കൗരവജ്യേഷ്ഠനായ ദുര്യോധനന്‍ പാണ്ഡവരെ ഉന്മൂലനാശം ചെയ്യാന്‍ പലതും ചെയ്തു പക്ഷേ ഒന്നും ഫലിച്ചില്ല. അപ്പോഴാണ് നിഴല്‍ക്കുത്തു വശമുള്ള ഒരു മലയനുണ്ടെന്നും അയാള്‍ വിചാരിച്ചാല്‍ പാണ്ഡവരെ നാമാവശേഷമാക്കാമെന്നും അറിഞ്ഞത്. മന്ത്രവാദിയായ മലയന്‍ ദുര്യോധനന്റെ ആവശ്യം നിരാകരിച്ചു.
‘തിരുവുള്ളക്കേടുണ്ടാവരുത്, അടിയങ്ങടെ പൂര്‍വ്വികര്‍ ആരും ഇത് ചതിയായി പ്രയോഗിച്ചിട്ടില്ല.
സ്വയരക്ഷയ്ക്കായി മാത്രം ഉപയോഗിക്കാവുന്ന ഈ വിദ്യ ശത്രു നാശത്തിനുള്ളതാണ്. ഒരു തെറ്റും ചെയ്യാത്ത പാണ്ഡവരെ കൊല്ലാന്‍ അടിയനാവില്ല.
അടിയങ്ങള്‍ക്ക് വളരെ വേണ്ടപ്പെട്ടവരാണ് അവര്‍. മലയത്തിക്കും ക്ടാത്തനും അവരെ ജീവനാണ്.’
‘ഹും അപ്പോ നീ. പാണ്ഡവപക്ഷപാതിയാണല്ലേ. ഞാന്‍ പറയുന്നത് കേട്ടില്ലെങ്കില്‍ നീയും നിന്റെ
കുടുംബവും ബാക്കിയുണ്ടാവില്ല. ജീവന്‍ വേണമെങ്കില്‍ നീ പാണ്ഡവരെ വധിക്കണം. നിന്റെ സ്വയരക്ഷക്കെന്നു
കരുതി ചെയ്താല്‍ മതി.’
ദുര്യോധനവചനങ്ങള്‍ മലയനെ ഭയഭീതനാക്കി.
അയാള്‍ പറഞ്ഞ തടസ്സവാദങ്ങളൊന്നും ഫലവത്തായില്ല. ഒടുവില്‍ മനസ്സില്ലാമനസ്സോടെ മലയന്‍ സമ്മതിച്ചു. ഒരു വെറ്റിലയില്‍ മഷിതേച്ച് ചില മന്ത്രതന്ത്രാദികള്‍ ചെയ്ത് മഷിയില്‍ പ്രകടമാക്കേണ്ടയാളിനെ മനസ്സില്‍ വിചാരിക്കുമ്പോള്‍ മഷിനോട്ടത്തിലെപോലെ അയാളുടെ രൂപം വെറ്റിലയിലെ കരിമഷിയില്‍ തെളിയും. ആ
നിഴല്‍ രൂപത്തില്‍ ഒരു സൂചി കുത്തിത്തുളച്ചാല്‍ യഥാര്‍ത്ഥത്തില്‍ ആ വ്യക്തിയുടെ കഥകഴിയും. ആദ്യം മലയന്‍ യുവരാജാവായ യുധിഷ്ഠിരനെ മനസ്സില്‍ ധ്യാനിച്ച് മഷിനോട്ടമാരംഭിച്ചു. യുവകോമളനായ ധര്‍മ്മജന്റെ രൂപം ജീവസ്സുറ്റപോലെ മഷിയില്‍ തെളിഞ്ഞു. വിറയാര്‍ന്ന കൈകളാല്‍ ആ രൂപത്തില്‍ മലയന്‍ ഒരു കുത്തു കുത്തി. രണ്ടാമതൊന്ന് നോക്കാന്‍ ശക്തിയില്ലാതെ മലയന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.
അടുത്തതായി തെളിഞ്ഞത് കാരിരുമ്പിന്റെ കരുത്തുള്ള ഭീമസേനന്‍, തുടര്‍ന്ന് വില്ലാളി വീരനായ അര്‍ജ്ജുനന്‍. ഓരോരുത്തരായി കൊല്ലപ്പെട്ടു. സുന്ദര കളേബരന്മാരായ നകുലസഹദേവന്മാര്‍, ദ്രൗപതിദേവി എന്നിവരും നിഴല്‍വിദ്യയാല്‍ മരിച്ചു. ഒടുവില്‍ വീരമാതാവായ കുന്തിയേയും ആ കൈകളാല്‍ കഥാവശേഷയാക്കി.
ആര്‍പ്പുവിളികളോടെ ആഹ്ലാദത്തിമിര്‍പ്പുകളോടെ കൗരവര്‍ ആ മരണങ്ങള്‍ ആഘോഷിച്ചു. മലയനെ അവര്‍ ആദരവോടെ യാത്രയാക്കി.
താന്‍ ചെയ്ത കൊടുംപാതകത്തില്‍ മനംനൊന്ത് തകര്‍ന്ന ഹൃദയവുമായി ആ സാധു തന്റെ കുടിലിലെത്തി. വിറയാര്‍ന്ന ചുണ്ടുകള്‍ മന്ത്രിച്ചു.
‘ഈശ്വരാ, ഞാനെത്ര വലിയപാപിയാണ്. നിരപരാധികളായ പാണ്ഡവരെ ഉറക്കത്തിലെ പോലെ ചതിച്ചു കൊന്ന ഇവനെത്ര ദുഷ്ടനാണ്. അപ്പനപ്പൂപ്പന്മാരായി കൈമാറിവന്ന ഈ വിദ്യ ഞാന്‍ സാധു ഹിംസക്കാണല്ലോ ഉപയോഗിച്ചത്. ഏതു നദിയില്‍ക്കുളിച്ചാലും ആയിരം ജന്മം നരകത്തീയില്‍ വെന്താലും ഇതിന് പരിഹാരമാവില്ല.’
മലയത്തി: ‘എന്തുഭ്രാന്താണീ പുലമ്പുന്നത്?! പാണ്ഡവരെ കൊല്ലുകയോ? അതും അവരെ കാണപ്പെട്ട ദൈവങ്ങളായി കാണുന്ന നിങ്ങള്‍ ശിവ! ശിവ!’
‘അതെ ആരും കേട്ടാല്‍ ചെവിപൊത്തുന്ന ആ ക്രൂരത ചെയ്തത് ഈ കൈകളാലാണ്. ദുര്യോധനമഹാരാജാവ് അല്ലെങ്കില്‍ നമ്മുടെ കുലം മുടിച്ചേനെ.’
‘നീചനായ മനുഷ്യാ, ആര്‍ക്കും വേണ്ടാത്ത ഈ നമ്മുടെ ജീവനുവേണ്ടി വിലമതിക്കാനാവാത്ത പാണ്ഡവരുടെ ജന്മം തുലച്ച ദുഷ്ടാ, നിന്നെ എനിക്കിനി കാണേണ്ട. നിനക്കു വലുത് ഈ കുഞ്ഞിന്റെ ജീവനാണെങ്കില്‍ ഇതാ അതും എനിയ്ക്കു വേണ്ടാ.’
വര്‍ദ്ധിത കോപത്തോടെ ആ മലയത്തി തന്റെ കുഞ്ഞിനെ പിച്ചിച്ചീന്തി. ചോരപുരണ്ടരൂപത്തില്‍ അലറി.
ദാരുകവധം കഴിഞ്ഞ ഭദ്രകാളിയെപ്പോലെ അവള്‍ ഉറക്കെ അട്ടഹസിച്ചു.
‘ഹേ! നീചന്മാരേ നല്ലവരില്‍ നല്ലവരായ പാണ്ഡവരെ വധിക്കാന്‍ എങ്ങനെ കഴിഞ്ഞു?
അവരുടെ ആത്മസുഹൃത്തായ ഭഗവാനേ! അങ്ങേയ്ക്കും അവരെ രക്ഷിക്കാനാവില്ലേ?’
മലയത്തിയുടെ മുന്നില്‍ പെട്ടെന്നതാ ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്റെ പൂര്‍ണ്ണരൂപത്തില്‍ ഗദാ, ചക്രശംഖധാരിയായ് പ്രത്യക്ഷനായി.
‘ഹേ മലയവതീ നീ ഉത്തമയായ സ്ത്രീരത്‌നമാണ്. നിന്റെ ഭര്‍ത്താവിനാല്‍ വധിക്കപ്പെട്ട പാണ്ഡവരേയും
ദ്രൗപദീയേയും കുന്തീമാതാവിനേയും ഞാന്‍ ജീവിപ്പിക്കും. അവര്‍ക്ക് യാതൊരു കേടും സംഭവിയ്ക്കില്ല. മാത്ര
മല്ല നിന്റെ കുഞ്ഞിനേയും ഞാനിതാ ജീവിപ്പിക്കുന്നു’.
ഉടന്‍ മലയത്തിയുടെ ശിശുവിന് കൂടുതല്‍ തേജസ്സോടെ, ജീവന്‍ തിരിച്ചുകിട്ടി അവര്‍ക്കുമുന്നിലെത്തി.
മലയനും കുഞ്ഞും മലയസ്ത്രീയും ഭഗവാനെ നമസ്‌കരിച്ചു. ശ്രീകൃഷ്ണന്‍ അവരെ അനുഗ്രഹിച്ചു. പാണ്ഡവര്‍ നീണ്ട ഒരുറക്കം കഴിഞ്ഞപോലെ ഉണര്‍ന്നെഴുന്നേറ്റു. ഭഗവാന്‍ ഒന്നുമറിയാത്തപോലെ പുഞ്ചിരിയോടെ അവരെ കടാക്ഷിച്ചു.