- കാടുന മൂപ്പെ കരിന്തണ്ടെ
- നാന്‍ കാടുന മകെ (കാടുന മൂപ്പെ കരിന്തണ്ടെ 2)
- നാങ്കെ ഇപ്പിമലെ നമക്ക( കാടുന മൂപ്പെ കരിന്തണ്ടെ 3)
- തൂവരു തൂവരു മയയേ …. (കാടുന മൂപ്പെ കരിന്തണ്ടെ 10)
- കാലം മറന്തെയി (കാടുന മൂപ്പെ കരിന്തണ്ടെ 4)
- ചതി പണിയരു ചയിക്ക (ചതി പണിയര്‍ സഹിക്കില്ല)( കാടുന മൂപ്പെ കരിന്തണ്ടെ 6)
- മൂപ്പെ കദെ പറയ്ഞ്ചു (കാടുന മൂപ്പെ കരിന്തണ്ടെ 5)
‘അങ്കുടുമലെ ഇങ്കുടുമലെ ചെമ്പമലെ, ചെമ്പ മലെ മുകളിലൊര ചെമ്പകോയി വിത്തു പൊറുക്ക കോയി കോയിനെ കപ്പ തേവരു തേവരുനൂന്ത കണ്ടിലി, ഒച്ച ഒച്ച പോകണ്ടേ……’ ദൂരെ നിന്ന് പാട്ടു കേട്ടപ്പോഴേ കരിന്തണ്ടന് മനസ്സിലായി. പാറ്റയുടെ വരവുണ്ട്. ഒറ്റയ്ക്കാണെങ്കില്‍ എപ്പോഴും അവള്‍ക്കൊരു പാട്ടുണ്ടാവും കൂട്ടിനായി. പാരമ്പര്യമായി കേട്ടു പഠിച്ചു പോന്ന ഏറെ പാട്ടുകളുണ്ട് അവള്‍ക്കറിയാവുന്നതായിട്ട്. ഒറ്റയ്ക്ക് നടക്കുമ്പോള്‍ ആ പാട്ടുകള്‍, സ്വയം മറന്ന പോലെ ലയിച്ചു പാടി ചുറ്റുപാടുകള്‍ വിസ്മരിയ്ക്കുന്നതവളുടെ ഒരു സ്വഭാവമാണ്. ഏതായാലും അവളുടെ പാട്ടുകള്‍ ഒളിഞ്ഞ് നിന്ന് കേള്‍ക്കാന്‍ കരിന്തണ്ടന് എപ്പോഴും ഇഷ്ടമായിരുന്നു. ആരെയെങ്കിലും കണ്ടാല്‍ അവള്‍ക്കപ്പോള്‍ നാണം വരും. അതുകൊണ്ട് തന്നെ പാട്ട് നിന്നു പോവും. അക്കാരണത്താലാണ് കരിന്തണ്ടനതെല്ലാം ഒളിച്ച് നിന്ന് കേള്‍ക്കേണ്ടി വരുന്നത്.
പാട്ടും പാടി അവള്‍ നേരെ വന്നത് കരിന്തണ്ടന്റെ മുന്നിലേക്കാണ്. അവള്‍ പെട്ടെന്ന് ലജ്ജാവതിയായി. അപ്പോള്‍ കരിന്തണ്ടന്‍ പറഞ്ഞു. ‘ഇനിയും നാണിക്കുകയൊന്നും വേണ്ട. വൈകാതെ ഞാന്‍ നിന്നെ എന്റെ കുടിലിലേയ്ക്ക് കൊണ്ടുപോവും. അപ്പോള്‍ പിന്നെ എന്റെ മുമ്പിലിരുന്നു നീ പാടേണ്ടിവരും. നിന്റെ പാട്ട് കേട്ടുകൊണ്ടായിരിക്കും ഞാനുറങ്ങുന്നത്’ ഉടന്‍ പാറ്റ പാഞ്ഞു. ‘അത് അപ്പോഴല്ലേ – കൊണ്ടുപോവും കൊണ്ടുപോവും എന്നു പറയുന്നതല്ലാതെ കൊണ്ടു പോവാനുള്ള ഭാവമൊന്നും കാണുന്നില്ലല്ലോ. പണിയരില്‍ നല്ല ആണുങ്ങള്‍ ഈ ഊരില്‍ വേറെയുണ്ടെന്ന് ഇന്നാളച്ഛന്‍ പറഞ്ഞു. ഞാനൊന്ന് മൂളിയാ മതി.’
‘എന്നിട്ടെന്തെ മൂളാഞ്ഞത്. ഞാന്‍ പറഞ്ഞോ മൂളണ്ടാന്ന്. അനക്ക് ഇന്റെ കൂടെ വരാന്‍ തിടുക്കമായീച്ചാല്‍ അത് പറയ്. അല്ലാതെ അച്ഛന്‍ പറഞ്ഞു അമ്മ പറഞ്ഞു എന്നൊന്നും പറയണ്ട. അല്ല പിന്നെ!’ അത് കേട്ടപ്പോള്‍ അവള്‍ ചിരിച്ചു കൊണ്ട് തലതാഴ്ത്തി ശബ്ദം താഴ്ത്തി പറഞ്ഞു. ‘തിടുക്കം കൂടീട്ട് കാലം കൊറേ ആയി. വല്യ ചെമ്മിയായതോണ്ട് അങ്ങട്ട് പറയാന്‍ പറ്റില്ലല്ലോ’. കരിന്തണ്ടന്‍ ചിരിച്ചു. പിന്നെ സാവധാനം പറഞ്ഞു. ‘കുടിലില്‍ ചിരിച്ചു കൊണ്ട് വെച്ചുണ്ടാക്കി ഊട്ടാനൊരു പെണ്ണുണ്ടങ്കിലേ മോന്തിയ്ക്ക് അങ്ങോട്ട് കയറി ചെല്ലാന്‍ ഏതൊരാണിനും തോന്നൂ. പിന്നെ എന്തായാലും അത് വൈകിയ്ക്കണ്ട എന്ന് എനിക്കും തോന്നുന്നുണ്ട്. വെളുമ്പിച്ചെറിയമ്മയോട് ഞാന്‍ കാര്യം പറഞ്ഞിട്ടുണ്ട്. മൂപ്പനാണ് എന്ന് കരുതി സ്വയം ചെന്ന് നിന്റെ അച്ഛനോട് പെണ്ണ് ചോയിക്കാന്‍ കഴിയില്ലല്ലോ. പണ്ടേ നിശ്ചയിച്ചതാണെങ്കിലും എല്ലാറ്റിനുമില്ലേ അതിന്റേതായ ചിട്ടയും വട്ടവും. വെളുമ്പി ചെറിയമ്മയും കൂരവി ചെറിയമ്മയും കൂടി ആലോചിച്ച് എല്ലാം തീരുമാനിക്കും. അവരു തീരുമാനിച്ചാല്‍ ചെറിയച്ഛന്മാര്‍ മുമ്പില് നിന്ന് കാര്യം നടത്തും. ഇനി ഏതായാലും കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരില്ല.’ കരിന്തണ്ടന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അവളുടെ മിഴികള്‍ വിടര്‍ന്നു. പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമാണവള്‍ക്ക് തോന്നിയത്. പിന്നെ അവര്‍ ഒന്നിച്ച് വയല്‍ വരമ്പിലൂടെ നടന്നു. കുറച്ചു ദൂരം നടന്ന ശേഷമാണ് അവള്‍ പറഞ്ഞത്. ‘പിന്നെയ് – ഒരു കാര്യം പറയാന്‍ണ്ടായിരുന്നു’. ‘അതെന്താ?’ – കരിന്തണ്ടന്‍ വലിയ ഗൗരവത്തിലെന്നപോലെ ചോദിച്ചു. അവള്‍ പറഞ്ഞു ‘ഇന്നാള് ഒരിക്കല്‍ വെറക് എടുക്കാന്‍ കാട്ടില്‍പ്പോയപ്പോള്‍ അവിടെ വച്ച് ചാമനെ കണ്ടു. സത്യത്തില്‍ അയാളെന്തോ കുഴപ്പത്തിന് വന്നതാണെന്നാ ഞാന്‍ കരുതിയത്. എന്നാല്‍ അങ്ങനെ ആയിരുന്നില്ല കാര്യം. അയാള്‍ എന്നോട് മാപ്പ് പറയാന്‍ വന്നതായിരുന്നു. മാപ്പ് പറഞ്ഞ കാര്യം ഇങ്ങളോട് പറയാനും പറഞ്ഞു. ഇങ്ങളെ ഇങ്ങനെ ഒറ്റയ്ക്ക് കിട്ടണ്ടേ എന്നാലല്ലേ എന്തെങ്കിലും മിണ്ടാനും പറയാനും പറ്റൂ’.
‘നിന്നോട് തെറ്റ് ചെയ്തതിന് അയാള്‍ നിന്നോട് മാപ്പു പറയുന്നത് നല്ലത് തന്നെ. പക്ഷെ അക്കാര്യം എന്നെ അറിയിക്കണമെന്ന് പറയാന്‍ കാരണമെന്താണ്. ഞാനെല്ലാം അറിഞ്ഞിരുന്നു എന്ന് അയാള്‍ മനസ്സിലാക്കിയോ – ഞാനങ്ങനെ ഒരു ഭാവം അയാളോട് കാണിച്ചിട്ടേയില്ലല്ലോ’. അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു ‘ഇങ്ങളോട് ഞാന്‍ കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ടെന്ന് അവന് സംശയമുണ്ടായിരുന്നു. അത് ചോദിക്കാനാണ് അയാള്‍ പാത്തും പതുങ്ങിയും പിറകില്‍ വന്നതെന്നാണ് എനിക്ക് തോന്നിയത്. ഞാന്‍ എല്ലാം ഇങ്ങളോട് പറഞ്ഞെന്ന് ഞാന്‍ തന്നെ അവനെ അറിയിച്ചു. അപ്പോളാണ് മാപ്പ് പറഞ്ഞതും അത് ഇങ്ങളെ അറിയിക്കണമെന്ന് പറഞ്ഞതും’. കരിന്തണ്ടന്‍ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല. പിന്നെ സാവധാനം പറഞ്ഞു. ‘ആ മാപ്പ് പറയല്‍ അത്ര നല്ലതല്ല പാറ്റേ -അതിന്റെ പിന്നില്‍ അവന്റെ എന്തോ വളഞ്ഞ ബുദ്ധി ഉണ്ട്. നിനക്കറിയില്ല അവനിപ്പോള്‍ ഇടയ്ക്കിടയ്ക്ക് ഊരിന് പുറത്തു പോകുന്നുണ്ട്. പിന്നെ രണ്ടോ നാലോ ദിവസം കഴിഞ്ഞാലാണ് വരുന്നത്. ജന്മിയുടെ പാടത്തൊന്നും അവനെ അധികം കാണാറില്ല. അവന് ഊരിന് പുറത്ത് ചില ബന്ധങ്ങളുണ്ടെന്ന് എനിക്ക് സംശയമുണ്ട്. ആ ബന്ധം ഊരിന് ഗുണമല്ല ദോഷമാണ് ഉണ്ടാക്കാന്‍ പോകുന്നത്. അവനെ വിളിച്ച് കാര്യങ്ങള്‍ സംസാരിക്കണമെന്ന് എനിക്ക് തോന്നാത്തതല്ല. എന്നാല്‍ അവന്റെ പ്രവൃത്തികള്‍ എല്ലാം വ്യക്തമായി കണ്ടെത്തിയിട്ടു വേണം എന്ന് കരുതിയിട്ട് മാത്രമാണ്. എന്തായാലും നീ നല്ലവണ്ണം സൂക്ഷിക്കണം. ഒരാള്‍ ചതിക്കാന്‍ തീരുമാനിച്ചു എന്ന് നമ്മളറിഞ്ഞാല്‍ അതിനെ തടുക്കാനുള്ള എല്ലാ കരുതലുമായിട്ടേ പുറത്തിറങ്ങാവൂ’ – കരിന്തണ്ടന്റെ വാക്കുകളില്‍ പെട്ടെന്നുണ്ടായ ഗൗരവം പാറ്റയ്ക്ക് മനസ്സിലായി. ഒന്നും കാണാതെ കരിന്തണ്ടന്‍ ഇങ്ങനെയൊന്നും സംശയിയ്ക്കില്ല. ‘ചാമന്‍ ലഹരിയിലായിരിക്കണം അന്ന് എന്നോടങ്ങനെ പ്രതികരിച്ചത്. അതിന് വേണ്ട മറുപടിയും ഞാന്‍ കൊടുത്തിരുന്നു. അതിലപ്പുറം ഊരിനെ ചതിക്കാന്‍ മാത്രമവന്‍ വളരുമെന്നൊന്നും എനിക്കു തോന്നുന്നില്ല. അവന്‍ ഏതെങ്കിലും രീതിയില്‍ ഇനിയും വന്ന് എന്നെ ഉപദ്രവിക്കുമെന്നും. പിന്നെ അധ്വാനിക്കാത്ത കൈയൊന്നുമല്ല എന്റേത്. ഒന്നു തൊട്ടാല്‍ അത് വാടുകയുമില്ല. ചാമന്‍ എന്തെങ്കിലും ചെയ്യാന്‍ വന്നാല്‍ അവനായിരിക്കും വിവരമറിയുന്നത്. ഇങ്ങള് അതിനെ പറ്റി പേടിയ്‌ക്കേണ്ട’. കരിന്തണ്ടന്റെ മുമ്പില്‍ അവള്‍ അങ്ങനെ പറഞ്ഞുവെന്ന് മാത്രം. അവള്‍ക്കറിയാമായിരുന്നു. ഒരു കാര്യവുമില്ലാതെ കരിന്തണ്ടന്‍ വെറുതേ മറ്റൊരാളെ സംശയിക്കില്ല. സംശയിച്ചാല്‍ അതില്‍ എന്തെങ്കിലുമുണ്ടായിരിക്കും. ചെറുപ്പം മുതലേ അറിയുന്നതാണ് അവള്‍ക്കയാളെ, അയാള്‍ സംശയിക്കുന്നതൊന്നും തെറ്റായി വന്നിട്ടില്ല. പിന്നെ അദ്ദേഹം പറഞ്ഞതുപോലെ ചാമനെ ഇപ്പോള്‍ പണിക്കണ്ടത്തില്‍ കൂടുതല്‍ കാണാറില്ല. കുറ്റബോധം കൊണ്ട് കരിന്തണ്ടനുമായി നേരിട്ടിടപെടാനുള്ള മാനസിക വിഷമമായിരിക്കും അങ്ങോട്ട് വരാനുള്ള മടിക്ക് കാരണമെന്നേ അവള്‍ വിചാരിച്ചിരുന്നുള്ളൂ. എന്നാല്‍ അയാള്‍ ഊരിന് പുറത്ത് പോയി താമസിച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് തിരിച്ചു വരുന്നതെന്നൊന്നും അവള്‍ക്കറിയില്ല. ചാമന്റെ കുടിലും അവളുടെ കുടിലും തമ്മില്‍ അധിക ദൂരമില്ല. എല്ലാവരും പണിയെടുത്താല്‍ കിട്ടുന്ന വല്ലിയാണ് (നെല്ല അളവ്) ഓരോ കുടുംബത്തിന്റേയും ജീവിത മാര്‍ഗം. ചാമന്‍ പണിക്ക് പോകുന്നില്ല എന്നതുകൊണ്ട് അവര്‍ക്കാര്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടെന്നും തോന്നുന്നില്ല. ഒരിക്കല്‍ ചാമന്റെ സഹോദരി മുണ്ടയുടെ കൈയില്‍ ഒരു വെള്ളി വള കണ്ടു. അന്ന് പാറ്റയോട് അവള്‍ പറഞ്ഞത് ചാമന്‍ കൊണ്ടു തന്നതാണെന്നാണ്. കരിന്തണ്ടന്‍ പറഞ്ഞ കാര്യങ്ങള്‍ കൂട്ടിവായിച്ചു നോക്കുമ്പോള്‍ പാറ്റയ്ക്കും ചില സംശയങ്ങള്‍ തോന്നാതിരുന്നില്ല. ഒന്നു കൂടി കാര്യമായി ചോദിച്ചാല്‍ മുണ്ട പറയും. അവള്‍ക്ക് രഹസ്യങ്ങളൊന്നും ഒളിപ്പിച്ചു വയ്ക്കാനാവില്ല. എല്ലാം അറിഞ്ഞ ശേഷം മൂപ്പനോട് പറയാം എന്നവളും കരുതി. രണ്ട് പേരുടേയും മനസ്സ് കലങ്ങിയിരുന്നുവെങ്കിലും അത് പുറത്ത് കാണിക്കാതെ അവര്‍ രണ്ടു പേരും കുറച്ചു ദൂരം നടന്നു. പാടത്തൊന്നും ആരുമില്ലെന്ന് തോന്നിയപ്പോള്‍ കരിന്തണ്ടന്‍ ചോദിച്ചു. ‘പാറ്റേ നിന്റെ പാട്ട് ഒളിച്ച് നിന്ന് കേള്‍ക്കാനേ എനിക്കിതുവരെ ഭാഗ്യം കിട്ടിയിട്ടുള്ളൂ. – എനിക്ക് വേണ്ടി നിനക്കൊന്നു പാടാമോ? നമ്മുടെ ഒരു പാട്ട് നമുക്കു വേണ്ടിയുള്ള ഒരു പാട്ട്.’ കരിന്തണ്ടന്‍ അത്രമാത്രം പ്രണയ ഭാവത്തോടെ ഒരിക്കലും അവളോടൊന്നും ചോദിച്ചിട്ടില്ല. അവള്‍ അത് ആഗ്രഹിച്ചിരുന്നുവെങ്കിലും അവള്‍ പാടി. ‘തൂവരു തൂവരു മയയേ തൂവരുതൂവരുമയയേ അണ്ണനും അച്ചിയുമഞ്ചെരു…. പുയയും കടന്തു വെഞ്ചരു……’ അത് കേട്ട് കുറച്ച് നേരം കരിന്തണ്ടനങ്ങനെ നിന്നു. പാട്ട് നിര്‍ത്തിയപ്പോള്‍ അയാള്‍ അവളെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തു കൊണ്ടു പറഞ്ഞു ‘തൂവരു തൂവരുമയയേ.. എന്റെ പെണ്ണിനെ നനയ്ക്കല്ലേ?’ പാറ്റയ്ക്ക് അത് ഒരു സ്വര്‍ഗീയ നിമിഷമായിരുന്നു. അവള്‍ അവന്റെ കവിളത്തൊന്നു നുള്ളിക്കൊണ്ട് ഒരു ചിത്രശലഭത്തെ പോലെ അവന്റെ മുമ്പില്‍ നിന്നും പറന്നു. എന്നാല്‍ വിട്ടു കൊടുക്കാന്‍ അവനും തയ്യാറായിരുന്നില്ല.
വിവാഹം ഉടനെ നടത്തണമെന്ന് കരിന്തണ്ടന്‍ ചെന്ന് വെളുമ്പി ചെറിയമ്മയോടാണ് പറഞ്ഞത്. അത് അവരാണ് കൂരവിയോട് പറഞ്ഞത്. രണ്ട് പേര്‍ക്കും അത് വേഗം വേണമെന്ന അഭിപ്രായമായിരുന്നു. കൂരവിയാണ് ഭര്‍ത്താവിനോട് കാര്യം പറഞ്ഞത്. പെണ്ണ് ചോദിക്കുക കാര്യം പറയുക എന്നതൊക്കെ ആണുങ്ങള്‍ ചെയ്യേണ്ട കാര്യമാണ്. അവന്റെ അച്ഛന്‍ നാടിന്റെ മൂപ്പനായിരുന്നു. അവനും മൂപ്പനാണ്. മൂപ്പന്‍ പോയി നേരിട്ട് പെണ്ണ് ചോദിക്കുന്നതില്‍ തെറ്റില്ലെങ്കിലും അത് രണ്ടാം തരമാണ്. കൂരവി ഭര്‍ത്താവിനെ കാര്യങ്ങള്‍ ബോധിപ്പിച്ചു. ‘വെളുമ്പിയുടെ ഭര്‍ത്താവ് കെമ്പിയുടെ കൂടെയല്ലേ. ഇടയ്ക്ക് അവളുടെ അടുത്തും ചെല്ലാറുണ്ടെങ്കിലും അവള്‍ പറയുന്നതൊന്നും അയാള്‍ അത്ര കാര്യായി കേള്‍ക്കില്ല. നിങ്ങള്‍ വേണമെല്ലാറ്റിനും മുന്നിലേയ്ക്കിറങ്ങാന്‍’ എന്ന് കൂരവി പറഞ്ഞത് ശരിയാണെന്ന് അയാള്‍ക്കും തോന്നി. അയാള്‍ അനുജനെ വിളിച്ച് കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തു. ഏട്ടനായിട്ട് എന്നോ തീരുമാനിച്ച ഒരു കാര്യം അതൊന്ന് മുന്നില്‍ നിന്ന് നടത്തിയാല്‍ മാത്രം മതി. പിന്നെ കാര്യങ്ങള്‍ പെട്ടന്നായിരുന്നു. അവര്‍ രണ്ട് പേരും കൂടി കോയ്മയേയും കാരാമയേയും കണ്ടു. കരിന്തണ്ടന്റെ കാര്യമാണ്. അച്ഛന്‍ ചെമ്മി തീരുമാനിച്ചതുമാണ്. കോയ്മയ്ക്കും കാരാമയ്ക്കും എല്ലാ കാര്യങ്ങളും അറിവുള്ളതുമാണ്. പിന്നെ എന്തിന് വൈകിക്കുന്നു. അവര്‍ ഒന്നിച്ച് പാറ്റയുടെ അച്ഛനെ ചെന്ന് കണ്ടപ്പോള്‍ എത്രയും പെട്ടെന്ന് നടത്താനായിരുന്നു അയാളുടെ ആഗ്രഹം. ആറേഴ് ദിവസം കൊണ്ട് തന്നെ അതിനൊരു തീരുമാനമായി. ഉടന്‍ മംഗലം. ഉടന്‍ ഒരു നിശ്ചയം നടത്തണം നാലാള്‍ക്ക് സദ്യ കൊടുത്ത് നാടറിയിക്കണം. വെളുമ്പി പറഞ്ഞത് അങ്ങനെയാണ്. വെളുമ്പിയും കൂരവിയും പറയുന്നത് കരിന്തണ്ടന്‍ കേള്‍ക്കാതിരിക്കില്ല. അതറിയുന്നതുകൊണ്ട് ചെറിയച്ഛന്മാര്‍ പോലും അവര്‍ക്കു പറയാനുള്ളത് ഭാര്യമാരെ കൊണ്ടാണ് പറയിക്കാറുള്ളത്. വെളുമ്പിയുടെ ഭര്‍ത്താവ് കെമ്പിയെ കെട്ടിയതിന് ശേഷം എല്ലാറ്റിന്റേയും ഇടയില്‍ പെട്ട് പെടാപ്പാട് പെടുന്നത് കൂരവിയാണെന്ന് കരിന്തണ്ടനറിയാം. എങ്കിലും അയാളുടെ ഉള്ളില്‍ കൂടുതല്‍ സ്ഥാനം വെളുമ്പി ചെറിയമ്മയ്ക്കാണ്. അവര്‍ എന്തും തുറന്നു പറയും. പണിക്കു പോയി വരുമ്പോള്‍ അല്പം വാറ്റ്ചാരായം മോന്തും എന്നത് ശരി തന്നെ. അതോടെ അവര്‍ ആരെയും പേടിക്കുകയുമില്ല. ചാരായം കഴിച്ച് വരുന്ന വെളുമ്പിയെ സത്യത്തില്‍ എല്ലാവര്‍ക്കും ഭയമാണ്. പക്ഷെ ആ സമയങ്ങളിലും അവര്‍ സത്യങ്ങള്‍ മാത്രമേ പറയാറുള്ളൂ. അതെല്ലാവര്‍ക്കുമറിയുന്നതാണ്. എങ്കിലും ആ സമയത്ത് കരിന്തണ്ടന്റെ മുന്നില്‍ പെടാതിരിക്കാന്‍ അവര്‍ നന്നായി ശ്രദ്ധിക്കാറുണ്ട്.
കല്യാണ നിശ്ചയം പെട്ടെന്നുതന്നെ നടത്താമെന്ന് തീരുമാനിച്ചതോടെ ഊരില്‍ തന്നെ അതൊരു ആഘോഷമായി. വെളുക്കനാണ് പറഞ്ഞത് ‘മൂപ്പാ, ഊര് മൂപ്പന്റെ കല്യാണം നടത്താന്‍ ഞങ്ങള്‍ക്കൊരു അവസരം കിട്ടുന്നത് ആദ്യമായിട്ടാണ് – ഇതുവരെയുണ്ടായ മൂപ്പന്മാരൊക്കെ കല്യാണത്തിന് ശേഷമാണ് മൂപ്പന്മാരായത് – അതുകൊണ്ട് ആഘോഷിക്കണം. പിന്നെ വെളുമ്പിയമ്മയും കൂരവിയമ്മയും ഒക്കെ വട്ടക്കളിക്കു കൂടണം’ അത് കേട്ടപ്പോള്‍ കരിന്തണ്ടന്‍ പറഞ്ഞു. ‘ഞാന്‍ പറഞ്ഞാല്‍ അവരുണ്ടാകും എന്റെ അമ്മമാരല്ലേ അവര്‍ – അവര്‍ വരും. അങ്ങനെയാണെങ്കില്‍ കുഴലും തുടിയും അവരുടെ പണിയന്മാരുതന്നെ ആവട്ടെ’ – വെളുക്കന്‍ പറഞ്ഞത് കേട്ടപ്പോള്‍ കരിന്തണ്ടന് ചിരിയാണ് വന്നത്. ‘അവരൊന്നും അതിന് നില്ക്കില്ല. നീ തന്നെ തുടി ഉപയോഗിച്ചോ – കുഴലുപയോഗിക്കാന്‍ രണ്ടാളെ കണ്ടെത്താം’ –
നിശ്ചയം ഗംഭീരമായി നടന്നു. വെളുമ്പിയും കൂരവിയും മാത്രമല്ല കെമ്പിയും വട്ടക്കളിക്ക് മുന്നിലെത്തി. പാറ്റയും കൂടെ ചേര്‍ന്നു. അതോടെ കുറച്ചേറെപ്പേരായി. കുഴല്‍ വിളിക്കാന്‍ വെളുക്കന്‍ മുന്നില്‍ നിന്നപ്പോഴേക്കും തുടിയും കുഴലുമായി ചെറിയച്ഛന്മാരെത്തി. അതിനിടയില്‍ പെട്ടെന്ന് എവിടെ നിന്നോ ഓടി വന്ന ചാമന്‍ ചെറിയച്ചന്റെ തോളില്‍ കിടന്ന തുടിയെടുത്ത് കളിയില്‍ കൂടി. കരിന്തണ്ടന്‍ ഇവനിപ്പോള്‍ എവിടെ നിന്നു വരുന്നു എന്നറിയാതെ അത്ഭുതപ്പെട്ടു നിന്നു. അപ്പോഴേക്കുമവിടെ പാട്ടും കുഴല്‍ വിളിയും തുടിയും മുഴങ്ങി കഴിഞ്ഞിരുന്നു. അതിന്റെ താളത്തില്‍ സ്ത്രീകള്‍ അവരൊന്നിച്ച് പദം വെച്ച് കളിക്കാനും. പണിയ കുടിലുകളില്‍ എന്തു വിശേഷങ്ങളുണ്ടാവുമ്പോഴും അതിന്റെ ഭാഗമായി ഒരു വട്ടക്കളി പതിവാണ്.