- പാണ്ഡവോത്പത്തി (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 1)
- അഞ്ചു ഭ്രാതാക്കളോടൊപ്പം വളര്‍ന്നു! (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 2)
- പുത്തരിയില്‍ കല്ലുകടി! ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 3)
- കാളിന്ദീതീരത്തെ ഖാണ്ഡവപ്രസ്ഥത്തില്‍ ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 7)
- അകം പുകച്ച അസൂയ ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 4)
- അരക്കില്ലത്തില്‍ അവസാനിക്കാതെ (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 5)
- അജ്ഞാതവാസത്തിന്റെ അവസാനം (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 6)
രാജ്യം വിഭജിച്ചു!
വാസ്തവത്തില്‍ മാനംകാക്കാനും പ്രജകള്‍ക്കിടയില്‍ തനിക്കുള്ള മതിപ്പ് ഇടിയാതിരിക്കാനുമാണ് ധൃതരാഷ്ട്രര്‍, വിദുരരെ അയച്ച് സഹോദരപുത്രന്മാരെ ഹസ്തിനപുരത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നത്. മനോഭാവം കൊണ്ട് അദ്ദേഹത്തിന് തുടക്കം മുതല്‍ അവരോട് വൈമനസ്യമായിരുന്നു. തനിക്ക് വിഘാതം പാണ്ഡുവായിരുന്നതുപോലെ തന്റെ മക്കള്‍ക്ക് വിഘാതം പാണ്ഡുവിന്റെ മക്കളാണെന്ന് അദ്ദേഹം ഉള്ളിന്റെയുള്ളില്‍ വിശ്വസിച്ചു. ഗാന്ധാരിയും അതേ വിശ്വാസക്കാരിയാണെന്ന് അവരുടെ പ്രസവകാലത്തെ ആധി വെളിപ്പെടുത്തുന്നു. പാണ്ഡവര്‍ ഹസ്തിനപുരത്തില്‍ കാലുകുത്തിയതോടെ ധാര്‍ത്തരാഷ്ട്രരുടെ ഉറക്കം വീണ്ടും കെട്ടു! കര്‍ണ്ണന്റെ സഹായത്തോടെ അവര്‍ ഗൂഢാലോചന തുടങ്ങി. അരക്കില്ലത്തില്‍ പരാജയപ്പെട്ട അവര്‍ മറ്റൊരു ഇല്ലത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങി.
കൗരവപിതാമഹന്‍ ഭീഷ്മരാണെങ്കില്‍ ഉദാസീനനായിരുന്നു. കാരണവരെന്ന നിലയില്‍ ന്യായം നടപ്പാക്കുന്നതിനു പകരം സംഘര്‍ഷം ഒഴിവാക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. പ്രശ്‌നങ്ങളില്‍ നിന്നൊഴിഞ്ഞു മാറിയാല്‍ അവ കെട്ടടങ്ങുന്നതിന് പകരം ആളിക്കത്തി ബ്രഹ്‌മരക്ഷസ്സിനെപ്പോലെ പിടികൂടും എന്ന ലോകസത്യം സര്‍വജ്ഞനായ ഭീഷ്മര്‍ ഓര്‍ത്തില്ലെന്നു തോന്നുന്നു.
പാണ്ഡവന്മാര്‍ ഹസ്തിനപുരത്തിലെത്തി അധികം നാളായില്ല, അവര്‍ പൊതുജനപ്രീതി നിര്‍ലോഭം നേടി. ഏതാനും മാസങ്ങള്‍ നീങ്ങി. ധൃതരാഷ്ട്രര്‍ പാണ്ഡവരെ വിളിച്ചുപദേശിച്ചു. ”ഇനിയൊരിക്കല്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടാകരുത്. അതുകൊണ്ട് രാജ്യം പങ്കിടാന്‍ നിശ്ചയിച്ചിരിക്കുന്നു. ഹസ്തിനപുരത്തില്‍ എന്റെ മക്കളും ഖാണ്ഡവപ്രസ്ഥത്തില്‍ നിങ്ങളും നിര്‍വിഘ്‌നം വാഴുക.” മറിച്ചൊരു വാക്കും പറയാതെ വലിയച്ഛനെ താണുതൊഴുതുകൊ ണ്ട് അവര്‍ ഖാണ്ഡവപ്രസ്ഥത്തിലേയ്ക്ക് പുറപ്പെട്ടു. പാഞ്ചാലദേശത്തുനിന്നു തന്നെ അവരോടൊപ്പമുണ്ടായിരുന്ന വാസുദേവന്‍ ഇപ്പോളും അവരുടെ കൂടെ ഉണ്ടായിരുന്നു. നിലവില്‍ ഖാണ്ഡവപ്രസ്ഥം ഘോരമായ വനമായിരുന്നു.1
യമുനാതടത്തിലെ ഖാണ്ഡവപ്രസ്ഥം
ഹസ്തിനപുരം ഗംഗാതടത്തിലായിരുന്നു. ഖാണ്ഡവപ്രസ്ഥം യമുനാതടത്തിലും. ഗ്രന്ഥം സൂക്ഷിച്ചുവായിച്ചാല്‍ നമുക്ക് ഒരുകാര്യം മനസ്സിലാകും. ഗംഗാതടം താരതമ്യേന കൂടുതല്‍ പരിഷ്‌കൃതമായിരുന്നു. യമുനാതടം അങ്ങനെയായിരുന്നില്ല. അതിന്റെ തടത്തിലായിരുന്നു കാട്ടുജാതികള്‍ കൂടുതല്‍ പാര്‍ത്തിരുന്നത്. അവര്‍ ശക്തിശാലികളുമായിരുന്നു. അതാണ് കൃഷ്ണന്റെ കാളിയമര്‍ദ്ദനം സൂചിപ്പിക്കുന്നത്. കാളിന്ദീതീരത്തില്‍ ജനക്കൂട്ടത്തോടെ താമസിച്ചിരുന്ന നാഗമുഖ്യനായിരുന്നു കാളിയന്‍. അയാളുടെ ആയിരം ഫണങ്ങള്‍ അയാളുടെ പിന്തുണക്കാരുടെ എണ്ണമാണ്. ഉപദ്രവകാരികളായ അവരെ നശിപ്പിക്കുന്നതിനുപകരം അമര്‍ത്തി ഒതുക്കുകയാണ് ഗോകുലത്തിലെ ബാലകൃഷ്ണന്‍ ചെയ്തത്. കാളിന്ദീതീരം മുഴുവന്‍ അവരാല്‍ നിബിഡമായിരുന്നു. ഖാണ്ഡവപ്രസ്ഥം ഈ നദീതീരത്തിലായിരുന്നു.
ഹസ്തിനപുരത്തിലെ ധൃതരാഷ്ട്രരെ സംബന്ധിച്ചിടത്തോളം ഖാണ്ഡവപ്രസ്ഥം യമുനാതീരത്തില്‍ ശല്യമൊഴിവാക്കുന്നത്ര അകലത്തിലായിരുന്നു. സൂത്രശാലിയായ ധൃതരാഷ്ട്രര്‍ ഇവിടെ പ്രവര്‍ത്തിച്ചത് എക്കാലത്തും നിലവി ലുള്ള രാജതന്ത്രമനുസരിച്ചായിരുന്നു. പണ്ട് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ അസൗകര്യക്കാരായ ഉദ്യോഗസ്ഥരെ മൂന്നാറിലേയ്‌ക്കോ ദേവികുളത്തേയ്‌ക്കോ സ്ഥലംമാറ്റുകയായിരുന്നു പതിവ്. പൊതുജനമദ്ധ്യത്തില്‍ അതിന്റെ പേരായിരുന്നു ‘പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍.’ യുധിഷ്ഠിരാദികളുടെ ഖാണ്ഡവപ്രസ്ഥത്തിലേയ്ക്കുള്ള പറിച്ചുനടീല്‍ അത്തരമൊരു കൃത്യമായിരുന്നു.
വീണേടം വിഷ്ണുലോകം
എന്നാല്‍ പണ്ഡവരില്‍ മൂത്തവനായ യുധിഷ്ഠിരന്‍ എല്ലായ്‌പ്പോഴും ശുഭോദര്‍ക്കവാദിയായിരുന്നു. അദ്ദേഹത്തെ അക്ഷരംപ്രതി അനുസരിച്ചുകൊണ്ടിരുന്ന അനുജന്മാര്‍ക്കും ഈ ഗുണം പകര്‍ന്നുകിട്ടിയിരുന്നു. കൂടാതെ കൂടിയാലോചനയില്‍ അവരെ സഹായിക്കാന്‍ ദ്വീപില്‍ ദ്വാരക പടുത്തുയര്‍ത്തിയ ദ്വാരകാനാഥനും ഉണ്ടായിരുന്നു.
വലിയച്ഛന്റെ ദുരുദ്ദേശ്യം മനസ്സിലാക്കിക്കൊണ്ടുതന്നെ ധര്‍മ്മപുത്രര്‍ അനുസരിക്കാനൊരുങ്ങി. അമ്മയോടൊപ്പം ഐവര്‍ ആ ഘോരവനത്തിലേയ്ക്ക് പുറപ്പെട്ടു. ‘ഘോരം വനം പ്രതസ്ഥിരേ.’ വീണേടം വിഷ്ണുലോകമാക്കാനുള്ള ദൃഢനിശ്ചയമായിരുന്നു യുധിഷ്ഠിരന്റേത്.
യമുനാതീരത്തിലെ ഗോകുലം പോലെയായിരുന്നു യമുനാതീരത്തിലെ ഖാണ്ഡവപ്രസ്ഥവും. അവിടെ എത്തിയ ഉടന്‍ യുധിഷ്ഠിരഗണം ആ വാസസ്ഥലത്തെ ചുറ്റിനടന്ന് നിരീക്ഷിച്ചു. ലഭ്യമായ ഈ സഹകരണത്തോടെ ഒരു നഗരം പടുത്തുയര്‍ത്തി അതിന് ഇന്ദ്രപ്രസ്ഥം എന്ന് പേരിട്ടു. ഏറെ താമസിയാതെ ഇന്ദ്രപ്രസ്ഥം പ്രസിദ്ധമായി. അവിടെ വൈദികരും വൈശ്യരുമെല്ലാം വന്നുതുടങ്ങി. ഐശ്വര്യത്തോടെ യുധിഷ്ഠിരന്‍ അര്‍ദ്ധരാജ്യം വാണു. കാലക്രമേണ രാജ്യത്തിന് ചേരുംവിധം വലിയൊരു സഭാസൗധവും അനുപമശില്പിയായ മയന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ചു.
നാരദന്റെ ഗൃഹപാലനവ്യവസ്ഥ
വാഴ്ച തുടങ്ങി അധികമായില്ല, അവിടെ നാരദമുനി എഴുന്നെള്ളി. പ്രതീക്ഷാനിര്‍ഭരമായിരുന്നു അദ്ദേഹത്തിന്റെ വരവ്. അഞ്ച് സഹോദരന്മാര്‍ ഒരു സ്ത്രീയെ വേട്ടു എന്നദ്ദേഹത്തിന് അറിയാമായിരുന്നു. അതിനെച്ചൊല്ലി സഹോദരന്മാര്‍ തമ്മില്‍ത്തല്ലി നശിക്കരുത് എന്നദ്ദേഹം തീവ്രമായി ആഗ്രഹിച്ചു. കാരണം ശ്രീകൃഷ്ണന്റെ ദൗത്യം പൂര്‍ണ്ണമാകാന്‍ ഈ ധര്‍മ്മിഷ്ഠരുടെ പങ്കാളിത്തം അനിവാര്യമാണെന്ന് അദ്ദേഹം കരുതി. അതുകൊണ്ട് സാംസാരികമായ ദുര്‍വ്വാസനകള്‍ക്കിരയാകാതെ ഈ ഐവരെ കാക്കേണ്ടത് തന്റെ ഭാരമാണെന്നദ്ദേഹം കണക്കാക്കി. പ്രശ്‌നം പിന്നത്തേയ്ക്ക് നീട്ടിവെയ്ക്കാതെ ധര്‍മ്മപുത്രര്‍ ഇന്ദ്രപ്രസ്ഥം വാണുതുടങ്ങിയ പ്രാരംഭകാലത്തുതന്നെ ആ മനസ്വി അവര്‍ക്കിടയിലെത്തി. പാണ്ഡവരുടെ കാര്യത്തില്‍ ഇതുപോലെ സാര്‍ത്ഥകവും ആശാസ്യവുമായി ഇടപെട്ടുകൊണ്ടിരുന്ന രണ്ട് യോഗവാന്മാരാണ് വ്യാസനും കൃഷ്ണനും. നിശ്ചയമായും അവര്‍ രണ്ടുപേരും നാരദമുനിയുടെ തന്നെ പ്രതീക്ഷകള്‍ അവരെ സംബന്ധിച്ച് വെച്ചുപുലര്‍ത്തിയവരായിരിക്കാം ധാര്‍മ്മിക പുനഃസ്ഥാപനത്തിന്റെ കാര്യത്തില്‍ ധര്‍മ്മപുത്രര്‍ പ്രധാനപ്പെട്ട ഉപാദാനമായിരുന്നു.
ഇന്ന് പരക്കേ ധരിക്കപ്പെടുന്ന കലഹപ്രിയനായ നാരദരല്ല വ്യാസന്‍ ചിത്രീകരിച്ച നാരദന്‍. വ്യാസന്റെ നാരദന്‍ പെരുമാറ്റത്തില്‍ വക്രതയില്ലാത്തവനായിരുന്നു. ധര്‍മ്മത്തിന് കോട്ടം തട്ടാതെ പെരുമാറുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനായിരുന്നു (അക്ഷീണവൃത്തധര്‍മഃ). നീതിനയങ്ങളില്‍ എല്ലായ്‌പ്പോഴും ശ്രദ്ധിക്കുന്നവനായിരുന്നു (നയനീതൗ നിരതഃ). ജീവിതത്തില്‍ ആദ്യമായിരുന്നു പാണ്ഡവരും ദ്രൗപദിയും മഹാമുനിയെ ദര്‍ശിച്ചത്. രാജകീയസല്‍ക്കാരം സസന്തോഷം സ്വീകരിച്ചുകഴിഞ്ഞ് ദ്രൗപദിയോട് അന്തപ്പുരത്തില്‍ പോകാന്‍ അദ്ദേഹം താത്പര്യപ്പെട്ടു. എന്തോ ഗൗരവമായ കാര്യം പറയാനോ അറിയിക്കാനോ ആണ് മുനിയുടെ സമാഗമം എന്ന് അപ്പോള്‍ തന്നെ ധര്‍മ്മപുത്രര്‍ മനസ്സിലാക്കി. അദ്ദേഹവും അനുജന്മാരും കാതോര്‍ത്തിരുന്നു. സദസ്സില്‍ മറ്റാരുമുണ്ടായിരുന്നില്ല. അവരോട് ആര്‍ജ്ജവത്തോടെ മാമുനി മൊഴിഞ്ഞു.
”ഐശ്വര്യവതിയായ ദ്രുപദസുതയാണല്ലോ നിങ്ങളുടെ പൊതുഭാര്യ. അതുമൂലം തമ്മില്‍ ഭേദമുണ്ടാകരുത്. നിങ്ങളുടെ ആചരണം അത്തരത്തിലുള്ളതായിരിക്കണം. അക്കാര്യത്തില്‍ പ്രത്യേകശ്രദ്ധ വേണം. അന്യോന്യപ്രീതി ശിഥിലമാകാതെ ശ്രദ്ധിക്കണം. പണ്ട് ഒരിക്കലും വേര്‍പെടാത്ത രണ്ട് സഹോദരന്മാരുണ്ടായിരുന്നു. സുന്ദന്‍, ഉപസുന്ദന്‍. അധികാരമദം അവരുടെ സമ്യഗ്ദൃഷ്ടി നശിപ്പിച്ചു. എന്നാലുമവര്‍ ആരാലും ജയിക്കപ്പെടാതെ ലോകം വാഴ്ന്നു. സഹിക്കവയ്യാതെ ദേവഗണം യോജനപ്രകാരം ആ ദ്വയത്തിന് മുമ്പില്‍ ത്രിഭുവനസുന്ദരിയായ തിലോത്തമയെ അയച്ചു. അവളില്‍ അത്യന്തം ആകൃഷ്ടരായ ആ രണ്ട് സഹോദരന്മാരും അവളെ ചൊല്ലി തമ്മില്‍തല്ലി മരിച്ചു. ആ ദുര്‍ഗതി നിങ്ങള്‍ക്കു വരരുത്. അതിന് പറ്റിയ വ്യവസ്ഥ നേരത്തെ ചെയ്യണം (ആദിപര്‍വം. – 207 – 18 – 21). പറഞ്ഞതെല്ലാം ഐവര്‍ കേട്ടു. എന്തുചെയ്യണമെന്നാലോചിച്ചിരുന്നു. സൗഹൃദത്തോടെ നാരദര്‍ തന്നെ വ്യവസ്ഥയ്ക്കു മുന്‍കയ്യെടുത്തു. അദ്ദേഹം അഭിപ്രായപ്പെട്ടു. ”ഒരു പാണ്ഡവന്റെ കൂടെ ദ്രൗപദി ഒരു കൊല്ലം താമസിക്കും. അക്കാലത്ത് മറ്റാരും തന്നെ അവിടെ കടന്നുചെല്ലരുത്. അങ്ങനെ ചെയ്തവന്‍ വ്യവസ്ഥ ലംഘിച്ചെന്നു കരുതണം. പ്രായശ്ചിത്തമായി പന്ത്രണ്ടുവര്‍ഷം കാടു പൂകണം.” ഐവര്‍ സമ്മതിച്ചു (ആദിപര്‍വം. – 211). ഈ വ്യവസ്ഥ യുധിഷ്ഠിരന്റെ നേതൃത്വത്തില്‍ സഹോദരന്മാര്‍ ആയുഷ്‌ക്കാലം മുഴുവന്‍ പാലിക്കാന്‍ തുടങ്ങി.