- കാടുന മൂപ്പെ കരിന്തണ്ടെ
- നാന്‍ കാടുന മകെ (കാടുന മൂപ്പെ കരിന്തണ്ടെ 2)
- നാങ്കെ ഇപ്പിമലെ നമക്ക( കാടുന മൂപ്പെ കരിന്തണ്ടെ 3)
- അവച്ചാനത്തുന തുടക്ക (കാടുന മൂപ്പെ കരിന്തണ്ടെ 12)
- കാലം മറന്തെയി (കാടുന മൂപ്പെ കരിന്തണ്ടെ 4)
- ചതി പണിയരു ചയിക്ക (ചതി പണിയര്‍ സഹിക്കില്ല)( കാടുന മൂപ്പെ കരിന്തണ്ടെ 6)
- മൂപ്പെ കദെ പറയ്ഞ്ചു (കാടുന മൂപ്പെ കരിന്തണ്ടെ 5)
‘കാട് നിങ്ങളുടേതാണ്. അത് കാക്കാനുള്ള അവകാശവും നിങ്ങള്‍ക്കുണ്ട്. കരിന്തണ്ടാ അതാര്‍ക്കും വിട്ടു കൊടുക്കരുത്. പിന്നെ രാജ്യം ഭരിക്കുന്നവരെ തെറ്റിക്കുകയും ചെയ്യരുത്. അതും കൂടി നോക്കണം. കോട്ടയം രാജാവിന്റെ സഹായികള്‍ ഇപ്പോള്‍ സായിപ്പന്മാരാണ്. ഇളമുറ തമ്പുരാന് അതിനോട് എതിര്‍പ്പുണ്ടെന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്. അങ്ങനെയാണെങ്കില്‍ അധികം വൈകാതെ തന്നെ ഈ സഖ്യത്തിന് മാറ്റമുണ്ടാവും. അത് കാത്തിരുന്നിട്ട് കാര്യമില്ലല്ലോ. ഒരു ബ്രിട്ടീഷ് എഞ്ചിനിയര്‍ നാട്ടിലെത്തിയിട്ടുണ്ട്. മദിരാശിയില്‍ നിന്ന് വന്നതാണ്. മൈസൂര്‍ സുല്‍ത്താന്‍ ഹൈദരലിയും ബ്രിട്ടീഷുകാരും തമ്മില്‍ എതിര്‍പ്പിലാണല്ലോ. ഇവിടെയാണെങ്കിലും സുല്‍ത്താനെ കൊണ്ടുള്ള ഉപദ്രവം ചില്ലറയല്ല. ഇടയ്ക്കിടയ്ക്ക് പടയോട്ടം നടത്തി നമ്മുടെ ക്ഷേത്രങ്ങളായ ക്ഷേത്രങ്ങള്‍ മുഴുവന്‍ കൊള്ളയടിക്കുകയാണ് അവര്‍. അതു മാത്രമോ ഹിന്ദു സ്ത്രീകളെ ബലാല്‍ക്കാരം ചെയ്യുക ഹിന്ദു വീടുകളില്‍ കയറി എല്ലാ അക്രമവും കാണിക്കുക എന്നതൊക്കെ അവരുടെ ഒരു രീതിയാണ്. അത് സഹിക്കാന്‍ കഴിയാത്ത കാര്യമാണ്. എന്നാല്‍ കോട്ടയം രാജ്യത്തിനോ കുറുമ്പ്രനാട് രാജ്യത്തിനോ ഒറ്റയ്ക്ക് ഹൈദരലിയെ തോല്‍പ്പിക്കാന്‍ കഴിയില്ല. അതാണ് മൂത്ത രാജാവ് ഇംഗ്ലീഷുകാരുടെ സഹായം തേടിയത്. എന്നാല്‍ മൈസൂരിലേക്ക് പടനയിക്കാന്‍ അവര്‍ക്കൊരു വഴിയുമില്ല. പേര്യ ചുരം വഴി ഹൈദരലി അറിയാതെ ആര്‍ക്കും ചലിക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ എങ്ങനെ ഒരു എളുപ്പവഴി കണ്ടെത്താന്‍ കഴിയും എന്നതാണ് അവരു നോക്കുന്നത്. അതിനാണ് ആ സായിപ്പ് എഞ്ചിനിയര്‍ വന്നിരിക്കുന്നത്. അയാള്‍ക്ക് സഹായികളായി കുറച്ച് പേരുമുണ്ട്. അയാളുടെ കൂടെ പോയവരൊക്കെ കോട്ടയം രാജ്യത്തിന്റെ കീഴായ്മക്കാരാണ്. എനിയ്ക്കതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. അവര് വഴി കണ്ടെത്തിയാലും ഇല്ലെങ്കിലും എനിക്കൊന്നുമില്ല. ഞാന്‍ കാര്യങ്ങളറിഞ്ഞിരുന്നു. എന്നോട് രാജാവിന്റെ ദൂതന്‍ വന്ന് അറിയിച്ചിരുന്നു. കാട്ടില്‍ ഓടിച്ചാടി നടക്കുന്ന നിങ്ങള്‍ സഹായിച്ചാല്‍ എളുപ്പത്തില്‍ വഴികണ്ടെത്താമെന്നാണ് അവര്‍ പറഞ്ഞത്. ഞാനായിട്ട് കരിന്തണ്ടനോട് അത് പറയില്ല എന്ന് ഞാന്‍ വിട്ടു പറഞ്ഞു. വേണമെങ്കില്‍ നിങ്ങള്‍ തന്നെ പോയി സംസാരിക്കൂ എന്നും ഞാന്‍ പറഞ്ഞതാണ്. കാട് നിങ്ങളുടേതാണ്. അത് വിട്ട് ഒരു കളിയും വേണ്ട എന്നേ നിന്നോട് എനിക്ക് പറയാന്‍ കഴിയൂ. പിന്നെ രാജാവിനെ പിണക്കാനൊന്നും ഞാനുണ്ടാവില്ല. എല്ലാം നിങ്ങള്‍ ആലോചിച്ച് ചെയ്യണം – ഈ രാജാക്കന്മാരുമായുള്ള ബന്ധം എന്ന് പറയുന്നത് കൈതോലയില്‍ തലോടുന്നതുപോലെയുള്ള ഒരു ഏര്‍പ്പാടാണ്. മുകളിലേക്ക് തലോടിയാല്‍ വശങ്ങളിലെ മുള്ളു കൊള്ളും താഴേയ്ക്ക് തലോടിയാല്‍ അടിയിലെ മുള്ളും – അതുകൊണ്ടു തന്നെയാണ് ആ പായസം കുടിക്കാതെ ഞാന്‍ മാറി നില്‍ക്കുന്നത്.’ ഉണ്ണിത്താന്‍ മുതലാളി പറഞ്ഞത് കരിന്തണ്ടന്‍ ശ്രദ്ധയോടെ കേട്ടു. ‘അപ്പോള്‍ അവര്‍ പണിയ സ്ത്രീകളെ പിടിച്ചുകൊണ്ടു പോവാന്‍ ശ്രമിക്കുന്നുണ്ടെന്ന് ചാമന്‍ പറഞ്ഞതോ? വെളുക്കനാണ് ചോദിച്ചത്. ആ ചോദ്യം അവിടെ ചോദിക്കണമെന്ന് കരിന്തണ്ടന്‍ കരുതിയതല്ല. വെളുക്കന്‍ ചോദിക്കുമെന്നും. അത് പണിയര്‍ നോക്കേണ്ട കാര്യമാണ്. അതില്‍ ജന്മിയെ വലിച്ചിഴയ്ക്കുന്നതില്‍ ഒരു കാര്യവുമില്ല. അതുകൊണ്ടു തന്നെ ആ വിഷയം അവിടെ പറയരുതായിരുന്നു എന്നാണ് കരിന്തണ്ടന്റെ ചിന്ത. പക്ഷെ വെളുക്കന്‍ ചോദിച്ചു പോയില്ലേ- ജന്മി പറഞ്ഞു – ‘അങ്ങനെ ഒരു വിവരവും എനിയ്ക്ക് കിട്ടിയിട്ടില്ല. ഒരു എഞ്ചിനീയറും വളരെ കുറച്ച് സഹായികളും മാത്രമേ ഇവിടെ എത്തിയിട്ടൊള്ളൂ. അവരെ സഹായിക്കാന്‍ കുറച്ചധികം പേര്‍ വരുമെന്നറിഞ്ഞിട്ടുണ്ട്.
അവരാരും ഇവിടെ താമസിക്കുന്നുമില്ല. പിന്നെ അവര്‍ രാത്രിയില്‍ ഊരില്‍ വന്ന് നോക്കാന്‍ ഒരു സാധ്യതയും ഞാന്‍ കാണുന്നില്ല. കേട്ടറിഞ്ഞിടത്തോളം സായിപ്പന്മാരായാലും ഹൈദരലിയായാലും പെണ്ണുങ്ങള്‍ക്ക് ഒരു സമാധാനവും ഉണ്ടാകില്ല. അക്കാരത്തില്‍ രണ്ടും കണക്കാ. അതുകൊണ്ട് തന്നെ അവന്‍ വരാന്‍ പോകുന്ന കാര്യം മുന്‍കൂട്ടി ആലോചിച്ചു പറഞ്ഞതായിരിക്കാനേ സാധ്യതയുള്ളൂ. സായിപ്പും വന്നവരും ഒരു കുതിരവണ്ടിയില്‍ തലശ്ശേരിക്ക് പോയി എന്നാണ് ഞാന്‍ അറിഞ്ഞത്. അവര്‍ക്കിവിടെ തങ്ങാനുള്ള സൗകര്യം ഉണ്ടാക്കാമോ എന്ന് എന്നോട് ചോദിച്ചിരുന്നു. ഞാന്‍ മെല്ലെ അതില്‍ നിന്ന് ഒഴിഞ്ഞുമാറി. എന്തിനാ വെറുതെ വേലിയില്‍ കിടക്കുന്ന പാമ്പിനെ എടുത്ത് തലയില്‍ വയ്ക്കുന്നത് എന്നേ ഞാന്‍ വിചാരിച്ചൊള്ളൂ. ചാമന്‍ പറഞ്ഞ കാര്യങ്ങള്‍ എനിക്കറിയുന്നതല്ല. ഇനി ഞാനറിയാതെ അവരെന്തെങ്കിലും ഗൂഢാലോചന നടത്തിയോ എന്നും എനിക്കറിയില്ല. പിന്നെ ഒരു കാര്യം ഞാന്‍ പറയാം നിങ്ങളും ഞങ്ങളും തമ്മില്‍ വള്ളിയൂര്‍കാവിലമ്മയുടെ മുമ്പില്‍ വച്ച് ചെയ്ത ഒരു ഉടമ്പടിയുണ്ട്. ഞാനായിട്ടത് തെറ്റിക്കില്ല. നിങ്ങള്‍ക്ക് അപകടമുണ്ടാവുന്ന എന്ത് വിവരം കിട്ടിയാലും ഞാനത് നിങ്ങളെ അറിയിക്കും.’ ജന്മിയുടെ വാക്കുകള്‍ കരിന്തണ്ടന് വിശ്വാസം കൂട്ടുന്നതായിരുന്നു. അവര്‍ പുറത്തിറങ്ങിയപ്പോള്‍ വെളുക്കന്‍ പറഞ്ഞു. ‘തമ്പിരാന്‍ നമ്മുടെ കൂടെയുണ്ടാവും. അത് ആ മനുഷ്യന്റെ വാക്കുകളില്‍ നിന്നറിയാം മൂപ്പന്റെ സമയം വൈകിയില്ലേ? കളരി പഠിക്കാന്‍ വന്ന കുട്ടികള്‍ കാത്തിരിക്കുകയാവും വേഗം നടന്നോ’ വെളുക്കനും കരിന്തണ്ടനും വളരെ വേഗം നടന്നു. വഴിയില്‍ വല്ലാത്ത ഇരുട്ടായിരുന്നു. ഇരുണ്ട കാടുകള്‍ക്കുള്ളിലൂടെ നടക്കാറുള്ള അവര്‍ക്ക് ഭയപ്പെടാനൊന്നുമില്ലല്ലോ. പെെട്ടന്നാണ് അത് സംഭവിച്ചത് ഒരു വെടിപൊട്ടിയ പോലെ അവര്‍ക്ക് തോന്നി. ഉണ്ട തന്റെ മുന്നിലൂടെ കടന്ന് പോയെന്ന് വെളുക്കന്‍ പറഞ്ഞു. കരിന്തണ്ടന്‍ ഒന്നും ആലോചിച്ചില്ല. നേരെ ശബ്ദം ഉദ്ഭവിച്ച സ്ഥലത്തേയ്ക്ക് ഓടി. വെളുക്കനും കൂടെ ഉണ്ടായിരുന്നു. ഒളിഞ്ഞിരുന്ന് ആരോ അയാളെ ലക്ഷ്യമാക്കി വെടി വെച്ചതാണെന്ന് അയാള്‍ക്ക് നല്ല ഉറപ്പുണ്ടായിരുന്നു. അവനെ ശ്രമിച്ചാല്‍ പിടിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് അയാള്‍ ഓടിയത്. എന്നാല്‍ ചപ്പിലകള്‍ക്കിടയില്‍ ഒരു ബൂട്ട് പതിയ്ക്കുന്ന ശബ്ദം മാത്രമേ അവര്‍ക്ക് കേള്‍ക്കുവാന്‍ കഴിഞ്ഞതൊള്ളൂ. അയാള്‍ ഓടിപ്പോയത് കാടിനകത്തേക്കാണ് എന്ന് മനസ്സിലായതോടെ വെളുക്കന്‍ ഒരു പ്രത്യേക ശബ്ദത്തില്‍ ഒന്ന് കൂക്കി. ആ ശബ്ദം കേട്ടതോടെ ഒരു പാട് ചെറുപ്പക്കാരായ പണിയര്‍ അവിടെ എത്തി. കരിന്തണ്ടന്‍ അവരോട് പറഞ്ഞു. തോക്ക് ഉപയോഗിക്കുന്നവര്‍ ഇവിടെയുള്ളവരല്ല. എന്തായാലും അവര്‍ക്ക് കാട് പരിചിതവുമായിരിക്കില്ല. അവനാരായാലും അവനെ പിടിച്ച് ജീവനോടെ എന്റെ മുമ്പില്‍ കൊണ്ടുവരണം.’ അതു കേട്ടതോെട അവരെല്ലാവരും കാടിനകത്തേക്ക് ഓടി. വെളുക്കന്‍ കൂടെ ഓടാന്‍ നിന്നപ്പോള്‍ അയാളെ തടഞ്ഞു കൊണ്ട് കരിന്തണ്ടന്‍ പറഞ്ഞു. ‘അവന്‍ എവിടെയുണ്ടെങ്കിലും അവരു കൊണ്ടുവരും എനിക്ക് എന്റെ കുട്ടികളെ പറ്റി വിശ്വാസമുണ്ട് നീ പോവേണ്ട’- വെളുക്കന് സത്യത്തില്‍ അവരുടെ കൂടെ പോകാന്‍ വല്ലാത്ത അഭിനിവേശമുണ്ടായിരുന്നു. എന്നാല്‍ മൂപ്പന്‍ എന്ന നിലക്ക് കരിന്തണ്ടന്റെ വാക്കുകളെ നിഷേധിക്കാന്‍ അയാള്‍ക്ക് കഴിയില്ല. അതുകൊണ്ടു മാത്രം അയാള്‍ കരിന്തണ്ടന്റെ കൂടെ നടന്നു. കുടിയിലെത്തിയപ്പോള്‍ വെളുക്കന്‍ ചോദിച്ചു ‘മൂപ്പാ അവര്‍ ആരേയെങ്കിലും പിടിച്ചു കൊണ്ടുവരുമോ? അത് കാത്തിരിക്കണോ?’ – കരിന്തണ്ടന്‍ ചിരിച്ചു. ‘അവര്‍ ആരേയും പിടിച്ചുകൊണ്ടു വരില്ല. അതു കാത്തിരിക്കേണ്ട’ – വെളുക്കനും അതേ ബോധ്യം തന്നെയായിരുന്നു. വെടി വെച്ചവനെ ഇനി ഒരിക്കലും കിട്ടാന്‍ സാധ്യതയില്ല എന്നു തന്നെ. പക്ഷെ ഒരു കാര്യം അയാള്‍ക്കുറപ്പുണ്ടായിരുന്നു അയാള്‍ ഒരു സായിപ്പാണെങ്കില്‍ കാടിനുള്ളില്‍ കുടുങ്ങുക തന്നെ ചെയ്യും. പോയവര്‍ അയാളെ തൂക്കിയെടുക്കും. പിന്നെ കേട്ട കാര്യങ്ങളാലോചിച്ചാല്‍ സായിപ്പ് വെടി വെച്ചാല്‍ ഉന്നത്തില്‍ കൊള്ളും. കുറിച്യര്‍ അമ്പെയ്യുന്നതു പോലെയാണത്. അപ്പോള്‍ വെടിവെച്ചത് സായിപ്പാവില്ല. പിന്നെ കോട്ടയം രാജാവിന്റെ ആളുകളാരെങ്കിലുമാണെങ്കില്‍? അന്ന് കരിന്തണ്ടന്‍ അവരെ എതിര്‍ത്തിട്ടുണ്ട്. അവര്‍ മാന്യമായി പിന്‍വാങ്ങുകയും ചെയ്തു. ഇപ്പോള്‍ അതിന് മറുപടി തോക്കിന്‍ കുഴലിലൂടെ തരാമെന്നായിരിക്കുമോ അവര്‍ വിചാരിക്കുന്നത്? – എന്തായാലും അവര്‍ക്കറിയാത്ത ഒരു കാര്യമുണ്ട് കരിന്തണ്ടനെ അങ്ങനെ ഒറ്റയടിക്ക് തീര്‍ക്കാനൊന്നും ആര്‍ക്കും കഴിയില്ല. മുനീച്ചരന്റെ വള അയാളുടെ കൈയിലുണ്ട് അത് അവിടെ കിടക്കുന്ന കാലത്തോളം.
കരിന്തണ്ടന്‍ തന്റെ കുടിയിലെത്തിയിട്ടും അയാളെ വിട്ടുപോകാന്‍ വെളുക്കന് ഒരു മടി. ‘എന്തേ വെളുക്കാ നീ പോകുന്നില്ലേ?’ എന്ന് കരിന്തണ്ടന്‍ ചോദിച്ചു. അയാള്‍ പറഞ്ഞത് കാട്ടില്‍ തിരഞ്ഞ് പോയവര്‍ വന്നിട്ടാവാമെന്നായിരുന്നു. അതുകൊണ്ട് തന്നെ പോവാന്‍ കരിന്തണ്ടന്‍ അയാളെ നിര്‍ബന്ധിച്ചില്ല. അവരങ്ങനെ ഒന്നും രണ്ടും പറഞ്ഞു കൊണ്ടിരിയ്ക്കുന്ന സമയത്താണ് ചാമന്‍ ഓടി കിതച്ച് അവിടെ എത്തിയത്. ‘എന്താ ചാമാ ഇത്ര ഓടി കിതച്ചത്? വരവ് കണ്ടിട്ട് എന്തോ സംഭവിച്ച പോലെയാണല്ലോ?’ കരിന്തണ്ടന്‍ അല്പം ഗൗരവത്തില്‍ തന്നെയാണ് ചോദിച്ചത്. അതിന് മറുപടിയായി കിതച്ചു കൊണ്ട് അയാള്‍ പറഞ്ഞു. ‘എന്റെ പെങ്ങള്‍ മുണ്ട തിരണ്ടു – മൂപ്പന്‍ ഉടനെ അങ്ങോട്ട് വരണം. കോയ്മയേയും കാരാമയേയും വിവരം ഇപ്പോള്‍ തന്നെ അറിയിക്കാം. ഞങ്ങടെ കുടീല് അതൊരു ഉത്സവമല്ലേ?’ – കരിന്തണ്ടന്‍ അവന്റെ ഓടിയുള്ള വരവില്‍ എന്തൊക്കെയോ സംശയിച്ചിരുന്നു. എന്നാല്‍ അയാളുടെ വാക്കുകള്‍ കേട്ടപ്പോള്‍ മനസ്സിലായി. എല്ലാം അസ്ഥാനത്താണ്. ‘കോയ്മയും കാരാമയും അവിടെ എത്തുന്നതിന് മുമ്പ് തന്നെ ഞാന്‍ അവിടെ എത്താം പിന്നെ ചാമാ ഇങ്ങനെ കിതച്ചുകൊണ്ട് പായണ്ട – ആളുകള്‍ കരുതും എന്തോ അപകടമാണെന്ന് നീ കുറച്ചിരുന്നിട്ട് പോയാല്‍ മതി’ – മൂപ്പന്‍ പറഞ്ഞത് ചാമന്‍ കേട്ടു. അയാള്‍ കുടിലിന്റെ ഉമ്മറക്കോലായില്‍ കുറച്ചുനേരം ഇരുന്നു. കിതപ്പൊടുങ്ങും വരെ വെളുക്കനും കരിന്തണ്ടനും അയാളോടൊന്നും സംസാരിച്ചില്ല. അതിനിടക്കാണ് വെളുമ്പി ചെറിയമ്മ അങ്ങോട്ട് കയറി വന്നത്. അവരുടെ വരവ് കണ്ടപ്പോഴേ കരിന്തണ്ടന് കാര്യം മനസ്സിലായി. എന്തോ പരാതിയുമായിട്ടുള്ള വരവാണ്. പാവത്തിന് നടക്കാനൊക്കെ ചെറിയ വിഷമമുണ്ട് എങ്കിലും നാവിന് യാതൊരു ക്ഷീണവുമില്ല. പ്രത്യേകിച്ചും കെമ്പിയുടെ ദോഷങ്ങള്‍ പറയാനാണെങ്കില്‍. വെളുമ്പി ചെറിയമ്മ പറയാന്‍ തുടങ്ങി. ‘കരിന്തണ്ടാ – നിന്നെ പെറ്റ രാത്രിയില്‍ മരിച്ചതാണ് നിന്റെ അമ്മ. അന്ന് മുതല്‍ നിന്നെ നോക്കിയത് ഞാനാണ്, അത് മറക്കരുത്. മറന്നാല്‍ ഇപ്പിമല ദൈവങ്ങള്‍ നിന്നെ വെറുതെവിടില്ല. നിന്റെ ചെറിയച്ചന്‍ എന്റെ കുടിയില്‍ വന്നതിന് അവള്‍ക്കെന്താണ് ഇത്ര പറയാനുള്ളത്? ആ കെമ്പി വല്ലാതെ ആളാകുന്നുണ്ട്. അതൊന്നു നിര്‍ത്തി തരണം. മൂപ്പനോടല്ലാതെ ആരോടാ ഞാന്‍ സങ്കടം പറയുന്നത്? ‘വെളുമ്പിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ കരിന്തണ്ടന് ചിരിയാണ് വന്നത്. ആനക്കാര്യത്തിനിടയിലാ ചേനക്കാര്യം – ചെറിയമ്മയെ കരിന്തണ്ടന്‍ സമാധാനിപ്പിച്ചു. ‘നാളെ – നാളത്തന്നെ ഞാനിതിനൊരു തീരുമാനമുണ്ടാക്കും. നാളെ രാവിലെ ഞാന്‍ കുടീല് വരാം –‘ അത് കേട്ട് വെളുമ്പി ചെറിയമ്മയ്ക്ക് സമാധാനമായി. അവര്‍ കുടിലേയ്ക്ക് നടന്നു നീങ്ങുമ്പോഴാണ് കാട്ടിലേക്ക് പോയ ചിലര്‍ നടന്നു വരുന്നത് കരിന്തണ്ടന്‍ കണ്ടത്. അയാള്‍ ചാമനെ നോക്കി പറഞ്ഞു ‘ചാമന്റെ കിതപ്പാറിയില്ലേ? ഞാനവിടെ എത്തുമ്പോഴേക്കും കോയ്മയേയും കാരാമയേയും വിവരമറിയിക്കണം’ അത് കേട്ട ഉടനെ ചാമന്‍ എഴുന്നേറ്റു.
ചാമന്‍ പടിയിറങ്ങുമ്പോള്‍ തന്നെ അവര്‍ കയറിവന്നു. ‘കാടരിച്ചിറങ്ങി തിരഞ്ഞു മൂപ്പാ ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കാട് നല്ല പരിചയമില്ലാത്ത ഒരാള്‍ക്ക് ഞങ്ങളെ പറ്റിച്ച് രക്ഷപ്പെടാന്‍ കഴിയില്ല. അപ്പോള്‍ ആ വെടിവെച്ചവന്‍ കാട് അറിയുന്ന ഒരാളാണെന്നാണ് ഞങ്ങള്‍ കരുതുന്നത്’ – കരിന്തണ്ടന്‍ ചിരിച്ചു. ‘നിങ്ങള്‍ പറഞ്ഞത് ചിലപ്പോള്‍ ശരിയായിരിക്കാം കുറിച്യര്‍ അമ്പെയ്താല്‍ അത് ലക്ഷ്യം തെറ്റില്ലെന്ന് പറയാറില്ലേ അതുപോലെ തന്നെയാണ് സായ്പ്പ് തോക്കുപയോഗിക്കുന്നതും. അത് ഉന്നം പിഴയ്ക്കില്ല. പിഴച്ചാല്‍ അപ്പോള്‍ അത് സായിപ്പായിരിയ്ക്കില്ല. പിന്നെ ആരായിരിക്കുമെന്ന് എനിക്കും മനസ്സിലാകുന്നില്ല. പക്ഷെ പേടിക്കേണ്ട. മുനീച്ചരന്‍ ആളെ മുമ്പില്‍ കൊണ്ട് വന്ന് നിറുത്തി തരും. നിങ്ങള് പൊയ്‌ക്കോളിന്‍. ങാ പിന്നെ നമ്മടെ ചാമന്റെ പെങ്ങള് മുണ്ട തിരണ്ട്, അതോണ്ട് എനിക്ക് അവടെ ഒന്ന് പോണം – ബാക്കിയുള്ളവരു വരുമ്പോ നിങ്ങള് പറഞ്ഞാ മതി. വെളുക്കാ – നീ വരുണുണ്ടോ? – നമുക്ക് ഒന്നിച്ച് അങ്ങാട്ടൊന്നു പോകാം.’ കരിന്തണ്ടന്‍ അത് പറഞ്ഞപ്പോള്‍ വെളുക്കന്‍ എഴുന്നേറ്റു. പോകുമ്പോള്‍ കരിന്തണ്ടന്‍ രഹസ്യമായി വെളുക്കനോട് പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ആ വെടി എന്നെ കൊല്ലാന്‍ വേണ്ടി വച്ചതല്ല. മറിച്ച് ഇംഗ്ലീഷുകാര്‍ രാത്രിയില്‍ ഇവിടെയൊക്കെ ചുറ്റിത്തിരിയുന്നുണ്ടെന്ന് നമ്മളും മനസ്സിലാക്കാനാണ്.’ വെളുക്കന്‍ കാര്യം മനസ്സിലായിട്ടെന്ന പോലെ ഒന്നമര്‍ത്തി മൂളി. ‘അതായത് നമ്മുടെ ശ്രദ്ധ എപ്പോഴും ഊരിലും ഊരിനു ചുറ്റുമായിരിക്കണം. കാട്ടിലേക്ക് കൂടുതല്‍ ശ്രദ്ധിക്കരുതെന്ന് സാരം. അപ്പോള്‍ കാട്ടില്‍ എന്തൊക്കെയാ രഹസ്യമായി ആര്‍ക്കൊക്കയോ നടത്തുവാനുള്ള പദ്ധതിയുണ്ടാകാം. അതുകൊണ്ട് നമ്മുടെ ശ്രദ്ധ രാത്രി മുഴുവന്‍ ഊരില്‍ തന്നെയാണെന്ന് നമ്മള്‍ കാണിക്കണം. അതോടൊപ്പം അതീവ രഹസ്യമായി കാട്ടില്‍ തിരയുകയും വേണം. ‘കരിന്തണ്ടന്‍ കാര്യങ്ങളൊന്നുകൂടി വിശദീകരിച്ചു.
അവര്‍ രണ്ട് പേരും കൂടി നടക്കുന്നത് ചെറുപ്പക്കാരായ പണിയര്‍ നോക്കി നിന്നിരുന്നു. എന്തായാലും മൂപ്പന് ഒരപകടവുമുണ്ടാവരുത്. എപ്പോഴും മൂപ്പന്റെ മുമ്പിലും പിന്നിലും ഓരോ കണ്ണ് വേണമെന്ന കാര്യം അവരും തീരുമാനിച്ചിരുന്നു. കളരിയില്‍ പയറ്റ് പഠിക്കുന്നത് വെറുതെയല്ലല്ലോ. ശിഷ്യന്മാര്‍ക്കും ചില ബാധ്യതകളും ഉത്തരവാദിത്തവുമുണ്ട്. അതാരും പറഞ്ഞ് ചെയ്യേണ്ടതല്ല. അത് സ്വയം ഏറ്റെടുക്കാന്‍ അവര്‍ ഒരുക്കമായിരുന്നു.
(തുടരും)
Comments