- കാടുന മൂപ്പെ കരിന്തണ്ടെ
- നാന്‍ കാടുന മകെ (കാടുന മൂപ്പെ കരിന്തണ്ടെ 2)
- നാങ്കെ ഇപ്പിമലെ നമക്ക( കാടുന മൂപ്പെ കരിന്തണ്ടെ 3)
- മീശ വെച്ച മൊട്ടാങ്കു മീനു കറി വോണു….( കാടുന മൂപ്പെ കരിന്തണ്ടെ 11)
- കാലം മറന്തെയി (കാടുന മൂപ്പെ കരിന്തണ്ടെ 4)
- ചതി പണിയരു ചയിക്ക (ചതി പണിയര്‍ സഹിക്കില്ല)( കാടുന മൂപ്പെ കരിന്തണ്ടെ 6)
- മൂപ്പെ കദെ പറയ്ഞ്ചു (കാടുന മൂപ്പെ കരിന്തണ്ടെ 5)
പാറ്റയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം അവളെയൊന്ന് കാണാന്‍ കരിന്തണ്ടന്‍ വളരെ ആഗ്രഹിച്ചെങ്കിലും കഴിഞ്ഞില്ല. കാരണം കെട്ടുറപ്പിച്ചാല്‍ പുറത്തിറങ്ങി പാറിപ്പറന്നു നടക്കാന്‍ രക്ഷിതാക്കള്‍ പെണ്‍ മക്കളെ കൂടുതല്‍ അനുവദിക്കാറില്ല. അത് പണിയരുടെ ഇടയിലെ ഒരു ആചാരമാണ്. അവിടെ പോയി വേണമെങ്കില്‍ കരിന്തണ്ടന് അവളെ കാണാം. അതും സമുദായം അംഗീകരിക്കുന്നതല്ല. പക്ഷെ മൂപ്പനായതുകൊണ്ട് ആരും എതിര്‍ക്കില്ല. ശരിയ്ക്കു പറഞ്ഞാല്‍ വിവാഹ ദിവസം പെണ്ണിനെ രാത്രി എടുത്തു കൊണ്ട് വന്ന് വരന്റെ വീട്ടില്‍ കിടത്തണം. അപ്പോഴേ പെണ്ണിന്റെ മുഖം വരന്‍ കാണൂ. കാണാന്‍ പാടൊള്ളൂ. പക്ഷെ ഇത് പരസ്പരം അറിയുന്നവരല്ലേ. പിന്നെ വരന്‍ മൂപ്പനും. മൂപ്പന്റെ കാര്യത്തില്‍ ഊരില്‍ ചില വിട്ടുവീഴ്ചകളുണ്ടായിരുന്നു. മൂപ്പന്‍ ആവശ്യപ്പെട്ടിട്ടല്ലെങ്കില്‍ പോലും. കെട്ടാന്‍ പോകുന്ന ചെക്കനല്ലേ – അവന്‍ എന്ത് ചെയ്താലും അതില്‍ തെറ്റൊന്നുമില്ല എന്നൊരു രീതിയിലായിരുന്നു കാരണവന്മാര്‍ കണ്ടിരുന്നത്. അതില്‍ അവളുടെ വീട്ടുകാര്‍ക്ക് പരാതിയുമുണ്ടാവില്ല. എന്നാല്‍ താന്‍ ഊരിലെ ചെമ്മിയാണ് സ്ഥാനം കളഞ്ഞുള്ള പെരുമാറ്റം ഊരിലാരെങ്കിലും എതിര്‍ത്താല്‍ അത് മോശമാകുമെന്ന് കരിന്തണ്ടന്‍ കരുതി. മനസ്സുകൊണ്ട് ശക്തമായി ആഗ്രഹിച്ചാല്‍ അത് നടത്താന്‍ കെല്‍പ്പുള്ളവനാണ് മുനീച്ചരന്‍ എന്ന് കരിന്തണ്ടന്‍ വിശ്വസിച്ചിരുന്നു. ആ വിശ്വാസമാകണം അയാളെ തുണച്ചത്. അന്ന് അയാള്‍ പാടത്തേയ്ക്കിറങ്ങിയപ്പോള്‍ പുഴ വരെ പോകണമെന്ന് കരുതിയതേ അല്ല. എന്തോ വെറുതെ ഒന്നു നടന്നു. ഓരോരോ സ്വപ്നങ്ങള്‍ മനസ്സില്‍ പൂത്ത് പൊന്തുമ്പോള്‍ ഒറ്റയ്ക്കിരിക്കാന്‍ ഏറ്റവും നല്ല സ്ഥലം പുഴയുടെ തീരമാണ്. എന്നാല്‍ അവിടെ എത്തിയപ്പോഴാണത് കണ്ടത്. കാണാന്‍ കാത്തിരുന്നവള്‍ പുഴയില്‍ കുളിക്കുന്നു. പാറ്റയുടെ സമീപത്ത് മറ്റാരുമില്ലെന്ന് അയാള്‍ക്ക് ദൂരെ നിന്ന് തന്നെ മനസ്സിലായി, കാരണം അവള്‍ പാടുന്നുണ്ട്. ആരെങ്കിലും കൂടെയുണ്ടെങ്കില്‍ അങ്ങനെ അവള്‍ പാടാറില്ലെന്ന് അയാള്‍ക്കറിയാം അവളുടെ പാട്ട് കേട്ടുകൊണ്ടാണ് അയാള്‍ പുഴവക്കത്തേയ്ക്കു നടന്നത്. ‘താടി വച്ച മൊട്ടങ്കു താളുകറി വോണു, മീശ വച്ച മൊട്ടങ്കു മീനു കറി വോണു…….’. കരിന്തണ്ടന്‍ അത് മനസ്സില്‍ ഏറ്റുപാടിക്കൊണ്ടാണ് അങ്ങോട്ട് ചെന്നത്. ‘കല്യാണം ഉറപ്പിച്ചു കഴിഞ്ഞപ്പോള്‍ നിന്നെ കാണാന്‍ കൂടെ കിട്ടാതായല്ലോ പാറ്റേ’ കരിന്തണ്ടന്‍ പറഞ്ഞു. കല്യാണം ഉറപ്പിച്ചാല്‍ പിന്നെ അതു കഴിയുന്നതുവരെ പെണ്ണുങ്ങള്‍ എങ്ങോട്ടും പോവരുതെന്നാണത്രേ. അതുകൊണ്ടിപ്പോള്‍ എന്നെ പുറത്തേക്കൊന്നും വിടാറില്ല. ഇനി കുറച്ച് ദിവസമല്ലേയുള്ളൂ. അത് കഴിഞ്ഞാല്‍ പിന്നെ എന്നും ഇങ്ങളുടെ കുടീല്‍ തന്നെ നില്ക്കാലോ. അതാലോചിച്ചപ്പോള്‍ പിന്നെ വീട്ടുകാരു പറയുന്നതൊക്കെ കേട്ടു നടക്കുന്നതാണ് നല്ലതെന്ന് തോന്നി.’ അതും പറഞ്ഞു കൊണ്ട് പാറ്റ ചിരിച്ചു. കരിന്തണ്ടനും ആ ചിരിയില്‍ പങ്കു ചേര്‍ന്നു.
രണ്ടോ മൂന്നോ ദിവസമേ ചിലപ്പോള്‍ കാണാതിരുന്നിട്ടുണ്ടാകൂ. എന്നാലും പാറ്റ ഒന്നുകൂടി സുന്ദരിയായ പോലെ കരിന്തണ്ടന് തോന്നി. പൊതുവെ വിടര്‍ന്ന അവളുടെ കണ്ണുകള്‍ കുറച്ചു കൂടി വിടര്‍ന്ന പോലെ. കറുത്ത അവളുടെ മേനിയാകെ ഒന്നു തടിച്ചുരുണ്ടതു പോലെ. ചിലപ്പോള്‍ ഏറെക്കാലത്തെ കാത്തിരിപ്പ് തീരാന്‍ പോകുന്നതിലുള്ള സന്തോഷമായിരിക്കണം അവളുടെ മാറ്റത്തിന് കാരണമെന്ന് കരിന്തണ്ടന് തോന്നി. ‘നിങ്ങളെങ്ങോട്ടാ ഈ വഴിയ്ക്ക്’ എന്ന് പാറ്റ ചോദിച്ചപ്പോഴാണ് കരിന്തണ്ടന്‍ തന്റെ പകല്‍ കിനാവില്‍ നിന്നുണര്‍ന്നത്. ഞാന്‍ പാടത്തെ വെള്ളം നോക്കാനിറങ്ങിയതാണ്. നിന്റെ പാട്ട് കേട്ടപ്പോള്‍ ഇങ്ങോട്ടു വന്നു എന്ന് മാത്രം’. അത് പറഞ്ഞു കൊണ്ടയാള്‍ പാടത്തേയ്ക്ക് നടന്നു. പാറ്റ കുറച്ചുനേരം അയാളെ തന്നെ നോക്കിയിരുന്നു. പിന്നെ അവള്‍ മറ്റൊരു പാട്ടുമായി കുളി തുടര്‍ന്നു.
‘കുച്ചിപുട്ടു വോണുവാ കുയെലാ, കയിലു പുട്ടു വോണുവാ, കുയെലാ, നെണ്ടു കറി വോണുവാ കുയെലാ, മീനു കറി വോണുവാ കുയെലാ…….’
പാട്ടു കേട്ട് ആസ്വദിച്ചു കൊണ്ട് കരിന്തണ്ടന്‍ നടന്നു പോകുന്നത് അവള്‍ തന്റെ മനക്കണ്ണില്‍ കാണുന്നുണ്ടായിരുന്നു.
വൈകുന്നേരം മൂപ്പന്റെ കുടിയിലെത്തിയ വെളുക്കന് രഹസ്യമായി മൂപ്പനോട് ചിലത് പറയാനുണ്ടായിരുന്നു. രാവിലെ നാട്ടുകാരായ ചിലരോടൊപ്പം ഒരു സായിപ്പ് കാടുകയറിയിട്ടുണ്ട്. അവരെ അവരറിയാതെ വെളുക്കന്‍ പിന്തുടര്‍ന്നിരുന്നുവെങ്കിലും അവര്‍ പറഞ്ഞതെന്താണെന്നോ എന്താണവരുടെ ലക്ഷ്യമെന്നോ വെളുക്കനു മനസ്സിലായിട്ടില്ല. കാടിന്റെ ഉള്ളില്‍ കുറച്ചു ദൂരം വരെ അവര്‍ പോയി. പിന്നെ കാടിന്റെ അവസ്ഥ കണ്ട് കൂടെ പോയവര്‍ക്ക് പേടി വന്നതു കൊണ്ട് അവര്‍ അവരെ തിരിച്ചു കൊണ്ടുവരികയാണെന്നാണ് വെളുക്കന് മനസ്സിലായത്. എന്നാല്‍ പോയ വഴിയിലൂടെയല്ല അവര്‍ തിരിച്ചു വന്നത്. അവര്‍ക്ക് കാട്ടിനകത്ത് വെച്ച് വഴി തെറ്റിയതാകാം കാരണം. വരുമ്പോള്‍ അവര്‍ ഒരു ഒറ്റയാന്റെ മുമ്പില്‍ പെട്ടു. അതോടെ അവരുടെ പകുതി ജീവന്‍ പോയി. എങ്ങനെയൊക്കയോ ജീവനും കൊണ്ടോടി കാടിറങ്ങുകയാണ് ചെയ്തത്. എല്ലാം വെളുക്കന്‍ മറഞ്ഞു നിന്നു കണ്ടിരുന്നുവെങ്കിലും അവര്‍ വെളുക്കനെ കണ്ടിട്ടില്ല. എന്തോ അവരുടെ ഭാഗ്യത്തിന് ആന പിന്നാലെ ഓടിയില്ല. അല്ലെങ്കില്‍ എല്ലാവരുംകൂടി പലരുടേയും ശവം മഞ്ചലില്‍ കൊണ്ടുവരേണ്ടി വരുമായിരുന്നു. നാട്ടുകാരില്‍ കാടിന്റെ മക്കളാരും ഇല്ലെന്ന് വെളുക്കന്‍ ഉറപ്പിച്ചു പറഞ്ഞു. ഒരാള്‍ സായിപ്പാണെന്ന കാര്യത്തിലും അയാള്‍ക്ക് സംശയമൊന്നുമില്ല. കോട്ടയം രാജാവിന്റെ ഭടന്മാരോ മറ്റു ജോലിക്കാരോ ആയിരിക്കും സായിപ്പിനെ കാട്ടിലെത്തിച്ചതെന്ന അഭിപ്രായമായിരുന്നു കരിന്തണ്ടന്. അങ്ങനെയാണെങ്കില്‍ പണിയരുടെ സമ്മതമില്ലാതെ ഇനി കാട്ടില്‍ കയറില്ലെന്ന് അവര്‍ തങ്ങള്‍ക്കു തന്ന സത്യം തെറ്റിച്ചിരിക്കുന്നു. ഈ വിവരം ജന്മിയെ ഉടന്‍ അറിയിക്കണമെന്ന് കരിന്തണ്ടന് തോന്നി. അന്നവര്‍ തന്നോട് സത്യം ചെയ്തപ്പോള്‍ ജന്മിയും കൂടെ ഉണ്ടായിരുന്നതാണല്ലോ. വള്ളിയൂര്‍ കാവിലമ്മയാണ് സത്യം പണിയര്‍ ഒരു വാക്കു പറഞ്ഞാല്‍ തെറ്റിയ്ക്കില്ല. എന്നാല്‍ അതേ സത്യം പാലിക്കാന്‍ മറുകൂട്ടരും തയ്യാറാവണം. എന്തായാലും രാത്രികാലങ്ങളില്‍ കാട്ടിലൊന്ന് ഇടക്ക് തിരയുന്നത് നല്ലതാണെന്ന് കരിന്തണ്ടന് തോന്നി. എല്ലാം ജന്മിയെ കണ്ടതിന് ശേഷം തീരുമാനിക്കാമെന്നു കരുതിയാണ് അയാള്‍ വെളുക്കനേയും കൂട്ടി പുറത്തിറങ്ങിയത്. പെട്ടെന്നാണ് ചാമന്‍ അവരുടെ മുമ്പില്‍ വന്നുപെട്ടത്. ‘മൂപ്പാ എവിടെ പോകുന്നു എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു’ ചാമന്‍ വിനീതനായി പറഞ്ഞു. ‘എന്താ ചാമ – നിന്നെ ഇപ്പോള്‍ ഊരിലൊന്നും കാണാനേയില്ലല്ലോ. ജന്മിയുടെ പണിസ്ഥലത്തും കണ്ടിട്ടു കുറച്ചായി. നീ എവിടേയ്ക്കാ ഇടയ്ക്കിടയ്ക്കിങ്ങനെ പോകുന്നത്’? ‘ഞാന്‍ പനമരത്തുള്ള ഒരു കൂട്ടുകാരനെ തേടി പോയതായിരുന്നു. അവന്‍ പറഞ്ഞതനുസരിച്ച് അവിടെ കുറച്ച് ദിവസം തങ്ങി. പിന്നെ പറയാന്‍ വന്നത് ചില സായിപ്പന്മാരു നമ്മടെ ഊരിന്റെ ചുറ്റുഭാഗത്ത് അങ്ങോട്ടും ഇങ്ങോട്ടും കറങ്ങുന്നുണ്ടെന്നൊരു വിവരമുണ്ട്. പണിയരുടെ പെണ്ണുങ്ങളാണ് അവരുടെ ലക്ഷ്യമെന്നുമറിഞ്ഞു. നമ്മളെന്തെങ്കിലും ചെയ്തില്ലെങ്കില്‍ നമ്മുടെ പെണ്ണുങ്ങളെ അവര് നശിപ്പിയ്ക്കും’.
‘നിന്നോടാരാ പറഞ്ഞത്. ഇവടെ അങ്ങനെ ആരെങ്കിലും കറങ്ങുന്നുണ്ടെങ്കില്‍ ഊരിലെ ആരെങ്കിലും കാണണ്ടേ – ആരും അങ്ങനെ ഒരു പരാതിയും പറഞ്ഞിട്ടില്ലല്ലോ. ഊരിലുള്ളവരാരും കണ്ടിട്ടില്ല. ഊരിലില്ലാത്ത നിനക്കെവിടെ നിന്നാണ് ഇങ്ങനെ ഒരു വിവരം കിട്ടിയത്?’
‘അത് പിന്നെ ഞാന്‍ വരുന്ന വഴിക്ക് ചിലരുടെ സംസാരത്തില്‍ നിന്നറിഞ്ഞതാണ്. ഊരിലുള്ള പെണ്ണുങ്ങളെ കടത്തിക്കൊണ്ടുപോവാന്‍ വരുന്നവര്‍ ഊര് ഉണര്‍ന്നിരിക്കുമ്പോള്‍ വരുമോ? നമ്മളൊന്നും കാണാതെയാകും അവര്‍ വന്ന് പോകുന്നത്. സായിപ്പന്മാരുടെ ബുദ്ധിയല്ലേ. പിന്നെ അറിഞ്ഞ കാര്യം പറഞ്ഞു എന്ന് മാത്രം. എന്തെങ്കിലും അപകടമുണ്ടായിട്ട് പറയുന്നതിലും നല്ലതാണല്ലോ അതിന് മുമ്പേ പറയുന്നത്. ഞാനാണെങ്കില്‍ കുറച്ച് ദിവസം കൂടി ഊരിലുണ്ടാകില്ല. നാളെയോ മറ്റന്നാളോ ആയി വീണ്ടും പോകും. അവിടെ ചില കാര്യങ്ങള്‍ കൂടി ചെയ്ത് തീര്‍ക്കാനുണ്ട്.’ ‘അതെന്താണാവോ മൂപ്പന്‍ കൂടി അറിയാന്‍ പാടില്ലാത്ത അത്ര അത്യാവശ്യം അവിടെ?’
‘അത് – മൂപ്പാ ഞാന്‍ അടുത്തവരവ് വന്നിട്ട് പറയാം. മൂപ്പന്‍ ഒന്നും വിചാരിയ്ക്കരുത’ -ചാമന്‍ കൂടുതല്‍ വിനീതനായി. ‘എന്തായാലും ചാമന്‍ പേടിക്കേണ്ട, ഈ ഊരില്‍ വന്ന് പണിയത്തികളെ കടത്തികൊണ്ടുപോകാനൊന്നും ആരും വരില്ല. വന്നാല്‍ അവര്‍ തിരിച്ചു പോവുകയും ചെയ്യില്ല. എന്തായാലും ചാമന്‍ പറഞ്ഞ കാര്യങ്ങള്‍ കോയ്മയോടും കാരാമയോടും സംസാരിക്കാം. എന്തേ പോരേ?’ കരിന്തണ്ടന്റെ ചോദ്യം കേട്ടപ്പോള്‍ ചാമന്‍ മതിയെന്ന അര്‍ത്ഥത്തില്‍ തലകുലുക്കി. പിന്നെ ചാമനോട് യാത്ര പറഞ്ഞ് കരിന്തണ്ടനും വെളുക്കനും കൂടി നടന്നു തുടങ്ങി.
‘മൂപ്പാ ആ ചാമന്‍ പറഞ്ഞതില്‍ വല്ല കാര്യവുമുണ്ടാവുമോ? – ഒരു സായിപ്പിനെ ഞാന്‍ കണ്ടതാണല്ലോ. പിന്നെ അവരൊക്കെ എന്തെങ്കിലും ആഗ്രഹിച്ചാല്‍ അത് നടത്തിക്കൊടുക്കാനേ നമ്മുടെ തമ്പിരാക്കന്മാര്‍ ശ്രമിക്കൂ. നമ്മുടെ പെണ്ണുങ്ങളുടെ മാനമൊന്നും അവര്‍ക്കൊരു വിഷയമല്ലല്ലോ’ – വെളുക്കന്റെ സംശയം കരിന്തണ്ടനുമുണ്ടായിരുന്നു. പറയുന്നത് ചാമനാണെന്ന് കരുതി കാര്യം നിസ്സാരമാക്കാന്‍ കഴിയില്ല. അവനവനെ അവനവന്‍ തന്നെ രക്ഷിക്കണം. സഹായിക്കാനേ മല ദൈവങ്ങള്‍ക്കു കഴിയൂ. രക്ഷിക്കാന്‍ വേണ്ടി അവര്‍ നേരിട്ടിറങ്ങി വരികയൊന്നുമില്ല. പിന്നെ ഊരിലെ ചെറുപ്പക്കാരെല്ലാം ഇപ്പോള്‍ കളരിയില്‍ നിത്യം വരുന്നുണ്ട്. കുറിച്യരെ പോലെ അത്ര ഉന്നം നോക്കി അമ്പെയ്യാന്‍ കഴിവില്ലെങ്കിലും അതിലും അവര്‍ വളരെയൊന്നും പിന്നിലല്ല. കത്തിയേറിലും വാള്‍ പയറ്റിലും അവരില്‍ പലരും സമര്‍ത്ഥരായി കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒന്നോ രണ്ടോ പേര്‍ വന്ന് ഒരു പണിച്ചിയെ എടുത്തു കൊണ്ടുപോവുക എന്നതൊക്കെ ഒരിക്കലും നടക്കാത്ത ഒരു സ്വപ്‌നം മാത്രമാണെന്ന് കരിന്തണ്ടന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. ‘അല്ല വെളുക്കാ – ഇവനിങ്ങനെ പെട്ടെന്ന് പനമരത്തേയ്ക്ക് പോകുന്നത് എന്തിനായിരിക്കും. ആരും അറിയാതെ അവിടെ ഏതെങ്കിലും പണിയ കുടിയില്‍ നിന്ന് അവന്‍ കല്യാണം കഴിക്കുകയോ മറ്റോ ചെയ്തിരിക്കുമോ? അങ്ങനെ ഉണ്ടായാല്‍ അവിടുത്തെ മൂപ്പന്‍ നമ്മളെ അറിയിക്കേണ്ടതല്ലേ? – വേറെ എന്തായിരിക്കും കാര്യം?’ കരിന്തണ്ടന്‍ തന്റെ സംശയം വെളുക്കനോട് തുറന്ന് ചോദിച്ചു. വെളുക്കന്‍ ഉറക്കെ ചിരിച്ചു കൊണ്ട് ഒരു മറുചോദ്യം ചോദിക്കുകയാണ് ചെയ്തത്. ‘അല്ല മൂപ്പാ അവന്‍ പനമരത്തേയ്ക്ക് തന്നെയാണ് പോകുന്നതെന്ന് മൂപ്പന് വല്ല ഉറപ്പുമുണ്ടാ? പനമരത്തേയ്ക്ക് എത്ര കാതം ദൂരമുണ്ട്. ആഴ്ചയിലും മാസത്തിലുമൊക്കെ ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും ഇത്രയും മടിയനായ അവന്‍ നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് തോന്നുന്നത് ആരുമറിയാതെ പൂക്കോടോ, മൂട്ടിലോ, ഏതെങ്കിലും കൂട്ടു കൂടി ചാരായം കുടിച്ച് കിടക്കുകയായിരിക്കും. പിന്നെ അതിനൊക്കെ അവന്റെ കൈയില്‍ പണമെങ്ങനെ വരുന്നു എന്ന് ആലോചിക്കുമ്പോഴാണ് ഒരെത്തുംപിടിയും കിട്ടാത്തത്’. പണിക്കൊന്നും പോകുന്നില്ല. പണം കിട്ടാനുള്ള ഒരു വഴിയും കാണാനുമില്ല. എങ്കിലും അവന്റെ വീട്ടില്‍ യാതൊരു ബുദ്ധിമുട്ടുമില്ല. കരിന്തണ്ടനും അത് ഒരത്ഭുതമായി തന്നെ തോന്നി. വെളുക്കന്‍ പറഞ്ഞു. ‘മൂപ്പാ അവനറിയാതെ അവനെക്കുറിച്ച് ഒന്നന്വേഷിക്കുന്നത് നന്നായിരിക്കും. ഊരിന് ഒരു പേരുദോഷമുണ്ടാക്കാന്‍ ഒരാള്‍ മെനക്കെട്ടിറങ്ങിയാല്‍ മതി. എന്നാല്‍ എല്ലാവരും കൂടി ഒന്നിച്ച് പെടാപ്പാട് പെട്ടാലും പോയ പേര് തിരിച്ചു കിട്ടില്ല’. വെളുക്കന്‍ പറഞ്ഞത് സത്യമാണെന്ന് കരിന്തണ്ടനും തോന്നി. അവനെ കുറിച്ച് അവനറിയാതെ ഒന്നന്വേഷിക്കണം എന്ന് മുമ്പ് കരുതിയതാണ്. കരിന്തണ്ടന്‍ മുമ്പേ ആലോചിച്ചതാണ്. എന്നാല്‍ അതിനെന്താണ് വഴി എന്നു മാത്രം പിടി കിട്ടിയില്ല. നടക്കുമ്പോള്‍ അത് തന്നെയായിരുന്നു അയാളുടെ ചിന്ത – കാരമയും കോയ്മയുമൊന്നും ഇക്കാര്യത്തില്‍ വലിയ താത്പര്യമെടുക്കാന്‍ സാധ്യതയില്ല. അവനായി അവന്റെ പാടായി എന്ന് പറഞ്ഞ് അവര്‍ അത് നിസ്സാരമാക്കും. പിന്നെ അവന്‍ എന്തെങ്കിലും തെറ്റു ചെയ്യുന്നുണ്ടെന്ന് തെളിയിക്കാന്‍ കരിന്തണ്ടന്റെ പക്കല്‍ തെളിവൊന്നുമില്ലല്ലോ. കുറച്ചുനേരം അവര്‍ രണ്ടു പേരും ഒന്നും മിണ്ടിയില്ല. വഴിയില്‍ ഇരുട്ട് വീണു തുടങ്ങിയിരുന്നു – ഇഴജന്തുക്കള്‍ വഴിയിലിറങ്ങുന്ന നേരമാണെന്ന ഓര്‍മ്മയില്‍ അവര്‍ ശബ്ദമുണ്ടാക്കിക്കൊണ്ടു തന്നെയാണ് നടന്നിരുന്നത്. ജന്മിയുടെ വീടിന്റെ സമീപത്തെത്താറയപ്പോള്‍ വെളുക്കന്‍ ചോദിച്ചു. ‘ഇനി ചാമന് വല്ല ചാരപ്രവൃത്തിയുമുണ്ടാകുമോ? – അന്ന് കാട്ടില്‍ ഞാന്‍ കണ്ടത് മൂപ്പനെ അറിയിച്ച് തിരിച്ച് നമ്മള്‍ തിരയാന്‍ പോയപ്പോള്‍ അവരവിടെ ഉണ്ടായിരുന്നില്ല. അന്ന് ചാമനും നമ്മുടെ കൂടെയുണ്ടായിരുന്നു. എന്നാല്‍ രണ്ടാം ദിവസം നമ്മള്‍ പോകുന്നത് ചാമനറിഞ്ഞിരുന്നില്ല. അന്ന് അവരെ പിടിക്കാനും നമുക്ക് കഴിഞ്ഞു. ആ സംഭവത്തിന് ശേഷമാണ് ചാമന്‍ ഇടക്കിടയ്ക്ക് ഊരുവിട്ടു പോകുന്നത്. എല്ലാം കൂടി കൂട്ടിയാലോചിക്കുമ്പോള്‍ എനിക്ക് അങ്ങനെയും ചില പേടി തോന്നുന്നു. അങ്ങനെയാണെങ്കില്‍ ഇപ്പോള്‍ അവന്‍ പറഞ്ഞ കാര്യത്തില്‍ എന്തോ ഒളിഞ്ഞിരിക്കുന്നുണ്ടായിരിക്കും’. വെളുക്കന്‍ പറഞ്ഞത് അത്ര നിസ്സാരമായി തള്ളിക്കളയാന്‍ കരിന്തണ്ടന് കഴിയുമായിരുന്നില്ല. അയാള്‍ അന്നത്തെ സംഭവം കൂട്ടിയും കിഴിച്ചും കണക്കുകൂട്ടി. അന്നേ അയാള്‍ക്ക് തോന്നിയിട്ടുണ്ട് അവര്‍ തിരയാനിറങ്ങുന്ന കാര്യം മുന്‍കൂട്ടി ആരോ അവരെ അറിയിച്ചിട്ടുണ്ടെന്ന്. എന്തായാലും എല്ലാം കണ്ടെത്തണം. ആദ്യം ജന്മിയെ കാണാം കാര്യങ്ങള്‍ പറഞ്ഞ് ഒരു തീരുമാനത്തിലെത്തണം. അതിനു ശേഷമാവും ചാമന്റെ കാര്യങ്ങള്‍ അന്വേഷിക്കുന്നത്. അവര്‍ ജന്മിയുടെ പടിപ്പുര കടന്ന് അകത്തു കയറി.