- കാടുന മൂപ്പെ കരിന്തണ്ടെ
- നാന്‍ കാടുന മകെ (കാടുന മൂപ്പെ കരിന്തണ്ടെ 2)
- നാങ്കെ ഇപ്പിമലെ നമക്ക( കാടുന മൂപ്പെ കരിന്തണ്ടെ 3)
- വഴികള്‍ തെളിയുന്നു (കാടുന മൂപ്പെ കരിന്തണ്ടെ 16)
- കാലം മറന്തെയി (കാടുന മൂപ്പെ കരിന്തണ്ടെ 4)
- ചതി പണിയരു ചയിക്ക (ചതി പണിയര്‍ സഹിക്കില്ല)( കാടുന മൂപ്പെ കരിന്തണ്ടെ 6)
- മൂപ്പെ കദെ പറയ്ഞ്ചു (കാടുന മൂപ്പെ കരിന്തണ്ടെ 5)
പാറ്റയുടെ പുലകുളിയും അടിയന്തിരവും എല്ലാം കഴിഞ്ഞ ശേഷമാണ് ഒരു ദിവസം കാരാമയും കോയ്മയും കൂടി കരിന്തണ്ടനെ കാണാന്‍ വന്നത്. പാറ്റയുടെ മരണവുമായി ബന്ധപ്പെട്ട സത്യാവസ്ഥകള്‍ വെളുമ്പിയും കൂരവിയും കൂടി അയാളെ ബോധ്യപ്പെടുത്തിയിട്ടുണ്ടായിരിക്കും എന്നായിരുന്നു അവരുടെ വിശ്വാസം. വെളുമ്പിയാണെങ്കില്‍ വൈകുന്നേരങ്ങളില്‍ ഇത്തിരി വാറ്റ് മോന്താറുള്ള ഒരാളും. അത് കഴിച്ച് കഴിഞ്ഞാല്‍ അവള്‍ക്ക് പിന്നെ രഹസ്യങ്ങള്‍ പിടിച്ച് വെയ്ക്കാന്‍ കഴിയുമോ? എല്ലാ കാര്യങ്ങളും കരിന്തണ്ടന്‍ അറിഞ്ഞിട്ടുണ്ടാകുമെന്ന കാര്യത്തില്‍ അവര്‍ക്ക് സംശയമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ അവരുടെ പ്രതീക്ഷ തികച്ചും തെറ്റായിരുന്നു. ഊരിന്റെ സ്ഥാനികളായ കാരാമയും കോയ്മയും ഒരു കാര്യം പറഞ്ഞാല്‍ അത് തെറ്റിക്കാന്‍ ഇത്തിരി വാറ്റ് കഴിക്കുന്നത് ഒരു കാരണമാകില്ലെന്ന് വെളുമ്പി തെളിയിച്ചു. അവള്‍ക്കത് കരിന്തണ്ടനെ അറിയിക്കാന്‍ കഴിയാത്തതില്‍ വലിയ വിഷമമുണ്ടായിരുന്നു. എന്നാല്‍ അവന്റെ മുഖത്ത് നോക്കി അത് പറയാനുള്ള കഴിവ് ഒരു ലഹരി കൊണ്ടും ഉണ്ടാകില്ലെന്നവര്‍ മനസ്സിലാക്കി. പിന്നെ കൂരവി കാര്യമായി പറഞ്ഞിരുന്നു കാരാമയും കോയ്മയും ഒരു കാര്യം തീരുമാനിച്ചത് നമ്മളായി തെറ്റിച്ചാല്‍ ചിലപ്പോള്‍ നമ്മളെ ഊരില്‍ നിന്ന് പുറത്താക്കും. അത് എത്ര വാറ്റ് കഴിച്ചാലും ഉള്ളിലുണ്ടായിരിക്കണം. വെളുമ്പിയമ്മ ഒന്നും കരിന്തണ്ടനെ അറിയിച്ചിട്ടില്ലെന്ന് അവനോട് സംസാരിച്ചപ്പോഴാണ് സ്ഥാനികള്‍ മനസ്സിലാക്കിയത്. കാരാമ പറഞ്ഞു. ‘ഞങ്ങള്‍ വിചാരിച്ചത് എല്ലാം മൂപ്പന്‍ അറിഞ്ഞിട്ടുണ്ടായിരിയ്ക്കുമെന്നാണ്. പാറ്റയുടെ മരണത്തെ പറ്റിയാണ് പറഞ്ഞു വന്നത്. ഇനിയും മൂപ്പന്‍ ഒന്നും അറിയാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല. മാത്രമല്ല ചെമ്മിയറിയേണ്ട കാര്യം ചെമ്മി തന്നെ അറിയണം. എന്നാലല്ലേ ചെമ്മി ചെയ്യേണ്ടത് ചെമ്മിയ്ക്ക് ചെയ്യാനാകൂ’. കാര്യമെന്തെന്നറിയാതെ മിഴിച്ചു നോക്കിയ അയാളുടെ മുഖത്ത് നോക്കി സംസാരിക്കാനാകാതെ കാരാമ തലതാഴ്ത്തി. അപ്പോള്‍ കോയ്മ തുടര്‍ന്നു. ‘അത് വേറൊന്നുമല്ല, പാറ്റയുടെ മരണം ആന എടുത്ത് വലിച്ചെറിഞ്ഞിട്ടല്ലെന്ന് ഒരു സംശയമുണ്ട്. ആരോ അവളെ കൊന്നതാണെന്ന് തോന്നുന്നു. അതാരാണെന്ന് കണ്ടെത്തേണ്ടത് ഊരിന്റെ മുഴുവന്‍ ഉത്തരവാദിത്തമാണ്. അത് പറയാനാണ് ഞങ്ങള്‍ വന്നത്’. അത് കേട്ടപ്പോഴും കരിന്തണ്ടന്റെ മുഖത്ത് വലിയ അത്ഭുതമൊന്നും തോന്നിയില്ല. അയാള്‍ ഒരു നിര്‍വികാര ഭാവത്തിലാണ് കേട്ടുകൊണ്ടിരുന്നത്. ‘കരിന്തണ്ടന് ഞങ്ങള്‍ പറയുന്നതൊന്നും മനസ്സിലാവുന്നില്ലേ? പാറ്റയുടെ അച്ഛനേയും അമ്മയേയും കാര്യമറിയിക്കണം. ആരാണെങ്കിലും അതിന്റെ കാരണക്കാരനെ കണ്ടെത്തണം. അതിനുള്ള ഉത്തരവാദിത്തം മുഴുവന്‍ ചെമ്മിയുടെ തലയിലാണ്. ഇത്രയും ദിവസം ഇതൊന്നുമറിയിക്കാതെ ഞങ്ങള്‍ മറച്ചുവെച്ചത് നിങ്ങളുടെ അച്ചര കെട്ട് (ആചാര കല്യാണം) കഴിഞ്ഞതുകൊണ്ടാണ്. നീ നാലുപണം പാറ്റയുടെ അച്ഛനു കൊടുത്തതാണല്ലോ. അച്ചര കെട്ട് കഴിഞ്ഞാല്‍ പിന്നെ കല്യാണം കഴിഞ്ഞ പോലെയാണ് പണിയര്‍ കാണുന്നതെന്ന് നിനക്കറിയുന്നതല്ലേ?’ കാരാമയാണ് ചോദിച്ചത്. കോയ്മ ഏറ്റുപിടിച്ചു. ‘ദു:ഖം എല്ലാവര്‍ക്കുമുണ്ട്. പക്ഷെ ദുഃഖിച്ചിരുന്നതുകൊണ്ട് മാത്രം കാര്യമില്ലല്ലോ. നമ്മുടെ ഊരില്‍ ഇങ്ങനെ ഒരു സംഭവം ആദ്യമായിട്ടാണ്. ആരാണെങ്കിലും അതിനുത്തരവാദിയെ കണ്ടെത്തണം. ചെമ്മിയിങ്ങനെ ഒന്നും പറയാതെയിരുന്നാല്‍ ഞങ്ങളെന്തു ചെയ്യും?’ കരിന്തണ്ടന്‍ മെല്ലെ പറഞ്ഞു. ‘ആദ്യമേ ഇക്കാര്യത്തില്‍ എനിക്ക് സംശയമുണ്ടായിരുന്നു. ആനയുടെ മണം ദൂരെ നിന്ന് തിരിച്ചറിയാത്തവളല്ല പാറ്റ. പിന്നെ അവര് വിറകെടുക്കുന്ന ആ ഭാഗത്ത് ഇന്നുവരെ ആനയിറങ്ങിയതായി ആരും പറഞ്ഞു കേട്ടിട്ടില്ല. ഒരു ഒറ്റക്കൊമ്പന്റെ കൈയില്‍ കിട്ടിയ മനുഷ്യ ശരീരം അങ്ങനെ കാണാന്‍ മാത്രമുണ്ടാകും എന്നും എനിക്ക് തോന്നിയിരുന്നില്ല. എങ്കിലും നിങ്ങള്‍ക്കീ സംശയമെങ്ങനെയുണ്ടായി? അതിന്റെ കാരണം കൂടിയറിഞ്ഞാല്‍ അന്വഷണം ആരംഭിയ്ക്കാം’. കുറച്ചുനേരം രണ്ടു പേരും ഒന്നും പറഞ്ഞില്ല. അവര്‍ മുഖത്തോട് മുഖം നോക്കിയിരിക്കുകയായിരുന്നു. പിന്നെ സാവധാനം കോയ്മ പറഞ്ഞു. ‘സംശയം ഞങ്ങള്‍ക്കുണ്ടായതല്ല. ശവ ശരീരം കുളിപ്പിച്ചവര്‍ക്കുണ്ടായതാണ്. അവരു രണ്ടു പേരും കുട്ടികളൊന്നുമല്ലല്ലോ. ഏറെ അനുഭവങ്ങളുള്ളവരല്ലേ. നീ ജനിച്ചപ്പോള്‍ പോയതാണ് നിന്റെ അമ്മ. അതിന് ശേഷം ഊരില്‍ നടന്ന എല്ലാ മരണത്തിനും നിന്റെ അച്ഛന്‍ മൂപ്പനെ സഹായിച്ചിരുന്നത് വെളുമ്പിയായിരുന്നു. എത്രയെത്ര മൃതദേഹം അവര്‍ കുളിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അവര്‍ പറയുന്നത് അത്ര നിസ്സാരമല്ലെന്ന് ഞങ്ങള്‍ക്കും തോന്നി. കൂരവിയോടും ചോദിച്ചു. അവര്‍ രണ്ട് പേരും ഉറപ്പിച്ചു പറഞ്ഞത് അവള്‍ ബലാല്‍ക്കാരം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ്. അതുകൊണ്ടു തന്നെയാണ് അപ്പോള്‍ നിന്നോട് അത് അറിയിക്കാന്‍ മടിച്ചത്’. കരിന്തണ്ടന്‍ അദ്ദേഹത്തെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. അവന്റെ മനസ്സില്‍ ആയിരം കടന്നലുകള്‍ മൂളിപ്പറക്കുകയാണെന്ന് അവര്‍ക്ക് മനസ്സിലാക്കാനൊന്നും കഴിഞ്ഞില്ല. പക്ഷെ അവന്റെ ആ മൗനത്തിന് വല്ലാത്ത അര്‍ത്ഥതലങ്ങളുണ്ടെന്ന് അവര്‍ മനസ്സിലാക്കി. ‘ഇനി കൂടുതലെന്തെങ്കിലും മനസ്സിലാക്കണമെങ്കില്‍ കൂരവിയേയും വെളുമ്പിയേയും വിളിക്കാം’. അതിന് കരിന്തണ്ടന്‍ മറുപടിയൊന്നും പറഞ്ഞില്ല. അവര്‍ തന്നെ പുറത്തിറങ്ങി കൂരവിയേയും വെളുമ്പിയേയും വിളിച്ചു. വെളുമ്പി അവര്‍ വരുന്നതും കരിന്തണ്ടനോട് സംസാരിക്കുന്നതും എല്ലാം നോക്കിയിരിക്കുന്നുണ്ടായിരുന്നു. ഉടന്‍ ഒരു വിളി വരുമെന്ന പ്രതീക്ഷ അവര്‍ക്കുണ്ടായിരുന്നതുപോലെയാണ് അവര്‍ കയറി വന്നത്. എന്തിനാണ് വിളിച്ചതെന്നോ എന്താണ് കാര്യമെന്നോ അന്വേഷിക്കാതെ അവര്‍ വന്ന പാടേ പറഞ്ഞു: ‘കരിന്തണ്ടാ അത് -പാറ്റെയെ കൊന്നത് ആനയല്ല ഒരാനക്കള്ളനാണ്. ഇത് നിന്നെ അറിയിക്കണം എന്ന് പല പ്രാവശ്യം കരുതിയതാണ്. പക്ഷെ ആരോടും പറയരുതെന്ന് സ്ഥാനക്കാര് പറഞ്ഞതാണ്. ഞാനായിട്ടത് തെറ്റിക്കുന്നത് ശരിയാണോ – നിനക്കറിയാലോ ഒന്നും ഒളിച്ചു വെക്കുവാന്‍ എനിക്ക് കഴിയില്ല – പറയേണ്ടത് പറഞ്ഞ് തീര്‍ക്കുന്നതാണ് എന്റെ സ്വഭാവം. പക്ഷെ ഇതങ്ങനെ ഉറക്കെ പറയാന്‍ പാടില്ലാത്തതല്ലേ – അവളുടെ അടി മുണ്ട് അഴിഞ്ഞിരുന്നു. പിന്നെ കുളിപ്പിക്കുമ്പോള്‍ പാടില്ലാത്തതാണെങ്കിലും ഞങ്ങള്‍ സംശയം തോന്നിയത് കൊണ്ട് എല്ലാമൊന്ന് നോക്കി. അത്യാവശ്യ സമയത്ത് മൂപ്പനെ അറിക്കണമെന്നാണ് – അന്ന് നിന്റെ അവസ്ഥ കണ്ടപ്പോള്‍ കോയ്മയേയും കാരാമയേയും അറിയിച്ചു. എന്റെ പൊന്നേ നിന്നെ ഇതറിയിക്കാന്‍ കഴിയാത്തതില്‍ എത്ര വേദന ഞാനനുഭവിച്ചിട്ടുണ്ടെന്ന് നിനക്കറിയാമോ? എന്നോട് നിനക്ക് ദേഷ്യമൊന്നും തോന്നരുത് – എനിക്ക് നിന്റെ മുഖം കണ്ടപ്പോള്‍ ഒന്നും പറയാന്‍ തോന്നിയില്ല. അതിനുള്ള ശക്തിയുണ്ടായിരുന്നില്ല – നീ ശരിക്കായിരുന്നെങ്കില്‍ നിന്നോടേ പറയുമായിരുന്നുള്ളൂ..’ അവര്‍ പറയുന്നതെല്ലാം കരിന്തണ്ടന്‍ കേട്ടു. അധികം വൈകാതെ തന്നെ കൂരവിയും അവിടെ വന്നു. ‘അടിമുണ്ടഴിഞ്ഞു പോയിരുന്നു. ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് ഒരിക്കലും അഴിയാത്ത ഒന്നാണ് അടിമുണ്ട്. അതാണ് സംശയം തോന്നിയത്. – നോക്കിയപ്പോള്‍ ചോരയായിരുന്നു – ഒരു പെണ്ണിന് മനസ്സിലാകാത്ത ഒന്നും ഒരു പെണ്ണിന്റെ ശരീരത്തില്‍ ഒരു പുരുഷനും ചെയ്യാനാവില്ല. പലപ്പോഴും പെണ്ണുങ്ങള്‍ തന്നെയാണ് എല്ലാറ്റിനും കണ്ണടയ്ക്കുന്നത്. അറിഞ്ഞത് മൂപ്പനെ അറിയിക്കണമെന്നാഗ്രഹിച്ചിരുന്നു. അന്ന് അപ്പോളുള്ള മൂപ്പന്റെ അവസ്ഥ വ്യക്തമായി അറിയാമായിരുന്നതുകൊണ്ട് വെളുമ്പിയാണ് കാരാമയേയും കോയ്മയേയും അറിയിക്കാമെന്ന് പറഞ്ഞത്. എന്തായാലും ആണൊരുത്തന്‍ അവളുടെ മോലൊന്ന് പൂട്ടി എന്നതിന് ഞങ്ങള്‍ക്ക് സംശയമില്ല – അത് ഊരിലുള്ളവരാകാതിരിക്കട്ടെ എന്നൊരു പ്രാര്‍ത്ഥനയേയുള്ളൂ’. കരിന്തണ്ടന്‍ വല്ലാത്ത വിഷമത്തോടെ ചോദിച്ചു, ‘നിങ്ങള്‍ രണ്ട് പേരും അറിഞ്ഞിട്ടും എന്നെ മറച്ചുവച്ചു അല്ലേ? – ഞാന്‍ സ്വന്തം മോനാണെന്നല്ലേ നിങ്ങള്‍ പറയാറ് – എന്നിട്ടും? പക്ഷെ മുനീച്ചരന്‍ എന്നെ അറിയിച്ചിരുന്നു’. കരിന്തണ്ടന്റെ വാക്കുകള്‍ രണ്ടു പേരേയും വേദനിപ്പിച്ചു. അവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു എങ്കിലും അവരൊന്നും മിണ്ടാന്‍ നിന്നില്ല.
കരിന്തണ്ടന്‍ സ്ഥാനികളോട് പറഞ്ഞു. അവനാരാണെങ്കിലും മുനീച്ചരന്‍ അവനെ എന്റെ മുമ്പില്‍ കൊണ്ടുവന്നു തരും. അവനെ തല്ലാനോ കൊല്ലാനോ നമുക്കധികാരമില്ല. എങ്കിലും ഞാന്‍ പറയുന്നു അവനെ കണ്ടാല്‍ ചിലപ്പോള്‍ എനിക്ക് സ്വയം നിയന്ത്രിക്കാനായെന്നു വരില്ല. അതുകൊണ്ട് അവന്റെ ശവം മാത്രം ഞാന്‍ കണ്ടാല്‍ മതി. അത് ഊരിലെ തെമ്മാടിയായാലും പുറത്തു നിന്നുള്ളവനായാലും’. അതു പറഞ്ഞു കൊണ്ട് കൈയില്‍ കിടക്കുന്ന വള ഒന്നു തൊട്ടു കൊണ്ടയാള്‍ ഉറക്കെ വിളിച്ചു. ‘മുനിച്ചരാ – ഇപ്പിമല മുത്തപ്പാ – കോരാപ്പള്ളി മുത്യമ്മേ…’ അത് കേട്ട് കാരാമയും കോയ്മയും വള്ളിയമ്മയും കൂരവിയും എഴുന്നേറ്റ് നിന്ന് കാടിനെ നോക്കി അതേ പ്രാര്‍ത്ഥന ആവര്‍ത്തിച്ചു. പിന്നെ അവര്‍ നിശബ്ദരായി. അപ്പോളാണ് കരിന്തണ്ടന്‍ പറഞ്ഞത്.
‘നമ്മള്‍ക്ക് തുടങ്ങാം. ഇപ്പി മലയുടേയും കോരപ്പള്ളിയുടേയും മക്കളാണ് നമ്മള്‍. അതിലാരെങ്കിലും തെറ്റ് ചെയ്താല്‍ അത് മുനീച്ചരന്‍ അറിയിക്കും. അത് ഇപ്പി മല മുത്തപ്പന്‍ തെളിയിക്കും, എല്ലാം പെട്ടെന്നാവില്ല. എല്ലാറ്റിനും ഒരു സമയം അവര്‍ കല്പിച്ചിട്ടുണ്ടാവും. ആ വിശ്വാസം എനിക്കുണ്ട്. ആ കാര്യത്തില്‍ മൂപ്പനെന്ന നിലക്ക് കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കോയ്മയും കാരാമയും കൂടെ ഉണ്ടായാല്‍ മതി’. കരിന്തണ്ടന്റെ വാക്കുകളില്‍ നിറഞ്ഞു നിന്ന ആത്മവിശ്വാസം എല്ലാവര്‍ക്കും ഒരു പ്രതീക്ഷയായിരുന്നു.
‘എന്തായാലും ഇങ്ങനെ ഒരു കാര്യം നമ്മളായിട്ട് ഊരില്‍ പാടി നടക്കണ്ട – ഏത് രഹസ്യവും രണ്ടോ നാലോ ദിവസമേ ഒളിഞ്ഞിരിക്കുകയുള്ളൂ. അത് കഴിഞ്ഞാല്‍ അത് സ്വയം പരസ്യമാകും. അതുവരെ നമുക്കും കാത്തിരിക്കാം. അതായിരിക്കും നല്ലത്’ എന്ന അഭിപ്രായമായിരുന്നു കാരാമക്കുണ്ടായിരുന്നത്. അത് കേട്ടപ്പോള്‍ എല്ലാവരും സമ്മതത്തോടെ തല കുലുക്കി.
കാരാമയും കോയ്മയും പോയ ശേഷമാണ് വെളുക്കന്‍ അങ്ങോട്ട് കയറി വന്നത്. അവനോട് കരിന്തണ്ടന്‍ കാര്യങ്ങള്‍ പറഞ്ഞു. അവനെ അറിയിക്കേണ്ടത് ആവശ്യമാണെന്ന് കരിന്തണ്ടന് തോന്നി. അവന്റെ കൂടി സഹായമുണ്ടായാലേ കാര്യങ്ങളുടെ പിന്നിലാരാണെന്ന് കണ്ടെത്താന്‍ കഴിയൂ. ‘ചാമന്‍ ഊരിലില്ല. പോയിട്ട് രണ്ടു നാലാഴ്ച കഴിഞ്ഞെന്നാണ് അവന്റെ വീട്ടുകാര്‍ പറയുന്നത്. പാറ്റയുടെ പുലയടിയന്തിരത്തിനോ മറമാടലിനോ അവനെ കണ്ടിട്ടില്ല. എന്നാല്‍ അവന്‍ കാട്ടിലുണ്ടെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ അവന്‍ ഒളിഞ്ഞിരിക്കണമെങ്കില്‍ അതിന്റെ പിന്നിലൊരു കാരണമുണ്ട്. മുമ്പും അവന്‍ പനമരത്തേയ്ക്ക് എന്ന് പറഞ്ഞപ്പോഴൊക്കെ അവനും ഊരിന് പുറത്തുള്ള ചിലരും വനത്തിലുണ്ടായിരുന്നതായി എനിക്ക് സൂചന കിട്ടിയിട്ടുണ്ട്. നാട്ടുകാരെ കാട്ടിനുള്ളിലേക്ക് അതീവ രഹസ്യമായി ക്ഷണിച്ചു കൊണ്ടു വരുന്നുണ്ടെങ്കില്‍ അതൊരിക്കലും കാട് നന്നാക്കാനായിരിക്കുകയില്ല. കാട് മുടിക്കാന്‍ തന്നെ ആയിരിക്കും. അതീവ രഹസ്യമായി കാട്ടിനുള്ളില്‍ ഒരു തിരച്ചില്‍ നടത്തണം. ഏറ്റവും വിശ്വസിക്കാവുന്ന രണ്ടോ നാലോ പേരെ ഒപ്പം കൂട്ടിയാല്‍ മതി. എന്തേ നിനക്ക് കഴിയില്ലേ?’ വെളുക്കന് ആലോചിക്കാനേയുണ്ടായിരുന്നില്ല. ‘പിന്നെ! – തീര്‍ച്ചയായും കഴിയും. വാറ്റ് മോന്തി മോന്തി അവനൊരു പിരാന്തനായിട്ടുണ്ട്. അവന്റെ സ്വഭാവം അത്ര നല്ലതല്ലെന്ന് പലരും പറഞ്ഞ് ഞാനും കേട്ടിട്ടുണ്ട്. ഊരിലെ പല പെണ്ണുങ്ങള്‍ക്കും അവനെക്കുറിച്ച് പരാതിയുണ്ട്. ആരും അതങ്ങനെ പരസ്യമാക്കിയിട്ടില്ലെന്നു മാത്രം. ചാമനെ പിടിച്ചാല്‍ കാട്ടില്‍ വച്ച് തന്നെ ചോദ്യം ചെയ്യുന്നതായിരിക്കും നല്ലത്. ഇന്നുതന്നെ തിരയാം. കണ്ടെത്തിയാല്‍ ഉടന്‍ ആളെ ഇങ്ങോട്ട് വിടാം. അപ്പോള്‍ മൂപ്പന്‍ അങ്ങോട്ട് വന്നാല്‍ മതി’ അതു പറഞ്ഞുകൊണ്ട് വെളുക്കന്‍ എഴുന്നേറ്റു നടന്നു. വെളുക്കന്‍ പോകുന്നതും നോക്കി കുറച്ചുനേരം കരിന്തണ്ടന്‍ അവിടെ തന്നെ ഇരുന്നു. പിന്നെ മെല്ലെ വെളുമ്പിയുടെ കുടിലിലേക്ക് നടന്നു. പ്രതീക്ഷിച്ച പോലെ വെളുമ്പിയും കൂരവിയും അവിടെ ഉണ്ടായിരുന്നു. പാറ്റയുടെ മൃതദേഹം കുളിപ്പിച്ചത് അവരായിരുന്നുവല്ലോ. അവരില്‍ നിന്ന് കൂടുതലെന്തെങ്കിലും അറിയാന്‍ കഴിയുമെന്ന ഒരു പ്രതീക്ഷ അയാള്‍ക്കുണ്ടായിരുന്നു. മകന്റെ സ്ഥാനമാണെങ്കിലും മൂപ്പനോടുള്ള ബഹുമാനത്തിന് ഒരു കുറവും വരാതെ എന്നും കാത്തുസൂക്ഷിക്കുന്നവരാണ് അവര്‍ രണ്ട് പേരും. അതിനാല്‍ തന്നെ കരിന്തണ്ടന്‍ ചോദിച്ചാല്‍ ഒരിക്കലും അവര്‍ ഒന്നും മറച്ചുവക്കില്ല. അവര്‍ക്കു തോന്നാവുന്ന സംശയങ്ങള്‍ പോലും തുറന്ന് പറയും. അതായിരുന്നു അയാളുടെ വിശ്വാസം. ആ വിശ്വാസം സത്യവുമായിരുന്നു. അവര്‍ അയാളോട് തങ്ങളുടെ സംശയങ്ങളെല്ലാം വള്ളിപുള്ളി വിടാതെ തുറന്നു പറഞ്ഞു.
(തുടരും)