- കാടുന മൂപ്പെ കരിന്തണ്ടെ
- നാന്‍ കാടുന മകെ (കാടുന മൂപ്പെ കരിന്തണ്ടെ 2)
- നാങ്കെ ഇപ്പിമലെ നമക്ക( കാടുന മൂപ്പെ കരിന്തണ്ടെ 3)
- ഏക്കും മരണം ഉള (എനിക്കും മരണമുണ്ട്) കാടുന മൂപ്പെ കരിന്തണ്ടെ 25
- കാലം മറന്തെയി (കാടുന മൂപ്പെ കരിന്തണ്ടെ 4)
- ചതി പണിയരു ചയിക്ക (ചതി പണിയര്‍ സഹിക്കില്ല)( കാടുന മൂപ്പെ കരിന്തണ്ടെ 6)
- മൂപ്പെ കദെ പറയ്ഞ്ചു (കാടുന മൂപ്പെ കരിന്തണ്ടെ 5)
യാത്ര പുറപ്പെടുന്നതിന് തൊട്ടു മുമ്പുള്ള രാത്രി ചാമന്‍ തന്റെ കുടിലില്‍ ഒളിച്ചിരുന്നത് അയാള്‍ ഓര്‍മ്മിച്ചു. ഊരുറങ്ങിയിട്ടു വേണം അയാള്‍ക്ക് പുറത്തിറങ്ങാന്‍ – ഊരില്‍ ആരെങ്കിലും അയാളെ കണ്ടാല്‍ പിന്നെ എന്തായിരിക്കും സംഭവിക്കുക എന്ന കാര്യത്തില്‍ അയാള്‍ക്ക് നല്ല പേടിയുണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണ് തന്റെ സമ്മതമില്ലെങ്കിലും കൂരയുടെ ഓലവാതില്‍ തുറന്ന് അകത്ത് കയറി അയാളിരുന്നത്. സത്യത്തില്‍ രാത്രി വളരെ വൈകിയ ശേഷം കുടിലിലെത്തിയതുകൊണ്ട് അകത്ത് തീരെ പ്രതീക്ഷിക്കാത്ത ഒരാളെ കണ്ടപ്പോള്‍ ഒന്നു ഞെട്ടിയതാണ്. ചാമനാണെന്ന് വാതില്‍ തുറന്ന് അകത്ത് കയറിയപ്പോഴേ മനസ്സിലായി. എന്തോ തന്നെഅറിയിക്കാന്‍ വന്നതാണയാള്‍. കാര്യങ്ങളൊക്കെ എങ്ങനെയോ രഹസ്യമായി ചാമന്‍ അറിയുന്നുണ്ട്. ‘ചാമനെന്താ ഈ രാത്രി ഞാനറിയാതെ എന്റെ കുടിലില്‍ കേറിയിരിക്കുന്നത്?’ കരിന്തണ്ടന്‍ അല്പം ഗൗരവത്തോടെയാണ് ചോദിച്ചത്. ‘മൂപ്പന്‍ വഴി കാണിച്ച് കൊടുക്കാന്‍ തന്നെ തീരുമാനിച്ചു അല്ലേ – നാളെ യാത്ര തുടങ്ങുകയാണെന്നറിഞ്ഞു. യാത്രയില്‍ നാടുവാഴിയുടെ ആവശ്യപ്രകാരം തമ്പാന്‍ കൂടെയുണ്ടാകും. സായിപ്പന്മാരോ രാജാവോ അയാളോട് കൂടെ വരാന്‍ ആവശ്യപ്പെട്ടിട്ടില്ല. ആരും ക്ഷണിക്കാതെ ഇക്കണ്ട വഴി മുഴുവന്‍ നടക്കാന്‍ അയാള്‍ ഒരുങ്ങിവരുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ നാടുവാഴിയും അയാളും കൂടി എന്തൊക്കെയോ കുടില തന്ത്രങ്ങള്‍ ഒരുക്കിയിട്ടുണ്ടാവും. ഉറങ്ങിക്കിടക്കുമ്പോള്‍ പോലും അയാളെ ശ്രദ്ധിക്കണം. ചതി മാത്രമാണയാള്‍ക്കറിയുന്ന ഒരേ ഒരു കാര്യം. ഈ വിവരം മൂപ്പനെ അറിയിക്കാന്‍ മാത്രം വന്നതാണ്. നിങ്ങളറിയാതെ ഞാനും നിങ്ങളെ പിന്‍തുടരും – പക്ഷ എത്രകണ്ട് അത് വിജയിക്കുമെന്ന് അറിയില്ല. പക്ഷെ പരമാവധി പരിശ്രമിക്കും. മൂപ്പന്‍ എങ്ങനെയെങ്കിലും എന്നെ കണ്ടാല്‍ അവരെ അറിയിക്കരുത്. ഞാന്‍ വരുന്നത് തമ്പാന്റെ ചതിയെന്താണെന്ന് കണക്കുകൂട്ടിയിട്ടാണ്. അതിന് മൂപ്പന്‍ സമ്മതം തരണം’ – അത് കേട്ട് കരിന്തണ്ടന്‍ ചിരിച്ചു. ‘ഇതു പറയാനാണോ ഈ രാത്രിയില്‍ ഇത്ര കഷ്ടപ്പെട്ട് നീ ഇവിടെ വന്നത്. നീ പേടിക്കേണ്ട മൂനീച്ചരന്റ ഈ വള എന്റെ കൈയിലുള്ള കാലത്തോളം എന്നെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല’ . ‘അതെനിക്ക് വിശ്വാസമുണ്ട്. പക്ഷെ, ആ വളയുടെ ശക്തിയെക്കുറിച്ച് തമ്പാനറിയാം. ഒരിക്കല്‍ വാറ്റുചാരായവും കഴിച്ചിരിക്കുമ്പോള്‍ ഊരിനെ കാക്കുന്ന മുനീച്ചരനെ കുറിച്ചും അദ്ദേഹത്തിന്റെ ദിവ്യമായ വളയെ കുറിച്ചും ഞാന്‍ തമ്പാനോട് പറഞ്ഞിട്ടുണ്ട്. അതൊന്നും വിശ്വസിക്കാത്ത രീതിയിലാണ് അന്നയാള്‍ സംസാരിച്ചത്. എന്തായാലും മൂപ്പന്‍ നന്നായി ശ്രദ്ധിക്കണം. ആരുടേയും കണ്ണില്‍പ്പെടാതെ നിങ്ങളെ പിന്‍തുടരാന്‍ എനിയ്ക്കു കഴിയണം. അതിനു വേണ്ടി മുനീച്ചരനോടും ഇപ്പി മലദൈവങ്ങേളാടും പ്രാര്‍ത്ഥിക്കണം’- ചാമന്റെ വാക്കുകളില്‍ നിറഞ്ഞു നിന്ന ആത്മാര്‍ത്ഥത കരിന്തണ്ടന്‍ കണ്ടു. ചെയ്ത തെറ്റുകള്‍ക്ക് പ്രായശ്ചിത്തം ചെയ്യുകയാണ് അയാള്‍. ഉള്ളുരുകി നീറുന്ന കുറ്റബോധത്തേക്കാള്‍ വലിയ പ്രായശ്ചിത്തം മറ്റെന്തുണ്ട്. ഒരു തരത്തില്‍ ചിന്തിച്ചാല്‍ അയാള്‍ ചെയ്ത തെറ്റുകള്‍ക്കുള്ള ശിക്ഷ അയാള്‍ അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു. ചാമന്‍ പോയ ശേഷം കുറച്ചൊന്നുറങ്ങാനേ കരിന്തണ്ടന് കഴിഞ്ഞൊള്ളൂ. ഏഴര വെളുപ്പിനുണര്‍ന്നു. മുനീച്ചരന്റെ കല്ലിനു മുമ്പില്‍ വിളക്ക് വച്ച് പ്രാര്‍ത്ഥിച്ച് കൈവള അണിഞ്ഞു. ഇപ്പി മലദൈവങ്ങളെ പാടിയുണര്‍ത്തി. വള്ളിയൂര്‍കാവിലമ്മയെ മനസ്സില്‍ തൊഴുതു. അങ്ങനെ കുളിയും ജപവും പ്രാര്‍ത്ഥനയുമൊക്കെ കഴിഞ്ഞപ്പോഴേക്കും ഉദയ മാന പര്‍വ്വതത്തില്‍ ആദിത്യ ഭഗവാന്‍ എഴുന്നള്ളിക്കഴിഞ്ഞിരുന്നു. ഊരിലെ പ്രധാനപ്പെട്ടവരൊക്കെ കരിന്തണ്ടനെ യാത്രയാക്കാന്‍ രാവിലെ തന്നെ വരുമെന്നത് കരിന്തണ്ടനറിയാം. എല്ലാവരും വന്ന ശേഷം ദൈവങ്ങള്‍ക്കുവേണ്ടി ഒന്നു തുടിച്ച് പാടി പുറപ്പെടാമെന്നാണ് ഊരിന്റെ തീരുമാനം. ആദ്യമെത്തിയത് വെളുക്കനായിരുന്നു. അത് നന്നായി എന്ന് കരിന്തണ്ടന് തോന്നി. വെളുക്കനോട് കരിന്തണ്ടന്‍ കാര്യങ്ങളെല്ലാം വിശദീകരിച്ചു. ‘ചാമന് വലിയ കുറ്റബോധമുണ്ട്. യഥാര്‍ത്ഥത്തില്‍ പാറ്റയുടെ മരണത്തില്‍ അവന് കാര്യമായ പങ്കൊന്നുമില്ല. അന്ന് നീ ചോദിച്ചില്ലേ, ചാമന്‍ രഹസ്യമായി വന്ന് എന്നെ കണ്ടിരുന്നോ എന്ന്. അന്ന് ഞാനൊന്നും പറയാതിരുന്നത് അയാള്‍ പറഞ്ഞതിന്റെ സത്യാവസ്ഥ മനസ്സിലാക്കാനായിരുന്നു. ഇപ്പോള്‍ ഞാനുറപ്പിച്ചു. അയാള്‍ പറഞ്ഞത് സത്യമാണ്. പിന്നെ കാര്യങ്ങള്‍ ഞാന്‍ കാരാമയേയും കോയ്മയേയും അറിയിച്ചിട്ടുണ്ട്. അവന്‍ ഊരില്‍ തിരിച്ചു വന്നാല്‍ അവനെ ഊരിന്റെ മകനായി തന്നെ കാണണം. നിന്നോടിതൊക്കെ പറയുന്നത് എല്ലാറ്റിനും മുമ്പില്‍ നീയുണ്ടാവണം എന്ന് കരുതിയിട്ടാണ്’. ‘മൂപ്പനെന്തിനാ ഇതൊക്കെ ഇപ്പോള്‍ പറയുന്നത്? മൂപ്പന്‍ ഊരില്‍ തിരിച്ച് വരുന്നതിന് മുമ്പ് ചാമന്‍ വരുമെന്ന് മൂപ്പന്‍ കരുതുന്നുണ്ടോ?’
‘മനുഷ്യന്റെ കാര്യമല്ലേ, ഒന്നും പറയാന്‍ കഴിയില്ലല്ലോ. ഏക്കും മരണം ഉള- എനിക്കും മരണമുണ്ട് – ഞാന്‍ വന്നാലും വന്നില്ലെങ്കിലും ഊരില്‍ സത്യത്തിനും ധര്‍മ്മത്തിനും വിലയുണ്ടാകണം. ഇപ്പിമലയുടേയും കോരപ്പള്ളിയുടേയും മക്കള്‍ തമ്മിലടിച്ച് പിരിയരുത്. അതിനുവേണ്ടി പറഞ്ഞതാണ്;’ മൂപ്പന്റെ സംസാരത്തില്‍ ചില അവ്യക്തതകള്‍ വെളുക്കന് തോന്നി. എന്നാല്‍ കൂടുതല്‍ ചോദിക്കാനുള്ള സമയം കിട്ടുന്നതിനു മുമ്പേ ഊരിലെ പ്രമാണികളും സ്ഥാനികളുമൊക്കെ വന്നു കഴിഞ്ഞിരുന്നു. പിന്നെ യുവാക്കള്‍ ചിലര്‍ തുടിയും കുഴലുമെടുത്ത് വട്ടത്തില്‍ നിന്നു. കാരണവന്മാര്‍ വാദ്യങ്ങളുടെ താളത്തിനനുസരിച്ച് മലദൈവങ്ങളെ സ്തുതിച്ച് പാടുവാന്‍ തുടങ്ങി. എല്ലാം കഴിഞ്ഞ് എല്ലാവരും കൂടി തന്നെ ആചാരങ്ങള്‍ പാലിച്ച് കരിന്തണ്ടനെ മലയടിവാരത്തിലെത്തിച്ചു. അപ്പോള്‍ അവിടെ നടുവാഴിയും രാജപ്രതിനിധിയും ഉണ്ണിത്താനുമടക്കമുള്ളവര്‍ എത്തിക്കഴിഞ്ഞിരുന്നു. എല്ലാവരുടേയും അനുഗ്രഹം വാങ്ങി കരിന്തണ്ടന്‍ മുന്നില്‍ നടന്നു. തൊട്ടു പിറകില്‍ എഞ്ചിനീയറും.
പരസ്പരം പേടിച്ചും പേടിപ്പിച്ചും ഏഴ് രാവും പകലുമാണ് അവര്‍ നടന്ന് തീര്‍ത്തത്. കരിന്തണ്ടന്‍ ഒറ്റയ്ക്കാണെങ്കില്‍ ഒറ്റ ദിവസം കൊണ്ട് കയറിയിറങ്ങി തന്റെ കുടിലിലെത്തി കഴിഞ്ഞിരിക്കും. മലമുകളിലെത്താറായി എന്ന് മനസ്റ്റിലായപ്പോള്‍ തമ്പാന് പോയ ധൈര്യം തിരിച്ചു വന്നു തുടങ്ങി. അദ്ദേഹം രഹസ്യമായി എഞ്ചിനീയറോട് ചോദിച്ചു. ‘സര്‍, എത്ര കാലമായി വഴി കണ്ടെത്താനുള്ള പരിശ്രമം തുടങ്ങിയിട്ട്.’ എഞ്ചിനീയര്‍ ആത്മവിശ്വാസം നിറഞ്ഞ ഒരു പുഞ്ചിരിയോടെ പറഞ്ഞു. ‘ഏറെ വര്‍ഷങ്ങളായി. എത്ര വര്‍ഷങ്ങളായാലെന്ത് എന്റെ ലക്ഷ്യം ഞാന്‍ കണ്ടെത്തിയില്ലേ?’ അപ്പോള്‍ ചിരിച്ചത് തമ്പാനാണ്. ‘സാറല്ലല്ലോ കണ്ടെത്തിയത്, കരിന്തണ്ടനല്ലേ? അതും ഒരു സായിപ്പ് വര്‍ഷങ്ങള്‍ ശ്രമിച്ചിട്ടും കണ്ടെത്താന്‍ കഴിയാത്തത് വെറും ആറേഴ് ദിവസം കൊണ്ട് ഒരു പണിയന്‍ കണ്ടെത്തി. സത്യത്തില്‍ സാറിനിതൊരു മാനക്കേടല്ലേ.’ എഞ്ചിനിയറുടെ മുഖം ചുവന്നു. അദ്ദേഹം ആ നിമിഷം വരെ ചിന്തിക്കാത്ത ഒന്നായിരുന്നു തമ്പാന്‍ പറഞ്ഞത്. തന്റെ വാക്കുകള്‍ സായ്പിന് കൊള്ളുന്നുണ്ടെന്ന് കണ്ട തമ്പാന്‍ പറഞ്ഞു. ‘ ഞാന്‍ പറഞ്ഞത് സായിപ്പിന് മനസ്സിലാകുന്നുണ്ടല്ലോ. സാറിന്റെ കഠിനാധ്വാനത്തിന്റെ പേരും പെരുമയും കരിന്തണ്ടന്‍ കൊണ്ടുപോകുമെന്ന് സാരം. അതില്ലാതിരിക്കണമെങ്കില്‍ അങ്ങനെയൊരാളില്ലാതിരിക്കണം. അങ്ങനെയൊരാള്‍ നമ്മുടെ കൂടെ വന്നിട്ടില്ല. വഴി കാണിച്ചിട്ടില്ല. വന്നത് ഊരിലുള്ളവരൊക്കെ അറിഞ്ഞതാണ്. രാജ്യ പ്രതിനിധി കണ്ടതും. പക്ഷെ പണിക്കാരൊക്കെ നാടുവാഴി പറയുന്നതേ കേള്‍ക്കൂ – അത്രയും വിശ്വസ്തരായവരേ നമ്മുടെ കൂടെ വന്നിട്ടുള്ളൂ. കരിന്തണ്ടന്‍ -അങ്ങനെ ഒരാള്‍ ഈ കൂട്ടത്തിലുണ്ടായിരുന്നില്ലെന്ന് അവര്‍ ഉറപ്പിച്ചു പറയും. പിന്നെ സാറിന്റെ സേവകന്മാരെ കൊണ്ട് അങ്ങനെ പറയിച്ചു കൂടെ? കാട്ടില്‍ കയറിയ കരിന്തണ്ടന്‍ നമ്മളെ ഒറ്റയ്ക്കാക്കി എങ്ങോട്ടോ ഓടിപ്പോയി. പിന്നെ സര്‍ കഷ്ടപ്പെട്ടാണ് വഴി കണ്ടെത്തിയത്. അങ്ങനെ വന്നാല്‍ ഈ വഴിയുടെ പേരും പെരുമയും സാറിന് മാത്രമായിരിയ്ക്കും. തമ്പാന്റെ വാക്കുകള്‍ എഞ്ചിനീയറുടെ ഹൃദയത്തില്‍ തന്നെയാണ് കൊണ്ടത്. തമ്പാന്‍ പറയുന്നതില്‍ ഒരുപാട് കാര്യമുണ്ടെന്ന് അയാള്‍ക്ക് തോന്നി. അയാള്‍ തമ്പാനെ തന്നെ നോക്കി. തമ്പാന്‍ തുടര്‍ന്നു. ‘അങ്ങനെയൊക്ക വരണമെങ്കില്‍ കരിന്തണ്ടനില്ലാതാകണം. ആരുമറിയാതെ കരിന്തണ്ടനെ കുഴിച്ചുമൂടണം. ഇവിടെയുള്ളവര്‍ മുഴുവന്‍ നമുക്കൊപ്പം നില്‍ക്കും. ചെയ്യാന്‍ സാറിന് ധൈര്യമുണ്ടോ?’ എഞ്ചിനീയര്‍ കുറച്ചുനേരം ഗാഢമായ ചിന്തയിലായിരുന്നു. അപ്പോഴേക്കും മലയുടെ ഏറ്റവും മുകളിലെത്തിയ കരിന്തണ്ടന്‍ വിളിച്ചു പറഞ്ഞു. ‘ഇതാ നമ്മള്‍ ലക്ഷ്യത്തിലെത്തി. ഒന്നു വേഗം വരൂ’. കരിന്തണ്ടന്റെ ആഹ്ലാദം സായിപ്പിന് വല്ലാത്ത ഒരസ്വസ്ഥതയായി. തമ്പാന്റെ വാക്കുകള്‍ അയാളുടെ ഉള്ളില്‍ കിടന്ന് പുകഞ്ഞു. മുകളിലേക്ക് നടക്കുമ്പോള്‍ തമ്പാന്‍ വീണ്ടും സായിപ്പിന്റെ കാതില്‍ പറഞ്ഞു. ഒറ്റയ്ക്ക് ഏറ്റുമുട്ടി അയാളെ ഇല്ലാതാക്കാമെന്നൊന്നും വിചാരിക്കരുത്. കരിമരുതിന്റെ ശക്തിയാണയാള്‍ക്ക്. പോരാത്തതിന് നല്ല അഭ്യാസിയും. പിന്നില്‍ നിന്ന് പറ്റുമെങ്കില്‍ വെടിവെയ്ക്കാം. കാടിന് പുറത്തെ വെളിച്ചം കണ്ട് അങ്ങാട്ട് തന്നെ നോക്കി മലദൈവങ്ങളെ പ്രാര്‍ത്ഥിച്ചു നില്‍ക്കുകയായിരുന്നു കരിന്തണ്ടന്‍. പിന്നില്‍ തമ്പാന്റെ വാക്കുകള്‍ കേട്ടു നടന്നിരുന്ന സായിപ്പ് അവിടെ നിന്നു. വഴി വെട്ടുന്നവര്‍ കുറേ പിന്നിലാണ്. അവരുടെ സംസാരം കേള്‍ക്കാമെങ്കിലും പരസ്പരം കാണാന്‍ കഴിയില്ല. സായിപ്പ് അംഗരക്ഷകന്റെ കൈയില്‍ നിന്ന് തോക്ക് വാങ്ങി. കാരിരുമ്പുപോലെ വെട്ടി തിളങ്ങുന്ന കരിന്തണ്ടന്റെ പുറഭാഗത്ത് മുത്തുമണികള്‍ ഉരുണ്ടു കൂടിയതുപോലെ വിയര്‍പ്പ് കണങ്ങള്‍ പൊടിഞ്ഞിരുന്നു. സായിപ്പ് അവിടേയ്ക്ക് മാത്രം നോക്കി ഒരു നിമിഷം ഉന്നം പിടിച്ചു. പിന്നെ ഒരു വലിയ ശബ്ദം മാത്രം തോക്ക് ഗര്‍ജ്ജിച്ചു. പക്ഷെ പ്രതീക്ഷിച്ചതു പോലെ കരിന്തണ്ടന്‍ വീണില്ല. ഉന്നം തെറ്റിയെന്ന് സായിപ്പിനും മനസ്സിലായി. ഉന്നം നോക്കി വെടിവെയ്ക്കുന്ന കാര്യത്തില്‍ ഒരിക്കലും തെറ്റുപറ്റാത്ത സായിപ്പിന് അത് ആദ്യ അനുഭവമായിരുന്നു. കരിന്തണ്ടന്‍ പെട്ടെന്ന് തിരിഞ്ഞപ്പോള്‍ തമ്പാന്‍ പറഞ്ഞു. ‘ആചാരവെടി. അതും വേണ്ടതല്ലേ – കാടും മലയും പകുത്ത് നമ്മളിവിടെയെത്തിയതിന്റെ സന്തോഷം.’ ‘അതു നന്നായി – താഴെ വഴിവെട്ടി വരുന്നവര്‍ ഭയപ്പെട്ടോ ആവോ’ – ‘വഴിയില്ല. കാര്യങ്ങളൊക്കെ അവര്‍ക്കും ഊഹിയ്ക്കാവുന്നതല്ലേ’. കരിന്തണ്ടന് മറ്റു ചിന്തകളൊന്നുമുണ്ടായിട്ടില്ല എന്നോര്‍ത്തപ്പോള്‍ സായിപ്പിനും തമ്പാനും ധൈര്യമായി. കരിന്തണ്ടന്‍ വീണ്ടും പഴയ പോലെ തിരിഞ്ഞു നിന്നതും സായിപ്പ് രണ്ടാമതും ഉന്നം നോക്കി വെടി വെച്ചു. പക്ഷെ അതും ഉന്നം തെറ്റി. കരിന്തണ്ടന്‍ തിരിയുന്നതിനു മുമ്പേ തമ്പാന്‍ ഉറക്കെ പറഞ്ഞു. ആചാരവെടി മൂന്ന് പ്രാവശ്യം വേണം. വേഗം മൂന്നാമേത്തതു കൂടി വെയ്ക്കൂ. അത് കേട്ടുകൊണ്ടാണ് കരിന്തണ്ടന്‍ പിന്നിലേയ്ക്ക് തിരിഞ്ഞത്. അപ്പോള്‍ സായിപ്പ് വെടിവെക്കാന്‍ വേണ്ടി തോക്ക് മുകളിലേക്കുയര്‍ത്തിയിരുന്നു. മൂന്നാമത്തെ വെടിയുണ്ട ആകാശത്തേക്ക് പറന്നപ്പോള്‍ തോക്ക് സഹായിയുടെ കൈയില്‍ തന്നെ കൊടുത്ത് സായിപ്പ് കരിന്തണ്ടന്റെ സമീപത്തു വന്ന് അയാളെ കെട്ടിപ്പിടിച്ചു ചുംബിച്ചു. പിന്നെ എല്ലാവരും താഴെ ഒരു പാറപ്പുറത്തിരുന്നു.
എന്തുകൊണ്ട് രണ്ട് പ്രാവശ്യം തനിക്കുന്നം തെറ്റി എന്നതായിരുന്നു സായിപ്പിന്റെ ചിന്ത. രണ്ട് പ്രാവശ്യവും വെടിപൊട്ടിയ അതേ സമയത്ത് തോക്കിന്റെ കുഴല്‍ ആരോ ബലമായി തട്ടിമാറ്റിയപോലെയാണ് അയാള്‍ക്ക് തോന്നിയത്. ഇന്നുവരെ അങ്ങനെ ഒരു അനുഭവം തനിക്കുണ്ടായിട്ടില്ല. എന്തുകൊണ്ടായിരിക്കുമത്. തമ്പാനെ ഒറ്റയ്ക്ക് കിട്ടിയപ്പോള്‍ സായിപ്പ് അത് തുറന്നു ചോദിച്ചു. അപ്പോളാണ് തമ്പാന്‍ ആ കാര്യം ഓര്‍ത്തത്. അന്ന് ചാമന്‍ പറഞ്ഞ കാര്യം. അയാളുടെ കൈയില്‍ ആ വള കിടക്കുന്ന കാലത്തോളം ആര്‍ക്കും അയാളെ ചതിക്കാന്‍ കഴിയില്ല. അത് ശരിയായിരിക്കണം. കുളിക്കുമ്പോളും ഉറങ്ങുമ്പോളും അയാള്‍ വള ഊരി വെയ്ക്കും എന്ന കാര്യവും ചാമന്‍ പറഞ്ഞത് തമ്പാനോര്‍മ്മിച്ചു. എന്നാല്‍ കാട്ടില്‍ കഴിഞ്ഞ രാത്രികളില്‍ അയാള്‍ ഉറങ്ങുമ്പോഴും വള ഊരി വച്ചിരുന്നില്ല. കാര്യങ്ങള്‍ തമ്പാന്‍ സായിപ്പിനെ പറഞ്ഞു മനസ്സിലാക്കി. വള ഊരിവയ്ക്കുന്ന ഒരു സന്ദര്‍ഭത്തിനു വേണ്ടി അവര്‍ കാത്തിരുന്നു.
വീണ്ടും കരിന്തണ്ടന്‍ അവരോടൊത്ത് കൂടിയപ്പോള്‍ തമ്പാന്‍ പറഞ്ഞു. ‘എത്ര ദിവസമായി ഒന്നു ശരിയ്ക്ക് കുളിച്ചിട്ട്? മലയിറങ്ങുന്നതിന് മുമ്പ് ഒന്ന് കുളിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.’ ‘ശരിയാണ് ഒന്ന് കുളിച്ച് മലദൈവങ്ങളെ പ്രാര്‍ത്ഥിച്ചു വേണം താഴേക്കിറങ്ങാന്‍ – ഇവിടെ അടുത്തെവിടെയെങ്കിലും കുളമോ വല്ല നീരൊഴുക്കോ ഉണ്ടാവും. നമുക്ക് നോക്കാം. വഴി വെട്ടി വരുന്നവര്‍ ഇവിടെയെത്തുമ്പോഴേക്കും നമുക്ക് തിരിച്ചുവരാം’ കരിന്തണ്ടന്‍ എഴുന്നേറ്റപ്പോള്‍ താമ്പാനും സായിപ്പും അംഗരക്ഷകരും കൂടെ എഴുന്നേറ്റു. അധികം അന്വേഷിക്കേണ്ടി വന്നില്ല ഒരു ചെറിയ ചോല കണ്ടെത്തുവാന്‍. തമ്പാന്‍ വസ്ത്രങ്ങളോരോന്നഴിക്കാന്‍ തുടങ്ങി. കരിന്തണ്ടന്‍ തന്റെ വളയഴിച്ച് പാറയുടെ മേല്‍ വെച്ച ശേഷം ഒരു തോര്‍ത്തു മുണ്ടും ചുറ്റി ചോലയിലേയ്ക്കിറങ്ങി. പിന്നില്‍ മരത്തിനിടയില്‍ മറഞ്ഞ് നിന്ന് കൃത്യമായി ഉന്നം നോക്കുന്ന സായിപ്പിനെ കുറിച്ചയാള്‍ ചിന്തിച്ചതു പോലുമില്ല. ‘മൂപ്പാ ചതി…….’ ദൂരെ നിന്ന് ആരോ അലറുന്ന ശബ്ദം അയാള്‍ കേട്ടു. അതെ അത് ചാമന്റെ ശബ്ദം തന്നെ. ഞെട്ടിത്തരിച്ച അയാള്‍ ചോലയില്‍ നിന്ന് കരയിലേക്ക് കയറാന്‍ തുടങ്ങുമ്പോഴേയ്ക്കും വെടി പൊട്ടി. അരുവിയിലെ വെള്ളം മുഴുവന്‍ ചുവന്നു കഴിഞ്ഞിരുന്നു. ഒരു വന്‍മരം കടപുഴകുന്നതുപോലെ അയാള്‍ ആടിയുലഞ്ഞു താഴേക്കു പതിച്ചു.
മൂപ്പാ ചതി എന്ന് ആരാണ് അലറിയത്? – തമ്പാനെ ഭയപ്പെടുത്തിയത് ആ ശബ്ദമായിരുന്നു. ഊരില്‍ കരിന്തണ്ടനെ കൊന്ന വിവരമറിഞ്ഞാല്‍ പിന്നെ എന്തു സംഭവിക്കും? രാജാവറിഞ്ഞാല്‍ – ഈശ്വരാ… അതൊരു പണിയന്റെ ശബ്ദമാണ്. അതീവ രഹസ്യമായി ചെയ്ത കാര്യം എങ്ങനെ ഒരു പണിയനറിഞ്ഞു. തമ്പാന്‍ ഒരു മരത്തിനു താഴെ തളര്‍ന്നിരുന്നു പോയി. സായിപ്പിനും അംഗരക്ഷകര്‍ക്കും യാതൊരു ഭാവവ്യത്യാസവുമുണ്ടായിരുന്നില്ല. ഇതുപോലെ എന്തൊക്കെ ചെയ്തതാണവര്‍. യുദ്ധത്തില്‍ ചതി അവര്‍ക്ക് അന്യമായ ഒന്നല്ലല്ലോ. സായിപ്പ് തമ്പാനോട് പറഞ്ഞു. ‘ഏറ്റവും വിശ്വസ്തരായ പണിക്കാരെ താഴെ നിന്നിങ്ങോട്ടു കൊണ്ടുവാ. ഇവിടെ തന്നെ ഒരു കുഴി വെട്ടി ആ ശവം മൂടണം. ആരാരുമില്ലാതെ ആരാരുമറിയാതെ മൂപ്പന്‍ ഇവിടെ കിടക്കട്ടെ.’ എഞ്ചീനീയര്‍ ഒന്നു ചിരിച്ചു. സര്‍വവും വെട്ടപ്പിടിച്ചവന്റെ അത്യാര്‍ത്തി നിറഞ്ഞ ചിരി. തമ്പാന്‍ മെല്ലെ എഴുന്നേറ്റു. ഭയത്തോടെയാണെങ്കിലും പണിക്കാരെ വിളിക്കാന്‍ വേണ്ടി നടന്നു. പക്ഷെ അപ്പോഴും അയാളുടെ ഉള്ളില്‍ ‘മൂപ്പാ ചതി’ എന്ന ആ ശബ്ദം മാത്രം പ്രതിധ്വനിച്ചു കൊണ്ടിരുന്നു. ചതി അതൊരിക്കലും പണിയര്‍ സഹിക്കുകയില്ല.
(അടുത്തലക്കത്തില്‍ അവസാനിക്കും)