി വീട്ടിലേക്ക് ചെന്നാല്‍ അച്ഛനുമമ്മയ്ക്കുമായിരിക്കും ഏറ്റവും വിഷമം. എന്നെ ഈയവസ്ഥയില്‍ കണ്ടാല്‍ അവര്‍ക്ക് താങ്ങാനാവില്ല. അവര്‍ക്ക് കരച്ചില്‍ നിര്‍ത്താനാവില്ല. അതുകൊണ്ടാണ് ഞാന്‍ ഇവിടെ കിടന്നത്.”
“നീ പരീക്ഷയില്‍ തോറ്റുപോയ കാര്യം അച്ഛനുമമ്മയുമറിഞ്ഞോ?”
“അവര്‍ക്കല്ലെങ്കിലുമറിയാം, ഞാന്‍ ജയിക്കില്ലെന്ന്. നല്ലവണ്ണം നടക്കാന്‍ പോലുമാകാത്ത എനിക്കെങ്ങനെ ഓട്ടമത്സരത്തില്‍ ജയിക്കാന്‍ സാധിക്കും? അമ്മയെപ്പോഴും സങ്കടപ്പെട്ട് കരയുന്നത് കാണാറുണ്ട്. പണ്ട് ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ മരത്തിന്റെ വേരിനിടയില്‍ കുടുങ്ങിപ്പോയതായിരുന്നു എന്റെ കാല്. അന്ന് വേണ്ട ചികിത്സ തന്നിരുന്നെങ്കില്‍ കാല് നേരെയാവുമായിരുന്നുവെന്നാണ് അമ്മയുടെ വിചാരം. അതോര്‍ത്ത് എപ്പോഴും കരയും.”
ഹരിണന്റെ കണ്ണീരൊഴുക്കിക്കൊണ്ടുള്ള വാക്കുകള്‍ കേട്ട് കരിനീലന്‍ കാക്ക കുറച്ചുനേരം എന്തോ ആലോചിച്ചിരുന്നു. എന്നിട്ട് പറഞ്ഞു.
“ഹരിണാ, നമുക്കൊരു കാര്യം ചെയ്യാം. ഇങ്ങനെ സങ്കടപ്പെട്ടിരുന്നിട്ട് ആര്‍ക്കും ഉപകാരമില്ല. അമ്മയ്ക്കും അച്ഛനുമൊക്കെ നിന്നെക്കാണാതിരുന്നാല്‍ വിഷമമാകുകയേയുള്ളൂ. എന്തിനുമൊരു പരിഹാരമുണ്ടല്ലോ. ഞാന്‍ നിന്നെ സഹായിക്കാം.”
“നീയെങ്ങനെയെന്നെ സഹായിക്കാനാണ്? നീയൊരു വെറും കാക്കയല്ലേ? നിനക്ക് വൈദ്യമൊന്നുമറിയില്ലല്ലോ എന്റെ കാലുശരിയാക്കാന്‍.”
“അങ്ങനെ നിരാശനാവല്ലേ. എന്നെ വിലകുറച്ചുകാണുകയും വേണ്ട. വൈദ്യമറിയില്ലെങ്കിലും നിന്റെ കാലിന്റെ വയ്യായ്ക മാറ്റാനാവില്ലെങ്കിലും എനിക്ക് നിന്നെ സഹായിക്കാന്‍ കഴിയും. നിനക്ക് പരീക്ഷയില്‍ ജയിച്ച് എല്ലാവരെയും പോലെ ഓടാനും ചാടാനും പഠിച്ചാല്‍ പോരേ? അതു ഞാനേറ്റു. വരൂ. വഴിയുണ്ട്. വേണ്ട പരിശീലനം ഞാന്‍ തരാം. നാളെ രാവിലെ മുതല്‍ നമുക്കതാരംഭിക്കാം. ഇക്കാര്യം തല്‍ക്കാലം നമ്മളല്ലാതെ മറ്റാരുമറിയേണ്ട. നീയിപ്പോള്‍ വീട്ടില്‍പ്പോകൂ.”
കരിനീലന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ഹരിണന് അല്പം ആശ്വാസമായി. ഒരാളെങ്കിലും സഹായിക്കാമെന്ന് പറഞ്ഞല്ലോ. ഒന്ന് ശ്രമിച്ചുനോക്കാം. അവന്‍ ഒരുവിധത്തിലെഴുന്നേറ്റ് വീട്ടിലേക്ക് നടന്നു. കരിനീലനെ അവന് വിശ്വാസമാണ്. കാക്ക തരുന്ന പരിശീലനം കൊണ്ട് ഓടാനും ചാടാനുമൊക്കെ പറ്റുമെങ്കില്‍ എത്ര സന്തോഷമുള്ള കാര്യമാണ്! ദ്വീപിലെ കാക്കകളുടെ കൂട്ടത്തില്‍ ഏറ്റവും സുന്ദരന്‍ കരിനീലനാണ്. അവന്റെ ചിറകുകള്‍ക്ക് കരിനീലനിറമാണ്. ഉണ്ണിക്കണ്ണന്റെ നിറം. അതുപോലുള്ള പെരുമാറ്റം. ഹരിണന് കാക്കയെ കെട്ടിപ്പിടിച്ച് ഉമ്മവെക്കാന്‍ തോന്നി. ഇത്രയും ആത്മവിശ്വാസം തരുന്നവിധത്തില്‍ ആരുമിതുവരെ സംസാരിച്ചിട്ടില്ല. അമ്മയോടും അച്ഛനോടും അതേക്കുറിച്ച് പറയുമ്പോള്‍ അവര്‍ക്കും സന്തോഷമാകും. ഹരി
ണന്‍ വീട്ടിലെത്തുമ്പോള്‍ അവനെയും പ്രതീക്ഷിച്ച് സങ്കടപ്പെട്ടിരിക്കുകയായിരുന്നു അച്ഛനുമമ്മയും. കരഞ്ഞു കരഞ്ഞു കണ്ണീരൊഴുക്കി അവരുടെ മുഖം വീര്‍ത്തുകെട്ടിയിരുന്നു.
“ങാ.. എന്റെ മോന്‍ വന്നോ.. വേഗം വാ. അമ്മ നിനക്ക് നല്ല ഇളംനാമ്പുള്ള പച്ചപ്പുല്ല് കൊണ്ടുവെച്ചിട്ടുണ്ട്.”
അമ്മ എവിടുന്നൊക്കെയോ ശേഖരിച്ചു കൊണ്ടുവരുന്ന ഇളം നാമ്പുള്ള പച്ചപ്പുല്ല് ഹരിണന് വലിയ ഇഷ്ടമാണ്. ദൂരെയെവിടെയും പോകാന്‍ സാധിക്കുന്നില്ലല്ലോയെന്ന സങ്കടം മറക്കുന്നതങ്ങനെയാണ്. നല്ല പച്ചപ്പുല്ല് കിട്ടണമെങ്കില്‍ വളരെ ദൂരം നടക്കണം.
“നീയിങ്ങനെ സങ്കടപ്പെട്ടു നില്‍ക്കല്ലേ. പരീക്ഷയില്‍ നമുക്കിനിയും ജയിക്കാം. ജയിച്ചില്ലേലും വേണ്ടില്ല. ഞങ്ങളൊക്കെ ഇതുപോലെ സ്‌കൂളില്‍ പഠിച്ചിട്ടും പരീക്ഷയില്‍ ജയിച്ചിട്ടുമൊക്കെയാണോ ജീവിക്കുന്നത്? നീയൊന്നുകൊണ്ടും പേടിക്കേണ്ട. ഞങ്ങളുള്ള കാലത്തോളം നിന്നെ ഞങ്ങള്‍ പൊന്നുപോലെ നോക്കും.”
(തുടരും)