ഖാണ്ഡവവനത്തിനു സമീപമുള്ള ഒരിടത്തുവച്ച് അഗ്നിദേവന്‍ ശ്രീകൃഷ്ണനെയും അര്‍ജ്ജുനനെയും കണ്ടു.
‘അല്ലയോ വില്ലാളി വീരന്മാരേ ഞാന്‍ അഗ്നിയാണ്. ശ്വേതകീ മഹാരാജാവ് നടത്തിയ യാഗത്തിന്റെ ഹവിസ്സു ഭക്ഷിച്ചതുമൂലം എനിക്ക് അജീര്‍ണ്ണം പിടിപെട്ടു. ഖാണ്ഡവവനത്തിലെ ജീവികളെ ഭക്ഷിച്ചാലേ ആ സുഖക്കേട് ഭേദമാകൂ. ഈ കാട്ടില്‍ ഇന്ദ്രസഖാക്കളായ തക്ഷകാദികള്‍ വസിക്കുന്നതിനാല്‍ ഇവിടം ഭസ്മമാക്കാന്‍ നിങ്ങളെന്നെ സഹായിക്കണം.’
ഇന്ദ്രാദിദേവകളെ തോല്പ്പിക്കാന്‍ തക്കവണ്ണം ശക്തിയുള്ള ആയുധങ്ങള്‍ തങ്ങള്‍ക്കില്ല എന്നുപറഞ്ഞ കൃഷ്ണാര്‍ജ്ജുനന്മാര്‍ക്ക് അഗ്നി, വരുണദത്തമായ ആയുധങ്ങള്‍ നല്‍കി. ശ്രീകൃഷ്ണന് ചക്രായുധവും, അര്‍ജ്ജുനന് ദിവ്യരഥവും, ഗാണ്ഡീവവും, അമ്പൊടുങ്ങാത്ത ആവനാഴിയുമാണ് സമ്മാനിച്ചത്. കൃഷ്ണാര്‍ജ്ജുനന്മാരുടെ സഹായത്തോടെ അഗ്നി ഖാണ്ഡവവനം ദഹിപ്പിക്കാനാരംഭിച്ചപ്പോള്‍ കോപിഷ്ടനായ ഇന്ദ്രന്‍ പേമാരി പെയ്യിച്ചു. ഫലം കാണാതെ വന്നപ്പോള്‍ ഇന്ദ്രനും അഷ്ടദിക്പാലകരും ദേവന്മാരും യുദ്ധത്തിനു പുറപ്പെട്ടെങ്കിലും പരാജയം സംഭവിച്ചു. ഗത്യന്തരമില്ലാതെ ദേവേന്ദ്രന്‍ വലിച്ചെറിഞ്ഞ പര്‍വ്വതശിഖരത്തിനടിയില്‍പ്പെട്ട് അനേകം ജീവികള്‍ നശിച്ചു. ഇന്ദ്രന്റെ പരാക്രമം തുടരുമ്പോള്‍ ഒരശരീരി മുഴങ്ങുന്നു.
‘ഹേ ദേവാധിദേവാ അങ്ങയുടെ ശ്രമം ഫലവത്താവില്ല. കൃഷ്ണാര്‍ജ്ജുനന്മാരെ ജയിക്കാന്‍ ഈരേഴു പതിനാലു ലോകത്തിലും ആരുമില്ല. മാത്രമല്ല, തക്ഷകന്‍ ഖാണ്ഡവവനത്തില്‍ നിന്നും പലായനം ചെയ്തിരിക്കുന്നു. യുദ്ധം മതിയാക്കുക.’
അശരീരി കേട്ട ഇന്ദ്രന്‍ പിന്‍വാങ്ങുമ്പോള്‍ അഗ്നി, പൂര്‍വ്വാധികം ശക്തിയോടെ ദഹനം തുടരുന്നു.
ഖാണ്ഡവവനത്തിലെ ഒരു വൃക്ഷത്തില്‍ കൂടുവെച്ചിരുന്ന ജരിത എന്ന ശാരംഗപ്പക്ഷി തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഴിയാതെ വിലപിക്കുന്നു.
‘ഈശ്വരാ, അച്ഛനുപേക്ഷിച്ചു പോയ, പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ ഞാനെന്തു ചെയ്യും.’
‘കുഞ്ഞുങ്ങളേ, നിങ്ങളെ ഈ മരത്തിനു താഴെയുള്ള എലിമാളത്തില്‍ വച്ച് ഞാന്‍ മണ്ണിട്ടുമൂടാം. അഗ്നിയൊഴിയുമ്പോള്‍ ഞാന്‍ വന്നു രക്ഷിക്കാം.’
‘ചിറകുമുളയ്ക്കാത്ത ഞങ്ങളെ എലി ഭക്ഷിക്കുന്നതിലും ഭേദം അഗ്നി ദഹിപ്പിക്കുന്നതാണ്.’
‘മക്കളേ എലിയെ പരുന്തു റാഞ്ചുന്നതു ഞാന്‍ കണ്ടതാണ്. അതിനാല്‍ ഭയം വേണ്ട വരൂ.’
‘അതുവേണ്ട മടയില്‍ എലിയെക്കൂടാതെ മറ്റുപലരുമു ണ്ടാകും. അമ്മ പറന്നു രക്ഷപ്പെട്ടോളൂ.’
കുഞ്ഞുങ്ങളുടെ വാക്കുകേട്ട് മനസ്സില്ലാമനസ്സോടെ ജരിത പറന്നകലുന്നു. കുഞ്ഞുങ്ങള്‍ അഗ്നിദേവനെ സ്തുതിക്കുന്നു. ഇതേസമയം അവരെ ഉപേക്ഷിച്ചുപോയ മന്ദപാലന്‍ അഗ്നിയോടു താന്‍ കഴിഞ്ഞ ജന്മത്തില്‍ മഹര്‍ഷിയായിരുന്നുവെന്നും പുത്രന്മാരില്ലാതെ മരണമടഞ്ഞതിനാല്‍ മോക്ഷപ്രാപ്തി ലഭിച്ചില്ല എന്നും പറയുന്നു. ശാരംഗ പക്ഷിയായി പുനര്‍ജ്ജനിച്ച തന്റെ കുഞ്ഞുങ്ങള്‍ ഖാണ്ഡവവനത്തിലുണ്ട്; അവരെ ദഹിപ്പിക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്നു.
മന്ദപാലന്റെ അഭ്യര്‍ത്ഥനയും കുഞ്ഞുങ്ങളുടെ സ്തുതിയും കേട്ട അഗ്നി അവരെ സ്പര്‍ശിച്ചില്ല.
അഗ്നി ശമിച്ചപ്പോള്‍ ജരിത കുഞ്ഞുങ്ങളെത്തേടിയെത്തി. അപ്പോഴേക്കും മന്ദപാലനും അവിടെ വന്നു.
തുടര്‍ന്ന്, ജരിതയും മക്കളും മന്ദപാലനുമൊത്ത് സസുഖം ജീവിച്ചു. അഗ്നി ശമിച്ചപ്പോള്‍ ജരിതാപുത്രന്മാരും ദേവശില്പി മയനും, തക്ഷക പുത്രനായ അശ്വസേനനും ശേഷിച്ചു.
ദേവഗണത്തിന്റെ അനുഗ്രഹത്താല്‍ അര്‍ജ്ജുനന് സകല ദിവ്യായുധങ്ങളും ലഭിച്ചു. തന്നെ രക്ഷിച്ചതിന്റെ കടപ്പാടിനാല്‍ മയന്‍ പാണ്ഡവര്‍ക്ക് ദേവസഭയ്ക്കു തുല്യമായ മായാനഗരം നിര്‍മ്മിച്ചു നല്കുകയും ചെയ്തു.