- ശൂന്യതയില്‍ നിന്നു തുടങ്ങിയ ഫട്‌കേ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 1)
- ഹിമാലയതുല്യം മഹാനായ വ്യക്തി (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 2)
- അധികാര ഹുങ്കിനെതിരെ ചാപേക്കര്‍ സഹോദരന്മാര്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 3)
- സ്വാതന്ത്ര്യത്തില്‍ നിന്ന് പരംവൈഭവത്തിലേക്ക് (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 16)
- ബലിവേദിയില്‍ ഹോമിക്കപ്പെട്ട ജീവിതങ്ങള്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 4)
- ദേശീയതയുടെ അഗ്നി പടര്‍ത്തിയ തിലകന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 5)
- തൂലിക പടവാളാക്കിയ പോരാട്ടം (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 6)
ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള വിവിധ പ്രവര്‍ത്തനങ്ങളില്‍ മുഴുകുമ്പോഴും ചില ചോദ്യങ്ങള്‍ ഡോക്ടര്‍ജിയുടെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു. ”നമ്മുടെ ദേശത്തിന്റെ യഥാര്‍ത്ഥ സ്വഭാവം എന്താണ്, ആരുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് നാം സമരം ചെയ്യുന്നത്, അവരുടെ സ്വഭാവം എന്താണ്? നമ്മുടെ രാഷ്ട്രത്തിന്റെ പതനത്തിനും അടിമത്തത്തിനും അടിസ്ഥാന കാരണം എന്താണ്?”
ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഡോക്ടര്‍ജി ഭാരതത്തിന്റെ ചരിത്രം സമഗ്രമായി അവലോകനം ചെയ്തു. ഭാരതം അതിപുരാതനമാണെന്നും ശാസ്ത്രം, കല, സാഹിത്യം, വാണിജ്യം, തത്വശാസ്ത്രം, ആദ്ധ്യാത്മികത തുടങ്ങിയ മേഖലകളില്‍ നമ്മുടെ രാഷ്ട്രം ലോകത്തിന്റെ അംഗീകാരം നേടിയിട്ടുണ്ടെന്നും ഡോക്ടര്‍ജി കണ്ടെത്തി. ഇത് സാദ്ധ്യമായത് ഹിന്ദുവിന്റെ പരാക്രമവും ത്യാഗവും കൊണ്ടാണ്. ദേശീയ-വിദേശീയ ചരിത്രകാരന്മാര്‍ ഇതെല്ലാം രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. ഈ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ജി എത്തിച്ചേര്‍ന്ന നിഗമനം ഇതാണ് – നമ്മുടെ രാഷ്ട്രം ഹിന്ദുരാഷ്ട്രമാണ്.
ഈ സത്യത്തിന്റെ ആധാരത്തിലാണ് ഡോക്ടര്‍ജി പുതിയൊരു സംഘടനയ്ക്കു രൂപം നല്‍കാന്‍ തീരുമാനിച്ചത്. 1925-ലെ വിജയദശമി ദിവസം ഇരുപതോളം യുവാക്കള്‍ ഡോക്ടര്‍ജിയുടെ വീട്ടില്‍ ഒത്തുചേര്‍ന്നു. ‘നമ്മള്‍ ഇന്ന് സംഘം തുടങ്ങുന്നു’ എന്ന് ഡോക്ടര്‍ജി അവരോട് പറഞ്ഞു. ആറ് മാസത്തിനു ശേഷമാണ് സംഘടനയ്ക്ക് രാഷ്ട്രീയ സ്വയംസേവക സംഘം എന്ന പേര് നിശ്ചയിച്ചത്. നിത്യേന ഒരു മണിക്കൂര്‍ ഒരുമിച്ചുവരുന്ന ശാഖാ പദ്ധതിക്കാണ് ഡോക്ടര്‍ജി രൂപം നല്‍കിയത്. ശാഖയില്‍ വരുന്നവര്‍ സംഘത്തിന്റെ അവിഭാജ്യഭാഗമായ സ്വയംസേവകരായി. ശാഖയുടെ കാര്യപദ്ധതികള്‍ ക്രമേണ വികസിച്ചുവന്നു. ആദ്യത്തെ ശാഖ നാഗപ്പൂരിലെ മൊഹിതെവാഡയിലാണ് ആരംഭിച്ചത്. പിന്നീട് മറ്റു ഭാഗങ്ങളില്‍ തുടങ്ങി. 1940ല്‍ ഡോക്ടര്‍ജിയുടെ അന്ത്യസമയമായ പ്പോഴേക്കും രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലും ശാഖകള്‍ ആരംഭിക്കപ്പെട്ടിരുന്നു. എല്ലാ പ്രവിശ്യകളില്‍ നിന്നും പരിശീലനത്തിനായി നാഗപ്പൂരിലെത്തിയ സ്വയംസേവകരോട് ഡോക്ടര്‍ജി പറഞ്ഞു: ”ഇന്നെന്റെ മുന്നില്‍ കാണുന്നത്, ഹിന്ദുരാഷ്ട്രത്തിന്റെ ഒരു ചെറിയ പകര്‍പ്പാണ്.”
ഇതര ഹിന്ദുസംഘടനകളില്‍ നിന്നു വ്യത്യസ്തമായി രാഷ്ട്രീയ സ്വയംസേവക സംഘം പ്രതിസന്ധികളെ നേരിട്ടുതന്നെ മുന്നോട്ടുപോയി. ഹിന്ദുരാഷ്ട്രത്തിന്റെ പരംവൈഭവം എന്ന ലക്ഷ്യമാണ് ഡോക്ടര്‍ജി സ്വയംസേവകരുടെ മുമ്പാകെ വെച്ചത്. ഭാരതത്തിന്റെ സാംസ്‌കാരിക പതാകയായ ഭഗവധ്വജത്തെയാണ് സംഘത്തിന്റെ ഗുരുവായി നിശ്ചയിച്ചത്. ശാഖയിലൂടെ വ്യക്തിനിര്‍മ്മാണം എന്ന ആശയത്തിന് ഊന്നല്‍ നല്‍കി. വ്യക്തിപൂജക്കുപകരം ആദര്‍ശത്തെ പൂജിക്കുന്ന സംസ്‌കാരം വളര്‍ത്തി.
ഭാരതമാതാവിന്റെ മക്കള്‍ എന്ന സങ്കല്പത്തില്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അടിസ്ഥാനത്തിലാണ് ഡോക്ടര്‍ജി സംഘത്തിനു രൂപം നല്‍കിയത്. സംഘം തുടങ്ങിയതിനു ശേഷം ഡോക്ടര്‍ജി സ്വയം മാതൃകയാവുകയും തന്റെ സമ്പൂര്‍ണ്ണജീവിതവും സംഘകാര്യത്തിനായി സമര്‍പ്പിക്കുകയും ചെയ്തു. ഉദാത്തമായ ഒരു ആശയസംഹിതയ്ക്ക് ജീവന്‍ നല്‍കാനായതുകൊണ്ട് ഡോക്ടര്‍ജി തുടങ്ങിയ സംഘം ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധസംഘടനയായി മാറി. സംഘടനാശാസ്ത്രത്തില്‍ ഡോക്ടര്‍ജി ലോകത്തിന്റെ മുന്നില്‍ അദ്വിതീയനായി നിലകൊള്ളുന്നു.
ആര്‍.എസ്.എസ്. തുടങ്ങിയതിനുശേഷവും ഡോക്ടര്‍ജി കോണ്‍ഗ്രസ്സുമായും ഹിന്ദുമഹാസഭയുമായും വിപ്ലവകാരികളുമായുമുള്ള ബന്ധം നിലനിര്‍ത്തി. അതേസമയം സംഘത്തെ ഒരു സ്വതന്ത്ര സംഘടനയായി വളര്‍ത്തിക്കൊണ്ടു വന്നു. കോണ്‍ഗ്രസിന്റെ സമ്മേളന പന്തലില്‍ വെച്ചു തന്നെ ഹിന്ദുമഹാസഭയുടെ സമ്മേളനവും നടന്നിരുന്ന ഒരു കാലമായിരുന്നു അത്.
1919-ല്‍ ലാഹോറില്‍ വെച്ചു നടന്ന സാന്‍ഡേഴ്‌സന്‍ വധത്തിനുശേഷം വിപ്ലവകാരിയായ രാജ് ഗുരു നാഗ്പൂരില്‍ എത്തി. ഡോക്ടര്‍ജിയെ നേരിട്ടറിയാമായിരുന്ന അദ്ദേഹം എത്തിയ ഉടനെ ഡോക്ടര്‍ജിയെ കണ്ടു. ഡോക്ടര്‍ജി രാജ്ഗുരുവിന് ഉമ്രേഡ് ഗ്രാമത്തിലെ ഭയ്യാജി ദാണിയുടെ കളപ്പുരയില്‍ അഭയം നല്‍കി. ഭോണ്‍സ്ലെ വേദപാഠശാലയില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്ന രാജ്ഗുരു പിന്നീട് മൊഹിതെവാഡ ശാഖയിലും പങ്കെടുത്തിരുന്നു. പൂനെയിലേക്കു പോകരുതെന്ന ഡോക്ടര്‍ജിയുടെ താക്കീത് ലംഘിച്ച് അവിടേക്കു പോയ രാജ്ഗുരു പോലീസ് പിടിയിലായി.
1930ല്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ സ്വാതന്ത്ര്യം ലക്ഷ്യമായി പ്രഖ്യാപിക്കുന്ന പ്രമേയം അംഗീകരിച്ചു. ഇത് ഡോക്ടര്‍ജിയെ ഏറെ സന്തോഷിപ്പിച്ചു. 1930 ജനുവരി 26 സ്വാതന്ത്ര്യദിനമായി ആഘോഷിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള പത്രിക അദ്ദേഹം എല്ലാ ശാഖകള്‍ക്കും അയച്ചു. പരിപൂര്‍ണസ്വാതന്ത്ര്യം എന്ന ആദര്‍ശം അംഗീകരിച്ച കോണ്‍ഗ്രസ്സിനെ അനുമോദിക്കാനും ആവശ്യപ്പെട്ടു. ഇതനുസരിച്ച് ശാഖകളുള്ള എല്ലാ സ്ഥലങ്ങളിലും അനുമോദനയോഗങ്ങള്‍ നടന്നു. ദേശീയ സംസ്‌കാരത്തിന് വിനാശകരമല്ലാത്തവിധം സ്വാതന്ത്ര്യം നേടുന്നതിനുള്ള ഏതുശ്രമത്തിലും കോണ്‍ഗ്രസ്സുമായി സംഘം സഹകരിക്കണമെന്നും ഡോക്ടര്‍ജി നിര്‍ദ്ദേശിച്ചിരുന്നു.
1930 ഏപ്രിലില്‍ മഹാത്മാഗാന്ധി ഉപ്പുസത്യഗ്രഹം നടത്തിയപ്പോള്‍ സ്വയംസേവകരും സമരരംഗത്ത് ഇറങ്ങാന്‍ ആഗ്രഹിച്ചു. പലരും ഡോക്ടര്‍ജിയോട് അനുവാദം ചോദിച്ചു. അഞ്ചുവര്‍ഷം മാത്രം പ്രായമായ സംഘത്തിന്റെ വളര്‍ച്ചയെ ബാധിക്കാത്തവിധത്തില്‍ സ്വയംസേവകര്‍ സമരത്തില്‍ പങ്കെടുക്കണമെന്നാണ് ഡോക്ടര്‍ജി ആഗ്രഹിച്ചത്. അതിനാല്‍ രാഷ്ട്രീയ സ്വയംസേവക സംഘം സമരത്തില്‍ പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനം ഡോക്ടര്‍ജി കൈക്കൊണ്ടു. അതേസമയം സ്വയംസേവകര്‍ക്ക് സംഘചാലകന്റെ അനുവാദത്തോടെ സമരത്തില്‍ പങ്കെടുക്കാനുള്ള നിര്‍ദ്ദേശം എല്ലാ ശാഖകള്‍ക്കും നല്‍കി. ദേശസ്‌നേഹപരമായി, ജയിലില്‍ പോകുന്നതിനേക്കാള്‍ ഒട്ടും താഴെയായിരുന്നില്ല സംഘപ്രവര്‍ത്തനം നടത്തുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ സൃഷ്ടിപരവും ഭാവാത്മകവുമായ ചിന്ത.
ഡോക്ടര്‍ജിയും സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. അതിനുവേണ്ടി പുറപ്പെടുന്നതിനുമുമ്പ് സര്‍സംഘചാലകന്റെ ചുമതല ഡോ.എല്‍.വി. പരാംജ്‌പെയെ ഏല്പിച്ച് സംഘത്തിന്റെ എല്ലാ അധികാരവും കൈമാറി. ജൂലായ് 14ന് ഡോക്ടര്‍ജിയുടെ നേതൃത്വത്തിലുള്ള സത്യഗ്രഹികള്‍ സമരത്തിനായി യവത്മാലിലേക്ക് യാത്രതിരിച്ചു. സത്യഗ്രഹ കേന്ദ്രത്തിലെത്തിയ അദ്ദേഹം സ്വാതന്ത്ര്യം നേടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ദിവസവും ജനങ്ങളോട് പ്രസംഗിച്ചു.
ഒരു പ്രസംഗത്തില്‍ ഡോക്ടര്‍ജി പറഞ്ഞ ഈ വാക്കുകള്‍ സ്വാതന്ത്ര്യസമ്പാദനത്തിന് എത്ര വലിയ പ്രാധാന്യമാണ് അദ്ദേഹം നല്‍കിയതെന്ന് വ്യക്തമാക്കുന്നു: ”എന്നെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യത്തിനുവേണ്ടി എന്തും ചെയ്യാന്‍ ഞാന്‍ ഒരുക്കമാണ്. ആവശ്യം വന്നാല്‍ ഇംഗ്ലീഷുകാരുടെ ചെരുപ്പ് പോളീഷ് ചെയ്യാനും, അതേ ചെരുപ്പ് ഊരി അവരുടെ തലയ്ക്ക് അടിക്കാനും ഞാന്‍ തയ്യാറാകും. ഏതെങ്കിലുമൊരു പ്രത്യേകമാര്‍ഗത്തില്‍ എനിക്ക് ആസക്തിയോ വിരോധമോ ഇല്ല. എന്റെ മുമ്പില്‍ ബ്രിട്ടീഷുകാരെ ഓടിക്കുക എന്ന ഒരേ ഒരു ലക്ഷ്യമേയുള്ളൂ.”
ജൂലായ് 21-ന് ഡോക്ടര്‍ജിയുടെ നേതൃത്വത്തിലുള്ള ബാച്ച് വനനിയമം ലംഘിക്കുന്നതിനായി വനത്തില്‍ പ്രവേശിച്ചു. ഈ കാഴ്ച കാണുന്നതിന് ആയിരക്കണക്കിന് ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. വനനിയമം ലംഘിച്ച ഉടനെ പോലീസ് അവരെ അറസ്റ്റ് ചെയ്ത് തടവിലാക്കി. ആറു മാസത്തെ കഠിനതടവും മൂന്നുമാസത്തെ സാധാരണതടവുമായിരുന്നു ഡോക്ടര്‍ജിക്ക് ലഭിച്ച ശിക്ഷ. അകോല ജയിലിലാണ് അദ്ദേഹത്തെ തടവിലാക്കിയത്. ജയിലിലായിരുന്നപ്പോള്‍ ഡോക്ടര്‍ജി മുഴുവന്‍ സമയവും ലോകമാന്യ തിലകന്റെ ഗീതാരഹസ്യം വായിച്ചുകൊണ്ടിരുന്നു. 1931 ഫെബ്രുവരി 14ന് ഡോക്ടര്‍ജി ജയില്‍ വിമുക്തനായി.
1934ല്‍ വാര്‍ധയില്‍ വെച്ചു നടന്ന സംഘശിബിരത്തില്‍ ഗാന്ധിജി നടത്തിയ സന്ദര്‍ശനവും ഡോക്ടര്‍ജിയും ഗാന്ധിജിയുമായി അവിടെ വെച്ചു നടന്ന കൂടിക്കാഴ്ചയും അവിസ്മരണീയമായ ഒരു സംഭവമാണ്. അക്കാലത്ത് വാര്‍ധയിലെ സേവാഗ്രാമത്തില്‍ താമസിക്കുകയായിരുന്നു ഗാന്ധിജി. ഗാന്ധിജിയുടെ താമസസ്ഥലത്തിന്റെ നേരെ എതിര്‍വശത്തായിരുന്നു 1500 സ്വയംസേവകര്‍ പങ്കെടുത്ത ശിബിരം. ഗാന്ധിജിയുടെ ആഗ്രഹമനുസരിച്ച് 1934 ഡിസംബര്‍ 25-ന് അദ്ദേഹം ശിബിരം സന്ദര്‍ശിച്ചു. എല്ലാ കാര്യങ്ങളും കണ്ടും കേട്ടും മനസ്സിലാക്കി. സ്വയംസേവകരോടൊപ്പം ധ്വജപ്രണാമം ചെയ്തു. സംഘത്തിന്റെ സ്ഥാപകന്‍ ഡോക്ടര്‍ജിയാണെന്നു മനസ്സിലാക്കിയ ഗാന്ധിജി ഡോക്ടര്‍ജിയെ നേരില്‍ കാണാന്‍ ആഗ്രഹിച്ചു.
പിറ്റെ ദിവസം ശിബിരത്തിലെത്തിയ ഡോക്ടര്‍ജി ശിബിര സമാപനത്തിനുശേഷം സേവാഗ്രാമില്‍ ചെന്ന് ഗാന്ധിജിയെ കണ്ടു. അവരുടെ കൂടിക്കാഴ്ച ഏതാണ്ട് ഒരു മണിക്കൂര്‍ നീണ്ടുനിന്നു. സംഘത്തെക്കുറിച്ച് ഗാന്ധിജി ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും ഡോക്ടര്‍ജി വ്യക്തമായ ഉത്തരം നല്‍കി. ‘സ്വയംസേവകന്‍’ എന്ന സങ്കല്പത്തെക്കുറിച്ച് ഗാന്ധിജി ചോദിച്ചപ്പോള്‍ ഡോക്ടര്‍ജി നല്‍കിയ ഈ മറുപടി ശ്രദ്ധേയമാണ്: ”രാഷ്ട്രത്തിന്റെ സര്‍വവിധ ശ്രേയസ്സിനും വേണ്ടി സ്വന്തം ജീവിതം സ്‌നേഹപുരസ്സരം ഉഴിഞ്ഞുവെക്കുന്നവനാണ് സ്വയംസേവകന്‍. അത്തരം സ്വയംസേവകന്‍ സംഘത്തിന്റെ നേതാവുമാണ്. ഞങ്ങള്‍ എല്ലാവരും സ്വയംസേവകരാണ്. അതുകൊണ്ടുതന്നെ തുല്യരുമാണ്. ഞങ്ങള്‍ എല്ലാവരേയും ഒരുപോലെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അന്യസഹായം ഇല്ലാതെ, വലിയ പ്രചരണമില്ലാതെ, ധനപരമായ കഷ്ടപ്പാടുകള്‍ ഇല്ലാതെ, ഇത്രയും ചെറിയ കാലത്തിനുള്ളില്‍ സംഘത്തിന് ഇത്രയും വളരാന്‍ കഴിഞ്ഞതിന്റെ രഹസ്യം ഇതൊന്നുമാത്രമാണ്.”
1940 ജൂണ്‍ 20-ന് നേതാജി സുഭാഷ് ചന്ദ്രബോസ് ഡോക്ടര്‍ജിയെ കാണാനായി നാഗപ്പൂരില്‍ വന്നിരുന്നു. അപ്പോഴേക്കും ഡോക്ടര്‍ജി അത്യാസന്നനിലയിലായതിനാല്‍ അവര്‍ക്കു തമ്മില്‍ സംസാരിക്കാന്‍ കഴിഞ്ഞില്ല. പിറ്റെ ദിവസം, ജൂണ്‍ 21ന് ഡോക്ടര്‍ജി അന്തരിക്കുകയും ചെയ്തു. സംഘത്തിന്റെ ചുമതല പൂജനീയ ഗുരുജിയെ ഏല്പിച്ചാണ് ഡോക്ടര്‍ജി വിടവാങ്ങിയത്. ഭാരതവിഭജനസമയത്തെ പ്രതിസന്ധി നിറഞ്ഞ നാളുകളില്‍ ഹിന്ദുസമാജത്തിന് ആത്മവിശ്വാസം നല്‍കിയ ഗുരുജിയാണ് സംഘത്തെ കാറ്റിലും കോളിലും തകരാതെ ഭാരതത്തിലെ പ്രബല സംഘടനയായി വളര്‍ത്തിയെടുത്തത്. സ്വാതന്ത്ര്യസമരത്തില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച ഡോക്ടര്‍ജി രാഷ്ട്രത്തിന്റെ പരംവൈഭവത്തിന്റെ അസ്ഥിവാരം പണിതശേഷമാണ് വിടവാങ്ങിയത്.
(തുടരും)