- കാടുന മൂപ്പെ കരിന്തണ്ടെ
- നാന്‍ കാടുന മകെ (കാടുന മൂപ്പെ കരിന്തണ്ടെ 2)
- നാങ്കെ ഇപ്പിമലെ നമക്ക( കാടുന മൂപ്പെ കരിന്തണ്ടെ 3)
- കിരഞ്ചൈ തീരിഞ്ച ചീവിത (കരിഞ്ഞുതീരുന്ന ജീവിതം) കാടുന മൂപ്പെ കരിന്തണ്ടെ 17
- കാലം മറന്തെയി (കാടുന മൂപ്പെ കരിന്തണ്ടെ 4)
- ചതി പണിയരു ചയിക്ക (ചതി പണിയര്‍ സഹിക്കില്ല)( കാടുന മൂപ്പെ കരിന്തണ്ടെ 6)
- മൂപ്പെ കദെ പറയ്ഞ്ചു (കാടുന മൂപ്പെ കരിന്തണ്ടെ 5)
ഹൈദരലിയുടേയും സംഘത്തിന്റേയും പടയോട്ടം എന്ന പേരിലുള്ള കൊള്ളയും കൊലയും അസഹനീയമായപ്പോഴാണ് കോട്ടയവും കുറുമ്പ്രനാടും ബ്രിട്ടീഷുകാരുടെ സഹായം തേടുന്നത്. എന്നാല്‍ രണ്ടു രാജ്യങ്ങളിലും അത് ആഭ്യന്തരമായി ചില പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. കോട്ടയം ഇളയ രാജാവ് ഹൈദരലിയെ പോലെയോ അതിലധികമോ അപകട കാരിയാവും ബ്രിട്ടീഷുകാരെന്നു വിശ്വസിച്ചു. അമ്മാവനെ നേരിട്ടെതിര്‍ത്തില്ലെങ്കിലും അതിന്റെ അപകടങ്ങള്‍ അദ്ദേഹത്തെ പല തരത്തില്‍ ബോധിപ്പിക്കാന്‍ ശ്രമിച്ചു. ബ്രിട്ടീഷുകാരോടുള്ളത് ഒരു താല്ക്കാലിക സഖ്യം മാത്രമാണെന്നായിരുന്നു അതിനുള്ള മറുപടി. ഹൈദരലിയെ കൊണ്ടുള്ള ഉപദ്രവങ്ങള്‍ തീര്‍ന്നാല്‍ ബ്രിട്ടീഷുകാരുമായുള്ള സഖ്യവുമില്ലാതാക്കാമെന്നാണ് രാജാവ് വിചാരിച്ചത്. ഹൈദരലിയെ എങ്ങനെയും പരാജയപ്പെടുത്തണമെന്നാണ് ബ്രിട്ടീഷുകാര്‍ ആഗ്രഹിക്കുന്നത്. അങ്ങനെ മൈസൂര്‍ കൈപ്പിടിയിലൊതുക്കിയാല്‍ പിന്നെ ഏലവും ഇഞ്ചിയും ചുക്കും കുരുമുളകും നിറഞ്ഞു നില്‍ക്കുന്ന വയനാട് അവര്‍ വെറുതെ വിടില്ലെന്നായിരുന്നു ഇളമുറ തമ്പുരാന്റെ അഭിപ്രായം. സഖ്യം താല്‍ക്കാലികമാണെങ്കിലും ശ്രദ്ധിച്ച് കണ്ടും കേട്ടും നിന്നില്ലെങ്കില്‍ അത് കോട്ടയത്തിനു തന്നെ അപകടമാവുമെന്ന് ഇളമുറത്തമ്പുരാന്‍ മനസ്സിലാക്കിയിരുന്നു.
ബ്രിട്ടീഷുകാര്‍ക്ക് വേണ്ടത് മൈസൂരിലേക്ക് എളുപ്പത്തില്‍ ചെന്നെത്താനുള്ള ഒരു വഴിയാണ്. വയനാടന്‍ കാടുകളിലൂടെ അങ്ങനെ ഒരു വഴി തുറന്നാല്‍ പിന്നെ മൈസൂരിലേക്കുള്ള മാര്‍ഗ്ഗം സുഗമമാവും. വയനാടിന്റെ അധിപന്മാര്‍ കോട്ടയം രാജാക്കന്മാരായതുകൊണ്ടും ഹൈദരലി പൊതു ശത്രുവായതുകൊണ്ടും വഴിയുണ്ടാക്കുന്ന കാര്യത്തില്‍ ഇംഗ്ലീഷുകാരെ സഹായിക്കാന്‍ കോട്ടയം രാജ്യം തീരുമാനിച്ചു. പിന്നീട് ഇംഗ്ലീഷുകാരുടെ സഖ്യമില്ലാതാകുമ്പോഴും അവ നാടിനുപകരിക്കും എന്നതായിരുന്നു കോട്ടയം രാജാവിന്റെ കാഴ്ചപ്പാട്. മദിരാശിയില്‍ നിന്ന് വന്ന എഞ്ചിനീയര്‍ പല രീതിയില്‍ കാട്ടില്‍ പോയി വന്നെങ്കിലും അയാള്‍ക്ക് ഒരു വഴിയും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതുകണ്ടെത്തിയിട്ടേ മടങ്ങൂ എന്ന വീരവാദം അധികാരികള്‍ക്കു മുമ്പില്‍ പല പ്രാവശ്യം പറഞ്ഞതായതുകൊണ്ട് ഒരു വഴികണ്ടെത്തല്‍ അദ്ദേഹത്തിന് അഭിമാന പ്രശ്‌നവുമായിരുന്നു. വന്നിട്ട് വര്‍ഷങ്ങള്‍ ചിലതു കഴിഞ്ഞിട്ടും ഒരു മാര്‍ഗ്ഗവും തെളിഞ്ഞു കാണാത്തതില്‍ അദ്ദേഹം നിരാശനായിരുന്നു. അതുകൊണ്ടാണ് കോട്ടയം രാജാവിന്റെ വാറോലയും വാങ്ങി താമരശ്ശേരി നാടുവാഴിയെ അദ്ദേഹം ചെന്നു കണ്ടത്. അങ്ങനെ ഒരു വഴി കണ്ടെത്തണമെങ്കില്‍ കാട്ടില്‍ താമസിക്കുന്നവരുടെ സഹായം അത്യാവശ്യമാണെന്ന് താമരശ്ശേരി നാടുവാഴി എഞ്ചിനീയറെ പറഞ്ഞു മനസ്സിലാക്കി. അതിനു വേണ്ട സഹായം കണ്ടെത്താനാണ് അദ്ദേഹത്തിന്റെ കുറിപ്പടി ഉണ്ണിത്താന്‍ ജന്മിക്കയച്ചത്. കുറിപ്പടി കിട്ടിയ ഉടനെ തന്നെ കാര്യം കരിന്തണ്ടനെ അറിയിച്ചുവെങ്കിലും അയാള്‍ക്കതില്‍ വലിയ താല്‍പര്യമില്ല എന്നതുകൊണ്ട് നാടുവാഴിക്ക് ജന്മി വേണ്ട തരത്തില്‍ ഒരു മറുപടി കൊടുത്തതുമില്ല. എന്നാല്‍ കോട്ടയം തമ്പുരാന്‍ നേരിട്ടിടപെട്ട ഒരു കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തന്റെ കാര്യം അപകടത്തിലാവുമെന്ന് നാടുവാഴിക്കു തോന്നി. മലയടിവാരത്ത് താമസിക്കുന്ന കാടന്മാര്‍ കുറുമരും പണിയരുമാണെന്ന് നാടുവാഴി മനസ്സിലാക്കി. കറുമര്‍ കോട്ടയം രാജാവിനെ സഹായിക്കാന്‍ സാധ്യതയില്ലെന്ന കാര്യം നാടുവാഴിക്കറിയാമായിരുന്നു. കുറുമക്കോട്ട പിടിച്ചടക്കിയതിന്റെ കഥയൊക്കെ നാടുവാഴിക്കുമറിയാവുന്നതാണ്. അതുകൊണ്ട് പണിയരില്‍ നിന്നൊരാളെ വളച്ചെടുക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഊരുമൂപ്പന്‍ കാട്ടിലേക്ക് നാട്ടുകാരെ വലിച്ചു കയറ്റാന്‍ കൂട്ടുനില്‍ക്കില്ലെന്ന് ഉണ്ണിത്താന്റെ നിസ്സംഗത കണ്ടപ്പോഴേ അദ്ദേഹം ഊഹിച്ചു. പണിയരെ തെറ്റിക്കാന്‍ ഉണ്ണിത്താന്‍ ഒരുക്കമാവില്ല. കാരണം അദ്ദേഹത്തിന്റെ കൃഷിയൊക്കെ നോക്കുന്നത് പണിയരാണ്. ഊരുമൂപ്പന്‍ അനുവദിച്ചില്ലെങ്കിലും അതിനു പറ്റിയ ഏതെങ്കിലും ഒരു പണിയ ചെക്കനെ വളച്ചെടുക്കണമെന്ന് നാടുവാഴി തന്റെ വിശ്വസ്തനായ തമ്പാനെ ചട്ടംകെട്ടി. തമ്പാന്‍ അധികം താമസിയാതെ തന്നെ ഒരു പണിയനെ കൂട്ടിവന്ന് നാടുവാഴിയെ കണ്ടു. ഊരിലാരും അറിയാതെ വഴി കാണിച്ചു കൊടുക്കാമെന്ന് പണിയന്‍ സമ്മതിച്ചു. കാര്യം പുറത്തായാല്‍ തനിക്ക് ഊരുവിലക്കു വരുമെന്നും അപ്പോള്‍ എവിടെയെങ്കിലും പോയി ജീവിക്കാനുള്ള പണം കിട്ടണം എന്നും പണിയന്‍ പറഞ്ഞപ്പോള്‍ നാടുവാഴി അയാള്‍ക്ക് ഏഴ് പൊന്‍പണം നല്‍കി. വഴി കാണിച്ചു തന്നാല്‍ അന്‍പത് പൊന്‍പണം കൂടി നല്‍കാമെന്നും ഉറപ്പ് നല്‍കി. പറഞ്ഞ കാര്യം നിറവേറ്റാതെ പണം വാങ്ങി ചതിച്ചാല്‍ തല ഞാനെടുക്കുമെന്ന് നാടുവാഴി പറഞ്ഞത് തമ്പാനും കേട്ടതാണ്. അഞ്ചാറു ദിവസം കഴിഞ്ഞ് പണിയന്‍ വന്നു താന്‍ ഒരു വഴി കണ്ടെത്തിയെന്നും അത് ശരിയാവുമോ എന്ന് എഞ്ചിനീയര്‍ വന്ന് നോക്കണമെന്നും ആവശ്യപ്പെട്ടു. എഞ്ചിനീയറും നാലഞ്ചു ഭടന്മാരും തമ്പാനേയും പണിയനേയും കൂട്ടി കാട്ടിനകത്ത് പ്രവേശിച്ചെങ്കിലും ആനക്കൂട്ടത്തെ കണ്ട് തിരിച്ച് പോന്നു. അന്നും നാടുവാഴി രണ്ട് പൊന്‍പണം പണിയന് നല്‍കി. ഇത് ഇടക്കിടയ്ക്ക് ആവര്‍ത്തിച്ചപ്പോള്‍ എഞ്ചിനീയര്‍ക്ക് ഒരു കാര്യം മനസ്സിലായി. പണിയന്‍ ഒരു ദിവസം പോകുന്ന വഴിക്കല്ല മറ്റൊരു ദിവസം പോകുന്നത്. അപ്പോള്‍ അയാളൊരു വഴിയും കണ്ടെത്തിയിട്ടില്ല. പണം കിട്ടാന്‍ അയാള്‍ അതിബുദ്ധി കാണിക്കുന്നതാണ്. ഈ വിവരം എഞ്ചിനീയര്‍ നാടുവാഴിയെ അറിയിച്ചു. നാടുവാഴിക്ക് അതോടെ വാശി കയറി. തന്നെ വഞ്ചിച്ച പണിയനോട് ക്ഷമിക്കാന്‍ നാടുവാഴിക്ക് കഴിയുമായിരുന്നില്ല. കാര്യങ്ങളൊക്കെ നാടുവാഴി മനസ്സിലാക്കി എന്നറിഞ്ഞ പണിയന്‍ പിന്നെ നാടുവാഴിയെ കാണാനോ എഞ്ചിനീയറെ കൂട്ടി വഴി കാണിക്കാനോ പോയതുമില്ല. അവന്‍ വരും അപ്പോള്‍ പിടികൂടാമെന്ന് വിചാരിച്ച് നാടുവാഴി കാത്തിരുന്നെങ്കിലും ദിവസങ്ങളും മാസങ്ങളും കഴിഞ്ഞപ്പോള്‍ ആ കാത്തിരിപ്പിന് യാതൊരര്‍ത്ഥവുമില്ലെന്ന് അയാള്‍ക്കും തോന്നിത്തുടങ്ങി. നാടുവാഴിയെ പറഞ്ഞ് വിശ്വസിപ്പിച്ച് ചതിച്ചയാളെ കണ്ടെത്താനുള്ള ബാധ്യതയും തമ്പാന് തന്നെയായി. അയാളെ ആദ്യം കൂട്ടിക്കൊണ്ടുവന്നത് തമ്പാന്‍ തന്നെ ആയിരുന്നുവല്ലോ. തമ്പാന്‍ തന്റെ വഴിക്ക് തലകുത്തി അന്വേഷിച്ചിട്ടും അയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന് നാടുവാഴിയെ അറിയിച്ചു. ഊരില്‍ പോയി അന്വേഷിക്കാമെന്ന് കരുതിയാല്‍ അയാളുടെ പേര് ആര്‍ക്കും അറിയുകയുമില്ല. പണിയന്‍ എന്ന് മാത്രം പറഞ്ഞാല്‍ ഊരിലുള്ളവരൊക്കെ പണിയന്മാരാണല്ലോ. നാടുവാഴിക്കും തമ്പാനും കൂടെപ്പോകുന്ന എഞ്ചിനീയര്‍ക്കും ഭടന്മാര്‍ക്കും വിളിക്കാന്‍ പണിയന്‍ എന്ന പേര് തന്നെ ധാരാളമായിരുന്നു. പണിയരെ തെറ്റിക്കരുതെന്ന് ഇളമുറത്തമ്പുരാന്റെ കല്പനയുണ്ടായതുകൊണ്ട് ഇനി ഊരുമൂപ്പനെ അറിയിച്ചു കൊണ്ടു മാത്രമേ അന്വേഷണം നടത്താന്‍ കഴിയൂ എന്ന് തമ്പാന്‍ നാടുവാഴിയെ അറിയിച്ചു. ഊരുമൂപ്പനെ ബന്ധപ്പെടാന്‍ ഏറ്റവും നല്ല മാര്‍ഗം ഉണ്ണിത്താനാണ്. അതുകൊണ്ട് ഉണ്ണിത്താനെ തന്നെ ശരണം പ്രാപിക്കാമെന്ന് തമ്പാന്‍ പറഞ്ഞത് നാടുവാഴിയും വിശ്വസിച്ചു.
ഉണ്ണിത്താന്‍ ജന്മിയുടെ വീട്ടില്‍ കാവലിന് നിന്നിരുന്ന പണിയരിലൊരാളാണ് കാര്യങ്ങളൊക്കെ കരിന്തണ്ടനെ അറിയിച്ചത്. കരിന്തണ്ടന്റെ വേദനയും അവസ്ഥയും അറിയാം. എങ്കിലും അതൊക്കെ കഴിഞ്ഞിട്ട് മാസങ്ങളേറെ ആയില്ലേ? ഇനിയും അക്കാര്യങ്ങളോര്‍ത്ത് സങ്കടപ്പെടുന്നതില്‍ ഒരര്‍ത്ഥവുമില്ല. ഒന്ന് വരണം എനിക്കൊന്ന് കണ്ടേ പറ്റൂ’ എന്നാണ് ഉണ്ണിത്താന്‍ ജന്മി ദൂതനായ കാര്യക്കാരനോട് പറഞ്ഞയച്ചിരിക്കുന്നത്. ജന്മിയാണെന്ന അഹങ്കാരത്തില്‍ അദ്ദേഹം ഒരിക്കലും പ്രവര്‍ത്തിക്കാറില്ല. എന്നും എല്ലാവരും കൂടെയുണ്ടാവണമെന്ന രീതിയാണ് അദ്ദേഹത്തിന്. അവിടെ നെല്ലുണ്ടെങ്കില്‍ പണിയര്‍ പട്ടിണി കിടക്കില്ല എന്ന് അദ്ദേഹം പറയാറുണ്ട്. അത് ശരിയുമാണ്. വെള്ളപ്പൊക്കവും മലയിടിച്ചിലുമുണ്ടാകുമ്പോള്‍ ഒരു പണിക്കും പോകാന്‍ വയ്യാതെ പണിയര്‍ വല്ലാത്ത കഷ്ടപ്പാടിലാകും. പണിയ കുടിലുകളില്‍ തീപുകയില്ല. അക്കാലങ്ങളില്‍ പണിയര്‍ക്ക് വേണ്ടി വീട്ടില്‍ കഞ്ഞി പാരുന്ന ഒരേര്‍പ്പാടുണ്ട് ജന്മിക്ക്. അതെല്ലാം മനസ്സിലാക്കി തന്നെയാണ് ഒരോ കൊല്ലവും അടിമപ്പണം വാങ്ങുമ്പോളും ജന്മിയെ മാറുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും മൂപ്പന് തോന്നാതിരുന്നത്. അതില്‍ ഊരില്‍ ആര്‍ക്കും പരാതിയുമില്ല. ഊരില്‍ നിന്ന് വരുന്ന എല്ലാ അഭിപ്രായങ്ങളും കണക്കിലെടുത്ത് മാത്രമേ മൂപ്പന്‍ പ്രവര്‍ത്തിക്കൂ. അതാണ് പണിയരുടേയും പണിയ മൂപ്പെന്റേയും പ്രത്യേകത.
എന്തായാലും ജന്മിയുടെ സന്ദേശം കിട്ടിയപ്പോള്‍ വെളുക്കന്‍ അവിടെ ഉണ്ടായിരുന്നില്ല. എവിടെ പോവുകയാണെങ്കിലും കരിന്തണ്ടന്റെ കൂടെയുണ്ടാവാറുള്ളത് വെളുക്കനാണ്. വെളുക്കന് കരിന്തണ്ടന്റെ കൂടെയുണ്ടാവണമെന്ന് നിര്‍ബന്ധവുമുണ്ട്. പക്ഷെ അയാള്‍ കാട്ടില്‍ ചാമനെ തിരഞ്ഞ് പോയതാണ്. ചാമന്‍ കാട്ടിലുണ്ടെങ്കില്‍ അയാളെ കണ്ടെത്തിക്കഴിഞ്ഞേ അയാള്‍ വരൂ. ദിവസങ്ങള്‍ കുറേ ആയി ചാമനെ തേടി വെളുക്കന്‍ നടക്കാന്‍ തുടങ്ങിയിട്ട്. ഒരു കാര്യം ഏല്പിച്ചാല്‍ അത് കൃത്യമായി പൂര്‍ത്തീകരിക്കാതെ തിരിച്ചു വരുന്ന ഒരേര്‍പ്പാട് വെളുക്കനില്ല. അതുകൊണ്ടു തന്നെയാണ് മൂപ്പന്‍, കാട്ടില്‍ ചാമനുണ്ടെങ്കില്‍ അവനെ കണ്ടെത്തണം എന്ന കാര്യം വെളുക്കനെ തന്നെ ഏല്‍പ്പിച്ചതും. ഇനിയിപ്പോള്‍ ജന്മിയെ കാണാന്‍ പോകുമ്പോള്‍ ആരെ കൂട്ടും എന്ന കാര്യത്തില്‍ കരിന്തണ്ടന് സംശയമായി. ആ സമയത്താണ് ചടയന്‍ ആ വഴിക്കു വന്നത്. ചടയന്‍ കളരി പഠിക്കാന്‍ വരുന്ന ശിഷ്യനാണ്. അവനോട് കരിന്തണ്ടന്‍ ചോദിച്ചു. ജന്മി വിളിപ്പിച്ചിട്ടുണ്ട്. നിനക്ക് തിരക്കില്ലെങ്കില്‍ എന്റെ കൂടെ വാ. നമുക്കൊന്ന് പോയി കണ്ടു വരാം’. ‘എനിക്കെന്ത് തിരക്ക്? മൂപ്പന്‍ പറഞ്ഞാല്‍ എവിടെയാണെങ്കിലും ഞാന്‍ വരാം’ ചടയന് മൂപ്പന്റെ കൂടെ നടക്കുന്നതൊക്കെ വലിയ കാര്യമായിരുന്നു. അവര്‍ രണ്ട് പേരും കൂടി ഒട്ടും താമസിക്കാതെ ജന്മിയുടെ വീട് ലക്ഷ്യമാക്കി നടന്നു. പോകുമ്പോള്‍ ചടയന്‍ വെറുതെ എന്തെങ്കിലും സംസാരിക്കുവാന്‍ വേണ്ടി മാത്രം ചോദിച്ചു. ‘മൂപ്പാ – ഇങ്ങള് തെയ്യം വിളിയൊക്കെ ഉണ്ടാകുന്ന ഒരാളല്ലേ? നമ്മുടെ പണിയ കുലത്തിന്റെ കാര്യമൊക്കെ മുന്‍കൂട്ടി കാണാം – എന്നിട്ടും എന്തേ പാറ്റ മരിക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയാതിരുന്നത്? ഞാന്‍ ചോദിച്ചത് ഒരു ധിക്കാരമായി കാണരുത് – ഒരു സംശയം മാത്രമാണ്. ഞങ്ങളൊക്കെ നിങ്ങളുടെ കല്യാണം കാണാന്‍ കാത്തിരുന്നതാണ്. എന്നിട്ടും അത് കാണാന്‍ പറ്റിയില്ലല്ലോ. അപ്പോള്‍ നമ്മുടെ ദൈവങ്ങളൊക്കെ നമ്മളോട് പിണക്കമാണോ? നിങ്ങളെ ഒന്ന് ഒറ്റക്ക് കിട്ടിയാല്‍ ചോദിക്കണമെന്ന് വിചാരിച്ചതാണ്’ – ചടയന്റെ ചോദ്യം കേട്ടപ്പോള്‍ കരിന്തണ്ടന്‍ ചിരിച്ചു. പാറ്റ മരിച്ച ശേഷം അദ്ദേഹം ആദ്യം ചിരിക്കുകയായിരുന്നു. ‘പാറ്റയെ ഇപ്പിമല മുത്തപ്പനും കോരപ്പള്ളി മുത്താച്ചിയും കൂടെ കൊണ്ട് പോയി. അധികം വൈകാതെ എന്നെയും അവര് കൊണ്ടുപോകും. ഞങ്ങള്‍ അവരുടെ കൂടെയാണ് ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കുക. അല്ലെങ്കില്‍ എന്റെ ഇരുപത്തൊന്നാമത്തെ വയസ്സില്‍ അവളെ കല്യാണം കഴിക്കാമായിരുന്നു. അച്ഛന്‍ സമ്മതിച്ചില്ല. അതേ കാലത്ത് തന്നെ അച്ഛന്‍ മരിച്ചു. ഇപ്പോള്‍ വയസ്സ് കുറച്ചു കൂടി. മുപ്പത്തിരണ്ടില്‍ മാത്രമേ ഞങ്ങള്‍ ഒരുമിക്കൂ. അത് മുനീച്ചരന്‍ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് ഞങ്ങളൊരുമിക്കില്ല എന്നൊന്നും നീ കരുതേണ്ട – ഇത്തരം സംശയങ്ങളും വേണ്ട. കുറച്ചു കാര്യങ്ങള്‍ കൂടി ചെയ്യാനുണ്ട് അത് ചെയ്തിട്ടു വേണം ഇപ്പി മല മുത്തപ്പനെ കാണാന്‍ – അതുവരെ ഇവിടെയുണ്ടാവും’. ചടയന്‍ അത്ഭുതത്തോടെയാണ് അത് കേട്ടത്. അപ്പോള്‍ മുപ്പത്തിരണ്ട് വയസ്സ് കഴിഞ്ഞാന്‍ മൂപ്പന്‍ ഉണ്ടാകില്ലെന്നാണോ പറഞ്ഞത്?- മൂപ്പന്‍ മരിക്കുമെന്നാണോ? എന്താ മൂപ്പാ ഇങ്ങനെയൊക്കെ പറയുന്നത്?. അങ്ങിനെയൊന്നും ഞാന്‍ പറഞ്ഞില്ലല്ലോ. നീ ഞാന്‍ പറയാത്തതൊന്നും കേള്‍ക്കേണ്ട. നീയിപ്പോള്‍ പഠിക്കാന്‍ ഉള്ള കാര്യങ്ങള്‍ പഠിക്കുക. നല്ല ഒരു യോദ്ധാവാവണം- പണിയര്‍ക്കിടയില്‍ ഒരു യോദ്ധാവുണ്ടായിട്ടില്ല – അത് പരിഹരിക്കണം. അതിനാണ് ഞാന്‍ കളരി തുടങ്ങിയത് – നമ്മുടെ പാരമ്പര്യം കാത്തുസൂക്ഷിക്കണം. പണിയെടുക്കണം. ആചാരങ്ങള്‍ നിലനില്ക്കണം. അത് സൂക്ഷിച്ചില്ലെങ്കില്‍ കാടിന്റെ അധികാരം നമുക്ക് നഷ്ടപ്പെടും. ഇപ്പോള്‍ തന്നെ രാജാക്കന്മാര്‍ കാട്ടില്‍ കണ്ണു വച്ചു തുടങ്ങി. നമ്മടെ ഊരില്‍ തന്നെയുള്ളവര്‍ തമ്മില്‍ തല്ലുന്ന ഒരവസ്ഥയുണ്ടാകരുത്. പണവും അധികാരവും കിട്ടുമെന്ന് തോന്നുമ്പോള്‍ ഊരിനെ ഒറ്റിക്കൊടുക്കാനും ചിലരുണ്ടാവും. അതിനെയൊക്കെ ചെറുത്തുനില്‍ക്കാന്‍ കഴിയണമെങ്കില്‍ അതിനു മാത്രം ശക്തി ഊരിനുണ്ടാകണം. ഊരിലെ ചെറുപ്പക്കാര്‍ക്കുണ്ടാവണം. അത് മാത്രമാണ് എനിക്ക് നിന്നോട് പറയാനുള്ളത്. ഇപ്പി മല മുത്തപ്പന്‍ നിന്നെ എന്റെ കൂടെ വരാന്‍ കാരണമാക്കിയതിനും നീ എന്റെ കൂടെ വന്നതിനും ഇതൊക്കെ ചോദിക്കുന്നതിനും ഒരോ കാരണമുണ്ടാവും. കാരണമില്ലാതെ ഒരു കാര്യവുമുണ്ടാവില്ല. കാരണം ചിലപ്പോള്‍ ആര്‍ക്കും സഹിക്കാന്‍ കഴിയാത്തതാവും. പക്ഷെ അതിന്റെ ഒക്കെ അവസാനത്തിലാണ് അറിയുക ആ കാരണം കൊണ്ടാണ് ഈ കാര്യമുണ്ടായതെന്ന്. ആ നിലക്കു നോക്കുമ്പോള്‍ പാറ്റയുടെ മരണം പോലും ഒരു കാരണമാണ്. കാര്യമല്ല. അതിന് ശേഷമുണ്ടാകാന്‍ പോകുന്ന കാര്യങ്ങള്‍ ഇപ്പിമലക്കും കോരപ്പള്ളിക്കും മാത്രമേ അറിയൂ’ – ഒരു സന്യാസിയുടെ ഭാവമായിരുന്നു കരിന്തണ്ടന്. പക്ഷെ അദ്ദേഹം പറഞ്ഞത് മുഴുവന്‍ ഉള്‍ക്കൊള്ളുവാന്‍ മാത്രം അറിവും വിവരവുമൊന്നും ചടയനുണ്ടായിരുന്നില്ല. മുപ്പത്തിരണ്ടാം വയസ്സില്‍ മൂപ്പന്‍ മരിക്കുമെന്നല്ലേ അദ്ദേഹം പറഞ്ഞത്? അങ്ങനെയാണങ്കില്‍ അതിന് അധികം കാലമുണ്ടാവുമോ – അല്ല അദ്ദേഹം അത് ശരിക്ക് പറഞ്ഞതാണോ – അതൊ ഒരു തമാശക്കൊ? – മുപ്പത്തിരണ്ട് തികയാന്‍ ഇനി മൂപ്പന് അധികം കാലമൊന്നുമുണ്ടാകില്ല. വെറുതെ പറഞ്ഞതായിരിക്കും. അല്ലെങ്കില്‍ അദ്ദേഹം പറഞ്ഞത് തനിക്ക് മനസ്സിലാകാതെ പോയതായിരിക്കും. ഇങ്ങനെയൊക്കെയാണ് ചടയന്‍ ചിന്തിച്ചത്. ചിന്ത കൂടിയതു കൊണ്ടു തന്നെ കൂടുതല്‍ സംസാരിക്കാന്‍ ചടയനായില്ല. പിന്നെ അദ്ദേഹത്തിന്റെ പിറകില്‍ ഒരു യന്ത്രം പോലെ നടക്കുക മാത്രമായിരുന്നു ചടയന്‍ ചെയ്തത്. വേണ്ടാത്ത ചിലത് ചോദിച്ചു. ഇപ്പോള്‍ കേട്ട മറുപടിയില്‍ നിന്ന് ഒന്നും മനസ്സിലായതുമില്ലല്ലോ എന്റെ ഇപ്പി മല മുത്തപ്പാ – എന്നയാള്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു.
(തുടരും)