- ശൂന്യതയില്‍ നിന്നു തുടങ്ങിയ ഫട്‌കേ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 1)
- ഹിമാലയതുല്യം മഹാനായ വ്യക്തി (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 2)
- അധികാര ഹുങ്കിനെതിരെ ചാപേക്കര്‍ സഹോദരന്മാര്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 3)
- ഹിന്ദുസമൂഹത്തിന്റെ കരുത്തുറ്റ നേതാവ് ( സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 15)
- ബലിവേദിയില്‍ ഹോമിക്കപ്പെട്ട ജീവിതങ്ങള്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 4)
- ദേശീയതയുടെ അഗ്നി പടര്‍ത്തിയ തിലകന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 5)
- തൂലിക പടവാളാക്കിയ പോരാട്ടം (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 6)
ഡോക്ടര്‍ജി ജയിലിലായിരുന്നപ്പോഴാണ് ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ ഭാഗമായി മലബാറില്‍ കുപ്രസിദ്ധമായ മാപ്പിളലഹള നടന്നത്. ലഹളയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഡോക്ടര്‍ജി അപ്പപ്പോള്‍ അറിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന ഡോ. മുഞ്‌ജെ മലബാറിലെ ലഹളബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ നേരിട്ടുകണ്ട് മനസ്സിലാക്കുകയും ചെയ്തതുകൊണ്ട് ഡോക്ടര്‍ജിക്കും മലബാറിലെ ഹിന്ദുക്കള്‍ അനുഭവിച്ച ദുരന്തത്തിന്റെ വ്യാപ്തി കൃത്യമായി മനസ്സിലായി.
മാപ്പിള ലഹളയെക്കുറിച്ച് ‘സര്‍വന്റ്‌സ് ഓഫ് ഇന്ത്യ സൊസൈറ്റി’ ഇങ്ങനെയാണ് പറഞ്ഞത്: ”ആയിരം ഹിന്ദുക്കള്‍ കൊല ചെയ്യപ്പെട്ടു. ഇരുപതിനായിരം ഹിന്ദു സ്ത്രീകളെ നിര്‍ബ്ബന്ധിച്ചു മതംമാറ്റി. ആയിരക്കണക്കിന് ഹിന്ദുസ്ത്രീകളെ മാനഭംഗപ്പെടുത്തി. കോടിക്കണക്കിനു രൂപ കൊള്ളയടിച്ചു.” ഡോക്ടര്‍ മുഞ്‌ജെയില്‍ നിന്ന് മലബാറിലെ കാര്യങ്ങള്‍ മനസ്സിലാക്കിയ ഡോക്ടര്‍ജി ”മുസ്ലീം ഭരണകാലത്ത് നടന്നിട്ടുള്ളതിനേക്കാള്‍ ഭീകരമായ ആക്രമണം” എന്നാണ് മാപ്പിളലഹളയെ വിശേഷിപ്പിച്ചത്.
ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന നിസ്സഹകരണ പ്രസ്ഥാനവും ‘ഒരു വര്‍ഷത്തിനുള്ളില്‍ സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യവും ജനങ്ങളില്‍ വലിയ ആവേശമുണര്‍ത്തിയിരുന്നു. പ്രക്ഷോഭം മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് ചൗരിചൗരാ സംഭവം ഉണ്ടാകുന്നത്. 1922 ഫെബ്രുവരി 5ന് ചൗരിചൗരയിലെ ജനങ്ങള്‍ പോലീസ് സ്റ്റേഷനു തീയിടുകയും 22 പോലീസുകാരെ കൊലപ്പെടുത്തുകയും ചെയ്തു. അതോടെ ഗാന്ധിജി സമരം അവസാനിപ്പിച്ചു. ഒറ്റപ്പെട്ട ഒരു സംഭവത്തിന്റെ പേരില്‍ രാജ്യം മുഴുവന്‍ നടന്ന ഒരു വലിയ പ്രക്ഷോഭം പരാജയപ്പെട്ടത് ജനങ്ങളെ നിരാശരാക്കി.
ഖിലാഫത്ത് പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് പിന്തുണ നല്‍കിയതിനോടും ഗാന്ധിജി മുന്നോട്ടുവെച്ച ഹിന്ദു-മുസ്ലിം ഐക്യം എന്ന ആസൂത്രിത മുദ്രാവാക്യത്തോടും ഡോക്ടര്‍ജിക്ക് യോജിപ്പുണ്ടായിരുന്നില്ല. അദ്ദേഹം സ്വന്തം കാഴ്ചപ്പാട് വിശദീകരിക്കുവാനായി ഗാന്ധിജിയെ സന്ദര്‍ശിച്ചു. ആമുഖമോ വളച്ചുകെട്ടലോ ഇല്ലാതെ ഡോക്ടര്‍ജി ചോദിച്ചു: ”ഇന്ത്യയില്‍ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, ജൂത പാര്‍സി മതങ്ങളും മതസ്ഥരും ഉണ്ട്. എല്ലാ വിഭാഗക്കാരും തമ്മിലുള്ള ഐക്യത്തിനു ശ്രമിക്കാതെ താങ്കള്‍ എന്തുകൊണ്ട് ഹിന്ദു-മുസ്ലിം ഐക്യം എന്ന പല്ലവി മാത്രം പാടുന്നു?” ഗാന്ധിജിയുടെ മറുപടി ഇതായിരുന്നു: ”നമ്മുടെ രാഷ്ട്രത്തോട് മുസ്ലിങ്ങള്‍ക്ക് സൗഹൃദഭാവം വളര്‍ത്താന്‍ ഇത് സഹായിക്കും. ദേശീയസമരത്തില്‍ നമ്മളോട് ആത്മാര്‍ത്ഥമായി സഹകരിക്കാന്‍ അവര്‍ പ്രേരിതരാകും.”
ഡോക്ടര്‍ജി തൃപ്തനായില്ല. അദ്ദേഹം അഭിപ്രായപ്പെട്ടു ”ഈ മുദ്രാവാക്യം മുഴങ്ങുന്നതിനു വളരെ മുമ്പു തന്നെ, പ്രശസ്തരായ പല മുഹമ്മദീയരും, ദേശീയമായ അനന്യമനസ്‌കതയോടെ, ലോകമാന്യന്റെ നേതൃത്വത്തില്‍ നമ്മോടൊപ്പം മാതൃഭൂമിക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാരിസ്റ്റര്‍ ജിന്ന, ഡോക്ടര്‍ അന്‍സാരി, ഹക്കിം അജ്മല്‍ ഖാന്‍ എന്നിവര്‍ അതിനുദാഹരണമാണ്. ഈ പുതിയ പല്ലവി ഐക്യം ഉറപ്പുവരുത്തുന്നതിനുപകരം മുസ്ലിങ്ങളുടെ മനസ്സില്‍ ഭിന്നതാബോധം വളര്‍ത്തുവാനല്ലേ സഹായകമാവുക എന്ന് ഞാന്‍ ഭയപ്പെടുന്നു.”
”എനിക്ക് അങ്ങനെ തോന്നുന്നില്ല” എന്നു പറഞ്ഞുകൊണ്ട് ഗാന്ധിജി അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തെ അവഗണിച്ചു. നിര്‍ഭാഗ്യമെന്നു പറയട്ടെ, പില്‍ക്കാലത്തു നടന്ന സംഭവങ്ങള്‍ ഡോക്ടര്‍ജിയുടെ ഭയം തീര്‍ത്തും സത്യമാക്കി. ദേശീയ കാഴ്ചപ്പാടോടെ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായി ഡോക്ടര്‍ജി ചൂണ്ടിക്കാട്ടിയ ബാരിസ്റ്റര്‍ ജിന്നക്ക് പിന്നീടുണ്ടായ മാറ്റം ഇത്തരം വികലമായ രാഷ്ട്രീയ നയങ്ങളുടെ പരിണതഫലമായിരുന്നു.
ഹിന്ദു-മുസ്ലിം സംഘര്‍ഷം ഏറ്റവും രൂക്ഷമായി നടന്ന ഒരു കാലഘട്ടമായിരുന്നു 1920കള്‍. 1921ലെ മലബാറിലെ മാപ്പിളലഹള കൂടാതെ രാജ്യത്തിന്റെ മറ്റു ചില ഭാഗങ്ങളിലും മുസ്ലിം കലാപങ്ങള്‍ നടന്നിരുന്നു. വേറിടല്‍ മനോഭാവം മുസ്ലിങ്ങളില്‍ വര്‍ദ്ധിച്ചുവന്നു. ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ പേരില്‍ പിരിച്ച 80 ലക്ഷത്തോളം രൂപ മതാന്ധരായ മുസ്ലിങ്ങളുടെ കയ്യിലാണെത്തിയത്. അതോടെ പ്രത്യേക നിലനില്പിനുള്ള അത്യാഗ്രഹവും കൂടി. അതാണ് കൂടുതല്‍ ലാഭകരമെന്ന ചിന്തയും വളര്‍ന്നു.
പല സ്ഥലങ്ങളിലും ഹിന്ദുക്കള്‍ അസംഘടിതരും മുസ്ലീങ്ങള്‍ സംഘടിതരുമായിരുന്നു. അതിനാല്‍ മലബാറില്‍ മാത്രമല്ല കോഹട്, സോലാപ്പൂര്‍, ഗുല്‍ബര്‍ഗ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ കലാപങ്ങള്‍ ഉണ്ടാവുകയും ഹിന്ദുക്കള്‍ക്ക് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ഹിന്ദുക്കള്‍ സംഘടിക്കേണ്ടതിന്റെ പ്രാധാന്യം പലര്‍ക്കും അനുഭവപ്പെട്ടു.
‘ലോകമാന്യ’ പത്രത്തില്‍ വീരസാവര്‍ക്കര്‍ ‘ഹുതാത്മ’ എന്ന തൂലികാനാമത്തില്‍ ഇങ്ങനെ എഴുതി: ”കോഹട്ടിലെയും ഗുല്‍ബര്‍ഗയിലെയും ഹിന്ദുക്കള്‍ അസംഘടിതരും യാതൊരു തയ്യാറെടുപ്പും ഇല്ലാത്തവരുമായിരുന്നതിനാല്‍ മുസ്ലിം ഭീഷണിയെ നേരിടാന്‍ കഴിഞ്ഞില്ല. അതേസമയം നാഗപ്പൂരിലെ ഹിന്ദുക്കള്‍ സംഘടിതരും ഐക്യവും തയ്യാറെടുപ്പുമുള്ളവരുമായിരുന്നതിനാല്‍ അവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞു. സമാധാനവും ശക്തിയും തമ്മിലുള്ള ബന്ധമാണ് ഹിന്ദുക്കള്‍ മനസ്സില്‍ സൂക്ഷിക്കേണ്ട പ്രധാന വസ്തുത.”
1923 സപ്തംബര്‍ – ഒക്‌ടോബര്‍ മാസങ്ങളില്‍, ഗണേശോത്സവത്തിന്റെ സമയത്ത് നാഗപ്പൂരിലെ ഡിണ്ടിയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തോടെ സംഘടനയുടെ ‘ശക്തി’ എന്ന ആശയം കൂടുതല്‍ പ്രകടമായി. പള്ളികള്‍ക്കു മുന്നിലെ പൊതു നിരത്തുകളിലൂടെ വാദ്യഘോഷങ്ങളോടെ ഹിന്ദുക്കള്‍ നടത്തുന്ന ഘോഷയാത്രയെ തടയുന്ന പതിവ് ഇവിടെയും ആവര്‍ത്തിച്ചു. മുസ്ലീങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പോലീസും സിറ്റി മജിസ്‌ട്രേറ്റും ഹിന്ദുക്കളുടെ ഘോഷയാത്ര നിരോധിച്ചു. മുമ്പത്തേതിനേക്കാള്‍ ബോധവാന്മാരും സംഘടിതരുമായ ഹിന്ദു സമൂഹവും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.
അധികൃതരുടെ തീരുമാനത്തിനെതിരായി 1923 ഒക്‌ടോബര്‍ 31-ന് ഹിന്ദുക്കള്‍ ഒരു അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. നാഗപ്പൂരിലെ പ്രശസ്ത സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകരായ എന്‍.ബി.ഖരെ, എല്‍.വി. പരാഞ്ജ്‌പെ, ഡോ.കെ.ബി. ഹെഡ്‌ഗേവാര്‍, ഗോപാല്‍റാവു ഓഗലെ, ജയ്കൃഷ്ണബാ ഉപാദ്ധ്യായ തുടങ്ങിയവരാണ് സത്യഗ്രഹത്തിനു നേതൃത്വം നല്‍കിയത്. അവരെ അറസ്റ്റ് ചെയ്തതോടെ സത്യഗ്രഹത്തിന്റെ ശക്തി വര്‍ദ്ധിക്കുകയാണ് ചെയ്തത്. കൂടുതല്‍ കൂടുതല്‍ ആളുകള്‍ മുന്നോട്ടുവന്നു. നവംബര്‍ 11ന് നേതാക്കളിലൊരാളായ രാജാ ലക്ഷ്മണ്‍റാവു ബോണ്‍സ്ലെ പ്രസംഗിക്കാനെത്തിയപ്പോള്‍ നാല്പതിനായിരത്തോളം ഹിന്ദുക്കളാണ് അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാനും പ്രക്ഷോഭത്തിനു പിന്തുണ നല്‍കാനുമായി എത്തിയത്. ഇതോടെ അധികൃതരുടെ കണ്ണു തുറന്നു. ഹിന്ദുക്കളുടെ ‘ശക്തി’ കണ്ട മുസ്ലിങ്ങളും ഉദ്യോഗസ്ഥരും ഘോഷയാത്ര നടത്തുന്നതിന് തങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ലെന്ന് പ്രഖ്യാപിച്ചു.
ഡിണ്ടി സത്യഗ്രഹത്തിന്റെ വിജയം ആഘോഷിക്കാന്‍ അന്നു രാത്രിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഡോക്ടര്‍ജിയാണ് അദ്ധ്യക്ഷത വഹിച്ചത്. രാജാ ലക്ഷ്മണ്‍റാവു ഭോണ്‍സ്ലെയുടെ നേതൃത്വത്തില്‍ ‘നാഗ്പൂര്‍ ഹിന്ദു സഭ’ രൂപീകരിക്കുന്നതായി പ്രഖ്യാപിക്കപ്പെട്ടു. ഡോ.ബി.എസ്. മുഞ്‌ജെ വൈസ് പ്രസിഡന്റായും ഡോ.ഹെഡ്‌ഗെവാര്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഡിണ്ടി സത്യഗ്രഹത്തിന്റെ യുവനായകനെന്ന നിലയില്‍ നാഗ്പൂരിലെ ഹിന്ദുസമൂഹത്തിന്റെ കരുത്തുറ്റ നേതാവായി ഡോക്ടര്‍ജി മാറി.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങളിലും അതോടൊപ്പം ഹിന്ദുമഹാസഭയുടെ പരിപാടികളിലും ഡോക്ടര്‍ജി പങ്കെടുത്തുവന്നു. ജയില്‍മോചിതനായതിനെ തുടര്‍ന്ന് 1924 ഒടുവില്‍ വീര സാവര്‍ക്കറുടെ സഹോദരന്‍ ബാബാറാവു സാവര്‍ക്കര്‍ നാഗ്പൂരില്‍ വന്നപ്പോള്‍ അവര്‍ പരിചയപ്പെടുകയും ആശയവിനിമയം നടത്തുകയും ചെയ്തു. രത്‌നഗിരിയില്‍ വീട്ടുതടങ്കലിലായിരുന്ന വീരസാവര്‍ക്കറെ ഡോക്ടര്‍ജി അവിടെ ചെന്ന് കാണുകയും ചെയ്തിരുന്നു.
നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പരാജയം രാജ്യത്തെ മുഴുവന്‍ ഇച്ഛാഭംഗത്തില്‍ ആഴ്ത്തി. ജനങ്ങളെ കര്‍മ്മോന്മുഖരാക്കുന്നതില്‍ പത്രങ്ങള്‍ക്കുള്ള പ്രാധാന്യം ഡോക്ടര്‍ജിയും തിരിച്ചറിഞ്ഞിരുന്നു. തിലകന്‍, അരവിന്ദന്‍, ഗാന്ധിജി തുടങ്ങിയ ദേശീയ നേതാക്കളെല്ലാം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി പ്രസിദ്ധീകരണങ്ങളെയും ഉപയോഗപ്പെടുത്തിയിരുന്നല്ലോ. അക്കാലത്ത് മധ്യസംസ്ഥാനത്തില്‍ ആറു വാരികകളേ ഉണ്ടായിരുന്നുള്ളൂ.
ഈ സാഹചര്യത്തില്‍ ‘പൂര്‍ണ്ണ സ്വാതന്ത്ര്യം’ എന്ന ആശയം പ്രചരിപ്പിക്കുന്നതിന് ഡോക്ടര്‍ ഹെഡ്‌ഗേവാറും ഡോക്ടര്‍ ഖരെയും ചേര്‍ന്ന് 1923ല്‍ ഒരു പത്രം തുടങ്ങാന്‍ തീരുമാനിച്ചു. ‘സ്വാതന്ത്ര്യ’ എന്ന പേരു തന്നെയാണ് പത്രത്തിനു നല്‍കിയത്. രണ്ടു മാസത്തെ ഊര്‍ജ്ജിതശ്രമത്തിന്റെ ഫലമായി ‘സ്വാതന്ത്ര്യ പ്രകാശന മണ്ഡല്‍’ സ്ഥാപിച്ച് പത്രത്തിന്റെ പ്രസിദ്ധീകരണം ആരംഭിച്ചു.
വിശ്വനാഥറാവുവായിരുന്നു ‘സ്വാതന്ത്ര്യ’ യുടെ ആദ്യപത്രാധിപര്‍. ദൈനംദിനം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതുമുതല്‍ അവശ്യസമയങ്ങളില്‍ ലേഖനങ്ങള്‍ എഴുതിക്കൊടുക്കുന്നതുവരെയുള്ള പ്രവൃത്തികള്‍ ഡോക്ടര്‍ജി ചെയ്തു. പക്ഷെ ഈ സംരംഭം അധികനാള്‍ ദീര്‍ഘിച്ചില്ല. ഒരു വര്‍ഷം ആയപ്പോഴേക്കും പത്രം പതിനായിരം രൂപയോളം കടത്തിലായി. പത്രാധിപന്മാര്‍ രണ്ടുതവണ മാറി. പ്രസിദ്ധീകരണച്ചുമതല്‍ ഏറ്റെടുക്കാന്‍ ആരും തയ്യാറാകാതിരുന്നതിനാല്‍ ‘സ്വാതന്ത്ര്യ’യുടെ പ്രസാധനം ഡോക്ടര്‍ജി അവസാനിപ്പിച്ചു. വിവിധരംഗങ്ങളിലേതുപോലെ പത്രപ്രസിദ്ധീകരണരംഗത്തുമുള്ള അനുഭവവും പരിചയവും നേടാന്‍ ‘സ്വാതന്ത്ര്യ’യുടെ പ്രസിദ്ധീകരണം ഡോക്ടര്‍ജിയെ സഹായിച്ചു. അതോടൊപ്പം നിത്യേന, നിയമേന നടക്കുന്ന ഒരു പ്രവര്‍ത്തനം വിജയിപ്പിക്കുന്നതിന് എത്രമാത്രം സമര്‍പ്പണം ആവശ്യമാണെന്നും ബോദ്ധ്യമായി.
(തുടരും)
Comments