- കാടുന മൂപ്പെ കരിന്തണ്ടെ
- നാന്‍ കാടുന മകെ (കാടുന മൂപ്പെ കരിന്തണ്ടെ 2)
- നാങ്കെ ഇപ്പിമലെ നമക്ക( കാടുന മൂപ്പെ കരിന്തണ്ടെ 3)
- വാതെ കേരുത്ത കാട് (ബാധ കയറിയ കാട്) കാടുന മൂപ്പെ കരിന്തണ്ടെ 24
- കാലം മറന്തെയി (കാടുന മൂപ്പെ കരിന്തണ്ടെ 4)
- ചതി പണിയരു ചയിക്ക (ചതി പണിയര്‍ സഹിക്കില്ല)( കാടുന മൂപ്പെ കരിന്തണ്ടെ 6)
- മൂപ്പെ കദെ പറയ്ഞ്ചു (കാടുന മൂപ്പെ കരിന്തണ്ടെ 5)
കാട് ഇരുണ്ട് പരന്നുകിടന്നു. പരിചിത ശബ്ദങ്ങളുടെ അദൃശ്യവലയം തന്നെ ചുറ്റി നില്‍ക്കുന്നുണ്ടെന്ന് കരിന്തണ്ടന് തോന്നി. പരിചിത ഗന്ധങ്ങളുടെ മുന്നറിയിപ്പുകള്‍ തനിക്ക് മുന്നില്‍ നടക്കുന്നുണ്ടെന്ന് അയാള്‍ വിശ്വസിച്ചു. കോട പുതച്ചു കിടക്കുന്ന തണുപ്പിനോടൊപ്പം കുറ്റിപ്പൊന്തകള്‍ വകഞ്ഞു മാറ്റി അയാള്‍ മുമ്പില്‍ നടന്നു. ആടുമായി പോയി വരുമ്പോള്‍ അയാള്‍ ചില വളവുകളും തിരിവുകളും അടയാളപ്പെടുത്തിയിരുന്നത് അയാള്‍ക്ക് മാത്രം മനസ്സിലായി. പിന്നില്‍ എഞ്ചിനീയറും അയാളുടെ തുണക്കു വന്ന ചിലരുമുണ്ട്. പിന്നെയുള്ളത് തമ്പാനാണ്. അയാളെ ആരും വിളിച്ചതല്ല പക്ഷെ അയാള്‍ ഒപ്പം കേറി നടക്കുകയായിരുന്നു. എല്ലാറ്റിന്റേയും നേതൃത്വം തനിക്കാണെന്ന ഭാവത്തില്‍. അയാളെ ആരും തടഞ്ഞില്ല. ആഗ്രഹമുണ്ടായിരുന്നെങ്കിലും കരിന്തണ്ടനതിന് കഴിയുകയുമില്ല. പിന്നില്‍ കുറച്ചു ദൂരെയായി അടയാളപ്പെടുത്തിയ വഴി രണ്ട് മൂന്ന് പേര്‍ക്ക് നടക്കാവുന്ന രീതിയില്‍ വെട്ടി തെളിച്ചുകൊണ്ട് കുറച്ചാളുകള്‍ നടക്കുന്നുണ്ട്. മുകളില്‍ നടക്കുന്നവര്‍ക്ക് അവരുടെ സംസാരവും കൈക്കോട്ട് മണ്ണില്‍ പതിയ്ക്കുന്ന ശബ്ദവും കേള്‍ക്കാമെങ്കിലും അവരെ കാണാന്‍ കഴിയുമായിരുന്നില്ല.
അങ്ങനെ പെട്ടന്നൊരു വഴി കണ്ടെത്താനൊന്നും കരിന്തണ്ടന് കഴിയില്ല എന്നതായിരുന്നു തമ്പാന്റെ വിശ്വാസം. തന്നെ അവഗണിച്ച് അയാള്‍ അങ്ങനെ വിജയിക്കരുത് എന്ന് അയാള്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു. അയാളുടെ പരാജയമുറപ്പിക്കുമ്പോള്‍ അയാള്‍ക്ക് തക്കതായ ശിക്ഷ ഉറപ്പു വരുത്തണം. അതിന് താന്‍ കൂടെ വേണം. അതായിരുന്നു യാത്രയില്‍ കൂടെ കൂടുമ്പോള്‍ അയാളുടെ ലക്ഷ്യം. എന്നാല്‍ കരിന്തണ്ടന്‍ ഒരു സംശയവുമില്ലാത്ത രീതിയില്‍ ഉറച്ച കാല്‍വെപ്പോടെ നടക്കുന്നതു കാണുമ്പോള്‍ അയാള്‍ക്കെന്തോ ഭയം തോന്നി. പക്ഷെ അത് പുറത്ത് കാണിക്കാതെ അവര്‍ക്ക് പിറകില്‍ കിതച്ചു കിതച്ചു കൊണ്ട് അയാള്‍ നടന്നു.
അയാള്‍ക്ക് ഉള്‍ക്കാടിന്റെ ശബ്ദങ്ങള്‍ പരിചിതങ്ങളായിരുന്നില്ല. അത് അയാളെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ ഒപ്പമെത്താന്‍ അയാള്‍ക്ക് വല്ലാതെ ബുദ്ധിമുട്ടേണ്ടി വന്നു. മുമ്പില്‍ നടക്കുന്നവരാണെങ്കില്‍ അങ്ങനെയൊരാള്‍ കൂടെയുണ്ടെന്ന് വിചാരിക്കുന്നതേയില്ല. കരിന്തണ്ടന്‍ പറയുന്നതിന് എഞ്ചിനീയര്‍ മറുപടി പറയുന്നുണ്ട്. രണ്ട് പേരും രണ്ട് ഭാഷയിലാണ് സംസാരിക്കുന്നതെങ്കിലും രണ്ട് പേര്‍ക്കും കാര്യങ്ങള്‍ മനസ്സിലാകുന്നുണ്ടെന്ന് തമ്പാന് മനസ്സിലായി. എഞ്ചിനീയര്‍ക്ക് മലയാളം കേട്ടാല്‍ മനസ്സിലാകും. അല്പമൊക്കെ പറയാനും കഴിയും. പക്ഷെ കരിന്തണ്ടന്റെ ഭാഷ തനി മലയാളമല്ലല്ലോ. അതു കേട്ടാല്‍ തമ്പാനു കൂടി ശരിക്ക് മനസ്സിലാക്കാന്‍ കഴിയാറില്ല. പലപ്പോഴും ഊഹിച്ചെടുക്കലാണ്. എന്നിട്ടും അവര്‍ പരസ്പരം ആശയ വിനിമയം നടത്തുന്നതു കണ്ട് തമ്പാന്‍ അത്ഭുതപ്പെട്ടു. അതിനെങ്കിലും അവര്‍ തന്റെ സഹായമാവശ്യപ്പെടുമെന്ന് അയാള്‍ പ്രതീക്ഷിച്ചിരുന്നു. അതുമുണ്ടായില്ല.
കരിന്തണ്ടന്‍ മാത്രമേ ക്ഷീണിക്കാതിരുന്നൊള്ളൂ. മറ്റുള്ളവര്‍ക്ക് കയറ്റം കയറുന്നത് അത്ര എളുപ്പമായിരുന്നില്ല. അവര്‍ പലപ്പോഴും വഴിയില്‍ ഇരുന്ന് വിശ്രമിച്ചു. ആ സമയത്ത് കൂടെയുള്ളവര്‍ കാടിനെ കുറിച്ച് നൂറായിരം സംശയങ്ങള്‍ ചോദിച്ചു. എല്ലാറ്റിനും തനിക്കറിയുന്ന പോലെ സരസമായ ഭാഷയില്‍ കരിന്തണ്ടന്‍ ഉത്തരം പറഞ്ഞു കൊണ്ടിരുന്നു. ഒരിക്കല്‍ വിശ്രമം കഴിഞ്ഞ ശേഷം എന്നാല്‍ യാത്ര തുടരാമെന്ന ഭാവത്തില്‍ എഞ്ചിനീയര്‍ എഴുന്നേറ്റപ്പോള്‍ കരിന്തണ്ടന്‍ പറഞ്ഞു. കുറച്ചു കൂടി കഴിഞ്ഞിട്ടു മതി. നമ്മള്‍ക്ക് കുറച്ചകലെ ആനക്കൂട്ടമിറങ്ങിയിട്ടുണ്ട്. അവര്‍ അവിടുന്ന് പോയിട്ടേ നമുക്കങ്ങോട്ട് ചെല്ലാന്‍ കഴിയൂ. അതെങ്ങനെ കരിന്തണ്ടന്‍ അറിഞ്ഞു – ഇയാള്‍ വെറുതെ ഓരോന്ന് പറഞ്ഞ് ഭയപ്പെടുത്തുകയാണോ എന്ന സംശയം തമ്പാനുണ്ടായി. അതുകൊണ്ട് തന്നെ അത് പോയി കണ്ടാലോ എന്ന് അയാള്‍ക്ക് തോന്നി. ‘കരിന്തണ്ടാ – ആനയിറങ്ങിയെന്ന് നീയെങ്ങനെ അറിഞ്ഞു. നീ ഞങ്ങളെ പേടിപ്പിക്കുകയാണോ?’ – തമ്പാന്‍ സംശയം മറച്ചുവച്ചില്ല. ‘പേടിക്കാന്‍ ഞാനൊന്നും പറഞ്ഞില്ല. തമ്പാന് വിശ്വാസം വരുന്നില്ലെങ്കില്‍ ദാ ആ കാണുന്ന മരത്തിന് സമീപം പോയി നേരെ തെക്കുഭാഗത്തേക്കു നോക്കൂ – അവര്‍ അധികം ദൂരത്തല്ല. വെറുതെ എന്തെങ്കിലും ശബ്ദമുണ്ടാക്കി അവരുടെ ശ്രദ്ധ ഇങ്ങോട്ട് ക്ഷണിക്കാതിരുന്നാല്‍ മതി.’ അത് കേട്ടപ്പോള്‍ തമ്പാന് പോയി നോക്കാനുള്ള ധൈര്യം ചോര്‍ന്നുപോയി. എന്നാല്‍ സായിപ്പു പറഞ്ഞു. ‘മൂപ്പന്റെ സമ്മതം കിട്ടിയതല്ലേ – പോയി നോക്കണം.’ അതോടെ തമ്പാന് പോയി നോക്കാതിരിക്കാനാവില്ലെന്നായി – അയാള്‍ എഴുന്നേറ്റ് കരിന്തണ്ടന്‍ കൈചൂണ്ടിയ ഭാഗത്തേക്ക് നടന്നു. ശരിക്കും ഉള്ളില്‍ ഭയം കിടന്നു തിളക്കുന്നുണ്ടായിരുന്നു. എങ്കിലും അത് പുറത്ത് കാണിക്കാതെ അയാള്‍ പറഞ്ഞ മരത്തിന്റെ ചുവട്ടിലെത്തി – കരിന്തണ്ടന്‍ പറഞ്ഞ ഭാഗത്തേക്കു നോക്കി. ആ കാഴ്ച അയാളെ ബോധം കെടുത്തിയില്ലെന്ന് മാത്രമേയുള്ളൂ- പകുതി ജീവന്‍ നഷ്ടപ്പെട്ട പോലെ അയാള്‍ക്കു തോന്നി. ഒരാനയായിരുന്നുവെങ്കില്‍ വേണ്ടിയിരുന്നില്ല ഒരു വലിയ ആനക്കൂട്ടം – പത്തു മുപ്പതു പേരുണ്ടാവും – ‘എന്റെ ഈശ്വരാ അതിലൂടെ തന്നെ വേണോ ഈ കരിന്തണ്ടന്റെ മാരണ വഴി?’ അയാള്‍ മനസ്സില്‍ പറഞ്ഞു. ഒരു വിധം തിരിച്ചെത്തിയ അദ്ദേഹത്തിന്റെ പാരവശ്യം കണ്ട് കരിന്തണ്ടന്‍ പറഞ്ഞു. ‘ദൂരെയുള്ള അവരെ കണ്ട് തമ്പിരാന്‍ ഇങ്ങനെ പേടിച്ചാല്‍ ഇവിടെ അടുത്തെങ്ങാനും അവ ഇറങ്ങിയാലുള്ള അവസ്ഥ എന്താവും? നമ്മളിരിക്കുന്ന ഈ സ്ഥലത്തും ആനയിറങ്ങുന്നതാണ്. ഇതും അതും ഒരേ ആന ത്താരയുടെ ഭാഗമാണ്. കുന്നുകള്‍ കയറാന്‍ ആനകള്‍ക്ക് അത്ര പ്രയാസമില്ല. ഇറങ്ങാനാണ് അവയ്ക്ക് മടി. ഇറങ്ങേണ്ടി വന്നാല്‍ കഴിയുന്നതും അവര്‍ ഇരുന്ന് കൊണ്ട് കിഴിയാന്‍ നോക്കും.’ കരിന്തണ്ടന്റെ ആന ശാസ്ത്രമൊന്നും കേട്ടിരിക്കാന്‍ തമ്പാന് താല്‍പര്യമുണ്ടായിരുന്നില്ല. എത്രയും പെട്ടെന്ന് രക്ഷപ്പെടണമെന്ന ചിന്തയായിരുന്നു അയാള്‍ക്ക്. ‘ഇന്നത്തെ വഴി കണ്ടെത്തല്‍ ഇവിടെ നിറുത്തി നമുക്ക് താഴേക്കിറങ്ങിയാലോ – ഇനി നാളെ മുതല്‍ തുടര്‍ന്നാല്‍ പോരേ?’ തമ്പാന്റെ ചോദ്യം കേട്ടു കരിന്തണ്ടന്‍ ചിരിച്ചു. ‘നമ്മള്‍ ഇറങ്ങാന്‍ വന്നതല്ലല്ലോ കയറാന്‍ വന്നതല്ലേ? ഒരു ദിവസം കൊണ്ട് കയറി ഇറങ്ങാവുന്ന ദൂരമേ ഉണ്ടാവൂ നമ്മുടെ വഴിക്ക്. അതെങ്ങനെയാണ്? നടക്കുന്നതിനേക്കാള്‍ കൂടുതല്‍ ഇരുന്നാല്‍ ഇങ്ങനെ പോയാല്‍ എത്ര ദിവസം വേണ്ടി വരും എന്ന് എനിക്ക് പറയാന്‍ കഴിയില്ല. കാട്ടില്‍ രാത്രി കഴിച്ചു കൂട്ടുന്നത് അത്ര സുഖകരമല്ല. കുറച്ച് മുമ്പ് നമ്മള്‍ ഒരു മാന്‍കുട്ടി ഓടിയത് കണ്ടില്ലേ – അവിടെ പുലിയുണ്ടാവും പുള്ളിമാന്റെ പിറകില്‍ പുള്ളിപ്പുലിയെ പ്രതീക്ഷിച്ചു കൊണ്ടു വേണം വനയാത്ര – അതുകൊണ്ട് തന്നെ രാത്രി ഇവിടെയൊന്നും കഴിയാന്‍ പറ്റില്ല. സുരക്ഷിതമായ ഒരു സ്ഥലം കണ്ടെത്തി വേണം രാത്രി വിശ്രമിക്കുവാന്‍. ഭക്ഷണവും വെള്ളവുമൊക്കെ വേണ്ടത്ര കരുതണമെന്ന് ഞാന്‍ സായിപ്പിനോട് പറഞ്ഞിരുന്നുവല്ലോ.’ കരിന്തണ്ടന്‍ എഞ്ചിനീയറെ നോക്കി. അദ്ദേഹം എല്ലാം കരുതിയിട്ടുണ്ടെന്ന മട്ടില്‍ തലയാട്ടി.’അപ്പോള്‍ മുകളിലെത്തുന്നതുവരെ രാത്രി കാട്ടില്‍ തന്നെ കിടക്കാനാണ് ഇവരുടെ തീരുമാനം. യാത്ര പുറപ്പെടുന്നതിനു മുമ്പ് നാടുവാഴിയും രാജപ്രതിനിധിയുമൊക്കെ കാര്യങ്ങള്‍ പറഞ്ഞതാണെങ്കിലും അതൊന്നും ശ്രദ്ധിക്കാന്‍ കഴിയുന്ന ഒരവസ്ഥയായിരുന്നില്ലല്ലോ അന്ന് തമ്പാനുണ്ടായിരുന്നത്. ഒളിഞ്ഞും തെളിഞ്ഞും എല്ലാം കണ്ടതും കേട്ടതുമാണെന്ന ഉറച്ച വിശ്വാസത്തിലാണ് ഇവരുടെ കൂടെ ഇറങ്ങിയത്. പക്ഷെ ഇതൊരു വല്ലാത്ത ചതിയായിപ്പോയല്ലോ. തിരിച്ചു പോകാനാണെങ്കില്‍ – ഒന്നു രണ്ട് പേര്‍ക്ക് പോകാന്‍ പാകത്തില്‍ വഴിയുണ്ടാവും – എന്നാല്‍ ഒറ്റക്കിറങ്ങുക എന്നത് ആലോചിക്കുമ്പോള്‍ തമ്പാന്റെ മനസ്സില്‍ ഭയത്തിന്റെ കടന്നല്‍ ക്കൂടിളകി. യാത്ര തുടങ്ങുമ്പോഴുണ്ടായിരുന്ന ഉത്സാഹവും ഉന്‍മേഷവും മുഴുവന്‍ നഷ്ടപ്പെട്ടു എന്നു മാത്രമല്ല അയാളാകെ വിളറി വെളുക്കുകയും ചെയ്തു. എന്നാല്‍ സായിപ്പ് സന്തോഷവാനായിരുന്നു. മല കയറിവന്നതിന്റെ ക്ഷീണം അയാള്‍ക്കുണ്ടായിരുന്നുവെങ്കിലും അതെല്ലാം തന്റെ ജീവിതലക്ഷ്യം പൂര്‍ണമാകുന്നു എന്ന പ്രതീക്ഷയില്‍ ഉരുകിത്തീരുന്ന പോലെയാണ് അയാള്‍ക്ക് തോന്നിയത്. ശരീരത്തിന്റെ അവശതയെ പൂര്‍ണമായും അതിജീവിക്കുവാനുള്ള ശക്തി അയാളുടെ മനസ്സില്‍ നിന്ന് ഉണര്‍ന്നുകൊണ്ടിരുന്നു.
കരിന്തണ്ടന്‍ ഒരു പാറപ്പുറത്ത് കിടക്കുകയായിരുന്നു. സായിപ്പും അംഗരക്ഷകരും ഒരു മരം ചാരിയിരുന്നുകൊണ്ട് എന്തൊക്കെയോ പറയന്നുണ്ട്. വഴി വെട്ടി വന്നിരുന്നവര്‍ അവര്‍ക്ക് സമീപത്തെത്തി. പാവങ്ങള്‍ കഠിനാദ്ധ്വാനം കഴിഞ്ഞ് വന്നവര്‍ – അവരുടെ കൂടെയെത്തിയപ്പോള്‍ അവരും വിശ്രമിക്കാന്‍ തുടങ്ങി. പിന്നെയും രണ്ടു മണിക്കൂറോളം കരിന്തണ്ടന്‍ അതേ കിടപ്പ് കിടന്നു. അതിനിടയില്‍ സായിപ്പും പണിക്കാരുമൊക്കെ ഭക്ഷണം കഴിച്ചു. തമ്പാന്‍ ചോദിച്ചത് അയാള്‍ക്കും കൊടുത്തു. കരിന്തണ്ടനെ വിളിച്ചില്ല. വിളിക്കേണ്ട എന്ന് സായിപ്പാണ് പറഞ്ഞത്. അയാള്‍ക്കുള്ള ഭക്ഷണം മാറ്റിവച്ചിരുന്നു. അയാളുടെ സമയത്തിന് കഴിക്കട്ടെ. ഒരു തരത്തിലും കരിന്തണ്ടനെ അസ്വസ്ഥനാക്കരുത് എന്ന് സായിപ്പ് കരുതി. എപ്പോള്‍ ചോദിച്ചാലും കൊടുക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. സായിപ്പ് പറയുന്ന കാര്യങ്ങള്‍ പൂര്‍ണമായും മനസ്സിലായില്ലെങ്കിലും അയാള്‍ ഊഹിച്ചറിഞ്ഞിരുന്നു. സായിപ്പ് വിചാരിച്ചത് ക്ഷീണം കൊണ്ട് കരിന്തണ്ടനുറങ്ങുകയാണെന്നായിരുന്നു. എന്നാല്‍ അയാള്‍ പൂര്‍ണമായും ഉണര്‍ന്നു തന്നെയാണ് കിടന്നിരുന്നത്. ആനക്കൂട്ടം വഴി മാറുന്നത് കാത്ത് കിടക്കുകയായിരുന്നു. ആരും പ്രതീക്ഷിക്കാത്ത സമയത്ത് കരിന്തണ്ടന്‍ ചാടിയെണീറ്റു – ‘ഇനി പെട്ടെന്ന് പോകണം. അവര്‍ വഴി മാറിക്കഴിഞ്ഞു. വളരെ വേഗത്തില്‍ വേണം യാത്ര – എല്ലാവരും നല്ലവണ്ണം ശ്രദ്ധിക്കണം. വഴി വല്ലാതെ വൃത്തിയാക്കാനൊന്നും നില്‍ക്കരുത്. കഴിയുന്നത്ര വേഗത്തില്‍ കഴിയുമെങ്കില്‍ ഞങ്ങളുടെ കൂടെ തന്നെ വരിക എന്നാല്‍ വഴി ഉണ്ടായിരിക്കണം. കരിന്തണ്ടന്‍ ഒരാജ്ഞ പോലെയാണ് പറഞ്ഞത്. അതിന്റെ ഗൗരവം സായിപ്പിന് മനസ്സിലായെങ്കിലും തമ്പാന് മനസ്സിലായില്ല. പക്ഷെ അയാള്‍ വല്ലാതെപേടിച്ചിരുന്നതു കൊണ്ടും കാട്ടിനുള്ളിലായിരുന്നതു കൊണ്ടും കഴിയുന്നത്ര വേഗം രക്ഷപ്പെടണമെന്ന് മാത്രം ആഗ്രഹിച്ചിരുന്നതു കൊണ്ടും അയാളും പെട്ടെന്ന് എഴുന്നേറ്റു. തമ്പാന്‍ ആനക്കൂട്ടം കണ്ട സ്ഥലത്ത് എത്തിയപ്പോള്‍ കരിന്തണ്ടന്‍ തമ്പാനോട് പറഞ്ഞു. ഇപ്പോള്‍ ആ ആനകള്‍ മുഴുവന്‍ നമ്മള്‍ കുറച്ചു മുമ്പ് കാത്തിരുന്ന സ്ഥലത്താണ്. തമ്പാന്‍ നോക്കൂ. കുറച്ചുയര്‍ന്ന പ്രദേശമായിരുന്നു അത്. തമ്പാന്റെ കൈപിടിച്ച് അയാള്‍ കൊണ്ടുപോയി ഒരു പ്രത്യേക സ്ഥലത്തു നിറുത്തിക്കൊണ്ട് താഴേയ്ക്ക് നോക്കാന്‍ പറഞ്ഞു. കൃത്യമായിരുന്നു കരിന്തണ്ടന്‍ പറഞ്ഞ്. ആ ആനക്കുട്ടത്തെ അയാള്‍ കണ്ടു. അയാളുടെ നെറ്റിയില്‍ നിന്ന് വിയര്‍പ്പു പൊടിഞ്ഞു. എല്ലാ അഹങ്കാരവും മാറ്റിവച്ചു കൊണ്ടു അയാള്‍ ചോദിച്ചു. ‘ഇതൊന്നും കാണാതെ എങ്ങനെയാണ് മൂപ്പന്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നത്?’ – കരിന്തണ്ടന്‍ ചിരിച്ചു. ‘കണ്ണ് മാത്രമല്ല കാര്യങ്ങളറിയാനുള്ളത്. കാതും മൂക്കും ഒക്കെ അതിനുള്ളതാണ്. ഞങ്ങള്‍ കാട്ടില്‍ താമസിക്കുന്നവര്‍ കണ്ണിനേക്കാള്‍ മൂക്കിനെ വിശ്വസിക്കുന്നു. ഏതൊരു മൃഗത്തിന്റേയും ഗന്ധം ഞങ്ങള്‍ക്കറിയാം – അവരെത്ര ദൂരെയുണ്ടെന്ന് ചില പക്ഷികളുടെ ശബ്ദങ്ങള്‍ കൂടി കേട്ടാല്‍ മനസ്സുകൊണ്ട് ചിന്തിക്കാനാവും. പിന്നെ ഞങ്ങളുടെ മലദൈവങ്ങള്‍ എപ്പോഴും കൂടെയുണ്ടെന്ന വിശ്വാസം. ആരേയും ചതിക്കാത്തവരെ ഒരപകടവുമില്ലാതെ കാത്തുരക്ഷിക്കാന്‍ മലദൈവങ്ങള്‍ കൂടെയുണ്ടാവും. ചതിക്കുന്നവരെ ശിക്ഷിക്കാനും.’ കരിന്തണ്ടന്റെ വാക്കുകളില്‍ തനിക്കെതിരെ ഒരു മുന കൂര്‍ത്തിരിക്കുന്നുണ്ടെന്ന് തിരിച്ചറിയാനൊന്നും തമ്പാന് കഴിഞ്ഞില്ല. കരിന്തണ്ടന് എന്തോ അത്ഭുത സിദ്ധിയുണ്ടെന്ന തോന്നലിലായിരുന്നു തമ്പാന്‍. പണ്ട് ചാമന്‍ അങ്ങനെ പറഞ്ഞിട്ടുമുണ്ട്. പക്ഷെ അദ്ദേഹം അതൊന്നും പുറത്ത് കാട്ടിയില്ല. അവര്‍ വീണ്ടും കുറച്ചു ദൂരം നടന്നതിന് ശേഷമാണ് രാത്രി വിശ്രമിക്കാന്‍ പറ്റിയ ഒരിടം കണ്ടെത്തിയത്. ഇവിടെ കിടക്കാം. രാവിലെ യാത്ര തുടരാം എന്ന് കരിന്തണ്ടന്‍ പറഞ്ഞത് അംഗീകരിച്ചുകൊണ്ട് സായിപ്പ് കരിന്തണ്ടന് കരുതിയ ഭക്ഷണം കൊടുക്കാന്‍ തന്റെ അംഗരക്ഷകനോട് പറഞ്ഞു. പക്ഷെ അയാള്‍ അത് സ്‌നേഹപൂര്‍വം നിരസിച്ചു. ‘എനിക്ക് വേണ്ടത് കാട് തരും. നിങ്ങള്‍ കാണാത്തതാണ്. ഞാന്‍ ഇടക്കിടയ്ക്ക് ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നുണ്ട്. എന്റെ കാര്യം നിങ്ങള്‍ ചിന്തിക്കേണ്ടതില്ല. ഞങ്ങള്‍ കാടിന്റെ മക്കളാണ്. അമ്മ മക്കളെ എന്നപോലെ കാട് ഞങ്ങളെ ഊട്ടും, – മുറുകെ പിടിച്ച് രക്ഷിക്കും’- പിന്നെ സായിപ്പ് ഒന്നും പറഞ്ഞില്ല. കരിന്തണ്ടന്‍ ഒഴിഞ്ഞ ഒരു പാറയില്‍ ഇരുന്ന് കുറച്ചുനേരം ധ്യാനിച്ചു. തന്റെ കുലദൈവങ്ങളെ പ്രാര്‍ത്ഥിച്ചു കിടന്നു. അപ്പോള്‍ ദൂരെ നിന്ന് ഒരു പാട്ട് കേള്‍ക്കുന്നതു പോലെ അയാള്‍ക്ക് തോന്നി. അയാള്‍ അത് കാതോര്‍ത്ത് കിടന്നു.
‘കുത്തിച്ചതക്കി ചട്ടി ലുട്ടു ചന്ത മാമാ –
തുറന്തുവുട്ടക്കു പാറിവുട്ട ചേരെ പോലെ –
തുള്ളി തുള്ളി വൊട്ടുത്തക്കു വെണ്ണി കിയാങ്കു –
വെള്ളി കീറി നോക്കുത്തക്കു ചോരെ പോലെ —‘
പാറ്റ പല പ്രാവശ്യം പാടി കേട്ട ആ പാട്ടില്‍ ലയിച്ച് അയാള്‍ ഉറക്കത്തിലേയ്ക്ക് പോവുകയായിരുന്നു – അപ്പോഴാണ് ഒരു നിലവിളി പോലെ തമ്പാന്റെ ശബ്ദം കേട്ടത്. ‘ഒരു പെണ്ണ് – അവളെന്നെ വന്ന് തോണ്ടി. വിളിച്ചു. – അയ്യോ? അവള്‍ അവളെ ഞാന്‍ കണ്ടിട്ടുണ്ട്, അവളാണ്’ അയാളുടെ ശബ്ദം കേട്ട് കരിന്തണ്ടന്‍ എഴുന്നേറ്റു ചെന്ന് ചോദിച്ചു. ‘ആര് എവള്‍? തമ്പിരാന്‍ പറയുന്നതല്ലാതെ ആരെയും അടിയന്‍ കണ്ടില്ലല്ലോ. ഈ രാത്രിയില്‍ ഇവിടെ എങ്ങനെ ഒരു പെണ്ണ് വരാനാണ്? എന്താ ഉറക്കത്തില്‍ വല്ല പേടിസ്വപ്‌നവും കണ്ടോ?.’ ‘അല്ല മുപ്പാ അവിടെ ഒരു പെണ്ണു വന്നത് ഞങ്ങളും കണ്ടു.’ പണിക്കാരില്‍ ചിലരാണ് പറഞ്ഞത്. മിണ്ടാനോ കരയാനോ വയ്യാത്ത അവസ്ഥയിലായിരുന്നു ഞങ്ങള്‍ – വന്നത് സത്യമാണ് – അത് ഒരു മനുഷ്യ സ്ത്രീയല്ല. അല്ലെങ്കിലും ഈ കൊടുംകാട്ടില്‍ എങ്ങനെ മനുഷ്യര്‍ ജീവിക്കും?’ അവരുടെ ചോദ്യം അന്തരീക്ഷത്തില്‍ ശക്തമായി പ്രതിധ്വനിച്ചു. ‘തമ്പിരാന്‍ അവളെ മുമ്പ് കണ്ടിട്ടുണ്ടെന്നല്ലേ പറഞ്ഞത് ? – ആരാണത് തമ്പിരാനേ – മുമ്പ് എവിടെ വച്ചാണ് അവളെ കണ്ടത്?’ കരിന്തണ്ടന്റെ ചോദ്യത്തിന് ഉത്തരം പറയാനാകാതെ തമ്പാന്‍ പകച്ചു നിന്നു. അപ്പോള്‍ കരിന്തണ്ടന്‍ ഒന്നു കൂടി ഉറപ്പിച്ചു പറഞ്ഞു. ‘അവളെ തമ്പിരാന് മാത്രമേ അറിയൂ – എങ്കില്‍ അവള്‍ വന്നത് തമ്പിരാനെ തേടിത്തന്നെയാകും. വല്ല പ്രേതാത്മക്കളുമാണെങ്കില്‍ തമ്പിരാന്‍ ഒന്നു സൂക്ഷിക്കുന്നത് നല്ലതാ. ഇത്രയും വലിയ കാട്ടില്‍ അവള്‍ പിന്‍തുടരുന്നുണ്ടെങ്കില്‍ അത് എന്തെങ്കിലും പ്രതികാര ബോധത്തിലാവും.’ അത്രയും പറഞ്ഞ് അയാള്‍ ഒന്നു ചിരിച്ചു.
പാറ്റ അവള്‍ ഇവിടെയും പിന്‍ തുടരുന്നു. ചിലപ്പോള്‍ തന്നെ രക്ഷിക്കാനാവും അല്ലെങ്കില്‍ അവളെ ഉപദ്രവിച്ചവരെ ശിക്ഷിക്കാനാവും. ചാമന്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഒരു നിമിഷം അയാളുടെ മനസ്സിലേക്കാടിയെത്തി. അവളുടെ ഇഷ്ടം എന്തായാലും അങ്ങനെ നടക്കട്ടെ – അല്ലെങ്കില്‍ അത് മാത്രമാണ് നടക്കേണ്ടത്. അയാള്‍ ഒന്നും സംഭവിക്കാത്ത പോലെ വീണ്ടും വന്നു കിടന്നു. ഉറക്കം – അതിനൊരു പ്രത്യേക സുഖമുണ്ടല്ലോ. മാനാഭിമാനങ്ങളും അധികാര അഹന്തകളും ജാതിഭേദങ്ങളുമില്ലാത്ത ഉറക്കം – തങ്ങളുടെ കൂടെ പാറ്റയുമുണ്ടെന്നോര്‍ത്തപ്പോള്‍ കരിന്തണ്ടന് ഉറക്കത്തില്‍ പോലും വല്ലാത്തൊരു ശാന്തതയുണ്ടായിരുന്നു. അവളുടെ പാട്ടിന്റെ ആഴങ്ങളിലേക്ക് അയാള്‍ ഊളിയിട്ടു.
(തുടരും)